Wednesday, December 31, 2008

പോയ വര്‍ഷം


കടന്നു പോയ വര്‍ഷത്തിന്റെ കണക്കെടുപ്പ് ദിവസം..സന്ങടങ്ങളും സന്തോഷവും തമ്മില്‍ തട്ടിച്ചു നോക്കുമ്പൊ സന്തോഷം മുന്നില്‍ നിന്ന വര്‍ഷം.നഷ്ടങ്ങള്‍ ഒരു പാടുണ്ട്..എന്റെ അമ്മയെ എനിക്ക് നഷ്ടപ്പെട്ടു..എന്നാലും എല്ലാം നല്ലതിന് എന്ന ഒരു ആശ്വാസം തരുന്നു ആ വിട പറയലും.


പൊള്ളയായ സൌഹൃദങ്ങളെ തിരിച്ചറിഞ്ഞ വര്ഷം കൂടെ ആയിരുന്നു അത്. അത് പോലെ തന്നെ ഞാന്‍ അറിയാതെ എന്റെ കൂടെ നടന്ന കുറെ നല്ല മനസ്സുകളെയും കണ്ടു വിസ്മയിച്ച ഒരു വര്‍ഷം കൂടെ ആണ് കടന്നു പോയത്.


ഇതു വരെ ചെയ്യാത്ത പല കാര്യങ്ങളും ചെയ്ത ഒരു വര്‍ഷം. അതിലൊന്ന് ഈ ബ്ലോഗ്. മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ചു സ്വന്തം വ്യക്തിത്വം ഇല്ലാതെ ആയിപോവുമോ എന്ന ഭയത്തില്‍ നിന്നുമാണ്‌ ഈ ബ്ലോഗ് ഉണ്ടായത്. ഇവിടെ എങ്ങിലും എനിക്ക് മൂടുപടം ഇല്ലാതെ, മുഖം മൂടിയില്ലാതെ നില്ക്കാന്‍ പറ്റുമെന്ന് കണ്ടു പിടിച്ച വര്‍ഷം.


എന്നെ കാത്തു വരാനിരിക്കുന്നത് എന്തെന്നറിയില്ല. നല്ലത് വന്നാല്‍ അതില്‍ അഹമ്കരിക്കാതെ ഇരിക്കാനും, ചീത്ത വന്നാല്‍ അതില്‍ നല്ലത് കണ്ടെത്തുവാനും എനിക്ക് കഴിയണേ എന്ന് പ്രാര്‍ത്ഥിക്കുന്നു..


എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ പുതുവല്‍സരാശംസകള്‍ നേരുന്നു!!!

Thursday, December 18, 2008

ചില പൊടിക്കൈകള്‍

1.പച്ചക്കറി അരിയുമ്പോള്‍ കറ കൈയ്യില്‍ ഒട്ടാതിരിക്കാന്‍ vegetable ഒഴിവാക്കി മല്‍സ്യം, മുട്ട, മാംസം എന്നിവ ഉപയോഗിച്ചാല്‍ മതി.

2. ഉച്ചയൂണിനു ശേഷം ഉറക്കം വരുന്നതു ഒഴിവാക്കാന്‍ ഉറങ്ങിയതിനു ശേഷം ഊണ് കഴിക്കുക. പിന്നെ ഉറക്കം വരില്ല.

3.എഴുതുമ്പോള്‍ പേനയുടെ മഷി കൈയ്യില്‍ പുരളാതിരിക്കാന്‍ പെന്‍സില്‍ ഉപയോഗിക്കുക.

4.ഉള്ളി അരിയുമ്പോള്‍ കണ്ണില്‍ വെള്ളം വരാതിരിക്കാന്‍, ഉള്ളി അരിയുന്നതിനു മുന്പ് കണ്ണില്‍ എണ്ണ ഒഴിച്ച് കണ്ണിലെ വെള്ളം മുഴുവന്‍ പുറത്തേക്ക് കളഞ്ഞാല്‍ മതി.

5.ഘാട നിദ്ര ലഭിക്കാന്‍ ഉറക്കത്തില്‍ സ്വപ്നം കാണുന്നത് ഒഴിവാക്കിയാല്‍ മതി.

6.പഠിക്കുമ്പോള്‍ ശ്രദ്ധ തിരിയാതിരിക്കാന്‍ ഉറക്കം തൂങ്ങിയാല്‍ മതി. പിന്നെ ശ്രദ്ധ തിരിയില്ല.

7.ബുദ്ധി വി കസിക്കാന്‍ കു ബുദ്ധി കളുമായി കൂട്ട് കൂടിയായാല്‍ മതി.

8.നിന്ദയില്‍ നിന്നും ഉരുത്തിരിയുന്ന കുറ്റബോധം ഒഴിവാക്കാന്‍ നന്ദിയെ കുറിച്ചു ചിന്ടിക്കാതെ ഇരുന്നാല്‍ മതി.

9.സംഗീതം ആസ്വദിക്കുമ്പോള്‍ ear plug ഉപയോഗിച്ചാല്‍ കര്നാനന്ദകരമായി തീരും.

10.നമ്മുടെ ആഹാരത്തില്‍ ഈച്ച വരാതെ ഇരിക്കാന്‍ ഈച്ചകള്‍ക്ക് പ്രത്യേകം വിളമ്പി കൊടുത്താല്‍ മതി.

11.കൊതുക് ശല്യം ഒഴിവാക്കാന്‍ നമ്മുടെ രക്തത്തിലെ alchohol ന്റെ അളവ് വര്‍ധിപ്പിച്ചാല്‍ ഉത്തമം. alcohol അടങ്ങിയ രക്തം കഴിക്കുന്ന കൊതുകിന്റെ പ്രത്യുല്പാദന ശേഷി നശിക്കുന്നത് മൂലം കൊതുക് വര്‍ഗം നാമാവശേഷമാകും.

12.പാമ്പ് ശല്യം ഒഴിവാക്കാന്‍ പട്ടയില്‍ ധാരാളം വെള്ളം ചേര്ത്തു നേര്‍പ്പിച്ചു വിതരണം ചെയ്താല്‍ മതി.

13.ആരോടെങ്ങിലും വെറുപ്പ്‌ തോന്നുന്നു എങ്കില്‍ ഒരു നുള്ള് ഉപ്പും പത്തു സി സി ഗോമൂത്രവും യോജിപ്പിച്ച് രണ്ടു നേരം സേവിച്ചതിനു ശേഷം രോഷാഗ്നി ജ്വലിപ്പിച്ചു അതിന് നടുവില്‍ അര നാഴിക നേരം ആടി തിമിര്‍ത്താല്‍ തീര്ച്ചയായും ശമനം ലഭിക്കും.

(എനിക്ക് ഇ മെയില് ആയിട്ട് വന്നതാണ്‌ ഈ പൊടിക്കൈകള്‍..എല്ലാവരും ഇതു വായിച്ചു പ്രവര്തികമാക്കുംപോഴെക്ക് ഞാന്‍ ഒരു ട്രിപ്പ്‌ കഴിഞ്ഞു തിരിച്ചു വരാം ..അത് വരെ ഗുഡ് ബൈ)




Friday, December 12, 2008

എന്റെ അള്ളോ... കൃഷ്ണാ

പുതിയ മാനേജര്‍ ചാര്‍ജ് എടുക്കാന്‍ വരുന്നു എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ ആയി. പേരു ഇബ്രാഹിം. ആര്ക്കും തന്നെ നേരിട്ടു കണ്ട പരിചയം ഇല്ല. കണ്ണൂരില്‍ നിന്നു എറണാകുളത്തേക്കുള്ള പോസ്റ്റിങ്ങ്‌ ആണ്.

ഞങ്ങളെ ഒക്കെ ഒന്നു പരിചയപ്പെടാന്‍ രണ്ടു ആഴ്ച മുന്നേ ഓഫീസില്‍ വന്നിരുന്നു. കുറച്ചു ദിവസമായിട്ടു ക്യാബിന്‍ ഒഴിഞ്ഞു കിടക്കുക ആണ്. പുള്ളി വന്നു. എല്ലാര്ക്കും ഷേക്ക്‌ ഹാന്‍ഡ് ഒക്കെ തന്നു. ഭംഗിയായിട്ട് പരിചയപ്പെട്ടു.

പോയിക്കഴിഞ്ഞപ്പോഴാണ്‌ ഞങ്ങള്‍ ശ്രദ്ധിച്ചത്. നേരത്തെ ഉണ്ടായിരുന്ന മാനേജര്‍ ഒരു ഹിന്ദു ആയിരുന്നു. അദ്ദേഹം ടേബിള്‍ ഗ്ലാസ് ടോപിന്റെ അടിയില്‍ ശ്രീകൃഷ്ണന്റെ ഒരു പടം വെച്ചിട്ടുണ്ടായിരുന്നു. പുതിയ ആള്‍ വന്നപ്പോ ഗ്ലാസ് ടോപിന്റെ താഴെ നിന്നു കൃഷ്ണന്റെ പടം എടുത്തു വലിച്ചു മാറ്റി ബിന്നില്‍ ഇട്ടു, മറ്റു ചവറുകളുടെ കൂടെ കൃഷ്ണന്‍ കിടക്കുന്നത് കണ്ടപ്പോ എന്റെ ഓഫീസിലെ കൃഷ്ണകുമാറിനു സങ്ങടം വന്നിട്ട്, 'ഈ പഹയന്‍ ആള് കൊള്ളാലോ' എന്ന് പറഞ്ഞിട്ട് ആ പടം എടുത്തു സൂക്ഷിച്ചു വെച്ചു. ഇതു കഴിഞ്ഞ കഥ.

കഴിഞ ആഴ്ച പുതിയ ആള്‍ ചാര്‍ജ് എടുക്കാന്‍ വന്നു. എല്ലാരും തന്നെ റെഡി ആയിട്ട് നില്‍ക്കയാണ്‌. ചീഫ് മാനേജര്‍ കൂടെ ഉണ്ട്. ഇബ്രാഹിം സര്‍ കാലെടുത്തു ഓഫീസിലേക്ക് വെച്ചതും തല്ലി അലച്ചു വീണതും ഒരേ നിമിഷം കൊണ്ടു കഴിഞ്ഞു . എന്താണ് സംഭവിച്ചത് എന്ന് ആര്ക്കും മനസ്സിലായില്ല...'എന്റെ അള്ളോ ...'ന്നുള്ള ഒരു ആര്‍ത്തനാദം മാത്രം കേട്ടു.പുറകെ കൃഷ്ണകുമാറിന്റെ ഒരു ഡയലോഗ് 'എന്റെ കൃഷ്ണാ...നീയിതൊന്നും കാണുന്നില്ലേ...' പൊട്ടി വന്ന ചിരി കടിച്ചമര്‍ത്തി എല്ലാവരും കൂടെ ഇബ്രാഹിം സാറിനെ പൊക്കി എണീപ്പിച്ചു..

കൃഷ്ണന്റെ പടം വലിച്ചു കളഞ്ഞതില്‍ പിന്നെ ഉണ്ടായ വിഷമം മുഴുവന്‍ കൃഷ്ണകുമാര്‍ ഇതോടെ തീര്ത്തു. വര്‍ഷങ്ങളായി ഞങ്ങള്‍ എല്ലാരും അതെ വഴി പടി ചവിട്ടി കയറി വരുന്ന ഓഫീസ്. ആരും, ഒരു കുഞ്ഞു പോലും ഇതു വരെ വീണിട്ടില്ല. തട്ടി വീഴാന്‍ അവിടെ പടിയോ ഒന്നും തന്നെ ഇല്ല. മുഴുവന്‍ മൊസൈക് tiles. പിന്നെ ഇതെങ്ങനെ സംഭവിച്ചു? എന്തായാലും അന്നത്തെയോടെ ഇബ്രാഹിം സാറിന് എന്നെക്കുമായിട്ടു ഒരു വട്ടപ്പെരു വീണു..'എന്റെ അള്ളോ..കൃഷ്ണാ..'

കണ്ടില്ലേ കൃഷ്ണന്‍റെ ശക്തി എന്ന് ഉറച്ചു വിശസിക്കുന്നു ഇപ്പോഴും കൃഷ്ണകുമാര്‍.

Friday, December 5, 2008

ആരാണ് കള്ളി ?


ഇന്നലെ രാവിലെ ബസ്സില്‍ വെച്ചു ഒരു സംഭവം ഉണ്ടായി. പതിവു ബസ്സ് വന്നില്ല. പിന്നെ തിരക്ക് നോക്കാതെ ഒരു ബസ്സില്‍ കയറി. സൌകര്യത്തിനായിട്ടു ഞാന്‍ ഒരു സീറ്റില്‍ കൈ പിടിച്ചാണ് നിന്നിരുന്നത് . ചൊവ്വേ നേരേ നില്‍ക്കാനും വയ്യ. അത്ര തിരക്ക്. ഞാന്‍ ചാരി നിന്നിരുന്ന സീറ്റില്‍ അറ്റത്ത് ഇരുന്നത് വയസ്സായ ഒരു മുസ്ലീം സ്ത്രീ ആയിരുന്നു.


ഞാന്‍ അവിടെ നിന്നപ്പോ മുതല്‍ തുടങ്ങിയതാണ്‌ അവര് കംപ്ലൈന്റ്റ് ചെയ്യാന്‍ . മുട്ടാതെ നില്‍ക്ക് . മേത്ത് വീഴല്ലേ .അങ്ങനെ. എത്ര ശ്രമിച്ചാലും അവരെ മുട്ടാതെയും തട്ടാതെയും നില്‍ക്കാനും വയ്യ. ബസ്സില്‍ അത്ര തിരക്കുണ്ട്‌ . നിങ്ങള്‍ എന്താ വെണ്ണ ആണോ? ഉരുകിപ്പോവുമോ ? എന്നൊക്കെ ചോദിക്കണമെന്നുണ്ട് . ദേഷ്യം മനസ്സില്‍ അടക്കി .


കുറച്ചു കഴിഞ്ഞപ്പോ അവര്‍ തുടങ്ങി എന്‍റെ ബാഗ് അവരുടെ ദേഹത്ത് ഇടിക്കുന്നു എന്ന്. ആളും ബാഗും കൂടി ദേഹത്ത് വീണാല്‍ ഞാന്‍ എന്ത് ചെയ്യും എന്നൊക്കെ ആയി അടുത്ത ബഹളം . 'ഹൊ, ഇതെന്തു സാധനം', എന്ന ദേഷ്യത്തോടെ ബാഗ് ഞാന്‍ അവരുടെ ദേഹത്ത് മുട്ടാതെ പയ്യെ തള്ളി പിറകിലെക്കിട്ടു .


സത്യം പറഞ്ഞാല്‍ ബസ്സില്‍ ഒരു വല്ലാത്ത തിരക്ക്. എല്ലാരും കൂടെ എന്‍റെ പുറത്തേക്ക് വീണു കിടക്കുന്ന പോലെ. പെട്ടെന്നാണ് ഞാന്‍ ശ്രദ്ധിച്ചത് എന്‍റെ ബാഗിന് ഒരു ഭാരം പോലെ. പിറകിലേക്ക് മാറ്റി ഇട്ടിരുന്ന ബാഗിലേക്കു ഞാന്‍ ഒന്നു തിരിഞ്ഞു നോക്കി. പെട്ടെന്ന് എന്‍റെ ബാഗിന്റെ മുകളില്‍ നിന്നു ഒരു കൈ വലിച്ചെടുത്ത പോലെ എനിക്ക് തോന്നി. കറുത്ത് മെല്ലിച്ച കൈ. ഇപ്പോഴും കണ്മുന്‍പില്‍ ഉണ്ട്.കൈയിന്റെ ഉടമയെ ഞാന്‍ ഒന്നു നോക്കി. ഇളം നീല ചുരിദാര്‍ ഇട്ട ഏതോ ഒരു കോളേജ് student പോലെ തോന്നിപ്പിക്കുന്ന ഒരു പെണ്കുട്ടി.മറ്റൊരു പെണ്‍കുട്ടിയും എന്‍റെ പിറകിലായിട്ട്‌ ഉണ്ട്‌. എന്തായാലും ഞാന്‍ വീണ്ടും ബാഗ് വലിച്ചു മുന്നിലേക്കിട്ടു .(അപ്പോഴും എന്‍റെ ബള്‍ബ് കത്തിയില്ല )


ദാ കേള്‍ക്കുന്നു അപ്പൊ വീണ്ടും നമ്മുടെ വെണ്ണ പാവയുടെ അലര്‍ച്ച . ബാഗ് കൊണ്ടു ഇങ്ങനെ കുത്തല്ലേ . ഇങ്ങോട് താ ഞാന്‍ പിടിക്കാം എന്ന്. വളരെ അധികം സന്തോഷത്തോടെ ബാഗ് ഞാന്‍ അവരുടെ മടിയിലേക്ക്‌ വച്ചു. അപ്പോഴാണ് കണ്ടത് , എന്‍റെ ബാഗിന്‍റെ രണ്ടു സിപ്പും കാല്‍ ഭാഗത്തോളം തുറന്നു കിടക്കുന്നു.വേഗം തന്നെ അത് അടച്ചു പൂട്ടി ഞാന്‍ തിരിഞ്ഞു ആ പെണ്‍കുട്ടിയെ നോക്കി. ചേ , അവള്‍ ആ ഭാഗത്ത് ഒന്നും ഇല്ല. അപ്പോഴേക്കും തിരക്കും ഒരു വിധം തീര്‍ന്നു!! ബസ്സില്‍ മുഴുവന്‍ നോക്കി. ആള്‍ ബസ്സിലേ ഇല്ല. (ഇപ്പൊ ബള്‍ബ് കത്തി!) ഞാന്‍ വേഗം അവരുടെ കൈയ്യില്‍ വെച്ചു തന്നെ ബാഗ് തുറന്നു നോക്കി.അപ്പോഴുണ്ട് എനിക്ക് പേഴ്സ് പോലെ തോന്നിക്കുന്ന ലെതറിന്റെ ഒരു ഡയറക്ടറി ഉണ്ട്. അത് ബാഗിന്‍റെ മുകളിലേക്ക് വലിച്ചു വെച്ചിരിക്കുന്നു !!ഒരു നിമിഷത്തേക്ക് ഉള്ളൊന്നു കാളി .ഇതെല്ലാം 5 മിനിറ്റ് കൊണ്ടു കഴിഞ്ഞു .


അപ്പോഴേക്കും എനിക്ക് ആ ഉമ്മയുടെ അടുത്ത് ഇരിക്കാന്‍ സീറ്റ് കിട്ടി. ഞാന്‍ അവരോട് കാര്യം പറഞ്ഞു. നിങ്ങള്‍ ബാഗ് മേത്ത് മുട്ടുന്നു എന്ന് പറഞ്ഞു തള്ളി പുറകോട്ട് ആക്കിയപ്പോ എന്‍റെ ബാഗില്‍ നിന്നു ആരോ പേഴ്സ് എടുക്കാന്‍ നോക്കി എന്ന്. അപ്പൊ വാദി പ്രതിയായി ." എന്‍റെ മോളെ ബാഗ് ഒക്കെ സൂക്ഷിച്ചു പിടിക്കണ്ടേ" എന്നായി . "ഇന്നാളൊരു ദിവസം എന്‍റെ മോളുടെ രണ്ടായിരം ....." എന്ന് പറഞ്ഞു തുടങ്ങി. 'വല്ലതും പോയോ എന്ന് നോക്കട്ടെ ' എന്ന് പറഞ്ഞു ഞാന്‍ അവരുടെ സംസാരം നിറുത്തിച്ചു .


ഭാഗ്യത്തിന് എന്‍റെ ബാഗില്‍ നിന്നു അങ്ങനെ ആര്‍ക്കും ഒന്നും എടുത്തോണ്ട് പോവാന്‍ എളുപ്പം പറ്റില്ല. നല്ല tight ആയിട്ട് packed ആയിരുന്നു. അതില്‍ , ചോറുപാത്രം , 'zahir '(339 പേജുള്ള നല്ല തടിയന്‍ ബുക്ക് ആണ്), പിന്നെ മേല്‍പറഞ്ഞ ഡയറക്ടറി, അത് കൂടാതെ കാശ് വെച്ചിരുന്ന പേഴ്സ്, ചില്ലറ പൈസ വെച്ചിരിക്കുന്ന വേറെ ഒരു കുട്ടി പേഴ്സ്, പിന്നെ കൊറേ കവറുകള്‍ , ഓഫീസ് കീ , പെന്‍ ഡ്രൈവ് , എന്‍റെ കണ്ണട , കൊന്ത ,പെന്‍, പിന്നെ എന്തൊക്കെയാണ് എന്ന് എനിക്ക് പോലും നിശ്ചയമില്ലാത്ത കൊറേ സാധനങ്ങള്‍ !! ഭാഗ്യത്തിന് മൊബൈല്‍ ഫോണ്‍ വേറേ ഒരു അറയിലായത് കൊണ്ട് അത് അവിടെ തന്നെ ഉണ്ട്.

ഇതില്‍ നിന്നു എത്ര കഷ്ട്ടപ്പെട്ടിട്ടാവും ആ ഡയറക്ടറി പൊക്കിയത് !! സമ്മതിക്കാതെ തരമില്ല . അത് പോയിരുന്നെങ്ങില്‍ ഉള്ള അവസ്ഥ ആലോചിക്കാനേ വയ്യ. ചവറു കടലാസുകളും നല്ല കടലാസുകളും എല്ലാം കൂടെ ഒരുമിച്ചു ഇടുന്നത് കണ്ടു സഹിക്കാതെ അദ്ദേഹം കൊറേ ചീത്തയും പറഞ്ഞു സമ്മാനിച്ചതാണ്‌ അത്. അതില്‍ എന്‍റെ രണ്ടു ATM കാര്‍ഡ്, ഓഫീസ് ഐഡന്റിറ്റി കാര്‍ഡ്, പാന്‍ കാര്‍ഡ്, എന്‍റെ വിസിറ്റിംഗ് കാര്‍ഡ്സ് , അങ്ങനെ വളരെ valuable ആയിട്ടുള്ള സാധനങ്ങളെ ഉള്ളു. ഈശ്വരാ ! അതെങ്ങാന്‍ പോയിരുന്നെങ്ങില്‍ ഉള്ള ഒരു അവസ്ഥ.പേഴ്സ് പോയാലും സഹിക്കാവുന്നതെ ഉള്ളു. ആരുടേയോ കൃപ കൊണ്ട് , ഒരു പക്ഷെ ആ ഉമ്മയുടെ പെരുമാറ്റം അസഹനീയമായി തോന്നിയെങ്ങിലും , അവര്‍ എന്‍റെ ബാഗ് അപ്പൊ തന്നെ വാങ്ങിച്ചു പിടിച്ചില്ലയിരുന്നെങ്ങില്‍ ....


വീട്ടില്‍ വന്നു കഥ പറഞ്ഞപ്പോ അദ്ദേഹം ഒരു ചോദ്യം..'ഇനി ആ ഉമ്മ ഇതേ ഗാങ്ങില്‍ ഉള്ളതാണോ എന്ന്?' ഞാന്‍ ഒരു നിമിഷം ഞെട്ടി പോയി. യ്യോ അങ്ങനെ ഒരു കാര്യം ഞാന്‍ എന്‍റെ ചിന്തയില്‍ വന്നതേ ഇല്ല. അവര്‍ അങ്ങനെ ഉള്ള ആള്‍ അല്ലെന്നു എനിക്ക് തോന്നി. തുടര്‍ന്നുള്ള സംസാരത്തില്‍ നിന്നു എനിക്ക് മനസ്സിലായത് അവര്‍ മകളുടെ വീട്ടില്‍ പോവുകയാണെന്നാണ് . ഈ കള്ളി ഇറങ്ങികഴിഞ്ഞു ഒരു അര മണിക്കൂര്‍ കൂടി സഞ്ചരിച്ച ശേഷമേ അവര്‍ ഇറങ്ങിയുള്ള് . മറിച്ചു ചിന്ടിക്കാനാണ് എനിക്ക് ഇഷ്ടം . അവര്‍ അങ്ങനെ പെരുമാറിയത് കൊണ്ട് എനിക്ക് ഒന്നും നഷ്ടപ്പെട്ടില്ല . അല്ലെങ്കില്‍ എന്‍റെ ഡയറക്ടറി പോയേനെ . ആരേയും വിശ്വസിക്കാന്‍ പറ്റാത്ത ഒരു കാലമാണെന്ന് തോന്നുന്നു ഇതു.സംഭവം വായിച്ചിട്ട് നിങ്ങള്‍ക്ക് എന്തു തോന്നുന്നു?

Friday, November 28, 2008

സാരി മാഹാത്മ്യം

വര്‍ഷങ്ങള്‍ ആയിട്ട് ചുരിദാര്‍ ഇട്ടാണ് ഞാന്‍ പള്ളിയില്‍ പോവാറ് . പതിവിനു വിപരീതമായി കഴിഞ്ഞ ഞായറാഴ്ച സാരി എടുത്തു ഉടുത്തപ്പോ ഭര്‍ത്താവിനും മക്കള്‍ക്കും സംശയം..എന്താ കാര്യം എന്ന്. ഞാന്‍ പറഞ്ഞു പള്ളിയിലെ അമ്മമ്മമാരെ പറ്റിക്കാന്‍ വേറെ ഒരു വഴിയും കാണുന്നില്ല എന്ന്. സംഭവം ഇങ്ങനെ.

കൊറച്ചു നാളുകള്‍ക്കു മുന്നേ എന്‍റെ കാല് ഒന്നു ഒടിഞ്ഞു . രാവിലത്തെ തിരക്കിലെ ഓട്ടത്തില്‍ പറ്റിയതാണ് . അതിന് ശേഷം എനിക്ക് പള്ളിയില്‍ മുട്ടു കുത്തി നില്ക്കാന്‍ വയ്യ. കാലില്‍ അല്പം നീരും ഉണ്ട്. Crepe bandage ഇട്ടാണ് നടന്നിരുന്നത് . പള്ളിയില്‍ അത് കൊണ്ടു ഞാന്‍ എന്നും 15 മിനിറ്റ് നേരത്തേ പോവും .ഏറ്റവും പുറകിലായിട്ട് ഒരു 10 ബെന്ച്കള്‍ മാത്രേ ഉള്ളു പള്ളിയില്‍ ഇരിക്കാന്‍ . മറ്റെല്ലാവരും താഴെ ഇരിക്കണം .

കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോ മനസ്സിലായി ഈ ബെഞ്ചുകളില്‍ ഇരിക്കുന്ന സ്ഥിരം കുറച്ച് വല്യമ്മമാര്‍ ഉണ്ട്. മുട്ടു കുത്താനും താഴെ ഇരിക്കാനും വയ്യാത്തവര്‍ . കൊറച്ചു തടിച്ചികളും ഉണ്ട്. തടി കാരണം താഴെ ഇരിക്കാന്‍ പറ്റാത്തവര്‍ . :) പിന്നെ കുറച്ചു മടിച്ചികളും ഉണ്ട്. താഴെ ഇരിക്കാനും, എണീക്കാനും , മുട്ടു കുത്താനും ഒക്കെ മടിയുള്ള ഒരു വിഭാഗം . അവര്‍ എപ്പോ ഞാന്‍ ബെഞ്ചില്‍ ഇരിക്കുന്നത് കണ്ടാലും തള്ളി തള്ളി എന്‍റെ അരികില്‍ ആദ്യം സീറ്റ് പിടിക്കും ..പിന്നെ കുര്‍ബാന തീരുന്നതിനു മുന്നേ എന്നെ തള്ളി താഴെ ഇടും . എന്നാല്‍ ഈ കക്ഷികള്‍ ആരും തന്നെ നേരത്തെ വരില്ല. ഞാന്‍ ബെഞ്ച്‌ മാറി ഇരുന്നു നോക്കി. എന്നിട്ടും രക്ഷയില്ല . എവിടെ ഇരുന്നാലും കുര്‍ബാന തുടങ്ങുമ്പോഴേക്കും എനിക്ക് മിക്കവാറും സീറ്റ് കാണില്ല . അപ്പോഴാണു പിടികിട്ടിയത് എന്‍റെ ചുരിദാര്‍ ആണ് പ്രശ്നം എന്ന്.

എനിക്കും താഴെ ഇരിക്കാന്‍ വയ്യ എന്ന് പറഞ്ഞു കാലു കാണിച്ചു കൊടുക്കാന്‍ വയ്യല്ലോ . പിന്നെ പിന്നെ എനിക്ക് ഒരു സ്വസ്ഥത ഇല്ലാതെ ആയി. കുര്‍ബാനയില്‍ ശ്രദ്ധിച്ചു നില്‍ക്കുംപോഴാവും എവിടെ നിന്നെങ്ങിലും ആരെങ്ങിലും തോന്ടുന്നത് . ഒതുങ്ങി കൊടുക്കാന്‍ പറഞ്ഞു. എന്‍റെ ഇരട്ടിയില്‍ അധികം തടി ഉള്ളവരാണ് എന്നോട് ഒതുങ്ങി ഇരിക്കാന്‍ പറഞ്ഞു അരികെ ഇരിക്കുന്നത്. എന്നിട്ടോ പ്രാര്‍ത്ഥനയുടെ ഇടയില്‍ നമ്മള്‍ എണീക്കേണ്ട ഭാഗം വരുമ്പോ ഇവര്‍ എണീക്കില്ല . നമ്മള്‍ എണീട്ടിട്ടു തിരിച്ചു ഇരിക്കാന്‍ വരുമ്പോ ഒട്ടകത്തിനു സ്ഥലം കൊടുത്ത അവസ്ഥയും . പിന്നീടുള്ള കുര്‍ബാനയുടെ ബാക്കി ഭാഗം മുഴുവന്‍ ,പ്രസംഗം ഉള്‍പ്പെടെ ,ഞാന്‍ നില്‍ക്കേണ്ടി വരും. അപ്പോഴേക്കും കാല് വേദന ആവും .

പ്രാര്‍ത്ഥനയില്‍ ശ്രദ്ധിക്കാനും പറ്റാതെ ആയി. എവിടെ എങ്ങിലും അമ്മാമ്മമാരുടെ നിഴല്‍ കണ്ടാല്‍ അവര്‍ ഇപ്പോള്‍ എന്നോട് എണീക്കാന്‍ പറയുമോ എന്നൊക്കെ ഉള്ള പേടി. എങ്ങനെയാ എണീക്കാന്‍ പറഞ്ഞാല്‍ എണീക്കാതെ ഇരിക്കണേ എന്നുള്ള ആകുലത എന്നെ അലട്ടി തുടങ്ങി . കാരണം അത്ര പ്രായം ഉള്ളവര്‍ ആയിരിക്കും അവര്‍. നമ്മള്‍ എണീട്ടില്ലെങ്ങില്‍ മറ്റുള്ളവര്‍ നമ്മളെ കുറ്റപ്പെടുത്തി നോക്കും.. അവര്‍ എണീക്കില്ല. എഴുന്നേറ്റു നിന്നാല്‍ എനിക്ക് പിന്നെ അവസാനം വരെ നില്‍ക്കേണ്ടി വരുമല്ലോ എന്നൊക്കെ ഉള്ള ആധി തുടങ്ങി എനിക്ക്. അങ്ങനെ ആണ് പ്രശ്നം ഇങ്ങനെ വിട്ടാല്‍ പറ്റില്ലെല്ലോ എന്ന് തോന്നിയത് .

ആദ്യപരീക്ഷണം എന്ന നിലയില്‍ ആണു സണ്‍‌ഡേ സാരി ഉടുത്തു പോയത്. സംഗതി ഫലിച്ചുട്ടോ . ഞാന്‍ നോക്കിയപ്പോ എന്നെ പോലെ ഒരു ചുരിദാരുകാരി വന്നു എന്‍റെ മുന്നിലുള്ള സീറ്റില്‍ ഇരുന്നു. ഞാന്‍ നോക്കി ഇരിക്കയായിരുന്നു എപ്പോഴാ പുള്ളിക്കാരിയെ പൊക്കുന്നത് എന്ന്. 5 പേര്‍ക്ക് ഇരിക്കാവുന്ന ബെഞ്ച്‌ ആണ്. അതില്‍ 6 പേരു തിങ്ങി ഇരിക്കുന്നു. കുര്‍ബാന തുടങ്ങി ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോ ഒരു സ്ത്രീ (തടി ആണ് ഇവിടത്തെ പ്രശ്നം) നേരെ അവരുടെ അടുത്ത് ചെന്നു..പയ്യെ തള്ളി മാറ്റി അവരുടെ സീറ്റില്‍ കയറി ഇരുന്നു. എനിക്ക് സത്യത്തില്‍ ഉള്ളില്‍ ചിരി പൊട്ടി. എന്‍റെ ഗതി ഇതു തന്നെ ആയിരുന്നേനെ . അപ്പൊ ഇനി മുതല്‍ ഞാന്‍ അസുഖം പൂര്‍ണമായി മാറുന്നത് വരെ പള്ളിയില്‍ സാരി ഉടുക്കാന്‍ തീരുമാനിച്ചു. സാരി ഉടുത്താല്‍ ഇങ്ങനെയും ചില ഗുണങ്ങള്‍ ഉണ്ടെന്ന് ഞാന്‍ കണ്ടറിഞ്ഞു ..

അടികുറിപ്പ് : സാരി തല വഴി എപ്പോഴും പുതക്കണം . അല്ലെങ്ങില്‍ കള്ളി വെളിച്ചത്താകും . :) :)

Friday, November 21, 2008

വൈരക്കല്ലുകള്‍


എനിക്ക് പ്രതികരിക്കാതെ ഇരിക്കാന്‍ വയ്യ. ഇനിയും എത്രയോ അറിയപ്പെടാത്ത അഭയമാര്‍ . എത്രയോ അറിയപ്പെടാത്ത ഒറീസ്സ സാക്ഷ്യപ്പെടുത്തലുകള്‍ . നമ്മള്‍ എവിടെക്കാണ്‌ പോകുന്നത് ? എവിടെ ആണ് സ്ത്രീക്ക് സുരക്ഷിതത്വം ? എവിടെ ആണ് സ്വാതന്ത്ര്യം?

എന്‍റെ കൂടെ pg ക്ക് പഠിച്ചിരുന്ന രണ്ടു പേരു പള്ളിയിലെ അച്ചനാകാന്‍ പഠിച്ചിട്ടു പകുതി വഴിക്ക് സ്വയം ബോധം വന്നു അച്ചനാകണ്ട എന്ന തീരുമാനത്തില്‍ തിരിച്ചു വന്നവരാണ് . (അതോ അവിടെ നിന്നു പറഞ്ഞു വിട്ടതാണോ എന്നറിയില്ല). രണ്ടു പേരെയും ഞങ്ങള്‍ അടക്കത്തില്‍ 'മഠം ചാടികള്‍ ' എന്ന ഓമന പേരിട്ടു വിളിച്ചിരുന്നു . എവിടെ എങ്ങിലും കേട്ടിട്ടുണ്ടോ കന്യാസ്ത്രീ ആകാന്‍ ഇറങ്ങി പുറപ്പെട്ടു തിരിച്ചു വന്ന സ്ത്രീകളുടെ കഥ ? ഉണ്ടെങ്കില്‍ തന്നെ അത് വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. അവര്‍ക്ക് സമൂഹം കല്‍പ്പിച്ചിരിക്കുന്ന വിലക്കോ ? പിന്നെ അവളെ ആരെങ്ങിലും കല്യാണം കഴിപ്പിക്കാനോ കല്യാണം കഴിക്കാനോ തല്പര്യപ്പെടുമോ ? അഭയമാര്‍ക്കും അതൊക്കെ തന്നെ സംഭവിച്ചിരിക്കുന്നത് .

കന്യാസ്ത്രീ മഠത്തില്‍ എത്ര പ്രശ്നങ്ങള്‍ ഉണ്ടായാലും അത് സഹിക്കുക . കൂട്ടുനില്‍ക്കാന്‍ മുതിര്‍ന്ന കന്യാസ്ത്രീകളും (ചേ !! നോക്ക് ഇവിടെയും സ്ത്രീക്ക് ഏറ്റവും വലിയ പാര മറ്റൊരു സ്ത്രീ തന്നെ) ഉണ്ടെങ്കില്‍ സാധുക്കളായ പാവം അഭയമാര്‍ എന്ത് ചെയ്യാന്‍ ? സ്വയം വിധിക്ക് കീഴടങ്ങുക തന്നെ. ഇനിയെങ്ങിലും ദുഷിച്ച ഈ അനീതികള്‍ നടക്കാതിരുന്നെങ്ങില്‍ ? എന്തിനാ അമ്മമാര്‍ മകളെ അല്ലെങ്ങില്‍ മകനെ സന്യസിക്കാന്‍ വിടുന്നത് ? കുടുംബത്തിനു സല്പേര് കിട്ടാനോ അതോ സ്ത്രീധന കാശ് മുടക്കണ്ട എന്ന് കരുതിയോ ? എന്താണ് അവിടെ ശ്രെഷ്ടമായത് കാണുന്നത് ? ഇനി എന്ഗിലും ഈ മാതിരി ഉള്ള നരക കുഴികളിലേക്ക് മക്കളെ എറിഞ്ഞു കളയല്ലേ ...


നമുക്കെന്തിനാ ഒരു അല്ഫോന്സ വിശുദ്ധ ? ഒരു സ്ത്രീ ജന്മം മുഴുവന്‍ രോഗത്തിലും വേദനയിലും നശിച്ചു പോയതിന്റെ ഓര്മക്കോ ? അതോ മരിച്ചു പോയതിന്‍റെ ശേഷം അല്‍ഭുതങ്ങള്‍ സംഭവിപ്പിച്ചതിലോ ? നിങ്ങളുടെ മരിച്ചു പോയ അപ്പച്ചനോടും അമ്മയോടും പ്രാര്‍ത്ഥിച്ചാല്‍ നിങ്ങള്‍ക്ക് അല്‍ഭുതങ്ങള്‍ സംഭവിക്കാരില്ലേ ? എവിടെ നമ്മുടെ മദര്‍ തെരേസ ? ജീവിതം കൊണ്ടു മറ്റുള്ളവര്‍ക്ക് കാരുണ്യം എന്തെന്ന് പഠിപ്പിച്ച ആ മഹതി എത്രയോ വലിയവര്‍ . ഇവിടെ അഭയമാര്‍ ഉള്ളിടത്തോളം കാലം സ്ത്രീ ജന്മം എവിടെയും വിശുധീകരിക്കപ്പെടുന്നില്ല . നമുക്കു ഒരു വിശുധയെയും വേണ്ട. അഭയമാരും ഒറീസ്സ സംഭവങ്ങളും ഉണ്ടാകാതെ ഇരുന്നാല്‍ മാത്രം മതി.


കഴിഞ്ഞ ആഴ്ച ഞാന്‍ മാതാ അമൃതാനന്ദമയിയുടെ ഒരു വീക്ഷണം വായിച്ചു. അതില്‍ അമ്മ എഴുതിയിരിക്കുന്നത് ഒന്നു കേട്ടോളു . 'ഒരാള്‍ മറ്റൊരുവന് വളരെ അധികം വില പിടിപ്പുള്ള ഒരു വൈരക്കല്ല് സമ്മാനിച്ചു . കൊടുത്ത നിമിഷം മുതല്‍ അയാള്‍ക്ക് വിഷമം ആയി. ശ്ശെ വേണ്ടിയിരുന്നില്ല , കൊടുക്കണ്ടായിരുന്നു എന്ന ചിന്ത. അടുത്ത നിമിഷം മുതല്‍ അത് എങ്ങനെയും തിരിച്ചു വാങ്ങിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി അയാള്‍ . സ്ത്രീക്ക് കിട്ടുന്ന സ്വാതന്ത്ര്യം ഇതു പോലെ ആണ്.' ഒന്നു ചിന്തിക്കൂ കൂട്ടരേ .

എനിക്കും കിട്ടിയിട്ടുണ്ട് വൈരക്കല്ലുകള്‍. തിരിച്ചു വാങ്ങിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട് . ഒരിക്കലും തിരിച്ചു കൊടുക്കില്ല എന്ന തീരുമാനത്തിലാണ് ഞാനും. എത്ര പേര്‍ക്ക് അതിന് സാധിക്കും
??



Friday, November 14, 2008

ഗുല്‍മോഹര്‍


അതെ ഗുല്‍മോഹര്‍ പ്രണയത്തിന്റെ പര്യായമാണ് . വേനലില്‍ പൂക്കുന്ന കടും ചുവപ്പാര്‍ന്ന പൂക്കള്‍ . മറ്റു പൂക്കള്‍ എല്ലാം തന്നെ ഏപ്രില്‍ മേയ് മാസങ്ങളില്‍ പൂക്കുമ്പോള്‍ ഗുല്‍മോഹര്‍ മാത്രം കത്തിക്കാളുന്ന വേനലിന് കുളിര്‍മ പകരാന്‍ കാത്തു നില്‍ക്കും. പൂവിട്ടാലോ ..അത് ഒരു കാഴ്ച തന്നെ ആണ്.നിര നിരയായി അടി മുടി ഗുല്‍മോഹര്‍ പൂത്തു നില്‍ക്കുന്ന വഴികള്‍ എത്ര കണ്ടാലും മതി വരില്ല എനിക്ക്.

കുട്ടിക്കാലത്ത് ഗുല്‍മോഹറിന്റെ പൂക്കള്‍ വീണു കിടക്കുന്ന മുറ്റത്തിരുന്നു ഒരു പാടു കളിച്ചിട്ടുണ്ട് . ഗുല്‍മോഹറിന്റെ വിടരാറായ മൊട്ടുകള്‍ പതിയെ വിടര്‍ത്തിയാല്‍ അതിന്‍റെ നടുക്കുള്ള ചെറിയ തലയോട് കൂടിയ തണ്ടുകള്‍ ഓരോന്നായി പറിച്ചു തലകള്‍ തമ്മില്‍ കൂട്ടിപ്പിണച്ച്‌ എതിര്‍ ദിശയിലേക്കു വലിക്കുക . ആരുടെ കൈയിലിരിക്കുന്ന തലയാണോ പോയത് അയാള്‍ തോറ്റു. അങ്ങനെ എത്രയോ കളികള്‍ കളിച്ചിരുന്നു പാവം ഈ പൂമൊട്ടുകള്‍ കൊണ്ട്‌.

ഞാന്‍ പഠിച്ചിരുന്ന കോളേജിലേക്കുള്ള നടപ്പാതയില്‍ ഗുല്‍മോഹര്‍ ധാരാളം ഉണ്ട്. അവ പൂത്തിരിക്കുന്ന നാളുകളില്‍ എത്രയോ ദിവസങ്ങള്‍ പൂവിതള്‍ ചവുട്ടി നടന്നിരിക്കുന്നു . അന്നാണ് മനസ്സിലായത് പ്രണയത്തിനും ഗുല്‍മോഹര്‍ പൂവിനും ഉള്ള അടുപ്പം . എന്തു കൊണ്ടോ കോളേജ് ലൈഫില്‍ ധാരാളം ഗുല്‍മോഹര്‍ ഓര്‍മ്മകള്‍ ഉണ്ടെങ്ങിലും പ്രണയമില്ലായിരുന്നു .


പിന്നീടുള്ള ജീവിതത്തിലാണ് മനസ്സിലായത് പ്രണയമില്ലാതെ ഒരു ജീവിതം പൂര്‍ണമാവില്ല എന്ന്. ആരോടെന്ങിലും എന്തിനോടെന്ങിലും പ്രണയം കൂടിയേ തീരു . പുസ്തകങ്ങളോട് പ്രണയം, പൂവിനോട് പ്രണയം, പാട്ടിനോട് പ്രണയം, കൃഷ്ണനോട് പ്രണയം, അങ്ങനെ എന്തെങ്ങിലും ഇല്ലാതെ എങ്ങനെ ജീവിതം മുന്നോട്ടു പോവാനാണ് ? ഞാന്‍ ഒരു കാര്യം മനസ്സിലാക്കിയത് നിഷ്കലന്ഗ ഹൃദയങ്ങള്‍ക്കെ പ്രണയിക്കാന്‍ ആവൂ എന്നതാണ്. വലിയ മസിലും പിടിച്ചു കൊണ്ടു നിന്നാല്‍ പ്രണയം നിങ്ങളെ തേടി വരില്ല, താനേ തേടി വരുന്ന പ്രണയമേ പ്രണയം ആകൂ ...(ഇതു പ്രണയം അറിയാതെ പോയവരോട്)


എന്‍റെ ഒരു ബ്ലോഗ്ഗര്‍ സുഹൃത്ത് പ്രണയത്തെ വര്‍ണിച്ചു എഴുതിയത് ഇങ്ങനെ ആണ്.."അണ്ണാന്‍ കുഞ്ഞിനു പഴുത്ത മാങ്ങയുടെ മണം കിട്ടിയാല്‍ ഉള്ള അവസ്ഥയാണ് പ്രണയം എന്ന്” .മറ്റേത് പ്രണയ നിരീക്ഷണങ്ങളിലും വെച്ചു എനിക്കേറെ ഇഷ്ടപ്പെട്ട വാചകം ആണ് അത്. അവള്‍ അത് എവിടെ നിന്നെന്ങിലും ചൂണ്ടിയതാണോ എന്നറിയില്ല. മാങ്ങാ ആയാലും തേങ്ങ ആയാലും സംഭവം അത് തന്നെ.


പ്രണയം എന്താണെന്നു അറിയാത്തവര്‍ക്ക് ഹാ കഷ്ടം ! പ്രണയിക്കുക , പ്രണയിച്ചു കൊണ്ടേയിരിക്കുക ...നിങ്ങളുടെ പ്രണയം ഗുല്‍മോഹര്‍ മരം പൂത്തതു പോലെ ആവട്ടെ ..വേനലിലെ ഒരു തണല്‍ , ഒരു കുളിര്‍മ, ഒരു തലോടല്‍ , ഒരു ആശ്വാസം , ഒരു സാന്ത്വനം ആയിത്തീരട്ടെ അത്.


(വല്ലവനും കുഴിയില്‍ വീണാല്‍ എനിക്കെന്ത് ചേതം ?) ;)


Thursday, November 6, 2008

ലില്ലി പൂക്കള്‍


ഞാന്‍ ഒന്നു മുതല്‍ നാല് വരെ പഠിച്ചത് എന്‍റെ അമ്മയുടെ വീടിന്റെ തൊട്ടടുത്ത് ഉള്ള ഒരു സ്കൂളില്‍ ആണ്. എന്നും ഉച്ചക്ക് ഞാന്‍ അമ്മ വീട്ടില്‍ പോയാണ് ഊണ് കഴിക്കുന്നത് . അന്നൊക്കെ ഉച്ചക്ക് ചോറ് കൊണ്ടു വന്നു സ്കൂളില്‍ ഇരുന്നു കഴിക്കുന്ന കുട്ടികളോട് എനിക്ക് അസൂയ ആയിരുന്നു. ഊണ് കഴിക്കാന്‍ എനിക്ക് ഒരു പാടു സമയം വേണം. (പിന്നീടുള്ള വഴികളില്‍ എപ്പോഴോ ആണ് ഊണ് കഴിക്കാന്‍ 5 മിനിറ്റ് ധാരാളം മതി എന്നായത് ) അപ്പൊ എന്‍റെ കൂട്ടുകാര്‍ അവര്‍ കൊണ്ടു വന്ന ചോറ് ഉണ്ടിട്ടു എന്‍റെ വീട്ടിലേക്ക് വരും. അവര്‍ അവിടെ പറമ്പില്‍ കളിക്കുമ്പോള്‍ ഞാന്‍ ഭക്ഷണം അകത്താക്കാന്‍ പാടു പെടുക ആയിരിക്കും.


അമ്മവീട്ടില്‍ നിറയെ പൂക്കള്‍ ഉണ്ട്. മതിലിനു പകരം അന്ന് വേലി ആണ്. വേലി ആയിട്ട് വെച്ചു പിടിപ്പിച്ചിരുന്നത് മഞ്ഞ കോളാമ്പി ചെടി ആയിരുന്നു. വീടിനു ചുറ്റും അത് പൂത്തു നില്ക്കുന്നത് കാണാന്‍ നല്ല ഭംഗി ആണ്. അവിടെ ഒരു കുളവും ഉണ്ട്. കുളത്തിനു നല്ല ആഴമുള്ളത് കൊണ്ടു എന്‍റെ കൂട്ടുകാര്‍ വന്നാല്‍ അവരെ അങ്ങോട്ട് വിടില്ല . എന്റെ ഊണ് കഴിയുമ്പോള്‍ ഞങ്ങള്‍ എല്ലാരും കൂടി ഒരുമിച്ചു സ്കൂളിലേക്ക് പോവും . അപ്പോഴേക്കും ബെല്‍ അടിക്കാന്‍ സമയം ആയിട്ടുണ്ടാകും . പോകുന്ന വഴിക്ക് ഒരു വീട്ടില്‍ എപ്പോഴും കായ്ച്ചു നില്ക്കുന്ന ഒരു 'കാരക്ക ' മരം ഉണ്ട്. മിക്കപ്പോഴും അതിന്റെ പഴുത്ത കായ്കള്‍ താഴെ വീണു കിടപ്പുണ്ടാവും . ഞങ്ങള്‍ അത് പെറുക്കി എടുക്കാന്‍ ചെന്നാല്‍ ആ വീട്ടുകാര്‍ വഴക്ക് പറയും. ആര് വഴക്ക് കേള്‍ക്കാന്‍ നില്ക്കുന്നു? കാരക്ക താഴെ കണ്ടാല്‍ പെറുക്കി എടുത്തു ഒരോട്ടമാണ് .

അമ്മ വീടിന്‍റെ തൊട്ടു അടുത്ത വീട്ടില്‍ ഒരു അമ്മാമ്മ താമസിക്കുന്നുണ്ട് . അവര്‍ മാത്രമെ ഉള്ളു അവിടെ. ഞങ്ങള്‍ ആ വീട്ടില്‍ കയറാതെ പോവാറില്ല. അവിടത്തെ പ്രത്യേകത എന്താന്ന് വെച്ചാല്‍ ആ വീടിന്റെ മുറ്റം നിറയെ ഒരേ ഒരു പൂ മാത്രമെ ഉള്ളു. വെളുത്ത ലില്ലി പൂക്കള്‍ . ആ തൊടി നിറയെ എപ്പഴും വെള്ളപ്പൂക്കള്‍ വിരിഞ്ഞു നില്ക്കും. വീട്ടിലോട്ടു പോവാനുള്ള ഒരു വഴി മാത്രം ഒഴിച്ചിട്ടു കൊണ്ടു നിറയെ നിറയെ പൂക്കള്‍ ആണ്. ആ വീടിന്റെ പുറകു വശത്തും ഒക്കെ ലില്ലി പൂക്കള്‍ മാത്രം.ഞാന്‍ എന്‍റെ ജീവിതത്തില്‍ പിന്നീട് ഒരിക്കലും ഇത്ര അധികം ലില്ലി പൂക്കള്‍ എവിടെ എങ്ങിലും ഇതു പോലെ ഒരുമിച്ചു വിരിഞ്ഞു നില്‍ക്കുന്നത് കണ്ടിട്ടില്ല.

ഞങ്ങള്‍ അവിടെ ചെല്ലുന്നത് ഒരു ദുരുദ്ദേശം കൊണ്ടാണ്.. ആ പൂ പറിച്ചാല്‍ അതിന്‍റെ നീണ്ട തണ്ടിന്റെ താഴെ ഭാഗം കടിച്ചു കളഞ്ഞിട്ടു ചുണ്ട് കൊണ്ടു ഒന്നു വലിച്ചാല്‍ നിറയെ തേന്‍ കിട്ടും. അത് കുടിക്കാനാണ് ഞങ്ങള്‍ അവിടെ ചെല്ലുന്നത്. ഒരിക്കലും ആ അമ്മാമ്മ ഞങ്ങളെ വഴക്ക് പറഞ്ഞു ഓടിച്ചിട്ടില്ല . ഒരു പക്ഷെ എന്‍റെ അമ്മ വീട്ടുകാരെ ഓര്താവാം . മുറ്റം കടന്നാല്‍ തന്നെ പൂക്കളുടെ വാസന കിട്ടും. സാധിക്കുമ്പോള്‍ ഒക്കെ ആ പൂവ് പൊട്ടിച്ചു തേനും കുടിച്ചിട്ടേ ഞങ്ങള്‍ മടങ്ങുക ഉള്ളു .


പിന്നീട് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട് ..ആ അമ്മാമ്മ ഒത്തിരി പാവപ്പെട്ടവള്‍ ആയിരുന്നു. കല്യാണമേ കഴിച്ചിട്ടില്ല . എന്നിട്ടും അവര്‍ അനാഥാലയത്തില്‍ നിന്നും ഒരു പെണ്‍കുട്ടിയെ ദത്തെടുത്തു . (ചേച്ചിയെ ഞങ്ങള്‍ അവിടെ കാണാറുണ്ട് ). അവര്‍ അടുത്ത വീടുകളില്‍ എല്ലാം പണിക്കു പോയി ആ മകളെ പഠിപ്പിച്ചു . ജീവിതത്തില്‍ ആകെ ആ അമ്മാമ്മക്ക് ഉണ്ടായിരുന്നത് ആ മോള്‍ മാത്രം ആയിരുന്നു.ഒരു പക്ഷെ ആ അമ്മാമ്മയുടെ ഹൃദയ നയിര്മല്യം കൊണ്ടാവാം ആ മുറ്റത്തു നിറയെ വിശുദ്ധിയുടെ പര്യായമായ ലില്ലി പൂക്കള്‍ വിടര്‍ന്നു നിന്നത് . സ്വന്തമായിട്ട് ജീവിക്കാന്‍ വക ഇല്ലാഞ്ഞും ഒരു കുഞ്ഞിനെ, അതും ഒരു പെണ്‍കുട്ടിക്കും കൂടി ജീവിതം കൊടുക്കാന്‍ സന്മനസ്സുണ്ടാവുക എന്നത് ഒരു വലിയ കാര്യം തന്നെ. എത്ര പേര്‍ക്ക് അതിന് സാധിക്കും? എവിടെ ലില്ലി പൂക്കള്‍ വിരിഞ്ഞു നില്ക്കുന്നത് കാണുമ്പോഴും ഞാന്‍ ഇപ്പോഴും ആ അമ്മാമ്മയെ ഓര്‍ക്കാറുണ്ട് .

Wednesday, October 29, 2008

സ്വയംവരം

രാധേ നിനക്കു സുഖം ആണോ? ഉദ്യാനനഗരിയില്‍ നിന്നും കൃഷ്ണന്റെ വിളി വന്നു. ഓ , ഇപ്പോഴെങ്ങിലും വിളിക്കാന്‍ തോന്നിയല്ലോ. വിശേഷങ്ങള്‍ ഉണ്ടായാലേ ഇപ്പോള്‍ ഫോണിംഗ് ഉള്ളു.. പണ്ടു നാല് കൊല്ലം ഒരുമിച്ചു ഒരേ ബെന്ചില്‍ ഇരുന്നു ചാറ്റ് പഠിച്ചതാണ്. രഹസ്യങ്ങള്‍ പരസ്പം പങ്കു വെക്കാന്‍ മത്സരം ആയിരുന്നു അന്ന്. അന്ന് എന്നും വിശേഷങ്ങള്‍ ആയിരുന്നു..വിശേഷങ്ങളുടെ ഉല്‍സവം . പ്രണയത്തിന്റെ പൂക്കാലം . ഒരു ചെറി മരം പൂത്തപോലുള്ള പ്രണയം !!

രുക്മിണി സ്വയംവരം നടക്കാന്‍ പോകുന്നു എന്ന്. ഹൊ രാധക്ക് ആശ്വാസമായി. ബൈബിള്‍ പഠിച്ചിട്ടുള്ള അവള്‍ പറഞ്ഞു..നിന്റെ മക്കള്‍ ഈ ഭൂമിയില്‍ മണ്ണിന്റെ തരികളെ പോലെ നിറയട്ടെ .. മറ്റെന്തു പറയാന്‍?? ഇനി രാധക്ക് ഉറങ്ങാം. നെന്ചിലെ കനല്‍ തീര്ത്തും കെട്ടു.

ലാപ്‌ ടോപ്പില്‍ തല വെച്ചു രാധ ഉറങ്ങുമ്പോള്‍ പണ്ടു കൃഷ്ണന്‍ അയച്ചു കൊടുത്ത ഒരു ഗാനം അതില്‍ നിന്നും ഒഴുകിവരുന്നുണ്ടായിരുന്നു ... അതിന്റെ lyrics താഴെ..
I Just Called to Say I Love You - Stevie Wonder
No new years's day
to celebrate
no chocolate covered candy hearts to give away
no first of spring
no song to sing
in fact here's just another ordinary day
No April rain
no flowers bloom
no wedding saturday within the month of June
But what it is
Is something true
Made up of these 3 words that I must say to you

I just called to say I love you
I just called to say how much I care
I just called to say I love you
And I mean it from the bottom of my heart

No summer's high
No warm July
No harvest moon to light one tender August night
No autumn breeze
No falling leaves
Not even time for birds to fly to southern skies
No libra sun
No halloween
No giving thanks to all the Christmas joy you Bring
But what it is
Though old so new
To fill your heart like no 3 words Could ever do.

I just called to say I love you
I just called to say how much I care
I just called to say I love you
And I mean it from the bottom of my heart.

I just called to say I love you
I just called to say how much I care
I just called to say I love you
And I mean it from the bottom of my heart

Of my heart
Baby of my heart

Tuesday, October 21, 2008

പല്ലി

എന്റെ ഒരു ഫ്രണ്ട് ചാറ്റിലൂടെ പറഞ്ഞ ഒരു കഥ ഇവിടെ പകര്‍ത്തുന്നു...

frnd: എനിക്കറിയാവുന്ന ഒരാള്‍ ..

അയാളുടെ കഥ

പറയാം me:

ഉം frnd: നിങ്ങള്‍ പറഞ്ഞത് പോലെ തന്നെ അത്യാഗ്രഹം...കുഴിയില്‍ ചാടിച്ച കഥ

me: ഉം

frnd: അയാള്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു
മി:ഉം
frnd: അയാള്‍ക്കെവിടേയും കടന്നു ചെല്ലാന്‍ തക്കവണ്ണം ഒരു രൂപം കൊടുക്കണേയെന്ന് കാരണം...
അടുത്ത വീട്ടിലെ ‘ആന്റി’ ഭയങ്കര പീസ് അയാള്‍ നോക്കുമ്പോ...
അവര്‍ മുട്ടന്‍ എക്സിബിഷന്‍... ;)
me: :)
frnd: അയാള്‍ടെ കണ്ട്രോള്‍ പോവാന്‍ തുടങ്ങി...
നെഞ്ച് പടാപടാമിടിക്കുവാന്‍ തുടങ്ങി...
അവരുടെ കണ്ണുകള്‍ അയാളെ
me: ഉം
frnd: ഇന്‍ഡയറക്ടായിഇന്വ്വൈറ്റ് ചെയ്യുവാന്‍ തുടങ്ങിയതോടേയാണ് ദൈവത്തിന്റെ ഹെല്പ് ചോദിച്ചത്... ഒരു നിദ്രാവിഹീനമായ രാത്രി ദൈവം ഇഷ്ടന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു
me: ഇതു ആരു പടച്ച കഥ ? നീയോ ?
frnd: ആരാ‍യാല്‍ എന്താ സംഭവിച്ചത് :)
me: ഉം
frnd: ആരു പടച്ചതായലെന്താ... ഗുണപാഠം ലാസ്റ്റ്
me: ഉം
frnd: വത്സാ, എന്താണ് നിന്നെ മഥിക്കുന്ന പ്രശ്നം..?
അയാള്‍: എല്ലാമറിയുന്ന അങ്ങ്, ഇങ്ങനെ ചോദിക്കരുത്...
എനിക്ക് എവിടേയും ആരുടേയും കണ്ണില്‍പ്പെടാതുള്ള ഒരു രൂപം വേണം
me: ഉം
frnd: ദൈവം ഒന്നാലോചിച്ചു... ഈച്ച??
അയാളും ഒന്നാലോചിച്ചു
me: നല്ല ഐഡിയ ആണ് ട്ടോ
:P
frnd: വാഹ്! ഇതു മതി !
ഈച്ച മതി :)
frnd: ദൈവം അരയിലെ സ്വിച്ക് അമര്‍ത്തിയതും....
ലയാള്‍ ഈച്ചയായി മാറി
me: lol എന്നിട്ടോ?
(ഇപ്പൊ എന്റെ ഫ്രണ്ട് dc ആയി)
ഫ്രണ്ട്: ഈ പരിപാടിയില്‍ തടസ്സം നേരിട്ടതില്‍ ഖേദിക്കുന്നു ;)
me: ഓക്കേ
frnd: കഥ തുടരണോ?
me: രസം പിടിച്ചു വരുക ആയിരുന്നു
:)
frnd: ആണോ
me: ഉം
frnd: എവിടം വരെ പറഞ്ഞു?
me: എന്താ സംഭവിച്ചത് എന്നറിയണമല്ലോ ഈച്ചയായി മാറി
frnd: ആ അതു കഴിഞ്ഞ്?
me: എന്ത് സംഭവിച്ചു
frnd: എവിടം വരെ പറഞ്ഞു ?
me: ലയാള്‍ ഈച്ചയായി മാറി
frnd: ഉം
അയാള്‍ ആന്റിയുടെ മുറ്റത്തേക്ക് ഒരു മിഗ് 21 കണക്കേ പറന്നിറങ്ങി.
me: ഉമfrnd: ആന്റിയാണെങ്കില്‍...
അയാള്ക്ക് വേണ്ടി കണ്ണെറിഞ്ഞു...
തലേ രാത്രിയിലെ സംഭവ വികാസങ്ങള്‍ ആരറിയാന്‍
me: ഉം
frnd: ഒരു ഈച്ച യെ ആരു കാണാന്‍
me:ഹ ഹ
കണ്ടാലും വിശേഷമില്ല
:)
frnd: ഒരു വിശേഷവുമില്ല...
me: അപ്പൊ മോറല്‍ ഓഫ് ദ സ്റ്റോറി ?
frnd: കഥ തീര്‍ന്നിട്ടില്ല
me: ശരി..പറ
frnd: ആസ് യൂഷ്വല്‍ ... ആന്റി കുളിക്കാന്‍ കയറുന്നതും നോക്കി ഈച്ച വെയിറ്റ് ചെയ്തു
me: lol
frnd: യാഹ്...
ആന്റി അത്രയ്ക്ക് ആണ് അയാളെ അഡിക്ട്റ്റ് ആക്കിയത്...
me: ഉം
frnd: ആന്റി തന്റെ പതിവ് ‘നോട്ടക്കാരനെ’ കാണാത്തതിലും കാണിക്കാന്‍ പറ്റാത്തതിലുമുള്ള വിഷമത്തില്‍(?) കുളിപ്പുരയില്‍ കയറി വാതിലടച്ചു
me: ഉം
frnd: എക്സപ്ലയിന്‍ ചെയ്യണോ? :)
me: അധികം details വേണ്ടാ
frnd: പക്ഷെ, അതാണ് അതിന്റെ ഒരു ത്രില്‍ :)
me: വേണ്ടാ :)
ഞാന്‍ ഊഹിച്ചോളാം :)
frnd: വായനക്കാരന്റെ നെഞ്ചിടിപ്പ് കൂട്ടണം...
me: ഇതു വായനക്കാരി അല്ലെ?
അപ്പൊ ഇത്ര മതി..ബാക്കി പറ
frnd: അല്ലെങ്കില്‍ പിന്നെ, അടൂര്‍ ഗോപലകൃഷ്ണന്‍ സ്റ്റൈല്‍ കാണിക്കണം.. :)
me: :)
frnd: വായിക്കുന്നാള്‍ കാരന്‍ ആണോ കാരിയാണോ എന്ന് നോക്കീട്ടാണോ കഥാകാരന്‍ കഥ പറയുന്നത് ?
me: ഇതു കഥ കേള്‍ക്കുവല്ലേ ?
അപ്പൊ കാരി ആണേ കേള്‍ക്കുന്നത് :)
frnd: അതു തന്നെയ പറഞ്ഞെ പക്ഷെ ഇതില്‍ സെക്സൊന്നുമില്ല :)
me: ശരി എങ്കില്‍ പറ
ഫ്രണ്ട്: ഇത്രയും നേരം നമ്മള്‍ കണ്ടത് ട്രോളി, ക്രെയിന്‍ കാമറ കൊണ്ടുള്ള ഷോട്ട്സ്... :)
me: :)
ഇനി ആണോ റിയല്‍ ആക്ഷന്‍ വരണത് ?
frnd: ആന്റിയുടെ എടുപ്പും തുടുപ്പും ഒക്കെ ഒപ്പിയെടുത്തത് ആ ഷോട്ടുകളിലൂടെ...
ബാക് റ്റു കഥ
me: ഉം
ഈച്ച ആന്റ്യെ കണ്ടു അത്രയല്ലേ ഉള്ളു കാര്യം?
frnd: ഈച്ചയിഷ്ടന്‍ വെന്റിലേറ്ററിലൂടെ ഉള്ളിലേക്ക് ‘ശബ്ദമുണ്ടാക്കാതെ’ പറന്ന് കയറി എന്നിട്ട് ഒരു മൂലയില്‍ പമ്മിയിരുന്നു
me: ഉം
frnd: ഒരു ഈച്ചയുടെ രൂപമെങ്കിലും, ഉള്ള് പാവം ആ അയാളുടേതായിരുന്നല്ലോ
me: എന്നിട്ടോ ?
ആന്റി ഈച്ചയെ അടിച്ച് കൊന്നു കാണും അല്ലെ?
:(
frnd: ഇനി ക്രെയിന്‍, ട്രോളി ഷോട്ട്സ് ഇല്ല
ലൊല്‍ നോ
me: ഉം എവിടെക്കാ കഥ കൊണ്ടു പോണത് ?
ബോര്‍ അടിച്ച് തുടങ്ങി (വായനക്കാര്‍ക്ക്‌ )
frnd: ഈച്ചയുടെ കണ്ണിലാണ് ഇപ്പോ കാമറ
me: :)
frnd: ഈച്ച കാണുന്നതായിട്ടാണ് നമ്മളും കാണുന്നത് :)
me: ഉം
frnd: ഇനിയുള്ള ഭാഗം, സാദാ വായനക്കാര്‍ക്ക് ബോറടിക്കൂല്ല ;)
me: ബാക്കി ?
(ഇപ്പൊ ഫ്രണ്ട് വീണ്ടും dc ആയി)
മി: ഇതു FM റേഡിയോ കേള്‍ക്കുന്നത് പോലുന്ടെല്ലോ ..
ഇടക്കിടെ ഉള്ള breaks
frnd : ബാക്ക് എഗേന്‍
me: ഉം
frnd: ഈച്ച ശ്വാസമടക്കിയിരുന്നു
me: ഉം
frnd: തന്റെ ഒരു ചുടുനിശ്വാസം പോലും ആന്റിയുടെ മുഖത്തോ മറ്റിടങ്ങളിലോ പതിയരുതെന്ന് ആഗ്രഹിച്ചു...
ആന്റി ധരിച്ചിരുന്ന സാരി അഴിച്ച് അയയില്‍ ഇട്ടു...
ലൊല്‍
സാരിയെങ്കില്‍ സാരി :)
me: ഓ
frnd: വേണ്ട, നൈറ്റി മത്യോ?
me: details വേണ്ടാ ട്ടോ
frnd: ലൊല്‍
വേണം
നിങ്ങളും കുളിക്കാറുള്ളതല്ലേ :)
ലൊല്‍
me: ഉം
അതിപ്പോ എല്ലാരും ചെയ്യുന്നത് തന്നെ അല്ലെ?
:)
frnd: അതെ. പക്ഷെ , ഞാന്‍ സാരി ഉടുക്കാറില്ല :)
me: ലോള്‍
ഫ്രണ്ട്: :)
me: lol ശരി സമ്മതിച്ചു. ബട്ട് കഥ അവസാനിപ്പിച്ചേ പറ്റൂ..
frnd: ലോല്‍,
കൂടാതെ... കുളിക്കാന്‍ പോവുന്ന ഒരു സ്ത്രീ അവളറിയതെ അവളെ നിരീക്ഷിച്ച്,
സാരി അഴിച്ച് അയയില്‍ ഇടുന്നത് കണ്ടിട്ടുമില്ല :)
me: ഹഹ
frnd: അടുത്ത ഊഴം ആ ചുവന്ന ബ്ലൌസിന്റെ ആയിരുന്നു :)
ലൊല്‍
me: അങ്ങനെ പീസ് പീസ് ആയിട്ടു കഥ വേണ്ടാ...grrrrrrrr
frnd: ഹഹ
me: എനിക്ക് ഇങ്ങനെ പോയാല്‍ ബാക്കി കേള്‍ക്കണ്ട :)
frnd: ഒരുമിച്ചു പറഞ്ഞാലെന്തുട്ട് രസം ?
:)
എങ്കില്‍ ന്ന പിടിച്ചോ :)
me:
: വല്യ വല്യ കഥാകാരനമാര്‍ ഇതൊക്കെ പച്ച മലയാളത്തില്‍ എഴുതി, വായിക്കുന്നതിന് നോ പ്രൊബ്ലം :) അല്ലെ :)
മ്മള്‍ സംഭവിച്ച ഒരു കഥ പറഞ്ഞതാ കുറ്റമായ് പോയത് :)
me: അതെ അത് ശരി..
ഇങ്ങനെ പക്ഷെ കഥ കേള്‍പ്പിക്കരുണ്ടാവില്ല
frnd: ആഹ് അതറിയില്ല :)
me: കഥ കേള്‍പ്പിക്കുംപോ സെന്‍സറിങ് വേണം :)
frnd: എങ്കില്‍ ഇവിടെ നിര്‍ത്ത്യേക്കാംസ് :)
സംഭവം ക്ലിയറായ് പറഞ്ഞാലെ അതിന്റെ രസമുള്ളൂ :)
me: അതേ..details ഇല്ലാതെ പറ...കേള്‍ക്കാം
ഓ ..നിന്നെ കൊണ്ട് തോറ്റു.. :)
frnd: ശരി
me: ഈച്ച ഇപ്പോഴും ടോഇലെറ്റ് ഇല്‍ ആണേ ..
അതിന് ശ്വാസം മുട്ടുന്നുണ്ടാവും
frnd: അവര്‍ ഉടയാടകളൊന്നൊന്നായ് അഴിച്ച് അയയില്‍ തൂക്കി...
ഈച്ച കണ്ണുംതള്ളിയിരിക്കുന്നു.
ജീ‍വിതത്തില്‍ ആദ്യമായ് ഒരു സുവര്‍ണ്ണാവസരം കൈവന്നിരിക്കുന്നു.
ഈ ദൈവത്തെ നേരത്തേ വിളിച്ചാ മത്യാരുന്നു.
me: ലോള്‍
frnd: അവന്‍ ആന്റിയുടെ മുഖത്തേക്ക് നോക്കി...
പിന്നെയവന്റെ നോട്ടം
താഴേക്ക്
താഴേക്ക്...
താഴേക്ക്...
താഴേക്ക്....
ഗ്ലപ്പ് !
me: :)
frnd: എന്താവും ?
:)
me: ഈശ്വര
frnd: ഉം ?
പെണ്ണാണെങ്കില്‍ പറ :)
ലൊള്‍
me: ഈച്ച നോക്കിയതല്ലേ ഉള്ളു?
ഒന്നും സംഭവിക്കില്ല :)
ഒരു ഈച്ച നോക്കിയാല്‍ എന്തു സംഭവിക്കാന്‍ :)
frnd: പക്ഷെ ഇവിടെ സംഭവിച്ചല്ലോ
ജസ്റ്റ് ഹേര്‍ഡ് എ നോയിസ് ഗ്ലപ്
me: ?
frnd: അത്ര തന്നെ :)
ഗസ്സൂ :)
me: ഓ ..ഈച്ചേ പല്ലി പിടിച്ചു ??
frnd: എ നോയിസ് പ്രൊഡ്യൂസ് ഡ്
ഹു ?
me: പല്ലി
frnd: ഹൌ?
പള്ളീപോയ് പറഞ്ഞാ മതി :)
me: പല്ലിക്ക്‌ ഈച്ചേ പിടിക്കാന്‍ ആരെങ്ങിലും പഠിപ്പിച്ചു കൊടുക്കണോ ?
:P
frnd: ആ ജമണ്ടന്‍ പല്ലി തന്റെ ചിറി തുടച്ച് അടുത്ത ഇരയെ തപ്പി അടുത്ത ലൊക്കേഷനിലേക്ക് നീങ്ങിക്കൊണ്ടേയിരുന്നു....
me: :) പാവം
frnd: പക്ഷെ, ഈച്ചയ്ക്ക് ദൈവത്തിന് വേണമെങ്കില്‍ ഏതു നേരത്തും ഏതു രൂപത്തിലും മാറാന്‍ കഴിയുന്ന രൂപം കൊടുക്കാമായിരുന്നു ബട്ട് ദൈവം എല്ലാം കാണുന്നു... അറിയുന്നു :)
അതെ പാവം
ദുരാഗ്രഹം
me: അങ്ങനെ വന്നാലും രക്ഷ കിട്ടില്ല ..
അവിടേം ആരെങ്ങിലും ഉടുപ്പെല്ലാം അഴിച്ചു വെച്ചാല്‍ ആ രൂപം നോക്കി കൊണ്ടു ഇരിക്കില്ലേ ?
frnd: ഈച്ചയാവുന്നതിന് പകരം അയാള്‍ക്ക് ആന്റിയെ ഒന്ന് മുട്ടിനോക്കാമായിരുന്നു ;)
ലൊള്‍
me: ഹ ഹ
frnd: മുട്ടിയാല്‍ തുറക്കാത്തതെന്തുണ്ട് ?
കൂടാതെ ആന്റി ഒടുക്കത്തെ ട്യൂണിംഗുമായിരുന്നല്ലോ
me: അല്ലാ ഇവിടെ ആന്റി റെഡി ആണെന്ന് പറഞ്ഞ സ്ഥിതിക്ക് പാവം ഈ പണിക്കു പോവണ്ടാരുന്നു frnd: ഹൊ! എനിക്കതോര്‍ത്തിട്ട് സഹിക്കണില്യ ;)
ലൊള്‍
me: :)
frnd: യാ യാ
me: ഇനി ചോദിക്കട്ടെ ..നീ ആണേല്‍ എന്താ ദൈവത്തോട് ചോദിക്കാ ?
frnd: അത്യാര്‍ത്തി വരുത്തിവച്ചത്...
ഹഹഹ് ! അതു കലക്കി

കഥ ഇവിടെ നിറുത്തുന്നു...

വാല്‍ക്കഷ്ണം: ഈ ഫ്രണ്ട് നെ ഇപ്പൊ കാണാറേ ഇല്ല... ഇനി വല്ല പല്ലി പിടിച്ചോ ആവോ? ;)
ഗുണപാഠം : എല്ലാര്ക്കും മനസ്സിലായി കാണുമല്ലോ? ഇനി ഞാന്‍ പറഞ്ഞു തരണോ? :P
കടപ്പാട്: മറ്റാരോട്‌? ഈ ചാറ്റില്‍ വന്നു കഥ പറഞ്ഞ പ്രിയ സുഹൃത്തിനോട്.. :D

Monday, October 13, 2008

പാല പൂത്തപ്പോള്‍ ..






ആരെങ്ങിലും ഒരു പക്ഷേ കേട്ടാല്‍ കളിയാക്കും കാരണം ഞാന്‍ ഇതു വരെ ഒറിജിനല്‍ പാല പൂത്തു കണ്ടിട്ടില്ല. അതിന്‍റെ ഗന്ധം എന്താണെന്നും അറിയില്ലായിരുന്നു . ഇന്നലെ വരെ. കാണുന്ന മരങ്ങളെല്ലാം പാല ആണെന്ന് ആയിരുന്നേല്ലോ എന്‍റെ ധാരണ.ഇപ്പോ എന്റെ ഒരു പാല മരംചെമ്പകം ആയി മാറി (ബ്ലോഗ് പോസ്റ്റ് കാണൂ..http://raadha.blogspot.com/2008/08/blog-post_12.html ) ഈയിടെ ആണ് ഒറിജിനല്‍ പാല മരം, അതായത് നമ്മുടെ യക്ഷി കഥകളിലെ പാല മരം തിരിച്ചറിഞ്ഞത് . പിന്നെ പോകുന്ന വഴികളില്‍ ഉള്ള പാലമരങ്ങള്‍ എല്ലാം നോക്കി വെച്ചു. ഇനി ഇതിന്‍റെ മണം എങ്ങനെ അറിയും ?
തന്ന സുഹൃത്തിനു നന്ദി. പക്ഷെ മണം അറിയില്ലെല്ലോ ?

എന്‍റെ ഓഫീസിന്റെ തൊട്ടടുത്ത് ഒരു പോലീസ് സ്റ്റേഷന്‍ ഉണ്ട്. അതിന്‍റെ മുന്‍പില്‍ ഒരു പാല മരവും ഉണ്ട്. ഒരു ദിവസം കണ്ടു വളരെ താണ ഒരു ചില്ലയില്‍ ഉള്ള ഇലകള്‍ക്ക്‌ ഒരു നിറവ്യത്യാസം . അടുത്ത് പോയി സൂക്ഷിച്ചു നോക്കി. നിറയെ മൊട്ടുകള്‍ ഇട്ടിരിക്കുന്നു . പിന്നെ പ്രാര്ത്ഥന ആയിരുന്നു..ഈശ്വര ഇതു വിരിയുമ്പോ എനിക്ക് അവധി ദിവസമാകരുതെ എന്ന്. അങ്ങനെ വെള്ളിയാഴ്ച എത്തി. പൂ വിരിഞ്ഞില്ല . തിങ്കളാഴ്ച്ച വരുമ്പോഴേക്കും വിരിഞ്ഞു വീണു പോകരുതേ എന്നായി പിന്നെ പ്രാര്ത്ഥന. ഇന്നലെ തിങ്കളാഴ്ച്ച. രാവിലെ സ്റ്റോപ്പില്‍ ബസ്സ് ഇറങ്ങിയ ഉടനെ തന്നെ നോക്കി. പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നുണ്ട്‌ . വൈകിട്ട് അല്‍പ്പം നേരത്തെ ഇറങ്ങി ഒരു കുഞ്ഞു പൂ എന്ഗിലും പെറുക്കി എടുക്കണം എന്ന് മനസ്സില്‍ കരുതി.
എന്നും വൈകിട്ട് വീട്ടിലേക്ക് പോരാന്‍ മിക്കവാറും എന്‍റെ ഒരു കൂട്ടുകാരി കൂടെ കാണും. അവളോട്‌ കാര്യം പറഞ്ഞു. അതിനെന്താ നമുക്കു നോക്കാലോ എന്ന് അവള്‍ പറഞ്ഞു. അവള്‍ക്കറിയാം പാല പൂ എങ്ങനെ ഇരിക്കും എന്ന്. എന്നെ പോലെ വിവരദോഷി അല്ല . വൈകിട്ട് 5 മിനിറ്റ് നേരത്തെ ഞങ്ങള്‍ ഇറങ്ങി.ബസ്സ് സ്റ്റോപ്പില്‍ തന്നെ ആണ് ഈ പാലമരം . പോലീസ് സ്റ്റേഷന്റെ മുന്‍പില്‍ നിറയെ ആളുണ്ട് , പോലീസും ഒക്കെ ഉണ്ട്. സ്റ്റോപ്പില്‍ ഒരു ബസ്സ് പാര്‍ക്ക് ചെയ്തിട്ടുണ്ട്. ഒരു സെക്കന്റ് കൊണ്ടു അവള്‍ ഒരു പൂമരക്കമ്പ് തന്നെ ഒടിച്ചെടുത്തു എന്‍റെ കൈയ്യില്‍ തന്നു. കൂടെ ഉണ്ടായിരുന്ന ഞാന്‍ പോലും ഒന്നു വിരണ്ടു . എന്റെ കൈയ്യില്‍ നിറയെ പൂക്കളും , രണ്ടു ഇലകളും അടങ്ങിയ ഒരു പൂമരക്കമ്പ്!!. മാവിന്റെ പൂക്കുലയോട് സാദൃശ്യമുള്ള ഒരു പൂക്കമ്പ് . എന്തൊരു രൂക്ഷമായ മണം. ഞങ്ങളുടെ പ്രവൃത്തി കണ്ടു ഒരു സ്ത്രീ ബസ്സില്‍ നിന്നു ഉറക്കെ പറഞ്ഞു..'അയ്യോ ദേ പാലപ്പൂ പറിച്ചു '. ഞങ്ങള്‍ കേട്ട ഭാവം വെച്ചില്ല . ഇനി ഇതു പറിക്കാന്‍ ഒന്നും പാടില്ലാത്ത പൂവാണോ ? ആവോ ആര്‍ക്കറിയാം ? കൈയ്യില്‍ കിട്ടിയ ഉടന്‍ മണത്തു ..ഹൊ, എന്താ ഒരു മണം. ഏതാണ്ട് 'സര്‍വ സുഗന്ധി ' അല്ലെങ്ങില്‍
വളരെ ഭദ്രമായി സൂക്ഷിച്ചു പൂ വീട്ടില്‍ എത്തിച്ചു . ബസ്സ് മുഴുവന്‍ ഇടക്കിടക്കു നല്ല മണം വരുന്നുണ്ട്. ഞങ്ങള്‍ ഒന്നും അറിയാത്ത പോലെ ഇരുന്നു. പൂക്കള്‍ ഏതാണ്ട് വിരിയുന്ന സമയം ആണെന്ന് തോന്നുന്നു.7 മണി ആയി. കാറ്റു വരുമ്പോള്‍ നല്ല മണം. പതിവു പോലെ എന്നെ കാത്തു എന്റെ കൂട്ടുകാരന്‍ നില്‍ക്കുന്നുണ്ട്‌. ബൊക്കെ പിടിക്കുന്നത്‌ പോലെ ആണ് പൂ കൈയ്യില്‍ പിടിച്ചിരുന്നത് . കക്ഷിയെ കണ്ടപ്പോ പയ്യെ ഒന്നു താഴ്ത്തി പിടിച്ചു . കണ്ടപ്പോ തന്നെ ചോദിച്ചു. 'ഇതെവിടുന്നാ പാലപ്പൂ?' ഓഹോ , അപ്പൊ അഗ്ഞാനി ഞാന്‍ മാത്രം!.
മണം. പൂ ഒന്നു മണം പിടിച്ചിട്ടു ഭര്ത്താവ് പറഞ്ഞു, 'എന്തൊരു വൃത്തികെട്ട മണം'. എന്‍റെ സ്വഭാവം മുന്‍കൂട്ടി അറിയാവുന്നതു കൊണ്ടു പറഞ്ഞു 'നീ ഇതു ബെഡ് റൂമിലേക്ക്‌ കേറ്റരുത് ട്ടോ ' എന്ന്. അടുക്കളയില്‍ പണിക്കു കേറാന്‍ നേരം എടുത്തു അടുക്കളയില്‍ വെച്ചു. അത്രയും മണം മിസ് ആവരുതല്ലോ . 8.30 ആയപ്പോ എല്ലാ പൂക്കളും വിരിഞ്ഞു. നല്ല വെള്ള നിറം അല്ല പൂക്കള്‍ക്ക് , ഇളം പച്ച കലര്‍ന്ന വെള്ള.ഞാന്‍ പതിയെ എണ്ണി നോക്കി. 47 പൂക്കളുണ്ട്‌ , പാതി വിരിഞ്ഞതും , മുഴുവന്‍ വിരിഞ്ഞതും ഒക്കെ ആയിട്ട് . ധാരാളം മൊട്ടുകളും . രാത്രി ഉറങ്ങാന്‍ പോവുന്നതിനു മുന്നേ പതിയെ വെള്ളം തളിച്ച് വെച്ചു. എന്നെ വിസ്മയിപ്പിച്ച ഒരു സംഗതി ...ഈ പൂവിനു പലപ്പോഴും പല മണം, അകന്നു നില്‍ക്കുമ്പോള്‍ നേര്‍ത്ത നല്ല ഒരു സുഗന്ധം . അടുത്ത് നിന്നു മൂക്ക് മുട്ടിച്ചു മണം പിടിക്കുമ്പോള്‍ ഒരു വല്ലാത്ത വന്യമായ മണം. ആകെപ്പാടെ പാല മണത്തില്‍ കുളിച്ച ഒരു രാത്രി കടന്നു പോയി.

രാവിലെ എണീറ്റപ്പോ ഒരു മണവും ഇല്ല. വളരെ അടുപ്പിച്ചു മണക്കുമ്പോള്‍ മാത്രം ഒരു ചെറിയ മണം. ഈശ്വര ഇന്നലെ ഈ വീട് മുഴുവന്‍ സുഗന്ധം പരത്തിയ പൂ ആണോ ഇതു എന്ന് പോലും സംശയിക്കും .എന്‍റെ ഒരു സുഹൃത്ത് ഈ വിവരം അറിഞ്ഞപ്പോ പറഞ്ഞു, സുന്ദരിമാര്‍ പാല പൂ കൈ കൊണ്ടു തൊടാന്‍ പാടില്ലാന്നു . എന്തായാലും തൊട്ടു പോയി... എനിക്ക് ഒന്നും സംഭവിച്ചില്ല . എന്നെ പിടിക്കാന്‍ ഒരു യക്ഷിയും ഗന്ധര്‍വനും വന്നില്ല. ഈ ബ്ലോഗ് വായിക്കുന്നവര്‍ ആര്‍ക്കെങ്ങിലും പാല പൂ മണം അറിയില്ലെങ്ങില്‍ ഇപ്പൊ തിരഞ്ഞോള് ...ഇതു പാല പൂക്കുന്ന സമയം ആണ്. മിസ് ചെയ്യല്ലേ . അങ്ങനെ എനിക്ക് വേണ്ടിയും ഒരു പാല പൂത്തു വീട്ടില്‍ കുപ്പിയില്‍ കാത്തിരിക്കുന്നു എന്‍റെ രാത്രിയെ മത്തു പിടിപ്പിക്കാനായിട്ടു!!.

Monday, October 6, 2008

കരയുക



അടുത്തിടെ ഞാന്‍ tv യില്‍ 'തന്മാത്ര ' സിനിമ കണ്ടു. എപ്പോ കണ്ടാലും കണ്ണുകള്‍ നിറയാതെ കാണാന്‍ പറ്റാത്ത ഒരു സിനിമയാണ് അത്. അല്ഷിമേര്സ് അല്ലെങ്കില്‍ dementia യുടെ ദുരിതങ്ങള്‍ ഞാന്‍ കുറെ നേരിട്ടു കണ്ടിട്ടുണ്ട് . എന്‍റെ ഭര്‍ത്താവിന്റെ ചേട്ടന്‍ , അതായത് ബ്രദര്‍ -ഇന്‍ -ലോ സെന്‍ട്രല്‍ ഗവണ്മെന്റ് സ്ഥാപനത്തിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനായി റിട്ടയര്‍ ചെയ്തു. അതിന് ശേഷവും ക്ലാസ്സ് എടുക്കാന്‍ പല സ്ഥാപനങളിലും പോകുമായിരുന്നു . വളരെ ആക്റ്റീവ് ആയ ഒരു മനുഷ്യന്‍ . ധാരാളം പുസ്തകങ്ങളും വായിക്കും . Diabetics ഉണ്ടായിരുന്നു. അത് ഒരു ദിവസം cerebral ഹെമരജ് ആയി.ഒരു വശം തളര്‍ന്നു. പതിയെ എണീറ്റ്‌ നടക്കാന്‍ സാധിച്ചു, അപ്പോഴേക്കും dementia ബാധിച്ചു .

ഓര്‍മ കുറവ് എന്ന് പറഞ്ഞാല്‍ ഇങ്ങനെ ഉണ്ടോ ഒരു ഓര്‍മ കുറവ്? വീട്ടുകാര്‍ എല്ലാവരും ഇതെന്തു രോഗം എന്ന് മനസ്സിലാവാതെ പകച്ചു നിന്നു. ചേട്ടനെ നോക്കാന്‍ മാത്രം പ്രത്യേകം ആയയെ വെച്ചു. ചില സമയത്തു വെറും കുട്ടികളെ പോലെ. ആദ്യം ആദ്യം ആര്‍ക്കും രോഗം എന്താണെന്നു പിടികിട്ടിയില്ല . പല്ലു തേക്കുന്ന ബ്രഷ് മാറി തേക്കുക , പാന്റ്സ് മാറി ഉടുക്കുക , പിന്നെ വൈകിട്ട് നടക്കാന്‍ പോയിട്ട് തിരികെ വീട്ടിലേക്ക് വരാതെ ചുറ്റി കറങ്ങുക . എന്നിട്ടു പരിചയമുള്ള ഓട്ടോ കാരന്‍ ആയതു കൊണ്ടു തിരികെ വീട്ടില്‍ എത്തിക്കുക .പാവം സ്വന്തം വീട്ടിലേക്കുള്ള വഴി പോലും മറന്നതാണെന്ന് ആരാ കരുതുക? അങ്ങനെ ആയപ്പോ ആകെ എല്ലാവരും വിഷമിച്ചു .

മക്കള്‍ രണ്ടു പേരുള്ളത് , ഒരാള്‍ കല്യാണം കഴിച്ചു ഭര്‍ത്താവിന്റെ വീട്ടില്‍, മറ്റേ ആള്‍ കുവൈറ്റില്‍ ഉയര്‍ന്ന ഉദ്യോഗത്തില്‍ .സകുടുംബം അവിടെ താമസം. ഭാര്യ (എന്‍റെ ഹസ്ബണ്ടിന്റെ ചേച്ചി ) കാന്‍സര്‍ വന്നു നേരത്തെ തന്നെ മരിച്ചു പോയി.അപ്പനെ നോക്കാന്‍ ഒരു സ്ഥിരം വേലക്കാരിയും , പിന്നെ ആയയും . പുറത്തു പോവാതെ ഇരിക്കാന്‍ അവര്‍ വീടിന്റെ ഗേറ്റ് പൂട്ടിയിട്ടു തുടങ്ങി . അപ്പൊ പിന്നെ പരാതികള്‍ ആണ്. രാവിലെ തന്നെ ചേട്ടനെ കുളിപ്പിച്ച് ആയ സിറ്റ് ഔട്ട് ഇല്‍ ഇരുത്തും , കാണാന്‍ വരുന്നവരോട് എല്ലാം ചേട്ടന്‍ പരാതി പറയും, എനിക്ക് ആരും ഒന്നും കഴിക്കാന്‍ തന്നില്ല !!! അപ്പോള്‍ ഭക്ഷണം കഴിച്ചിട്ടേ ഉണ്ടാവൂ . അങ്ങനെ ആയപ്പോ നോക്കാന്‍ നില്‍ക്കുന്നവര്‍ക്കും വെറുപ്പായി . അഹംകാരം എന്നാണ് ഓമനപേര് ഇട്ടതു .
പിന്നീട് ഡോക്ടറിന്റെ നിര്‍ദേശ പ്രകാരം ഇങ്ങനെ ഉള്ള രോഗികളെ നോക്കുന്ന ഒരു ഡേ കെയര്‍ സെന്റെറില്‍ ആക്കി. രാവിലെ അവിടെ നിന്നു ബസ്സ് വരും, സ്കൂള്‍ ബസ്സ് വരുന്നതു പോലെ, അവര്‍ കയറ്റി കൊണ്ടു പോവും , വൈകിട്ട് തിരിയെ കൊണ്ടു വിടും . വീട്ടുകാര്‍ക്ക് കൊറേ ഒക്കെ ആശ്വാസം ആയി.
പിന്നീട് ഒരു massive അറ്റാക്ക്‌ വന്നു ഇദ്ദേഹം മരണപ്പെട്ടു . എന്ഗിലും ഒരു പാടു വേദന ചുറ്റും നില്‍ക്കുന്നവര്‍ക്ക് തന്നിട്ടാണ് ഇദ്ദേഹം പോയത് .
'തന്മാത്ര' കണ്ടപ്പോള്‍ ഞങ്ങള്‍ രണ്ടു പേരും ചേട്ടനെ ഓര്‍ത്തു. ഞാന്‍ കരഞ്ഞു. ഭര്‍ത്താവ് കരയുന്നില്ല , കരയുന്നത് പുരുഷ ലക്ഷണം അല്ല എന്നല്ലേ പറയുന്നത് ? ഞാന്‍ നിര്‍ബന്ധിച്ചു കരയാന്‍ . ആണായാലും പെണ്ണായാലും ഇതു പോലുള്ള വികാരങ്ങള്‍ ഒരു പോലെ അല്ലെ? പിന്നെ കരയാന്‍ മടിക്കുന്നതെന്തിനാണ് ? കരയുക. വെറുതെ മസില്‍ പിടിച്ചിരുന്നു സ്വന്തം ഹൃദയം പൊട്ടിക്കല്ലേ ..







Sunday, September 28, 2008

ആരാണിവര്‍ ?

ഓഫീസിലെ ഓണ ദിവസം . കേരള സാരി ഉടുത്തു , മുല്ലപ്പൂവും ചൂടി സുന്ദരി ആയിട്ട് ഒരുങ്ങി ഓഫീസിലേക്കിറങ്ങി . ബസ്സ് കാത്തു നില്‍ക്കയാണ്‌ . തലേ ദിവസത്തെ മഴയില്‍ ചളി ആയിരിക്കുന്ന റോഡ്. കഴിയുന്നത്ര സാരി ഒതുക്കി പൊക്കി പിടിച്ചാണ് നില്‍പ്പ് . പെട്ടെന്ന് ആള്‍ക്കൂട്ടത്തില്‍ നിന്നു ഒരു സ്ത്രീ എന്‍റെ അടുത്തേക്ക് വന്നു. എനിക്ക് തീരെ പരിചയമില്ലാത്ത ഒരു സ്ത്രീ. ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലായി, ലിപ്സ്ടിക്ക് ഇട്ടിട്ടുണ്ട് , മോഡേണ്‍ വേഷധാരി . എന്നേക്കാള്‍ പ്രായവും ഉണ്ട്. പതിയെ അവര്‍ മുഖം എന്‍റെ ചെവിയോടു അടുപ്പിച്ചു പറഞ്ഞു, 'സാരി കൊറച്ചും കൂടി പൊക്കി പിടിച്ചോള് , കസവ് താഴെ ചെളിയില്‍ മുട്ടുന്നുണ്ട്'. അവരെ നോക്കി കൃതജ്തയോടെ ഒന്നു പുന്ചിരിച്ചു , സാരി ഒന്നു കൂടി പൊക്കി പിടിക്കുമ്പോള്‍ ഓര്‍ത്തു..ഇവര്‍ എന്‍റെ ആരാ? എന്‍റെ സാരി ചെളിയില്‍ മുട്ടിയാല്‍ ഇവര്‍ക്കെന്താ ? എത്ര സുന്ദരമായ മനസ്സാണ് ഇവരുടെ ? എനിക്ക് ഇങ്ങനെ പെരുമാറാന്‍ പറ്റുമോ ? ഹേയ്, ആയിട്ടില്ല ..ഇവരെ പോലെ ആകാന്‍ ഇനിയും വളരാനുണ്ട് ...
************************************************************************************
കഴിഞ്ഞ ആഴ്ച രാവിലെ ഓഫീസിലേക്ക് പോകുവാന്‍ ധൃതി പിടിച്ചു റോഡ് ക്രോസ് ചെയ്യാന്‍ നില്ക്കുകയാണ്. Median എത്തി. വണ്ടികള്‍ മാല പോലെ പുറകെ പുറകെ വന്നുകൊണ്ടിരിക്കുന്നു . എന്നെ പോലെ തന്നെ പകുതി ക്രോസ് ചെയ്തു ഒരു പെണ്‍കുട്ടിയും നില്‍ക്കുന്നുണ്ട്‌ . സ്കൂള്‍ uniform ആണ്. 7 ലോ 8 ലോ ആവും. ഞങ്ങള്‍ രണ്ടും അടുത്തായി . ഒരു ഒഴിവും കാണുന്നില്ല ക്രോസ് ചെയ്യാന്‍. അപ്പോഴാണ് ഒരു ചെറിയ ഗാപ് കിട്ടിയത് . ഒരു സെക്കന്റ് കൊണ്ടു ഞാന്‍ ആ കുട്ടിയുടെ കൈ കടന്നു പിടിച്ചു. അവള്‍ ഒരു നിമിഷം വിരണ്ടു എന്‍റെ മുഖത്തേയ്ക്ക് നോക്കി. പിന്നെ എന്‍റെ കൂടെ നടന്നു, റോഡ് ക്രോസ് ചെയ്തതും എന്‍റെ കൈ വിടുവിച്ചു കുട്ടി സ്റ്റോപ്പില്‍ നിന്നു. എന്‍റെ ബസ് വന്നു ഞാനും പോയി... അടുത്ത ദിവസം അതെ പോലെ ഞങ്ങള്‍ ഒരുമിച്ചു വന്നു വീണ്ടും ക്രോസ് ചെയ്യാന്‍. ഇത്തവണ വണ്ടി ഒന്നും വരുന്നുണ്ടായില്ല ..എന്നെ കണ്ട ഉടന്‍ അവള്‍ മുഖം നിറയെ ഒരു ചിരി സമ്മാനം ആയി തന്നു. അപ്പോഴും ഞാന്‍ ഓര്‍ത്തു, ഇവള്‍ എനിക്ക് ആരാണ്? എന്തെ എനിക്ക് അവളെ സഹായിക്കാന്‍ തോന്നിയെ ? ഉം അപ്പൊ ഞാന്‍ വളര്‍ന്നു തുടങ്ങി ...
************************************************************************************
മിക്കവാറും ദിവസങ്ങളില്‍ ഞാന്‍ വളരെ അധികം സുന്ദരിയായ ഒരു അമ്മൂമ്മയെ ബസ് സ്റ്റോപ്പില്‍ കാണാറുണ്ട് . തല മുടി മുഴുവന്‍ തൂ വെള്ള. ബോബ് ചെയ്തിരിക്കുകയാണ് . എപ്പോഴും ഡ്രസ്സ് ചെയ്യുന്നത് ഒരു anglo ഇന്ത്യന്‍ സ്റ്റൈലില്‍ ആണ്. എവിടെയോ ജോലിക്ക് പോകുവാണ് . ഒരു 67 എന്ഗിലും കാണും പ്രായം. എന്നെ സര്‍പ്രൈസ് ചെയ്തത് അവര്‍ ഈ പ്രായത്തിലും ജോലിക്ക് പോവുന്നു എന്നതാണ്. ഒരു ദിവസം ഇവര്‍ ഞാന്‍ കയറിയ ബസ്സില്‍ ഉണ്ടായിരുന്നു. ഞാന്‍ അവര്‍ക്ക് വേണ്ടി സീറ്റ് ഒഴിഞ്ഞു കൊടുത്തു. പിന്നീട് ഇവര്‍ ഞാന്‍ കയറുന്ന ബസ്സില്‍ കയറാന്‍ തുടങ്ങി. ചിലപ്പോ അവരുടെ ഭര്‍ത്താവ് കൂടെ കാണും. അദ്ദേഹം ഇടക്ക് എപ്പോഴോ ഇറങ്ങി പോവും . ബസ്സില്‍ ഇവര്‍ കയറിയാല്‍ ആരെങ്ങിലും ഒക്കെ സീറ്റ് ഒഴിഞ്ഞു കൊടുക്കും. അത്രയ്ക്ക് പ്രായമുള്ളവര്‍ അല്ലെ?ഈ പ്രായത്തില്‍ ഇത്ര ഭംഗിയായിട്ട് ഡ്രസ്സ് ചെയ്തവരെ ഞാന്‍ കണ്ടിട്ടേ ഇല്ല. ഒരു ദിവസം ഞാനും അവരും ഒരേ സീറ്റ് പങ്കിട്ടു . ഞാന്‍ ബുക്ക് എടുത്തു നിവര്‍ത്തി . ഇവര്‍ ഒരു ചെറിയ പോക്കറ്റ് ബൈബിള്‍ എടുത്തു വായിക്കാന്‍ തുടങ്ങി. തീരെ ചെറിയ അക്ഷരങ്ങള്‍ . എന്നിട്ടും അവര്‍ അത് വായിച്ചു കൊണ്ടേ ഇരുന്നു. അപ്പൊ ഞാന്‍ ചോദിച്ചു, എങ്ങനെ ഇത്ര ചെറിയ അക്ഷരങ്ങള്‍ വായിക്കുന്നു ? പിന്നീട് ഞങ്ങള്‍ ധാരാളം സംസാരിച്ചു. അവര്‍ ഒരു ബ്രിട്ടീഷ് സിറ്റിസണ്‍ ആണ്. മലയാളം അറിയില്ല. ഒരു പ്രൈവറ്റ് സ്ഥാപനത്തില്‍ ജോലി. പിന്നീട് എന്നെ അവര്‍ എപ്പോ കണ്ടാലും സംസാരിക്കും . ബസിന്റെ ബോര്‍ഡ് ഞാന്‍ വായിച്ചു കൊടുക്കണം. ചിലതൊക്കെ അവര്‍ ഇംഗ്ലീഷ് പേരു മാത്രം കണ്ടു മനസ്സിലാക്കി വെച്ചിട്ടുണ്ട് . എനിക്ക് അവരോട് വലിയ ഇഷ്ടം ആണ്. ഇന്നു ഞാന്‍ അവരെ കണ്ടു. ബസില്‍ പുരുഷന്മാരുടെ സീറ്റില്‍ അവര്‍ക്ക് വേണ്ടി ഒരാള്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു. അവിടെ ഇരുന്ന ഉടന്‍ അവര്‍ എന്‍റെ ബാഗ് വാങ്ങി പിടിച്ചു. എന്നിട്ടു അടുത്തിരുന്ന ആള്‍ എണീറ്റ്‌ പോയപ്പോ എന്നെ വിളിച്ചു കൂടെ ഇരിക്കാന്‍ സീറ്റ് തന്നു. എന്തിനാണ് ഇവര്‍ എന്നെ സ്നേഹിക്കുന്നത് ? ആരാണ് ഇവര്‍ എനിക്ക്?
************************************************************************************
ഞാന്‍ ഈ പറഞ്ഞവരെ ഒക്കെ ഇനി നാളെയും കാണുമോ എന്നെനിക്കറിയില്ല . എന്നാലും ഇവര്‍ എന്‍റെ സഹോദരിയോ , മകളോ ,അമ്മൂമ്മയോ ഒക്കെ ആണ്...നോക്കു , സ്നേഹം നമ്മളെ തേടി വരുന്ന വഴികള്‍ വിചിത്രം തന്നെ...ഒരിക്കലും അറിയാത്തവരില്‍ നിന്നു, ഒന്നും പ്രതീക്ഷിക്കാതെ അത് നമ്മെ തൊട്ടു വിളിക്കുന്നു ...

Saturday, September 20, 2008

ഒരു ഓര്‍മ്മക്കുറിപ്പ്‌


തിരുവോണത്തിന്റെ അടുത്ത ദിവസം . ഞങ്ങള്‍ എല്ലാവരും കൂടി ചുമ്മാ നാട്ടുവഴിയില്‍ കൂടെ നടക്കാന്‍ പോയി. തിരിച്ചു വന്നപ്പോ സന്ധ്യ കഴിഞ്ഞു . നിലാവിന്റെ വെട്ടവും മൊബൈലിന്റെ വെളിച്ചവും മാത്രേ ഉള്ളു വഴി കാണിക്കാന്‍ . ചില വീടുകളില്‍ നിന്നും ചന്ദനത്തിരി കത്തുന്ന മണം. ചില വീടുകളില്‍ പ്രാര്ത്ഥന ചൊല്ലുന്നു . ഞങ്ങള്‍ കുട്ടികളും എല്ലാം കൂടെ ഒരു 12 പേരു കാണും. ഈ മാതിരി സമയത്താണ് യക്ഷിയും ഗന്ധര്‍വനും ഒക്കെ ഇറങ്ങി നടക്കുന്നത് എന്ന ഒരു കമന്റ് അതിനിടയില്‍ ആരോ പറഞ്ഞു. സന്ധ്യുടെയും രാത്രിയുടെയും ഇടയിലെ സമയം. അതെ twilight. പേടി കാരണം കുട്ടികള്‍ ഉറക്കെ ഉറക്കെ ഓരോന്ന് പറഞ്ഞു നടക്കുന്നതിനിടയില്‍ പെട്ടെന്ന് ഒരു വളവിന്റെ അടുത്ത് വെച്ചു ഒരു വെളുത്ത പൂച്ച ഞങളുടെ അടുത്തേക്ക് ഓടി വന്നു. നല്ല പരിചയം ഉള്ള പോലെ. കുട്ടികള്‍ ഉടനെ അതിനെ എടുത്തു. ഞങ്ങള്‍ കുടുംബത്തോടെ പൂച്ച പ്രേമം ഉള്ളവരാണ് . ഒരു പൂച്ചക്കുട്ടി ആണ് അത് .തീരെ ചെറുത് അല്ല. ഒരു 6 മാസം പ്രായം കാണും. നല്ല സുന്ദരന്‍ പൂച്ചക്കുട്ടി . കുട്ടി അല്ല കുട്ടന്‍ ആണെന്ന കണ്ടുപിടിത്തം പുറകെ വന്നു!


എടുത്തു ഓമനിചതിനു ശേഷം കുട്ടികള്‍ അതിനെ തിരികെ താഴെ വെച്ചു. എന്നാല്‍ പൂച്ചക്കുട്ടി പോവാതെ ഞങ്ങളുടെ മാര്‍ച്ചില്‍ കൂടി. തിരിഞ്ഞു നോക്കുമ്പോഴെല്ലാം അത് പുറകെ വരുന്നുണ്ട്. വീണ്ടും കുറച്ചു ദൂരം കൂടി അതിനെ ഓരോരുത്തരായി എടുത്തു. ആര് എടുത്താലും പൂച്ചക്ക് വിരോധം ഇല്ല. അപ്പോഴേക്കും എല്ലാരും പറഞ്ഞു ആരെങ്ങിലും ഓമനിച്ചു വളര്തുന്നതായിരിക്കും , ഇനി അതിനെ നമ്മള്‍ കൊണ്ടു വന്നാല്‍ വഴക്കാവും അത് കൊണ്ട് ഇനി എടുക്കണ്ട എന്ന് വെച്ചു. അപ്പൊ ഒരു ജീപ്പ് അത് വഴി വന്നു. പൂച്ച കരഞ്ഞു കൊണ്ടു കാട്ടിലേയ്ക്ക് ഓടി. ഞങ്ങള്‍ മുന്നോട്ടും . അപ്പൊ കേള്‍ക്കാം അതാ കരച്ചില്‍ . വഴി തെറ്റിയിട്ടും ഞങ്ങളെ കാണാഞ്ഞിട്ടും ആവാം അത് ദയനീയമായി കരഞ്ഞു തുടങ്ങി .. മുന്നോട്ടു പോയ ഞങ്ങള്‍ തിരികെ വന്നു കാട്ടില്‍ നിന്നു വിളിച്ചു വിളിച്ചു പൂച്ചയെ വീണ്ടും കൂടെ കൂട്ടി. ആരും എടുത്തില്ല . ഞങ്ങള്‍ തിരികെ വീട്ടില്‍ എത്തി. പൂച്ച പിറകെയും . വീട്ടില്‍ ചെന്നു മീനൊക്കെ കൂട്ടി ചോറ് കൊടുത്തു. കുട്ടികളുടെ മടിയില്‍ ഉറങ്ങുന്നതു വരെ പൂച്ചക്കുട്ടന്‍ ഇരുന്നു. രാത്രി കിടക്കാന്‍ സ്ഥലം ഒക്കെ ഒരുക്കികൊടുത്തു . അപ്പോഴും എല്ലാര്ക്കും ഭയങ്കര അത്ഭുതം ആയിരുന്നു..ഇതെന്ത് ഈ പൂച്ച ഇങ്ങനെ എന്ന്.


അടുത്ത ദിവസം ഞങ്ങള്‍ മടങ്ങി. പൂച്ചയുണ്ടായിരുന്നു യാത്ര അയക്കാന്‍ . വീട്ടില്‍ വന്ന പാടെ കേട്ട ന്യൂസ് എന്‍റെ കൂടെ വര്‍ക്ക് ചെയ്തിരുന്ന ഒരാള്‍ ഇന്നലെ സന്ധ്യക്ക്‌ ഹൃദയ സ്തംഭനം വന്നു മരിച്ചു പോയി എന്നതാണ്. എന്നെ എല്ലാരും മൊബൈലില്‍ ട്രൈ ചെയ്തിട്ട് കിട്ടിയില്ല (അവിടെ നാട്ടില്‍ റേഞ്ച് ഉണ്ടായില്ല ) രാവിലെ സംസ്കാരം കഴിഞ്ഞു . ഞാന്‍ അറിയുന്നത് വൈകുന്നേരം. . എന്‍റെ ഓഫീസിലെ പ്യൂണ്‍ ആയിരുന്നു. ചെറുപ്പമാണ് . വല്ലാത്ത ദുഖം തോന്നി. എനിക്ക് മാത്രമേ ഒന്നു കാണാന്‍ പോലും പറ്റാതെ പോയുള്ളൂ . വളരെ സൌമ്യനും സാധുവും ആയ ഒരു മനുഷ്യന്‍ . ഒരു കാര്യം ഒരു പ്രാവശ്യം പറഞ്ഞാല്‍ മതി.ക്ലോസിന്ഗ് ജോലി തിരക്ക് കാരണം ചിലപ്പോ എനിക്ക് ശനിയും ഞായറും വരേണ്ടി വരുമ്പോ ഞങ്ങള്ക്ക് വേണ്ടി ഓഫീസ് തുറക്കാനും അടക്കാനും ഉച്ചക്ക് ഭക്ഷണം ഓരോരുത്തരുടെയും ഇഷ്ടത്തിന് മേടിച്ചു കൊണ്ടുവരാനും ഞങ്ങള്‍ സ്ത്രീകള്‍ മാത്രം വര്‍ക്ക് ചെയ്യാന്‍ വരുമ്പൊ കൂട്ടിനു വരാറുള്ള പുരുഷ പ്രജ. . പ്രാരാബ്ദങ്ങള്‍ ധാരാളം . കാരണം കിട്ടുന്നത് കൊണ്ട് ജീവിക്കാന്‍ മാത്രം പഠിച്ചില്ല . സമ്പാദ്യമായി ഉള്ളത് 4 പെണ്‍കുട്ടികള്‍ മാത്രം.ഇടക്കൊക്കെ പൈസ കടം മേടിച്ചാലും കൃത്യമായിട്ട്‌ തിരികെ തരും.



അങ്ങനെ ഇരിക്കെ ഒരു ദിവസം ബാങ്കില്‍ അടക്കാന്‍ കൊടുത്ത കമ്പനിയുടെ പൈസ കട്ടു .മുഴുവന്‍ അല്ല, അല്പം. അങ്ങനെ വീണ്ടും രണ്ടു പ്രാവശ്യം കൂടെ. Reconciliation ചെയ്തപ്പോ പിടിച്ചു . ഉത്തരവാദിത്തം എന്‍റെ തലയിലും വീണു. വിളിച്ചു ചോദിച്ചപ്പോ വയസ്സിനു ഞാന്‍ ഇളയത് ആണെങ്ങിലും , മുന്‍പില്‍ ഇരുന്നു കരഞ്ഞു. 'അങ്ങനെ പറ്റി പോയി' എന്ന മറുപടി മാത്രേ തരാന്‍ ഉണ്ടായുള്ളൂ .അപ്പോഴും എന്തു കൊണ്ടോ എനിക്ക് ഇയാളെ വഴക്ക് പറയാന്‍ തോന്നിയില്ല. കളവു ചെയ്യാന്‍ സാഹചര്യം കൊടുത്ത കാഷ്യര്‍ ആണ് വഴക്ക് കേട്ടത്. ബാങ്കില്‍ നിന്നു കിട്ടിയ receipt ഒത്തു നോക്കാതിരുന്ന പിഴവിന് .



പിന്നെ നടപടി ക്രമങ്ങള്‍ ആയി.സസ്പെന്‍ഷന്‍ . രണ്ടു ഇന്ക്രെമെന്ട് തടയല്‍ . ഒരു ട്രാന്‍സ്ഫര്‍ . ഇതൊക്കെ സംഭവിച്ചത് രണ്ടു കൊല്ലം മുന്നേ. ഒരിക്കലും ഇയാള്‍ ഇങ്ങനെ കളവു ചെയ്യും എന്ന് ആരും സ്വപ്നത്തില്‍ പോലും കരുതി ഇരുന്നില്ല . അന്ന് ഞങ്ങള്‍ക്ക് എല്ലാര്ക്കും തന്നു ഒരു ഷോക്ക് . ഇന്നിതാ വീണ്ടും. ഇന്നലെ സന്ധ്യക്ക്‌ നെഞ്ച് വേദന വന്നിട്ട് ആശുപത്രി കൊണ്ടു പോയ വഴി മരിക്കുകയാണ് ഉണ്ടായത് .



പെട്ടെന്ന് എനിക്കൊരു തോന്നല്‍ . ഞാന്‍ വേഗം നാട്ടിലേക്ക് വിളിച്ചു. കുശല വിശേഷങ്ങള്‍ പറഞ്ഞതിന് ശേഷം അവളോട്‌ പയ്യെ ചോദിച്ചു. പൂച്ച എന്ത് പറയുന്നു? അപ്പൊ അവള്‍ 'അയ്യോ ചേച്ചി, ഞാന്‍ അത് വിളിച്ചു പറയാന്‍ ഇരിക്കയായിരുന്നു .നിങ്ങളുടെ കാര്‍ പോകുമ്പോ ഇവിടെ ഉണ്ടായിരുന്നു. പിന്നെ കണ്ടില്ല. മക്കള്‍ അതിനെ ഇവിടെ എല്ലാം നോക്കി. എവിടെ പോയി എന്നറിയില്ല'. അവളെ പേടിപ്പിക്കണ്ട എന്നോര്‍ത്ത് ഞാന്‍ പറഞ്ഞു ' അത് തിരിച്ചു അതിന്‍റെ വീട്ടില്‍ പോയിക്കാണും ' .



ഇന്നലെ തൃസന്ധ്യക്ക്‌ സുഹൃത്തേ നീ ഈ ലോകത്ത് നിന്നു വിട പറഞ്ഞ സമയത്തു ഞങ്ങളുടെ അടുത്തേക്ക് ഒരു പൂച്ചകുട്ടിയെ അയച്ചിരുന്നോ ? അങ്ങനെ ഒന്നും സംഭവിക്കില്ല എന്നറിയാം , എല്ലാം തികച്ചും യാദൃച്ചികം ആവാം . എന്നാലും. എന്നാലും. ...??



വീണ്ടും ഒരു സന്ദേഹം കൂടി. കൃത്യം ഒരു ദിവസം മുന്നേ ഓണത്തിന്റെ അന്ന് ഞാന്‍ എന്‍റെ മൊബൈലിലെ ഫോണ്‍ ഡയറക്ടറി തപ്പി കുറെ കൂട്ടുകാര്‍ക്കു ഓണം ആശംസകള്‍ അയച്ചു. അപ്പോള്‍ ഈ മരിച്ചു പോയ സുഹൃത്തിന്റെ നമ്പര്‍ സേവ് ചെയ്തിരുന്നത് കണ്ടു. ട്രാന്‍സ്ഫര്‍ ആയി പോയതില്‍ പിന്നെ ഒഫീഷ്യല്‍ വിളികളുടെ ആവശ്യം ഉണ്ടായിട്ടില്ല . അപ്പൊ തോന്നി, എന്തിനാ ഈ മൊബൈല് നമ്പര്‍ ഇനി സേവ് ചെയ്യുന്നത്? കൊടുത്തു ഒരു ഡിലീറ്റ് . അന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല അടുത്ത ദിവസം എന്തായാലും ആ നമ്പര്‍ ഡിലീറ്റ് ചെയ്യേണ്ടി വരുമെന്ന് . അതും വെറും യദൃചികം തന്നെയോ ??



സത്യം പറയട്ടെ എനിക്ക് ഇങ്ങനെയുള്ള അനുഭവങ്ങള്‍ ധാരാളം ഉണ്ടായിട്ടുണ്ട് ...ചിലപ്പോ എല്ലാര്ക്കും കാണും അല്ലെ ഇങ്ങനെ ചില കാര്യങ്ങള്‍..ഉത്തരം തരാത്ത ചില ചോദ്യങ്ങള്‍ ! !







Monday, September 15, 2008

ഫീലിംഗ് ബ്ലൂ...




എന്റെ മനസ്സില്‍ ഒരു കനല്‍ വീണു..
ഉള്ളം ചുട്ടു പഴുപ്പിക്കുന്ന കനല്‍...
എന്നെ എല്ലാ നിമിഷവും ..
നീറ്റി കൊണ്ടിരിക്കുന്ന കനല്‍..


ഉറയുന്ന കണ്ണീരു പൊഴിക്കാനാവാതെ
നീറുന്ന കണ്ണുകള്‍ ..
നെഞ്ച് പൊടിയുന്ന വേദന
ദീര്ഗ നിശ്വാസമായി പുറത്തു വരുന്നു..
ഇന്നിനി എനിക്കൊന്നിനും വയ്യ..


ആരെങ്ങിലും ഈ കനലിനെ മൂടുന്ന
ചാരം ഒന്നൂതിക്കളഞ്ഞിരുന്നെങ്ങില്‍ ..
ഒരു ഇളം കാറ്റെങ്ങിലും
ഇതു വഴി വന്നിരുന്നെങ്ങില്‍ ..


കത്തട്ടെ , തീ ആളി ആളി..
ദഹിക്കട്ടെ , എല്ലാം ചാരമാവട്ടെ ..
മറഞ്ഞു പോകട്ടെ ..എന്നേക്കുമായി ..
എന്‍റെ ദേഹിയുടെ കൂടെ എന്‍റെ സ്വപ്നങ്ങളും ..

Tuesday, September 9, 2008

ഓണം വന്നു ...

അങ്ങനെ വീണ്ടും ഓണം വന്നെത്തി . മക്കള്‍ക്ക്‌ 10 ദിവസം സ്കൂള്‍ ഇല്ലാത്തതിന്റെ സന്തോഷം. എനിക്ക് 4 ദിവസം അടുപ്പിച്ചു അവധി കിട്ടിയതിന്റെ സന്തോഷം. എന്റെ പാവം ഭര്‍ത്താവിനു മാത്രം ഒരു ദിവസം അവധി. അതും തിരുവോണത്തിന് മാത്രം. അത് കൊണ്ടു അദ്ദേഹം ധൈര്യമായിട്ട് ശനിയാഴ്ച ലീവ് കൊടുത്തു, അപ്പൊ കിട്ടി 3 ദിവസം അവധി.

എപ്പോഴും ഓണത്തിന് രണ്ടാഴ്ച മുന്നേ ഞങ്ങള്‍ പ്ലാന്‍ ഇടും , ഇത്തവണ എവിടെക്കാണ്‌ എന്ന്. എന്‍റെ അമ്മ മരിച്ചത് കൊണ്ടു എന്‍റെ വീട്ടില്‍ ഇത്തവണ ഓണം ഇല്ല . കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ എന്‍റെ ചേച്ചിയുടെ വീട്ടിലാണ്‌ ഓണത്തിന് പോയത്. ഇവിടന്നു ഞങ്ങള്‍ എല്ലാവര്ക്കും സദ്യ ഓര്‍ഡര്‍ ചെയ്തു പാര്‍സല്‍ ആയിട്ട് വാങ്ങി അവിടെ കൊണ്ടു പോയി എല്ലാരും കൂടെ ഇരുന്നു കഴിച്ചു. വിളംബാനുള്ള വാഴയില മുതല്‍ ഉപ്പു വരെ കിട്ടും.:P അപ്പൊ പിന്നെ TV കാണാനും , കുട്ടികളുടെ കൂടെ കളിക്കാനും , വീട്ടുവിശേഷങ്ങളും , നാട്ടുവിശേഷങ്ങളും ഒക്കെ പങ്കു വെക്കാനും ഒക്കെ ഇഷ്ടം പോലെ സമയം !! അല്ലെങ്കില്‍ ആരൊക്കെ സഹായിക്കാന്‍ ഉണ്ടായാലും എനിക്കും ചേച്ചിക്കും അടുക്കളയില്‍ നിന്നു കയറാന്‍ പറ്റില്ല. ഈയിടെ കണ്ടു പിടിച്ച വിദ്യ ആണ് ഇത് . സൂത്രം പഠിച്ചിട്ടോ എന്തോ ഇത്തവണയും ചേച്ചി വിളിച്ചു, “നീ കുട്ടികളെയും കൊണ്ടു വാ” എന്ന്.

പക്ഷെ ഇത്തവണ ഞങ്ങള്‍ എല്ലാരും കൂടെ ഭര്‍ത്താവിന്റെ തറവാട്ടില്‍ കൂടാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത് . അവിടെ ഈ കളി പറ്റില്ല. എന്നാലും എനിക്ക് അവിടത്തെ ബഹളം ആണ് ഇഷ്ടം. TV യുടെ പരിസരത്തേക്കു അടുക്കാന്‍ പറ്റില്ല അന്നത്തെ ദിവസം . എല്ലാരും കൂടെ ഇരുന്നു കഷണം അരിയലും , വിശേഷം പറയലും ബഹു കേമം തന്നെ ആവും . ഭര്‍ത്താവിന്റെ രണ്ടു ചേച്ചിമാര്‍ , രണ്ടു അനിയന്മാര്‍ സകുടുംബം കാണും അവിടെ. പിള്ളേര്‍ക്ക് കളിയുടെ പൂരം തന്നെ ആവും. ഓണപ്പരീക്ഷക്കു പഠിച്ചതിന്റെ ക്ഷീണം മുഴുവന്‍ ഇവിടെ അവര്‍ തീര്‍ക്കും . എനിക്ക് നാട്ടില്‍ ചെന്നാല്‍ മക്കളുടെ ഒരു കാര്യവും അന്വേഷിക്കേണ്ടി വരില്ല, അവര്‍ അവിടെ പറമ്പിലെ പണിക്കരുടെ ഒപ്പം എവിടെ എന്ങിലും തെണ്ടി നടക്കുന്നുണ്ടാവും . വിശപ്പ്‌ പോലും കാണില്ല . പറമ്പിലൊക്കെ കയറി ഇറങ്ങി, പേരക്കയും , ചാമ്പക്കയും , കൊക്കോ കായും ഒക്കെ തിന്നു വയറു നിറയ്ക്കും . എനിക്ക് ആദ്യം പേടി ആയിരുന്നു, വയറു വേദന വല്ലതും വരുമോ എന്ന്. എവിടെ, അവര്‍ക്ക് ഒരു പ്രശ്നവും ഇതു വരെ ഉണ്ടായിട്ടില്ല
വീടിന്റെ അടുത്തു തന്നെ ഒരു അരുവി ഉണ്ടു. ഉച്ചക്ക് ശേഷം എല്ലാരും കൂടെ അവിടെ പോവും . കുട്ടികളും ആണുങ്ങളും അവിടെ കുളിക്കും . വെള്ളത്തില്‍ കാലിട്ടിരുന്നാല്‍ ഒരു പാടു കൊച്ചു കൊച്ചു മീനുകള്‍ വന്നു കാലില്‍ കൊത്തും !! ഒരു പാടു ഒരു പാടു ഇഷ്ടം ആണ് എനിക്ക് അവിടെ പോവാനും താമസിക്കാനും . രാത്രി കിടന്നുറങ്ങാന്‍ ഫാന്‍ വേണ്ട. ഒറ്റ കൊതുക് പോലും നമ്മളെ കടിക്കില്ല . കൊച്ചിക്കാരിയായ എനിക്ക് ഇതില്‍ പരം സന്തോഷം വേറെ എന്താ വേണ്ടേ? രാവിലെ എണീക്കുമ്പോ നല്ല തണുപ്പാണ് അവിടെ, ഇലകളില്‍ ഒക്കെ മഞ്ഞു തുള്ളികള്‍ കാണും..
ഓ , എനിക്ക് അവിടേക്ക് എത്താന്‍ തിരക്കായി . ഈശ്വര , ഓണത്തിനെപറ്റി ഒന്നും ഞാന്‍ പറഞ്ഞില്ലല്ലോ ? അല്ലേലും ഈ കൂട്ടുചേരല്‍ തന്നെ അല്ലെ നമുക്കൊക്കെ ഓണം?? ഓണം ഒരു കാരണം മാത്രം.
എന്റെ പ്രിയപ്പെട്ട ബ്ലോഗ് സുഹൃത്തുക്കള്‍ക്ക് എല്ലാവര്‍ക്കും ഒരുമയുടെ ഓണം ആശംസിക്കുന്നു !!


Saturday, September 6, 2008

ദ കാര്‍

ഞങ്ങളുടെ divisional മാനേജര്‍ പുതിയ കാര്‍ വാങ്ങി . കമ്പനി വക ആണ് കാര്‍. പഴയ കാര്‍ കൊടുത്തിട്ട് പുതിയത് വാങ്ങിയതാണ് . ഇന്നാണ് ആദ്യമായിട്ട് അത് ഓഫീസിലേക്ക് കൊണ്ടു വന്നത്. പുതിയത് ആരു എന്തു വാങ്ങിയാലും പ്രായശ്ചിത്തം ഇടണം ഓഫീസില്‍ . ഒരു ലഞ്ചിനുള്ള വകുപ്പാണ് സാറിന്‍റെ കാര്‍.

പതിവിലും വൈകിയാണ് ഇന്നു സര്‍ വന്നത്‌. എല്ലാവരും കാര്‍ കാണാന്‍ കാത്തിരിക്കുകയായിരുന്നു .
കാര്‍ കൊണ്ടു വന്നിട്ടുണ്ട് എന്ന് ഓഫീസില്‍ കയറി വന്ന പാടെ സര്‍ പറഞ്ഞു. പ്രായമായ സര്‍ ആണ്, പുതിയ കാര്‍ ഓടിച്ചു വന്നതിന്റെ ടെന്‍ഷന്‍ കൊണ്ടാവാം സര്‍ ക്ഷീനിച്ചാണ്‌ കയറി വന്നത്.

സാറിന്‍റെ വരവ് കണ്ടപ്പോ ഒരാള്‍ പറഞ്ഞു, “പഴയ സാര്‍ പുതിയ കാറില്‍ വന്നു” എന്ന്. അപ്പോഴേക്കും ഒരു വിദ്വാന്‍ ഉറക്കെ പറഞ്ഞു “old wine in the new bottle”. ഓഫീസില്‍ കൂട്ടച്ചിരി . മാനേജര്‍ സഹൃദയനായത് കൊണ്ടു അദ്ദേഹവും ചിരിയില്‍ പങ്കു ചേര്‍ന്നു.

Tuesday, September 2, 2008

നിശ

ശബരിമലയുടെ അടുത്ത് ഒരു ഗ്രാമത്തിലാണ് എന്റെ ഭര്ത്രുഗൃഹം . കാപ്പിതോട്ടവും, റബ്ബര്‍ മരങ്ങളും, കൊക്കോയും, കുരുമുളകും തിങ്ങി നിറഞ്ഞ ഒരു തൊടിയിലാണ് വീട്. ഒരു പാടു ദൂരത്തേക്കു മറ്റു വീടുകള്‍ ഒന്നും ഇല്ല. രാത്രിയായാല്‍ നിറയെ മിന്നാമി‌നുങുകള്‍ പറന്നു നടക്കുന്നത് കാണാം .കുറുക്കന്മാരുടെ ഓരിയിടലും കേള്‍ക്കാറുണ്ട്. ഒന്നു ഉറക്കെ വിളിച്ചാല്‍ പോലും ആരും വരാന്‍ ഇല്ല . അപ്പച്ചനും അമ്മയും വേലക്കാരിയും മാത്രേ ഉള്ളു അവിടെ. അവധികാലത്ത് ഞങ്ങള്‍ എല്ലാരും ഒത്തുകൂടാറുണ്ട്.

എനിക്ക് യക്ഷിക്കഥ കേള്‍ക്കാന്‍ ഒരു പാടു ഇഷ്ടം ആണ്, പക്ഷെ നല്ല പേടിയും ആണ്. എന്റെ പേടി കാണാന്‍ വേണ്ടി ഭര്ത്താവ് ഒരു പാടു യക്ഷിക്കഥകള്‍ ഞങ്ങളുടെ വീടിനെ ചുറ്റിപ്പറ്റി പറഞ്ഞു തന്നിട്ടുണ്ട്. ഞങ്ങളുടെ തൊടിയുടെ അടുത്ത് ഒരു അരുവിയുണ്ട്. പറമ്പിന്റെ അരികില്‍ ഒരു മുരിക്കു മരം നില്‍പ്പുണ്ട്‌. എപ്പോഴും നല്ല കടും ചുവപ്പ് നിറത്തിലെ പൂക്കള്‍ അതിലുണ്ടാകാറുണ്ട്. ആ മുരിക്കില്‍ നിന്നു അരുവിയിലേക്ക് ഞങ്ങളുടെ പറമ്പില്‍ കൂടെ യക്ഷി സഞ്ചാരം ഉണ്ട് എന്നാണ് എന്നോട് പറഞ്ഞു തന്നിരിക്കുന്നത്.

ഞങ്ങളുടെ വീട്ടിലേക്ക് കയരനമെങ്ങില്‍ 24പടികള്‍ ചവിട്ടണം. ഞാന്‍ പറയാറുണ്ട് ശബരിമല കയരനമെങ്ങില്‍ 18 പടി ചവിട്ടിയാല്‍ മതി . ഇവിടെ അതും പോരാന്നു. ഭര്ത്താവ് ഒരു ദിവസം പറഞ്ഞു തന്നു, ഒരു രാത്രി ഉറക്കത്തില്‍ ആരോ പടി ചവിട്ടി കയറി വരുന്ന ശബ്ദം കേള്‍ക്കാറുണ്ട്. പഴയ മാതിരി വീടാണ് ഞങ്ങളുടേത്. വീടിന്റെ എല്ലാ വശവും കതകുകള്‍ ഉണ്ട്. ഇളം തിണ്ണയും. എന്നിട്ട് ആരോ ഓരോ കതകിന്റെ മുന്‍പിലും കാലുകള്‍ ഉരച്ചു മണ്ണ് കളയുന്ന ശബ്ദം കേള്‍ക്കും. ആദ്യം കിഴക്ക് വശത്തെ, പിന്നെ വടക്കു, അങ്ങനെ ഓരോ കതകിന്റെ മുന്‍പിലും കാല്‍ പെരുമാറ്റം കേള്‍ക്കും. അത് ഇപ്പോഴും ഉണ്ട് എന്ന്. എനിക്ക് ഈ കഥ കേള്‍ക്കുമ്പോ എപ്പോഴും പേടിയാണ്.

അങ്ങനെ ഇരിക്കെ ഒരു രാത്രി ഞങ്ങള്‍ എല്ലാരും വീട്ടില്‍ ഉണ്ട്. ആള്‍തിരക്ക്‌ കാരണം രാത്രി ഞാന്‍ കിടന്നത് അനിയത്തിയുടെ (ഭര്‍ത്താവിന്റെ അനിയന്റെ ഭാര്യ ) കൂടെ ആണ്. അവള്‍ ആ നാട്ടുകാരി തന്നെ ആണ്. ഉറക്കത്തില്‍ ഞാന്‍ എപ്പോഴോ എണീറ്റു. പേടി കാരണം ഉറക്കം വരുന്നില്ല. അപ്പോഴാണ് ഞാന്‍ ഒരു ചിലന്കയുടെ ശബ്ദം കേള്‍ക്കുന്നത്. എനിക്ക് പേടി ആയി. ആദ്യം എന്റെ തോന്നല്‍ ആവുമെന്ന് കരുതി. വീണ്ടും ശ്രദ്ധിച്ചപ്പോ ആ ശബ്ദം ഇടക്കിടെ കേട്ടുകൊണ്ടിരിക്കുന്നു. ഞാന്‍ വിയര്‍ത്തു കുളിച്ചു .. ..അനിയത്തിയെ വിളിക്കാന്‍ പോലും ശക്തിയില്ലാതെ ഞാന്‍ ശ്വാസം അടക്കി പിടിച്ചു കിടന്നു. വീണ്ടും ശബ്ദം കേള്ക്കുന്നു.. അവസാനം ഞാന്‍ അവളെയും വിളിച്ചുണര്‍ത്തി. അവള്‍ ശ്രദ്ധിച്ചു നോക്കിയിട്ട് ആദ്യം ശബ്ദം ഒന്നും കേട്ടില്ല. ചേച്ചിക്ക് തോന്നിയതാവുമെന്നു പറഞ്ഞു. ഞാന്‍ വീണ്ടും ശബ്ദം കേട്ടപ്പോ അവളോട്‌ ശ്രദ്ധിക്കാന്‍ പറഞ്ഞു. അവളും കേട്ടു. ആരെയെങ്ങിലും വിളിച്ചുണര്‍ത്താന്‍ ഞങ്ങള്‍ രണ്ടു പേര്‍ക്കും പേടി. ഇടക്കിടെ ആ ശബ്ദം അകലെയും അടുത്തും ആയിട്ടു കേട്ടു കൊണ്ടേയിരുന്നു. എങ്ങനെയോ ആ രാത്രി ഞങ്ങള്‍ നേരം വെളുപ്പിച്ചു. എപ്പോഴോ പേടിച്ചുറങ്ങി പോയി.

കാലത്ത് എണീറ്റപ്പോ അമ്മയോട് പറഞ്ഞു. അമ്മ അത് നിസ്സാരമാക്കി തള്ളി കളഞ്ഞു. ഭര്‍ത്താവിനോടും പറഞ്ഞു. അങ്ങേരു പറഞ്ഞു ഉം ശരിയാ, ഞാനും അത് കേട്ടു. എന്നിട്ട് ഒരു ചിരി.ഞങ്ങളെ പേടിപ്പിക്കാന്‍ വേണ്ടി തന്നെ പറഞ്ഞതാണെന്ന് മനസ്സിലായി. ഇന്നും അന്നത്തെ രാത്രി കേട്ടത് എന്താണെന്നു ഒരു പിടിയും കിട്ടിയിട്ടില്ല. പൊതുവെ അല്പം ധൈര്യം എനിക്ക് ഉണ്ടെന്നു വിശ്വസിക്കുന്ന കൂട്ടത്തിലാണ് ഞാന്‍. പക്ഷെ അന്നത്തെ രാത്രി ശരിക്കും പേടിച്ചു പോയി .

ഈ ഓണത്തിന് വീണ്ടും ഞങ്ങള്‍ അവിടേക്ക് പോകുന്നു.. എന്റെ നിശാ സഞ്ചാരിവരുമോ ഇല്ലയോ എന്ന് നോക്കട്ടെ.

Friday, August 29, 2008

വൈകി വന്നത്



കഴിഞ്ഞ നാലഞ്ച്‌ ദിവസമായിട്ടു ഞങ്ങളുടെ regional ഓഫീസില്‍ deputationil ആയിരുന്നു ഞാന്‍ .. എന്‍റെ കൂടെ ഒരു അസിസ്റ്റന്റ് കൂടി ഉണ്ടായിരുന്നു. എന്റെ ബര്ത്ഡേ യുടെ അടുത്ത ദിവസം രാവിലെ അവിടെ ചെന്നപ്പോ അവള്‍ എന്‍റെ കൈ രണ്ടും പിടിച്ചിട്ടു എനിക്കു belated ജന്മദിനാശംസകള്‍ നേര്‍ന്നു . ഞാന്‍ പറഞ്ഞു, ഓ അത് ഇന്നലെ അല്ലേ, ഇനി ഇപ്പൊ എന്തോന്ന് വിഷ് ആണെന്ന്. പക്ഷെ അവളുടെ ഈ പ്രവൃത്തി രണ്ടു കണ്ണുകള്‍ ശ്രദ്ധിച്ചിരുന്നു .
എനിക്ക് ചെയ്യേണ്ട ജോലി അക്കൌന്ട്സ് departmentil ആയിരുന്നു . അവിടെ സാലറി , അക്കൌന്ട്സ്, IT ഒക്കെ ഒരു separated വിങ്ങില്‍ ആണ്. അവിടെ ഉള്ളവര്‍ക്ക് താഴെ ഉള്ള മറ്റു വകുപ്പുകളുംആയിട്ടു ഒരു ബന്ധവും ഇല്ല . താഴെ ഉള്ളവര്‍ നവഗ്രഹങ്ങള്‍ പോലെ ആണെന്നാണ് സംസാരം. അതായത് ഒരാള്‍ മറ്റൊരാളുടെ എതിരെ ഇരിക്കൂ , ചിന്തിക്കൂ , പ്രവര്‍ത്തിക്കൂ എന്ന് സാരം . ഈ സൗകര്യം മുതലെടുത്ത്‌ അക്കൌന്ട്സ്കാര് ഇടക്കിക്കിടെ താഴെ ഉള്ളവര്‍ അറിയാതെ ചില കൊച്ചു കൊച്ചു ട്രീട്‌കള്‍ നടത്താറുണ്ട്‌ .

അന്നത്തെ ദിവസം ഒരു ഇരയെ കിട്ടാതെ നോക്കി ഇരിക്കയായിരുന്നു അവര്‍ . അപ്പോഴാണ് എന്‍റെ ബര്ത്ഡേ ന്യൂസ് അറിഞ്ഞത് .അതു പല ചെവികള്‍ വഴി പറഞ്ഞു ഉച്ചക്ക് ഉണ്ണാന്‍ ഒത്തു കൂടിയപ്പോ അവര്‍ എന്നോട് പറഞ്ഞു, ഇവിടെ ഞങ്ങള്‍ക്ക് ചെലവ് ചെയ്യാന്‍ ആള്‍ക്കാര്‍ ക്യൂ ആണ്, സത്യം പറഞ്ഞാല്‍ ഡേറ്റ് ഇല്ല, എന്നാലും ഇന്നും കൂടിയല്ലേ ഇവിടെ വര്‍ക്ക് ഉള്ളു, അതുകൊണ്ടു ഇന്നത്തെ ചാന്‍സ് എനിക്ക് തരാമെന്നു . ഞാന്‍ പറഞ്ഞു അതിനു എന്‍റെ ബര്ത്ഡേ ഇന്നു അല്ല.. അത് കഴിഞ്ഞു പോയി എന്ന്. അവര്‍ പറഞ്ഞതിനെ ഞാന്‍ അത്ര കാര്യമാക്കാനും പോയില്ല .

വീണ്ടും ഞങ്ങള്‍ ജോലി തിരക്കില്‍ മുഴുകി . 4 മണിയായപ്പോ ഞങ്ങളുടെ സെക്ഷന്‍ ലെ പ്യൂണ്‍ എന്‍റെ അടുത്ത് വന്നിട്ട് പറഞ്ഞു വൈകിട്ടത്തെ ചായക്ക്‌ പഴംപൊരി വാങ്ങിക്കാന്‍ മാഡം പൈസ തരുമെന്നു അവര്‍ പറഞ്ഞു എന്ന്. ഒന്നു ഉഴപ്പി നോക്കിയെന്കിലും പിന്നെ ചോദിച്ചപ്പോ ഒരു 100 രൂപ കൊടുത്താല്‍ കാര്യം കഴിയും. അധികം നിറുത്തി വിഷമിപ്പിക്കാതെ പൈസ എടുത്തു കൊടുത്തു.

നാലര ആയപ്പോഴേക്കും ഒരു colleague വന്നു പറഞ്ഞു, എല്ലാരും കാത്തിരിക്കയാണ്‌ ചായ കുടിക്കാന്‍ വരൂ എന്ന്. മറ്റുള്ളവരെല്ലാം ചായ കുടിക്കാന്‍ പോയി. രഹസ്യമായിട്ടുള്ള ചായകുടി ആയതു കാരണം ഞങ്ങളുടെ ട്രെയിനിംഗ് റൂമില്‍ വെച്ചാണ്‌ സംഗതി. a/c റൂം ആണു അത്. അടച്ചിട്ടാല്‍ അകത്തു നടക്കുന്നത് പുറത്ത് അറിയില്ല എന്ന സൗകര്യം കൂടി ഉണ്ട്. ഞങ്ങള്‍ എല്ലാരും കൂടി അവിടേക്ക് പോയി. ഞാന്‍ ഡോര്‍ തുറന്നതും , സിനിമയില്‍ ഒക്കെ കാണുന്ന പോലെ എന്നെ എതിരേറ്റത് കൈയ്യടിയും പാട്ടുമാണ്‌ . .’happy birthday to you, dear……May God Bless You…’ തികച്ചും ഒരു സര്‍പ്രൈസ് ആയിരുന്നു അത് എനിക്ക്.ഞാന്‍ ആകെ ഒന്നു ചമ്മി .മെഴുതിരികള്‍ക്കും കേക്കിനും പകരം ചൂടന്‍ പഴംപൊരിയും ആവിപറക്കുന്ന ചായയും , പൊട്ടിച്ചിരിക്കുന്ന മുഘങ്ങളും !! ഹൊ, രഹസ്യമായിട്ടു വെച്ച ഒരു സംഗതി പുറത്തായതും പോരാഞ്ഞു അത് ഇങ്ങനെ കൊട്ടി ഘോഷിക്കയും കൂടി ആയാല്‍ ? :P

എന്തായാലും എനിക്ക് ഒരു പാടു സന്തോഷം തോന്നി. അതേ, കൊച്ചു കൊച്ചു സന്തോഷങ്ങള്‍ !!എന്നിട്ടോ വല്യ സന്തോഷത്തോടെ ഈ കാര്യം വീട്ടില്‍ വന്നു പറഞ്ഞപ്പോ എന്‍റെ അദ്ദേഹത്തിന്റെ വക കമന്റ് , ‘ഇതില്‍ ഇപ്പോ ഇത്ര സന്തോഷിക്കാന്‍ എന്താ ഉള്ളത് ? ’ ഓഹോ അപ്പോ സന്തോഷിക്കാന്‍ ഇതിലും വലിയ കാര്യങ്ങള്‍ വേണോ? വലിയ വലിയ കാര്യങ്ങള്‍ വന്നിട്ട് സന്തോഷിക്കാം എന്ന് വെച്ചു കാത്തിരുന്നിട്ട് വലുതൊന്നും വന്നില്ലെങ്ങിലോ ? അപ്പോ പിന്നെ എപ്പോഴാ നമ്മള്‍ ഒന്നു സന്തോഷിക്കുന്നത് ? അത് കൊണ്ട് എനിക്ക് ഇത്രയൊക്കെ മതി. ഇനി നിങ്ങള്‍ പറയു .കേള്‍ക്കട്ടെ. :)

Sunday, August 24, 2008

ഒന്നു ചോദിച്ചോട്ടെ?

എന്നെ അടുത്തിടെ ഒരു പാടു വേദനിപ്പിച്ച ഒരു സംഭവം ഉണ്ടായി. ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങള്‍ ഞാന്‍ എന്നോടെ തന്നെ ചോദിച്ചു. ഞാന്‍ അടുത്തറിയുന്ന ഒരു പെണ്‍കുട്ടി. നല്ല സൌന്ദര്യവും, വിദ്യാഭ്യാസവും ഉള്ളവള്‍. പഠിക്കാന്‍ മിടുക്കിയായ അവള്‍ CA പാസ്സായി. അവളെ ഞങ്ങള്‍ ഒരു MBA കാരന്‍ മിടുക്കന്‍ ചെറുക്കനെ കൊണ്ടു കല്യാണവും കഴിപ്പിച്ചു.രണ്ടു പേരെയും കണ്ടാല്‍ ആളുകള്‍ 'made for each other' എന്ന് സംശയം ഇല്ലാതെ പറയും. കല്യാണം ഒക്കെ കഴിഞ്ഞു രണ്ടു മക്കളും ആയി. രണ്ടാഴ്ച മുന്നേ അവള്‍ പറയുകയാണ് അവള്ക്ക് divorce വേണമെന്നു. അവള്ക്ക് മാസം 80000 രൂപയും അവന് 50000 രൂപയുമാണ് ശമ്പളം. അവള്‍ക്കിപ്പോ ഭര്‍ത്താവിനെ വേണ്ട, മക്കളേം വേണ്ട..ഇത്രയും കാലം ഞാന്‍ സഹിച്ചു, ഇനി വയ്യ, എനിക്കിങ്ങനെ ജീവിക്കേണ്ട കാര്യം ഇല്ല. ഇനിയുള്ള കാലം അവള്ക്ക് സ്വതന്ത്രമായിട്ട് നടക്കണം പോലും. ഒരു MNC യിലാണ് അവള്‍ വര്ക്ക് ചെയ്യുന്നത്. അതിന്റെ ആവശ്യത്തിനയിട്ടു അവള്ക്ക് ഇടക്കിടെ ബാഗ്ലൂര്‍, മുംബൈ ഒക്കെ ടൂര്‍ ഉണ്ടാവാറുണ്ട്. അപ്പൊ മക്കളെ നോക്കാന്‍ വേലക്കാരിയെ വെച്ചിട്ടുണ്ട്. പക്ഷെ വേലക്കാരി നോക്കി നോക്കി കുട്ടികള്‍ രണ്ടു പേരുടേയും മുഖത്തേയ്ക്ക് നോക്കിയാല്‍ അറിയാം അവര്‍ 'neglected kids' ആണെന്ന്. അവള്ക്ക് ടൂര്‍ യാത്രകള്‍ കൂടിയപ്പോ അവനും കമ്പനിയില്‍ ടൂറിനു പോവാന്‍ തുടങ്ങി. രാവിലെ അവള്‍ ജോലിക്ക് പോയാല്‍ വന്നു കയറുന്നത് രാത്രി 9 മണിക്ക്. എപ്പോഴോ തുടങ്ങിയ ശീത സമരം ആണ്. സംഗതി ഇപ്പൊ ആകെ തകരാറായി . അവള്‍ക്കാണ് divorce വേണമെന്ന വാശി. ആര് പറഞ്ഞിട്ടും കേള്‍ക്കാതെ അവള്‍ ഒറ്റക്കാലില്‍ നില്ക്കുകയാണ്. കൂടുതല്‍ നിങ്ങള്‍ നിര്‍ബന്ധിച്ചാല്‍ ഞാന്‍ ചാവുമെന്ന ഭീഷണിയും തുടങ്ങി. അവനാനെങ്ങില്‍ മക്കളെ കരുതി എന്ത് വിട്ടുവീഴ്ചക്കും തയാര്‍. ഇപ്പൊ രണ്ടുപേരെയും ഒരു ഡോക്ടര്‍ councelling നടത്തിക്കൊണ്ടിരിക്കുന്നു.

ഞാന്‍ ഒന്നു ചോദിക്കട്ടെ കൂട്ടരേ ഇവിടെ എവിടെ ആണ് തകരാര്‍ പറ്റിയത്? ഏത് അമ്മയാണ് സ്വന്തം കുഞ്ഞുങ്ങളെ പോലും വേണ്ടാന്ന് വെക്കുന്നത്? എന്ത് സന്തോഷം ആണ് അവള്‍ തേടി പോവുന്നത്? ആരില്‍ നിന്നാണ് അവള്‍ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നത്? സ്വന്തം ഉത്തരവാതിത്തങ്ങളില്‍ നിന്നോ? എന്നിട്ട് എന്ത് നേടും? എവിടെയാണ് ശരിയും തെറ്റും? എങ്ങിനെ ഇത്രയ്ക്കു സ്വാര്‍ത്ഥത നമുക്കു വന്നു? ഇഗോ ക്ലാഷ് ഇത്ര വികൃതമോ? എന്ത് കൊണ്ടു അവള്ക്ക് സ്വന്തം കുടുംബത്തില്‍ സന്തോഷം കണ്ടെത്താന്‍ കഴിഞ്ഞില്ല? പഠിക്കുന്തോറും കൂടുതല്‍ വിവരം ഉണ്ടാകുന്നതിനു പകരം ഇവിടെ രണ്ടു പേര്‍ക്കും എന്താണ് സംഭവിച്ചത്?

വീണ്ടും ഞാന്‍ ചോദിക്കട്ടെ ? നമ്മള്‍ എവിടെക്കാണ്‌ ഇത്ര തിരക്കിട്ട് ഓടുന്നത്? ചുറ്റുമുള്ള കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്തെ നമ്മള്‍ കാണാതെ പോവുന്നത്? നിങ്ങള്‍ എപ്പോഴാണ് ഒരു മൂളിപ്പാട്ട് പാടിയത്?നിങ്ങള്‍ സൂര്യാസ്തമയം കണ്ടിട്ട് എത്ര ദിവസമായി? പൂര്‍ണചന്ദ്രനെ നിങ്ങള്‍ എന്നാണ് നോക്കി നിന്നത്? തിരക്ക് പിടിച്ചു പോവുമ്പോ നിങ്ങളുടെ വഴിയരുകില്‍ വിടര്‍ന്നു നിന്ന പൂവിനെ ശ്രദ്ധിക്കാതെ നിങ്ങള്‍ എവിടെക്കാണ്‌ ഓടുന്നത്? എപ്പോഴാണ് ഒരു കൊച്ചു പൂവിന്റെ സുഗന്ധം ആസ്വദിക്കാന്‍ മുഖം കുനിച്ചത്? എപ്പോഴാണ് അതി രാവിലെ ഒരു കപ്പു കാപ്പിയുമായി നിങ്ങള്‍ പൂന്തോട്ടത്തിലൂടെ നടന്നത്? എപ്പോഴാണ് ഒരു കുഞ്ഞിന്റെ പുഞ്ചിരി കണ്ടു മനസ്സു നിറഞ്ഞത്? ഇതൊക്കെ നിങ്ങള്‍ക്ക് ഇഷ്ടം അല്ലെ? പിന്നെ എന്തെ ഇതൊന്നും ഇപ്പൊ ചെയ്യാത്തത്? എന്തിന് വേണ്ടി? ചുറ്റുമുള്ള കൊച്ചു കൊച്ചു സന്തോഷങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ നമ്മള്‍ എന്ന് പഠിച്ചു?

സന്തോഷം ഒരിക്കലും നമ്മെ തേടി വരില്ല നമ്മള്‍ സന്തോഷം തേടി പോവുക തന്നെ വേണം. ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ നമുക്കു ചുറ്റിലും ഉണ്ട്. അത് കണ്ടെത്തുക. നമ്മുടെ ഒക്കെ ഉള്ളില്‍ ഒരു കൊച്ചു കുട്ടി ഉണ്ട്. ലാളന ഏല്‍ക്കാന്‍, പൊട്ടി ചിരിക്കാന്‍, ഒരു തലോടന്‍ ഏല്‍ക്കാന്‍ ഒക്കെ കൊതിക്കുന്ന ഒരു കുട്ടി. അതിനെ വളരാന്‍ അനുവദിക്കരുത്. വല്ലപ്പോഴുമെങ്ങിലും ഈ കുട്ടിയെ കൂടി സന്തോഷിപ്പിക്കാന്‍ ശ്രമിക്കുക !!

കുറിപ്പ് : ഇന്നലെ കൃഷ്ണജയന്തി. ഇന്നു രാധാജയന്തി. മനസ്സിലായില്ല അല്ലെ? ഇന്നു ഈ രാധയുടെ പിറന്നാള്‍. ഈ കണ്ടുപിടിത്തം സ്വകാര്യമായി എന്നോട് പറഞ്ഞ പ്രിയ സുഹൃത്തിനു നന്ദി !!

Wednesday, August 20, 2008

പരദൂഷണം

എന്റെ തൊട്ടടുത്ത സീറ്റില്‍ ഇരിക്കുന്നത് ഈയിടെ ട്രാന്‍സ്ഫര്‍ ആയിട്ടുവന്ന ഒരു ഓഫീസര്‍ ആണ്. കമ്പ്യൂട്ടറിന്റെ abcd അറിയില്ല. 2 മാസം കൊണ്ടു ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനും പഠിച്ചു. മാറ്റതിനോടെ എപ്പോഴും എതിര്തുനില്‍ക്കുന്ന ഒരു ടൈപ്പ് . ഓഫീസിലെ നാരീജനങ്ങള്‍ അടക്കത്തില്‍ ഇദ്ദേഹത്തെ 'സില്‍ക്ക് സ്മിത ' എന്നാണ് വിളിക്കുന്നത് . കാരണം പലതുണ്ട് .

1.ആവശ്യത്തിലധികം തടി ഉണ്ട് ഇദ്ദേഹത്തിനു . ഷര്‍ട്ടിന്റെ ആദ്യത്തെ 3 ബട്ടണുകള്‍ മിക്കവാറും തുറന്നിരിക്കും. കാലത്തു കുട്ടപ്പനായിട്ട് ഇന്സേര്ട്ട് ഒക്കെ ചെയ്തു വന്നാലും വൈകിട്ട് വീട്ടിലേക്ക് പോവാരകുമ്പോ ചില സ്കൂള്‍ കുട്ടികളെ പോലെ ഷര്‍ട്ട്‌ വെളിയില്‍ ചാടി കാണും.

2. പിന്നെ ഞങ്ങള്‍ 18 പേര്‍ക്കും കൂടി ഇവിടെ 3 ടോഇലെറ്റ് ഉണ്ട്. എന്നാലും വിദ്വാന്‍ കാര്യം സാധിക്കുന്നത് ഞങ്ങളുടെ കാര്‍ ഷെഡിന്റെ അടുത്തുള്ള പറമ്പിലാണ്.

3.പെണ്ണുങ്ങളെ പോലെ ഇദ്ദേഹം ഇടയ്ക്കിടയ്ക്ക് നഖം കടിച്ചു ഇരിക്കാറുണ്ട് . ആരുടേയും മുഗത്ത് നോക്കി സംസാരിക്കില്ല.

അങ്ങനെ ഇരിക്കെ ഒരു ദിവസം വിദ്വാനു ഒരു ലെറ്റര്‍ ടൈപ്പ് ചെയ്യേണ്ടി വന്നു. പുള്ളി ടൈപ്പ് ചെയ്തതിനു ശേഷം സീറ്റില്‍ നിന്നു എണീറ്റ്‌ പോയപ്പോ അത് വഴി വന്ന കാഷ്യര്‍ ഫോണ്ട് അല്പം വലുതാക്കി വെച്ചു. തിരിച്ചു വന്നപ്പോ ആകെ ബഹളം ..ഞാന്‍ ഇങ്ങനെ അല്ലെല്ലോ ചെയ്തത് ..ഇതെന്താ എന്നൊക്കെ. കാഷ്യര്‍ ഓടി വന്നു സമാധാനിപ്പിച്ചു . ഇല്ല സര്‍, ലെറ്റര്‍ ശരിയായി വന്നോളും , സര്‍ ടൈപ്പ് ചെയ്തോളു എന്ന് പറഞ്ഞു പോയി. ഏതാണ്ട് രണ്ടു മണിക്കൂറുകള്‍ക്കു ശേഷം ഞാന്‍ നോക്കുമ്പോള്‍ ഒക്കെ കംപുട്ടെരിലേക്ക് നോക്കി നഖം കടിച്ചിരിപ്പുണ്ട്‌ . കൊറേ കഴിഞ്ഞു ഇദ്ദേഹം കൈ കൊണ്ടു എഴുതിയ ലെറ്റര്‍ അയക്കാന്‍ കൊടുത്തു. അപ്പോള്‍ കാഷ്യര്‍ ചോദിച്ചു 'സര്‍ ടൈപ്പ് ചെയ്ത ലെറ്റര്‍ എന്തെ ?' 'ഓ, അതോ, അത് ഞാന്‍ കൊറേ നേരം നോക്കിയിരുന്നിട്ടും വരുന്നില്ല ' എന്ന്. ഓഫീസില്‍ കൂട്ടച്ചിരി . കാര്യം പിടികിട്ടിയോ കൂട്ടരേ ? പ്രിന്റെരില്‍ നിന്നു പ്രിന്റ് വരുന്നതു പോലെ മോണിറ്ററില്‍ നിന്നും ലെറ്റര്‍ തനിയെ ചാടി വരുമെന്ന വിചാരത്തില്‍ അദ്ദേഹം നഖം കടിച്ചു നോക്കിയിരുന്നു . നഖം കടിച്ചു തീര്‍ന്നിട്ടും വരാതെ ആയപ്പോ ഒടുക്കം കാര്യം ഉപേക്ഷിച്ചു തനിയെ എഴുതിയതാണ് . പിന്നെ കാഷ്യര്‍ എണീറ്റ്‌ വന്നു പ്രിന്റ് ഓര്‍ഡര്‍ കൊടുത്തു ലെറ്റര്‍ എടുത്തും കൊണ്ടു പോയി. അപ്പോഴും സില്‍ക്കിന് കാര്യം മനസ്സിലായോ ആവോ? ഇങ്ങനെയും ഉണ്ട് ഓഫീസര്‍മാര്‍ . പറയുമ്പോ പറയണമല്ലോ ഇദ്ദേഹം എന്റെ സീനിയര്‍ ആണ് !!! പബ്ലിക് സെക്ടറിലെ ഒരു പാവം വിവരദോഷി !!

Friday, August 15, 2008

ഒരു വെക്കേഷന്‍

ഒരു പാടു പ്രാവശ്യം പല പല ഒഴിവുകഴിവുകള്‍ പറഞ്ഞതിന് ശേഷം ഒടുവില്‍ എനിക്ക് എന്റെ വീടും നാടും വിട്ടിട്ടു ഫരിദബദിലെക്കു ഒന്നര മാസത്തെ ട്രെയിനിംഗ് നു പോവേണ്ടി വന്നു. കേരളത്തില്‍ നിന്നു ഞങ്ങള്‍ രണ്ടു പേര്‍ മാത്രം. രണ്ടര ദിവസത്തെ യാത്ര. കൂടെയുള്ള കക്ഷി ലക്ഷ്മി എന്റെ ധൈര്യത്തിലാണ് വന്നത്. അപ്പൊ പിന്നെ ഇല്ലാത്ത ധൈര്യം ഉണ്ടെന്നു വരുത്തുകയെ മാര്‍ഗമുണ്ടയുല്ല് . കണ്ണെത്താത്ത ദൂരത്തോളം നീണ്ടു കിടക്കുന്ന കടുക് പാടങ്ങളും , ഗോതമ്പ് പാടങ്ങളും, പിന്നെ കൊന്ഗന് തുരന്ഗലുമ് കണ്ടു മടുക്കുമ്പോ ഞാന്‍ പതിയെ എന്റെ ബുക്ക് വായനയിലേക്കും ഉറക്കത്തിലേക്കും കടന്നു. ഡല്‍ഹിയിലെ ബന്ധുവിനോട് വിളിച്ചു പറഞ്ഞതു കാരണം അവര് രണ്ടു പേരും railwaystationil വന്നിരുന്നു. ഞങ്ങളെ ക്യാമ്പസ്സില്‍ എത്തിച്ചതിന് ശേഷമേ അവര്‍ മടങ്ങിയുള്ളൂ .
ആദ്യത്തെ ഒരാഴ്ച കടന്നു പോകാന്‍ ഭയങ്കര പ്രയാസം ആയിരുന്നു. എന്നും രാത്രി വിളിക്കം എന്ന ഉറപ്പിലാണ് ഞാന്‍ പോന്നത് . അത് എന്നും രാവിലെയും രാത്രിയുമായി . ഫെബ്രുവരി പകുതിയിലാണ്‌ അവിടെ എത്തിയത് . നല്ല തണുപ്പുള്ള പ്രഭാതങ്ങള്‍ ആയിരുന്നു അപ്പൊ. ചെന്നപാടെ ഞങ്ങള്‍ ഗോവയില്‍ നിന്നു വന്ന മരിയയോടും , രന്ഞുവിനോടും ,ബാംഗ്ലൂരില്‍ നിന്നു വന്ന സന്തോഷിനോടും ബാലകൃഷ്ണയോടും കമ്പനി കൂടി. . ക്ലാസ്സ് മുഴുവന്‍ അവിയല്‍ പരുവം ആയിരുന്നു . ഇന്ത്യയുടെ എല്ലാ ഭാഗത്ത് നിന്നും വന്നവര്‍ .. ഏതെല്ലാം ഭാഷകള്‍ ..ഹിന്ദി ആതാ ഹേ ? എന്ന് ചോദിച്ചപ്പോ ആദ്യം കാര്യം പിടികിട്ടിയില്ല . നമ്മള്‍ ബുക്കില്‍ വായിച്ചു പഠിച്ച ഹിന്ദി കൊണ്ടൊന്നും ഒരു രക്ഷയും ഇല്ല. പലര്ക്കും ഇംഗ്ലീഷ് നല്ല വശവും ഇല്ല. പക്ഷെ തിരിച്ചു പോരുന്നതിനു മുന്നേ അത്യാവശ്യം നിന്നു പിഴക്കാനുള്ള ഹിന്ദിയൊക്കെ പഠിച്ചു.
ആദ്യത്തെ ആഴ്ച കഴിഞ്ഞപ്പോ ഞങ്ങള്‍ വീണ്ടും കോളേജ് ജീവിതത്തിലേക്ക് കടന്നത് പോലെ. ക്ലാസ്സ് എടുക്കുന്നതിനിടയിലെ നോട്സ് കൈമാറലും , മലയാളത്തില്‍ കളിയാക്കാനും ഒക്കെ തുടങ്ങി . ക്യാമ്പസ്സില്‍ തന്നെ യോഗയും , indoor courtum , ലൈബ്രറിയും , ഡോക്ടറും ഒക്കെ ഉണ്ട്. രെസ്ടുരന്റിലേക്ക് പോകുന്ന വഴി ചൈനീസ് ഓറഞ്ച് ഒരു ചെടി നിറയെ പഴുത്തു നില്‍പ്പുണ്ട്‌ . നമ്മുടെ ചെറുനാരങ്ങയുടെ വലുപ്പമുള്ള oranges ആണ് . അവിടെ ഒക്കെ അത് നിറയെ ഉണ്ട്. എല്ലാ വൈകുന്നേരങ്ങളിലും ക്ലാസ്സ് കഴിയുമ്പോ തെണ്ടാന്‍ ഇറങ്ങും , അടുത്ത് തന്നെ ഒരു പാര്ക്ക് ഉണ്ട്, പിന്നെ ഒരു multiplex ഷോപ്പിങ്ങ് മാള്‍ , ഫരിടബാദ് no .1 മാര്ക്കറ്റ് . വീകെണ്ട്സില്‍ ഞങ്ങള്‍ ടാക്സി എടുത്തു ഡെല്‍ഹിയില്‍ പോവും . ചാന്ദ്നി ചവ്കില്‍ പോയി ഷോപ്പിങ്ങ് നടത്തി, sight seeing നു മാത്രം ആയിട്ടു ഒരു weekend ചിലവഴിച്ചു .
മൂന്നാമത്തെ ആഴ്ച ഞങ്ങളെ ഇന്‍സ്റ്റിട്യൂട്ട് തന്നെ ആഗ്രയില്‍ കൊണ്ടു പോയി താജ് കാണിക്കാന്‍ . പോകുന്ന വഴി ശ്രീകൃഷ്ണന്റെ മതുരയിലും . കൃഷ്ണന്റെ ജന്മ സ്ഥലം കണ്ടു. അവിടെ കൃഷ്ണന്‍ ജനിച്ചതിനു തൊട്ടു മുകളില്‍ കാണുന്നത് മുസ്ലിംസ് ന്റെ ഒരു ടോംബ് ആണ് . എവിടെയും ബ്ലാക്ക്‌ കാറ്റ്സ് സെക്യൂരിറ്റി . റോഡ് മുഴവന്‍ ചുവപ്പ് നിറത്തിലുള്ള റോസാപൂ വില്‍ക്കാന്‍ വെച്ചിട്ടുണ്ട് , ഞാന്‍ വാങ്ങി ബാഗില്‍ ഇട്ട പൂവിന്റെ മണം എത്രയോ ദിവസം തങ്ങി നിന്നിരുന്നു. രാധ ഓടി നടന്ന വൃന്ദാവനം കണ്ടു. എല്ലായിടത്തും കൃഷ്ണന്ന്റെ ഗോക്കള്‍ . താഴെ നോക്കി നടന്നില്ലേല്‍ ചാണകം ചവിട്ടും !! വൃത്തിഹീനമായ ചുറ്റുപാടുകള്‍ .
താജ് മഹല്‍ കണ്ടു. വെള്ള മാര്‍ബിളില്‍ തീര്ത്ത മഹത്തായ സംഭവം . യമുനയും കടംബുപൂകളും കണ്ടു. എങ്ങിലും ഒരു ശവകുടീരം ആണെല്ലോ കാണുന്നത് എന്ന ഒരു ദുഗം മനസ്സില്‍‌ നിറഞ്ഞു. ടാജിന്റെ മുറ്റത്തെ പുല്‍ത്തകിടിയില്‍ ഞങ്ങള്‍ വട്ടം കൂടി ഇരുന്നു. ഘാബ സര്‍ പാട്ടു പടി. saxena സാഹെബ് സൈഗാളിന്റെ 'സോജാ രാജകുമാരി ..' കരഞ്ഞു കൊണ്ടു പാടി. ഞാന്‍ ഈശ്വര ഈ സമയത്ത് ഇവിടെ ഇവരുടെ കൂടെ ഒരു സായന്തനം ചിലവഴിക്കാന്‍ എനിക്ക് അവസരം തന്ന ദൈവത്തെ ഓര്ത്തു. തിരിച്ചു വരുന്ന വഴി ഞങ്ങള്‍ പല ഭാഷകളില്‍ പാട്ടു പാടി. എന്നെകൊണ്ട് തമിഴന്മാര്‍ മലയാളം പാട്ടു പാടിച്ചു . അവര്ക്കു കേള്‍ക്കേണ്ടത് 'മാനസ മൈനെ വരു‌ ' .

ട്രെയിനിംഗ് തീരുന്ന ആഴ്ച, മാര്‍ച്ച് അവസാനം എല്ലാവര്ക്കും വിരഹ വേദന . അത് വരെ ഞങ്ങള്‍ എല്ലാവരും നിത്യ ജീവിതത്തിന്റെ എല്ലാ തിരക്കുകളിലും നിന്നു മാറി നില്‍ക്കുകയായിരുന്നു , ഇനി back to square one. അവസാന ദിവസം രാത്രി എല്ലാരും കൂടി മെസ്സ് ഹാള്‍ ന്റെ ഗര്‍ടെനില്‍ ഒത്തു കൂടി. ക്യാമ്പ് ഫയര്‍ ഉണ്ടായിരുന്നു. പാട്ടും ഡാന്‍സും ഒക്കെ തുടങ്ങി. ഇനി എന്നാണ് വരുക , എന്ന് ഇനി ഈ മുഗങ്ങള്‍ കാണും എന്ന് ആര്ക്കും തീര്‍ച്ചയില്ല . എല്ലാവരും വിസിറ്റിംഗ് കാര്ഡ് അന്യോന്യം കൈമാറി . assamese പാട്ടുകളും , bengali പാട്ടുകളും, ഒറിയ പാട്ടുകളും ഒക്കെ ഞാന്‍ ആദ്യമായിട്ട് കേള്‍ക്കുകയാണ് . നമ്മുടെ മലയാളം പാടി കഴിഞപ്പോ അവര്‍ കൈയടിച്ചു . എന്ത് മനസ്സിലായിട്ടാണോ ആവോ?

തിരിച്ചു വീണ്ടും രാജധാനിയില്‍ , എന്റെ പ്രിയപ്പെട്ടവരുടെ ഇടയിലേക്ക് . railwaystationil കാത്തു നിന്ന husbandinte മുഗത്ത് കൂട് വിട്ടു പറന്നു പോയ കിളിയെ തിരികെ കിട്ടിയതിന്റെ സന്തോഷം. അത് എന്റെ മനസ്സിലേക്കും പടര്ന്നു...

Tuesday, August 12, 2008

പൂവ് തേടി നടന്നപ്പോള്‍

കുറച്ചു നാളുകളായി ഞാന്‍ ഒരു പൂ തേടി നടക്കുകയായിരുന്നു . അവസാനം അത് കണ്ടെത്തി. അപ്പോഴതിന്റെ പേരു എന്താണെന്ന ഒരു സംശയം. ഇതു ചെമ്പകമോ അതോ പാലയോ ? . ഗൂഗിളില്‍ സേര്‍ച്ച് ചെയ്തപ്പോ ഇതിന് ചെമ്പകം എന്നാണ് പേര്. പിന്നെങ്ങനെ എന്‍റെ മനസ്സില്‍ മാത്രം ഇത് പാലപൂ ആയി? ഈ പൂവിനു വളരെ സൌമ്യമായ ഒരു സുഗന്ധം ഉണ്ട്‌. രണ്ട്‌ നിറത്തില്‍ കണ്ടു വരുന്നുണ്ട്. വെള്ളയും മഞ്ഞയും കലര്‍ന്നും , ഇളം ചുവപ്പും വെള്ളയും കലര്‍ന്നും. ഇതു അമ്പലങ്ങളുടെയും കാവുകളുടെയും അരികെ കാണും. ഈ പൂവ് ഞാന്‍ ഒന്നു മുതല്‍ നാല് വരെ പഠിച്ച എന്‍റെ സ്കൂളിന്റെ മുറ്റത്ത്‌ നിറയെ ഉണ്ടായിരു‌നു . ഇതിന്‍റെ പൂക്കള്‍ ആയിരുന്നു കുട്ടിക്കാലത്ത് എനിക്കു ചുറ്റും. എന്നിട്ടും ഞാന്‍ ഇപ്പോ കണ്ടെത്തിയ പൂമരങ്ങളും പൂവും എന്‍റെ മനസ്സിലുള്ള പൂ പോലാകുന്നില്ല . അല്ലെന്ങിലും ഞാന്‍ ചുമ്മാ അങ്ങനെ ആഗ്രഹിച്ചിട്ടു കാര്യമില്ലെല്ലോ . നമുക്കു ആര്ക്കെങ്ങിലും ഇപ്പൊ പണ്ടു സിനിമ കാണുമ്പോഴുള്ള സന്തോഷം കിട്ടുമോ , പണ്ടു അമ്മ ഉണ്ടാക്കിത്തന്ന കറികളുടെ രുചി കിട്ടുമോ, പണ്ടത്തെ പാട്ടുകളുടെ സുഖം കിട്ടുമോ, പണ്ടത്തെ ഓണത്തിന്റെ മധുരം കിട്ടുമോ? അത് കൊണ്ടു ഞാന്‍ പൂ തേടല്‍ ഇതോടെ നിറുത്തി..കാരണം ഒന്നുമൊന്നും പണ്ടത്തെ പോലാവുന്നില്ല . ഒരു പക്ഷെ ഞാന്‍ എന്‍റെ ബാല്യകാലം ആണോ തിരയുന്നത്? എന്നാലും ഇതിന്‍റെ പേര് അറിയാന്‍ ഒരു ആകാംക്ഷ ഉണ്ട്. എന്‍റെ മനസ്സറിഞ്ഞു എന്‍റെ പൂവിന്‍റെ പടം വരച്ച എന്‍റെ കൂട്ടുകാരിക്ക് നന്ദി. അവള്‍ അയച്ചു തന്ന പടം ഇവിടെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ആരെന്ങിലും ഒന്നു പറഞ്ഞു തരുമോ ഇതിന്‍റെ ശരിയായ പേര്? അത് വരെ ഇതു എന്‍റെ പാലപൂ തന്നെയായിരിക്കട്ടെ .. :)

Friday, August 8, 2008

സന്ധ്യ

ഇന്നലെ സന്ധ്യക്ക്‌..
'ഹലോ'
' ഉം .പറ'
'സ്റൊപിലേക്ക് വരൂ. ഞാന്‍ ഇപ്പൊ എത്തും'
'നല്ല മഴയാ. എനിക്ക് ബൈക്ക് എടുക്കാന്‍ പറ്റില്ല. നീ ഓട്ടോ പിടിച്ചു പൊരു'
'പിന്നെ ഈ മഴയത്ത് ഒറ്റ ഓട്ടോയും കിട്ടില്ല. കാര്‍?'
'കൊള്ളാം, 5 മിനിറ്റ് നടക്കാനില്ല, ഞാനിപ്പോ കാറും കൊണ്ടു വരാന്‍ പോവാല്ലേ?'
'ശരി എന്നാല്‍ ഞാന്‍ വന്നു കൊള്ളാം' .
മൊബൈല് ഓഫ് ചെയ്തു. സമയം 7.15 . ബസ് ഇറങ്ങുന്നതെ കോരിച്ചൊരിയുന്ന മഴയിലേക്ക്‌. രണ്ടു കൈയും നീട്ടി മഴ എന്നെ വാരി പുണര്‍ന്നു. എന്റെ നല്ല സാരി. എന്റെ നല്ല ചെരുപ്പ്. ഒക്കെ ഇപ്പൊ നനഞ്ഞു നാശമാവും. ഒന്നു കുതറി നോക്കി. രക്ഷയില്ല. മഴ അഹങരത്തോടെ പിടി മുറുക്കി. രക്ഷപെടാന്‍ മാര്‍ഗമില്ല എന്ന് മനസ്സിലായതോടെ ഞാന്‍ മഴയുടെ കൂടെ നടന്നു. ഏതാണ്ട് നല്ല രാത്രിയുടെ അന്തരീക്ഷം. മഴയുടെ താണ്ടവം കാരണം ഒട്ടു മിക്ക ആളുകളും കടത്തിണ്ണകളില്‍ നില്ക്കുന്നു. കുടയുള്ളവര്‍ പോലും നടക്കുന്നില്ല. അപരിചിതരുടെ കൂടെ കയറി കടയില്‍ നില്‍ക്കുന്നതിലും ഭേദം നടക്കുക തന്നെ എന്ന് തീര്‍ച്ചപ്പെടുത്തി. റോഡില്‍ ആരും ഇല്ല. ഒഴിഞ്ഞ റോഡിന്റെ നടുക്ക് കൂടി തന്നെ നടന്നു. സ്കൂട്ടര്‍ യാത്രക്കാര്‍ ആരും ഇല്ല. സാരി എത്ര ഒതുക്കിപിടിച്ചിട്ടും സുന്ദരമായി നനഞ്ഞു. റോഡിലെ മഴവെള്ളത്തില്‍ കൂടെ പയ്യെ നടന്നു. നടപ്പ് കാണാന്‍ കാഴ്ചക്കാര്‍ ഒത്തിരി ഉണ്ട്. :) എന്തായാലും ഇരുട്ട് കാരണം ആരുടേയും മുഖം കാണാന്‍ വയ്യ. കുടയുടെ മുകളില്‍ മഴ വന്നു പതിക്കുന്ന ശബ്ദം മാത്രം കേള്‍ക്കാം.. മഴയുടെ സംഗീതം. . 5 മിനിറ്റ് നടക്കാനുള്ളത് 10 മിനിറ്റു നടന്നാലും എത്തില്ല എന്ന് മനസ്സിലായി. എന്നും നടക്കുന്ന വഴിയാനെങ്ങില്‍ പോലും ചെറിയ പേടിയുണ്ട്. തലയില്‍ കൂടി കുറേശ്ശെ വെള്ളത്തുള്ളികള്‍ ഇറ്റിറ്റുവീഴാന്‍ തുടങ്ങി. മഴയുടെ വന്യതയില്‍ തൊട്ടു മുന്നിലുള്ള കാല്‍വെപ്പ്‌ മാത്രം ശ്രദ്ധിച്ചുകൊണ്ട് ഞാന്‍ നടന്നു. ഇനിയും 3 മിനിറ്റു കൂടി നടന്നാല്‍ മതി വീടെത്തും. ആരോ മുന്‍പില്‍ ഉണ്ടെന്നു മനസ്സിലാക്കി പെട്ടെന്ന് ഞാന്‍ മുഖം ഉയര്ത്തി. എന്നെ കൂട്ടികൊണ്ടുവരാന്‍ കൊടും മഴയത്ത് കുടയും ചൂടി വന്ന കൂട്ടുകാരന്റെ ചിരിക്കുന്ന മുഖം ആണ് കണ്ടത്. ഒളിമ്പിക്സ് ലൈവ് റിലേ നടക്കുന്ന tv യുടെ മുന്നില്‍ നിന്നും ഈ മഴയത്ത് നനഞ്ഞിറങ്ങി വന്ന ആ ത്യാഗം എനിക്ക് മാത്രം അറിയുന്നത്. ഒരുമിച്ചു നടന്നു. ദേഹം മാത്രം അല്ല മനസ്സിലും തണുപ്പായി. ഈ കരുതല്‍ എന്റെ അപ്പച്ചന്റെതാണോ? അതോ കൃത്യം 5 മാസം മുന്നേ മരിച്ചുപോയ എന്റെ അമ്മയുടെ സ്നേഹം ആണോ? നമ്മളെ ഇസ്ട്ടമുള്ളവര്‍ നമ്മളെ തൊടുന്നത് ഇങ്ങനെയൊക്കെ ആകാം... നമുക്കു ഏറെ അടുത്തിരിക്കുന്നവരില്‍ കൂടെ..മനസ്സിന് ആശ്വാസം തരുന്ന ഈ തലോടല്‍ നിങ്ങള്‍ ആരെങ്ങിലും തിരിച്ചറിയരുണ്ടോ?..

Monday, August 4, 2008

പ്രഭാതം

മണി ആറു. മൊബൈലിന്റെ നാദം ഉണര്‍ത്തി .ഒരു അഞ്ചു മിനിട്ട് കൂടി കിടക്കാന്‍ കൊതി തോന്നി .ഏറ്റവും കൂടുതല്‍ ഉറങ്ങാന്‍ ഇസ്ടമുള്ള സമയം..ഒന്നും കൂടെ പുതപ്പിലേക്ക് ചുരുണ്ടു. . അപ്പോഴേക്കും എന്നെ തട്ടിയുണര്‍ത്തി 'എണീക്ക് , പോവണ്ടേ ?''ഉം ' മൂളി. പറഞ്ഞിട്ട് കാര്യമില്ലെല്ലോ . ഒരു ദിവസത്തിന്റെ തുടക്കത്തിന്റെ തിടുക്കത്തിലേക്ക് പിടഞ്ഞെനീട്ടു . താഴെ വെളിച്ചം കാണാം . മോന്‍ എണീറ്റ്‌ പഠിച്ചു തുടങ്ങി കാണും . താഴെ ചെന്നു നോക്കുമ്പോള്‍ ബുക്ക് നെഞ്ചോടു ചേര്ത്തു വെച്ചു ഉറങ്ങുകയാണ്‌ . പയ്യെ വിളിച്ചു എഴുന്നേല്‍പ്പിച്ചു . മോളെ വിളിച്ചാലെ എണീക്കൂ . കണ്ണ് തുറന്നു കിടന്നാലും അമ്മ വന്നു വിളിച്ചാലെ എണീക്കൂ എന്ന വാശിക്കാരിയാണ്‌ . .അവളെ വിളിച്ചിട്ട് അടുക്കളയില്‍ ചെന്നു ലൈറ്റ്‌ ഇട്ടതിന്റെ കൂടെ fm ഓണ്‍ ചെയ്തു . മാതൃഭൂമിയോടുള്ള പ്രത്യേക സ്നേഹം കാരണം ഇപ്പൊ club fm മാത്രേ വെക്കാരുല്ല് . ഒരിടത്തെ പരസ്യവും വളിപ്പുകളും മാത്രം കേട്ടാല്‍ മതിയല്ലോ ;) പാട്ടു കേള്‍ക്കാന്‍ വേണ്ടി നമ്മളൊക്കെ എന്ത് മാത്രം ത്യാഗം ചെയ്യുന്നു !

കുക്കര്‍ സ്റൊവില്‍ വെച്ചു . ചായ കാപ്പി പാല്‍ എല്ലാം പിറകെ തന്നെ . ഒരു ദിവസവും മുടങ്ങാതെ ക്രമത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ . പൂച്ചകുഞ്ഞുങ്ങള്‍ മൂന്നെണ്ണം അപ്പോഴേക്കും എണീറ്റു . ചെവിയില്‍ തൂക്കിയെടുത്ത് പുറത്തേക്കാക്കി കതകടച്ചു . അവരുടെ toilet മുറ്റത്താണ് . അല്ലേല്‍ കക്ഷികള്‍ workarea ഇല്‍ കാര്യം സാധിക്കും . ബ്രഷ് ചെയ്യാന്‍ ഇറങുംപോഴേക്കും newspaper 4 എണ്ണം പെറുക്കി എടുത്ത് അകത്തേക്ക് വെച്ചു . വീട്ടില്‍ പേപ്പര്‍ വായിക്കുന്നത് ഞങ്ങള്‍ രണ്ടു പേരു . ഓ വായിച്ചില്ലെലും ഇതൊക്കെ പെറുക്കി അടുക്കി വെക്കുന്ന മാരണം ഒന്നു വേറെ തന്നെ .ഭവാനോട് തര്‍ക്കിച്ചിട്ടു ഉടനെ തന്നെ ഒര്ന്നമെങ്ങിലും നിറുത്തണം . അടുത്ത മാസം ആകട്ടെ . ബ്രുഷിങ്ങും പേപ്പര്‍ ഓടിച്ചു നോക്കലും കഴിഞ്ഞു 5 നിമിഷം കൊണ്ടു . ഓ, അപ്പോഴേക്കും എഴുന്നേറ്റു വന്ന മക്കളുടെ stunt തുടങ്ങി . മോള്‍ പേസ്റ്റ് ഇല്‍ വെള്ളം കോരി ഒഴിച്ചത്രേ ,എന്താ എന്റെ ദോശ മാത്രം ശരിക്ക് fry ആകാതെ ? അപ്പച്ചന്റെ ദോശ മാത്രം എന്താ പെര്‍ഫെക്റ്റ് ?മോന്‍ടെ വക കമന്റ് . മോള്‍ക്ക്‌ കുളിക്കാന്‍ മടി , എല്ലാ ബഹളവും ഒരു വിധം ശാന്തമാവുന്നത് മോന്‍ 7.45 നു ഇറങ്ങുമ്പോഴാണ് . അപ്പോഴേക്കും കൂട്ടുകാരന്‍ എണീറ്റു വന്നു ,പിന്നെ വെള്ളുള്ളി , കാപ്പി , പേപ്പര്‍ ..മൂന്നും റെഡി . 8 മണി ക്ക് കുളിക്കാന്‍ മുകളിലേക്ക് ഓടുംപോഴാ ഓര്‍ത്തത്‌ ഇന്നു യോഗ മുഴുവന്‍ ചെയ്യാന്‍ സമയം കിട്ടില്ല . എന്നാല്‍ കിടക്കട്ടെ 10 നു പകരം 5 തവണ . കുളി കഴിഞ്ഞു ഡ്രസ്സ് മാറാന്‍ വന്നപ്പോ , ഇന്ന് ഏത് സാരി ? സ്ഥിരം ചോദ്യം . സമയം കളയാന്‍ വയ്യ കൈയ്യില്‍ കിട്ടിയത് എടുത്തു , matching കമ്മല്‍ , ക്ലിപ്പ് ,വള എല്ലാം റെഡി.വീണ്ടും താഴേക്ക്‌ ഓട്ടം . ടിഫിന്‍ മോള്‍ക്ക്‌, എനിക്ക് ..ഭാഗ്യം അദ്ദേഹം കേന്റെനില്‍ നിന്നു കഴിച്ചോളും . 8.30 എല്ലാരും റെഡി, പിന്നെയാണ് ബഹളത്തിന്റെ ക്ലൈമാക്സ് . പട്ടിക്കു ചോറ് , പൂച്ചയെ അടച്ചിടല്‍ , ഗേറ്റ് തുറക്കല്‍ അടക്കല്‍ , കാറിന്റെ കീ കാണാനില്ല , വീടിന്റെ കീ ഒരെണ്ണം കണ്ടില്ല, പുള്ളീടെ കണ്ണട കാണാനില്ല.ഇറങ്ങാന്‍ നേരം ഒന്നും തന്നെ വെച്ചിടത്ത് കാണില്ല !! ഹൊ ഒരു വിധം ചാടി പുറത്തേക്ക് ഇറങ്ങുമ്പോഴേക്കും ഉറപ്പാവും ഇന്നു എന്റെ ബസ്സ് പോവുന്നത് കാണാനേ യോഗം ഉണ്ടാവൂ എന്ന്.
സ്റ്റോപ്പില്‍ എന്നെ ഇറക്കുംപോഴേക്കും കണ്ടു ബസ്സ് ദൂരെ നിന്നു വരുന്നു. ഒരു കണക്കിന് median ക്രോസ് ചെയ്തു സ്റ്റോപ്പില്‍ എത്തി. കൃത്യം സ്റ്റോപ്പില്‍ നിന്നാലെ അവര്‍ കയറ്റൂ . കാരണം എന്നും കയറുന്ന ബസ്സ് സ്ഥിരമായി സ്റ്റാന്‍ഡില്‍ വരാതെ ഇടക്ക് ഓട്ടം അവസാനിപ്പിച്ചതിന് പോലിസിസ്റ്റഷനില്‍ കയറി പരതിപ്പെട്ടതില് പിന്നെ അവര്ക്കു എന്നോട് സ്നേഹം അല്പം കൂടുതല്‍ ആണ്. പ്രതികരിച്ചതിന്റെ ഫലം ;) ഹൊ! എന്തൊരു തിരക്കാണ് ഇതില്‍ ? ഒരു കണക്കിന് വലിഞ്ഞു പിറകില്‍ എത്തി. ഉം, ഒരു പരിചയക്കാരിയെ കണ്ടു. അവള്‍ സീറ്റില്‍ ഇരിക്കയാണ് . അവളുടെ അടുത്ത് നില്‍ക്കണ്ട എന്ന് വെച്ചു .കാരണം, അടുത്തിരുന്നാല്‍ പിന്നെ എന്റെ സ്റ്റോപ്പ് എത്തുന്നതുവരെ നോന്‍സ്റൊപ് വാചകമടി ആണേ . എനിക്ക് തീരെ താല്പര്യമില്ലാത്ത സുബ്ജെക്ട്സ് . ബസ്സില്‍ കണ്ടിട്ടുള്ള പരിചയമേ ഉള്ളു. അപ്പൊ പിന്നെ ഇത്രയ്ക്കു സംസാരിക്കാന്‍ എന്ത്? അവളുടെ എതിര്‍ സൈഡില്‍ ഓരോരുതരുടെം ബോഡി ലാംഗ്വേജ് ശ്രദ്ധിച്ച് നിന്നു. ആരാ അടുത്തിരങ്ങുന്നത് എന്ന് നോക്കി നിന്നാലേ പറ്റൂ. ബാഗില്‍ ഇരുന്നു 'alchemist' ശ്വാസം മുട്ടുന്നു . ഒന്നിരുന്നലല്ലേ വായിക്കാന്‍ പറ്റൂ? ശോ എവിടെ എങ്ങിലും സീറ്റ് ഒഴിഞ്ഞാല്‍ ഉടന്‍ ആരെങ്ങിലും അവിടെ ചാടി ഇരിക്കും. ഹൊ, ഒരു സമാധാനം മാത്രെ ഉള്ളു, ഏതായാലും ഓഫീസില്‍ ചെന്നാല്‍ ആ സീറ്റില്‍ വേറെ ആരും കേറി ഇരിക്കില്ലെല്ലോ.

അവസാനം സീറ്റ് കിട്ടി. ബുക്ക് വായിച്ചു ഒരു 10 മിനിറ്റ് കഴിഞ്ഞില്ല എന്റെ തൊട്ടടുത്ത സീറ്റ് ഒഴിഞ്ഞു . ചേ , അതാ അവള്‍ ആ സീടിലേക്ക് എണീറ്റ്‌ വന്നിരുന്നു. ഭഗവാനെ , എന്താ ചെയ്യുക. പതിയെ ബുക്ക് അടച്ചു മടിയില്‍ വെച്ചു. ഇനി കത്തി തന്നെ. ഭാഗ്യം നല്ല മഴ തുടങ്ങി . ബസിന്റെ കര്‍ട്ടന്‍ എല്ലാം ഇട്ടു. ആഹാ എനിക്കേറെ ഇഷ്ടമാണ് മഴയത്ത് ഇങ്ങനെ ഒരു അടച്ചുപൂട്ടിയ ബസ്സില്‍ ഒന്നും ചെയ്യാനാവാതെ , ദൂരക്കാഴ്ചകള്‍ പോലും കാണാനാവാതെ കണ്ണും പൂട്ടി യാത്ര ചെയ്യുന്നത്. ഞാന്‍ പയ്യെ മഴയുടെ ലഹരിയിലെക്കിറങ്ങി . ഇടയ്ക്ക് അവള്‍ എന്തൊക്കെയോ പറയുന്നുണ്ട് ..ചെവി കൊടുക്കാന്‍ പോയില്ല . രാവിലത്തെ ഒന്നേകാല്‍ മണിക്കൂര്‍ അങ്ങനെ കളയാന്‍ പറ്റില്ലെല്ലോ ...

ഓഫീസില്‍ എത്തിയപ്പോ സമയം 10 നു 10 മിനിറ്റ് . ഓരോരുത്തര്‍ ആയിട്ട് വരുന്നതെ ഉള്ളു. കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു മെയില്‍ ചെക്ക് ചെയ്യാന്‍ നോക്കിയപ്പോ കണക്ഷന്‍ ഇല്ല. ആഹാ അടിപൊളി .സിഫി യെ വിളിച്ചു. ഇനി ഇന്നു പണി നടക്കനമെങ്ങില്‍ സിഫി കനിഞാലെ പറ്റൂ. ഓരോരുത്തര്‍ എത്തി കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തതില്‍ പിന്നെ..'മാഡം , ഞങ്ങള്‍ വീട്ടില്‍ പൊയ്ക്കോട്ടേ ? കണക്ഷന്‍ ആകുമ്പോ വരാം' എവിടെ എന്ഗിലും പോയി തുലയാന്‍ പറയാനാണ് ആദ്യം വായില്‍ വന്നത്. അയ്യോ അങ്ങനെ പറയാന്‍ വയ്യല്ലോ . അവരുടെ പറച്ചില്‍ കേട്ടാല്‍ തോന്നും മാഡത്തിന്റെ പോക്കെറ്റില്‍ ആണെ കണക്ഷന്‍ ഇരിക്കുന്നത് എന്ന്. 'ഉം ലീവ് എഴുതിവെച്ചിട്ട് വീട്ടില്‍ പോയ്ക്കോളാന്‍ പറഞ്ഞു' ഒരു ചെറിയ ചിരിയോടെ പറഞ്ഞു.. regional ഓഫീസ്സില്‍ വിളിച്ചു കാര്യം പറഞ്ഞു .അല്ലെങ്ങില്‍ എന്താ ഇവിടെ 10 മണി ആയിട്ടും ആരും ലോഗിന്‍ ചെയ്യാത്തെ എന്ന ചോദ്യത്തിന് സമാധാനം പറയേണ്ടി വരും. clients വരാന്‍ തുടങ്ങി.. അവര്‍ ബഹളം വെക്കുന്നതിനു മുന്നേ എന്തെങ്ങിലും ശരിയായാല്‍ മതിയാരുന്നു .കമ്പ്യൂട്ടര്‍ കണക്ഷന്‍ ഇല്ല എന്നു മനസ്സിലായതോടെ വന്ന സ്റ്റാഫ് എല്ലാം സംഘം തിരിഞ്ഞിരുന്നു കഥ പറച്ചില്‍ തുടങ്ങി, വന്ന ബസ്സ്, അത് എവിടെ ഒക്കെ കുഴിയില്‍ ചാടി, എവിടെ ഒക്കെ sudden ബ്രേക്ക് ഇട്ടു, തുടങ്ങിയ വിവരണങ്ങള്‍ .ഭാവം കണ്ടാല്‍ തോന്നും ഇവര്‍ കമ്പ്യൂട്ടറില്‍ കൂടി മാത്രേ പണിയെടുക്ക് എന്നു.ഞാന്‍ പയ്യെ ഫയല്‍ എടുത്തു തുറന്നു.അങ്ങോട്ടൊക്കെ ചെവി കൊടുത്താല്‍ എന്റെ മൂഡ് പോവും .

സമയം 10.45. ചായ ചേച്ചി ചായയുമായി എത്തി.. ഓ..ഭാഗ്യം നെറ്റ്‌വര്‍ക്ക് ശരിയായി. ഒരു ദീര്‍ഘനിശ്വാസത്തോടെ സീറ്റില്‍ ചാരി ഇരുന്നു.ഇനി തുടങ്ങാം റെസ്റ്റ് ..:) എത്ര സുന്ദരമായ പ്രഭാതം!! :D