Friday, December 23, 2011

സോദോം


ഈ അടുത്തയിടെ എന്റെ ഒരു സുഹൃത്ത് രാവിലെ മുതല്‍ ഒരു കഥ മനസ്സില്‍ കിടന്നു കറങ്ങുന്നു എന്ന മുഖവുരയോടെ ഒരു കഥ അയച്ചു തന്നു. കഥയുടെ തലേക്കെട്ടും എന്റെ പോസ്റ്റിന്റെ തലേക്കെട്ടും സെയിം സെയിം. കഥ ഇവിടെ അങ്ങനെ തന്നെ പകര്‍ത്തുന്നു.."പുറത്തു ഇത് വരെ കേള്‍ക്കാത്ത ആരവം മുഴങ്ങി ഉയര്‍ന്നു കൊണ്ടിരുന്നു ..
മദ്യവും രക്തവും കൂടിച്ചേര്‍ന്ന ഗന്ധം ..രാത്രി മുഖം മറച്ചു വലിച്ച് കീറിയ രൂപങ്ങള്‍ ..അച്ഛന്‍ ,ചേട്ടന്‍, അദ്ധ്യാപകന്‍ ...പിന്നെ ....
വാതിലിനു പുറത്തു കിഴക്കന്‍ മലകളെ കീഴടക്കി എല്ലാ ആക്രോശങ്ങളെയും കരച്ചിലുകളേയും പറിച്ചെടുത്ത് ഒരു വലിയ കറുത്ത തിര ഇരച്ചു വന്നു .
അതിലേക്കു ചേരാന്‍ ചിറകുള്ള ഒരു കണ്ണുനീര്‍ തുള്ളി പോലെ അവള്‍ കൈകള്‍ വിരിച്ചു ...."

കഥ എന്തെങ്കിലും മനസ്സിലായോ? നമ്മുടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പശ്ചാത്തലത്തില്‍ വായിക്കണം ട്ടോ.

ഞാന്‍ മറുപടി എഴുതി...ഇങ്ങനെ..

"അപ്പോള്‍ ദൈവം ദൂതന്മാരെ അയച്ചു ...10 പേരെ കണ്ടെത്തുക, 5 പേരെ .., 3 പേരെ ...
ഒരാളെ എങ്കിലും.....!!!
ഒരു പക്ഷെ ആ ഒരാള്‍ കാരണം മുല്ലപ്പെരിയാര്‍ ഡാം നമ്മളിലേക്ക് ഇരച്ചു വരില്ല ..

(സ്വയം നന്നായില്ലെങ്കിലും, മറ്റാരെങ്കിലും ...ഒരാളെങ്കിലും നന്നായാല്‍ മതി എന്ന് ഗുണപാഠം !!) "

അല്ല എന്തായി നമ്മുടെ അണക്കെട്ടിന്റെ കാര്യം? നമ്മളെ കൊണ്ട് ഒന്നിനും പറ്റില്ല എന്ന് നമ്മള്‍ നിരന്തരം തെളിയിച്ചു കൊണ്ടിരിക്കുന്നു. എന്തൊക്കെ ബഹളമായിരുന്നു, ഹര്‍ത്താല്‍, മനുഷ്യച്ചങ്ങല, കത്തെഴുത്ത് മത്സരം, പത്തു ദിവസം കൂടി കഴിഞ്ഞാല്‍ എല്ലാരും എല്ലാം മറക്കും...സ്വന്തം തലയുടെ മുകളില്‍ വെള്ളം പൊങ്ങുമ്പോള്‍ മാത്രം ആത്മഗതം ചെയ്യും..പണ്ടേ പറഞ്ഞതല്ലേ?? പൊട്ടും പൊട്ടും എന്ന്. എതായാലും ഇത് വരെ ഡാം പൊട്ടിയിട്ടില്ലെങ്കിലും മറ്റൊരും ഡാം പൊട്ടി...daam999 !!

സമാധാനിക്കാം നമുക്ക്.. എന്തെങ്കിലുമൊക്കെ എവിടെ എങ്കിലും പൊട്ടുന്നുണ്ടല്ലോ എന്ന്.

ഇപ്പൊ പച്ചക്കറിക്ക് വില കൂടുമ്പോഴും, ചിക്കന് വില കൂടുമ്പോഴും ഒക്കെ നമ്മള്‍ പറയാന്‍ പഠിച്ചു കഴിഞ്ഞിരിക്കുന്നു...തമിഴ് നാട്ടിലെ പ്രശ്നം ആണെന്ന്.
സത്യത്തില്‍ തമിഴ് നാട്ടില്‍ അല്ലെല്ലോ പ്രശ്നം, നമ്മുടെ നാട്ടില്‍ അല്ലെ? ജീവനാണോ വെള്ളതിനാണോ കൂടുതല്‍ വില?

എന്തായാലും എന്നെങ്കിലും ഒരു ദിവസം മരിക്കണം, എന്നാല്‍ പിന്നെ എല്ലാര്ക്കും കൂടെ ഒരുമിച്ചു അങ്ങ് മരിക്കാം അല്ലെ? അതിനും വേണം ഒരു ഭാഗ്യം.

അടിക്കുറിപ്പ്: ക്രിസ്മസ് പുതുവത്സര ആശംസകള്‍ നേരുന്നു!!
ഡാം പൊട്ടിയില്ലെങ്കില്‍ വീണ്ടും കാണാം. എന്റെ മോള്‍ ക്രിസ്മസ് പരീക്ഷക്ക്‌ പഠിക്കുന്നതിനിടിയില്‍ എന്നോട് വന്നു രഹസ്യമായിട്ടു ചോദിച്ചു....അല്ല അമ്മെ, റിസള്‍ട്ട്‌ വരുന്നതിനു മുന്നേ ഡാം പൊട്ടില്ലേ? എന്ന്.

Tuesday, September 6, 2011


കഴിഞ്ഞ മാസം ഒരു ദിവസം. കൃത്യമായി പറഞ്ഞാല്‍ ആഗസ്റ്റ്‌ ഇരുപത്തിനാലാം തീയതി. വൈകിട്ട് ഓഫീസ് വിട്ടു ഞാന്‍ ബസ്‌ കാത്തു സ്റ്റോപ്പില്‍ നില്‍ക്കുകയാണ്.ഓണത്തിരക്ക് കാരണം ബസ്‌ ഒന്നും സമയത്തിന് വരുന്നില്ല. പോരാത്തതിനു പേമാരി പോലത്തെ മഴയും. എറണാകുളം മൊത്തത്തില്‍ ബ്ലോക്ക്‌ ആവുന്ന ദിവസങ്ങള്‍.ബസ്‌ വരുന്നതും കാത്തു അക്ഷമയായി ഞാന്‍ അങ്ങനെ നിന്നു.

അപ്പോഴാണ് രണ്ടു സ്ത്രീകള്‍ ബസ്‌ സ്റ്റോപ്പിലേക്ക് വന്നത്. എന്റെ ഓഫീസിനടുത്തു വളരെ പ്രസിദ്ധമായ ഒരു പള്ളിയുണ്ട്. കണ്ടപ്പോള്‍ തന്നെ മനസ്സിലായി അവര്‍ പള്ളിയില്‍ പോയിട്ട് വരുകാണെന്നു. എന്നെ കണ്ടപ്പോള്‍ അവര്‍ ചോദിച്ചു, എറണാകുളത്തേക്ക് ഇപ്പൊ ബസ്‌ ഉണ്ടോ എന്ന്. ഉവ്വ്, ബസ്‌ ഉണ്ട്, ഞാനും അത് കാത്തു നില്‍ക്കുകയാണെന്ന് പറഞ്ഞു..ഇപ്പോള്‍ ബസ്‌ കാത്തു നില്‍ക്കുന്നത് മൂന്നു പേര്‍..

സമയം ആറ് മണി ആവാറായി. ഇനി നേരിട്ടുള്ള ബസ്‌ കാത്തു നിന്നിട്ട് കാര്യം ഇല്ല. ഞാന്‍ അവരോടു നമുക്ക് കിട്ടുന്ന ബസില്‍ പോവാം എന്ന് പറഞ്ഞു. അവര്‍ക്ക് പോവേണ്ടത് ആലുവയിലേക്ക്, സ്ഥലം അറിയില്ല എന്ന് പറഞ്ഞു. ഞാന്‍ എന്റെ കൂടെ പോന്നോളാന്‍ പറഞ്ഞു പിന്നെ വന്ന ബസില്‍ കയറി.

ബസില്‍ എന്റെ കൂടെ അവരും കയറി. അല്പം കഴിഞ്ഞപ്പോള്‍ നേരെ ആലുവയിലേക്കുള്ള ബസ്‌ വന്നു. ഇത് പുറപ്പെടുന്നതിനു മുന്നേ ഞാന്‍ ചാടി ഇറങ്ങി ആലുവ ബസില്‍ കയറി. ഇറങ്ങാന്‍ നേരം ഞാന്‍ അവരെയും വിളിച്ചു. അവരും എന്റെ കൂടെ ഇറങ്ങി.

ഇവര്‍ രണ്ടു പേര്‍ക്കും എന്നേക്കാള്‍ പ്രായം ഉണ്ട്. ക്രിസ്ത്യന്‍ ആണെന്ന് എനിക്ക് തോന്നിയില്ല. അവര്‍ പള്ളിയില്‍ പോയതാണെന്ന് എന്നോട് പറഞ്ഞിരുന്നു. ആലുവ ബസില്‍ കയറാന്‍ ഞാന്‍ നില്‍ക്കുമ്പോ, അതില്‍ ഒരു സ്ത്രീ എന്റെ കൈയ്യില്‍ രണ്ടു കൈയും കൊണ്ട് പിടിച്ചു, എന്റെ കൈയ്യിലേക്ക് എന്തോ വെച്ച് തന്നു. എന്നിട്ട് പറഞ്ഞു..'വായില്‍ വെള്ളമില്ലാതെ ഉണങ്ങിയിരിക്കുവല്ലേ, ഇത് കഴിച്ചോ' എന്ന്.

ഒരു നിമിഷ നേരത്തേക്ക് ഞാന്‍ സ്തംഭിച്ചു നിന്നു പോയി. കൈയ്യില്‍ ഒരു ചെറിയ മിട്ടായി. അവരും ഒരു മിട്ടായി വായിലിട്ടിട്ടുണ്ട്. ഞാന്‍ മിണ്ടാതെ ബസില്‍ കയറി. തൊട്ടു പിറകിലെ സീറ്റില്‍ അവര്‍ രണ്ടു പേരും ഇരുന്നു. കൈയ്യില്‍ കിട്ടിയ മിട്ടായി ഞാന്‍ കുറച്ചു നേരം അങ്ങനെ തന്നെ വെച്ച്. തിന്നണോ വേണ്ടയോ എന്ന സംശയം ബാക്കി.

അപരിചിതര്‍ തരുന്ന ഒന്നും വാങ്ങി കഴിക്കരുതെന്ന് എന്റെ മകളെ ഗുണദോഷിക്കുന്ന ഞാന്‍. തിന്നില്ലെങ്കില്‍ അവര്‍ക്ക് എന്ത് തോന്നും എന്ന മറു വിചാരം. ഇന്നത്തെ കാലത്ത് ആരെയും വിശ്വസിക്കാന്‍ പറ്റാത്ത കാലം. വല്ല മയക്കുമരുന്നും ഇട്ട മിട്ടായി ആണോ ഇത്? സ്വര്‍ണത്തിനൊക്കെ ഇപ്പൊ എന്താ വില? അങ്ങനെ പലതും ആലോചിച്ചു ഞാന്‍ അങ്ങനെ ഇരുന്നു.

പിന്നെ തോന്നി, അവര്‍ അവരുടെ നല്ല മനസ്സ് കൊണ്ട് തന്നതാണെന്ന്, അവരുടെ നിഷ്കളങ്കത കൊണ്ട് തന്നതാണെന്ന്, എന്തോ ആവട്ടെ മനുഷ്യരില്‍ എനിക്കിപ്പോഴും വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല, ഞാന്‍ രണ്ടും കല്‍പ്പിച്ചു ആ മിട്ടായി തിന്നു.

പത്തു മിനിട്ട്. ഒന്നും സംഭവിച്ചില്ല. അപ്പോഴേക്കും ഞാന്‍ സ്വകാര്യമായ ഒരു കാര്യം ഓര്‍ത്തെടുത്തു...അന്നെന്റെ പിറന്നാള്‍ ആയിരുന്നു..!!! കുഞ്ഞായിരുന്നപ്പോള്‍ നമുക്ക് പിറന്നാളിന് മിട്ടായി കിട്ടുമായിരുന്നു..വലുതായാലോ? എന്റെ ഇത്തവണത്തെ പിറന്നാളിന് എനിക്ക് കിട്ടിയ ഒരേ ഒരു മിട്ടായി അതായിരുന്നു...!!

അടിക്കുറിപ്പ്: എല്ലാവര്ക്കും സമൃദ്ധിയുടെ പൊന്നോണം ആശംസിക്കുന്നു..
സസ്നേഹം,
രാധ.

Monday, July 18, 2011

മരണത്തിന്റെ താഴ്വരയില്‍........

ഓട്ടോ ഇറങ്ങി ഞാന്‍ ആ ഹോസ്പിടല്‍ ഗേറ്റ് കടന്നപ്പോ സമയം ഏതാണ്ട് നാല് മണിയേ ആയിട്ടുള്ളൂ...ആരെയും കാണുന്നില്ല. ശുദ്ധ ശൂന്യത. ഇതെന്തേ ഇങ്ങനെ എന്ന് അതിശയിച്ചു കൊണ്ട് ഞാന്‍ വലിയ പൂന്തോപ്പിന്റെ നടുവിലുള്ള റോഡില്‍ കൂടെ നടന്നു...കുറച്ചധികം നടക്കണം പ്രധാന കവാടത്തിന്റെ മുന്നിലെത്താന്‍. നിറയെ പൂത്തുലഞ്ഞു നില്‍ക്കുന്ന, നല്ല ഭംഗിയായി പരിചരിക്കുന്ന തോട്ടം. അപ്പോഴും ആരെയും കാണുന്നില്ല, രോഗികളെ കാണാന്‍ വരുന്നവരോ, കണ്ടു കഴിഞ്ഞു മടങ്ങുന്നവരോ ആയിട്ട് ആരും ഇല്ല...ഞാന്‍ മാത്രം, തനിയെ വളരെ സാവധാനം നടന്നു കൊണ്ടിരിക്കുന്നു...


പ്രവേശന കവാടത്തില്‍ എത്തി. ശ്മശാന നിശ്ശബ്ധത എന്ന് പറഞ്ഞാല്‍ എങ്ങനെയോ അങ്ങനെ തന്നെ. മരണം ഒരു വലിയ പുതപ്പു കൊണ്ട് ആ ആശുപത്രി കെട്ടിടത്തിനെ അങ്ങനെ തന്നെ മൂടി പൊതിഞ്ഞു സ്വന്തം നെഞ്ചോടു ചേര്‍ത്ത് വെച്ചിരിക്കുന്നു. അകത്തു കടന്നപ്പോള്‍ എന്റെ കാലടി ശബ്ദങ്ങള്‍ മാത്രം!! reception ഇല്‍ ഒരു പെണ്‍കുട്ടി ഇരിക്കുന്നുണ്ട്. ആവൂ, സമാധാനമായി, ഒരു മനുഷ്യ ജന്മത്തിനെയെങ്കിലും കണ്ടല്ലോ. വളരെ അധികം നീളമുള്ള ഒരു corridor . എവിടെയും ക്രൂശിതനായ യേശുവിന്റെ തൂങ്ങപ്പെട്ട രൂപങ്ങള്‍. ഒരു സാധാരണ ക്രിസ്ത്യന്‍ ഹോസ്പിടല്‍ വിസിറ്റ് ചെയ്യുമ്പോള്‍ ഉള്ള അന്തരീക്ഷം.


അവിടെ absent ആയത്, തിരക്ക് പിടിച്ചു ഓടി നടക്കുന്ന അന്തേവാസികളെ ആണ്. ദൂരെ ഒരു ആയ നിലം തുടക്കുന്നുണ്ട്. എനിക്ക് സന്ദര്‍ശിക്കേണ്ട മുറി നിശ്ചയമുണ്ടായിരുന്നത് കൊണ്ട് ഞാന്‍ രണ്ടാം നിലയിലേക്കുള്ള പടികള്‍ കയറി. എന്റെ ചെരിപ്പിന്റെ ശബ്ദം വളരെ കുറച്ചു , മരിക്കാന്‍ കിടക്കുന്നവരെ ആ ശബ്ദം കൊണ്ട് പോലും വേദനിപ്പിക്കാതെ വളരെ സാവധാനം ആണ് ഞാന്‍ നടന്നത്.

അതെ, ഞാന്‍ കയറി ചെന്നത് ഒരു പാലിയേടീവ് കെയര്‍ ഹോസ്പിറ്റലില്‍ ആയിരുന്നു....50 പേരെ കിടത്തി ചികില്‍സിപ്പിക്കാവുന്ന ഒരു വലിയ ആശുപത്രി. അവിടെ ഇപ്പോള്‍ 14 പേര്‍ മാത്രം. അതിലൊരാള്‍ എന്റെ ചേച്ചിയുടെ ഭര്‍ത്താവ്. ഈ ലോകത്തിലെ എല്ലാ ഓര്‍മകളില്‍ നിന്നും വിടുതല്‍ വാങ്ങി, പരലോകത്തിലേക്കു പാതി വഴിയിലേറെ ദൂരം തനിയെ താണ്ടി കഴിഞ്ഞിരിക്കുന്നു. അതിനു സഹായിക്കാന്‍ ധാരാളം കൊച്ചു കൊച്ചു കന്യാസ്ത്രീകളും, നേഴ്സ് മാരും.

ആര്‍ക്കും ഇവിടെ പരാതി ഇല്ല, പരിഭവങ്ങളും ഇല്ല. മരണത്തിന്റെ തണുത്ത കൈകള്‍ വന്നു തലോടി വിളിച്ചു കൂടെ കൂട്ടി കൊണ്ട് പോവാനുള്ള നിമിഷങ്ങള്‍ മാത്രം കാത്തു കിടക്കുന്നവര്‍. ഇവിടെ അവര്‍ വേദന അറിയുന്നതേയില്ല..എല്ലാം ഒരു ചെറു മയക്കത്തില്‍...പ്രാര്‍ത്ഥനകളുടെ നടുവില്‍..ഒരു പൂവ് കൊഴിയുന്നത് പോലെ കടന്നു പോവും...എത്ര ആശ്വാസകരമായ മരണം. oxygen ട്യൂബ് ഇല്ല, ventilator ഇല്ല, ICCU ഇല്ല. കൂടെയുള്ളവരെ കരയിപ്പിക്കുന്ന ബില്ലുകളും ഇല്ല. രോഗിക്കുള്ള ഭക്ഷണം, മരുന്ന്, മുറി വാടക എല്ലാം സൌജന്യം.ഇനി അഥവാ നമുക്ക് എന്തെങ്കിലും കൊടുത്തെ പറ്റൂ എന്നുണ്ടോ? എങ്കില്‍ donation നല്‍കാം.

സേവനം മാത്രം ലക്‌ഷ്യം വെച്ചിട്ടുള്ള ഒരു സ്ഥാപനം ആണ് ഇത്. എത്രയോ കാരുണ്യത്തോടെ ആണ് ഇവിടെയുള്ള നേഴ്സ് മാര്‍ പെരുമാറുന്നത്. അല്ലെങ്കിലും ഈ ലോകത്തിലെ എല്ലാ നരക യാതനകളും അനുഭവിച്ചു തിരിച്ചു വരാന്‍ ആവാത്ത യാത്ര തുടങ്ങിയ ആളുകളെ ആര്‍ക്കു വേദനിപ്പിക്കാന്‍ ആവും. ഞാന്‍ ചെല്ലുമ്പോള്‍ ശാന്തമായ ഉറക്കത്തില്‍ ആണ് ചേട്ടന്‍. ഭക്ഷണം കഴിക്കാന്‍ ട്യൂബ് ഇട്ടിട്ടുണ്ട്, യൂറിന്‍ പോവാനും ഉണ്ട്. പണിപ്പെട്ടു ശ്വാസം കഴിക്കുന്നു..കുറെ ഏറെ നേരം ചേച്ചിയുടെ അടുത്തും, നോക്കാന്‍ നിര്‍ത്തിയിരിക്കുന്ന ആയയുടെ അടുത്തും സംസാരിച്ചിരുന്നു. അതിനിടയില്‍ എന്നെയും വന്നു അവിടത്തെ നേഴ്സ് മാര്‍ പരിചയപ്പെട്ടു. നമ്മുടെ വിഷമങ്ങളും അവരോടു പറയാം. ചേച്ചിക്ക് അവര്‍ counselling കൊടുക്കുന്നുണ്ട്.

വളരെ ശാന്തമായ മനസ്സോടെ ആണ് ഞാന്‍ അവിടെ നിന്നിറങ്ങിയത്. മനസ്സില്‍ ഉറപ്പിച്ചു..ഭാവിയില്‍ എന്റെ മരണം ഇത് പോലെയുള്ള അസുഖം മൂലമാണെങ്കില്‍ തീര്‍ച്ചയായും ഇവിടെ അഡ്മിറ്റ്‌ ആവണം എന്ന്. എങ്കില്‍ ICCU ന്റെ വെളുത്ത ചുമരുകള്‍ മാത്രം കണ്ടു മനം മടുക്കാതെ , ഓര്‍മയുടെ ഏതേലും പ്രകാശം വീഴുമ്പോള്‍ സ്നേഹിക്കുന്നവരെ കണ്ടു അവരുടെ നടുവില്‍ അങ്ങനെ പോവാമായിരുന്നു...നേരത്തെ പറഞ്ഞു വെക്കണം.

ശാന്തമായ മരണത്തിനും ഭാഗ്യം വേണമല്ലോ...അല്ലെ?

അടിക്കുറിപ്പ്: ഞാന്‍ കണ്ടു രണ്ടു നാള്‍ കഴ്ഞ്ഞപ്പോ ചേട്ടന്‍ ശാന്തമായി യാത്ര പൂര്‍ത്തിയാക്കി..!!!

Sunday, March 27, 2011

തിരക്കില്‍...


ഞാന്‍ അല്‍പ്പം തിരക്കില്‍ ആണ് ട്ടോ. കുട്ടികള്‍ക്ക് പരീക്ഷാ ചൂട്, പുറത്തു തിരഞ്ഞെടുപ്പിന്റെ ചൂട്, എന്റെ ഉള്ളിലും ഓഫീസിലെ accounts ക്ലോസിംഗ് ന്റെ ചൂട്. ഭാഗ്യത്തിന് ഇത്തവണയും election ഡ്യൂട്ടി വന്നില്ല. സ്ത്രീകളെ ഒഴിവാക്കി ആണ് ഓഫീസില്‍ ഡ്യൂട്ടി വന്നിരിക്കുന്നത്.

എല്ലാവരോടും അല്പം നാളത്തേക്ക് വിട. വീണ്ടും trial balance ഒക്കെ ഓഡിറ്റ്‌ ചെയ്തു കൊടുത്തു കഴിഞ്ഞിട്ട് സ്വസ്ഥമായിട്ട് ഇതിലെ വരാം ട്ടോ.

സസ്നേഹം,
രാധ.

Tuesday, March 1, 2011

മരിച്ചവര്‍ തിരിച്ചു വരുമോ?


കുഞ്ഞുന്നാള്‍ മുതലേ കഥകള്‍ കേള്‍ക്കാന്‍ വളരെ അധികം താല്പര്യം ഉണ്ടായിരുന്നു എനിക്ക്. അത് വളര്‍ന്നപ്പോള്‍ പുസ്തക വായനയിലേക്ക് നീണ്ടു. ഇപ്പോഴും വായിക്കാന്‍ ഒരു പുതിയ പുസ്തകം ഇല്ലെങ്കില്‍ ഒരു തരം ശ്വാസം മുട്ടല്‍ ആണ്. അത് കൊണ്ട് തന്നെ അടുത്ത് അറിയാവുന്നവര്‍ പലപ്പോഴും ഗിഫ്റ്റ് തരുന്നത് പുസ്തകങ്ങള്‍ ആണ്. അങ്ങനെ ആണ് മാര്‍കേസിന്റെ തിരഞ്ഞെടുത്ത കുറച്ചു കഥകള്‍ വായിക്കാന്‍ ഇടയായത്.

അതില്‍ ഒരു കഥയുണ്ട്. തന്റെ മരിച്ചു പോയ കുഞ്ഞു മകളുടെ മൃതദേഹം അഴുകുന്നില്ല എന്ന് കണ്ടു ഒരു പിതാവ് അവളെ ഒരു ചെറിയ പെട്ടിയിലാക്കി Rome ലേക്ക് കൊണ്ട് പോവുകയാണ്. അവള്‍ വിശുദ്ധ ആണെന്ന് സമ്മതിപ്പിക്കാന്‍. പോകുന്ന വഴിയില്‍ അദ്ദേഹം ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങുമ്പോഴും ഒക്കെ ഈ പെട്ടി കൂടെ ഉണ്ട്. ഇടയ്ക്കിടെ മകളുടെ സുന്ദരമായ മുഖം ഇദ്ദേഹം കാണുകയും ചെയ്യുന്നുണ്ട്, മറ്റു യാത്രികരോട് ഇതേ കുറിച്ച് പറയുകയും ചെയ്യുന്നുണ്ട്.(Strange Pilgrims)

ഈ കഥ വായിച്ചപ്പോള്‍ മുതല്‍ മനസ്സില്‍ ഒരു പോറല്‍ പോലെ ഒരു ചോദ്യം ഇടയ്ക്കിടെ പൊന്തി വരുന്നുണ്ട്. ചോദിക്കട്ടെ?

നിങ്ങളില്‍ ആര്ക്കെങ്ങിലും നിങ്ങളുടെ പ്രിയപ്പെട്ട മരിച്ചു പോയവരെ വീണ്ടും കാണാന്‍ ആഗ്രഹം ഉണ്ടോ? അങ്ങനെ കണ്ടാല്‍ എന്താവും പ്രതികരണം? സന്തോഷം ഉണ്ടാകുമോ? അതോ സങ്കടം?

എനിക്ക് ഇത് രണ്ടുമുണ്ടാവില്ല തീര്‍ച്ച. എനിക്ക് പേടിയാവും. ഉറപ്പ്.മരിച്ചു പോയവര്‍ എത്ര പ്രിയപ്പെട്ടവര്‍ ആയാലും വീണ്ടും അവരെ കാണുന്നത് എനിക്ക് ഒരിക്കലും സന്തോഷകരം ആവാന്‍ വഴിയില്ല. അങ്ങനെ ഒരു അവസ്ഥ ഓര്‍ക്കാന്‍ തന്നെ ബുദ്ധിമുട്ട് ആണ്.സ്വപ്നങ്ങളില്‍ അവരെ ചിലപ്പോള്‍ കാണാറുണ്ട്. അത് പക്ഷെ ഒരിക്കലും ഭീതിജനകം അല്ല. കാരണം അപ്പോള്‍ അവര്‍ മരിച്ചവര്‍ എന്ന രീതിയില്‍ അല്ല കാണുന്നത്. ജീവിച്ചിരിക്കുന്ന അവരുടെ കൂടെ ഞാന്‍, അങ്ങനെ.

പണ്ട് ഒരിക്കെ അമ്മ പറഞ്ഞു കേട്ടിട്ടുള്ളതാണ്. ഞങ്ങള്‍ താമസിച്ചിരുന്നത് ഇന്നത്തെ കൊച്ചിന്‍ ഷിപ്‌യാര്‍ഡ്‌ ഇരിക്കുന്ന സ്ഥലത്തായിരുന്നു. ഷിപ്‌യാര്‍ഡ്‌നു വേണ്ടി സ്ഥലം കൊടുത്തതാണ് ഞങ്ങള്‍ . അപ്പൊ അവിടെ ഞങ്ങളുടെ ഒരു പള്ളിയും ഉണ്ടായിരുന്നു. വരവുകാട്ടു കുരിശു പള്ളി. ഈ പള്ളിയും പൊളിച്ചു കളയേണ്ടി വന്നു. അപ്പൊ പള്ളിയുടെ കൂടെ ഉള്ള സെമിത്തേരിയില്‍ മരിച്ചവരെ അടക്കിയത് എന്ത് ചെയ്യണം എന്നായി പ്രശ്നം. പള്ളിയുടെ ഇടവക പള്ളിയിലേക്ക് (അംബികാപുരം) ഈ പള്ളി ചേര്‍ക്കാന്‍ തീരുമാനിച്ചു, അവിടെ ഉള്ള എല്ലാ മരിച്ചവരുടെ ബന്ധുക്കളും സെമിത്തേരിയില്‍ അടക്കിയ തങ്ങളുടെ പ്രിയപ്പെട്ടവരുടെ കുഴികള്‍ മാന്തി ബാക്കിയുള്ള അവശിഷ്ടങ്ങള്‍ എല്ലാം കൂടെ ഇടവക പള്ളിയില്‍ ഒരു പൊതു കുഴിയില്‍ അടക്കം ചെയ്യാന്‍ അനുവദിച്ചു.

അങ്ങനെ മരിച്ചവരുടെ എല്ലാം ബന്ധുക്കളുടെ സാന്നിധ്യത്തില്‍ മത പുരോഹിതന്മാര്‍ വന്നു കര്‍മങ്ങള്‍ ചെയ്തു കുഴികള്‍ എല്ലാം തുറന്നു. 4 - 5 കൊല്ലങ്ങള്‍ക്ക് മുന്‍പ് മരിച്ച ഒരു ചേടത്തി ഉണ്ടായിരുന്നു. പള്ളന്‍സ്‌ കുടുംബത്തിലെ ആണ്. ചേടത്തിയുടെ കുഴി മാന്തിയപ്പോള്‍ ചേടത്തിക്ക് ഒരു കുഴപ്പവും വരാതെ അങ്ങനെ തന്നെ ഇരിക്കുന്നു. നഖങ്ങള്‍ നീണ്ടും ഇരിക്കുന്നു!!! കുഴി തുറന്നവരും കണ്ടു നിന്നവരും ആകെ അമ്പരന്നു. പിന്നെ ചേടത്തിയെ അപ്പോള്‍ മരിച്ചവരെ അടക്കുന്ന കര്‍മ്മങ്ങള്‍ എല്ലാം ചെയ്തു വീണ്ടും പുതിയ സെമിത്തേരിയില്‍ അടക്കം ചെയ്തു. ഇത് ഉണ്ടായ സംഭവം. പിന്നീട് പറഞ്ഞു കേട്ടത്, ചേടത്തിയുടെ മക്കള്‍ വയസ്സ് കാലത്ത് അമേരിക്കയില്‍ നിന്ന് ചേടത്തിക്ക് മരുന്നുകള്‍ അയച്ചു കൊടുത്തിരുന്നു. അതിന്റെ ഒക്കെ സൈഡ് effects കൊണ്ടാണ് ശരീരം അഴുകാതെ ഇരുന്നത് എന്ന്. അമ്മയുടെ ചെറുപ്പ കാലത്ത് നാട്ടില്‍ ഒത്തിരി പുകിലുണ്ടാക്കിയ ഒരു സംഭവമായിരുന്നു ഇത്.

ചെറുപ്പത്തിലെ ഇങ്ങനെ ഒക്കെ ഉള്ള കഥകള്‍ കേട്ട് വളര്‍ന്നത്‌ കൊണ്ടാവാം എനിക്ക് ഇപ്പോഴും മൃതദേഹങ്ങള്‍ കാണുന്നത് പേടിയാണ്. മരിച്ചവര്‍ ജീവന്‍ വെച്ച് തിരിച്ചു വരുന്ന കാര്യം ഓര്‍ക്കാനേ വയ്യ.

നിങ്ങള്‍ക്കോ?

Monday, January 31, 2011

ശീലിച്ചു പോയ വട്ടുകള്‍..

മൂന്നു നാല് മാസങ്ങള്‍ക്ക് മുന്നേ, ഒരു ദിവസം ഞങ്ങള്‍ 4 പേരും കൂടി ഒബരോണ്‍ മാളില്‍ പോയി. വളരെ ആകസ്മികമായിട്ടു അവിടെ വെച്ച് എന്റെ ഒരു വര്ഷം സീനിയര്‍ ആയിട്ട് സ്കൂളില്‍ പഠിച്ച ലാലിയെ കണ്ടു മുട്ടി. എന്റെ ക്ലാസ്സില്‍ പഠിച്ചിരുന്ന ലേഖയുടെ കസിന്‍ ആയിരുന്നു ഈ കുട്ടി. ഞാന്‍ ഒന്‍പതില്‍ എത്തിയപ്പോ ലാലി പത്തു കടന്നു സ്കൂളില്‍ നിന്ന് പോയി. അതിനു ശേഷം ഇത് വരെ നേരില്‍ കണ്ടിരുന്നില്ല. കത്തിലൂടെ അല്‍പ കാലം കൂടി ഞങ്ങള്‍ ബന്ധം പുലര്‍ത്തിയിരുന്നു.


എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടിട്ടും ഞങ്ങള്‍ക്ക് തിരിച്ചറിയാന്‍ പറ്റി എന്നത് തന്നെ അത്ഭുതം! എന്നെ കണ്ട സന്തോഷത്തില്‍ ലാലി കൂടെയുണ്ടായിരുന്ന ഭര്‍ത്താവിനെയും മകനെയും പരിചയപ്പെടുത്തി. തിരിച്ചു ഞാനും എന്റെ കുടുംബത്തിനെ പരിചയപ്പെടുത്തി ഒരു 5 മിനിറ്റ് സംസാരിച്ചു, അവള്‍ പാലാരിവട്ടം ആണ് താമസം എന്ന് പറഞ്ഞു. പരസ്പരം മൊബൈല്‍ ഫോണ്‍ നമ്പറും കൈമാറി ഞങ്ങള്‍ പിരിഞ്ഞു.

അതിനടുത്ത ആഴ്ച ഞാന്‍ ഒരു മീറ്റിംഗില്‍ പങ്കെടുത്തു കൊണ്ടിരിക്കുമ്പോള്‍ എന്റെ മൊബൈലില്‍ ലാലിയുടെ കാള്‍ വന്നു. എടുക്കാന്‍ നിവൃത്തിയില്ലാത്തത് കൊണ്ട് ഞാന്‍ അത് സൈലന്റ് മോഡിലേക്ക് ഇട്ടു.തൊട്ടു അടുത്ത ദിവസവും അവളുടെ കാള്‍ വന്നു...അന്ന് ഞാന്‍ സീറ്റില്‍ ഉണ്ടായിരുന്നില്ല, തിരിച്ചു വന്നപ്പോ missed കണ്ടു. എന്ത് കൊണ്ടോ എനിക്ക് അവളെ തിരിച്ചു വിളിക്കാന്‍ തോന്നിയില്ല. പ്രത്യേകിച്ച് കാരണമൊന്നും എനിക്ക് പറയാനും അറിയില്ല, പക്ഷെ, എന്തോ വര്‍ഷങ്ങള്‍ക്കു മുന്നേ മുറിഞ്ഞ ഒരു ബന്ധം കൂട്ടിച്ചേര്‍ക്കാന്‍ മനസ്സിന് വല്ലാത്ത ഒരു മടുപ്പ് തോന്നി.

രണ്ടു തവണ വിളിച്ചിട്ടും ഞാന്‍ respond ചെയ്യാതിരുന്നത് കൊണ്ട് ഇനി അവള്‍ വിളിക്കില്ല എന്ന് ഞാന്‍ തീര്‍ച്ചപ്പെടുത്തി. പക്ഷെ എന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു കൊണ്ട്, വീണ്ടും അവള്‍ വിളിച്ചു. അപ്പോഴേക്കും ഞാന്‍ മനസ്സ് കൊണ്ട് തീരുമാനമെടുത്തിരുന്നു , ഇനിയും അവളുമായിട്ട് പുതിയ ഒരു കൂട്ടുകെട്ട് സ്ഥാപിക്കാന്‍ വയ്യ, എനിക്ക് ആണെങ്കില്‍ ഓഫീസ് ടൈമില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം തീരെ കുറവും ആണ്. ഉള്ള കൂട്ടുകാരെ തന്നെ വിളിക്കാന്‍ നേരവും കിട്ടുന്നില്ല.

എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് അവള്‍ എന്നെ നിരന്തരം ഫോണില്‍ വിളിച്ചു കൊണ്ടിരുന്നു..അവളുടെ നമ്പര്‍ കാണുമ്പോള്‍ എല്ലാം ഞാന്‍ ഫോണ്‍ സൈലന്റ് ഇല്‍ ഇട്ടു കൊണ്ടിരുന്നു. ഞാന്‍ വിചാരിച്ചു എന്ത് കൊണ്ട് ഇവള്‍ എന്റെ നമ്പര്‍ തെറ്റി എന്ന് കരുതുന്നില്ല? എന്ത് കൊണ്ട് ഞാന്‍ സിം മാറി എന്ന് കരുതുന്നില്ല എന്നൊക്കെ ആലോചിച്ചു. അവള്‍ ഇതിനിടയില്‍ എന്നെ ഒരു 25 തവണ വിളിച്ചിട്ടുണ്ട്. ഒരിക്കല്‍ പോലും ഞാന്‍ കാള്‍ അറ്റന്‍ഡ് ചെയ്തില്ല. അത് പോലെ തന്നെ ഒരിക്കല്‍ പോലും അവളുടെ കാള്‍ കട്ട്‌ ചെയ്തും ഇല്ല.

അതിനിടെ 3 ആഴ്ച മുന്നേ ഒരു ദിവം അവളുടെ കാള്‍ വരുമ്പോ ഞാന്‍ auditors ന്റെ കൂടെ ഇരിക്കയായിരുന്നു. കാള്‍ അവളുടെ ആണെന്ന് മനസ്സിലായതും ഞാന്‍ കട്ട്‌ ചെയ്തു. പിന്നീട് അതെ കുറിച്ച് ഓര്‍ത്തതും ഇല്ല. പക്ഷെ അതിനു ശേഷം അവളുടെ വിളികള്‍ വന്നിട്ടില്ല..ഒരിക്കല്‍ പോലും, അബദ്ധത്തില്‍ പോലും!!! അവളുടെ വിളികള്‍ വരാതെ ആയപ്പോഴാണ് ഞാന്‍ അത് ശ്രദ്ധിച്ചത്. പതിവിനു പകരം ഞാന്‍ അവസാനത്തെ തവണ അവളുടെ കാള്‍ കട്ട്‌ ചെയ്യുക ആണല്ലോ ഉണ്ടായത് എന്ന്.

ഇപ്പോള്‍ ഈ ഇടപാടുകള്‍ നടന്നിട്ട് ഒരു 20 ദിവസം എങ്കിലും ആയി കാണും. ഇനിയും അവള്‍ വിളിക്കും എന്ന് ഞാന്‍ കരുതുന്നില്ല. വേണമെങ്കില്‍ എനിക്ക് തിരിച്ചു വിളിക്കാമല്ലോ? പക്ഷെ ഞാന്‍ വിളിക്കില്ല, അവള്‍ എന്നെ വിളിക്കുന്നില്ലല്ലോ എന്ന മനസ്താപവും ഉണ്ട്. വല്ലാത്ത അസുഖം തന്നെ അല്ലെ ഇത്?ഇനിയും അവള്‍ വിളിക്കും അപ്പൊ എനിക്ക് സംസാരിക്കാമല്ലോ കൂട്ടുകാരിയോട് എന്ന് പറഞ്ഞു ആരും ആശ്വസിപ്പിക്കണ്ട ട്ടോ..

അവള്‍ ഇനിയും വിളിച്ചാലും....ഞാന്‍ ഫോണ്‍ എടുക്കില്ല..!!! പക്ഷെ അവളുടെ ഫോണ്‍ കാള്‍ വന്നിരുന്നപ്പോള്‍ ഞാന്‍ അവളെ ഓര്‍ത്തിരുന്നു...ഇപ്പൊ അവളെ മിസ്സ്‌ ചെയ്യുന്നു..

ഇത് പോലുള്ള വട്ടു നിങ്ങള്‍ക്കും ഉണ്ടോ? ഇത് പോലെ ആരെങ്കിലും തുടരെ ശല്യപ്പെടുത്തിയിട്ടും തിരിഞ്ഞു നോക്കാതെ ഇരുന്നിട്ട് അവര്‍ ഇനി ഒരിക്കലും വരാതെ ആകുമ്പോ സങ്കടപ്പെടുന്ന സ്വഭാവം? അതോ നമ്മള്‍ എല്ലാരും ഇങ്ങനെ ഒക്കെ തന്നെ അല്ലെ? അവരെ നമ്മള്‍ മിസ്സ്‌ ചെയ്യുന്നു എന്നത് പോലും അവരെ അറിയിക്കാതെ മനസ്സില്‍ മാത്രം ഒതുക്കുന്ന പാവങ്ങളല്ലേ സത്യത്തില്‍ നമ്മള്‍?

Sunday, January 9, 2011

കാത്തിരുന്ന പ്രഭാതം...!!!


ഇത്തവണ ന്യൂ ഇയര്‍ ശനിയാഴ്ച ആയതു ഉപകാരം ആയി. തലേ ദിവസത്തെ 31 ഞങ്ങള്‍ രണ്ടു പേര്‍ക്കും ഒരു RH ഉണ്ടായിരുന്നു. സത്യം പറഞ്ഞാല്‍ അതിനു കരുണാകരനെ വേണം നന്ദി പറയാന്‍. ക്രിസ്മസ് പ്രമാണിച്ച് 24 നാണ് RH കരുതി വെച്ചിരുന്നത്. അന്ന് പൊതു അവധി ആയിക്കിട്ടിയത് കൊണ്ട് Dec 31 ലേക്ക് RH എടുത്തു. മൂന്നു ദിവസം അടുപ്പിച്ചു കിട്ടിയപ്പോ എവിടെക്കെങ്കിലും പോയാലോ എന്ന പദ്ധതി ഇട്ടു. ക്രിസ്മസിന് നാട്ടില്‍ പോയതാണ്. അങ്ങനെ കുട്ടികളെയും കൂട്ടി കന്യാകുമാരി, കോവളം, പൊന്മുടി അങ്ങനെ ഒരു ട്രിപ്പ്‌ പ്ലാന്‍ ചെയ്തു.

വീടും പട്ടികളെയും, ചെടികളെയും ഒക്കെ അയല്‍ക്കാരെ ഏല്‍പ്പിച്ചു വെള്ളിയാഴ്ച വെളിപ്പിനു ഞങ്ങള്‍ സ്ഥലം വിട്ടു. വൈകിട്ട് സണ്‍ സെറ്റ് കാണാന്‍ കന്യാകുമാരിയില്‍ എത്തണം അതായിരുന്നു പ്ലാന്‍. ഞങ്ങളുടെ കാറില്‍ തന്നെ യാത്ര. ഉദ്ദേശിച്ചത് പോലെ തന്നെ നാല് മണിയായപ്പോള്‍ കന്യാകുമാരിയില്‍ എത്തി. ഹോട്ടല്‍ റൂമില്‍ സാധനങ്ങള്‍ ഇറക്കി വെക്കാന്‍ കൂടി മെനക്കെടാതെ ഞങ്ങള്‍ നേരെ കടല്‍ തീരത്തേക്ക് പോയി.


Dec 31st ആയതു കൊണ്ട് നല്ല തിരക്ക്..ബീച്ചില്‍ കുറെ നേരം അലഞ്ഞു തിരിഞ്ഞു നടന്നപ്പോഴേക്കും അസ്തമയത്തിനു സമയം ആയി..ഏറ്റം നല്ല സ്ഥലത്ത് തന്നെ നിന്ന് കൊണ്ട് കാണണം എന്നാ വാശിയില്‍ സണ്‍ സെറ്റ് വ്യൂ tower ഇല്‍ തന്നെ കയറി. നല്ല കടല്‍ കാറ്റ്.. പടിഞ്ഞാറോട്ട് നോക്കി വായും പൊളിച്ചു നിന്നത് തന്നെ മിച്ചം..സണ്‍ സെറ്റ് കാണാന്‍ പറ്റിയില്ല..കാര്‍ മേഘം വന്നു മറച്ചു. അലപം നിരാശയോടെ എല്ലാരും 6.30 മണി വരെ നോക്കി നിന്നിട്ട് പിരിഞ്ഞു..

രാത്രി കിടക്കാന്‍ നേരം ഹോട്ടല്‍ കാരോട് അനേഷിച്ചു ഉദയം എപ്പോള്‍ എന്ന് അറിഞ്ഞു വെച്ച്.. ഉറങ്ങാന്‍ കിടന്നു..അങ്ങനെ കിടക്കാന്‍ പറ്റില്ലെല്ലോ...TV യില്‍ ന്യൂ ഇയര്‍ ആഘോഷങ്ങള്‍, മൊബൈലില്‍ നാട്ടില്‍ നിന്ന് ബന്ധുക്കളുടെയും കൂട്ടുകാരുടെയും വിളികള്‍..അങ്ങനെ ഉറങ്ങിയപ്പോള്‍ മണി ഒന്ന്...മൊബൈലില്‍ മറക്കാതെ 5 മണിക്ക് അലാറം വെച്ചു.

രാവിലെ തന്നെ എണീറ്റ്‌.. ജനലില്‍ കൂടെ പുറത്തേക്കു നോക്കിയപ്പോ പള്ളി പെരുന്നാളിന് ആളുകള്‍ പോകുന്നത് പോലെ റോഡ്‌ നിറച്ചും ആളുകള്‍ കടല്‍ പുറത്തേക്കു പൊയ്ക്കൊണ്ടിരിക്കുന്നു...തിരക്ക് പിടിച്ചു കുട്ടികളെ വിളിച്ചു എഴുന്നേല്‍പ്പിച്ചു ... 5.30 മണിയോടെ ഞങ്ങളും കടപ്പുറത്ത് എത്തി. ആഹാ, അവിടെ ചെന്നപ്പോ ഇന്നലെ കണ്ടതിനേക്കാള്‍ ഇരട്ടി ആളുകള്‍. നില്ക്കാന്‍ പോലും സ്ഥലം ഇല്ല. എവിടേം ഇരുട്ട്..സമയം 5.30 ആണെന്ന് ഓര്‍ക്കണം. പിന്നെ ഒരു ഗുണം ഉണ്ട് ഒരേ സ്ഥലത്ത് തന്നെ നിന്നാല്‍ മതി. ഇന്നലെ നോക്കിയത് പടിഞ്ഞാറേക്ക്‌ ആണെങ്കില്‍ ഇന്ന് കിഴക്കോട്ടു..നോട്ടം മാത്രം മാറ്റിയാല്‍ മതി. ഒരു കണക്കിന് ഞങ്ങള്‍ വലിഞ്ഞു ഒരു മതില് മുകളില്‍ കയറി പറ്റി. നാനാ ജാതി ആളുകള്‍ ഉണ്ട് അവിടെ. ഉറങ്ങി കിടക്കുന്ന കൊച്ചു കുട്ടികളെ വരെ തോളിലിട്ടു അമ്മമാര്‍ ഉണ്ട്. പല ഭാഷകള്‍..മിക്കവരുടെ കൈയ്യിലും കാമറകള്‍ ഉണ്ട്..ചിലരുടെ കൈയ്യില്‍ vedeo യും.

എല്ലാവരും ആകാംഷയോടെ ആകാശം നോക്കി നില്‍ക്കുന്നു...ആ ഒരു ഫീലിംഗ് തന്നെ ഒരു വല്ലാത്ത effect തന്നു
... പുള്ളിക്കാരന്‍ ക്യാമറ ഒക്കെ റെഡി ആക്കി വെച്ചു നില്‍ക്കുക ആണ്.. ഞാന്‍ ആണ് വളരെ comfortable ആയിട്ട് ഒരു മതിലിന്റെ മുകളില്‍ കയറി ഇരിക്കുന്നത്..കുട്ടികള്‍ രണ്ടും എന്റെ അടുത്ത് എന്നെ തൊട്ടു കൊണ്ട് നില്‍ക്കുന്നു...സമയം ആറ്. ഉദയം ഇപ്പോഴാണ് എന്നാണ് അറിഞ്ഞത്‌. ചെറിയ ഒരു ഓറഞ്ച് കലര്‍ന്ന ചുവപ്പ് നിറം ആകാശത്ത് കണ്ടു തുടങ്ങി..പുതു വര്‍ഷത്തിലെ പുത്തന്‍ പ്രഭാതം പൊട്ടി വിരിയുന്നത് കാണാന്‍ എല്ലാരും നെഞ്ഞിടിപ്പോടെ ഒരേ സ്ഥലത്തേക്ക് നോക്കി നില്‍ക്കുന്നു...


സമയം കടന്നു പോയി..ഒന്നും സംഭവിച്ചില്ല...!!!! പതിയെ ചുവപ്പ് നിറം മായാന്‍ തുടങ്ങി...അപ്പോഴേക്കും സമയം 6.15 ആയി. പതിയെ കാര്യം എല്ലാര്ക്കും പിടികിട്ടി തുടങ്ങി...ഇന്നും കാര്‍ മേഘം തന്നെ വില്ലന്‍..!! സമയം 6.30 ഇപ്പോഴും സൂര്യനെ കാണാനേ ഇല്ല...പുള്ളി അങ്ങനെ ന്യൂ ഇയര്‍ നു എല്ലാരേം ഒന്ന് കബളിപ്പിച്ചു എവിടെയോ മറഞ്ഞിരിക്കുന്നു...!!! അപ്പോഴേക്കും ജനങ്ങള്‍ പതിയെ പിരിഞ്ഞു തുടങ്ങി..ഞങ്ങള്‍ നാല് പേരും വളരെ നിരാശയില്‍ ആയി..ഇവിടെ വരെ വന്നിട്ടും ഒന്നും കണ്ടില്ല, അസ്തമയവും ഇല്ല, ഉദയവും ഇല്ല...!!!

പക്ഷെ, ഞങ്ങളെ അതിശയിപ്പിച്ച ഒരു സംഗതി കണ്ടു...മറ്റാരുടെയും മുഖത്ത് അത്ര വലിയ നിരാശ ഒന്ന് കണ്ടില്ല..ഒരു പക്ഷെ ഇവിടെ ഉദയം അങ്ങനെ എന്നും കാണാന്‍ പറ്റുന്ന ഒരു കാര്യം അല്ലായിരിക്കാം...ആവോ അറിയില്ല. പിന്നെ ഞങ്ങള്‍ വിവേകാനന്ദ പാറ വരെ പോയി..അവിടേക്ക് 7.45 നു ആരംഭിക്കുന്ന ബോട്ട് സര്‍വീസ് നു 6.30 മുതലേ നീണ്ട ക്യൂ. ..! അത്രത്തോളം വന്നിട്ട് ഒന്ന് കാണാതെ മടങ്ങാന്‍ മനസ്സ് സമ്മതിക്കാതെ ഇരുന്നത് കൊണ്ട് 3 മണിക്കൂര്‍ സമയം കളഞ്ഞു അവിടെ വരെ പോയി വന്നു. ഉച്ചയോടെ കന്യാകുമാരിയില്‍ അതി ശക്തിയായ മഴ തുടങ്ങി...തമിഴ്നാട്ടില്‍ മഴ പെയ്താല്‍ ഉള്ള അവസ്ഥ അറിയാലോ..ഒരു പാത്രത്തില്‍ വെള്ളം വീഴുന്നത് പോലെ ഇരിക്കും, എവിടേക്കും ഒഴുകി പോവില്ല...ഞങ്ങള്‍ മടങ്ങി..

ഇതോടൊപ്പം ഞങ്ങള്‍ ഉറക്കം കളഞ്ഞു കാത്തിരുന്നു എടുത്ത കന്യാകുമാരിയിലെ പ്രഭാതത്തിന്റെ ചിത്രം ഇടുന്നു...അതോടൊപ്പം എന്റെ എല്ലാ ബൂലോക കൂട്ടുകാര്‍ക്കും എന്റെ നവ വത്സര ആശംസകള്‍! എന്റെ കാര്യം പോയിക്കിട്ടി എന്നാണ് തോന്നുന്നത്..തുടക്കമേ നിരാശയില്‍ ആണ്...ഹി ഹി.