Thursday, November 6, 2008

ലില്ലി പൂക്കള്‍


ഞാന്‍ ഒന്നു മുതല്‍ നാല് വരെ പഠിച്ചത് എന്‍റെ അമ്മയുടെ വീടിന്റെ തൊട്ടടുത്ത് ഉള്ള ഒരു സ്കൂളില്‍ ആണ്. എന്നും ഉച്ചക്ക് ഞാന്‍ അമ്മ വീട്ടില്‍ പോയാണ് ഊണ് കഴിക്കുന്നത് . അന്നൊക്കെ ഉച്ചക്ക് ചോറ് കൊണ്ടു വന്നു സ്കൂളില്‍ ഇരുന്നു കഴിക്കുന്ന കുട്ടികളോട് എനിക്ക് അസൂയ ആയിരുന്നു. ഊണ് കഴിക്കാന്‍ എനിക്ക് ഒരു പാടു സമയം വേണം. (പിന്നീടുള്ള വഴികളില്‍ എപ്പോഴോ ആണ് ഊണ് കഴിക്കാന്‍ 5 മിനിറ്റ് ധാരാളം മതി എന്നായത് ) അപ്പൊ എന്‍റെ കൂട്ടുകാര്‍ അവര്‍ കൊണ്ടു വന്ന ചോറ് ഉണ്ടിട്ടു എന്‍റെ വീട്ടിലേക്ക് വരും. അവര്‍ അവിടെ പറമ്പില്‍ കളിക്കുമ്പോള്‍ ഞാന്‍ ഭക്ഷണം അകത്താക്കാന്‍ പാടു പെടുക ആയിരിക്കും.


അമ്മവീട്ടില്‍ നിറയെ പൂക്കള്‍ ഉണ്ട്. മതിലിനു പകരം അന്ന് വേലി ആണ്. വേലി ആയിട്ട് വെച്ചു പിടിപ്പിച്ചിരുന്നത് മഞ്ഞ കോളാമ്പി ചെടി ആയിരുന്നു. വീടിനു ചുറ്റും അത് പൂത്തു നില്ക്കുന്നത് കാണാന്‍ നല്ല ഭംഗി ആണ്. അവിടെ ഒരു കുളവും ഉണ്ട്. കുളത്തിനു നല്ല ആഴമുള്ളത് കൊണ്ടു എന്‍റെ കൂട്ടുകാര്‍ വന്നാല്‍ അവരെ അങ്ങോട്ട് വിടില്ല . എന്റെ ഊണ് കഴിയുമ്പോള്‍ ഞങ്ങള്‍ എല്ലാരും കൂടി ഒരുമിച്ചു സ്കൂളിലേക്ക് പോവും . അപ്പോഴേക്കും ബെല്‍ അടിക്കാന്‍ സമയം ആയിട്ടുണ്ടാകും . പോകുന്ന വഴിക്ക് ഒരു വീട്ടില്‍ എപ്പോഴും കായ്ച്ചു നില്ക്കുന്ന ഒരു 'കാരക്ക ' മരം ഉണ്ട്. മിക്കപ്പോഴും അതിന്റെ പഴുത്ത കായ്കള്‍ താഴെ വീണു കിടപ്പുണ്ടാവും . ഞങ്ങള്‍ അത് പെറുക്കി എടുക്കാന്‍ ചെന്നാല്‍ ആ വീട്ടുകാര്‍ വഴക്ക് പറയും. ആര് വഴക്ക് കേള്‍ക്കാന്‍ നില്ക്കുന്നു? കാരക്ക താഴെ കണ്ടാല്‍ പെറുക്കി എടുത്തു ഒരോട്ടമാണ് .

അമ്മ വീടിന്‍റെ തൊട്ടു അടുത്ത വീട്ടില്‍ ഒരു അമ്മാമ്മ താമസിക്കുന്നുണ്ട് . അവര്‍ മാത്രമെ ഉള്ളു അവിടെ. ഞങ്ങള്‍ ആ വീട്ടില്‍ കയറാതെ പോവാറില്ല. അവിടത്തെ പ്രത്യേകത എന്താന്ന് വെച്ചാല്‍ ആ വീടിന്റെ മുറ്റം നിറയെ ഒരേ ഒരു പൂ മാത്രമെ ഉള്ളു. വെളുത്ത ലില്ലി പൂക്കള്‍ . ആ തൊടി നിറയെ എപ്പഴും വെള്ളപ്പൂക്കള്‍ വിരിഞ്ഞു നില്ക്കും. വീട്ടിലോട്ടു പോവാനുള്ള ഒരു വഴി മാത്രം ഒഴിച്ചിട്ടു കൊണ്ടു നിറയെ നിറയെ പൂക്കള്‍ ആണ്. ആ വീടിന്റെ പുറകു വശത്തും ഒക്കെ ലില്ലി പൂക്കള്‍ മാത്രം.ഞാന്‍ എന്‍റെ ജീവിതത്തില്‍ പിന്നീട് ഒരിക്കലും ഇത്ര അധികം ലില്ലി പൂക്കള്‍ എവിടെ എങ്ങിലും ഇതു പോലെ ഒരുമിച്ചു വിരിഞ്ഞു നില്‍ക്കുന്നത് കണ്ടിട്ടില്ല.

ഞങ്ങള്‍ അവിടെ ചെല്ലുന്നത് ഒരു ദുരുദ്ദേശം കൊണ്ടാണ്.. ആ പൂ പറിച്ചാല്‍ അതിന്‍റെ നീണ്ട തണ്ടിന്റെ താഴെ ഭാഗം കടിച്ചു കളഞ്ഞിട്ടു ചുണ്ട് കൊണ്ടു ഒന്നു വലിച്ചാല്‍ നിറയെ തേന്‍ കിട്ടും. അത് കുടിക്കാനാണ് ഞങ്ങള്‍ അവിടെ ചെല്ലുന്നത്. ഒരിക്കലും ആ അമ്മാമ്മ ഞങ്ങളെ വഴക്ക് പറഞ്ഞു ഓടിച്ചിട്ടില്ല . ഒരു പക്ഷെ എന്‍റെ അമ്മ വീട്ടുകാരെ ഓര്താവാം . മുറ്റം കടന്നാല്‍ തന്നെ പൂക്കളുടെ വാസന കിട്ടും. സാധിക്കുമ്പോള്‍ ഒക്കെ ആ പൂവ് പൊട്ടിച്ചു തേനും കുടിച്ചിട്ടേ ഞങ്ങള്‍ മടങ്ങുക ഉള്ളു .


പിന്നീട് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട് ..ആ അമ്മാമ്മ ഒത്തിരി പാവപ്പെട്ടവള്‍ ആയിരുന്നു. കല്യാണമേ കഴിച്ചിട്ടില്ല . എന്നിട്ടും അവര്‍ അനാഥാലയത്തില്‍ നിന്നും ഒരു പെണ്‍കുട്ടിയെ ദത്തെടുത്തു . (ചേച്ചിയെ ഞങ്ങള്‍ അവിടെ കാണാറുണ്ട് ). അവര്‍ അടുത്ത വീടുകളില്‍ എല്ലാം പണിക്കു പോയി ആ മകളെ പഠിപ്പിച്ചു . ജീവിതത്തില്‍ ആകെ ആ അമ്മാമ്മക്ക് ഉണ്ടായിരുന്നത് ആ മോള്‍ മാത്രം ആയിരുന്നു.ഒരു പക്ഷെ ആ അമ്മാമ്മയുടെ ഹൃദയ നയിര്മല്യം കൊണ്ടാവാം ആ മുറ്റത്തു നിറയെ വിശുദ്ധിയുടെ പര്യായമായ ലില്ലി പൂക്കള്‍ വിടര്‍ന്നു നിന്നത് . സ്വന്തമായിട്ട് ജീവിക്കാന്‍ വക ഇല്ലാഞ്ഞും ഒരു കുഞ്ഞിനെ, അതും ഒരു പെണ്‍കുട്ടിക്കും കൂടി ജീവിതം കൊടുക്കാന്‍ സന്മനസ്സുണ്ടാവുക എന്നത് ഒരു വലിയ കാര്യം തന്നെ. എത്ര പേര്‍ക്ക് അതിന് സാധിക്കും? എവിടെ ലില്ലി പൂക്കള്‍ വിരിഞ്ഞു നില്ക്കുന്നത് കാണുമ്പോഴും ഞാന്‍ ഇപ്പോഴും ആ അമ്മാമ്മയെ ഓര്‍ക്കാറുണ്ട് .

10 comments:

നിറങ്ങള്‍..colors said...

snehathinte lillipoovukal ennum virinju nilkatte nalla post..

mayilppeeli said...

ലില്ലിപ്പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന ബാല്യകാലത്തേയ്ക്കുള്ള തിരിച്ചുപോക്ക്‌...വളരെ നന്നായിട്ടുണ്ട്‌....ഇതുവായിച്ചപ്പോള്‍ ഞാനും പോയി എന്റെ കുട്ടിക്കാലത്തേയ്ക്ക്‌......ലില്ലിപ്പൂവുപോലെ പരിശുദ്‌ധമായ മനസ്സുള്ള ആ അമ്മാമ്മയെ ദൈവം അനുഗ്രഹിയ്ക്കട്ടേ.....ആശംസകള്‍...

അജ്ഞാതന്‍ said...

നല്ല എഴുത്ത്!

മലയാളം ബ്ലോഗ്റോള്‍

BS Madai said...

ലില്ലിപ്പൂവിന്റെ മണം, അമ്മാമ്മയുടെ മനസ്സിന്റെ നൈര്‍മല്യം എല്ലാം ഞങ്ങള്‍ക്കും കിട്ടുന്നൂ...

raadha said...

@നിറങ്ങള്‍ :) :) നന്ദി !! എന്റെയും പ്രതീക്ഷകള്‍ അതൊക്കെ തന്നെ.

@മയില്‍‌പീലി :) മുടങ്ങാതെ വരുന്നതിനും കമന്റ് ഇടുന്നതിനും നന്ദിയുണ്ട്. എല്ലാവര്ക്കും കുട്ടിക്കാലം വളരെ പ്രിയപ്പെട്ടതാണല്ലോ..എന്റെയും !! നിങ്ങളെയും എനിക്ക് പുറകോട്ടു പിടിച്ചു വലിച്ചു കൊണ്ടു പോവാന്‍ സാധിച്ചു എന്നറിഞ്ഞതില്‍ സന്തോഷം. :)

@agnjathan :) ഈ വഴി ആദ്യം. thanx for the comment.

@b s madai :) സന്തോഷമായി. അത്രയേ ഞാനും ആഗ്രഹിച്ചുള്ളു.

Jayasree Lakshmy Kumar said...

നന്നായിരിക്കുന്നു പോസ്റ്റ്. ഇഷ്ടമായി ലില്ലിപ്പൂക്ക്കളുടെ നൈർമ്മല്യമുള്ള അമ്മാമ്മയെ, പിന്നെ ഈ പോസ്റ്റും

raadha said...

@ലക്ഷ്മി :) പോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞു സന്തോഷമുണ്ട്. നന്ദി. വീണ്ടും വരുക !!

joice samuel said...

നന്നായിട്ടുണ്ട്....
നന്‍മകള്‍ നേരുന്നു...
സസ്നേഹം,
ജോയിസ്..!!

വരവൂരാൻ said...

സ്വപനങ്ങളേ നിങ്ങൾ സ്വർഗ്ഗ കുമാരികളല്ലോ .... ഈ ലില്ലിപൂക്കൾ മനോഹരമായിരിക്കുന്നു ഓർമ്മകളുടെ പൂക്കൾ മനസ്സിലുണർത്തിയതിന്നു നന്ദി

raadha said...

@മുല്ലപ്പൂവ് :) :) നന്ദി!

@വരവൂരാന്‍ :) പോസ്റ്റ് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം."'ഓര്‍മകള്‍ക്കെന്തു സുഗന്ധം.."