Tuesday, November 24, 2009

ഉപ്പിലിട്ട മോഹങ്ങള്‍ ..

കുമാരേട്ടന്റെ ബ്ലോഗില്‍ ഉപ്പുമാവിനെ കുറിച്ച് എഴുതിയത് വായിച്ചപ്പോള്‍ എനിക്ക് തോന്നിയത് ഇങ്ങനെയാണ് . കുമാരേട്ടന്‍ സ്വാദു നോക്കിയിട്ടുള്ള ഉപ്പുമാവിനെ കുറിച്ചാണ് പറഞ്ഞത് . പക്ഷെ ഈ ജന്മത്തില്‍ ഒന്ന് സ്വാദു നോക്കാന്‍ പോലും പറ്റിയിട്ടില്ലാത്ത ഉപ്പുമാവിനെ കുറിച്ചാണ് എനിക്ക് പറയാന്‍ ഉള്ളത് .

ഞാന്‍ നാല് വരെ പഠിച്ച സ്കൂളിലും ഉപ്പുമാവ് ഉണ്ടായിരുന്നു . ഏതാണ്ട് 12 മണി ആവുമ്പോ നല്ല വിശക്കുന്ന സമയത്ത് ഉപ്പുമാവ് ഉണ്ടാക്കുന്ന മണം ക്ലാസ്സ്‌ മുറി ആകെ നിറയും . തൊട്ടരികെ ഉള്ള ജനലില്‍ കൂടെ നോക്കിയിരുന്നാല്‍ വേവിച്ച , മഞ്ഞ നിറമുള്ള ഉപ്പുമാവ് പകര്‍ന്നു ബക്കറ്റില്‍ ആക്കി കൊണ്ട് പോവുന്നത് കാണാം.

എന്റെ അമ്മയുടെ വീട് സ്കൂളിന്റെ തൊട്ടടുത്ത് ആണ് . അത് കൊണ്ട് എന്റെ ഊണ് അമ്മ വീട്ടില്‍ നിന്നാണ് . ഞാന്‍ പോയി വരുമ്പോഴേക്കും ഉപ്പുമാവ് എല്ലാരും തിന്നു കഴിഞ്ഞിട്ടുണ്ടാവും . എന്നെങ്കിലും ഒരിക്കല്‍ അതില്‍ നിന്നും അല്‍പ്പം തിന്നാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് വല്ലാതെ ആശിച്ചു പോയിരുന്നു ഞാന്‍ . അടുത്ത ജന്മമെങ്കിലും ഉപ്പുമാവ് സ്കൂളില്‍ നിന്ന് തിന്നാന്‍ അനുവദിക്കുന്ന വീട്ടിലെ കുട്ടി ആവണം എന്ന് എത്ര പ്രാവശ്യം മനമുരുകി പ്രാര്‍ത്തിച്ചിട്ടുണ്ട് എന്നോ.. കുഞ്ഞു മനസ്സിലെ ഓരോരോ മോഹങ്ങള്‍..

ഞാന്‍ നാല് വരെ മാത്രമേ ആ സ്കൂളില്‍ പഠിച്ചുള്ളൂ . ഇത് പോലെ സ്വാദു നോക്കാന്‍ പറ്റാതെ വല്ലാതെ മോഹിച്ചു പോയ മറ്റൊരു സാധനം കൂടെ ആ സ്കൂളിലെ ഓര്‍മയില്‍ ഉണ്ട് . അന്ന് എന്റെ കൂടെ പഠിച്ചിരുന്ന ആരുടെയും പേര് എനിക്കിപ്പോള്‍ ഓര്‍മയില്ല . പക്ഷെ ബാബു .T യെ ഒരിക്കലും മറക്കാന്‍ പറ്റില്ല . ഇന്നും ആ പേരും ഉപ്പുമാങ്ങയും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു .

ഏതോ ഒരു പട്ടരു കുട്ടിയായിരുന്നു ബാബു .T. (നോക്കൂ , സ്കൂളിലെ കൂട്ടുകാരുടെ initial വരെ നമ്മള്‍ മറക്കില്ല ..അല്ലെ ?) എന്നും ഉച്ചക്ക് ചോറ് ഉണ്ണാന്‍ കൊണ്ട് വരുമ്പോള്‍ കറി ആയിട്ട് ഒരു വല്യ ഉപ്പുമാങ്ങ മുഴുവന്‍ ആയിട്ട് കൊണ്ട് വരും ഈ കുട്ടി .. ഉച്ചക്ക് ബെല്‍ അടിക്കുന്നതിനു മുന്നേ തന്നെ മാങ്ങ എല്ലാരും കാണ്‍കെ രണ്ടു കയ്യും കൊണ്ട് ഞെക്കി പിടിച്ചു ഉടക്കും . എന്നിട്ട് ഞെട്ട് കടിച്ചു കളഞ്ഞിട്ടു , അറ്റത്ത്‌ നിന്നും , ടൂത്ത് പേസ്റ്റ് ഇല്‍ നിന്നും പേസ്റ്റ് വരുന്നത് പോലെ വരുന്ന ഉപ്പുമാങ്ങാ കുഴമ്പു എല്ലാരേയും കൊതിപ്പിച്ചു തിന്നും .

ഞാന്‍ എത്ര പ്രാവശ്യം കൊതി പിടിച്ചു നോക്കി നിന്നിട്ടുണ്ട് ..അതില്‍ ഒരല്‍പം തിന്നാന്‍ എനിക്ക് ഒത്തിരി ആശയുണ്ടായിരുന്നു . അവനോടു ചോദിക്കാനും അഭിമാനം സമ്മതിക്കില്ല . നാലാം ക്ലാസ്സ്‌ കഴിയുന്നത്‌ വരെ അവന്‍ എന്നും ഇങ്ങനെ മാങ്ങ കൊണ്ട് വന്നു കൊതിപ്പിച്ചു തിന്നുമായിരുന്നു .

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും , അന്ന് സ്വാദു പോലും നോക്കാന്‍ പറ്റാതിരുന്ന ഈ രണ്ടു സാധനങ്ങള്‍ക്ക് ഞാന്‍ ലോകത്തുള്ള എല്ലാ സ്വാദും നല്‍കിയിരുന്നു . ഒരു പക്ഷെ അന്ന് അതിന്റെ സ്വാദ് അറിഞ്ഞിരുന്നെങ്കില്‍ ഇങ്ങനത്തെ ഒരിക്കലും തീര്‍ക്കാന്‍ പറ്റാത്ത മോഹം ബാക്കിയുണ്ടാവില്ലായിരുന്നു.പിന്നീട് എത്രയോ തവണ ഞങ്ങള്‍ വീട്ടില്‍ കോണ്‍ക്രീറ്റ് എന്ന ഓമന പേരിട്ടു വിളിക്കുന്ന ഉപ്പുമാവും , ഉപ്പുമാങ്ങയും ഞാന്‍ തിന്നിട്ടും എന്തെ പഴയതിന്, അതും ഒരിക്കലും കഴിക്കാന്‍ പോലും പറ്റാതെ ഇരുന്നതിനു മനസ്സ് ഇത്ര സ്വാദു നല്‍കുന്നു...?

Friday, November 13, 2009

കിണറ്റിലെ മീന്‍..


മൂന്നു നാല് ദിവസം , ഓഫീസില്‍ നിന്ന് ലീവ് എടുത്തു വീട്ടിലിരുന്ന ഒരു അവസരം . രാവിലെ കുട്ടികള്‍ രണ്ടു പേരും സ്കൂളിലും , പുള്ളിക്കാരന്‍ ഓഫീസിലും പോയി . എനിക്ക് പ്രത്യേകിച്ച് പണി ഒന്നും ഇല്ല . മീന്‍കാരന്‍ വന്നപ്പോള്‍ കുറച്ചു ചെറിയ മീനുകള്‍ വാങ്ങി . മീന്‍ വൃത്തിയാക്കി കൊണ്ടിരുന്നപ്പോള്‍ ഒരു ഐഡിയ തോന്നി . കുറച്ചു മീന്‍ ഉണക്കിയാലോ ?

എനിക്ക് ആണെങ്കില്‍ മീന്‍ ഉണക്കി ഒരു പരിചയവും ഇല്ല . അമ്മ പണ്ട് ചെയ്യുന്നത് കണ്ടിട്ടുണ്ട് . ഞങ്ങള്‍ ഈ നാട്ടില്‍ (എറണാകുളം) പള്ളത്തി എന്ന് പറയുന്ന ചെറിയ മീന്‍ ആണ് വാങ്ങിയത്‌ . അതില്‍ നിന്ന് ഒരു 15-20 മീന്‍ ഞാന്‍ എടുത്തു ഉപ്പിട്ട് മാറ്റി വെച്ചു . മീന്‍ ഉണക്കാന്‍ നോക്കിയപ്പോള്‍ ആണ് ഓര്‍ത്തത്‌ , കാക്ക കൊണ്ട് പോവാതെ ഇരിക്കാന്‍ എന്താ വഴി ? എനിക്കാണെങ്കില്‍ മീന്‍ മൂടാന്‍ പറ്റിയ വല ഒന്നും ഇല്ല .


ചേച്ചിയെ ഫോണ്‍ ചെയ്തു . (അതെ , എന്റെ മഴ പോസ്റ്റില്‍ മീന്‍ വിഴുങ്ങിയ കക്ഷിയെ http://raadha.blogspot.com/2009/09/blog-post_25.html ) ചേച്ചിക്ക് എന്തിനും ഉടനെ മറുപടി കാണും . ചേച്ചി പറഞ്ഞു ഒരു പഴയ കുട എടുത്തു തല തിരിച്ചു നിവര്‍ത്തി വെക്കുക . അതിനുള്ളില്‍ മീന്‍ നിരത്തി ഇടുക . വെയിലത്ത്‌ വെക്കുക . കാര്യം സിമ്പിള്‍ . കാക്ക വരില്ല .കാക്കക്ക് കറുപ്പിനെ പേടിയാണത്രെ! .


എന്തായാലും ഞാന്‍ ഒരു പഴയ കുട തപ്പിയെടുത്തു , ചേച്ചി പറഞ്ഞത് പോലെ , മീന്‍ നിരത്തി വെച്ചു . നല്ല വെയില് കൊള്ളുന്നിടത്തു വെക്കണമല്ലോ . വെയില്‍ തപ്പി നടന്നപ്പോ കണ്ടത്‌ ഞങ്ങളുടെ കിണറിന്റെ മുകളിലാണ് നല്ല വെയില്‍ കിട്ടുന്നത് . വീട്ടിലെ കിണര്‍ വളരെ ചെറിയ കിണര്‍ ആണ് . കുടിക്കാന്‍ ഒഴിച്ച് മറ്റെല്ലാ ആവശ്യങ്ങള്‍ക്കും കിണറിലെ വെള്ളം മോട്ടോര്‍ അടിച്ചു എടുക്കുകയാണ് പതിവ് .


ഞാന്‍ നോക്കിയപ്പോ എന്റെ പഴയ കുടയും കിണറിന്റെ വ്യാസവും കൃത്യം പാകം . പിന്നെ ഒട്ടും അമാന്തിച്ചില്ല . കുട കിണറിന്റെ മുകളില്‍ വട്ടം വെച്ചു . ഇനി കാക്കയെ പേടിക്കന്ടെല്ലോ , ഞാന്‍ സ്വസ്ഥമായിട്ട് എന്റെ മറ്റു പണികളില്‍ മുഴുകി . വൈകിട്ട് അവര്‍ എല്ലാം വരുമ്പോള്‍ ഉണക്ക മീന്‍ ഉണ്ടാക്കിയ വിശേഷവും പറയാം എന്ന് കരുതി . ഇടയ്ക്കു ഒന്ന് പോയി നോക്കി. കുഴപ്പമില്ല. കാക്ക ആ സമീപത്തെങ്ങും ഇല്ല. മീന്‍ സുന്ദരമായിട്ടു ഉണങ്ങുന്നുണ്ട്.


ഏതാണ്ട് ഉച്ചയായപ്പോള്‍ ഞാന്‍ t v യും കണ്ടു കൊണ്ട് ഊണ് കഴിക്കയായിരുന്നു . എന്റെ മണിയന്‍ പൂച്ച ആകെ നനഞ്ഞു കുളിച്ചു മേല്‍ മുഴുവന്‍ നക്കി തുടച്ചു കയറി വരുന്നത് കണ്ടു . ഞാന്‍ മനസ്സില്‍ ഓര്‍ത്തു , ഈ പൂച്ച എങ്ങനാ നനഞ്ഞേ ? മഴ ഒന്നും ഇല്ലെല്ലോ ? പുറത്തു കത്തി കാളുന്ന നല്ല വെയില്‍!.


പോസ്റ്റ്‌ വായിക്കുന്നവര്‍ക്ക് കാര്യം പിടികിട്ടി കാണുമല്ലോ . എന്റെ തലയിലും ബള്‍ബ്‌ കത്തി . ഞാന്‍ ഓടി മുറ്റത്തേക്ക്‌ ചെന്ന് കിണറില്‍ നോക്കി !! എന്റെ കുട കിണറിന്റെ പകുതി വഴിയില്‍ തങ്ങി നില്‍ക്കുന്നു . മീന്‍ മുഴുവന്‍ കിണറ്റില്‍ !! താഴെ നക്ഷത്രങ്ങള്‍ തിളങ്ങുന്നത് പോലെ എന്റെ കുഞ്ഞു മീനുകളെ കിണറ്റിലെ വെള്ളത്തില്‍ നന്നായി തെളിഞ്ഞു കാണാം . കൈ എത്തിച്ചു കുടയുടെ കാലില്‍ പിടിച്ചു ഞാന്‍ കുട എടുത്തു . സംഭവം മനസ്സിലായല്ലോ . മീന്‍ കണ്ട പൂച്ച ആര്‍ത്തി മൂത്ത് കുടയിലേക്ക്‌ എടുത്തു ചാടി , പൂച്ചയും മീനും കുടയും കിണറ്റില്‍ !!


ഞാന്‍ എങ്ങനെ ഇത്ര മണ്ടത്തരം കാണിച്ചു എന്നത് എനിക്ക് ഇപ്പോഴും പിടികിട്ടുന്നില്ല . അതോ പൂച്ചയാണോ മണ്ടത്തരം കാണിച്ചത്‌ ? :) മീന്‍ പോയത് പോട്ടെന്നു വെക്കാം . പക്ഷെ , ഇനി ആ മീന്‍ കിണറ്റില്‍ കിടന്നാല്‍ കിണറ്റിലെ വെള്ളം ചീത്ത ആകത്തില്ലേ ?ആകെപ്പാടെ അബദ്ധമായി !! വല്ല ബുക്കും വായിച്ചു ഇരുന്നാല്‍ മതിയായിരുന്നു !!


വൈകിട്ട് , എല്ലാരും വന്നു കഴിഞ്ഞപ്പോള്‍ പയ്യെ കാര്യം പറഞ്ഞു . മോള്‍ക്കും മോനും ചിരി അടക്കാന്‍ പറ്റിയില്ല . പുള്ളിക്കാനെങ്കില്‍ ദേഷ്യം വന്നിട്ടും വയ്യ . ഇനി കിണറ്റില്‍ ചാടാതെ പറ്റുമോ ? ഞങ്ങള്‍ക്കൊക്കെ കരയില്‍ നില്‍ക്കാനല്ലേ അറിയൂ..?ചുരുക്കി പറഞ്ഞാല്‍ അന്ന് സന്ധ്യ വരെ എല്ലാരും കിണറ്റില്‍ നിന്ന് മീനിനെ പുറത്തെടുക്കാനുള്ള ശ്രമത്തിലായിരുന്നു . പുള്ളി കിണറ്റില്‍ ഇറങ്ങി , എങ്ങനെ ഒക്കെയോ മീനുകളെ കുറെ പെറുക്കി എടുത്തു . കുറച്ചു കഴിഞ്ഞപ്പോള്‍ മടുത്തു കയറി വന്നു . പക്ഷെ രണ്ടു ദിവസം കഴിഞ്ഞപ്പോ ബാക്കി മീന്‍ കിടന്നു ചീഞ്ഞു നാറാന്‍ തുടങ്ങി . വീണ്ടും ഇറങ്ങി .....


എന്തിനധികം പറയാന്‍ , ഇപ്പൊ വീട്ടില്‍ ആര്‍ക്കു എന്ത് അബദ്ധം പറ്റിയാലും 'അമ്മ മീന്‍ ഉണക്കിയത് പോലെ ' എന്ന ഒരു പ്രയോഗം നിലവില്‍ വന്നു !!! പറഞ്ഞു പറഞ്ഞു എന്റെ വീട്ടില്‍ മാത്രമല്ല ഞങ്ങളുടെ ബന്ധുക്കളും ഇത് പറയാന്‍ തുടങ്ങിയിട്ടുണ്ട് ..ചേ, ആകെ മോശമായി പോയി ......



Friday, November 6, 2009

പറയേണ്ടായിരുന്നു...

പറയാതിരിക്കാമായിരുന്നു ..
പക്ഷെ
പറഞ്ഞു പോയില്ലേ ?


പറയാതെ അറിയാത്തവരോട്
തീര്‍ച്ചയായും
പറഞ്ഞു
അറിയിക്കേണ്ടായിരുന്നു


പറഞ്ഞു അറിയുന്നതിനേക്കാള്‍
നല്ലത് ,
പറയാതെ
അറിയുന്നതല്ലേ ?


പറഞ്ഞു പോയില്ലേ ..
ഇനി എങ്ങനെ
തിരിച്ചെടുക്കും ?


അറിഞ്ഞു പോയില്ലേ
ഇനി എങ്ങനെ
പറയാതെ അറിയിക്കും


ഒന്നും വേണ്ടായിരുന്നു ..
പറയാതെ ,
അറിയാതെ
ഇരുന്നാല്‍ മതിയായിരുന്നു ..!!