Friday, December 5, 2008

ആരാണ് കള്ളി ?


ഇന്നലെ രാവിലെ ബസ്സില്‍ വെച്ചു ഒരു സംഭവം ഉണ്ടായി. പതിവു ബസ്സ് വന്നില്ല. പിന്നെ തിരക്ക് നോക്കാതെ ഒരു ബസ്സില്‍ കയറി. സൌകര്യത്തിനായിട്ടു ഞാന്‍ ഒരു സീറ്റില്‍ കൈ പിടിച്ചാണ് നിന്നിരുന്നത് . ചൊവ്വേ നേരേ നില്‍ക്കാനും വയ്യ. അത്ര തിരക്ക്. ഞാന്‍ ചാരി നിന്നിരുന്ന സീറ്റില്‍ അറ്റത്ത് ഇരുന്നത് വയസ്സായ ഒരു മുസ്ലീം സ്ത്രീ ആയിരുന്നു.


ഞാന്‍ അവിടെ നിന്നപ്പോ മുതല്‍ തുടങ്ങിയതാണ്‌ അവര് കംപ്ലൈന്റ്റ് ചെയ്യാന്‍ . മുട്ടാതെ നില്‍ക്ക് . മേത്ത് വീഴല്ലേ .അങ്ങനെ. എത്ര ശ്രമിച്ചാലും അവരെ മുട്ടാതെയും തട്ടാതെയും നില്‍ക്കാനും വയ്യ. ബസ്സില്‍ അത്ര തിരക്കുണ്ട്‌ . നിങ്ങള്‍ എന്താ വെണ്ണ ആണോ? ഉരുകിപ്പോവുമോ ? എന്നൊക്കെ ചോദിക്കണമെന്നുണ്ട് . ദേഷ്യം മനസ്സില്‍ അടക്കി .


കുറച്ചു കഴിഞ്ഞപ്പോ അവര്‍ തുടങ്ങി എന്‍റെ ബാഗ് അവരുടെ ദേഹത്ത് ഇടിക്കുന്നു എന്ന്. ആളും ബാഗും കൂടി ദേഹത്ത് വീണാല്‍ ഞാന്‍ എന്ത് ചെയ്യും എന്നൊക്കെ ആയി അടുത്ത ബഹളം . 'ഹൊ, ഇതെന്തു സാധനം', എന്ന ദേഷ്യത്തോടെ ബാഗ് ഞാന്‍ അവരുടെ ദേഹത്ത് മുട്ടാതെ പയ്യെ തള്ളി പിറകിലെക്കിട്ടു .


സത്യം പറഞ്ഞാല്‍ ബസ്സില്‍ ഒരു വല്ലാത്ത തിരക്ക്. എല്ലാരും കൂടെ എന്‍റെ പുറത്തേക്ക് വീണു കിടക്കുന്ന പോലെ. പെട്ടെന്നാണ് ഞാന്‍ ശ്രദ്ധിച്ചത് എന്‍റെ ബാഗിന് ഒരു ഭാരം പോലെ. പിറകിലേക്ക് മാറ്റി ഇട്ടിരുന്ന ബാഗിലേക്കു ഞാന്‍ ഒന്നു തിരിഞ്ഞു നോക്കി. പെട്ടെന്ന് എന്‍റെ ബാഗിന്റെ മുകളില്‍ നിന്നു ഒരു കൈ വലിച്ചെടുത്ത പോലെ എനിക്ക് തോന്നി. കറുത്ത് മെല്ലിച്ച കൈ. ഇപ്പോഴും കണ്മുന്‍പില്‍ ഉണ്ട്.കൈയിന്റെ ഉടമയെ ഞാന്‍ ഒന്നു നോക്കി. ഇളം നീല ചുരിദാര്‍ ഇട്ട ഏതോ ഒരു കോളേജ് student പോലെ തോന്നിപ്പിക്കുന്ന ഒരു പെണ്കുട്ടി.മറ്റൊരു പെണ്‍കുട്ടിയും എന്‍റെ പിറകിലായിട്ട്‌ ഉണ്ട്‌. എന്തായാലും ഞാന്‍ വീണ്ടും ബാഗ് വലിച്ചു മുന്നിലേക്കിട്ടു .(അപ്പോഴും എന്‍റെ ബള്‍ബ് കത്തിയില്ല )


ദാ കേള്‍ക്കുന്നു അപ്പൊ വീണ്ടും നമ്മുടെ വെണ്ണ പാവയുടെ അലര്‍ച്ച . ബാഗ് കൊണ്ടു ഇങ്ങനെ കുത്തല്ലേ . ഇങ്ങോട് താ ഞാന്‍ പിടിക്കാം എന്ന്. വളരെ അധികം സന്തോഷത്തോടെ ബാഗ് ഞാന്‍ അവരുടെ മടിയിലേക്ക്‌ വച്ചു. അപ്പോഴാണ് കണ്ടത് , എന്‍റെ ബാഗിന്‍റെ രണ്ടു സിപ്പും കാല്‍ ഭാഗത്തോളം തുറന്നു കിടക്കുന്നു.വേഗം തന്നെ അത് അടച്ചു പൂട്ടി ഞാന്‍ തിരിഞ്ഞു ആ പെണ്‍കുട്ടിയെ നോക്കി. ചേ , അവള്‍ ആ ഭാഗത്ത് ഒന്നും ഇല്ല. അപ്പോഴേക്കും തിരക്കും ഒരു വിധം തീര്‍ന്നു!! ബസ്സില്‍ മുഴുവന്‍ നോക്കി. ആള്‍ ബസ്സിലേ ഇല്ല. (ഇപ്പൊ ബള്‍ബ് കത്തി!) ഞാന്‍ വേഗം അവരുടെ കൈയ്യില്‍ വെച്ചു തന്നെ ബാഗ് തുറന്നു നോക്കി.അപ്പോഴുണ്ട് എനിക്ക് പേഴ്സ് പോലെ തോന്നിക്കുന്ന ലെതറിന്റെ ഒരു ഡയറക്ടറി ഉണ്ട്. അത് ബാഗിന്‍റെ മുകളിലേക്ക് വലിച്ചു വെച്ചിരിക്കുന്നു !!ഒരു നിമിഷത്തേക്ക് ഉള്ളൊന്നു കാളി .ഇതെല്ലാം 5 മിനിറ്റ് കൊണ്ടു കഴിഞ്ഞു .


അപ്പോഴേക്കും എനിക്ക് ആ ഉമ്മയുടെ അടുത്ത് ഇരിക്കാന്‍ സീറ്റ് കിട്ടി. ഞാന്‍ അവരോട് കാര്യം പറഞ്ഞു. നിങ്ങള്‍ ബാഗ് മേത്ത് മുട്ടുന്നു എന്ന് പറഞ്ഞു തള്ളി പുറകോട്ട് ആക്കിയപ്പോ എന്‍റെ ബാഗില്‍ നിന്നു ആരോ പേഴ്സ് എടുക്കാന്‍ നോക്കി എന്ന്. അപ്പൊ വാദി പ്രതിയായി ." എന്‍റെ മോളെ ബാഗ് ഒക്കെ സൂക്ഷിച്ചു പിടിക്കണ്ടേ" എന്നായി . "ഇന്നാളൊരു ദിവസം എന്‍റെ മോളുടെ രണ്ടായിരം ....." എന്ന് പറഞ്ഞു തുടങ്ങി. 'വല്ലതും പോയോ എന്ന് നോക്കട്ടെ ' എന്ന് പറഞ്ഞു ഞാന്‍ അവരുടെ സംസാരം നിറുത്തിച്ചു .


ഭാഗ്യത്തിന് എന്‍റെ ബാഗില്‍ നിന്നു അങ്ങനെ ആര്‍ക്കും ഒന്നും എടുത്തോണ്ട് പോവാന്‍ എളുപ്പം പറ്റില്ല. നല്ല tight ആയിട്ട് packed ആയിരുന്നു. അതില്‍ , ചോറുപാത്രം , 'zahir '(339 പേജുള്ള നല്ല തടിയന്‍ ബുക്ക് ആണ്), പിന്നെ മേല്‍പറഞ്ഞ ഡയറക്ടറി, അത് കൂടാതെ കാശ് വെച്ചിരുന്ന പേഴ്സ്, ചില്ലറ പൈസ വെച്ചിരിക്കുന്ന വേറെ ഒരു കുട്ടി പേഴ്സ്, പിന്നെ കൊറേ കവറുകള്‍ , ഓഫീസ് കീ , പെന്‍ ഡ്രൈവ് , എന്‍റെ കണ്ണട , കൊന്ത ,പെന്‍, പിന്നെ എന്തൊക്കെയാണ് എന്ന് എനിക്ക് പോലും നിശ്ചയമില്ലാത്ത കൊറേ സാധനങ്ങള്‍ !! ഭാഗ്യത്തിന് മൊബൈല്‍ ഫോണ്‍ വേറേ ഒരു അറയിലായത് കൊണ്ട് അത് അവിടെ തന്നെ ഉണ്ട്.

ഇതില്‍ നിന്നു എത്ര കഷ്ട്ടപ്പെട്ടിട്ടാവും ആ ഡയറക്ടറി പൊക്കിയത് !! സമ്മതിക്കാതെ തരമില്ല . അത് പോയിരുന്നെങ്ങില്‍ ഉള്ള അവസ്ഥ ആലോചിക്കാനേ വയ്യ. ചവറു കടലാസുകളും നല്ല കടലാസുകളും എല്ലാം കൂടെ ഒരുമിച്ചു ഇടുന്നത് കണ്ടു സഹിക്കാതെ അദ്ദേഹം കൊറേ ചീത്തയും പറഞ്ഞു സമ്മാനിച്ചതാണ്‌ അത്. അതില്‍ എന്‍റെ രണ്ടു ATM കാര്‍ഡ്, ഓഫീസ് ഐഡന്റിറ്റി കാര്‍ഡ്, പാന്‍ കാര്‍ഡ്, എന്‍റെ വിസിറ്റിംഗ് കാര്‍ഡ്സ് , അങ്ങനെ വളരെ valuable ആയിട്ടുള്ള സാധനങ്ങളെ ഉള്ളു. ഈശ്വരാ ! അതെങ്ങാന്‍ പോയിരുന്നെങ്ങില്‍ ഉള്ള ഒരു അവസ്ഥ.പേഴ്സ് പോയാലും സഹിക്കാവുന്നതെ ഉള്ളു. ആരുടേയോ കൃപ കൊണ്ട് , ഒരു പക്ഷെ ആ ഉമ്മയുടെ പെരുമാറ്റം അസഹനീയമായി തോന്നിയെങ്ങിലും , അവര്‍ എന്‍റെ ബാഗ് അപ്പൊ തന്നെ വാങ്ങിച്ചു പിടിച്ചില്ലയിരുന്നെങ്ങില്‍ ....


വീട്ടില്‍ വന്നു കഥ പറഞ്ഞപ്പോ അദ്ദേഹം ഒരു ചോദ്യം..'ഇനി ആ ഉമ്മ ഇതേ ഗാങ്ങില്‍ ഉള്ളതാണോ എന്ന്?' ഞാന്‍ ഒരു നിമിഷം ഞെട്ടി പോയി. യ്യോ അങ്ങനെ ഒരു കാര്യം ഞാന്‍ എന്‍റെ ചിന്തയില്‍ വന്നതേ ഇല്ല. അവര്‍ അങ്ങനെ ഉള്ള ആള്‍ അല്ലെന്നു എനിക്ക് തോന്നി. തുടര്‍ന്നുള്ള സംസാരത്തില്‍ നിന്നു എനിക്ക് മനസ്സിലായത് അവര്‍ മകളുടെ വീട്ടില്‍ പോവുകയാണെന്നാണ് . ഈ കള്ളി ഇറങ്ങികഴിഞ്ഞു ഒരു അര മണിക്കൂര്‍ കൂടി സഞ്ചരിച്ച ശേഷമേ അവര്‍ ഇറങ്ങിയുള്ള് . മറിച്ചു ചിന്ടിക്കാനാണ് എനിക്ക് ഇഷ്ടം . അവര്‍ അങ്ങനെ പെരുമാറിയത് കൊണ്ട് എനിക്ക് ഒന്നും നഷ്ടപ്പെട്ടില്ല . അല്ലെങ്കില്‍ എന്‍റെ ഡയറക്ടറി പോയേനെ . ആരേയും വിശ്വസിക്കാന്‍ പറ്റാത്ത ഒരു കാലമാണെന്ന് തോന്നുന്നു ഇതു.സംഭവം വായിച്ചിട്ട് നിങ്ങള്‍ക്ക് എന്തു തോന്നുന്നു?

14 comments:

ശ്രീ said...

ശരിയാണ്. സൂക്ഷിച്ചില്ലെങ്കില്‍...

mayilppeeli said...

രാധാ, ഇതുപോലെ ഒരനുഭവം എനിയ്ക്കുണ്‌ടായിട്ടുണ്ട്‌...പക്ഷെ എനിയ്ക്ക്‌ തന്റെയത്രയും ഭാഗ്യമില്ലായിരുന്നു....ബാഗിന്റെ സിപ്പുതുറക്കുന്ന ശബ്ദംകേട്ട്‌ ഞാനും പെട്ടെന്നുതന്നെ ബാഗു മാറ്റി..... പക്ഷെ എടുക്കേണ്ടതൊക്കെ എടുത്തിട്ട്‌ അവര്‍ സിപ്പടച്ച ശബ്ദമാണെന്നു തോന്നുന്നു ഞാന്‍ കേട്ടത്‌...ഇതുവായിച്ചപ്പോള്‍ ആ കാര്യമാണെനിയ്ക്ക്‌ ഓര്‍മ്മ വന്നത്‌......

യാമിനിമേനോന്‍ said...

എനിക്ക് തോന്നുന്നു അവരും ഈ ഗ്യാങ്ങില്‍ പെട്ട ആള്‍ ആകും എന്ന്.ബസ്സിലെ ഇത്തരം ഒരു അനുഭവം എഴുതികൊണ്ടാണ് ഞാന്‍ ഭൂലോകത്തേക്ക് വന്നത്.

ബസ്സില്‍ സ്ത്രീകളെ ശല്യപ്പെടുത്തുന്ന ആണുങ്ങള്‍.ഇതിനിടയില്‍ പോക്കറ്റടിക്കുവാന്‍ നില്‍ക്കുന്ന പെണ്ണുങ്ങള്‍ ഹോ എന്തൊക്കെ സഹിച്ചുവേണം ഈ നാട്ടില്‍ ജീവിക്കുവാന്‍?

റിനുമോന്‍ said...

സ്വന്തം നിഴലിനെപോലും വിശ്വസിക്കാന്‍ പറ്റുന്നില്ലെന്നു ഏതൊരു സിനിമയില്‍ മമ്മൂട്ടി പറഞ്ഞിട്ടില്ലേ.

raadha said...

@ശ്രീ :) അതെ സൂക്ഷിച്ചേ പറ്റൂ..

@മയില്‍‌പീലി :) ഒന്നും പൊയില്ലെന്ഗിലുമ് ഞാനും ഒന്നു പേടിച്ചു.. ഹേ, ഈ വക ആളുകള്‍ ബാഗ് അടക്കാനോന്നും നില്‍ക്കില്ലന്നേ..എടുത്താല്‍ അപ്പൊ സ്ഥലം വിടും!

@യാമിനി :) ആദ്യമായാണല്ലോ ഈ വഴി? സ്വാഗതം. ഉം ചിലപ്പോ അവരും ഈ ഗ്യാങ്ങില്‍ പെട്ടവര്‍ ആകും..ആരെയും കണ്ണടച്ച് വിശ്വസിക്കാന്‍ വയ്യ എന്നായിട്ടുണ്ട്..കേരളം സുന്ദരം!!

@റിനു :) മമ്മൂട്ടി പറഞ്ഞത് അപ്പടി സത്യം ആണ്..നിഴലിനെ ഒട്ടും വിശ്വസിക്കാന്‍ പറ്റില്ല..ചിലപ്പോ നീണ്ടും കുറുകിയും ഇരിക്കും!! :P

നിറങ്ങള്‍..colors said...

shariyaanu aarranu villain aaraanu sahayikkunnath ennu parayaan pattatha kalam ..
onnum poyillallo..sookshikkanoru munnariyippu..
good post..take care

കാവാലം ജയകൃഷ്ണന്‍ said...

പണ്ടൊരിക്കല്‍ എനിക്കു പറ്റിയേനെ (പിന്നീടൊരിക്കല്‍ പറ്റിയിട്ടുമുണ്ട്‌. അവിടെ വച്ചു തന്നെ) ഒരബദ്ധം. മുംബൈ വി ടി സ്റ്റേഷന്‍. ആകെ മൂന്നു പ്രാവശ്യമേ ഞാന്‍ ആ നഗരത്തില്‍ കാലു കുത്തിയിട്ടുള്ളൂ. ഞാന്‍ മെട്രോ സിനിമയുടെ അവിടെ നിന്നും സ്റ്റേഷനിലേക്കു നടന്നു വരികയാണ്. കയ്യില്‍ ഒരു ഫോള്‍ഡര്‍ ഉള്ളതില്‍ എന്‍റെ ഐഡന്‍റിറ്റി കാര്‍ഡ്‌, എ ടി എം കാര്‍ഡ്‌, ചില വിലപ്പെട്ട ഔദ്യോഗിക രേഖകള്‍ തുടങ്ങി വിലപിടിപ്പുള്ള പലതും.

റെയില്‍ വേ സ്റ്റേഷന്‍റെ അടുത്തായി കമ്പി അഴിയിട്ട ഒരു അറ്റമതിലില്‍ ചാരി ഞാന്‍ മിറിന്‍ഡ കുടിച്ചു നിന്നു. നല്ല ക്ഷീണവുമുണ്ട്‌. ഒരു കീറിപ്പറിഞ്ഞ വേഷമിട്ട, എന്നാല്‍ നല്ല ശരീരമുള്ള ഒരുത്തന്‍ വന്ന് എന്‍റെ നേരേ, മുഖത്തേക്കു തന്നെ നോക്കി നിന്നു. ഞാന്‍ കരുതി മിറിന്‍ഡ കിട്ടുമെന്നു വച്ചായിരിക്കുമെന്ന്. ഞാന്‍ കുടിച്ചു കൊണ്ടിരുന്ന ബോട്ടില്‍ അവനു നേരേ നീട്ടി. പെട്ടെന്ന്‌ അവന്‍ എന്‍റെ നെഞ്ചില്‍ ഒരു കൈ കൊണ്ടു ശക്തമായി തള്ളി മറു കൈ ഫോള്‍ഡറും പിടിച്ചു, നെഞ്ചില്‍ വച്ചിരിക്കുന്ന കൈ കൊണ്ട്‌ പോക്കറ്റില്‍ കയ്യിടുകയാണ് ആശാന്‍. എനിക്കാണെങ്കില്‍ അനങ്ങാന്‍ വയ്യാതെ ചാഞ്ഞു കിടക്കുവാണ്... അനക്കാന്‍ കഴിയുന്നതു വലതുകാല്‍ മാത്രമാണ്. രണ്ടും കല്പിച്ച് ആ കാലങ്ങു ശക്തിയായി പൊക്കി. പ്രതീക്ഷിച്ചതു പോലെ തന്നെ അവന്‍റെ സ്ഥാനത്തു തന്നെ കിട്ടി. അവന്‍ ബാപ്പരേ എന്നു വിളിച്ചു കൊണ്ട്‌ ആ കൈ ഒന്നയച്ച സമയത്ത് ഞാന്‍ അവിടുന്നോടി സ്റ്റേഷനില്‍ കയറി. നല്ല ഭയമുണ്ടായിരുന്നു അവന്‍റെ ഗ്യാങ്ങ് വല്ലതും പിറകേ വരുമോ എന്നു. ആ വഴി പോയ ഒരുത്ത്തനും ഈ സംഭവം നടന്നിട്ട് മൈന്‍ഡ് ചെയ്തു കൂടിയില്ല. പിന്നീട്‌ ഇവിടുന്നു തന്നെ എന്‍റെ 600 രൂപ പോക്കറ്റടിച്ചിട്ടുമുണ്ട്‌.

Sriletha Pillai said...

i too had simila xperience.

ജെ പി വെട്ടിയാട്ടില്‍ said...

വെരി കോമണ്‍ ദീസ് ഡെയ്സ്...
വി ഹേവ് ടു ബി വെരി കെയര്‍ഫുള്‍....... വൈല്‍ ട്രാവലിങ്ങ്..

Lathika subhash said...

ജാഗ്രതൈ!

raadha said...

@നിറങ്ങള്‍ :) :) അതെ, ഒരു മുന്നറിയിപ്പ്.. എനിക്ക് മാത്രമല്ല..മറ്റെല്ലാവര്‍ക്കും.

@ജയകൃഷ്ണന്‍ :) വന്നതിനും വിവരങ്ങള്‍ പങ്കു വച്ചതിനും നന്ദി! മുംബൈയില്‍ നിന്നു ജീവനും കൊണ്ടു രക്ഷപെട്ടത് ഭാഗ്യം. നമ്മള്‍ എത്ര തന്നെ ശ്രദ്ധിച്ചു നിന്നാലും എപ്പോഴാ ഇവന്മാരുടെ കൈയ്യില്‍ പെടുന്നത് എന്നറിയില്ല. പൈസ പോവുന്നതിലല്ല കാര്യം. നമ്മളെ ഒരാള്‍ കബളിപ്പിച്ചല്ലോ എന്നോര്‍ക്കുമ്പോഴാണ്‌ കൂടുതല്‍ സന്ങടം തോന്നുക.

@മൈത്രേയി :) അപ്പൊ നമ്മള്‍ തുല്യ ദുഖം പങ്കിടുന്നവര്‍?

@ജെ പി :) നന്ദി! ഇനിയും കരുതി ഇരിക്കാം.

@ലതി :) അതെ. :) ഈ പോസ്റ്റ് ഇവിടെ ഇട്ടതും എന്നെ പോലെ സന്ച്ചരിക്കുന്നവര്‍ക്ക് വേണ്ടി കൂടിയാണ്.

നിരക്ഷരൻ said...

ആളെത്തന്നെ അടിച്ചുമാറ്റിക്കളയും തരപ്പെട്ടാല്‍, പിന്നല്ലേ ഒരു ബാഗ്.

സൂക്ഷിക്കണം , അത്ര തന്നെ.

raadha said...

@നിരക്ഷരന്‍ :) അതെ സൂക്ഷിക്കണം..ചുറ്റിലും കണ്ണ് വേണം..അതല്ലാതെ വേറെ വഴിയൊന്നുമില്ല.

ClicksandWrites said...

Hello,

Greetings.

Inviting you to list your blog at www.indianbloggersnest.blogspot.com