Sunday, June 20, 2010

നീലിമ

രാവിലെ ഓഫീസിലേക്ക് പോരാന്‍ തിരക്കിട്ട് സാരി ഉടുക്കുമ്പോള്‍ ആണ് ആദ്യമായിട്ട് അത് എന്റെ ശ്രദ്ധയില്‍ പെട്ടത് . എന്റെ ഇടത്തേ കൈയിലെ വിരല്‍ അറ്റം അല്പം നീലിച്ചിരിക്കുന്നു . ഉടനെ മനസ്സില്‍ പോയത് , ഇന്ന് എന്താണാവോ കറിക്ക് അരിഞ്ഞത് എന്നായിരുന്നു .ഉരുള കിഴങ്ങ് ആയിരുന്നു ആകെ കൂടെ ഒന്ന് തൊലി കളഞ്ഞത് . ഓ , ചിലപ്പോ കൂര്‍ക്കയൊക്കെ നന്നാക്കുമ്പോള്‍ വിരല്‍ അറ്റം കറുക്കുക ഇല്ലേ ? അങ്ങനെയാവാം .. ഉരുള കിഴങ്ങിനും അങ്ങനെ വല്ല നിറവ്യത്യാസം വരുത്തുന്ന സ്വഭാവം കാണുമായിരിക്കും .


ചുമ്മാ അങ്ങനെ തള്ളി കളഞ്ഞിട്ടു , കൈ ഒന്ന് കൂടെ സോപ്പ് ഇട്ടു കഴുകി വൃത്തിയാക്കി ഓഫീസിലേക്ക് ഇറങ്ങി . പിന്നെ കൈവിരല്‍ ശ്രദ്ധയില്‍ പെട്ടത് , ഓഫീസില്‍ വന്നു ഏതാണ്ട് 11 മണിയോടെ ആണ് , രാവിലെ കണ്ടതിനേക്കാളും കൈവിരലുകള്‍ നീലിച്ചിരിക്കുന്നു !! മോതിരം കിടക്കുന്ന സ്ഥലം വരെ ഉണ്ട് . ചെയ് , ഇതെന്തു മാരണം , എന്ന് മനസ്സില്‍ ഓര്‍ത്തു .

ഉടനെ തന്നെ ന്യായവും കണ്ടെത്തി . എന്റെ പ്രിന്റെരിന്റെ ഔട്പുട്ട് ചെറുതായിട്ട് മഷി പടര്‍ന്ന്നാണ് കിട്ടുന്നത് . ടോണെര്‍ മാറ്റാന്‍ സമയമായെന്ന് തോന്നുന്നു . രാവിലെയുള്ള തിരക്കില്‍ പല papers പല പ്രാവശ്യം കൈ മറിഞ്ജിട്ടുണ്ട് . അപ്പൊ അതിലെ മഷി കൈയ്യില്‍ പുരണ്ടതാവാം എന്ന് ആശ്വസിച്ചു . ചായ കുടിക്കുന്നതിനു മുന്‍പേ പോയി കൈ കഴുകി സീറ്റില്‍ തിരിച്ചു വന്നു . ഇടത്തേ കൈവിരലുകള്‍ക്ക് മാത്രമേ നിറവ്യത്യാസം കണ്ടുള്ളൂ !!

സമയം ഉച്ചയാവാറായി . വീണ്ടും ശ്രദ്ധ അറിയാതെ കൈയിലേക്ക്‌ പോയി . ദ വീണ്ടും രാവിലെ കണ്ടതിനേക്കാളും കുറെ കൂടെ നീലിച്ചിരിക്കുന്നു ഇടത്തേ വിരലുകള്‍ . എന്നാല്‍ കൈത്തലത്തിലേക്ക് അത് പടര്‍ന്നിട്ടുമില്ല !! ഇപ്പൊ അറിയാതെ മനസ്സില്‍ ഒരു ഭയം ഉണ്ടായി . എന്താണാവോ ഇത് ?വിരലുകളില്‍ പയ്യെ അമര്‍ത്തി നോക്കി . ഹേ , വേദന ഒന്നും ഇല്ല . മരവിപ്പ് ? അതും ഇല്ല . പിന്നെന്തേ ഇങ്ങനെ ? ഇനി തൊലി എങ്ങാന്‍ പൊളിയുമോ?

അടുത്തിരുന്ന ആളെ കാണിച്ചു , യ്യോ ഇതെന്താ , carbon പുരണ്ടതാവും മാഡം ..എന്ന ആശ്വസിപ്പിക്കലും കേട്ടു. ആരോടും പറയാന്‍ പോയില്ല , രാവിലെ മുതല്‍ കാണുന്നതാണ് എന്ന കാര്യം. . ഊണ് കഴിക്കുന്നതിനു മുന്നേ liquid ക്ലീനെര്‍ ഉപയോഗിച്ച് കൈ വൃത്തിയായി കഴുകി . കഴുകുമ്പോള്‍ അങ്ങനെ നിറം അധികം പോവുന്നും ഇല്ല . അദ്ദേഹത്തിനെ വിളിച്ചു പറയണോ എന്ന് ആലോചിച്ചു . വേണ്ട , പാവം , എന്തായാലും അറിയിക്കണ്ട , വീട്ടില്‍ വരുമ്പോള്‍ കാണിക്കാലോ .

ഉച്ചക്ക് ഊണ് കഴിച്ചു കൈ കഴുകി കഴിഞ്ഞു , വീണ്ടും വൈകുന്നേരം ആയപ്പോഴും സ്ഥിതി തഥൈവ . ഇടത്തേ കൈയിലെ വിരലുകള്‍ , നീലിച്ചു ഇരുണ്ടിരിക്കുന്നു . മനസ്സില്‍ ചെറിയ ഭീതിയോടെ , ഞാന്‍ ഓഫീസില്‍ നിന്നും ഇറങ്ങി ..ബസില്‍ ഇരിക്കുമ്പോഴൊക്കെ കറുപ്പ് കളര്‍ കൂടുന്നതല്ലാതെ കുറയുന്നുമില്ല . ആഹ് , എന്തെങ്കിലും ആകട്ടെ , എന്തായാലും വേദനയോ മരവിപ്പോ ഒന്നുമില്ല .

വന്ന ഉടന്‍ കൈ കഴുകി , കാപ്പി കുടിച്ചു .. കുളിക്കാന്‍ സാരി മാറുമ്പോള്‍ ആണ് പെട്ടെന്ന് എന്റെ തലയിലെ ബള്‍ബ്‌ കത്തിയത് ..സംശയ നിവൃത്തിക്കായി ഞാന്‍ ഉടുത്തിരുന്ന കടും നീല സാരിയിലേക്ക് വീണ്ടും വീണ്ടും എന്റെ കൈ ഓടിച്ചു നോക്കി . ഹി ഹി . ദ വീണ്ടും കൈവിരലിന്റെ അറ്റത്തു ചെറുതായി നീല കലര്‍ന്ന കറുപ്പ് നിറം പടരുന്നു ...!!!

എന്റെ പുതിയ ഉജാല നിറമുള്ള നീല സാരി ഒപ്പിച്ച പണിയേ ...:-)

Sunday, June 6, 2010

ഒരു നിമിഷത്തിന്റെ വില

ഒരു നിമിഷം കൊണ്ട് ജീവിതത്തില്‍ എന്തെല്ലാം സംഭവിക്കാം ?എനിക്കിപ്പോള്‍ അങ്ങനെ ചിന്തിക്കാതെ ഇരിക്കാന്‍ വയ്യ .


കുട്ടികള്‍ക്ക് vacation ആയതു കൊണ്ട് ചങ്ങനാശ്ശേരി ലെ ഒരു ബന്ധു വീട്ടില്‍ കല്യാണത്തിന് പോയപ്പോള്‍ ഞങ്ങള്‍ എല്ലാവരെയും കൂടെ കൂട്ടി .. ഒരു നീണ്ട യാത്രയുടെ ത്രില്ലില്‍ ആയിരുന്നു എല്ലാവരും .

ഞങ്ങള്‍ എറണാകുളത്തു നിന്ന് ആലപ്പുഴ വഴി ആണ് പോയത് . ആദ്യമായിട്ടാണ് ഞാന്‍ കുട്ടനാട് കാണുന്നത് . നിറയെ പാടങ്ങളും , താറാവുകളും , കെട്ടുവള്ളങ്ങളും പുതിയ കാഴ്ച തന്നെ ആയിരുന്നു . കല്യാണം ഒക്കെ ഭംഗി ആയി കഴിഞ്ഞു ഞങ്ങള്‍ ഏതാണ്ട് മൂന്നു മണിയോടെ മടക്ക യാത്ര തുടങ്ങി .




അദ്ദേഹമാണ് വണ്ടി ഓടിച്ചിരുന്നത് . എന്റെ കുട്ടികളും അദ്ധേഹത്തിന്റെ ചേച്ചിയും കൂടെ ഉണ്ട് . അവരാണ് പുറകിലെ സീറ്റില്‍ ഇരുന്നിരുന്നത് .കാറില്‍ പഴയ മലയാളം പാട്ടുകള്‍ വെച്ചിട്ടുണ്ട് . അങ്ങനെ ഞങ്ങള്‍ മാരാരിക്കുളം എന്ന സ്ഥലത്ത് എത്തി . ഞായറാഴ്ച ആയതു കൊണ്ട് റോഡില്‍ വലിയ തിരക്കൊന്നും ഇല്ല . വഴിയില്‍ ഇരുവശവും വാക മരങ്ങള്‍ പൂത്ത്‌ നില്‍ക്കുന്നു .



മുന്‍വശത്തെ സീറ്റില്‍ ഇരിക്കുന്ന ഞാന്‍ ഒരിക്കലും യാത്രയുടെ ഇടയില്‍ ഉറങ്ങാറില്ല . എന്തെങ്കിലും ഒക്കെ നമ്മുടെ ആളോട് സംസാരിച്ചു കൊണ്ടിരിക്കാരാന് പതിവ് . പാട്ട് കേട്ട് സ്ടീയരിംഗ് വീലില്‍ താളം പിടിച്ചു കൊണ്ടാണ് അദ്ദേഹം വണ്ടി ഓടിക്കുന്നത് . എല്ലാവര്ക്കും തന്നെ ഉറക്കം വരുന്നുണ്ട് ..



പെട്ടെന്നാണ് എതിര്‍ വശത്ത് നിന്നും ഇളം നീല നിറമുള്ള ഒരു കാര്‍ മറ്റൊരു കാറിനെ ഓവര്‍ടേക്ക് ചെയ്തു വരുന്നത് കണ്ടത് . റോഡില്‍ ധാരാളം സ്ഥലം ഉണ്ട് . ഞങ്ങള്‍ അല്പം സൈഡ് ഒതുങ്ങി പോയാല്‍ മാത്രം മതി . അതിനു പകരം ഞാന്‍ നോക്കുമ്പോള്‍ ഞങ്ങളുടെ കാര്‍ നേരെ വരുന്ന കാറിന്റെ മുന്‍പിലേക്ക് തന്നെ പോവുകയാണ് ...ഒരു നിമിഷം ഞാന്‍ ഉറക്കെ ഒച്ച വെച്ച് കൊണ്ട് പുള്ളിയുടെ കൈക്കിട്ടു ഒരു തട്ട് കൊടുത്തു . ചേച്ചിയും ബഹളം വെച്ചു . കുട്ടികള്‍ മയക്കത്തില്‍ ആയിരുന്നു.



പുള്ളി കണ്ണും തുറന്നു വെച്ച് കൊണ്ട് ഉറങ്ങി പോയതാണ് ...പെട്ടെന്ന് വണ്ടി വേഗം ഇടതു വശത്തേക്ക് വെട്ടിച്ചു , അത് പോലെ തന്നെ എതിരെ വന്ന വണ്ടി വലതു വശത്തേക്കും . ഭാഗ്യത്തിന് ഞങ്ങളുടെ പുറകെ ഇടതു വശം ചേര്‍ന്ന് മറ്റു വണ്ടിയൊന്നും വരുന്നുണ്ടായിരുന്നില്ല !!! എല്ലാം ഒരു ഞൊടിയിടയില്‍ കഴിഞ്ഞു . ആര്‍ക്കും ആര്‍ക്കും ഒന്നും സംഭവിച്ചില്ല . ഇതിനകം കുട്ടികള്‍ രണ്ടും ഞെട്ടി ഉണര്‍ന്നിരുന്നു.പെട്ടെന്നുള്ള ഷോക്ക്‌ കാരണം ആരും ഒന്നും മിണ്ടിയില്ല.



ഇത്രയും നാള്‍ കാര്‍ കൊണ്ട് നടന്നിട്ടും പുള്ളിക്കാരന് ഇങ്ങനെ ഒരു അബദ്ധം പറ്റിയിട്ടില്ല . പിന്നെ ഞങ്ങള്‍ വണ്ടി നിറുത്തി , ഞാന്‍ സ്ഥലം ഒന്ന് ശരിക്കും ശ്രദ്ധിച്ചു . മാരാരിക്കുളം federal ബാങ്ക് ATM ന്റെ മുന്‍പില്‍ വെച്ച് ആണ് സംഭവം . അവിടെ നിന്ന് വെള്ളം വാങ്ങി മുഖം ഒക്കെ കഴുകി , വീണ്ടും യാത്ര തുടര്‍ന്ന് . ഉറക്കം വന്നപ്പോള്‍ വണ്ടി നിറുത്തി സ്ടീയരിംഗ് എനിക്കോ ചേച്ചിക്കോ തന്നാല്‍ മതിയായിരുന്നു . പക്ഷെ ഇതൊക്കെ വീണ്ടു വിചാരങ്ങള്‍ അല്ലെ ? ഇങ്ങനെ ഒന്നും പിന്നീട് ചിന്തിക്കാന്‍ സാധാരണ ഈശ്വരന്‍ അവസരം കൊടുക്കാറില്ല .



വണ്ടിയില്‍ വെച്ച് പിന്നെ ഞങ്ങള്‍ ആരും തന്നെ ഈ കാര്യം സംസാരിച്ചില്ല . കാരണം , സംഭവിക്കാന്‍ പോയതിന്റെ ഭയാനകത പറഞ്ഞു കുട്ടികളെ കൂടി പേടിപ്പിക്കണ്ടല്ലോ.





തിരിച്ചു വീട്ടില്‍ വന്നപ്പോ എന്നോട് പറഞ്ഞു , ഒരു 5 മിനിറ്റ് മുന്നേ തന്നെ പുള്ളിക്കാരന് ഉറക്കം വരുന്നുണ്ടായിരുന്നു . വഴിയില്‍ വെള്ളം ഉള്ള കട നോക്കി കൊണ്ടാണ് ഓടിച്ചതത്രേ . വണ്ടിയില്‍ ഞങ്ങള്‍ കരുതിയിരുന്ന വെള്ളം മുഴുവന്‍ എടുത്തു എല്ലാവരും കൂടി ഞങ്ങളുടെ കാറില്‍ വെച്ചായിരുന്നു കല്യാണം ആഘോഷിക്കാന്‍ രണ്ടെണ്ണം വിട്ടത് . രാവിലത്തെ ഡ്രൈവിംഗ് ഉം , ഉച്ചക്കത്തെ ഹെവി ലഞ്ചും , അതിന്റെ കൂടെ സന്തോഷത്തിനു രണ്ടെണ്ണം വിട്ടതും കൂടി ആയപ്പോഴാണ് വണ്ടി പാളിയത് . ഇനി ഒരിക്കലും ഇങ്ങനെ സംഭവിക്കില്ല . പെട്ടെന്നുള്ള എന്റെ ബഹളം കേട്ടാണ് ഉണര്‍ന്നത് , ആകെ ഒരു നിമിഷമേ ശ്രദ്ധ പാളി പോയുള്ളൂ ...അങ്ങനെ അങ്ങനെ പറഞ്ഞു പറഞ്ഞു സങ്കടപ്പെടുന്നുണ്ടായിരുന്നു .



പക്ഷെ എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ പിന്നെ ആരുടേയും പൊടി കിട്ടുമായിരുന്നില്ല . എതിരെ വരുന്ന വണ്ടിയുമായുള്ള കൂട്ടിയിടി ആയതു കൊണ്ട് അതിന്റെ impact വളരെ വലുതാകും . എല്ലാവര്ക്കും രാധയുടെയും കുടുംബത്തിന്റെയും പടം പത്രത്തില്‍ കാണാമായിരുന്നു !!! :-)



ഇത്രക്കല്ലെയുള്ളൂ നമ്മള്‍ കെട്ടി പടുത്തതെല്ലാം ? അറിയില്ല , എന്തോ ദൈവാനുഗ്രഹം ഉണ്ട് , അത് ഞങ്ങള്‍ക്കോ അതോ എതിരെ വന്ന കാറില്‍ ഉണ്ടായിരുന്നവര്‍ക്കോ എന്നറിയില്ല . ഇനിയും എന്തെങ്കിലും ഒക്കെ കാര്യങ്ങള്‍ എനിക്ക് ഇവിടെ ചെയ്തു തീര്‍ക്കാന്‍ ബാക്കി വെച്ച് കാണും ഈശ്വരന്‍ ..അല്ലെങ്കില്‍ നിങ്ങളോടെല്ലാം വന്നു ഈ സംഭവം പറയണം എന്നുണ്ടാവും .



അത് കൊണ്ട് എന്റെ കൂട്ടുകാര്‍ വണ്ടിയോടിക്കുമ്പോള്‍ ഇങ്ങനെ ഒരു അബദ്ധം വരാതെ നോക്കണം കേട്ടോ . ഒരു നിമിഷം കൊണ്ട് എത്രയോ പേരുടെ എന്തെല്ലാം സ്വപ്‌നങ്ങള്‍ തകര്‍ന്നേനെ .......എല്ലാവരും ഒരുമിച്ചങ്ങോട്ടു പോയിരുന്നെങ്കില്‍ സങ്കടമില്ലായിരുന്നു , ആരേലും ബാക്കി വന്നാല്‍ ....?



മനസ്സില്‍ ഓര്‍ക്കാന്‍ തീരെ ഇഷ്ടപ്പെടാത്ത ഒരു സബ്ജെകട്മായിട്ടാണ് ഞാന്‍ തിരിച്ചു വന്നിരിക്കുന്നത് . എല്ലാവരും പൊറുക്കുക . ഈ പോസ്റ്റ്‌ ഒരു മുന്‍കരുതല്‍ എടുക്കാന്‍ ആരെ എങ്കിലും സഹായിക്കുമെങ്കില്‍ എന്ന് ആശിച്ചു കൊണ്ട് ...


സസ്നേഹം ,


രാധ .