മൂന്നു നാല് ദിവസം , ഓഫീസില്‍ നിന്ന് ലീവ് എടുത്തു വീട്ടിലിരുന്ന ഒരു അവസരം . രാവിലെ കുട്ടികള്‍ രണ്ടു പേരും സ്കൂളിലും , പുള്ളിക്കാരന്‍ ഓഫീസിലും പോയി . എനിക്ക് പ്രത്യേകിച്ച് പണി ഒന്നും ഇല്ല . മീന്‍കാരന്‍ വന്നപ്പോള്‍ കുറച്ചു ചെറിയ മീനുകള്‍ വാങ്ങി . മീന്‍ വൃത്തിയാക്കി കൊണ്ടിരുന്നപ്പോള്‍ ഒരു ഐഡിയ തോന്നി . കുറച്ചു മീന്‍ ഉണക്കിയാലോ ?
എനിക്ക് ആണെങ്കില്‍ മീന്‍ ഉണക്കി ഒരു പരിചയവും ഇല്ല . അമ്മ പണ്ട് ചെയ്യുന്നത് കണ്ടിട്ടുണ്ട് . ഞങ്ങള്‍ ഈ നാട്ടില്‍ (എറണാകുളം) പള്ളത്തി എന്ന് പറയുന്ന ചെറിയ മീന്‍ ആണ് വാങ്ങിയത് . അതില്‍ നിന്ന് ഒരു 15-20 മീന്‍ ഞാന്‍ എടുത്തു ഉപ്പിട്ട് മാറ്റി വെച്ചു . മീന്‍ ഉണക്കാന്‍ നോക്കിയപ്പോള്‍ ആണ് ഓര്‍ത്തത് , കാക്ക കൊണ്ട് പോവാതെ ഇരിക്കാന്‍ എന്താ വഴി ? എനിക്കാണെങ്കില്‍ മീന്‍ മൂടാന്‍ പറ്റിയ വല ഒന്നും ഇല്ല .
ചേച്ചിയെ ഫോണ്‍ ചെയ്തു . (അതെ , എന്റെ മഴ പോസ്റ്റില്‍ മീന്‍ വിഴുങ്ങിയ കക്ഷിയെ http://raadha.blogspot.com/2009/09/blog-post_25.html ) ചേച്ചിക്ക് എന്തിനും ഉടനെ മറുപടി കാണും . ചേച്ചി പറഞ്ഞു ഒരു പഴയ കുട എടുത്തു തല തിരിച്ചു നിവര്‍ത്തി വെക്കുക . അതിനുള്ളില്‍ മീന്‍ നിരത്തി ഇടുക . വെയിലത്ത് വെക്കുക . കാര്യം സിമ്പിള്‍ . കാക്ക വരില്ല .കാക്കക്ക് കറുപ്പിനെ പേടിയാണത്രെ! .
എന്തായാലും ഞാന്‍ ഒരു പഴയ കുട തപ്പിയെടുത്തു , ചേച്ചി പറഞ്ഞത് പോലെ , മീന്‍ നിരത്തി വെച്ചു . നല്ല വെയില് കൊള്ളുന്നിടത്തു വെക്കണമല്ലോ . വെയില്‍ തപ്പി നടന്നപ്പോ കണ്ടത് ഞങ്ങളുടെ കിണറിന്റെ മുകളിലാണ് നല്ല വെയില്‍ കിട്ടുന്നത് . വീട്ടിലെ കിണര്‍ വളരെ ചെറിയ കിണര്‍ ആണ് . കുടിക്കാന്‍ ഒഴിച്ച് മറ്റെല്ലാ ആവശ്യങ്ങള്‍ക്കും കിണറിലെ വെള്ളം മോട്ടോര്‍ അടിച്ചു എടുക്കുകയാണ് പതിവ് .
ഞാന്‍ നോക്കിയപ്പോ എന്റെ പഴയ കുടയും കിണറിന്റെ വ്യാസവും കൃത്യം പാകം . പിന്നെ ഒട്ടും അമാന്തിച്ചില്ല . കുട കിണറിന്റെ മുകളില്‍ വട്ടം വെച്ചു . ഇനി കാക്കയെ പേടിക്കന്ടെല്ലോ , ഞാന്‍ സ്വസ്ഥമായിട്ട് എന്റെ മറ്റു പണികളില്‍ മുഴുകി . വൈകിട്ട് അവര്‍ എല്ലാം വരുമ്പോള്‍ ഉണക്ക മീന്‍ ഉണ്ടാക്കിയ വിശേഷവും പറയാം എന്ന് കരുതി . ഇടയ്ക്കു ഒന്ന് പോയി നോക്കി. കുഴപ്പമില്ല. കാക്ക ആ സമീപത്തെങ്ങും ഇല്ല. മീന്‍ സുന്ദരമായിട്ടു ഉണങ്ങുന്നുണ്ട്.
ഏതാണ്ട് ഉച്ചയായപ്പോള്‍ ഞാന്‍ t v യും കണ്ടു കൊണ്ട് ഊണ് കഴിക്കയായിരുന്നു . എന്റെ മണിയന്‍ പൂച്ച ആകെ നനഞ്ഞു കുളിച്ചു മേല്‍ മുഴുവന്‍ നക്കി തുടച്ചു കയറി വരുന്നത് കണ്ടു . ഞാന്‍ മനസ്സില്‍ ഓര്‍ത്തു , ഈ പൂച്ച എങ്ങനാ നനഞ്ഞേ ? മഴ ഒന്നും ഇല്ലെല്ലോ ? പുറത്തു കത്തി കാളുന്ന നല്ല വെയില്‍!.
പോസ്റ്റ് വായിക്കുന്നവര്‍ക്ക് കാര്യം പിടികിട്ടി കാണുമല്ലോ . എന്റെ തലയിലും ബള്‍ബ് കത്തി . ഞാന്‍ ഓടി മുറ്റത്തേക്ക് ചെന്ന് കിണറില്‍ നോക്കി !! എന്റെ കുട കിണറിന്റെ പകുതി വഴിയില്‍ തങ്ങി നില്‍ക്കുന്നു . മീന്‍ മുഴുവന്‍ കിണറ്റില്‍ !! താഴെ നക്ഷത്രങ്ങള്‍ തിളങ്ങുന്നത് പോലെ എന്റെ കുഞ്ഞു മീനുകളെ കിണറ്റിലെ വെള്ളത്തില്‍ നന്നായി തെളിഞ്ഞു കാണാം . കൈ എത്തിച്ചു കുടയുടെ കാലില്‍ പിടിച്ചു ഞാന്‍ കുട എടുത്തു . സംഭവം മനസ്സിലായല്ലോ . മീന്‍ കണ്ട പൂച്ച ആര്‍ത്തി മൂത്ത് കുടയിലേക്ക് എടുത്തു ചാടി , പൂച്ചയും മീനും കുടയും കിണറ്റില്‍ !!
ഞാന്‍ എങ്ങനെ ഇത്ര മണ്ടത്തരം കാണിച്ചു എന്നത് എനിക്ക് ഇപ്പോഴും പിടികിട്ടുന്നില്ല . അതോ പൂച്ചയാണോ മണ്ടത്തരം കാണിച്ചത് ? :) മീന്‍ പോയത് പോട്ടെന്നു വെക്കാം . പക്ഷെ , ഇനി ആ മീന്‍ കിണറ്റില്‍ കിടന്നാല്‍ കിണറ്റിലെ വെള്ളം ചീത്ത ആകത്തില്ലേ ?ആകെപ്പാടെ അബദ്ധമായി !! വല്ല ബുക്കും വായിച്ചു ഇരുന്നാല്‍ മതിയായിരുന്നു !!
വൈകിട്ട് , എല്ലാരും വന്നു കഴിഞ്ഞപ്പോള്‍ പയ്യെ കാര്യം പറഞ്ഞു . മോള്‍ക്കും മോനും ചിരി അടക്കാന്‍ പറ്റിയില്ല . പുള്ളിക്കാനെങ്കില്‍ ദേഷ്യം വന്നിട്ടും വയ്യ . ഇനി കിണറ്റില്‍ ചാടാതെ പറ്റുമോ ? ഞങ്ങള്‍ക്കൊക്കെ കരയില്‍ നില്‍ക്കാനല്ലേ അറിയൂ..?ചുരുക്കി പറഞ്ഞാല്‍ അന്ന് സന്ധ്യ വരെ എല്ലാരും കിണറ്റില്‍ നിന്ന് മീനിനെ പുറത്തെടുക്കാനുള്ള ശ്രമത്തിലായിരുന്നു . പുള്ളി കിണറ്റില്‍ ഇറങ്ങി , എങ്ങനെ ഒക്കെയോ മീനുകളെ കുറെ പെറുക്കി എടുത്തു . കുറച്ചു കഴിഞ്ഞപ്പോള്‍ മടുത്തു കയറി വന്നു . പക്ഷെ രണ്ടു ദിവസം കഴിഞ്ഞപ്പോ ബാക്കി മീന്‍ കിടന്നു ചീഞ്ഞു നാറാന്‍ തുടങ്ങി . വീണ്ടും ഇറങ്ങി .....
എന്തിനധികം പറയാന്‍ , ഇപ്പൊ വീട്ടില്‍ ആര്‍ക്കു എന്ത് അബദ്ധം പറ്റിയാലും 'അമ്മ മീന്‍ ഉണക്കിയത് പോലെ ' എന്ന ഒരു പ്രയോഗം നിലവില്‍ വന്നു !!! പറഞ്ഞു പറഞ്ഞു എന്റെ വീട്ടില്‍ മാത്രമല്ല ഞങ്ങളുടെ ബന്ധുക്കളും ഇത് പറയാന്‍ തുടങ്ങിയിട്ടുണ്ട് ..ചേ, ആകെ മോശമായി പോയി ......

