Friday, November 13, 2009

കിണറ്റിലെ മീന്‍..


മൂന്നു നാല് ദിവസം , ഓഫീസില്‍ നിന്ന് ലീവ് എടുത്തു വീട്ടിലിരുന്ന ഒരു അവസരം . രാവിലെ കുട്ടികള്‍ രണ്ടു പേരും സ്കൂളിലും , പുള്ളിക്കാരന്‍ ഓഫീസിലും പോയി . എനിക്ക് പ്രത്യേകിച്ച് പണി ഒന്നും ഇല്ല . മീന്‍കാരന്‍ വന്നപ്പോള്‍ കുറച്ചു ചെറിയ മീനുകള്‍ വാങ്ങി . മീന്‍ വൃത്തിയാക്കി കൊണ്ടിരുന്നപ്പോള്‍ ഒരു ഐഡിയ തോന്നി . കുറച്ചു മീന്‍ ഉണക്കിയാലോ ?

എനിക്ക് ആണെങ്കില്‍ മീന്‍ ഉണക്കി ഒരു പരിചയവും ഇല്ല . അമ്മ പണ്ട് ചെയ്യുന്നത് കണ്ടിട്ടുണ്ട് . ഞങ്ങള്‍ ഈ നാട്ടില്‍ (എറണാകുളം) പള്ളത്തി എന്ന് പറയുന്ന ചെറിയ മീന്‍ ആണ് വാങ്ങിയത്‌ . അതില്‍ നിന്ന് ഒരു 15-20 മീന്‍ ഞാന്‍ എടുത്തു ഉപ്പിട്ട് മാറ്റി വെച്ചു . മീന്‍ ഉണക്കാന്‍ നോക്കിയപ്പോള്‍ ആണ് ഓര്‍ത്തത്‌ , കാക്ക കൊണ്ട് പോവാതെ ഇരിക്കാന്‍ എന്താ വഴി ? എനിക്കാണെങ്കില്‍ മീന്‍ മൂടാന്‍ പറ്റിയ വല ഒന്നും ഇല്ല .


ചേച്ചിയെ ഫോണ്‍ ചെയ്തു . (അതെ , എന്റെ മഴ പോസ്റ്റില്‍ മീന്‍ വിഴുങ്ങിയ കക്ഷിയെ http://raadha.blogspot.com/2009/09/blog-post_25.html ) ചേച്ചിക്ക് എന്തിനും ഉടനെ മറുപടി കാണും . ചേച്ചി പറഞ്ഞു ഒരു പഴയ കുട എടുത്തു തല തിരിച്ചു നിവര്‍ത്തി വെക്കുക . അതിനുള്ളില്‍ മീന്‍ നിരത്തി ഇടുക . വെയിലത്ത്‌ വെക്കുക . കാര്യം സിമ്പിള്‍ . കാക്ക വരില്ല .കാക്കക്ക് കറുപ്പിനെ പേടിയാണത്രെ! .


എന്തായാലും ഞാന്‍ ഒരു പഴയ കുട തപ്പിയെടുത്തു , ചേച്ചി പറഞ്ഞത് പോലെ , മീന്‍ നിരത്തി വെച്ചു . നല്ല വെയില് കൊള്ളുന്നിടത്തു വെക്കണമല്ലോ . വെയില്‍ തപ്പി നടന്നപ്പോ കണ്ടത്‌ ഞങ്ങളുടെ കിണറിന്റെ മുകളിലാണ് നല്ല വെയില്‍ കിട്ടുന്നത് . വീട്ടിലെ കിണര്‍ വളരെ ചെറിയ കിണര്‍ ആണ് . കുടിക്കാന്‍ ഒഴിച്ച് മറ്റെല്ലാ ആവശ്യങ്ങള്‍ക്കും കിണറിലെ വെള്ളം മോട്ടോര്‍ അടിച്ചു എടുക്കുകയാണ് പതിവ് .


ഞാന്‍ നോക്കിയപ്പോ എന്റെ പഴയ കുടയും കിണറിന്റെ വ്യാസവും കൃത്യം പാകം . പിന്നെ ഒട്ടും അമാന്തിച്ചില്ല . കുട കിണറിന്റെ മുകളില്‍ വട്ടം വെച്ചു . ഇനി കാക്കയെ പേടിക്കന്ടെല്ലോ , ഞാന്‍ സ്വസ്ഥമായിട്ട് എന്റെ മറ്റു പണികളില്‍ മുഴുകി . വൈകിട്ട് അവര്‍ എല്ലാം വരുമ്പോള്‍ ഉണക്ക മീന്‍ ഉണ്ടാക്കിയ വിശേഷവും പറയാം എന്ന് കരുതി . ഇടയ്ക്കു ഒന്ന് പോയി നോക്കി. കുഴപ്പമില്ല. കാക്ക ആ സമീപത്തെങ്ങും ഇല്ല. മീന്‍ സുന്ദരമായിട്ടു ഉണങ്ങുന്നുണ്ട്.


ഏതാണ്ട് ഉച്ചയായപ്പോള്‍ ഞാന്‍ t v യും കണ്ടു കൊണ്ട് ഊണ് കഴിക്കയായിരുന്നു . എന്റെ മണിയന്‍ പൂച്ച ആകെ നനഞ്ഞു കുളിച്ചു മേല്‍ മുഴുവന്‍ നക്കി തുടച്ചു കയറി വരുന്നത് കണ്ടു . ഞാന്‍ മനസ്സില്‍ ഓര്‍ത്തു , ഈ പൂച്ച എങ്ങനാ നനഞ്ഞേ ? മഴ ഒന്നും ഇല്ലെല്ലോ ? പുറത്തു കത്തി കാളുന്ന നല്ല വെയില്‍!.


പോസ്റ്റ്‌ വായിക്കുന്നവര്‍ക്ക് കാര്യം പിടികിട്ടി കാണുമല്ലോ . എന്റെ തലയിലും ബള്‍ബ്‌ കത്തി . ഞാന്‍ ഓടി മുറ്റത്തേക്ക്‌ ചെന്ന് കിണറില്‍ നോക്കി !! എന്റെ കുട കിണറിന്റെ പകുതി വഴിയില്‍ തങ്ങി നില്‍ക്കുന്നു . മീന്‍ മുഴുവന്‍ കിണറ്റില്‍ !! താഴെ നക്ഷത്രങ്ങള്‍ തിളങ്ങുന്നത് പോലെ എന്റെ കുഞ്ഞു മീനുകളെ കിണറ്റിലെ വെള്ളത്തില്‍ നന്നായി തെളിഞ്ഞു കാണാം . കൈ എത്തിച്ചു കുടയുടെ കാലില്‍ പിടിച്ചു ഞാന്‍ കുട എടുത്തു . സംഭവം മനസ്സിലായല്ലോ . മീന്‍ കണ്ട പൂച്ച ആര്‍ത്തി മൂത്ത് കുടയിലേക്ക്‌ എടുത്തു ചാടി , പൂച്ചയും മീനും കുടയും കിണറ്റില്‍ !!


ഞാന്‍ എങ്ങനെ ഇത്ര മണ്ടത്തരം കാണിച്ചു എന്നത് എനിക്ക് ഇപ്പോഴും പിടികിട്ടുന്നില്ല . അതോ പൂച്ചയാണോ മണ്ടത്തരം കാണിച്ചത്‌ ? :) മീന്‍ പോയത് പോട്ടെന്നു വെക്കാം . പക്ഷെ , ഇനി ആ മീന്‍ കിണറ്റില്‍ കിടന്നാല്‍ കിണറ്റിലെ വെള്ളം ചീത്ത ആകത്തില്ലേ ?ആകെപ്പാടെ അബദ്ധമായി !! വല്ല ബുക്കും വായിച്ചു ഇരുന്നാല്‍ മതിയായിരുന്നു !!


വൈകിട്ട് , എല്ലാരും വന്നു കഴിഞ്ഞപ്പോള്‍ പയ്യെ കാര്യം പറഞ്ഞു . മോള്‍ക്കും മോനും ചിരി അടക്കാന്‍ പറ്റിയില്ല . പുള്ളിക്കാനെങ്കില്‍ ദേഷ്യം വന്നിട്ടും വയ്യ . ഇനി കിണറ്റില്‍ ചാടാതെ പറ്റുമോ ? ഞങ്ങള്‍ക്കൊക്കെ കരയില്‍ നില്‍ക്കാനല്ലേ അറിയൂ..?ചുരുക്കി പറഞ്ഞാല്‍ അന്ന് സന്ധ്യ വരെ എല്ലാരും കിണറ്റില്‍ നിന്ന് മീനിനെ പുറത്തെടുക്കാനുള്ള ശ്രമത്തിലായിരുന്നു . പുള്ളി കിണറ്റില്‍ ഇറങ്ങി , എങ്ങനെ ഒക്കെയോ മീനുകളെ കുറെ പെറുക്കി എടുത്തു . കുറച്ചു കഴിഞ്ഞപ്പോള്‍ മടുത്തു കയറി വന്നു . പക്ഷെ രണ്ടു ദിവസം കഴിഞ്ഞപ്പോ ബാക്കി മീന്‍ കിടന്നു ചീഞ്ഞു നാറാന്‍ തുടങ്ങി . വീണ്ടും ഇറങ്ങി .....


എന്തിനധികം പറയാന്‍ , ഇപ്പൊ വീട്ടില്‍ ആര്‍ക്കു എന്ത് അബദ്ധം പറ്റിയാലും 'അമ്മ മീന്‍ ഉണക്കിയത് പോലെ ' എന്ന ഒരു പ്രയോഗം നിലവില്‍ വന്നു !!! പറഞ്ഞു പറഞ്ഞു എന്റെ വീട്ടില്‍ മാത്രമല്ല ഞങ്ങളുടെ ബന്ധുക്കളും ഇത് പറയാന്‍ തുടങ്ങിയിട്ടുണ്ട് ..ചേ, ആകെ മോശമായി പോയി ......



39 comments:

VEERU said...

ആദ്യം തേങ്ങ ““““ഠോ””””
സംഭവം കലക്കി ഇനി ഈ പഴമൊഴി ഞാനും പ്രയോഗിച്ചു തുടങ്ങാം ട്ടാ..
“രാധച്ചേച്ചി(?)മീൻ ഉണക്കിയ പോലെ” എന്ന്...ഹി ഹി
ആത്മാർത്ഥമായ കഥപറച്ചിൽ നന്നായിട്ടുണ്ട് ..
ആശംസകൾ!!

Bindhu Unny said...

എന്നാലും രാധേ ഇങ്ങനെ മീന്‍ ഉണക്കണ്ടായിരുന്നു. ആഴമില്ലാത്ത കിണറായതുകൊണ്ട് നന്നായി. അല്ലേല്‍ പൂച്ചയും അതില്‍ പെട്ടുപോയേനേ. :)

oabഒഎബി said...

പറ്റിത്തം വിഡ്ഡി എന്ന് പറഞ്ഞാൽ മതിയല്ലൊ.
പൂച്ചക്ക് ഒന്ന് നക്കാനും
ഞങ്ങൾക്ക് ഒന്ന് ചിരിക്കാനും
നിങ്ങൾക്ക് ഒര് പോസ്റ്റിനും
കുട്ടികൾക്ക് എന്നുമെന്നും പറയാനും.

സംഭവങ്ങൾ ഉണ്ടാവുന്നത്!!

ഏ.ആര്‍. നജീം said...

ഹ ഹാ... അധപതനത്തില്‍ നിന്നും ഹാസ്യം ഉണ്ടാകും എന്ന് കേട്ടിട്ടുണ്ട് ദെ ഇപ്പൊ കണ്ടു...

അതില്‍ വല്ലമീനും കിണറ്റില്‍ പുനര്‍‌ജ്നം പ്രാപിച്ചോ ആവോ

ഗീത said...

എന്തായാലും ഒരു പുതിയ ചൊല്ലു കിട്ടിയല്ലോ?

ആ മണിയന്‍ പൂച്ച എങ്ങനാ കിണറ്റില്‍ നിന്ന് കരകയറിയത്? പാവം അതിനകത്ത് പെട്ടുപോകാത്തതു ഭാഗ്യം.

Sands | കരിങ്കല്ല് said...

വാക്യത്തില്‍ പ്രയോഗിക്കുക: “രാധചേച്ചി മീനുണക്കിയ പോലെ”...

ഇനി പരീക്ഷക്കൊക്കെ അങ്ങനെ ചോദ്യം വരുമായിരിക്കും അല്ലേ? ;)

raadha said...

@VEERU :) തേങ്ങാ സ്വീകരിച്ചിരിക്കുന്നു! തേങ്ങയ്ക്കൊക്കെ ഇപ്പൊ നല്ല വിലയല്ലേ? ഈ പോസ്റ്റ്‌ ഇട്ടപ്പോ കരുതീതാ സ്വയം പാറ ആകുമോ എന്ന്. എന്നാലും സാരമില്ല..ഇങ്ങനെ തന്നെ ആണല്ലോ സംഭവിച്ചത്...ആശംസകള്‍ക്ക് നന്ദി ട്ടോ.

@Bindhu :) പൂച്ച മിക്കവാറും കിണറ്റിലേക്ക് പോയി കാണില്ല..കുട തടസ്സം നിന്ന് കാണും. കുടയില്‍ ഇരുന്നാവും ആശാന്‍ നനഞ്ഞത്‌.

@OAB :) പാവം പൂച്ച ആണ് വല്ലാതെ വിഡ്ഢി ആയത്‌. അതിനു മീനിനു പകരം വെള്ളം കുടിച്ചു ചാകേണ്ടി വന്നേനെ. ഇതിലെ വന്നതില്‍ സന്തോഷം.

@നജീം :) അറിയില്ല മാഷെ, രാത്രി ഉറക്കത്തില്‍ ഇത് വരെ മീനിന്റെ പ്രേതം ഒന്നും വന്നു ശല്യപ്പെടുത്തിയിട്ടില്ല. ആല്ലെങ്കില്‍ കൂട്ട ആത്മഹത്യക്ക് സമാധാനം പറയേണ്ടി വന്നേനെ.

@ഗീത :) അതെ, എന്റെ മോള്‍ സംഭവം അറിഞ്ഞപ്പോ എന്നെ കണ്ണുരുട്ടി നോക്കിയിട്ട് പൂച്ചയെ തപ്പി പോയി. അതിനു വല്ലതും പറ്റിയോ എന്നായിരുന്നു അവളുടെ സങ്കടം. പൂച്ച കിണറില്‍ വീണു കാണില്ല..കുടയോടെ നനഞ്ഞു കാണും. ഗീതയും ഒരു പൂച്ചയെ മാതിരി ഇരിക്കുന്നുണ്ടല്ലോ? :)

raadha said...

@sands :) ഇനി അഥവാ അങ്ങനെ ചോദ്യം വന്നാലും, നിങ്ങള്‍ക്കൊക്കെ ഫുള്‍ മാര്‍ക്സ് കിട്ടുമല്ലോ. അല്ലെ? അത് മതീലോ. :)

വീകെ said...

എന്തായാലും രാധേച്ചിക്കൊരു പോസ്റ്റും..
ഞങ്ങൾക്കൊരു പഴഞ്ചൊല്ലുമായി...
“ബ്ലൊ-രാധേച്ചി മീനുണക്കിയ പോലെ...”
ഹ..ഹ...ഹ...ഹ

ആശംസകൾ..

നിറങ്ങള്‍..colors said...

"raadha meenunakkiyath pole "njan paranju thudangi kazhinju..:)

അരുണ്‍ കരിമുട്ടം said...

ഹ..ഹ..ഹ
എന്തായാലും പുതിയൊരു ചെല്ല്‌ ഉണ്ടായല്ലോ?
അബദ്ധങ്ങള്‍ അബദ്ധങ്ങള്‍ തന്നെ പാരില്‍!!

Typist | എഴുത്തുകാരി said...

ആഴം കുറഞ്ഞ കിണറായതുകൊണ്ട് പ്രശ്നമുണ്ടായില്ല. എന്നാലും പൂച്ച എങ്ങനെ കയറിപ്പോന്നു, അതാണെനിക്കു മനസ്സിലാവാത്തതു്.

raadha said...

@വീ.കെ :) എന്തായാലും 'ബ്ലോ-രാധേച്ചി' എന്ന വിളി കലക്കി. ഇന്നലെ കൊണ്ടാട്ടം മുളക് ഉണക്കാന്‍ ഞാന്‍ മോനെ ഏല്പിച്ചു. അവന്‍ അത് മതിലിനു മുകളില്‍ വെച്ചു. അത് അവിടെ വെച്ചാല്‍ മറിഞ്ഞു പോവില്ലേ എന്ന് ഞാന്‍ ചോദിച്ചപ്പോ..'എന്നാലും കിണറ്റിലേക്ക് പോവില്ലെല്ലോ അമ്മെ' എന്നായിരുന്നു മറുപടി. ഹഹ. ഇനി എന്നാണാവോ ഇവര്‍ ഇത് മറക്കുന്നത് :O

@നിറങ്ങള്‍ :) ഉം..ഇപ്പോള്‍ ചിരിച്ചോ. നാളെ നിനക്കും ഇത് പോലെ പറ്റുമ്പോഴും ചിരിച്ചാല്‍ മതിയായിരുന്നു.

@അരുണ്‍ :) അതെ, ഇങ്ങനെ ഒക്കെ ആകാം ഓരോ പഴംചൊല്ലുകള്‍ ഉണ്ടാകുന്നത്. തിരക്കിനിടയിലും ഇതിലെ വന്നതിനു നന്ദി!

@typist :) പൂച്ചയല്ലേ? മോട്ടോറിന്റെ കുഴല്‍ അത് വഴി പോകുന്നുണ്ട്. അല്ലെങ്കില്‍ തന്നെ അവനു നല്ല ആയുസ്സാണ്.

നന്ദന said...

അങ്ങനെ ഉണക്കമീനിനോടുള്ള ആര്‍ത്തി അവിടെ അവസാനിച്ചു ... അല്ലെ ? എന്നാലും ഇത്രേം ആര്‍ത്തി വേണ്ടായിരുന്നു ........വരികള്‍ക്കിടയിലൂടെ ..നന്നായിരിക്കുന്നു
നന്‍മകള്‍ നേരുന്നു
നന്ദന

ramanika said...
This comment has been removed by the author.
ramanika said...

മീന്‍ വാങ്ങി ഉണക്കാന്‍ നോക്കിയതു നന്നായി
ഒരു പോസ്റ്റും 'അമ്മ മീന്‍ ഉണക്കിയത് പോലെ ' എന്ന ഒരു പ്രയോഗവും കിട്ടിയല്ലോ ..........

T.A. RASHEED said...

സാരമില്ല ചേച്ചി .............ഇനി മീനുണക്കുമ്പോള്‍പൂച്ച തട്ടി കിണറ്റില്‍ ഇടാതിരിക്കാനുള്ള സൂത്രം മറ്റേ ചേച്ചി യോട് ചോതിച്ചിട്ട് കിണറിന്റെ മീതെ മീനുണക്കിയാല്‍ മതി

പ്രേം I prem said...

രാധ പിടിച്ച പുലിവാലെന്നു നേരത്തെ കേട്ടിരുന്നു ( പ്ലാസ്റ്റിക് സംഭവം ), ഇപ്പോളതാ രാധമ്മ മീന്‍ ഉണക്കിയ പോലെ. വീട്ടുകാരും, നാട്ടുകാരും, നമ്മളും അറിഞ്ഞിരിക്കുന്നു. പൂച്ചയാണോ മണ്ടത്തരം കാണിച്ചത്‌ എന്നും. കെട്ടിയോന്‍ കുറച്ചു മുന്‍പേ പ്ലാസ്റ്റിക് വലിച്ചെറിഞ്ഞതെയുള്ളൂ ഇപ്പോള്‍ കിണറ്റിലും ഇറക്കി ...

ചേച്ചിയെ രണ്ടാമതും വിളിക്കാന്‍ പറ്റില്ലല്ലോ അല്ലെ, കിണറിനു മുകളില്‍ കുടവെക്കാന്‍ പറഞ്ഞില്ലല്ലോ ... ആര്‍ക്കും പറ്റാവുന്ന ഒരബദ്ധം അല്ലെ ചേച്ചി.. വരാനുള്ളത് വഴീല്‍ തങ്ങില്ലല്ലോ ... അദ്ദേഹം എന്തു പിഴച്ചു ? എനിക്കിഷ്ടപ്പെട്ട പോസ്റ്റ്‌ വളരെ നന്നായിട്ടുണ്ട് ...
ചേച്ചിടെ ബുദ്ധി കൊള്ളാം ... മീന്‍ ജീവനുള്ളതാനെങ്കില്‍ ചാടിപ്പുറത്തു പോകാനും പറ്റില്ല ..ഹ...ഹാ ...

ഇടയ്ക്ക് മഴയെക്കുറിച്ച് പറഞ്ഞല്ലോ .... എനിക്കേറ്റവും ഇഷ്ടപ്പെട്ടതാണ് വീട്ടില്‍നിന്നും കുറെയേറെ വഴക്കും മഴകൊണ്ടപ്പോള്‍ കിട്ടീട്ടുണ്ട്...

Manoraj said...

ഹൊ സംഭവം കലക്കി.. എനിയിപ്പോൾ എന്റെ വീട്ടുകരത്തിയോടും പറയാം "രാധ മീൻ ഉണക്കിയ പോലെ" എന്ന്.. എന്തായാലും ഭർത്താക്കന്മാർക്ക്‌ പണിയുണ്ടാക്കാനല്ലാതെ വേറേ പണിക്കൊന്നും നിങ്ങളെ കൊള്ളില്ല അല്ലേ?

കണ്ണനുണ്ണി said...

ചെ...ചെ.. ആകെ നാണക്കേട്‌...അയ്യേ കൂ...
ഹിഹി

Sureshkumar Punjhayil said...

Pakshe poocha engine mukalilethi...!!!

manoharam, Ashamsakal...!!!

വിനുവേട്ടന്‍ said...

ഹ ഹ ഹ... എനിക്കേറ്റവും ഇഷ്ടപ്പെട്ടത്‌ ഈ 'പുതിയ' പഴഞ്ചൊല്ലാണ്‌... 'അമ്മ മീന്‍ ഉണക്കിയത്‌ പോലെ..."

പോന്നോട്ടെ പോന്നോട്ടെ ഇനിയും പുതിയ ചൊല്ലുകള്‍ ഉണ്ടായ കഥകള്‍... മനുഷ്യനെ ചിരിപ്പിക്കാനായിട്ട്‌...

Anonymous said...

രാധേച്ചീ, ആ മനോരാജിന് നല്ലതൊന്നു വച്ചുകൊടുത്തേ.
ഭര്‍ത്താവെന്നും പറഞ്ഞ് ഒരു ഹുങ്ക് കണ്ടില്ലേ?
അതും ഒരിത്തിരി പോന്ന പയ്യനേ!

raadha said...

@നന്ദന :) ഉണക്ക മീന്‍ സ്വയം ഉണ്ടാക്കണം എന്ന creativity ആണ് നഷ്ടപ്പെട്ടു പോയത്‌. ആര്‍ത്തി മാറിയിട്ടില്ല! നന്ദി ട്ടോ.

@ramanika :) അതെ, ഇത് ഇപ്പൊ ഇങ്ങനെ ഒക്കെ ഉണ്ടായത് കൊണ്ട് ഒരു പോസ്റ്റ്‌ ഇടാന്‍ പറ്റി. കുട്ടികള്‍ക്ക് ചിരിക്കാന്‍ ഒരു വകുപ്പും.

@RASDEED :) അത് പോയിന്റ്‌. ചിലപ്പോ പൂച്ച മീന്‍ തിന്നാന്‍ വരാതെ ഇരിക്കാനും എന്തെങ്കിലും സൂത്രം കാണും ല്ലേ? :)

@ബ്രുഹസ്പതി :) സത്യം പറഞ്ഞാല്‍ ആ പൂച്ചക്കല്ലേ അമളി പറ്റിയത്‌? അതെന്താ ആരും മനസ്സിലാക്കാത്തത്‌? പോസ്റ്റ്‌ ഇഷ്ടപ്പെട്ടു എന്നറിഞ്ഞു സന്തോഷം. അനിയന് മഴ അതിനെക്കാള്‍ ഇഷ്ടമെന്ന് അറിഞ്ഞപ്പോള്‍ ഒരു പാട് സന്തോഷം!!

raadha said...

@Mano :) അത് പറഞ്ഞത് ശരി തന്നെ. ഇടയ്ക്കിടയ്ക്ക് എന്തെങ്കിലും പണി കൊടുക്കണ്ടേ? അനിയന്റെ വീട്ടുകാരത്തിയോടു അമളി പറ്റരുത്‌ എന്ന് പറഞ്ഞോളു. അല്ലെങ്കില്‍ കിണറ്റില്‍ ഇറങ്ങേണ്ടി വരും.

@കണ്ണനുണ്ണി :) അതെ, അതെ, വല്ലാത്ത നാണക്കേടായി പോയി. :(

@സുരേഷ് :) പൂച്ച കിണറ്റില്‍ വീണു കാണില്ല, കാരണം ആ കുട വെള്ളത്തില്‍ മുട്ടി intact ആയിട്ട് ഇരിക്കുക ആയിരുന്നു. മീന്‍ തിന്നാന്‍ വന്ന പൂച്ചക്ക് ഒരു ഫ്രീ കുളി. അത്രേ പറ്റി കാണൂ.

@വിനുവേട്ടന്‍ :) ഏട്ടന് പോസ്റ്റ്‌ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞു നല്ല സന്തോഷം തോന്നുന്നു. ഒരാള്‍ക്ക് അബദ്ധം പറ്റുമ്പോള്‍ എല്ലാര്ക്കും ചിരിക്കാന്‍ എന്ത് രസമാ .. മറ്റാര്‍ക്കും ഇങ്ങനെ ഒന്നും പറ്റാത്തത് പോലെ. അല്ല പിന്നെ. :)

@അനോണി :) പാവം പയ്യന്‍, പോട്ടെന്നെ. ചിലപ്പോ ഇന്നലെ ഭര്‍ത്താവ് ആയതായിരിക്കും. അതിന്റെ അഹങ്കാരം ആയിരിക്കും. ചുമ്മാ അഹമ്കരിചോട്ടെ,ന്നെ. . അത് കാണാന്‍ തന്നെ നല്ല ചേല് ഇല്ലേ?

പ്രേം I prem said...

ബൃഹസ്പതി എന്നെ വിട്ടുപോയി ട്ടോ ... കയ്യിലിരുപ്പ് അതായിരിക്കും ...
കാമെന്റ്സിന് സ്ട്രോങ്ങ്‌ പോലെ, പൂച്ചയുടെ കാര്യം പറഞ്ഞപ്പോള്‍ ഒരുകാര്യം വിട്ടുപോയി ..എന്റെ വീട്ടിലും സംഭവിച്ചിരുന്നു പൂച്ചക്കഥ, കുറച്ചു നാള്‍ മുന്‍പേ ഒരു ദിവസം രാവിലെ തന്നെ കിണറില്‍ നിന്നും ഒച്ചകെട്ടാണ് കിനരിനടുത് പോയത് അപ്പോള്‍ കിണറ്റില്‍ ഒരു പൂച്ച, എലിയെ പ്പിടിക്കാന്‍ പോകുന്ന സംയായിരിക്കും വീണത്‌. അന്ന് ക്ഷമിച്ചു രണ്ടു ദിവസം കഴിഞ്ഞു പിന്നെയും വീണു ...
വീട്ടിലെ ആള്‍ക്കാരെ തമാശയാക്കാന്‍ പറ്റിയ അവസരം പൂച്ച എന്നും രാവിലെ കുളിച്ചാണ് എല്ലാ കാര്യവും തുടങ്ങുന്നത് നിങ്ങള്‍ക്കത് ഇല്ലല്ലോ ...

രാജേശ്വരി said...

എനിക്ക് വയ്യാ :)..ഉഗ്രന്‍..ചേച്ചി,,

raadha said...

@പ്രേം :) നന്നായി. അല്ലെങ്കിലും ഞാന്‍ വിചാരിച്ചിരുന്നു എന്റെ പാവം സാറിന്റെ പേര് അനിയന് ഒട്ടും ചേരനില്ല എന്ന്. :P

സ്വയം തിരിച്ചറിയുക തന്നെയാണ് നന്നാവുന്നതിന്റെ ആദ്യത്തെ പടി.

പിന്നെ, കുളിച്ചു കുളിച്ചു പൂച്ച ഇപ്പൊ ആകെ വെളുത്തു കാണും, ല്ലേ?
:)

@Raji :) ഭാഗ്യം. ഈ രാധേച്ചി ഇത്രയും മണ്ടത്തരം കാണിച്ചല്ലോ എന്ന് വിളിച്ചു കൂവാന്‍ തോന്നിയില്ലെല്ലോ. നന്ദി ട്ടോ.

ശ്രീ said...

ഹ ഹ. ആ പൂച്ചയും കൂടെ അതില്‍ പെട്ടു പോയിരുന്നെങ്കിലോ?

സാരമില്ല, ഇടയ്ക്ക് ചില അബദ്ധങ്ങളൊക്കെ ആര്‍ക്കും പറ്റും. :)

കിണറ്റിലെ വെള്ളം മുഴുവന്‍ അടിച്ചു വറ്റിച്ചിട്ടാണോ പിന്നെയും ഉപയോഗിച്ചു തുടങ്ങിയത്? പൂച്ച വീണതു കാരണം അതിന്റെ രോമം മുഴുവന്‍ അതില്‍ കാണും. കുടിയ്ക്കാന്‍ ഉപയോഗിയ്ക്കുന്നതല്ലേ?

Unknown said...

അടിപൊളി ഞാനും ഇനി പറഞു നടക്കാം രാധേച്ചി മീന്‍ ഉണക്കിയ പോലെ എന്ന്.
ഒരു സംശയം. കിണറ്റില്‍ വീണ പൂച്ച എങ്ങനെ കേറി വന്നു? പാവം പൂച്ച

പ്രേം I prem said...

:(

Rare Rose said...

ഹി..ഹി..'അമ്മ മീന്‍ ഉണക്കിയത് പോലെ ' എന്ന ചൊല്ലില്‍ വരെയെത്തി കാര്യങ്ങള്‍ അല്ലേ.രസിച്ചു ട്ടോ.:)

പട്ടേപ്പാടം റാംജി said...

ഇത്രേം ചെറിയ കിണറാണൊ? എന്തായാലും അബദ്ധം രസായി..

raadha said...

@ശ്രീ :) ഇല്ല. കിണറ്റിലെ വെള്ളം ഒന്നും അടിച്ചു വറ്റിച്ചില്ല. പൂച്ചയെ ഇവിടെ എല്ലാരും എടുത്തു ഉമ്മ വെക്കും. അപ്പൊ തന്നെ ആവശ്യത്തിനു രോമങ്ങള്‍ വയറ്റില്‍ പോവും. അത് കൊണ്ട്, ഞങ്ങള്‍ ഒക്കെ immune ആണെന്നാ തോന്നുന്നത്..ഹഹ.

പിന്നെ, ഞങ്ങള്‍ കുടിക്കാന്‍ കിണറ്റിലെ വെള്ളം ഉപയോഗിക്കാറില്ല.

ഒരു അബദ്ധം പറ്റാത്തവര്‍ ഉണ്ടോ ല്ലേ?

@sankar :) എനിക്കും തോന്നീട്ടോ ഈ സംശയം. ഞാന്‍ ചോദിച്ചു പൂച്ചയോട്. അതിന്റെ മറുപടി 'മ്യാവൂ' എന്നായിരുന്നു...

ശങ്കറിന് വല്ലതും മനസ്സിലായോ?

@പ്രേം :) സാരമില്ല ട്ടോ. സങ്കടപ്പെടുകയൊന്നും വേണ്ടാ. സാറിനെ പ്രേം ഉപേക്ഷിച്ചെങ്കിലും, ഞങ്ങള്‍ക്ക് അങ്ങനെ ഉപേക്ഷിക്കാന്‍ പറ്റുമോ. വളരെ ഏറെ നാളുകള്‍ക്കു ശേഷം പഴയ കോളേജ് ലൈഫ് ലേക്ക് ഒരു പേരിലൂടെ കൊണ്ടുപോയ താങ്കള്‍ക്ക് വളരെ നന്ദി.

@റോസ് :) ഇതിലെ വന്നതിനും പോസ്റ്റ്‌ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിലും സന്തോഷമുണ്ട്.. എന്താ പറയാ, പറ്റി പോയില്ലേ?

@padamji :) അതെ , താങ്കള്‍ ഇമേജ് കണ്ടില്ലേ? വളരെ ചെറുത്‌. ഒരു വലിയ കാലന്‍ കുട വട്ടം വെക്കാവുന്നത്രേ ഉള്ളു. ചെടി നനയ്ക്കാനും മറ്റുമോക്കെയെ ഉപയോഗിക്കുന്നുള്ളൂ.

ഇതിലെ ആദ്യം വന്നതല്ലേ..സ്വാഗതം!.

Prasanth Iranikulam said...

ഞാന്‍ ആ പാവം പൂച്ചേടെ കാര്യം ആലോചിക്കാരുന്നു....വെള്ളത്തില്‍ കിടന്നപ്പോ ആ പാവം ഓര്‍ത്തുകാണും, ശ്ശെടാ..ഈ മീനുകളെങ്ങിനാ കുടേം ചൂടി മുകളില്‍ വന്നേന്ന്‌..

പാവം പൂച്ച!പാവം ചേട്ടന്‍!പാവം രാധേച്ചി!

ഏറനാടന്‍ said...

മീന്‍ ഉണക്കാന്‍ ആദ്യം വെള്ളത്തില്‍ മുക്കണോ? ഹഹ രസിച്ചൂ..

Manoraj said...

athey, anonymousum radhachechyum koodi enikkittayo eppol pani.. ha..nadakkatee.. bharthavinte hungu paranjathalla ketto.. chumma thamasichatha.. pine, ennale bharthavathanonnu chodichal kuttikku 2 vayasuu kazhinju enne parayan pattu...

Mahesh Cheruthana/മഹി said...

രാധേച്ചി,
തകർത്തു കളഞ്ഞു !!!!!!!!!
മീനിനു വില കുറവായതു കൊണ്ടു ചത്തതയലും കുറച്ചു കിണറ്റിലിട്ടു വളർത്താൻ തീരുമാനിചല്ലേ? പാവം ചേട്ടൻ ?പാവം പൂച്ച ! ആ ചേച്ചിയോടു ഇനിയും ചോദിക്കണേ സംശയങ്ങൾ!!

raadha said...

@പ്രശാന്ത് :) എന്റെ മണിയന്‍ പൂച്ച അങ്ങനെ പലതും ആലോചിച്ചു കാണും..! ഒന്നിനെ പോലും തിന്നാനും പറ്റിയില്ലെല്ലോ എന്നാ സങ്കടവും വന്നു കാണും.. പാവം പ്രശാന്ത് ആദ്യമായിട്ടാണല്ലോ ഇത് വഴി. സ്വാഗതം.

@ഏറനാടന്‍ :) സ്വാഗതം!! ആദ്യം വെള്ളത്തില്‍ മുക്കിയില്ലെങ്കിലും സാരമില്ല..ഒരു ഉണക്ക്‌ കഴിഞ്ഞിട്ടായാലും മതി. :)

@മനോ :) കുട്ടിക്ക് രണ്ടു വയസ്സായീന്നു വച്ച് ഇന്നലെ ഭര്‍ത്താവാകാന്‍ പാടില്ലാന്നുണ്ടോ ? ഇപ്പൊ പണ്ടത്തെ കാലം അല്ലാട്ടോ. ഹ ഹ

@മഹി :) ചുമ്മാ ചേച്ചിയെ കുറ്റം പറയണ്ടാട്ടോ. ഞാനാ മീന് കൊണ്ട് പോയി കിണറിന്റെ മുകളില്‍ വെച്ചത്!! അങ്ങനെ വെക്കാന്‍ നേരം എനിക്ക് ഒരു സംശയവും തോന്നിയില്ല!!! :)