Sunday, October 18, 2009

പ്ലാസ്റ്റിക്‌ യുദ്ധം !!

ഒരു ദിവസം എനിക്ക് ഇ-മെയില്‍ ആയിട്ട് കാന്‍സര്‍നെ കുറിച്ച് ഒരു ലേഖനം കിട്ടി . അതില്‍ ഒരു പാട് do's ആന്‍ഡ്‌ don'ts ഉണ്ടായിരുന്നു. എന്റെ കഷ്ടകാലത്തിനു ഞാന്‍ അത് എന്റെ ഭര്‍ത്താവിനു അയച്ചു കൊടുത്തു . ആ കാര്യം ഞാന്‍ മറന്നും പോയി .

കുറച്ചു ദിവസം കഴിഞ്ഞിട്ടാണ് അദ്ദേഹം അത് തുറന്നു നോക്കിയത്‌ . അതില്‍ ഒരു കാര്യം പറഞ്ഞിരുന്നത് ഫ്രിഡ്ജില്‍ പ്ലാസ്റ്റിക്‌ പാത്രങ്ങളില്‍ ഫുഡ്‌ വെക്കരുത്‌ എന്നായിരുന്നു . ഞാന്‍ സാധാരണ പ്ലാസ്റ്റിക്‌ ചെപ്പുകളില്‍ ഫുഡ്‌ വെക്കാറുണ്ടായിരുന്നു .കാരണം നല്ല ഒതുക്കത്തോടെ ഫ്രിഡ്ജില്‍ ഭക്ഷണ സാധനങ്ങള്‍ ഇരിക്കും .ഇങ്ങനെ ഒരു കുരിശു പുറകെ വരും എന്ന് അന്ന് ഓര്‍ത്തില്ല .

ഇത് വായിച്ചു ഒരു ദിവസം ഫ്രിഡ്ജ്‌ തുറന്നിട്ടു , 'നീ തന്നെ അല്ലെ എനിക്ക് ഫ്രിഡ്ജില്‍ പ്ലാസ്റ്റിക്‌ കന്റൈനെര്‍ ഇല്‍ ഫുഡ്‌ വെക്കരുത്‌ എന്ന ഇ-മെയില്‍ അയച്ചത് ' എന്ന് പറഞ്ഞു കൊണ്ട് ഫ്രിഡ്ജില്‍ ഉണ്ടായിരുന്ന പ്ലാസ്റ്റിക്‌ ബോക്സ്‌ എല്ലാം പുറത്തേക്കെടുത്തു . ഇനി ഇതെല്ലം സ്റ്റീല്‍ ബോക്സ്‌ ഇല്‍ വെച്ചാല്‍ മതി എന്ന് കല്പന ഇട്ടു . ദൈവമേ , അതില്‍ വേറെ എന്തെല്ലാം കാര്യങ്ങള്‍ ഉണ്ടായിരുന്നു ...അതൊന്നും കണ്ടില്ല ..!!

സാധാരണ ചെയ്യാറുള്ളത് പോലെ ഞാന്‍ വേണ്ടത് മാത്രം കേട്ടു .മൈക്രോവേവ് പ്ലാസ്റ്റിക്‌ ഒഴിച്ചുള്ള പാത്രങ്ങള്‍ എല്ലാം മാറ്റി പകരം സ്റ്റീല്‍ ബോക്സ്‌ ആക്കി . ഒന്ന് രണ്ടു ദിവസം കുഴപ്പമില്ലാതെ പോയി . അടുത്ത ദിവസം ഫ്രിഡ്ജ്‌ തുറന്നപ്പോള്‍ വീണ്ടും പ്ലാസ്റ്റിക്‌ കന്റൈനെര്‍ കണ്ടിട്ട് ദേഷ്യപ്പെട്ടു എല്ലാം പുറത്തേക്കെടുത്തു . പച്ചമുളക് സൂക്ഷിച്ചു വെച്ചിരുന്ന പ്ലാസ്റ്റിക്‌ ഡബ്ബ പോലും എടുത്തു കളയാന്‍ തുടങ്ങി .

മൈക്രോവേവ് പ്ലാസ്റ്റിക്‌നു കുഴപ്പമില്ല എന്ന് പറഞ്ഞിട്ട് ആര് കേള്‍ക്കാന്‍ ?? cooked അല്ലാത്ത പച്ചമുളക് പ്ലാസ്റ്റിക്‌ പാത്രത്തില്‍ വെച്ചാല്‍ എന്താ കുഴപ്പം ?? ഞാന്‍ പറഞ്ഞത് ഒന്നും കേള്‍ക്കാതെ വീണ്ടും പ്ലാസ്റ്റിക്‌ പാത്രങ്ങള്‍ പുറത്തേക്കു വന്നപ്പോള്‍ എനിക്ക് ദേഷ്യം വന്നു . ഞാന്‍ ചോദിച്ചു ..'അപ്പൊ പ്ലാസ്റ്റിക്‌ കുപ്പിയില്‍ നിന്ന് ഫ്രിട്ജിലെ വെള്ളം നിങ്ങള്‍ കുടിക്കുന്നത് കുഴപ്പമല്ലേ . അത് മാറ്റണ്ടേ ..?' (ഞാനും കുട്ടികളും ഫ്രിട്ജിലെ വെള്ളം കുടിക്കാറില്ല ).

ഉടന്‍ വന്നു മറുപടി .'ആ ..അതും ശരിയല്ല '. അപ്പൊ എന്റെ ക്ഷമ മുഴുവന്‍ തീര്‍ന്നു . ഞാന്‍ തുടങ്ങി . 'ശരി .. എന്തിനാ പ്ലാസ്റ്റിക് ഫ്രിഡ്ജില്‍ നിന്ന് മാറ്റുന്നത് ? കാന്‍സര്‍ വരാതെ ഇരിക്കാന്‍ . അല്ലെ ? എന്നിട്ട് നിങ്ങള്‍ സിഗരറ്റ് വലിക്കുന്നതോ ? അതും പാടില്ല എന്ന് അതെ ഇ-മെയിലില്‍ പറഞ്ഞിട്ടുന്ടെല്ലോ ? അത് ഇതിനേക്കാള്‍ ഹാര്മ്ഫുള്‍ അല്ലെ ?(കുറെ ശ്രമിച്ചിട്ടും തീരെ നിറുത്താന്‍ പറ്റാതെ ആയ എന്റെ ഭര്‍ത്താവിന്റെ ഒരു ശീലം ആണ് അത് ) നിങ്ങള്‍ വലിക്കുന്നത് വഴി ഞങ്ങള്‍ക്കും അത് ഹാര്മ്ഫുള്‍ ആണ് . ആദ്യം അത് നിറുത്ത് . എനിട്ട്‌ മതി പ്ലാസ്റ്റിക്‌നോടുള്ള യുദ്ധം ..'

ഞാന്‍ അത്രക്കും പറയുമെന്ന് പുള്ളി തീരെ പ്രതീക്ഷിച്ചില്ല . കാരണം സാധാരണ ഞാന്‍ വീട്ടില്‍ മാത്രം ന്യായം പറയാന്‍ നില്‍ക്കാറില്ല . മിക്ക കാര്യങ്ങളും അങ്ങനെ തന്നെ സമ്മതിച്ചു കൊടുക്കാറാണ് പതിവ് . രണ്ടു തല്ലു കൂടിയിട്ടു പിന്നെ രണ്ടു ദിവസത്തെ മനസ്സമാധാനം കളയുന്നതിലും ഭേദമല്ലേ മിണ്ടാതെ ഇരിക്കല്‍ ? ഇത് എന്റെ department ഇലെ അനാവശ്യമായ കൈകടത്തലായിട്ടാണ് എനിക്ക് തോന്നിയത്‌ .

അത് കൊണ്ട് തന്നെ പതിവിനു വിപരീതമായ എന്റെ പ്രതികരണം പുള്ളിയെ ചൊടിപ്പിച്ചു .ഒന്നും മിണ്ടാതെ എന്നോട് വഴക്കിട്ടു നേരെ ബെഡ്റൂമില്‍ പോയി കിടന്നു .രാത്രി അത്താഴം കഴിക്കാന്‍ വിളിച്ചിട്ടും വന്നില്ല . അത് എന്നെ വിഷമിപ്പിച്ചു എന്ന് പറയണ്ടല്ലോ . ഒരു ന്യായം പറഞ്ഞതിന് ഇത്ര കെരുവിക്കാനുണ്ടോ എന്നായി എന്റെ ചിന്ത . ആഹ അത്രക്കായോ , എന്നാല്‍ ശരി നാളെ കാണിച്ചു കൊടുക്കാം എന്ന വാശിയില്‍ ഞാനും കിടന്നു . ഏത് കാലക്കേടിനാണോ ആ ഇ-മെയില്‍ അയച്ചു കൊടുക്കാന്‍ തോന്നിയെ എന്ന് പരിതപിച്ചു എപ്പോഴോ ഉറങ്ങി പോയി .

അന്ന് ഒരു ശനിയാഴ്ച ആയിരുന്നു . എന്ത് വന്നാലും സണ്‍‌ഡേ ഞാന്‍ മിണ്ടില്ല എന്ന തീരുമാനത്തോടെ ആണ് എണീറ്റത് . കുട്ടികള്‍ക്കും ഭര്‍ത്താവിനും ബ്രേക്ക്‌ ഫാസ്റ്റ്‌ ഉണ്ടാക്കി വെച്ചിട്ട് ഞാന്‍ പള്ളിയില്‍ പോയി . ഞാന്‍ തിരികെ 10 മണിക്ക് വന്നിട്ടേ സണ്‍‌ഡേ എന്തെങ്കിലും കഴിക്കൂ .പുള്ളിയും അത് വരെ ഒന്നും കഴിക്കാതെ എന്റെ കൂടെ ഇരിക്കാറാണ്‌ പതിവ് .

സാധാരണ എന്റെ കൂടെ സണ്‍‌ഡേ അടുക്കളയില്‍ കയറും , പണികള്‍ ഒരു വിധം ഒതുങ്ങുന്നത് വരെ കൂടെ കാണും . അത് കൊണ്ട് തന്നെ ഞാന്‍ വിചാരിച്ചു ഇന്നലെ വഴക്കിട്ടത് കൊണ്ട് രാവിലെ എന്നെ സഹായിക്കാന്‍ വരില്ല എന്ന് . പക്ഷെ പതിവിനു വിപരീതമായി , ഞാന്‍ പള്ളിയില്‍ നിന്ന് വരുമ്പോള്‍ ഭക്ഷണം തനിയെ എടുത്തു കഴിച്ചു (പാവം ഇന്നലെ അത്താഴ പട്ടിണി കിടന്നതല്ലേ . വിശന്നു കാണും :) ) മാര്‍ക്കെറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി കൊണ്ട് വന്നു , വീണു കിടന്നു പണിയുന്ന ആളെ ആണ് കണ്ടത്‌ .

സത്യത്തില്‍ എനിക്ക് ചിരി വന്നു . പക്ഷെ അത്ര എളുപ്പം തോറ്റു കൊടുക്കാന്‍ പാടില്ലെല്ലോ എന്നോര്‍ത്ത് ഞാന്‍ ബലം പിടിച്ചു നിന്നു . പക്ഷെ ഉച്ചക്ക് ഊണ് കഴിക്കുന്നതിനു മുന്നേ എപ്പോഴോ ഞങ്ങളുടെ പിണക്കം ആവിയായി പോയി ...!

പിന്നെ വീട്ടില്‍ പ്ലാസ്റ്റിക്‌നെ ചൊല്ലി യുദ്ധം ഉണ്ടായിട്ടില്ല , ഞങ്ങള്‍ പ്ലാസ്റ്റിക്‌ കുപ്പിയില്‍ തന്നെ വെള്ളം വെക്കുന്നു , മൈക്രോ വേവ് പ്ലാസ്റ്റിക്‌ കന്റൈനെര്‍ മാത്രമേ ഞാന്‍ ഫ്രിഡ്ജില്‍ ഉപയോഗിക്കരുല്ലു‌ , കൂടാതെ ഭര്‍ത്താവ് പതിവ് പോലെ സിഗരറ്റും വലിക്കുന്നു ..!!

ഇനി മേലാല്‍ ഇ-മെയില്‍ ഫോര്‍വാര്ട്സ് അയക്കുമ്പോള്‍ സ്വയം പാര വരാത്തത് മാത്രം അയക്കാന്‍ ശ്രദ്ധിച്ചു കൊണ്ട് ഞാനും ...!!

24 comments:

Sands | കരിങ്കല്ല് said...

:)

VEERU said...

ആദ്യം നിങ്ങൾ തോറ്റു ! പിന്നെ ഭർത്താവും !!
ജയിച്ചത് പ്ലാസ്റ്റിക്കും ദുശ്ശീലവും..ഒപ്പം തന്നെ ക്യാൻസറും..!!
ജയ് ഹോ !!
(തമാശയാ ട്ടോ..)

Anil cheleri kumaran said...

ഹഹഹ.. രസിച്ചു.

നിറങ്ങള്‍..colors said...

നമ്മള്‍ ശീലിച്ചു പോയ കാര്യങ്ങള്‍ മാറ്റാന്‍ പറയാന്‍ പാടില്ല .
ഉപധേശിക്കുന്നതിനു കുഴപ്പമില്ല .പ്രവര്‍ത്തിയില്‍ വരുത്താന്‍ പറയരുത് .
കൊള്ളാട്ടോ പോസ്റ്റ്‌

Typist | എഴുത്തുകാരി said...

യുദ്ധം സമാധാനപരമായി അവസാനിച്ചല്ലോ, അതു മതി.

khader patteppadam said...

വിഷയ ദാരിദ്ര്യം അലട്ടുന്നുവോ...?

poor-me/പാവം-ഞാന്‍ said...

Do not nail your own coffin...!

കണ്ണനുണ്ണി said...

ഇമെയിലില്‍ ഇങ്ങനെയും പാര വരാം ല്ലേ.. കല്യാണം കഴിക്കതോണ്ട് ഒരു വല്യ സെറ്റ് പാര എന്നെയൊന്നും ഏല്‍ക്കില്ല .

raadha said...

@sands :) വന്നു ചിരിച്ചിട്ട് പോയതിനു താങ്ക്സ് !! ഇനിയും ചിരിക്കാന്‍ വരുമല്ലോ? അല്ലെ?

@veeru :)ഉം. ശരിയാണ് പറഞ്ഞത്. അവസാനം ജയിച്ചത്‌ കാന്‍സര്‍ മാത്രം !! അല്ല, അങ്ങനെ ഒത്തിരി പേടിച്ചിട്ടു ജീവിക്കാന്‍ പറ്റുമോ? വരുമ്പോള്‍ വരട്ടെ. അപ്പൊ കാണാം. അല്ല പിന്നെ!!

@കുമാരന്‍ :) ഹ ഹ. ആരാന്റെ വീട്ടില്‍ തല്ലു കൂടുമ്പോള്‍ നല്ല രസം അല്ലെ? (just joking!)

@നിറങ്ങള്‍ :) ഉം. ശരിയാണ്..ശീലിച്ചു പോയ ദുശ്ശീലങ്ങള്‍ ഒഴിവാക്കാന്‍ പറയാനല്ലേ പറ്റൂ? പോസ്റ്റ്‌ നിനക്ക് ഇഷ്ടപ്പെടും എന്നറിയാം. :)

raadha said...

@Typist :) അതെ, യുദ്ധം അവസാനിക്കുന്നത് സമാധാനത്തില്‍ ആണെങ്കില്‍ ഇടക്കൊക്കെ യുദ്ധം ആവാം ല്ലേ?

@khader :) ഉം . ചെറുതായിട്ട് . എങ്ങനെ മനസ്സിലായി. എഴുതാന്‍ സമയം കിട്ടാത്തത് ആണ് പ്രശ്നം.
:)

@poor me :) പറ്റിപ്പോയി. ഇനി പറഞ്ഞിട്ട് കാര്യം ഇല്ലെല്ലോ.

@കണ്ണാ, ഇന്ന് ഞാന്‍, നാളെ നീ എന്ന് കേട്ടിട്ടില്ലേ? സൂക്ഷി ഇരുന്നോള്. എന്നെ പോലെ സ്വയം പാരയാവാതെ നോക്കുക.

ശ്രീ said...

ഒരു മെയില്‍ മതി, കുടുംബത്തെ സമാധാനം കളയാന്‍ അല്ലേ, ചേച്ചീ?

ഓ.ടോ:
"ഇത് എന്റെ department ഇലെ അനാവശ്യമായ കൈകടത്തലായിട്ടാണ് എനിക്ക് തോന്നിയത്‌."

ഇതു കണ്ടപ്പോള്‍ "നന്ദനം" സിനിമയില്‍ ഇന്നസെന്റ് അഗസ്ത്യനോട് ചൂടാവുന്ന സീന്‍ ഓര്‍ത്തു...

പ്രേം I prem said...

ആരുപറഞ്ഞു സിഗരറ്റ് പ്ലാസ്റ്റിക്കാണെന്ന്, പിന്നെ do's ആന്‍ഡ്‌ don'ട്സ് എന്നു പറഞ്ഞല്ലോ വേറെ എന്താണ് ഉപയോഗിക്കെണ്ടെന്നു ഹസിനോടു ചോദിച്ചിരുന്നോ ? ഇണക്കമുന്ടെന്കിലെ പിണക്കുണ്ടാവൂ.. അയല്‍ക്കാരുടെ ആരോഗ്യം കൂടും.

raadha said...

@ശ്രീ :) അതെ, അതെ, സംശയം ഇല്ല. പിന്നെ മനപൂര്‍വ്വം നമ്മള്‍ കൂടെ ഒന്ന് ഉത്സാഹിച്ചാല്‍ എന്നും അടി കൂടാന്‍ വകുപ്പായി. ഹ ഹ.

എനിക്കും ഓര്‍മയുണ്ട് ഇന്നസെന്റ്ന്റെ ആ dailogue.

@ബ്രുഹസ്പതി :) അതെ, എന്തിനാണാവോ തീരെ പ്ലാസ്റ്റിക്‌ അല്ലാത്ത സിഗരെട്ടിനെ ഞാന്‍ കുറ്റം പറഞ്ഞത്? ഇപ്പോഴല്ലേ പിടി കിട്ടിയത്‌..അത് കൊണ്ടാവാം പുള്ളിക്കാരന്‍ ചൂടായത്‌.

പിന്നെ, എന്നെ കോളേജില്‍ പബ്ലിക്‌ ഫിനാന്‍സ് പഠിപ്പിച്ചിരുന്ന സാറിന് ഇതേ പേര് ആയിരുന്നു. ഒത്തിരി വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നാണ് വീണ്ടും ഈ പേര് ഓര്‍മിക്കുന്നത്. താങ്കള്‍ക്ക് നന്ദി!

രാജേശ്വരി said...

എനിക്കും കിട്ടിയിരുന്നു ഒരു പ്ലാസ്റ്റിക്‌ മെയില്‍.:)....
ഇവിടെ ഭര്‍ത്താവിനല്ല എനിക്കാണ് ഇങ്ങനെ എന്തെങ്കിലും കണ്ടാല്‍ ടെന്‍ഷന്‍:)

raadha said...

@രാജി :) ഹ ഹ. എന്നിട്ട് ഫ്രിട്ജിലെ പ്ലാസ്റ്റിക്‌ എല്ലാം എടുത്തു മാറ്റിയോ നീ? ചുമ്മാ ടെന്‍ഷന്‍ അടിക്കല്ലേ.. ടെന്‍ഷന്‍ അടിക്കാന്‍ വേറെ എന്തെല്ലാം കാര്യങ്ങള്‍ ഉണ്ട്? :)

Sureshkumar Punjhayil said...

Adukkala yudham...!

Manoharam, Ashamsakal..!!!

വരവൂരാൻ said...

ഫോർ വേഡ്‌ ആയി വരുന്ന ഇ- മെയിലിന്റെ പിന്നാലെ പോവരുതേ..എല്ലാം പാരയാണു
ആശംസകൾ

അരുണ്‍ കരിമുട്ടം said...

ആഹാ! ഇനി മേലാല്‍ ഈമെയില്‍ ഫോര്‍വേഡ് ചെയ്യില്ല

raadha said...

@സുരേഷ് :) അതെ, സംഭവിക്കാനുള്ളത് സംഭവിച്ചു...ആശംസകള്‍ക്ക് നന്ദി.

@വരവൂരാന്‍ :) ഉം. ഇപ്പോഴല്ലേ കാര്യം മനസ്സിലായത്‌. ഇനി ശ്രദ്ധിക്കാം.

@അരുണ്‍ :) ഇപ്പോഴെങ്കിലും നല്ല ബുദ്ധി തോന്നീലോ. ഒരു കുടുംബം കലക്കിയപ്പോ സമാധാനം ആയല്ലോ അല്ലെ? :)

പ്രേം I prem said...

സ്റ്റീല്‍പാത്രങ്ങള്‍ ഉപയോഗിച്ചാല്‍ പന്നിപ്പനി പിടിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് ഭര്‍ത്താവിനു മെയില്‍ കിട്ടിയിട്ടുണ്ടെന്നാണ് അറിയുന്നത്. അടുത്തതവണ സ്റ്റീല്‍പ്പാത്രങ്ങള്‍ തച്ചുടയ്ക്കുന്ന ശബ്ദം കേള്‍ക്കാമല്ലോ !! ഒരുതരം സ്റ്റീല്‍സംഗീതം. വരുന്നസമയം ആ വഴി കടന്നുപോയാല്‍ ആസ്വദിക്കാമല്ലോ ...

ManzoorAluvila said...

...ഫ്രിട്ജിനു
ഒന്നും പറ്റിയില്ലല്ലോ..പാവം പ്ലാസ്റ്റിക്കും..സിഗററ്റും..നന്നായിരിക്കുന്നു ആശംസകൾ

raadha said...

@ബ്രുഹസ്പതി :) ആഹ, കൊള്ളാമല്ലോ. ആരാന്‍റെ വീട്ടില്‍ തല്ലു കൂടുന്നത് കാണാന്‍ എന്താ ഒരു രസം. ദേ, ചുമ്മാ forwards അയക്കല്ലേ..ഞാന്‍ എല്ലാം സ്പാം ഫില്‍റ്ററില്‍ ഇടും!!! ;)

@മന്‍സൂര്‍ :) ഫ്രിഡ്ജ്‌ സുഖമായിട്ടു ഇരിക്കുന്നു. താങ്കള്‍ എന്തെ ഇത് വരെ അന്വേഷിക്കാതിരുന്നത് എന്ന് ചോദിയ്ക്കാന്‍ പറഞ്ഞിരിക്കുന്നു. ആശംസകള്‍ക്ക് നന്ദി ട്ടോ.

InnalekaLute OrmmakaL said...
This comment has been removed by the author.
കുഞ്ഞായി | kunjai said...

ആ പാമ്പ് വേലിയില്‍ തന്നെ ഇരുന്നാല്‍ മതിയായിരുന്നു അല്ലേ ചേച്ചീ...