Thursday, December 18, 2008

ചില പൊടിക്കൈകള്‍

1.പച്ചക്കറി അരിയുമ്പോള്‍ കറ കൈയ്യില്‍ ഒട്ടാതിരിക്കാന്‍ vegetable ഒഴിവാക്കി മല്‍സ്യം, മുട്ട, മാംസം എന്നിവ ഉപയോഗിച്ചാല്‍ മതി.

2. ഉച്ചയൂണിനു ശേഷം ഉറക്കം വരുന്നതു ഒഴിവാക്കാന്‍ ഉറങ്ങിയതിനു ശേഷം ഊണ് കഴിക്കുക. പിന്നെ ഉറക്കം വരില്ല.

3.എഴുതുമ്പോള്‍ പേനയുടെ മഷി കൈയ്യില്‍ പുരളാതിരിക്കാന്‍ പെന്‍സില്‍ ഉപയോഗിക്കുക.

4.ഉള്ളി അരിയുമ്പോള്‍ കണ്ണില്‍ വെള്ളം വരാതിരിക്കാന്‍, ഉള്ളി അരിയുന്നതിനു മുന്പ് കണ്ണില്‍ എണ്ണ ഒഴിച്ച് കണ്ണിലെ വെള്ളം മുഴുവന്‍ പുറത്തേക്ക് കളഞ്ഞാല്‍ മതി.

5.ഘാട നിദ്ര ലഭിക്കാന്‍ ഉറക്കത്തില്‍ സ്വപ്നം കാണുന്നത് ഒഴിവാക്കിയാല്‍ മതി.

6.പഠിക്കുമ്പോള്‍ ശ്രദ്ധ തിരിയാതിരിക്കാന്‍ ഉറക്കം തൂങ്ങിയാല്‍ മതി. പിന്നെ ശ്രദ്ധ തിരിയില്ല.

7.ബുദ്ധി വി കസിക്കാന്‍ കു ബുദ്ധി കളുമായി കൂട്ട് കൂടിയായാല്‍ മതി.

8.നിന്ദയില്‍ നിന്നും ഉരുത്തിരിയുന്ന കുറ്റബോധം ഒഴിവാക്കാന്‍ നന്ദിയെ കുറിച്ചു ചിന്ടിക്കാതെ ഇരുന്നാല്‍ മതി.

9.സംഗീതം ആസ്വദിക്കുമ്പോള്‍ ear plug ഉപയോഗിച്ചാല്‍ കര്നാനന്ദകരമായി തീരും.

10.നമ്മുടെ ആഹാരത്തില്‍ ഈച്ച വരാതെ ഇരിക്കാന്‍ ഈച്ചകള്‍ക്ക് പ്രത്യേകം വിളമ്പി കൊടുത്താല്‍ മതി.

11.കൊതുക് ശല്യം ഒഴിവാക്കാന്‍ നമ്മുടെ രക്തത്തിലെ alchohol ന്റെ അളവ് വര്‍ധിപ്പിച്ചാല്‍ ഉത്തമം. alcohol അടങ്ങിയ രക്തം കഴിക്കുന്ന കൊതുകിന്റെ പ്രത്യുല്പാദന ശേഷി നശിക്കുന്നത് മൂലം കൊതുക് വര്‍ഗം നാമാവശേഷമാകും.

12.പാമ്പ് ശല്യം ഒഴിവാക്കാന്‍ പട്ടയില്‍ ധാരാളം വെള്ളം ചേര്ത്തു നേര്‍പ്പിച്ചു വിതരണം ചെയ്താല്‍ മതി.

13.ആരോടെങ്ങിലും വെറുപ്പ്‌ തോന്നുന്നു എങ്കില്‍ ഒരു നുള്ള് ഉപ്പും പത്തു സി സി ഗോമൂത്രവും യോജിപ്പിച്ച് രണ്ടു നേരം സേവിച്ചതിനു ശേഷം രോഷാഗ്നി ജ്വലിപ്പിച്ചു അതിന് നടുവില്‍ അര നാഴിക നേരം ആടി തിമിര്‍ത്താല്‍ തീര്ച്ചയായും ശമനം ലഭിക്കും.

(എനിക്ക് ഇ മെയില് ആയിട്ട് വന്നതാണ്‌ ഈ പൊടിക്കൈകള്‍..എല്ലാവരും ഇതു വായിച്ചു പ്രവര്തികമാക്കുംപോഴെക്ക് ഞാന്‍ ഒരു ട്രിപ്പ്‌ കഴിഞ്ഞു തിരിച്ചു വരാം ..അത് വരെ ഗുഡ് ബൈ)




Friday, December 12, 2008

എന്റെ അള്ളോ... കൃഷ്ണാ

പുതിയ മാനേജര്‍ ചാര്‍ജ് എടുക്കാന്‍ വരുന്നു എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ ആയി. പേരു ഇബ്രാഹിം. ആര്ക്കും തന്നെ നേരിട്ടു കണ്ട പരിചയം ഇല്ല. കണ്ണൂരില്‍ നിന്നു എറണാകുളത്തേക്കുള്ള പോസ്റ്റിങ്ങ്‌ ആണ്.

ഞങ്ങളെ ഒക്കെ ഒന്നു പരിചയപ്പെടാന്‍ രണ്ടു ആഴ്ച മുന്നേ ഓഫീസില്‍ വന്നിരുന്നു. കുറച്ചു ദിവസമായിട്ടു ക്യാബിന്‍ ഒഴിഞ്ഞു കിടക്കുക ആണ്. പുള്ളി വന്നു. എല്ലാര്ക്കും ഷേക്ക്‌ ഹാന്‍ഡ് ഒക്കെ തന്നു. ഭംഗിയായിട്ട് പരിചയപ്പെട്ടു.

പോയിക്കഴിഞ്ഞപ്പോഴാണ്‌ ഞങ്ങള്‍ ശ്രദ്ധിച്ചത്. നേരത്തെ ഉണ്ടായിരുന്ന മാനേജര്‍ ഒരു ഹിന്ദു ആയിരുന്നു. അദ്ദേഹം ടേബിള്‍ ഗ്ലാസ് ടോപിന്റെ അടിയില്‍ ശ്രീകൃഷ്ണന്റെ ഒരു പടം വെച്ചിട്ടുണ്ടായിരുന്നു. പുതിയ ആള്‍ വന്നപ്പോ ഗ്ലാസ് ടോപിന്റെ താഴെ നിന്നു കൃഷ്ണന്റെ പടം എടുത്തു വലിച്ചു മാറ്റി ബിന്നില്‍ ഇട്ടു, മറ്റു ചവറുകളുടെ കൂടെ കൃഷ്ണന്‍ കിടക്കുന്നത് കണ്ടപ്പോ എന്റെ ഓഫീസിലെ കൃഷ്ണകുമാറിനു സങ്ങടം വന്നിട്ട്, 'ഈ പഹയന്‍ ആള് കൊള്ളാലോ' എന്ന് പറഞ്ഞിട്ട് ആ പടം എടുത്തു സൂക്ഷിച്ചു വെച്ചു. ഇതു കഴിഞ്ഞ കഥ.

കഴിഞ ആഴ്ച പുതിയ ആള്‍ ചാര്‍ജ് എടുക്കാന്‍ വന്നു. എല്ലാരും തന്നെ റെഡി ആയിട്ട് നില്‍ക്കയാണ്‌. ചീഫ് മാനേജര്‍ കൂടെ ഉണ്ട്. ഇബ്രാഹിം സര്‍ കാലെടുത്തു ഓഫീസിലേക്ക് വെച്ചതും തല്ലി അലച്ചു വീണതും ഒരേ നിമിഷം കൊണ്ടു കഴിഞ്ഞു . എന്താണ് സംഭവിച്ചത് എന്ന് ആര്ക്കും മനസ്സിലായില്ല...'എന്റെ അള്ളോ ...'ന്നുള്ള ഒരു ആര്‍ത്തനാദം മാത്രം കേട്ടു.പുറകെ കൃഷ്ണകുമാറിന്റെ ഒരു ഡയലോഗ് 'എന്റെ കൃഷ്ണാ...നീയിതൊന്നും കാണുന്നില്ലേ...' പൊട്ടി വന്ന ചിരി കടിച്ചമര്‍ത്തി എല്ലാവരും കൂടെ ഇബ്രാഹിം സാറിനെ പൊക്കി എണീപ്പിച്ചു..

കൃഷ്ണന്റെ പടം വലിച്ചു കളഞ്ഞതില്‍ പിന്നെ ഉണ്ടായ വിഷമം മുഴുവന്‍ കൃഷ്ണകുമാര്‍ ഇതോടെ തീര്ത്തു. വര്‍ഷങ്ങളായി ഞങ്ങള്‍ എല്ലാരും അതെ വഴി പടി ചവിട്ടി കയറി വരുന്ന ഓഫീസ്. ആരും, ഒരു കുഞ്ഞു പോലും ഇതു വരെ വീണിട്ടില്ല. തട്ടി വീഴാന്‍ അവിടെ പടിയോ ഒന്നും തന്നെ ഇല്ല. മുഴുവന്‍ മൊസൈക് tiles. പിന്നെ ഇതെങ്ങനെ സംഭവിച്ചു? എന്തായാലും അന്നത്തെയോടെ ഇബ്രാഹിം സാറിന് എന്നെക്കുമായിട്ടു ഒരു വട്ടപ്പെരു വീണു..'എന്റെ അള്ളോ..കൃഷ്ണാ..'

കണ്ടില്ലേ കൃഷ്ണന്‍റെ ശക്തി എന്ന് ഉറച്ചു വിശസിക്കുന്നു ഇപ്പോഴും കൃഷ്ണകുമാര്‍.

Friday, December 5, 2008

ആരാണ് കള്ളി ?


ഇന്നലെ രാവിലെ ബസ്സില്‍ വെച്ചു ഒരു സംഭവം ഉണ്ടായി. പതിവു ബസ്സ് വന്നില്ല. പിന്നെ തിരക്ക് നോക്കാതെ ഒരു ബസ്സില്‍ കയറി. സൌകര്യത്തിനായിട്ടു ഞാന്‍ ഒരു സീറ്റില്‍ കൈ പിടിച്ചാണ് നിന്നിരുന്നത് . ചൊവ്വേ നേരേ നില്‍ക്കാനും വയ്യ. അത്ര തിരക്ക്. ഞാന്‍ ചാരി നിന്നിരുന്ന സീറ്റില്‍ അറ്റത്ത് ഇരുന്നത് വയസ്സായ ഒരു മുസ്ലീം സ്ത്രീ ആയിരുന്നു.


ഞാന്‍ അവിടെ നിന്നപ്പോ മുതല്‍ തുടങ്ങിയതാണ്‌ അവര് കംപ്ലൈന്റ്റ് ചെയ്യാന്‍ . മുട്ടാതെ നില്‍ക്ക് . മേത്ത് വീഴല്ലേ .അങ്ങനെ. എത്ര ശ്രമിച്ചാലും അവരെ മുട്ടാതെയും തട്ടാതെയും നില്‍ക്കാനും വയ്യ. ബസ്സില്‍ അത്ര തിരക്കുണ്ട്‌ . നിങ്ങള്‍ എന്താ വെണ്ണ ആണോ? ഉരുകിപ്പോവുമോ ? എന്നൊക്കെ ചോദിക്കണമെന്നുണ്ട് . ദേഷ്യം മനസ്സില്‍ അടക്കി .


കുറച്ചു കഴിഞ്ഞപ്പോ അവര്‍ തുടങ്ങി എന്‍റെ ബാഗ് അവരുടെ ദേഹത്ത് ഇടിക്കുന്നു എന്ന്. ആളും ബാഗും കൂടി ദേഹത്ത് വീണാല്‍ ഞാന്‍ എന്ത് ചെയ്യും എന്നൊക്കെ ആയി അടുത്ത ബഹളം . 'ഹൊ, ഇതെന്തു സാധനം', എന്ന ദേഷ്യത്തോടെ ബാഗ് ഞാന്‍ അവരുടെ ദേഹത്ത് മുട്ടാതെ പയ്യെ തള്ളി പിറകിലെക്കിട്ടു .


സത്യം പറഞ്ഞാല്‍ ബസ്സില്‍ ഒരു വല്ലാത്ത തിരക്ക്. എല്ലാരും കൂടെ എന്‍റെ പുറത്തേക്ക് വീണു കിടക്കുന്ന പോലെ. പെട്ടെന്നാണ് ഞാന്‍ ശ്രദ്ധിച്ചത് എന്‍റെ ബാഗിന് ഒരു ഭാരം പോലെ. പിറകിലേക്ക് മാറ്റി ഇട്ടിരുന്ന ബാഗിലേക്കു ഞാന്‍ ഒന്നു തിരിഞ്ഞു നോക്കി. പെട്ടെന്ന് എന്‍റെ ബാഗിന്റെ മുകളില്‍ നിന്നു ഒരു കൈ വലിച്ചെടുത്ത പോലെ എനിക്ക് തോന്നി. കറുത്ത് മെല്ലിച്ച കൈ. ഇപ്പോഴും കണ്മുന്‍പില്‍ ഉണ്ട്.കൈയിന്റെ ഉടമയെ ഞാന്‍ ഒന്നു നോക്കി. ഇളം നീല ചുരിദാര്‍ ഇട്ട ഏതോ ഒരു കോളേജ് student പോലെ തോന്നിപ്പിക്കുന്ന ഒരു പെണ്കുട്ടി.മറ്റൊരു പെണ്‍കുട്ടിയും എന്‍റെ പിറകിലായിട്ട്‌ ഉണ്ട്‌. എന്തായാലും ഞാന്‍ വീണ്ടും ബാഗ് വലിച്ചു മുന്നിലേക്കിട്ടു .(അപ്പോഴും എന്‍റെ ബള്‍ബ് കത്തിയില്ല )


ദാ കേള്‍ക്കുന്നു അപ്പൊ വീണ്ടും നമ്മുടെ വെണ്ണ പാവയുടെ അലര്‍ച്ച . ബാഗ് കൊണ്ടു ഇങ്ങനെ കുത്തല്ലേ . ഇങ്ങോട് താ ഞാന്‍ പിടിക്കാം എന്ന്. വളരെ അധികം സന്തോഷത്തോടെ ബാഗ് ഞാന്‍ അവരുടെ മടിയിലേക്ക്‌ വച്ചു. അപ്പോഴാണ് കണ്ടത് , എന്‍റെ ബാഗിന്‍റെ രണ്ടു സിപ്പും കാല്‍ ഭാഗത്തോളം തുറന്നു കിടക്കുന്നു.വേഗം തന്നെ അത് അടച്ചു പൂട്ടി ഞാന്‍ തിരിഞ്ഞു ആ പെണ്‍കുട്ടിയെ നോക്കി. ചേ , അവള്‍ ആ ഭാഗത്ത് ഒന്നും ഇല്ല. അപ്പോഴേക്കും തിരക്കും ഒരു വിധം തീര്‍ന്നു!! ബസ്സില്‍ മുഴുവന്‍ നോക്കി. ആള്‍ ബസ്സിലേ ഇല്ല. (ഇപ്പൊ ബള്‍ബ് കത്തി!) ഞാന്‍ വേഗം അവരുടെ കൈയ്യില്‍ വെച്ചു തന്നെ ബാഗ് തുറന്നു നോക്കി.അപ്പോഴുണ്ട് എനിക്ക് പേഴ്സ് പോലെ തോന്നിക്കുന്ന ലെതറിന്റെ ഒരു ഡയറക്ടറി ഉണ്ട്. അത് ബാഗിന്‍റെ മുകളിലേക്ക് വലിച്ചു വെച്ചിരിക്കുന്നു !!ഒരു നിമിഷത്തേക്ക് ഉള്ളൊന്നു കാളി .ഇതെല്ലാം 5 മിനിറ്റ് കൊണ്ടു കഴിഞ്ഞു .


അപ്പോഴേക്കും എനിക്ക് ആ ഉമ്മയുടെ അടുത്ത് ഇരിക്കാന്‍ സീറ്റ് കിട്ടി. ഞാന്‍ അവരോട് കാര്യം പറഞ്ഞു. നിങ്ങള്‍ ബാഗ് മേത്ത് മുട്ടുന്നു എന്ന് പറഞ്ഞു തള്ളി പുറകോട്ട് ആക്കിയപ്പോ എന്‍റെ ബാഗില്‍ നിന്നു ആരോ പേഴ്സ് എടുക്കാന്‍ നോക്കി എന്ന്. അപ്പൊ വാദി പ്രതിയായി ." എന്‍റെ മോളെ ബാഗ് ഒക്കെ സൂക്ഷിച്ചു പിടിക്കണ്ടേ" എന്നായി . "ഇന്നാളൊരു ദിവസം എന്‍റെ മോളുടെ രണ്ടായിരം ....." എന്ന് പറഞ്ഞു തുടങ്ങി. 'വല്ലതും പോയോ എന്ന് നോക്കട്ടെ ' എന്ന് പറഞ്ഞു ഞാന്‍ അവരുടെ സംസാരം നിറുത്തിച്ചു .


ഭാഗ്യത്തിന് എന്‍റെ ബാഗില്‍ നിന്നു അങ്ങനെ ആര്‍ക്കും ഒന്നും എടുത്തോണ്ട് പോവാന്‍ എളുപ്പം പറ്റില്ല. നല്ല tight ആയിട്ട് packed ആയിരുന്നു. അതില്‍ , ചോറുപാത്രം , 'zahir '(339 പേജുള്ള നല്ല തടിയന്‍ ബുക്ക് ആണ്), പിന്നെ മേല്‍പറഞ്ഞ ഡയറക്ടറി, അത് കൂടാതെ കാശ് വെച്ചിരുന്ന പേഴ്സ്, ചില്ലറ പൈസ വെച്ചിരിക്കുന്ന വേറെ ഒരു കുട്ടി പേഴ്സ്, പിന്നെ കൊറേ കവറുകള്‍ , ഓഫീസ് കീ , പെന്‍ ഡ്രൈവ് , എന്‍റെ കണ്ണട , കൊന്ത ,പെന്‍, പിന്നെ എന്തൊക്കെയാണ് എന്ന് എനിക്ക് പോലും നിശ്ചയമില്ലാത്ത കൊറേ സാധനങ്ങള്‍ !! ഭാഗ്യത്തിന് മൊബൈല്‍ ഫോണ്‍ വേറേ ഒരു അറയിലായത് കൊണ്ട് അത് അവിടെ തന്നെ ഉണ്ട്.

ഇതില്‍ നിന്നു എത്ര കഷ്ട്ടപ്പെട്ടിട്ടാവും ആ ഡയറക്ടറി പൊക്കിയത് !! സമ്മതിക്കാതെ തരമില്ല . അത് പോയിരുന്നെങ്ങില്‍ ഉള്ള അവസ്ഥ ആലോചിക്കാനേ വയ്യ. ചവറു കടലാസുകളും നല്ല കടലാസുകളും എല്ലാം കൂടെ ഒരുമിച്ചു ഇടുന്നത് കണ്ടു സഹിക്കാതെ അദ്ദേഹം കൊറേ ചീത്തയും പറഞ്ഞു സമ്മാനിച്ചതാണ്‌ അത്. അതില്‍ എന്‍റെ രണ്ടു ATM കാര്‍ഡ്, ഓഫീസ് ഐഡന്റിറ്റി കാര്‍ഡ്, പാന്‍ കാര്‍ഡ്, എന്‍റെ വിസിറ്റിംഗ് കാര്‍ഡ്സ് , അങ്ങനെ വളരെ valuable ആയിട്ടുള്ള സാധനങ്ങളെ ഉള്ളു. ഈശ്വരാ ! അതെങ്ങാന്‍ പോയിരുന്നെങ്ങില്‍ ഉള്ള ഒരു അവസ്ഥ.പേഴ്സ് പോയാലും സഹിക്കാവുന്നതെ ഉള്ളു. ആരുടേയോ കൃപ കൊണ്ട് , ഒരു പക്ഷെ ആ ഉമ്മയുടെ പെരുമാറ്റം അസഹനീയമായി തോന്നിയെങ്ങിലും , അവര്‍ എന്‍റെ ബാഗ് അപ്പൊ തന്നെ വാങ്ങിച്ചു പിടിച്ചില്ലയിരുന്നെങ്ങില്‍ ....


വീട്ടില്‍ വന്നു കഥ പറഞ്ഞപ്പോ അദ്ദേഹം ഒരു ചോദ്യം..'ഇനി ആ ഉമ്മ ഇതേ ഗാങ്ങില്‍ ഉള്ളതാണോ എന്ന്?' ഞാന്‍ ഒരു നിമിഷം ഞെട്ടി പോയി. യ്യോ അങ്ങനെ ഒരു കാര്യം ഞാന്‍ എന്‍റെ ചിന്തയില്‍ വന്നതേ ഇല്ല. അവര്‍ അങ്ങനെ ഉള്ള ആള്‍ അല്ലെന്നു എനിക്ക് തോന്നി. തുടര്‍ന്നുള്ള സംസാരത്തില്‍ നിന്നു എനിക്ക് മനസ്സിലായത് അവര്‍ മകളുടെ വീട്ടില്‍ പോവുകയാണെന്നാണ് . ഈ കള്ളി ഇറങ്ങികഴിഞ്ഞു ഒരു അര മണിക്കൂര്‍ കൂടി സഞ്ചരിച്ച ശേഷമേ അവര്‍ ഇറങ്ങിയുള്ള് . മറിച്ചു ചിന്ടിക്കാനാണ് എനിക്ക് ഇഷ്ടം . അവര്‍ അങ്ങനെ പെരുമാറിയത് കൊണ്ട് എനിക്ക് ഒന്നും നഷ്ടപ്പെട്ടില്ല . അല്ലെങ്കില്‍ എന്‍റെ ഡയറക്ടറി പോയേനെ . ആരേയും വിശ്വസിക്കാന്‍ പറ്റാത്ത ഒരു കാലമാണെന്ന് തോന്നുന്നു ഇതു.സംഭവം വായിച്ചിട്ട് നിങ്ങള്‍ക്ക് എന്തു തോന്നുന്നു?

Friday, November 28, 2008

സാരി മാഹാത്മ്യം

വര്‍ഷങ്ങള്‍ ആയിട്ട് ചുരിദാര്‍ ഇട്ടാണ് ഞാന്‍ പള്ളിയില്‍ പോവാറ് . പതിവിനു വിപരീതമായി കഴിഞ്ഞ ഞായറാഴ്ച സാരി എടുത്തു ഉടുത്തപ്പോ ഭര്‍ത്താവിനും മക്കള്‍ക്കും സംശയം..എന്താ കാര്യം എന്ന്. ഞാന്‍ പറഞ്ഞു പള്ളിയിലെ അമ്മമ്മമാരെ പറ്റിക്കാന്‍ വേറെ ഒരു വഴിയും കാണുന്നില്ല എന്ന്. സംഭവം ഇങ്ങനെ.

കൊറച്ചു നാളുകള്‍ക്കു മുന്നേ എന്‍റെ കാല് ഒന്നു ഒടിഞ്ഞു . രാവിലത്തെ തിരക്കിലെ ഓട്ടത്തില്‍ പറ്റിയതാണ് . അതിന് ശേഷം എനിക്ക് പള്ളിയില്‍ മുട്ടു കുത്തി നില്ക്കാന്‍ വയ്യ. കാലില്‍ അല്പം നീരും ഉണ്ട്. Crepe bandage ഇട്ടാണ് നടന്നിരുന്നത് . പള്ളിയില്‍ അത് കൊണ്ടു ഞാന്‍ എന്നും 15 മിനിറ്റ് നേരത്തേ പോവും .ഏറ്റവും പുറകിലായിട്ട് ഒരു 10 ബെന്ച്കള്‍ മാത്രേ ഉള്ളു പള്ളിയില്‍ ഇരിക്കാന്‍ . മറ്റെല്ലാവരും താഴെ ഇരിക്കണം .

കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോ മനസ്സിലായി ഈ ബെഞ്ചുകളില്‍ ഇരിക്കുന്ന സ്ഥിരം കുറച്ച് വല്യമ്മമാര്‍ ഉണ്ട്. മുട്ടു കുത്താനും താഴെ ഇരിക്കാനും വയ്യാത്തവര്‍ . കൊറച്ചു തടിച്ചികളും ഉണ്ട്. തടി കാരണം താഴെ ഇരിക്കാന്‍ പറ്റാത്തവര്‍ . :) പിന്നെ കുറച്ചു മടിച്ചികളും ഉണ്ട്. താഴെ ഇരിക്കാനും, എണീക്കാനും , മുട്ടു കുത്താനും ഒക്കെ മടിയുള്ള ഒരു വിഭാഗം . അവര്‍ എപ്പോ ഞാന്‍ ബെഞ്ചില്‍ ഇരിക്കുന്നത് കണ്ടാലും തള്ളി തള്ളി എന്‍റെ അരികില്‍ ആദ്യം സീറ്റ് പിടിക്കും ..പിന്നെ കുര്‍ബാന തീരുന്നതിനു മുന്നേ എന്നെ തള്ളി താഴെ ഇടും . എന്നാല്‍ ഈ കക്ഷികള്‍ ആരും തന്നെ നേരത്തെ വരില്ല. ഞാന്‍ ബെഞ്ച്‌ മാറി ഇരുന്നു നോക്കി. എന്നിട്ടും രക്ഷയില്ല . എവിടെ ഇരുന്നാലും കുര്‍ബാന തുടങ്ങുമ്പോഴേക്കും എനിക്ക് മിക്കവാറും സീറ്റ് കാണില്ല . അപ്പോഴാണു പിടികിട്ടിയത് എന്‍റെ ചുരിദാര്‍ ആണ് പ്രശ്നം എന്ന്.

എനിക്കും താഴെ ഇരിക്കാന്‍ വയ്യ എന്ന് പറഞ്ഞു കാലു കാണിച്ചു കൊടുക്കാന്‍ വയ്യല്ലോ . പിന്നെ പിന്നെ എനിക്ക് ഒരു സ്വസ്ഥത ഇല്ലാതെ ആയി. കുര്‍ബാനയില്‍ ശ്രദ്ധിച്ചു നില്‍ക്കുംപോഴാവും എവിടെ നിന്നെങ്ങിലും ആരെങ്ങിലും തോന്ടുന്നത് . ഒതുങ്ങി കൊടുക്കാന്‍ പറഞ്ഞു. എന്‍റെ ഇരട്ടിയില്‍ അധികം തടി ഉള്ളവരാണ് എന്നോട് ഒതുങ്ങി ഇരിക്കാന്‍ പറഞ്ഞു അരികെ ഇരിക്കുന്നത്. എന്നിട്ടോ പ്രാര്‍ത്ഥനയുടെ ഇടയില്‍ നമ്മള്‍ എണീക്കേണ്ട ഭാഗം വരുമ്പോ ഇവര്‍ എണീക്കില്ല . നമ്മള്‍ എണീട്ടിട്ടു തിരിച്ചു ഇരിക്കാന്‍ വരുമ്പോ ഒട്ടകത്തിനു സ്ഥലം കൊടുത്ത അവസ്ഥയും . പിന്നീടുള്ള കുര്‍ബാനയുടെ ബാക്കി ഭാഗം മുഴുവന്‍ ,പ്രസംഗം ഉള്‍പ്പെടെ ,ഞാന്‍ നില്‍ക്കേണ്ടി വരും. അപ്പോഴേക്കും കാല് വേദന ആവും .

പ്രാര്‍ത്ഥനയില്‍ ശ്രദ്ധിക്കാനും പറ്റാതെ ആയി. എവിടെ എങ്ങിലും അമ്മാമ്മമാരുടെ നിഴല്‍ കണ്ടാല്‍ അവര്‍ ഇപ്പോള്‍ എന്നോട് എണീക്കാന്‍ പറയുമോ എന്നൊക്കെ ഉള്ള പേടി. എങ്ങനെയാ എണീക്കാന്‍ പറഞ്ഞാല്‍ എണീക്കാതെ ഇരിക്കണേ എന്നുള്ള ആകുലത എന്നെ അലട്ടി തുടങ്ങി . കാരണം അത്ര പ്രായം ഉള്ളവര്‍ ആയിരിക്കും അവര്‍. നമ്മള്‍ എണീട്ടില്ലെങ്ങില്‍ മറ്റുള്ളവര്‍ നമ്മളെ കുറ്റപ്പെടുത്തി നോക്കും.. അവര്‍ എണീക്കില്ല. എഴുന്നേറ്റു നിന്നാല്‍ എനിക്ക് പിന്നെ അവസാനം വരെ നില്‍ക്കേണ്ടി വരുമല്ലോ എന്നൊക്കെ ഉള്ള ആധി തുടങ്ങി എനിക്ക്. അങ്ങനെ ആണ് പ്രശ്നം ഇങ്ങനെ വിട്ടാല്‍ പറ്റില്ലെല്ലോ എന്ന് തോന്നിയത് .

ആദ്യപരീക്ഷണം എന്ന നിലയില്‍ ആണു സണ്‍‌ഡേ സാരി ഉടുത്തു പോയത്. സംഗതി ഫലിച്ചുട്ടോ . ഞാന്‍ നോക്കിയപ്പോ എന്നെ പോലെ ഒരു ചുരിദാരുകാരി വന്നു എന്‍റെ മുന്നിലുള്ള സീറ്റില്‍ ഇരുന്നു. ഞാന്‍ നോക്കി ഇരിക്കയായിരുന്നു എപ്പോഴാ പുള്ളിക്കാരിയെ പൊക്കുന്നത് എന്ന്. 5 പേര്‍ക്ക് ഇരിക്കാവുന്ന ബെഞ്ച്‌ ആണ്. അതില്‍ 6 പേരു തിങ്ങി ഇരിക്കുന്നു. കുര്‍ബാന തുടങ്ങി ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോ ഒരു സ്ത്രീ (തടി ആണ് ഇവിടത്തെ പ്രശ്നം) നേരെ അവരുടെ അടുത്ത് ചെന്നു..പയ്യെ തള്ളി മാറ്റി അവരുടെ സീറ്റില്‍ കയറി ഇരുന്നു. എനിക്ക് സത്യത്തില്‍ ഉള്ളില്‍ ചിരി പൊട്ടി. എന്‍റെ ഗതി ഇതു തന്നെ ആയിരുന്നേനെ . അപ്പൊ ഇനി മുതല്‍ ഞാന്‍ അസുഖം പൂര്‍ണമായി മാറുന്നത് വരെ പള്ളിയില്‍ സാരി ഉടുക്കാന്‍ തീരുമാനിച്ചു. സാരി ഉടുത്താല്‍ ഇങ്ങനെയും ചില ഗുണങ്ങള്‍ ഉണ്ടെന്ന് ഞാന്‍ കണ്ടറിഞ്ഞു ..

അടികുറിപ്പ് : സാരി തല വഴി എപ്പോഴും പുതക്കണം . അല്ലെങ്ങില്‍ കള്ളി വെളിച്ചത്താകും . :) :)

Friday, November 21, 2008

വൈരക്കല്ലുകള്‍


എനിക്ക് പ്രതികരിക്കാതെ ഇരിക്കാന്‍ വയ്യ. ഇനിയും എത്രയോ അറിയപ്പെടാത്ത അഭയമാര്‍ . എത്രയോ അറിയപ്പെടാത്ത ഒറീസ്സ സാക്ഷ്യപ്പെടുത്തലുകള്‍ . നമ്മള്‍ എവിടെക്കാണ്‌ പോകുന്നത് ? എവിടെ ആണ് സ്ത്രീക്ക് സുരക്ഷിതത്വം ? എവിടെ ആണ് സ്വാതന്ത്ര്യം?

എന്‍റെ കൂടെ pg ക്ക് പഠിച്ചിരുന്ന രണ്ടു പേരു പള്ളിയിലെ അച്ചനാകാന്‍ പഠിച്ചിട്ടു പകുതി വഴിക്ക് സ്വയം ബോധം വന്നു അച്ചനാകണ്ട എന്ന തീരുമാനത്തില്‍ തിരിച്ചു വന്നവരാണ് . (അതോ അവിടെ നിന്നു പറഞ്ഞു വിട്ടതാണോ എന്നറിയില്ല). രണ്ടു പേരെയും ഞങ്ങള്‍ അടക്കത്തില്‍ 'മഠം ചാടികള്‍ ' എന്ന ഓമന പേരിട്ടു വിളിച്ചിരുന്നു . എവിടെ എങ്ങിലും കേട്ടിട്ടുണ്ടോ കന്യാസ്ത്രീ ആകാന്‍ ഇറങ്ങി പുറപ്പെട്ടു തിരിച്ചു വന്ന സ്ത്രീകളുടെ കഥ ? ഉണ്ടെങ്കില്‍ തന്നെ അത് വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. അവര്‍ക്ക് സമൂഹം കല്‍പ്പിച്ചിരിക്കുന്ന വിലക്കോ ? പിന്നെ അവളെ ആരെങ്ങിലും കല്യാണം കഴിപ്പിക്കാനോ കല്യാണം കഴിക്കാനോ തല്പര്യപ്പെടുമോ ? അഭയമാര്‍ക്കും അതൊക്കെ തന്നെ സംഭവിച്ചിരിക്കുന്നത് .

കന്യാസ്ത്രീ മഠത്തില്‍ എത്ര പ്രശ്നങ്ങള്‍ ഉണ്ടായാലും അത് സഹിക്കുക . കൂട്ടുനില്‍ക്കാന്‍ മുതിര്‍ന്ന കന്യാസ്ത്രീകളും (ചേ !! നോക്ക് ഇവിടെയും സ്ത്രീക്ക് ഏറ്റവും വലിയ പാര മറ്റൊരു സ്ത്രീ തന്നെ) ഉണ്ടെങ്കില്‍ സാധുക്കളായ പാവം അഭയമാര്‍ എന്ത് ചെയ്യാന്‍ ? സ്വയം വിധിക്ക് കീഴടങ്ങുക തന്നെ. ഇനിയെങ്ങിലും ദുഷിച്ച ഈ അനീതികള്‍ നടക്കാതിരുന്നെങ്ങില്‍ ? എന്തിനാ അമ്മമാര്‍ മകളെ അല്ലെങ്ങില്‍ മകനെ സന്യസിക്കാന്‍ വിടുന്നത് ? കുടുംബത്തിനു സല്പേര് കിട്ടാനോ അതോ സ്ത്രീധന കാശ് മുടക്കണ്ട എന്ന് കരുതിയോ ? എന്താണ് അവിടെ ശ്രെഷ്ടമായത് കാണുന്നത് ? ഇനി എന്ഗിലും ഈ മാതിരി ഉള്ള നരക കുഴികളിലേക്ക് മക്കളെ എറിഞ്ഞു കളയല്ലേ ...


നമുക്കെന്തിനാ ഒരു അല്ഫോന്സ വിശുദ്ധ ? ഒരു സ്ത്രീ ജന്മം മുഴുവന്‍ രോഗത്തിലും വേദനയിലും നശിച്ചു പോയതിന്റെ ഓര്മക്കോ ? അതോ മരിച്ചു പോയതിന്‍റെ ശേഷം അല്‍ഭുതങ്ങള്‍ സംഭവിപ്പിച്ചതിലോ ? നിങ്ങളുടെ മരിച്ചു പോയ അപ്പച്ചനോടും അമ്മയോടും പ്രാര്‍ത്ഥിച്ചാല്‍ നിങ്ങള്‍ക്ക് അല്‍ഭുതങ്ങള്‍ സംഭവിക്കാരില്ലേ ? എവിടെ നമ്മുടെ മദര്‍ തെരേസ ? ജീവിതം കൊണ്ടു മറ്റുള്ളവര്‍ക്ക് കാരുണ്യം എന്തെന്ന് പഠിപ്പിച്ച ആ മഹതി എത്രയോ വലിയവര്‍ . ഇവിടെ അഭയമാര്‍ ഉള്ളിടത്തോളം കാലം സ്ത്രീ ജന്മം എവിടെയും വിശുധീകരിക്കപ്പെടുന്നില്ല . നമുക്കു ഒരു വിശുധയെയും വേണ്ട. അഭയമാരും ഒറീസ്സ സംഭവങ്ങളും ഉണ്ടാകാതെ ഇരുന്നാല്‍ മാത്രം മതി.


കഴിഞ്ഞ ആഴ്ച ഞാന്‍ മാതാ അമൃതാനന്ദമയിയുടെ ഒരു വീക്ഷണം വായിച്ചു. അതില്‍ അമ്മ എഴുതിയിരിക്കുന്നത് ഒന്നു കേട്ടോളു . 'ഒരാള്‍ മറ്റൊരുവന് വളരെ അധികം വില പിടിപ്പുള്ള ഒരു വൈരക്കല്ല് സമ്മാനിച്ചു . കൊടുത്ത നിമിഷം മുതല്‍ അയാള്‍ക്ക് വിഷമം ആയി. ശ്ശെ വേണ്ടിയിരുന്നില്ല , കൊടുക്കണ്ടായിരുന്നു എന്ന ചിന്ത. അടുത്ത നിമിഷം മുതല്‍ അത് എങ്ങനെയും തിരിച്ചു വാങ്ങിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി അയാള്‍ . സ്ത്രീക്ക് കിട്ടുന്ന സ്വാതന്ത്ര്യം ഇതു പോലെ ആണ്.' ഒന്നു ചിന്തിക്കൂ കൂട്ടരേ .

എനിക്കും കിട്ടിയിട്ടുണ്ട് വൈരക്കല്ലുകള്‍. തിരിച്ചു വാങ്ങിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട് . ഒരിക്കലും തിരിച്ചു കൊടുക്കില്ല എന്ന തീരുമാനത്തിലാണ് ഞാനും. എത്ര പേര്‍ക്ക് അതിന് സാധിക്കും
??



Friday, November 14, 2008

ഗുല്‍മോഹര്‍


അതെ ഗുല്‍മോഹര്‍ പ്രണയത്തിന്റെ പര്യായമാണ് . വേനലില്‍ പൂക്കുന്ന കടും ചുവപ്പാര്‍ന്ന പൂക്കള്‍ . മറ്റു പൂക്കള്‍ എല്ലാം തന്നെ ഏപ്രില്‍ മേയ് മാസങ്ങളില്‍ പൂക്കുമ്പോള്‍ ഗുല്‍മോഹര്‍ മാത്രം കത്തിക്കാളുന്ന വേനലിന് കുളിര്‍മ പകരാന്‍ കാത്തു നില്‍ക്കും. പൂവിട്ടാലോ ..അത് ഒരു കാഴ്ച തന്നെ ആണ്.നിര നിരയായി അടി മുടി ഗുല്‍മോഹര്‍ പൂത്തു നില്‍ക്കുന്ന വഴികള്‍ എത്ര കണ്ടാലും മതി വരില്ല എനിക്ക്.

കുട്ടിക്കാലത്ത് ഗുല്‍മോഹറിന്റെ പൂക്കള്‍ വീണു കിടക്കുന്ന മുറ്റത്തിരുന്നു ഒരു പാടു കളിച്ചിട്ടുണ്ട് . ഗുല്‍മോഹറിന്റെ വിടരാറായ മൊട്ടുകള്‍ പതിയെ വിടര്‍ത്തിയാല്‍ അതിന്‍റെ നടുക്കുള്ള ചെറിയ തലയോട് കൂടിയ തണ്ടുകള്‍ ഓരോന്നായി പറിച്ചു തലകള്‍ തമ്മില്‍ കൂട്ടിപ്പിണച്ച്‌ എതിര്‍ ദിശയിലേക്കു വലിക്കുക . ആരുടെ കൈയിലിരിക്കുന്ന തലയാണോ പോയത് അയാള്‍ തോറ്റു. അങ്ങനെ എത്രയോ കളികള്‍ കളിച്ചിരുന്നു പാവം ഈ പൂമൊട്ടുകള്‍ കൊണ്ട്‌.

ഞാന്‍ പഠിച്ചിരുന്ന കോളേജിലേക്കുള്ള നടപ്പാതയില്‍ ഗുല്‍മോഹര്‍ ധാരാളം ഉണ്ട്. അവ പൂത്തിരിക്കുന്ന നാളുകളില്‍ എത്രയോ ദിവസങ്ങള്‍ പൂവിതള്‍ ചവുട്ടി നടന്നിരിക്കുന്നു . അന്നാണ് മനസ്സിലായത് പ്രണയത്തിനും ഗുല്‍മോഹര്‍ പൂവിനും ഉള്ള അടുപ്പം . എന്തു കൊണ്ടോ കോളേജ് ലൈഫില്‍ ധാരാളം ഗുല്‍മോഹര്‍ ഓര്‍മ്മകള്‍ ഉണ്ടെങ്ങിലും പ്രണയമില്ലായിരുന്നു .


പിന്നീടുള്ള ജീവിതത്തിലാണ് മനസ്സിലായത് പ്രണയമില്ലാതെ ഒരു ജീവിതം പൂര്‍ണമാവില്ല എന്ന്. ആരോടെന്ങിലും എന്തിനോടെന്ങിലും പ്രണയം കൂടിയേ തീരു . പുസ്തകങ്ങളോട് പ്രണയം, പൂവിനോട് പ്രണയം, പാട്ടിനോട് പ്രണയം, കൃഷ്ണനോട് പ്രണയം, അങ്ങനെ എന്തെങ്ങിലും ഇല്ലാതെ എങ്ങനെ ജീവിതം മുന്നോട്ടു പോവാനാണ് ? ഞാന്‍ ഒരു കാര്യം മനസ്സിലാക്കിയത് നിഷ്കലന്ഗ ഹൃദയങ്ങള്‍ക്കെ പ്രണയിക്കാന്‍ ആവൂ എന്നതാണ്. വലിയ മസിലും പിടിച്ചു കൊണ്ടു നിന്നാല്‍ പ്രണയം നിങ്ങളെ തേടി വരില്ല, താനേ തേടി വരുന്ന പ്രണയമേ പ്രണയം ആകൂ ...(ഇതു പ്രണയം അറിയാതെ പോയവരോട്)


എന്‍റെ ഒരു ബ്ലോഗ്ഗര്‍ സുഹൃത്ത് പ്രണയത്തെ വര്‍ണിച്ചു എഴുതിയത് ഇങ്ങനെ ആണ്.."അണ്ണാന്‍ കുഞ്ഞിനു പഴുത്ത മാങ്ങയുടെ മണം കിട്ടിയാല്‍ ഉള്ള അവസ്ഥയാണ് പ്രണയം എന്ന്” .മറ്റേത് പ്രണയ നിരീക്ഷണങ്ങളിലും വെച്ചു എനിക്കേറെ ഇഷ്ടപ്പെട്ട വാചകം ആണ് അത്. അവള്‍ അത് എവിടെ നിന്നെന്ങിലും ചൂണ്ടിയതാണോ എന്നറിയില്ല. മാങ്ങാ ആയാലും തേങ്ങ ആയാലും സംഭവം അത് തന്നെ.


പ്രണയം എന്താണെന്നു അറിയാത്തവര്‍ക്ക് ഹാ കഷ്ടം ! പ്രണയിക്കുക , പ്രണയിച്ചു കൊണ്ടേയിരിക്കുക ...നിങ്ങളുടെ പ്രണയം ഗുല്‍മോഹര്‍ മരം പൂത്തതു പോലെ ആവട്ടെ ..വേനലിലെ ഒരു തണല്‍ , ഒരു കുളിര്‍മ, ഒരു തലോടല്‍ , ഒരു ആശ്വാസം , ഒരു സാന്ത്വനം ആയിത്തീരട്ടെ അത്.


(വല്ലവനും കുഴിയില്‍ വീണാല്‍ എനിക്കെന്ത് ചേതം ?) ;)


Thursday, November 6, 2008

ലില്ലി പൂക്കള്‍


ഞാന്‍ ഒന്നു മുതല്‍ നാല് വരെ പഠിച്ചത് എന്‍റെ അമ്മയുടെ വീടിന്റെ തൊട്ടടുത്ത് ഉള്ള ഒരു സ്കൂളില്‍ ആണ്. എന്നും ഉച്ചക്ക് ഞാന്‍ അമ്മ വീട്ടില്‍ പോയാണ് ഊണ് കഴിക്കുന്നത് . അന്നൊക്കെ ഉച്ചക്ക് ചോറ് കൊണ്ടു വന്നു സ്കൂളില്‍ ഇരുന്നു കഴിക്കുന്ന കുട്ടികളോട് എനിക്ക് അസൂയ ആയിരുന്നു. ഊണ് കഴിക്കാന്‍ എനിക്ക് ഒരു പാടു സമയം വേണം. (പിന്നീടുള്ള വഴികളില്‍ എപ്പോഴോ ആണ് ഊണ് കഴിക്കാന്‍ 5 മിനിറ്റ് ധാരാളം മതി എന്നായത് ) അപ്പൊ എന്‍റെ കൂട്ടുകാര്‍ അവര്‍ കൊണ്ടു വന്ന ചോറ് ഉണ്ടിട്ടു എന്‍റെ വീട്ടിലേക്ക് വരും. അവര്‍ അവിടെ പറമ്പില്‍ കളിക്കുമ്പോള്‍ ഞാന്‍ ഭക്ഷണം അകത്താക്കാന്‍ പാടു പെടുക ആയിരിക്കും.


അമ്മവീട്ടില്‍ നിറയെ പൂക്കള്‍ ഉണ്ട്. മതിലിനു പകരം അന്ന് വേലി ആണ്. വേലി ആയിട്ട് വെച്ചു പിടിപ്പിച്ചിരുന്നത് മഞ്ഞ കോളാമ്പി ചെടി ആയിരുന്നു. വീടിനു ചുറ്റും അത് പൂത്തു നില്ക്കുന്നത് കാണാന്‍ നല്ല ഭംഗി ആണ്. അവിടെ ഒരു കുളവും ഉണ്ട്. കുളത്തിനു നല്ല ആഴമുള്ളത് കൊണ്ടു എന്‍റെ കൂട്ടുകാര്‍ വന്നാല്‍ അവരെ അങ്ങോട്ട് വിടില്ല . എന്റെ ഊണ് കഴിയുമ്പോള്‍ ഞങ്ങള്‍ എല്ലാരും കൂടി ഒരുമിച്ചു സ്കൂളിലേക്ക് പോവും . അപ്പോഴേക്കും ബെല്‍ അടിക്കാന്‍ സമയം ആയിട്ടുണ്ടാകും . പോകുന്ന വഴിക്ക് ഒരു വീട്ടില്‍ എപ്പോഴും കായ്ച്ചു നില്ക്കുന്ന ഒരു 'കാരക്ക ' മരം ഉണ്ട്. മിക്കപ്പോഴും അതിന്റെ പഴുത്ത കായ്കള്‍ താഴെ വീണു കിടപ്പുണ്ടാവും . ഞങ്ങള്‍ അത് പെറുക്കി എടുക്കാന്‍ ചെന്നാല്‍ ആ വീട്ടുകാര്‍ വഴക്ക് പറയും. ആര് വഴക്ക് കേള്‍ക്കാന്‍ നില്ക്കുന്നു? കാരക്ക താഴെ കണ്ടാല്‍ പെറുക്കി എടുത്തു ഒരോട്ടമാണ് .

അമ്മ വീടിന്‍റെ തൊട്ടു അടുത്ത വീട്ടില്‍ ഒരു അമ്മാമ്മ താമസിക്കുന്നുണ്ട് . അവര്‍ മാത്രമെ ഉള്ളു അവിടെ. ഞങ്ങള്‍ ആ വീട്ടില്‍ കയറാതെ പോവാറില്ല. അവിടത്തെ പ്രത്യേകത എന്താന്ന് വെച്ചാല്‍ ആ വീടിന്റെ മുറ്റം നിറയെ ഒരേ ഒരു പൂ മാത്രമെ ഉള്ളു. വെളുത്ത ലില്ലി പൂക്കള്‍ . ആ തൊടി നിറയെ എപ്പഴും വെള്ളപ്പൂക്കള്‍ വിരിഞ്ഞു നില്ക്കും. വീട്ടിലോട്ടു പോവാനുള്ള ഒരു വഴി മാത്രം ഒഴിച്ചിട്ടു കൊണ്ടു നിറയെ നിറയെ പൂക്കള്‍ ആണ്. ആ വീടിന്റെ പുറകു വശത്തും ഒക്കെ ലില്ലി പൂക്കള്‍ മാത്രം.ഞാന്‍ എന്‍റെ ജീവിതത്തില്‍ പിന്നീട് ഒരിക്കലും ഇത്ര അധികം ലില്ലി പൂക്കള്‍ എവിടെ എങ്ങിലും ഇതു പോലെ ഒരുമിച്ചു വിരിഞ്ഞു നില്‍ക്കുന്നത് കണ്ടിട്ടില്ല.

ഞങ്ങള്‍ അവിടെ ചെല്ലുന്നത് ഒരു ദുരുദ്ദേശം കൊണ്ടാണ്.. ആ പൂ പറിച്ചാല്‍ അതിന്‍റെ നീണ്ട തണ്ടിന്റെ താഴെ ഭാഗം കടിച്ചു കളഞ്ഞിട്ടു ചുണ്ട് കൊണ്ടു ഒന്നു വലിച്ചാല്‍ നിറയെ തേന്‍ കിട്ടും. അത് കുടിക്കാനാണ് ഞങ്ങള്‍ അവിടെ ചെല്ലുന്നത്. ഒരിക്കലും ആ അമ്മാമ്മ ഞങ്ങളെ വഴക്ക് പറഞ്ഞു ഓടിച്ചിട്ടില്ല . ഒരു പക്ഷെ എന്‍റെ അമ്മ വീട്ടുകാരെ ഓര്താവാം . മുറ്റം കടന്നാല്‍ തന്നെ പൂക്കളുടെ വാസന കിട്ടും. സാധിക്കുമ്പോള്‍ ഒക്കെ ആ പൂവ് പൊട്ടിച്ചു തേനും കുടിച്ചിട്ടേ ഞങ്ങള്‍ മടങ്ങുക ഉള്ളു .


പിന്നീട് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട് ..ആ അമ്മാമ്മ ഒത്തിരി പാവപ്പെട്ടവള്‍ ആയിരുന്നു. കല്യാണമേ കഴിച്ചിട്ടില്ല . എന്നിട്ടും അവര്‍ അനാഥാലയത്തില്‍ നിന്നും ഒരു പെണ്‍കുട്ടിയെ ദത്തെടുത്തു . (ചേച്ചിയെ ഞങ്ങള്‍ അവിടെ കാണാറുണ്ട് ). അവര്‍ അടുത്ത വീടുകളില്‍ എല്ലാം പണിക്കു പോയി ആ മകളെ പഠിപ്പിച്ചു . ജീവിതത്തില്‍ ആകെ ആ അമ്മാമ്മക്ക് ഉണ്ടായിരുന്നത് ആ മോള്‍ മാത്രം ആയിരുന്നു.ഒരു പക്ഷെ ആ അമ്മാമ്മയുടെ ഹൃദയ നയിര്മല്യം കൊണ്ടാവാം ആ മുറ്റത്തു നിറയെ വിശുദ്ധിയുടെ പര്യായമായ ലില്ലി പൂക്കള്‍ വിടര്‍ന്നു നിന്നത് . സ്വന്തമായിട്ട് ജീവിക്കാന്‍ വക ഇല്ലാഞ്ഞും ഒരു കുഞ്ഞിനെ, അതും ഒരു പെണ്‍കുട്ടിക്കും കൂടി ജീവിതം കൊടുക്കാന്‍ സന്മനസ്സുണ്ടാവുക എന്നത് ഒരു വലിയ കാര്യം തന്നെ. എത്ര പേര്‍ക്ക് അതിന് സാധിക്കും? എവിടെ ലില്ലി പൂക്കള്‍ വിരിഞ്ഞു നില്ക്കുന്നത് കാണുമ്പോഴും ഞാന്‍ ഇപ്പോഴും ആ അമ്മാമ്മയെ ഓര്‍ക്കാറുണ്ട് .