Friday, July 31, 2009

പ്രാന്തന്‍ കുരിയച്ചന്‍!!

അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് എനിക്ക് മട്ടാഞ്ചേരിക്ക് സ്ഥലം മാറ്റം കിട്ടിയപ്പോള്‍ പണ്ട് സ്കൂളില്‍ നിന്ന് ജൂതപ്പള്ളി കാണാന്‍ പോയ ഒരു ഓര്‍മയെ ഈ സ്ഥലത്തെ കുറിച്ച് ഉണ്ടായിരുന്നുള്ളു . ഇവിടെ വന്നു തുടങ്ങിയപ്പോള്‍ അല്ലേ ഇവിടത്തെ പ്രത്യേകതകള്‍ മനസ്സിലായത്‌ . ഏതാണ്ട് ലോകത്തിന്റെ അറ്റത്ത്‌ എത്തിയ ഒരു ഫീലിംഗ് കിട്ടും ഇവിടെ വന്നാല്‍ . ജൂതന്മാരും , ഗുജറാത്തികളും , കൊങ്ങിനികളും , angloഇന്ത്യന്‍സും , മുസ്ലിമും കൂടി കലര്‍ന്ന ഒരു സംസ്കാരം ആണ് ഇവിടെ .

ഇവിടെ ജൂതന്മാരുടെ ഒരു തെരുവ് ഉണ്ട് . കേരളത്തിലെ ആദ്യത്തെ ജൂതപ്പള്ളി സ്ഥാപിച്ചത്‌ ഇവിടെയാണ്‌ . ഇപ്പോഴും ഇവിടെ കര്‍മങ്ങള്‍ നടക്കുന്നുണ്ട് . നിര നിരയായി ടൂറിസ്റ്റ് കടകളും , നൂറ്റാണ്ട് പഴക്കമുള്ള ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ കെട്ടിടങ്ങളും കാണാം. മറ്റെങ്ങും കാണാത്ത ഒരു പ്രത്യേകത ഞാന്‍ ഇവിടെ കണ്ടു. മിക്ക വീടുകളും ഒരു വലിയ മതില്‍കെട്ടിനുള്ളില്‍ ആണ്. എല്ലാവര്ക്കും കൂടി ഒരു വലിയ ഗേറ്റ് . ഈ ഗേറ്റ് തുറന്നു കയറിയാല്‍ അകത്തു വിശാലമായ കോമ്പൌണ്ട് ,ഒരു പൊതു കിണര്‍ , ഇരുവശത്തും രണ്ടോ മൂന്നോ നിലകളുള്ള ഓടിട്ട കെട്ടിടങ്ങള്‍ , ഒന്ന് ഒന്നിനോട് മുട്ടിചെര്‍ന്നു , ഒക്കെ പഴയ മാതൃകയില്‍ ഉള്ളത്‌ . കൊച്ചു കൊച്ചു ജനാലകള്‍ , തല കുനിച്ചു കയറേണ്ടി വരുന്ന അത്ര ചെറിയ വാതിലുകള്‍ . ഓരോ കെട്ടിടത്തിലും ഓരോ മുറിയിലും ഓരോ കുടുംബം !!നമ്മുടെ പ്രശസ്തമായ മലയാളം സിനിമ 'വിയറ്റ്നാം കോളനി ' യിലെ , കോളനി ഇവിടെ ആണ് ചിത്രീകരിച്ചത് . പണ്ട് ഇവിടം ആയിരുന്നു കൊച്ചിയിലേക്കുള്ള എല്ലാ ചരക്കുകളും എത്തിയിരുന്ന കേന്ദ്രം . ഇപ്പൊl വളരെ ചെറിയ തോതിലേ കച്ചവടങ്ങള്‍ ഉള്ളു .


എന്റെ ഓഫീസിന്റെ അടുത്ത് തന്നെ വളരെ പേര് കേട്ട ഒരു കുരിശു പള്ളിയുണ്ട് . ഇവിടെ ഉള്ളവര്‍ പ്രാന്തന്‍ പള്ളി എന്നാണ് പറയുന്നത്. എല്ലാ വെള്ളിയാഴ്ച്ചകളും ഇവിടെ വളരെ അധികം തിരക്കാണ് .അന്ന് ഉച്ചക്ക് ഇവിടെ നിന്ന് നേര്ച്ച കഞ്ഞിയും കൊടുക്കാറുണ്ട് .വെള്ളിയാഴ്ച്ച ദിവസം കച്ചവടക്കാരും ധാരാളം കാണും ഇവിടെ.
ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ഈ 'പ്രാന്തന്‍ കുരിയച്ചനെ ' കുറിച്ച് കേട്ടിട്ടുണ്ട് . അന്ന് സ്കൂളില്‍ ആരുടെ എങ്കിലും എന്തെങ്കിലും സാധനം കളവു പോയാല്‍ ഉടന്‍ പ്രാന്തന്‍ കുരിയച്ചനു നേര്ച്ച നേരും . എടുത്ത ആള്‍ ഇരു ചെവി അറിയാതെ തിരിച്ചു കൊണ്ട് തരും . അല്ലെങ്കില്‍ കട്ടെടുത്ത ആള്‍ക്ക് പ്രാന്ത് വരും എന്നാണ് വിശ്വാസം . എന്തായാലും ചെറുപ്പത്തില്‍ ഞങ്ങള്‍ പിള്ളേര്‍ ഒരു പാട് കേട്ട് പേടിച്ചിട്ടുള്ള വാക്ക് ആണ് ഇത്.


എന്തായാലും അവിടം വരെ ഒന്ന് പോകണം എന്ന് കരുതി ഓഫീസില്‍ നിന്ന് ഞാനും രണ്ടു കൂട്ടുകാരും കൂടി പോയി. ഇവിടെ ഉള്ള പ്രത്യേകത ക്രിസ്ത്യാനികള്‍ മാത്രമല്ല ഇവിടെ വരുന്നത് എന്നതാണ് . ചെന്നപ്പോള്‍ ഒരു വലിയ കുരിശു മാത്രമെ അവിടെ കണ്ടുള്ളൂ . ഞാന്‍ കുരിയച്ചനെ (ഏതോ പുണ്യവാളന്‍ ആണെന്നാണ് ഞാന്‍ കരുതിയിരുന്നത് ) തപ്പി അവിടെ ഒക്കെ നടന്നു . വേറെ ഒന്നും കണ്ടില്ല . ആകപ്പാടെ വളരെ ചെറിയ ഒരു കപ്പേള പള്ളി ആണ് അത്. ഒരു ഇടുങ്ങിയ തെരുവില്‍ ആണ് അത്.ഒരു ഇരുപതു പേര്‍ക്ക് തിങ്ങി നില്‍ക്കാനുള്ള സ്ഥലമേ ഉള്ളു. ആളുകള്‍ അവിടെ മെഴുകുതിരി കത്തിക്കുന്നു , എണ്ണയും , പൂമാലയും വഴിപാടായിട്ടു കൊടുക്കുന്നു . ഒരു ചെറിയ പള്ളിയും അതിനടുതുണ്ട്.


ആളുകളെ ഒക്കെ ഇങ്ങനെ പ്രാന്ത് പിടിപ്പിക്കുന്ന കുരിയച്ചനെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ആണ് രസകരമായ ചില കാര്യങ്ങള്‍ അറിഞ്ഞത് . ഈ സ്ഥലം നമ്മുടെ ചരിത്രത്തില്‍ വളരെ പ്രാധാന്യമുള്ള 'കൂനന്‍ കുരിശു സത്യം ' (leaning cross oath) നടന്ന സ്ഥലം ആണ്. എ ഡി പതിനേഴാം നൂറ്റാണ്ടില്‍ നടന്നതാണ് ഇത്. പതിനഞ്ചാം നൂറ്റാണ്ടില്‍ കേരളത്തില്‍ വന്ന പോര്ടുഗീസുകാര്‍ ഇവിടെ ഉള്ള ക്രിസ്ത്യാനികളെ എല്ലാവരേയും അവരുടെ (ഗോവന്‍ ) രീതിയിലുള്ള മത ആചാരങ്ങള്‍ പഠിപ്പിക്കാനും പ്രാവര്‍ത്തികമാക്കാനും ശ്രമിച്ചു . അപ്പോള്‍ ഈ നാട്ടുകാരനായ ഒരു കത്തനാരിന്റെ നേതൃത്വത്തില്‍ ഇന്നാട്ടിലെ 25,000 ക്രിസ്ത്യാനികള്‍ എല്ലാവരും കൂടി ഇവിടെ സ്ഥാപിച്ചിരുന്ന ഒരു കുരിശില്‍ ഒരു വടം കെട്ടി അതില്‍ പിടിച്ചു ഇന്നാട്ടിലെ ആചാരങ്ങള്‍ക്ക് വിപരീതമായി മറ്റൊരു ആചാരത്തിന് തയ്യാറല്ല എന്ന് സത്യം ചെയ്തു എന്നും, അങ്ങനെ വലിച്ചു പിടിച്ചപ്പോള്‍ കുരിശു വളഞ്ഞു പോയി എന്നുമാണ് ചരിത്രം . അതോടെ പോര്ടുഗീസുകാര്‍ തല്ക്കാലം പിന്‍വാങ്ങി എന്നും ചരിത്രം പറയുന്നു. വളഞ്ഞു കൂനി പോയ കുരിശിനെ നാട്ടുകാര്‍ 'കൂനന്‍ കുരിശു' എന്ന് വിളിച്ചു .വിപ്ലവകരമായ ഈ ചെറുത്തു നില്പ്പിനെ 'കൂനന്‍ കുരിശു സത്യം' എന്ന് പേര് വന്നു.

അപ്പോഴും എന്റെ സംശയത്നു മറുപടി കിട്ടിയില്ല . എവിടെ പ്രാന്തന്‍ കുരിയച്ചന്‍ ? അതും കണ്ടെത്തിയപ്പോള്‍ ഞാന്‍ പൊട്ടിച്ചിരിച്ചു പോയി. പോര്ടുഗീസ് ഭാഷയില്‍ വളഞ്ഞ കുരിശിനെ “panth cruz” എന്നാണ് പറയുന്നത്. നമ്മുടെ നാട്ടുകാര്‍ panth cruz മലയാളീകരിച്ചു വിളിച്ചപ്പോള്‍ അത് പ്രാന്ത് കുരിശു ആയി, പിന്നീടത്‌ പിള്ളേരെ പേടിപ്പിക്കുന്ന പ്രാന്തന്‍ കുരിയച്ചന്‍ ആയി...അല്ലാതെ അങ്ങനെ ഒരു കഥാപാത്രം ഇല്ല !! ഇപ്പോഴും' കുരിയച്ചന്റെ പള്ളി എവിടെയാ മോളെ' എന്നാണ് വെള്ളിയാഴ്ചകളില്‍ ബസ്സില്‍ വന്നിറങ്ങുമ്പോള്‍ വല്യമ്മമാര്‍ ചോദിക്കുന്നത് . .ഹ ഹ!


വളരെ രസകരമായ ഒരു അന്ധവിശ്വാസം ആയി തോന്നിയത് കൊണ്ട് ഞാന്‍ ഇത് ഇവിടെ പങ്കു വെയ്ക്കുന്നു . ആരെങ്കിലും മറ്റു എന്തെങ്കിലും കഥ കേട്ടിട്ടുന്ടെങ്ങില്‍ അറിയിക്കുമല്ലോ.

30 comments:

Sapna Anu B.George said...

നല്ല കഥ രാധേ......ഇങ്ങനെയാണ് ഐതിഹങ്ങള്‍ ഉണ്ടാകുന്നത്

നിറങ്ങള്‍..colors said...

nannayi..chila vishwaasangal undaavunnath evideninnanennu ariyatheyaavum...kurachu koodi thiranjaal mattenthekilum karanagal koode kanathirikkilla..

good post..best wishes

കണ്ണനുണ്ണി said...

ഹാ ..പുതിയ അറിവ്..... മറ്റാന്ചെര്രിയും ഫോര്‍ട്ട്‌ കൊച്ചിയും എനിക്കും ഇഷ്ട്ടാ....
ഒരു മുപ്പതു കൊല്ലം പിന്നിലേക്കു വന്നത് പോലെ തോന്നും ... തോപ്പുംപടി പാലം കടന്നു ഇക്കരെ വന്നാല്‍ പിന്നെ

ramanika said...

beautifully described
informative
had a feeling like being in fort kochi !

raadha said...

@ അനു :) അതെ, നൂറ്റാണ്ടുകള്‍ കടന്നു പോയപ്പോള്‍ ഭാഷക്ക് വന്ന അന്തരം വളരെ വിചിത്രം അല്ലെ?

@നിറങ്ങള്‍ :) അതെ, ചിലപ്പോ ഇതിനു മറ്റു വല്ല കഥകളും കണ്ടേക്കാം. എന്തായാലും ഇവിടെ ഇപ്പോഴും ആളുകള്‍ക്ക് വിശ്വാസം കളവു ചെയ്താല്‍ പ്രാന്ത് വരും എന്ന് തന്നെ ആണ്. ആരെ എങ്കിലും പേടിക്കാനുള്ളത്‌ എന്തായാലും നല്ലത് തന്നെ.

@കണ്ണനുണ്ണി :) അതെ, ഈ ഭാഗത്തെക്കൊക്കെ വന്നാലെ അറിയൂ ഇവിടത്തെ പ്രത്യേകതകള്‍. മിക്കവാറും ഇത് നമ്മുടെ heritage സിറ്റിയായി പില്‍ക്കാലത്ത് മാറും എന്ന് തോന്നുന്നു.

@ramaniga :) it is almost time for me to get another transfer from here. so i thought it will be nice to talk abt this place which is really enchanting with its own history and myths.

കുഞ്ഞായി | kunjai said...

ഹഹഹ..
ഭ്രാന്തന്‍ കുര്യച്ചനെ രസകരമായി അവതരിപ്പിച്ചിരക്കുന്നു...

khader patteppadam said...

'ലന്തന്‍ ബത്തേരി...' ഇഷ്ട പുസ്തകം എന്നു കണ്ടപ്പോഴേ തോന്നി കൊച്ചിയെപ്പറ്റി എന്തെങ്കിലും വരും എന്ന്. നന്നായി. സെനഗോഗിനെപ്പറ്റി പറഞ്ഞല്ലൊ. സെനഗോഗ്‌ ഞങ്ങളുടെ അടുത്ത്‌ മാളയിലു ഉണ്ട്‌ കേട്ടോ. മാളയും പണ്ട്‌ ജൂതന്‍മാരുടെ അവാസ കേന്ദ്രമായിരുന്നു. സെനഗോഗ്‌ മാത്രമല്ല, അവിടെ അവരുടെ ഒരു സെമിത്തേരിയുമുണ്ട്‌. സെമിത്തേരിയില്‍ കെട്ടിപ്പൊക്കിയ പഴയ ശവകുടീരങ്ങള്‍ ഇപ്പോഴും കാണാം. സെമിത്തേരിയുടെ പകുതി ഭാഗം ചരിത്ര 'കുതുകി'കളായ പഞ്ചായത്ത്‌ അധിക്ര്‍തര്‍ കളിസ്ഥലമാക്കി മാറ്റിയിരിക്കുന്നു.എന്നാണാവോ ഇനി അവശേഷിക്കുന്നതും തച്ചുതകര്‍ക്കപ്പെടുക.!.

Typist | എഴുത്തുകാരി said...

കൂനന്‍ കുരിശെന്നു കേട്ടിട്ടുണ്ട്. ഇതാണതിന്റെ ചരിത്രം അല്ലേ?

Anonymous said...

find more details nd pics here. http://www.gsbkerala.com/christ/christian.htm

OAB/ഒഎബി said...

ഞാൻ കേട്ടിട്ടുമില്ല കണ്ടിട്ടുമില്ല.(ഇപ്പൊ കേട്ടു) അതിന്റെ പിന്നിലെ കഥ അങ്ങിനെ തന്നെയാവാനാണ് സാധ്യത. ഇനി വേറെ എന്തെങ്കിലുമാണൊ എന്തൊ.

എന്തായാലും പോസ്റ്റ് കൌതുകമുണർത്തി.

raadha said...

@കുഞ്ഞായി :) പോസ്റ്റ്‌ ഇഷ്ടപ്പെട്ടു എന്നറിഞ്ഞു സന്തോഷം. നന്ദി!

@ഖാദര്‍ :) അതെ അതെ, നമ്മുടെ ചരിത്രങ്ങള്‍ നമ്മള്‍ എങ്ങിലും അറിഞ്ഞില്ലെങ്കില്‍ മറ്റാര്‍ക്കാണ് അതില്‍ താല്പര്യം ഉണ്ടാവുക? ഞങ്ങളുടെ ഓഫീസില്‍ ജൂതന്മാര്‍ ഇപ്പോഴും കയറി വരാറുണ്ട്‌. ഇവിടെ ഇപ്പോഴും പത്തു പതിനഞ്ചു കുടുംബങ്ങള്‍ ഉണ്ട്. മാലയിലെ സെനെഗൊഗിനെ കുറിച്ച് എനിക്ക് പുതിയ അറിവാണ് ട്ടോ. ഇത് പോലെ ഇനിയും ആരാലും തന്നെ അറിയപ്പെടാതെ ചിലതൊക്കെ കാണുമായിരിക്കും.

@typist :) അതെ, ഞാന്‍ കണ്ടെത്തിയത്‌ ഇത്രയ്ക്കും . ബാക്കി ചരിത്രത്തില്‍ പറയുന്നത് വീണ്ടും പോര്ടുഗീസുകാര്‍ ഇവിടെയുള്ളവരെ സ്വാധീനിച്ചു എന്നും, ഇന്ന് കേരളത്തിലെ ക്രിസ്ത്യാനികള്‍ അവരുടെ ആചാരമാണ് സ്വീകരിചിരിക്കുന്നതു !! വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

@അനോണി :) താങ്ക്സ്.

@OAB :) അതെ, ഇത്ര കാലവും ഒരു ആള്‍രൂപത്തെ പ്രതീക്ഷിച്ച എനിക്കും വളരെ കൌതുകം തോന്നി സത്യത്തില്‍ അത് ഒരു കുരിശു മാത്രം ആയിരുന്നു എന്ന്. നന്ദി !

വിജയലക്ഷ്മി said...

"കൂനന്‍ കുരിശു "പ്രാന്തന്‍ കുരിയച്ചനായ സാഹ ചാര്യം കൊള്ളാം ..

വരവൂരാൻ said...

ചരിത്രത്തിന്റെ ഉള്ളറകൾ ഇഷ്ടമായ്‌

ഈ ബ്ലോഗ്ഗിൽ നിന്നു ആരും പോസ്റ്റു കട്ട്‌ എടുക്കില്ലാ..ഭ്രാന്തൻ കുരിയച്ചനു നേർച്ച നേർന്നാൽ മതി എല്ലാത്തിനു ഭ്രാന്ത്‌ പിടിച്ചോളും..

raadha said...

ചേച്ചിക്ക് :) ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി !

വരവൂരാന്‍ :) :) ഹ ഹ ആരാനും ഭ്രാന്ത് പിടിച്ചാല്‍ നമുക്കെന്താ അല്ലെ?? അഭിപ്രായത്തിനു നന്ദി!

ശ്രീ said...

അങ്ങനെ ഒരു പള്ളി ഉണ്ട് എന്നതു തന്നെ എനിയ്ക്ക് പുതിയ അറിവാണ്. ഒപ്പം അതിന്റെ പുറകിലെ രസകരമായ ചരിത്രവും ഇഷ്ടപ്പെട്ടു.

ഓരോരോ വിശ്വാസങ്ങള്‍ വരുന്ന വഴികള്‍...
:)

അപരിചിത said...

KOLLALO SAMBHAVAM....


panth cruz "പ്രാന്തന്‍ കുരിയച്ചന്‍!!" aayathinae patiyulla post kollam kettO...


happy blogging
;)

raadha said...

@ശ്രീ :) ഉം..ഇത് പോലെ കുട്ടികളെ പേടിപ്പിക്കാന്‍ എന്തെല്ലാം കഥകള്‍...പോസ്റ്റ്‌ ഇഷ്ടപ്പെട്ടു എന്നറിഞ്ഞപ്പോള്‍ സന്തോഷമായി.

@അപരിചിത :) ചെവിക്കു പിടിച്ചാനെങ്കിലും നിനെ ഞാന്‍ ഇവിടെ കൊണ്ട് വന്നു :P
അല്ലെങ്കില്‍ പ്രാന്തന്‍ കുരിയച്ചനു നേര്ച്ച നേരാന്‍ ഇരുന്നതാ..ഹി ഹി

വയനാടന്‍ said...

മനോഹരമായിരിക്കുന്നു പോസ്റ്റ്‌. ഇങ്ങനെയായിരിക്കാം നാം കേട്ടിട്ടുള്ള പല പ്രാന്തന്മാരുമുണ്ടായിട്ടുള്ളത്‌.

raadha said...

@വയനാടന്‍ :) ഒത്തിരി നന്ദി. ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും..

Jijimon said...

google transliterate ൽ തപ്പിയപ്പോൾ പോർച്ചുഗീസിൽ Pantha കാണാൻ പറ്റിയില്ല. എന്നാൽ ലാറ്റിനിൽ pandus cruis (bent cruis) എന്ന് കാണുന്നു!

Lohya's said...

മതങ്ങൾക്ക് അതീതമായി കൊച്ചിക്കാരുടെ ഒരു വിശ്വാസാമാണ് കുരിയച്ചൻ അഥവ “ഭ്രാന്തന്‍ കുരിയച്ചന്” നേര്‍ച്ച നേരുക എന്നത്.

കുരിയച്ചന് നേർച്ച നേർന്നാൽ കളവ് പോയ സാധനം ദിവസങ്ങള്‍ക്കുള്ളില്‍ എടുത്ത ആളോ, കളഞ്ഞ് കിട്ടിയാളോ നമ്മളെ ഏല്‍പ്പിക്കും, ഇല്ലങ്കിൽ കട്ടവന് ഭ്രാന്താവും എന്നാ വിശ്വാസം.
സാധനം കിട്ടി കഴിയുമ്പോള്‍ ഇവിടെ വന്ന് കുരിശില്‍ ഒരു മാലയിടുക, മെഴുക് തിരി കത്തിക്കുക, കുരിശ്ശിന്റെ മുന്നിലുള്ള വിളക്കിലെ കുരിശ്ശിൽ എണ്ണ ഒഴിക്കുക എന്നതാണ് വഴിപാട്.

സാധനം കളവ് നടത്തി എന്ന് സംശയിക്കുന്ന ആളുടെ മുന്നിൻ വെച്ച് "പൊയ മുതൽ തിരുച്ചു കിട്ടിയില്ലങ്കിൽ ഭ്രാന്തൻ കുരിയച്ചന് നേർച്ച നേരും" എന്ന് പറയുന്നത് പലപ്പോഴും കെട്ടിട്ടുണ്ട്.

പഴമക്കാരിൽ നിന്ന് അറിയാൻ കഴിഞ്ഞിട്ടുള്ളത് പണ്ട് കുന്നൻ കുരിശ് കപ്പേളയിൻ എവിടെ നിന്നോ ഒരു നീഗ്രോ വംശജനായ അവദൂതൻ വന്നു ചേർന്നു (ജനം ഇത്തരക്കാരേ കഞ്ചാവെന്നും/ ഭ്രാന്തനെന്നും വിളിക്കും) ഇദ്ദേഹം മാന്ത്രിക സിദ്ധിയുള്ള ആളായിരുന്നു. പല മാറാവ്യാതികളും തന്റെ അത്ഭുത പച്ചമരുന്ന് കൂട്ടിന്റെ സിദ്ധിയാൽ മാറ്റിയിട്ടുണ്ട് എന്നും പഴമൊഴി.
ഒരു മഹാ വ്യാതിക്ക് പച്ചമരുന്ന്കൂട്ട് സ്വന്തം വായിട്ട് ചവച്ചിട്ട് കൊടുത്തു എന്നും, അത് കണ്ട് രോഗിക്ക് മരുന്ന് വാങ്ങാൻ വന്നയാൾ ആദ്യം ഒന്നു മഠിച്ചു എങ്കിലും രോഗം മാറാൻ മറ്റ് മരുന്നില്ലാത്തതിനാൻ അത് വാങ്ങി രോഗിക്ക് കൊടുക്കുകയും രോഗം നിശേഷം മാറുകയും ചെയ്തു എന്നും കെട്ടിട്ടുണ്ട്.

നാട്ടുകാർ അദ്ദേഹത്തേ കുരിയച്ചൻ (കുരിശ്ശിന്റെ ചുവട്ടിലിരിക്കുന്ന അച്ഛൻ എന്ന അർത്ഥത്തിലവാം) എന്നും ഭ്രാന്തൻ കുരിയച്ചനെന്നും വിളിച്ചു പോന്നു.
ഇദ്ദേഹം മരച്ചതിനു ശേഷവും കുനൻ കുരിശ്ശിൽ കുരിയച്ചന്റെ സാനിധ്യമുണ്ട് എന്നാണ് വിശ്വാസം.
(ചെറുപ്പത്തിൽ പഴമക്കാരിൽ നിന്ന് കേട്ട കുരിയച്ചനെ കുറിച്ചുള്ള പഴംകഥ ഇതാണ്)
കളവിന് മാത്രമല്ല ഏത് കാര്യത്തിനും കുരിയച്ചന്റെ നടയിൽ 9 വെളളിയാഴിച്ച മുടങ്ങാതേ പാർത്ഥിച്ചാൻ ഫലം ഉണ്ടാവും എന്നാ കൊച്ചിക്കാരുടെ വിശ്വാസം

ഒരു കാര്യവുമില്ലങ്കിലും വെള്ളിയാഴ്ച്ചകളിൽ കുരിയച്ചന്റെ നടയിൽ പ്രാർത്ഥിക്കുന്നത് നമുക്ക് വളരേ positive energy തരും എന്നതാണ സത്യം.

Unknown said...

ഹ ഹ എന്ന് ചിരിക്കുന്നത് കോവിഡിനും പ്രളയത്തിനും മുന്നിൽ വേണം ആദ്യം...
സ്വന്തം ജനനത്തീയതി ബെർത്ത്‌ സർട്ടിഫിക്കേറ്റ് കണ്ടിട്ടോ വേണ്ടപ്പെട്ടവർ പറഞ്ഞല്ലേ അറിയുള്ളു? അല്ലാതെ ജനിച്ച സമയം ജനിച്ചപ്പോൾ തന്നെ എഴുന്നേറ്റു കലണ്ടർ നോക്കി സ്വയം മനസിലാക്കിയെങ്കിൽ കൊള്ളാം...
എന്റെ ദൈവം വഴി ഞാൻ അറിഞ്ഞത് ആദ്യം അവിടെ ശിവക്ഷേത്രം ആയിരുന്നു എന്നാണ്...
എന്ത് തന്നെ ആയാലും കുരിയച്ചനെ പരിഹസിക്കുന്നവർക്ക് പോലും പ്രാന്ത് പിടിച്ചു നടക്കുന്നത് കണ്ടിട്ടുണ്ട്...

Zhrikanth said...

ഭീഷ്മപർവം കണ്ടിട്ട് തപ്പി ഇറങ്ങിയതായിരുന്നു!!

Sajin tm said...

Nice !

Anonymous said...

2009 ൽ എഴുതിയതാണെങ്കിലും ഭീഷ്മപർവത്തിൽ മമ്മൂട്ടി പറയുന്ന ഡയലോഗ് കാരണം ഇത് പ്രയോജനപ്പെട്ടത് ഇപ്പോഴാണ് ��

അരവിന്ദ് കർത്താ said...

2009 ലെ പോസ്റ്റ്‌ അങ്ങനെ 2022 ഇൽ പ്രയോജനപ്പെട്ടു.. ഭീഷ്മപർവ്വം ♥️

kumaran said...

Veranda cross (വരാന്തയിലെ കുരിശ്) പിന്നീട് പ്രാന്തൻ കുരിശ് ആയി മാറി എന്നും കേട്ടുകേൾവി ഉണ്ട്.

kumaran said...

Pandus ≈ archer എന്ന് കാണുന്നു.

Anonymous said...

2022 ഇല് മമ്മൂട്ടിയുടെ പടം കണ്ടപ്പോൾ ആണ് ഇത് എന്താണ് എന്നു ഞാൻ അന്വേഷിച്ച് വന്നത്.

Anonymous said...

എനിക്ക് ഓർമ്മ വച്ച കാലം മുതൽ കേൾക്കുന്നതാണ് ഭ്രാന്തൻ മുത്തപ്പന്റെ കഥകൾ. ഒന്നവിടെ പോകാനും കാണാനും അറിയാനും സാധിച്ചതും ഞാൻ നേർന്ന നേർച്ച കഴിച്ചതും എനിക്ക് അമ്പത് വയസ്സായ ഈയടുത്താണ്. എൻെറ വിശ്വാസം കൂടിയിട്ടേ ഉള്ളു ഇപ്പോൾ. കാരണം ഞാൻ അനുഭവിച്ചറിഞ്ഞതാണ്. അതേപ്പറ്റി പിന്നീട് ഒരുനാൾ വ്യക്തമായി പറയാം നന്ദി 🙏