Wednesday, January 14, 2009

ജ്വരബാധിതം


ചെറുതായി പനിക്കുന്നുണ്ട് . മേലാകെ വേദന . ഇന്നു ഓഫീസില്‍ പോവണ്ട എന്നു വെച്ചു. ഇന്നലെ മുതല്‍ ജല ദോഷത്തിനും ചുമക്കും ഹോമിയോ മരുന്ന് കഴിച്ചു തുടങ്ങിയതാണ്‌ . ചുക്കും കുരുമുളകും തുളസിയും ഇട്ടു തിളപ്പിച്ച കഷായം കുടിക്കാനുണ്ട് . ഹോമിയോ മരുന്നും കഴിക്കാനുണ്ട് .ഒന്നും തന്നെ ചെയ്യാന്‍ തോന്നുന്നില്ല .

ക്ലോക്കില്‍ നോക്കി. സമയം ഉച്ചക്ക് ഒന്നര മണി ആയി. ചുമ്മാ കിടന്നിട്ടും ഉറക്കം വരുന്നില്ല. Tv ഓണ്‍ ചെയ്താലോ എന്ന് വിചാരിച്ചു. വേണ്ട. റിമോട്ട് അല്പം ദൂരെ ആണിരിക്കുന്നത് . എണീറ്റ്‌ ചെന്നു അത് എടുക്കാന്‍ വയ്യ. പനി ഉണ്ടോന്നറിയാന്‍ കൈ കൊണ്ടു നെറ്റിയില്‍ വെച്ചു നോക്കി. ഇല്ല . തണുത്തിരിക്കുന്നു . അപ്പൊ അമ്മയെ ഓര്ത്തു. അമ്മ എപ്പോഴും എന്‍റെ പനി നോക്കിയിരുന്നത് സ്വന്തം കവിള്‍ എന്‍റെ നെറ്റിയില്‍ മുട്ടിച്ചാണ് . ഇപ്പൊ അമ്മ എവിടെ? അറിയാതെ കണ്ണില്‍ വെള്ളം നിറഞ്ഞു.

മറ്റാരും വീട്ടില്‍ ഇല്ല. കുട്ടികള്‍ സ്കൂളിലും ഭര്‍ത്താവ് ഓഫീസിലും പോയി. അല്ലേലും ഈ ജലദോഷ പനിക്ക് ആരു കൂട്ടിരിക്കും ? അവര്‍ക്കാര്‍ക്കും ജലദോഷത്തിനു ലീവ് എടുക്കേണ്ടി വരില്ല. ഒന്നുകില്‍ 'cold act' അല്ലെങ്ങില്‍ 'no cold' അങ്ങനെ എന്തെങ്ങിലും ഒരു ഗുളിക അപ്പൊ വിഴുങ്ങും .അല്പം മേല് വേദന വന്നാല്‍ ഉടന്‍ crocin കഴിക്കാം . എനിക്കാനെങ്ങില്‍ ഇംഗ്ലീഷ് മരുന്നിനോട് അലര്‍ജി !! അത് കൊണ്ടു തന്നെ ചെറിയ അസുഖം വന്നാലും ഞാന്‍ ഇങ്ങനെ ചീറ്റിയും തുമ്മിയും നടക്കുന്നത് കാണുമ്പൊ അവര്ക്കു ചിരിയാ വരുന്നത്.

ഇടയ്ക്കെപ്പോഴോ ഒന്നു മയങ്ങിയപ്പോ ..താഴേക്ക്‌ , താഴേക്ക്‌ ഏതോ ഒരു കുഴിയിലേക്ക് വീഴുന്ന ഒരു സ്വപ്നം കണ്ടു ഞെട്ടലോടെ ആണ് ഉണര്‍ന്നത് . പിന്നെ ഉറങ്ങാനും തോന്നുന്നില്ല.വായ ഒക്കെ വല്ലാതെ ഉണങ്ങി വരണ്ടിരിക്കുന്നു . എന്തെന്ങിലും അടുക്കളയില്‍ പോയി എടുത്തു കഴിച്ചാലോ ? ചോറ് ഇരിപ്പുണ്ട് . ഓവനില്‍ വെച്ചു ഒന്നു ചൂടാക്കിയാല്‍ മതി. പക്ഷെ എണീക്കാന്‍ തോന്നുന്നില്ലല്ലോ .

പണ്ടായിരുന്നെങ്ങില്‍ ഒന്നും തന്നെ തനിയെ ചെയ്യേണ്ടി വരാറുണ്ടായിരുന്നില്ല . കഷായം അമ്മ തിളപ്പിച്ച് പുറകെ നടന്നു കൊണ്ടു തരും. ആവി പിടിക്കാന്‍ പോയിരുന്നു കൊടുത്താല്‍ മതിയാരുന്നു . കഞ്ഞിയും പപ്പടവും അച്ചാറും മാത്രമെ തരൂ. ഇപ്പൊ ഒന്നു ഉറക്കെ വിളിച്ചാല്‍ പോലും ആരും ഇല്ല അടുത്ത് . വളര്ന്നു വലുതാകേണ്ടിയിരുന്നില്ല എന്ന് തോന്നി. ഇപ്പൊ എന്തെല്ലാം കാര്യങ്ങള്‍ നോക്കണം !! .

മൊബൈല്‍ എടുത്തു നോക്കി. രണ്ടു മിസ്‌കാള്‍ . ആരോടും സംസാരിക്കാന്‍ മൂഡ് ഇല്ലാത്തെ കൊണ്ടു ഫോണ്‍ സൈലന്റ് മോഡ് ഇല്‍ ഇട്ടാണ് കിടന്നത് . സ്വിച്ച് ഓഫ് ചെയ്യാന്‍ തോന്നിയില്ല. ആരാ വിളിച്ചത് എന്ന് അറിയാലോ ? രണ്ടു നമ്പര്‍ ഉം അത്ര അത്യാവശ്യമുള്ളത് അല്ല. ഇനിയും വിളിച്ചാല്‍ എടുക്കാം .

ഞാന്‍ ഇങ്ങനെ കിടക്കുന്നത് കണ്ടിട്ട് എന്‍റെ മൂന്നു പൂച്ചക്കുട്ടികള്‍ അടുത്ത് കൂടി എന്‍റെ സോഫയുടെ അരികെ കിടപ്പുണ്ട് . അവരെ കണ്ടപ്പോ കൊറച്ച് ആശ്വാസം തോന്നി. ജീവനുള്ള എന്തെന്ങിലും അടുത്തുണ്ടല്ലോ എന്ന ഒരു ആശ്വാസം . വീണ്ടും സമയം നോക്കി. മണി രണ്ടു. 5 മണിക്കേ എല്ലാരും വരൂ. ഇനിയും എത്ര സമയം കൂടി തള്ളി നീക്കണം ? വല്ലാതെ ദേഷ്യം വരുന്നു. എന്തൊരു ഏകാന്തത.

ണിം ണിം ണിം..ലാന്‍ഡ്‌ ഫോണ്‍ അടിക്കുന്നു . ഇനി എണീക്കാതെ വയ്യ. എടുത്തിട്ട് ഹലോ പറഞ്ഞു. എന്‍റെ ഒച്ച കേട്ടിട്ട് എനിക്ക് തന്നെ പേടി ആയി. ശബ്ദമേ ഇല്ല. ഭര്‍ത്താവാണ് വിളിക്കുന്നത് .
'നീ ഉണ്ടോ?'
'ഇല്ല'.
'എന്തെ ഉണ്ണാതെ?'
'ഞാന്‍ ഉറങ്ങുക ആയിരുന്നു'
'വല്ലതും എടുത്തു കഴിക്കാന്‍ നോക്ക് ..അല്ലെങ്കില്‍ നാളെയും തല പൊങ്ങില്ല '
'ഉം'
'മൂളിയാല്‍ പോര , എന്തെന്ങിലും എടുത്തു കഴിക്കു '
'ഉം'
'എന്തെ, പനി ഉണ്ടോ?'
'ഇല്ല'
'എന്തെ, ഞാന്‍ വന്നു വാരി തരണോ ?'
അറിയാതെ ചിരി വന്നു.
' എനിക്ക് എണീറ്റ്‌ ഒന്നും എടുത്തു കഴിക്കാന്‍ തോന്നണില്ല '
'അങ്ങനെ പറഞ്ഞാല്‍ പറ്റില്ല. കൊറച്ച് എന്ങിലും എടുത്തു കഴിക്കു. കഷായം കുടിക്കാന്‍ മറക്കണ്ട ..നീ മരുന്ന് കഴിക്കുന്നുന്ടെല്ലോ അല്ലെ'
'ഉം'
'ശരി ഞാന്‍ ഫോണ്‍ വെക്കുകാ '

പയ്യെ അടുക്കളയില്‍ ചെന്നു. അല്‍പ്പം ചോറ് ചൂടാക്കി . മോര് കറി ഇരിപ്പുണ്ട്. അത് മതി. അച്ചാറും എടുത്തു. ഡല്‍ഹിയില്‍ നിന്നും കൊണ്ടു വന്ന അച്ചാര്‍ ആണ് അത്. ഒരു തരം mixed pickle . അതില്‍ , നാരങ്ങയും , മാങ്ങയും , കാരറ്റും ഒക്കെ ഉണ്ട്.ചോറും കൊണ്ടു വന്നു tv ഓണ്‍ ചെയ്തു. ചോറ് ഉണ്ണാന്‍ തുടങ്ങിയപ്പോഴേക്കും ഉഷാറായി . ആ ഫോണ്‍ കാള്‍ പകര്‍ന്നു തന്ന ഊര്‍ജം കുറച്ചൊന്നുമല്ല . ദൂരെ ഇരുന്നനെന്ങിലും ഒന്നന്വേഷിക്കാന്‍ തോന്നിയല്ലോ ..വീട്ടിലുള്ള ആള്‍ ചത്തോ ജീവിച്ചോ എന്ന്. ഇനി ഞാന്‍ എന്തിന് എണീക്കാതെ ഇരിക്കണം , കഷായം കുടിക്കാതെ ഇരിക്കണം, മരുന്ന് കഴിക്കാതെ ഇരിക്കണം??

ഊണ് കഴിഞ്ഞു അടുക്കളയില്‍ ചെന്നു പൂച്ചക്ക് ചോറ് കൊടുത്തിട്ട് കഷായം ചൂടാക്കി. ആവി പിടിച്ചു , ആകെപ്പാടെ ഒരു ഉണര്‍വ് . പിള്ളേര്‍ വരുമ്പോഴേക്കും എന്താ ഉണ്ടാക്കുക വൈകിട്ട് ? ഞാന്‍ വീട്ടില്‍ ഉള്ള ദിവസം അവര്ക്കു എന്തെന്ങിലും സ്പെഷ്യല്‍ ഞാന്‍ ഉണ്ടാക്കി കൊടുക്കണം എന്ന് നിര്‍ബന്ധം ആണ്. മോള്‍ ഗേറ്റ് തുറക്കുമ്പോഴേക്കും തന്നെ മൂക്ക് മണപ്പിച്ചു പറയും എന്താണ് ഞാന്‍ ഉണ്ടാക്കിയെ എന്ന്.

ഫ്രിഡ്ജ്‌ തുറന്നു നോക്കി. സേമിയോ ഇരിപ്പുണ്ട്, മില്‍ക്ക് മെയിഡ് ഉണ്ട് . പായസം ആവാം. എളുപ്പം ആണ്. ഇനി അവര്‍ വരുന്നതിനു മുന്നേ ഒരു മേല്‍ കഴുകല്‍ കൂടെ നടത്തിയാല്‍ എല്ലാം ഓക്കേ . പായസം ഉണ്ടാക്കി കുളിക്കാന്‍ കയറുമ്പോ ഞാന്‍ അറിയാതെ മൂളിപ്പാട്ട് പാടി..അപ്പൊ ഞാന്‍ ഓര്ത്തു..ഞാന്‍ തന്നെ ആണോ കുറെ മുന്പ് depressed ആയി കിടന്നിരുന്നത് ?

നാലര ആയപ്പോഴേക്കും ഞാന്‍ സിറ്റ് ഔട്ട്‌ ഇല്‍ വന്നിരുന്നു. 5 മണി ആവുന്നതിനു മുന്നേ തന്നെ husband കുട്ടികളെയും കൊണ്ടെത്തി . മേല്‍ കഴുകി ഡ്രസ്സ് മാറി നില്ക്കുന്ന എന്നെ കണ്ടപ്പോഴേക്കും ആ മുഖം നിറയെ ആശ്വാസവും സന്തോഷവും. അത് എന്നിലേക്കും പടര്‍ന്നു.'അമ്മയുടെ അസുഖം എല്ലാം മരിയെല്ലോ ' എന്ന കമന്റിന്റെ കൂടെ അവളുടെ ചോദ്യവും വന്നു.'ഇന്നെന്താ അമ്മേ ഉണ്ടാക്കിയേ?''ഒന്നും ഉണ്ടാക്കിയില്ല . അമ്മയ്ക്ക് വയ്യാതെ ആയതോണ്ട് കിടക്കുക ആയിരുന്നു' എന്ന് ഞാന്‍ പറഞ്ഞ മറുപടിയില്‍ തൃപ്തയാകാതെ അടുക്കളയിലേക്കു നേരെ ഓടി ചെന്നു പരിശോധിച്ച ശേഷം 'അമ്പടി കള്ളി ...' എന്ന് പറഞ്ഞു എന്നെ കെട്ടിപ്പിടിക്കാന്‍ മോള്‍ ഓടി വന്നപ്പോ എന്‍റെ എല്ലാ വിഷമങ്ങളും വേദനകളും എവിടേക്കോ മറഞ്ഞു പോയി.....

10 comments:

siva // ശിവ said...

ചെറിയ എന്നാല്‍ വലിയ കാര്യങ്ങള്‍....

നിറങ്ങള്‍..colors said...

sneham ella asukhavum maatum alle..

best wishes

OAB/ഒഎബി said...

കഥ പറഞ്ഞിരിക്കാതെ പായസം വിളമ്പൂ രാധേ...:)

mayilppeeli said...

രാധാ, പനിയൊക്കെ മാറിയല്ലോ അല്ലേ.........

സ്നേഹത്തോടെയുള്ള ഒരുവാക്ക്‌ മരുന്നിനേക്കാള്‍ ഗുണം ചെയ്യുമെന്നു മനസ്സിലാക്കിത്തരുന്ന പോസ്റ്റ്‌....സ്നേഹത്തേക്കാള്‍ വലിയ മരുന്നൊന്നുമില്ല അല്ലേ.....സ്നേഹത്താല്‍ ചുറ്റപ്പെട്ട ഒരുലോകം എന്നും കൂടെയുണ്ടാവട്ടേ......

ഓ:ടോ: ഞാന്‍ പുതിയ പോസ്റ്റിട്ടിരുന്നല്ലോ....പിന്നെ നിങ്ങള്‍ വന്നുപോയതിനേക്കാള്‍ തണുപ്പാണിപ്പോള്‍ ഡല്‍ഹിയില്‍....

raadha said...

@ശിവ :) അതെ ശിവാ ചെറുത്‌ ആണെങ്ങിലും നമ്മളെ ഒക്കെ സംബന്ധിച്ച് ഒരു പാടു വലിയ കാര്യങ്ങള്‍.

@നിറങ്ങള്‍ :D തീര്ച്ചയായും. നിനക്കു അത് അറിയുന്ന കാര്യമല്ലേ? പുതു വല്സരത്തില്‍ മടി പിടിച്ചിരിക്കാതെ പുതിയ പോസ്റ്റ് പോരട്ടെ.

@OAB :) പായസം ദ വിളമ്പി കഴിഞ്ഞു ...മധുരത്തില്‍ തന്നെ തുടങ്ങാം അല്ലെ?

@മയില്‍‌പീലി :) സത്യമായിട്ടും, ഇത്തിരി നുറുങ്ങിന്റെ സ്നേഹം മതിയല്ലോ നമുക്കൊക്കെ..ചേച്ചിയോട് അത് പ്രത്യേകം പറയണോ? പുതിയ പോസ്റ്റ് ദേശാടനം കണ്ടു..ഒന്നു കൂടെ വായിച്ചിട്ട് കമന്റ് ഇടം എന്ന് കരുതി..
ഉം..ഇപ്പൊ 8degree ആയി അല്ലെ? മൂടി പുതച്ചിരുന്നു ആഘോഷിച്ചോ...:)

Jayasree Lakshmy Kumar said...

സന്താപത്തിലാണ്ട് കിടക്കുന്ന മനസ്സിൽ വന്നു വീഴുന്ന സ്നേഹത്തിന്റെ ഒരു തുള്ളിക്ക് എത്ര വലിയ തിരമാലകളെയാണ് ഉണർത്താൻ കഴിയുക അല്ലേ? നല്ല പോസ്റ്റ്

പ്രൊഫഷണൽ കോഴ്സിന് ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന സമയത്ത് ഒരു ചെറിയ പനി വന്നാൽ പോലും അമ്മയെ കാണണം എന്നു പറഞ്ഞു കരഞ്ഞിരുന്ന എന്നെ എന്റെ കൂട്ടുകാർ കളിയാക്കാറുണ്ടായിരുന്നു. അമ്മക്ക് പകരം അമ്മ മാത്രേ ഉള്ളു. ഇതിൽ പറയുന്ന, അമ്മ അടുത്തില്ലാത്ത അവസ്ഥ പേടിപ്പിക്കുന്നു

raadha said...

@ലക്ഷ്മി :) :) വന്നതിലും കമന്റ് ഇട്ടതിലും സന്തോഷം. എന്തെ ഇപ്പൊ കാണാതെ എന്ന് വിചാരിച്ചു. ഞാന്‍ ആണെന്ഗില്‍ എളുപ്പം സന്തോഷിക്കുകയും സന്ങടപ്പെടുകയും ചെയ്യുന്ന കൂട്ടത്തില്‍ ആണ്. a true virgo. അപ്പൊ ആരും അടുത്ത ഇല്ലാതെ വരുന്നത് ഒരു വേദന തന്നെ ആണ്. അമ്മയെ ഒന്നും നമുക്കു എപ്പോഴും അടുത്ത് കിട്ടില്ല ലക്ഷ്മി..എത്ര കൊതിച്ചാലും. മനസ്സു ഇപ്പോഴേ ചെറിയ തോതില്‍ പാകപ്പെടുത്തി വെച്ചോ... :)

വികടശിരോമണി said...

അല്ല,ആ പായസം കഴിഞ്ഞോ?:)

പാറുക്കുട്ടി said...

ഞാനും ഒരു true virgo ആണ്. എന്റേയും സ്വഭാവം ഇങ്ങനെതന്നെയാണ്. ഒത്തിരി ചിന്തിപ്പിച്ചു ഈ പോസ്റ്റ്. സ്നേഹത്തേക്കാള്‍ വലിയ മരുന്നൊന്നും ഇല്ല.

raadha said...

@വികടന്‍ :) അയ്യോ പായസം തീര്ന്നു പോയി..അടുത്ത തവണ ആവട്ടെ ഞാന്‍ കരുതി വെയ്ക്കാം.. :)

@പാറുക്കുട്ടി :) ഹൊ സമാധാനം ആയി..എന്നെ പോലെ വട്ടുള്ളവര്‍ വേറെയും ഉണ്ടല്ലോ.. പാറുക്കുട്ടി നമുക്കൊരു വിര്‍ഗോ ladies ക്ലബ്ബ് ഉണ്ടാക്കിയാലോ...??