Thursday, November 4, 2010

വിശ്വസിക്കുമോ...?

രണ്ടു മൂന്നു ദിവസമായി വളരെ അധികം തിരക്ക് പിടിച്ച ജോലിയില്‍ ആയിരുന്നു ഞാന്‍. ഞങ്ങളുടെ ശമ്പള വര്‍ധന വന്നത് പ്രമാണിച്ച് മൂന്നു കൊല്ലത്തെ ശമ്പള കുടിശിഖ റിലീസ് ചെയ്യുന്ന തിരക്കില്‍ ആയിരുന്നു. അപ്പോഴാണ്‌ മൊബൈലില്‍ ഒരു കാള്‍ വരുന്നത് കണ്ടത്. 'gauri calling..' ഒരു നിമിഷം സന്തോഷവും, അടുത്ത നിമിഷം ഞെട്ടലും ഉണ്ടായി.. എന്തായാലും കാള്‍ ഞാന്‍ എടുത്തില്ല. അല്ലെങ്കിലും തിരക്ക് തലയില്‍ കയറിയാല്‍ ആദ്യം ഞാന്‍ അവഗണിക്കുന്നത് എന്റെ മൊബൈലിനെ ആണ്...കൂട്ടുകാരോടല്ലേ കാര്യങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാവൂ...തിരക്ക് ഒഴിവാകുമ്പോ വിളിക്കാം എന്ന് മനസ്സില്‍ കുറിച്ചിട്ടു.

സന്തോഷം ഉണ്ടായത്, അവള്‍ വിളിച്ചിട്ട് ഏകദേശം ഒരു ആറ് മാസം ആയി കാണും. വിശേഷങ്ങള്‍ അറിഞ്ഞിട്ടും അത്രയും കാലം തന്നെ ആയി.. എന്നാല്‍ സംസാരിച്ചു തുടങ്ങുമ്പോഴേക്കും ഞങ്ങള്‍ വിശേഷങ്ങള്‍ അന്യോന്യം പറഞ്ഞു ഗാപ്‌ തീര്‍ക്കുകയാണ് പതിവ്. പക്ഷെ ഞെട്ടല്‍ ഉണ്ടായത് മറ്റൊരു കാര്യം ഓര്‍ത്തിട്ടാണ്. തലേ ദിവസം രാവിലെ ഓഫീസിലേക്ക് വരുമ്പോ മനസ്സില്‍ പെട്ടെന്ന് തോന്നി..ഗൌരിയുടെ വിശേഷങ്ങള്‍ അറിഞ്ഞിട്ടു കുറെ നാള്‍ ആയല്ലോ, ഇനി മൊബൈല്‍ നമ്പര്‍ എങ്ങാനും മാറി കാണുമോ എന്നൊക്കെ വെറുതെ മനസ്സില്‍ തോന്നിയിരുന്നു...അങ്ങനെ തന്നെ ആ ചിന്ത വിട്ടു കളയുകയും ചെയ്തു. അവളെ പറ്റി അതിനു മുന്‍പോ അതോ മാസങ്ങള്‍ക്ക് മുന്‍പോ ഞാന്‍ ഓര്‍ത്തിട്ടേ ഇല്ല...പല വിധ തിരക്കുകള്‍ക്കിടയില്‍ നിറം മങ്ങി പോയ ഒരു ബന്ധം ആയിരുന്നു ഞങ്ങളുടേത്..പിന്നെ എന്തെ, ഇന്നലെ ഞാന്‍ ഓര്‍ത്തു..അവള്‍ കൃത്യമായി ഇന്ന് വിളിക്കുകയും ചെയ്തു...? ഈ ഒരു മാസത്തിനിടയില്‍ ഇത് എന്റെ മൂന്നാമത്തെ അനുഭവം ആണ്!!

പണ്ട് ടി വി യില്‍ infontainment അവതരിപ്പിച്ചിരുന്ന ഒരു ലേഡി ഉണ്ടായിരുന്നു. എന്റെ പ്രായം ആണ്. രേഖ മേനോന്‍ എന്നാണ് പേര്. എനിക്ക് ഏറെ ഇഷ്ടമായിരുന്നു അവളുടെ പ്രോഗ്രാംസ്.ഒരു ക്വിസ് പ്രോഗ്രാം ആയിരുന്നു അത്. ഏതാണ്ട് മൂന്നു വര്ഷം മുന്നേ ആയിരിക്കണം ആ പ്രോഗ്രാം. വളരെ ലൂസ്‌ ആയിട്ട് ഡ്രസ്സ്‌ ചെയ്യുന്ന ഒരു ലേഡി ആയിരുന്നു അവര്‍.അവരുടെ ചടുലമായ സംഭാഷണം ആണ് എനിക്കേറെ പ്രിയം.. her individuality sparkles in her careless style!! കഴിഞ്ഞ ആഴ്ച അടുക്കളയില്‍ എന്തോ ചെയ്തു കൊണ്ടിരുന്നപ്പോ വെറുതെ മനസ്സിലേക്ക് രേഖ ഓടി വന്നു.. അവരുടെ പ്രോഗ്രാം, അവരിപ്പോ ഫീല്‍ഡില്‍ ഉണ്ടോ എന്നൊക്കെ ഒരു ചിന്ത ഓടി പോയി.ഒരു പക്ഷെ ഞാന്‍ സ്ഥിരം ടി വി പ്രേക്ഷക അല്ലാത്തത് കൊണ്ടാവും ഇവരെ ഞാന്‍ കാണാറില്ല.ഈ രേഖയെ കുറിച്ച് എനിക്ക് അതിനു മുന്നേ ഇങ്ങനെ ചിന്ത വന്നിട്ടില്ല. അല്ലെങ്കിലും ചിന്തിക്കാന്‍ വേണ്ടുന്ന സംഭവങ്ങള്‍ അല്ലെല്ലോ നിരന്തരം നമ്മുടെ മനസ്സില്‍ ഓടി കൊണ്ടിരിക്കുന്നത്!! പക്ഷെ, ഇതേ രേഖ പിറ്റേ ദിവസം ആരെയോ ഇന്റര്‍വ്യൂ ചെയ്യുന്നതായിട്ട്‌ ഞാന്‍ ടി വിയില്‍ കണ്ടു പകച്ചിരുന്നു പോയി!!

ഇതിനു telepathy എന്ന് കരുതാമോ? എന്നാല്‍ എപ്പോഴും നമ്മള്‍ ചിന്ത്ക്കുകയോ നമ്മളോട് വളരെ അധികം അടുപ്പമുള്ളവരുടെ കാര്യത്തിലോ ഒന്നും ഇങ്ങനെ സംഭവിക്കാറില്ല. ആളുകളുടെ കാര്യത്തില്‍ മാത്രം അല്ല ഈ ചിന്തകള്‍.ഞാന്‍ പതിവായി എന്റെ ഓഫീസില്‍ വരുന്ന ഒരു കച്ചവടക്കാരന്റെ കൈയ്യില്‍ നിന്നും കശുവണ്ടി വാങ്ങി വീട്ടില്‍ കൊണ്ട് വരാറുണ്ട്. ഞങ്ങള്‍ക്ക് നാല് പേര്‍ക്കും വളരെ ഇഷ്ടം ആണ്. അതിനിടെ അദ്ദേഹത്തിനു കോലെസ്ട്രോള്‍ ചെറിയ തോതില്‍ ഉണ്ടെന്നു കണ്ടു പിടിച്ചതില്‍ പിന്നെ നട്സ് വാങ്ങല്‍ ഞാന്‍ നിര്‍ത്തി.ഒരു മൂന്നു മാസമായിട്ടു ഞങ്ങള്‍ കഴിച്ചിട്ടേ ഇല്ല. പണ്ട് മുതലേ അങ്ങനെ ആണ്..ഒരാള്‍ക്ക് കഴിക്കാന്‍ പാടില്ലാത്ത വസ്തു മറ്റുള്ളവരും വീട്ടില്‍ വാങ്ങി കഴിക്കില്ല. ഒരു മോറല്‍ സപ്പോര്‍ട്ട്. അപ്പോഴാണ്‌ നട്സ് കച്ചവടക്കാരന്‍ രണ്ടു ആഴ്ച മുന്നേ ‍ ഓഫീസില്‍ വന്നത്. വാങ്ങിക്കാനും കഴിക്കാനും കൊതി ഉണ്ടായെങ്കിലും വാങ്ങിച്ചില്ല.


പക്ഷെ, അന്ന് വൈകിട്ട് വിശന്നു തളര്‍ന്നു ഏഴേ കാല്‍ മണിക്ക് വീട്ടില്‍ എത്തിയപ്പോ ഡൈനിങ്ങ്‌ ടേബിളില്‍ ഒരു ഗിഫ്റ്റ് ബോക്സില്‍ നിറയെ നട്സ് എന്നെയും കാത്തിരിപ്പുണ്ട്‌ !! ഏതോ client അദ്ദേഹത്തിനു ഗിഫ്റ്റ് കൊടുത്തതാണ്. എനിക്ക് അപ്പൊ ഉണ്ടായ സന്തോഷം പറയണ്ട. ഒരു നിമിഷം കൊണ്ട് ഞാന്‍ ഒരു കൊച്ചു കുട്ടിയായിട്ടു മാറി.


ഇന്ന് രാവിലെയും എന്തെങ്കിലും പോസ്റ്റ്‌ ഇടണമല്ലോ എന്ന ചിന്ത മനസ്സില്‍ വന്നപ്പോ പതിവായി വന്നു എനിക്ക് കമന്റ്‌ ഇടുന്ന അനിയന്‍, ബ്ലോഗ്ഗര്‍ ശ്രീ, കഴിഞ്ഞ പോസ്റ്റില്‍ കമന്റ്‌ ഇട്ടില്ലെല്ലോ എന്ന് വെറുതെ മനസ്സില്‍ തോന്നി. ശരി എങ്കില്‍ ഇന്ന് ശ്രീ പുതിയ പോസ്റ്റ്‌ വല്ലതും ഇട്ട്ടിട്ടുണ്ടോ എന്ന് നോക്കാം എന്ന് കരുതി ഞാന്‍ എന്റെ ബ്ലോഗ്‌ തുറന്നപ്പോ ശ്രീ എന്റെ പോസ്റ്റില്‍ കമന്റ്‌ ഇട്ടിരിക്കുന്നത് കണ്ടു..! ഇതിനൊക്കെ വേണേല്‍ co incidence എന്ന് പറയാം. പക്ഷെ എന്തോ ഇത് എന്നെ ഭയപ്പെടുത്തുന്നു. സമാന അനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ട് എന്ന് കേള്‍ക്കുന്നു. ആര്‍ക്കെങ്കിലും ഇതേ കുറിച്ച് എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ ഇവിടെ പങ്കു വെക്കാം കേട്ടോ...അറിയാന്‍ താല്പര്യം ഉണ്ട്. വീട്ടില്‍ ഇതൊന്നും പറഞ്ഞില്ല..ഇതൊക്കെ നിന്റെ ഓരോ തരം വട്ടുകള്‍ എന്നെ പറയൂ...ഹി ഹി.

ചിലപ്പോ വട്ടു തന്നെ ആവാം. :-)