Friday, September 25, 2009

മഴ പെയ്യുമ്പോള്‍ ...


ഒരു കാലത്തും അവസാനിക്കാത്ത ഒരു ആത്മബന്ധം ആണ് എനിക്ക് മഴയോടുള്ളത് .എന്റെ എല്ലാ ഓര്‍മകളിലും മഴയുടെ വശ്യമായ , മോഹിപ്പിക്കുന്ന സാന്നിധ്യം ഉണ്ട് .

പണ്ട് ചെറിയ കുട്ടിയായിരുന്നപ്പോള്‍ മറ്റാരും കാണാതെ മഴ വെള്ളത്തില്‍ തിമിര്‍ത്തു നടന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു .അന്ന് ഞാന്‍ ഒന്നിലോ രണ്ടിലോ പഠിക്കുമ്പോള്‍ ഒരു ദിവസം അമ്മ കാണാതെ ഞാനും ചേച്ചിയും കൂടി മഴ വെള്ളത്തില്‍ കളിക്കുകയായിരുന്നു . മുറ്റത്തു കൂടെ ഒഴുകി എവിടേക്കോ പോയിരുന്ന ഒരു ചെറിയ തോടിന്റെ വക്കത്താണ് കളി . മഴയില്‍ ഒഴുകി വരുന്ന ചെറിയ മീനുകളെ കാല്‍ കൊണ്ട് തട്ടി തെറിപ്പിച്ചു പിടിക്കുകയായിരുന്നു .രണ്ടു പേരുടേയും ഉടുപ്പ് നന്നായി നനഞ്ഞിട്ടുണ്ട് . അമ്മ പെട്ടെന്ന് പുറകില്‍ എത്തി . ചേച്ചി അപ്പോഴേക്കും അമ്മയുടെ കൈയ്യില്‍ നിന്നും അടി കിട്ടാതെ ഇരിക്കാന്‍ വേണ്ടി കൈയ്യില്‍ അപ്പൊ പിടിച്ച മീനിനെ പെട്ടെന്ന് വായിലെക്കെടുത്തിട്ടു !! എന്നേക്കാള്‍ സാമര്ത്യക്കാരിയായിരുന്നു ചേച്ചി . ചേച്ചിയെ നോക്കി വായും പൊളിച്ചു നിന്ന എന്റെ നില്‍പ്പും , മീന്‍ വായില്‍ പിടിച്ചു നിര്‍ത്തിയ ചേച്ചിയുടെ മുഖ ഭാവവും കണ്ടപ്പോ അമ്മക്ക് കാര്യം പിടികിട്ടി .അന്ന് ഞങ്ങളെ അമ്മ അടിച്ച അടി ഇപ്പോഴും മറന്നിട്ടില്ല , പിന്നീട് ഓര്‍ത്തു ഞങ്ങള്‍ ഒരുപാട് ചിരിച്ചിട്ടുണ്ടെങ്കിലും .

തലേന്ന് പെയ്ത മഴയില്‍ പൊഴിഞ്ഞു ചിതറി വീണ വാകപ്പൂക്കള്‍ നിറഞ്ഞ വഴിയിലൂടെ , തനിച്ചു ഞാന്‍ എപ്പോഴോ നടന്നു പോയിട്ടുണ്ട് .ഇരു വശവും നില്‍ക്കുന്ന വാക മരങ്ങളുടെ ചില്ലകള്‍ തമ്മില്‍ ഒരുമിച്ചു ചേര്‍ന്ന് എന്തോ സ്വകാര്യം പറയുന്നുണ്ടായിരുന്നു.വിളറിയ ഒരു പ്രകാശം മാത്രമേ അപ്പോള്‍ എന്റെ ചുറ്റിലും ഉണ്ടായിരുന്നുള്ളൂ . ഒരു പക്ഷെ അത് ഒരു സ്വപ്നത്തില്‍ ആയിരുന്നിരിക്കാം ...

വായിക്കാന്‍ നല്ല ഒരു ബുക്കും, കൂട്ടിനു പേമാരിയും ഉണ്ടെങ്കില്‍,ഞാന്‍ പണ്ടൊക്കെ ലീവ് എടുത്തു ഇരുന്നു മഴയും ബുക്കും ഒരുമിച്ചു ആസ്വദിക്കുമായിരുന്നു. പിന്നീട് കല്യാണം കഴിഞ്ഞപ്പോള്‍, കുട്ടികളും ആയപ്പോള്‍, ലീവ് ഉള്ളത് എല്ലാം അവര്‍ക്കായി മാറ്റി വെച്ചു. എനിക്കും മഴക്കും പുസ്തകങ്ങള്‍ക്കും മാത്രമായി സ്വകാര്യ സമയങ്ങള്‍ ഇല്ലാതായി.


തകര്‍ത്തു പെയ്യുന്ന മഴയില്‍ അടച്ചു മൂടി കെട്ടിയ ബസില്‍ മറ്റൊന്നും ചെയ്യാനാകാതെ കണ്ണടച്ച് ഇരിക്കുവാന്‍ എത്ര സുഖമാണ് . മഴയിലും ആരെയോ ഒക്കെ വാശിയോടെ തോല്‍പ്പിക്കാന്‍ പാഞ്ഞു പോകുന്ന ബസില്‍ , തീര്‍ത്തും അപരിചിതരായ കുറെ മനുഷ്യര്‍ മാത്രം ! അപ്പൊ നമുക്ക് വീടില്ല , ബന്ധുക്കള്‍ ഇല്ല , കുട്ടികള്‍ ഇല്ല , ചുറ്റുപാടുകള്‍ ഒന്നും ഇല്ല , മഴയുടെ ദ്രുത താളം മാത്രം കേള്‍ക്കാം .അപൂര്‍വമായ ഒരു സ്വാതന്ത്ര്യമാണ് മഴ അപ്പോള്‍ എനിക്ക് തരുന്നത് . മഴ മാറുമ്പോള്‍ നമ്മള്‍ വീണ്ടും യാദര്ത്യത്തിലേക്ക് തപ്പി തടഞ്ഞു എഴുന്നേല്‍ക്കുന്നു ! എനിക്ക് ഇവിടെ മഴ ഒരു ഇന്ദ്രജാലക്കാരനാണ് .


കഥകള്‍ പറയാന്‍ എത്തുന്ന , ഒരിക്കലും കണ്ടിട്ടില്ലാത്ത കൂട്ടുകാരനും എനിക്കും ഇടയില്‍ മഴ എത്രയോ പ്രാവശ്യം പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നു . എന്നെ പോലെ തന്നെ മഴയെ പ്രണയിക്കുന്ന അവന്‍ ഒരിക്കല്‍ പറഞ്ഞു , ഞാന്‍ നിന്നെ കാണാന്‍ ഒരു മഴയില്‍ വരാം എന്ന് . നമുക്ക് മഴ നനഞ്ഞു നടക്കാം എന്ന് പറഞ്ഞു മോഹിപ്പിച്ചു കടന്നു പോയ അവനെ കാത്തു ഞാനും മഴയും ഇരുന്നു . മഴക്കാലം കടന്നു പോയി . കൂട്ടുകാരന്‍ ഇനി ഒരിക്കലും വരില്ല എങ്കിലും മഴ തീര്‍ച്ചയായും വരും . വരാതെ വയ്യല്ലോ . മഴ വരുമ്പോള്‍ വീണ്ടും എനിക്ക് കാത്തിരിക്കാതെ വയ്യല്ലോ ..


കിടപ്പ് മുറിയില്‍ AC പിടിപ്പിക്കണം എന്ന ആവശ്യം പല കുറി ഞാന്‍ തള്ളി കളഞ്ഞു . രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ എനിക്കിപ്പോ ജനാലകള്‍ തുറന്നിടാം . എവിടെ നിന്നോ ഓടി അടുക്കുന്ന മഴയ്ക്ക് വേണ്ടി കാതോര്‍ക്കാം . ഒടുക്കം അടുത്തെത്തി വാരിപുണരുന്ന മഴയുടെ താരാട്ട് കേട്ട് ഉറങ്ങാം . AC വെച്ചാല്‍ കൃത്രിമമായ തണുപ്പല്ലേ കിട്ടൂ ? ഒരു മഴയുടെ വരവും , ഇടിമിന്നലിന്റെ മുഴക്കവും , ബഹളവും ഒന്നും അറിയാതെ ചുമ്മാ യന്ത്രികമായിപ്പോവില്ലേ നമ്മുടെ ജീവിതം ? അത് കൊണ്ട് ജനാലകള്‍ തുറന്നു കിടക്കട്ടെ , മഴ പെയ്യട്ടെ , എല്ലാ അഹങ്കാരത്തോട്‌ കൂടെയും ..കാത്തിരിക്കാന്‍ എന്തെങ്കിലും വേണ്ടേ നമുക്ക് ?ഒരു നനുത്ത മഴയെങ്കിലും ? :-)

Thursday, September 10, 2009

ഓണ സമ്മാനം

ഇത്തവണയും നാട്ടില്‍ പോവുന്നതിനു മുന്‍പ് പതിവ് പോലെ അടുത്ത വീട്ടില്‍ താക്കോല്‍ ഏല്‍പ്പിക്കാന്‍ ഞാന്‍ പോയി . എപ്പോഴും അങ്ങനെ ആണ് ചെയ്യുന്നത് . വീട്ടില്‍ രണ്ടു നായകളുണ്ട് . അവയ്ക്ക് കൊടുക്കാന്‍ ഉള്ള ഭക്ഷണം ഡൈനിങ്ങ്‌ ടേബിള്‍ ഇല്‍ വെക്കുകയാണ് പതിവു . അടുത്ത വീട്ടുകാര്‍ക്ക് വീടിന്റെ കീ കൊടുത്താല്‍ അവര്‍ ന്യൂസ് പേപ്പര്‍ എല്ലാം മുറ്റത്ത്‌ ചിതറി കിടക്കാതെ , അതെടുത്ത് വെയ്ക്കുകയും വൈകിട്ട് ലൈറ്റ് ഇട്ടിട്ടു , രാവിലെ അത് ഓഫ്‌ ചെയ്യുകയും ആണ് പതിവ്..കള്ളന്മാര്‍ ധാരാളം ഉള്ളതല്ലേ ?


ഇവിടെ ടൌണില്‍ ആണ് താമസമെങ്കിലും , ഞങ്ങള്‍ ഈ വീട്ടുകാരോട് നല്ല അടുപ്പത്തില്‍ ആണ്. ഈ അയല്‍ക്കാരെ വീട് ഏല്‍പ്പിച്ചാണ് എപ്പോഴും ഞങ്ങള്‍ പോവാറ് . എന്റെ നായകളും ഇവരോട് ഇണക്കമാണ് . ഞങ്ങള്‍ വീട്ടില്‍ ഇല്ല എന്ന വിവരം ഈ അയല്‍ക്കാരോട് മാത്രമേ പറയാറുള്ളൂ .

ഉത്രാടത്തിന്റെ അന്ന് രാവിലെ ഞങ്ങള്‍ 9 മണി ആയപ്പോഴാണ് ഇറങ്ങിയത്‌ . ഞാന്‍ കീ കൊടുക്കാന്‍ ചെല്ലുമ്പോ അവിടത്തെ അമ്മ എത്തിയിട്ടുണ്ട് . ഓണത്തിന് വന്നതാണ് .ഈ അമ്മയ്ക്ക് ഞങ്ങളെ വലിയ കാര്യം ആണ്. ഞങ്ങള്‍ ഇവിടെ താമസത്തിന് വരുമ്പോള്‍ അമ്മ അയല്‍വക്കത്തെ വീട്ടില്‍ തന്നെ ആയിരുന്നു താമസം . അവര്‍ക്ക് രണ്ടു പെണ്മക്കളും മറ്റെല്ലാം ആണ്‍ മക്കളും ആണ്. അതിലെ മൂത്ത മകള്‍ക്ക് വേണ്ടി പണിത വീട് ആണ് ഞങ്ങള്‍ വാങ്ങിയത്‌ . പഴയ ഒരു തറവാട് പോലത്തെ വീട്ടിലാണ് അന്ന് കല്യാണം കഴിഞ്ഞ ഇളയ മകളും കുടുംബവും അമ്മയുമായി താമസിച്ചിരുന്നത് .

4-5 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭാഗം വെച്ചപ്പോള്‍ തറവാട് ഇളയ മകള്‍ക്ക് കൊടുത്തു (നായര്‍ കുടുംബമാണ് ), ഇളയ മകള്‍ അത് പൊളിച്ചു പുതിയ മാതിരി വീട് വെച്ചു. അമ്മ മൂത്ത മകളുടെ കൂടെ പോയി, കാരണം മൂത്ത മകളുടെ ഭര്‍ത്താവ് അതിനിടെ മരിച്ചു പോയിരുന്നു . മൂത്ത മോള്‍ക്ക്‌ കൂട്ടിനായിട്ടാണ് അമ്മ പോയത്‌ .എന്നാലും എന്തെങ്കിലും വിശേഷ ദിവസം വരുമ്പോള്‍ അമ്മ എത്തും. അമ്മ മാത്രമല്ല മറ്റെല്ലാരും എത്തും. ആകെപ്പാടെ ഒച്ചയും ബഹളവും ആയിരിക്കും പിന്നെ .

ഞാന്‍ ചെല്ലുമ്പോള്‍ അമ്മ രാവിലത്തെ കാപ്പി കുടിച്ചു കൊണ്ടിരിക്കുകയാണ് . അവിടത്തെ മകളോട് ഞാന്‍ പോകുന്ന വിവരം പറഞ്ഞിട്ട് പതിവ് കാര്യങ്ങള്‍ എല്ലാം ഒര്മിപ്പിച്ചിട്ടു താക്കോല്‍ ഏല്പിച്ചു . എന്റെ ശബ്ദം കേട്ടിട്ട് അമ്മ കഴിക്കുന്നിടത്ത് നിന്നും എഴുന്നേല്‍ക്കാന്‍ പോയപ്പോ , അവിടത്തെ മകള്‍ എന്നോട് പറഞ്ഞു, അമ്മ വന്നിട്ടുണ്ട് എന്ന്. അമ്മയ്ക്ക് ഷുഗറിന്റെ അസുഖം ഉണ്ട് . ഇതിനിടെ രണ്ടു പ്രാവശ്യം ഹോസ്പിറ്റലില്‍ കിടത്തിയിരുന്നു .

അമ്മയുടെ അസുഖ വിവരം അറിയാന്‍ വേണ്ടി കൂടെ ഞാന്‍ അകത്തേക്ക് കയറി ചെന്നു . അമ്മ അവിടെ ഇരുന്നു ഇടിയപ്പം കഴിക്കുകയായിരുന്നു . എന്നോട് വിശേഷങ്ങള്‍ ഒക്കെ ചോദിക്കുന്നതിനിടയില്‍ അമ്മ പറഞ്ഞു, ഇത്തവണ ഓണം ഉണ്ണാന്‍ പറ്റും എന്ന് കരുതിയതല്ല , പിന്നെ എന്റെ മക്കളെ വിഷമിപ്പിക്കാതെ ഇരിക്കാനാവും , എന്നെ അങ്ങോടു വിളിച്ചില്ല എന്ന്. ഞാന്‍ അടുത്ത് നിന്ന് ആശ്വസിപ്പിക്കുന്നതിനിടയില്‍ , അമ്മ ഇടിയപ്പം കറി ഒഴിച്ച് കുഴക്കുന്നത് കണ്ടു. എന്നിട്ട് എല്ലാരേയും അത്ഭുതപ്പെടുത്തികൊണ്ട് ഒരു ഉരുള എന്റെ വായിലേക്ക് വെച്ച് തന്നു .അത് കൊണ്ടും തീര്‍ന്നില്ല ആ അമ്മയുടെ സ്നേഹം..പോകാന്‍ യാത്ര ചോദിച്ചപ്പോ എന്റെ രണ്ടു കവിളിലും ഉമ്മയും തന്നു. അറിയാതെ , എന്റെ കണ്ണ് നിറഞ്ഞു പോയി ...


വീട്ടില്‍ അപ്പോഴേക്കും കാര്‍ മുറ്റത്തേക്ക്‌ ഇറക്കി , കുട്ടികള്‍ ഹോണ്‍ അടി തുടങ്ങിയിരുന്നു . ഞാന്‍ എന്താ യാത്ര പറയാന്‍ പോയിട്ട് കാണാത്തത് എന്ന അക്ഷമയോടെ ഭര്‍ത്താവും നോക്കി നില്‍ക്കുന്നുണ്ട്‌ . നിറഞ്ഞ കണ്ണോടെ ഞാന്‍ ഓടി ചെന്നു കാറില്‍ ഇരുന്നു, എന്നിട്ട് നടന്ന സംഭവം പറഞ്ഞു. കൊറച്ചു നേരത്തേക്ക് പുള്ളിക്കാരനും മിണ്ടിയില്ല ... കാരണം, അദ്ദേഹതിനറിയാം, നമ്മളെ നമ്മുടെ വേണ്ടപ്പെട്ടവര്‍ പോലും ഒന്ന് കൊഞ്ചിക്കാന്‍ മടിക്കുമ്പോള്‍ , ഒരു രക്തബന്ധവും ഇല്ലാത്ത , കണ്ടു പരിചയം മാത്രം ഉള്ള, ആ അമ്മ എനിക്ക് മാത്രമായിട്ടു ഒരു ഓണ സമ്മാനം തന്നു എന്നു.


നാട്ടില്‍ പോയി എല്ലാവരുടെയും കൂടെ ഇരുന്നു പായസത്തോടെ ഓണ സദ്യ ഉണ്ടപ്പോഴും , ഈ അമ്മ തന്ന ആ ഒരു പിടി ഇടിയപ്പത്തിന്റെ സ്വാദിനോളം ആയില്ല ഒന്നുമൊന്നും .ഇപ്പോഴും നന്മ നിറഞ്ഞ, നമ്മളെ നമ്മള്‍ പോലും അറിയാതെ സ്നേഹിക്കുന്ന ആളുകള്‍ നമ്മുടെ ചുറ്റിനും ഉണ്ട് എന്ന തിരിച്ചറിവില്‍ ഞാന്‍ ഈ പോസ്റ്റ്‌ ആ നല്ല അമ്മയ്ക്ക് സമര്‍പ്പിക്കുന്നു .