Monday, December 21, 2009

ക്രിസ്മസ്ഡിസംബര്‍ ആയി . ക്രിസ്മസ് ദിവസങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുന്ന മാസം . ക്രിസ്മസ് കഴിഞ്ഞാല്‍ ഉടനെ തന്നെ ന്യൂ ഇയര്‍ കൂടി വരുന്നത് കൊണ്ട് എപ്പോഴും ക്രിസ്മസ് ആഘോഷങ്ങള്‍ പുതു വല്സരത്തിലേക്കും നീളാറുണ്ട് .


എല്ലാ കാര്യങ്ങളിലും എന്ന പോലെ കുട്ടിക്കാലത്തെ ക്രിസ്മസിനും മാധുര്യം ഏറും . എന്റെ വീട്ടില്‍ ഒരു ക്രിസ്മസും ഞങ്ങള്‍ ആഘോഷിക്കാതെ വിടാറില്ല . ആരുടെ സ്കൂള്‍ ആണ് ആദ്യം ക്രിസ്മസ് അവധിക്കു പൂട്ടുന്നത് എന്ന് നോക്കിയിരിക്കും . അവസാനം സ്കൂള്‍ പൂട്ടി വരുന്ന ആള്‍ ബുക്ക്‌ വലിച്ചെറിഞ്ഞു മറ്റുള്ളവരുടെ ഒപ്പം കളിയ്ക്കാന്‍ ഓടും . അപ്പച്ചന്റെ അനിയന്‍ ആയിരുന്നു തൊട്ടടുത്ത തറവാട്ടില്‍ താമസിച്ചിരുന്നത് . അവിടത്തെ കുട്ടികളും ഞങ്ങളും കൂടിയാല്‍ തന്നെ ധാരാളം .
ആദ്യത്തെ പണി നക്ഷത്രങ്ങള്‍ ഉണ്ടാക്കല്‍ ആണ് . അതിനുള്ള സാധനങ്ങള്‍ ചേട്ടന്മാര്‍ സംഘടിപ്പിക്കും . ഒക്കെ കണ്ടും കേട്ടും നിന്നാല്‍ മതി . തിളങ്ങുന്ന കടലാസ്സും , ഗില്‍റ്റ് പേപ്പറും തൊടാന്‍ പോലും സമ്മതിക്കില്ല . വീട്ടില്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് ഒരു ക്രിബ് സെറ്റ് അപ്പച്ചന്‍ മേടിച്ചു തന്നിട്ടുണ്ട് . എല്ലാ ക്രിസ്മസിനും അത് പെട്ടി തുറന്നു പുറത്തെടുത്തു , ഓരോ പ്രതിമയും ഓരോ കവറില്‍ ആയിട്ട് ഭദ്രമായി പൊതിഞ്ഞു വെച്ചിരിക്കുന്നത് സൂക്ഷിച്ചു തുടച്ചു വെക്കണം .പുല്‍ക്കൂട്‌ ഒരുക്കല്‍ മറ്റൊരു സംഭവം ആണ് . പാടത്ത് നിന്ന് ചെളി കൊണ്ട് വന്നു അതില്‍ നെല്‍ വിത്തുകള്‍ പാകി വെക്കും . ക്രിസ്മസ് ആകുമ്പോള്‍ അത് മുഴുവന്‍ പുതിയ നാമ്പുകള്‍ എടുത്തു നില്‍ക്കും .എനിക്ക് ഓര്മ വെക്കുമ്പോള്‍ തന്നെ എന്റെ ഏറ്റവും മൂത്ത ചേട്ടന് ചാലക്കുടിയില്‍ ജോലിയുണ്ട് . ഞങ്ങള്‍ തമ്മില്‍ 20 വയസ്സിന്റെ വ്യത്യാസം ഉണ്ട് . അത് കൊണ്ട് തന്നെ , ലീവ് എടുത്തു ചേട്ടന്‍ വരുമ്പോഴേക്ക്‌ എല്ലാ തയ്യാറെടുപ്പും ഞങ്ങള്‍ നടത്തിയിരിക്കും . ചേട്ടന്‍ ആണ് ബലൂണുകള്‍ കൊണ്ട് വരുന്നത് . അന്ന് ചേട്ടന്‍ വരുന്നതും നോക്കി ഞങള്‍ ഇരിക്കും . മൂത്ത രണ്ടു ചേട്ടന്മാരും പിന്നെ കരോള്‍ കളിയ്ക്കാന്‍ പോവും .


അപ്പച്ചന്‍ ക്രിസ്മസിനു രണ്ടു മാസം മുന്നേ തന്നെ രണ്ടു താറാവിനെ മേടിച്ചു വീട്ടില്‍ നിര്‍ത്തിയിട്ടുണ്ടാവും . ഞങ്ങള്‍ക്ക് ഒന്നാം തീയതി മുതല്‍ നോമ്പ് തുടങ്ങും . നോമ്പ് അവസാനം ക്രിസ്മസ് രാത്രി ആണ് . അപ്പച്ചന്‍ അന്ന് പാതിരാ കുര്‍ബാന കഴിഞ്ഞു വരുന്നത് വരെ രാത്രിയിലെ ഭക്ഷണം കഴിക്കില്ല .ഞങ്ങള്‍ ഒക്കെ സാധാരണ പോലെ ഭക്ഷണം കഴിച്ചു രാത്രിയില്‍ പള്ളിയില്‍ പോയി വന്നു കിടന്നുറങ്ങുമ്പോള്‍ അപ്പച്ചന്‍ , പള്ളിയിലെ കഴിഞ്ഞു അപ്പവും താറാവ് ഇറച്ചിയും കൂട്ടി അത്താഴം കഴിച്ചിട്ടേ ഉറങ്ങൂ .


വീട്ടില്‍ അന്നേ കറന്റ്‌ ഉണ്ടായിരുന്നെങ്കിലും ക്രിസ്മസ് നക്ഷത്രത്തില്‍ വിളക്ക് ആണ് വെക്കുക . ഇന്നത്തെ പോലെ റെഡി മെയിഡ് സ്റ്റാര്‍ അന്ന് വാങ്ങാറില്ല . വീട്ടില്‍ ഞങ്ങള്‍ തന്നെ ഉണ്ടാക്കുന്ന സ്റ്റാര്‍ ആണ് ഉപയോഗിക്കുന്നത് . ചിലപ്പോള്‍ അപ്പച്ചനും സ്റ്റാര്‍ ഉണ്ടാക്കാന്‍ കൂടും . അന്ന് ഒരു വീടിനു ഒരു സ്റ്റാര്‍ മാത്രേ ഉണ്ടാക്കൂ . സന്ധ്യ ആകുമ്പോ സ്റ്റാര്‍ പയ്യെ കയര്‍ കെട്ടി താഴെ ഇറക്കി അതിന്റെ തട്ടില്‍ വിളക്ക് കത്തിച്ചു വെക്കും . രാവിലെ ഇറക്കി വിളക്ക് അണച്ച് വെക്കുകയും ചെയ്യും .

അന്ന് ഒരിക്കെ ഞങ്ങള്‍ ക്രിസ്മസ് ദിവസം രാത്രി പള്ളിയിലേക്ക് നടന്നു പോവുമ്പോള്‍ , (ഇന്നത്തെ എറണാകുളം ഫോര്‍ഷോര്‍ റോഡ്‌ ) ഒരു സ്റാര്‍ കണ്ടു . അതിന്റെ താഴെ ഉള്ള മണ്ണ് മുഴുവന്‍ ചുവന്നിരിക്കുന്നു . ഞാന്‍ അന്ന് തീരെ ചെറിയ കുട്ടിയാണ് . എന്നോട് പറഞ്ഞു ചുവന്ന മണ്ണ് വരിക്കോ , നമുക്ക് വീട്ടില്‍ കൊണ്ട് ചെന്ന് ഇടാമെന്ന് . സ്ടാറില്‍ ചില ഭാഗങ്ങളില്‍ ചുവന്നു തിളങ്ങുന്ന പ്ലാസ്റ്റിക്‌ കടലാസ്സാണ് ഒട്ടിച്ചിരുന്നത് . അതിന്റെ നിഴല്‍ അടിക്കുന്ന ഭാഗത്തായിരുന്നു മണ്ണിനു ചുവന്ന നിറം . ഞാന്‍ അന്ന് മണ്ണ് കൊറേ വാരി നോക്കി . വീട്ടിലെത്തുമ്പോള്‍ മണ്ണിന്റെ നിറം മാറും . ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചിരി വരും . വീട്ടിലെ ഏറ്റവും ചെറിയ ആള്‍ ഞാന്‍ ആയതു കൊണ്ട് എന്നെ മുന്നില്‍ നിറുത്തിയാണ് പല കാര്യങ്ങളും ചേട്ടനും ചേച്ചിമാരും സാധിച്ചിരുന്നത് . അവര്‍ക്ക് കുരങ്ങു കളിപ്പിക്കാനും ടാര്‍ഗറ്റ് ഞാന്‍ ആയിരുന്നു .അങ്ങനെ എന്തെല്ലാം തമാശകള്‍ .

ക്രിസ്മസിന്റെ അന്ന് രാവിലെ മുതല്‍ വീട്ടില്‍ കേക്കിന്റെ ബഹളമാണ് . അന്ന് വീട്ടില്‍ വരുന്ന വിരുന്നുകാര്‍ ഒക്കെ കേക്കും കൊണ്ട് വരും .അയ്സിംഗ് ഉള്ള പ്ലം കേക്ക് ആണ് മിക്കവാറും കൊണ്ട് വരിക . അയ്സിംഗ് തിന്നു തിന്നു മധുരം ആര്‍ക്കും വേണ്ടാതെ ആകും . അപ്പൊ അമ്മ എല്ലാ അയ്സിംങ്ങും കൂടെ ടിന്നില്‍ അടച്ചു വെക്കും . പിന്നെ , രണ്ടു ദിവസം കഴിഞ്ഞേ അത് തരൂ . അപ്പൊ ആ അയ്സിംഗ് നും കടി പിടി കൂടും ഞങ്ങള്‍ ..

ഇത്തവണ ഞങ്ങള്‍ നോമ്പ് നോക്കുന്നുണ്ട് . കുട്ടികള്‍ക്ക് എന്നാലെങ്കിലും ക്രിസ്മസ് ന്റെ മധുരം ഉണ്ടാകട്ടെ . ക്രിസ്മസ് ദിനങ്ങള്‍ ഞങ്ങള്‍ ഒരിക്കലും തനിയെ ആഘോഷിക്കാറില്ല , അത് തറവാട്ടില്‍ ആയിരിക്കും .

ഇപ്പോഴും അപ്പവും താറാവ് ഇറച്ചിയും തന്നെ ക്രിസ്മസ് ദിനത്തിന്റെ മെനു എങ്കിലും പഴയ സ്വാദു വരുന്നില്ല ..അത് പോലെ ഒരു സ്റാറിനു പകരം മൂന്നു സ്റാര്‍ എങ്കിലും ഞങ്ങള്‍ തൂക്കാറുണ്ട്‌ ..എന്നാലും പണ്ടത്തെ ഒരു സുഖം കിട്ടുന്നില്ല ..ഇപ്പൊ ചൊവ്വേ നേരെ ഒരു കാരോള്‍ സംഘം പോലും വരാറില്ല . ആര്‍ക്കും അതിനൊന്നും നേരം ഇല്ല .എല്ലാവരും tv യുടെ മുന്‍പില്‍ കുത്തിയിരികകുകയെ ചെയ്യുള്ളു ..

നമ്മള്‍ എല്ലാം ഒരു പാട് മാറി പോയി . എന്റെ കുട്ടികളുടെ പ്രകൃതം കാണുമ്പോള്‍ എനിക്ക് ചിലപ്പോ തോന്നാറുണ്ട് , ഇവരോ ഞാനോ കുട്ടി എന്ന് ? അവര്‍ മുതിര്‍ന്നവര്‍ ചിന്തിക്കുന്നത് പോലെ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു ..!! എന്തെ നമ്മളൊക്കെ വലുതാകുംതോറും പഴയ കാലത്തിനും ഓര്‍മകള്‍ക്കും മധുരം കൂടുന്നത് ?ഇപ്പൊ ആ കാലത്തിലേക്ക് തിരിച്ചു പോകാന്‍ കൊതി തോന്നുന്നു ..വീണ്ടും ഒരു ജന്മമുണ്ടെങ്കില്‍ ഇങ്ങനെ ഒക്കെ തന്നെ ആയാല്‍ മതി എന്ന് മനസ്സ് പറയുന്നു ..
എന്റെ ബൂലോക കൂട്ടുകാര്‍ക്ക് എല്ലാര്ക്കും ക്രിസ്മസ് ആശംസകള്‍ ...
സസ്നേഹം ,Friday, December 4, 2009

നമുക്കിത് വേണോ..?


ഒരു അക്കവ്ണ്ട്സ് മീറ്റിംഗ്. സ്ഥലം കോട്ടയത്തിനടുത്ത് കുട്ടിക്കാനം എന്ന പ്രകൃതി രമണീയമായ സ്ഥലം . എല്ലാ quarter കഴിയുമ്പോഴും അക്കവ്ണ്ട്സ് മീറ്റിംഗ് ഉണ്ടെങ്കിലും വര്‍ഷത്തിലെ ആദ്യത്തെ മീറ്റിംഗ് എപ്പോഴും പുറത്തു എവിടെ എങ്കിലും വെച്ചാണ് നടത്തുന്നത് . പോയ വര്‍ഷത്തെ ട്രയല്‍ ബാലന്‍സ് സമയത്തിന് കൊടുത്തതിന്റെ ഒക്കെ ഒരു appreciation മീറ്റിംഗ് ആയിരിക്കും ഇത് .


3 ദിവസത്തെ മീറ്റിംഗ് ആണ് . ഞങ്ങള്‍ ഏതാണ്ട് 30 പേര് ഉണ്ട് . കമ്പനിയുടെ കേരളത്തിലെ 19 ഡിവിഷന്‍ ഓഫീസില്‍ നിന്നും ഉള്ള ആളുകള്‍ ആണ് വന്നിരിക്കുന്നത് . എന്റെ കൂടെ ഞങ്ങളുടെ കാഷ്യെര്‍ നെ ഞാന്‍ കൊണ്ട് പോയിരുന്നു .ഒഫീഷ്യല്‍ വര്‍ക്ക്‌ ഞങ്ങള്‍ രണ്ടു ദിവസം കൊണ്ട് തീര്‍ത്തു . രണ്ടാം ദിവസം രാത്രി ഒരു ഗെറ്റ് ടു ഗെതെര്‍ ഉണ്ടായിരുന്നു .


എല്ലാവരോടും രാത്രി ഡിന്നര്‍നു മുന്‍പ് recreation ഹാളില്‍ എത്താന്‍ പറഞ്ഞു . ഇതിനു മുന്‍പും ഞാന്‍ പുറത്തുള്ള മീറ്റിംഗ് അറ്റന്‍ഡ് ചെയ്തിട്ടുണ്ട് . കുമളിയിലും നെല്ലിയാംപതിയിലും ഒക്കെ വെച്ച് മീടിങ്ങ്സ് നടത്തിയിട്ടുണ്ട് . ഞങ്ങള്‍ സ്ത്രീകള്‍ 8 പേര്‍ ഉണ്ട് . മറ്റു ജനങ്ങള്‍ എല്ലാം തന്നെ പുരുഷ പ്രജകള്‍ . എല്ലാവരും തന്നെ 35-40 വയസ്സിനുള്ളില്‍ പ്രായം .


ചീഫ് റീജിയണല്‍ മാനേജര്‍ വന്നിരുന്നു . എല്ലാവരോടും എന്തെങ്കിലും അറിയാവുന്നത് പെര്‍ഫോം ചെയ്യാന്‍ പറഞ്ഞു . ചിലര്‍ പാടി , ഡാന്‍സ് ചെയ്തവരും ഉണ്ട് . കുറച്ചു കഴിഞ്ഞപ്പോള്‍ ചീഫ് പറഞ്ഞു , പുള്ളിക്കാരന്‍ ഒരു പാട്ട് പാടാം . അത് കേട്ട് ചിരി വരുന്നവര്‍ ചിരിച്ചോളൂ , പക്ഷെ എന്നാലും പാട്ട് നിര്‍ത്തുമെന്ന് കരുതണ്ട എന്ന് മുന്നറിയിപ്പ് തന്നു . ചീഫ് മലയാളി ആണ് . സാധാരണ ഞങ്ങള്‍ക്ക് ചീഫ് ആയിട്ട് മലയാളികള്‍ വരാറില്ല .


എല്ലാവരും പാട്ട് കേള്‍ക്കാനുള്ള ആകാംഷയോടെ ഇരുന്നു . സ്വതവേ ഗൌരവക്കാരനായ ചീഫ് പാടി തുടങ്ങി ..''ഓമലാളെ കണ്ടു ഞാന്‍ ...” ചിരി അടക്കി പിടിച്ചിട്ടും പൊട്ടി പോയി . നോക്കുമ്പോള്‍ ചിരിക്കാത്തവര്‍ ആരും ഇല്ല . എന്നാലും സര്‍ നിറുത്താന്‍ ഉള്ള ഭാവമില്ല . മുഴുവന്‍ പാടി തീര്‍ത്തിട്ടെ നിറുത്തിയുള്ളൂ .


ഒരു 9.30 മണിയോടെ ആണ് ഞങ്ങള്‍ തീരെ പ്രതീക്ഷിക്കാതെ ഇരുന്ന ഒരു സംഭവം നടന്നത് . കമ്പനിയുടെ വകയായിട്ട് എല്ലാര്ക്കും ഡ്രിങ്ക്സ് വിളംബാന്‍ തുടങ്ങി . Ladies നു ഓറഞ്ച് ജൂസും . ഡ്രിങ്ക്സ് വേണ്ടവര്‍ക്ക് അതും ആകാം . പക്ഷെ , ഞങ്ങള്‍ അവരുടെ കൂടെ ഇരുന്നേ മതിയാകൂ , രണ്ടു റൌണ്ട്സ് അവര്‍ എടുക്കുന്നത് വരെ , അതിനു ശേഷം ഞങ്ങള്‍ക്ക് ഡിന്നര്‍ കഴിക്കാന്‍ പോവാമെന്നു !! മറ്റുള്ളവര്‍ക്ക് തുടരാം .


ഞങ്ങളുടെ കൂട്ടത്തില്‍ ഒരു മുസ്ലിം ലേഡി ഉണ്ടായിരുന്നു . കണ്ണൂര്കാരി ആണ് . പുള്ളി വളരെ ഓര്‍ത്തഡോക്‍സ്‌ ആണ് . പര്‍ദ്ദ ആണ് ധരിക്കുന്നത് . എല്ലാവരും ചുറ്റിലും ഇരുന്നു ഡ്രിങ്ക്സ് കഴിക്കുന്നത് കണ്ടപ്പോള്‍ ആളുടെ മുഖം വിവര്‍ണമായി . ഡ്രിങ്ക്സ് ഒരു റൌണ്ട് കഴിഞ്ഞപ്പോള്‍ തന്നെ , ചിലരുടെ പാട്ടിന്റെ രീതിയൊക്കെ മാറി . ഒരാളോട് പാടാന്‍ പറഞ്ഞാല്‍ രണ്ടു പേര്‍ പാടും എന്നായി .


അവര്‍ രണ്ടു റൌണ്ട്സ് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് രെസ്ടുരന്റിലേക്ക് പോവാന്‍ അനുമതി കിട്ടി . അല്ലെങ്കില്‍ മര്യാദ കേടാണ്ത്രെ . എന്തായാലും കമ്പനിയുടെ പുതിയ ഈ പരിഷ്ക്കാരം നമുക്ക് വേണ്ടായിരുന്നു എന്ന ഒരു അഭിപ്രായമായിരുന്നു സ്ത്രീകളുടെ ഇടയില്‍ . കാരണം , അപ്രിയകരമായ ഒരു അന്തരീക്ഷം ഒഴിവാക്കാമായിരുന്നു , അല്ലെങ്കില്‍ ഇതിനെ കുറിച്ച് നേരത്തെ തന്നെ ഒരു ഹിന്റ് തന്നിരുന്നെങ്കില്‍ , വളരെ sensitive ആയ ladies നു എങ്കിലും ഒഴിഞ്ഞു നില്ക്കാമായിരുന്നു .ഭക്ഷണം കഴിഞ്ഞ ഉടന്‍ സ്ത്രീകള്‍ ആരും തന്നെ ആ പരിസരത്ത് നിന്നില്ല , പാതിരാവായെന്നു കേട്ടു തലേ ദിവസത്തെ സദസ്സ് പിരിഞ്ഞപ്പോള്‍ .


തിരിച്ചു വന്നു കഴിഞ്ഞിട്ട് ഉള്ള സത്യം പറയാലോ , ഞാന്‍ ഈ കാര്യം മാത്രം വീട്ടില്‍ പറഞ്ഞില്ല . ഒന്നും തന്നെ സംഭവിച്ചില്ലെങ്കിലും , ഇനിയും മീടിങ്ങുകള്‍ അറ്റന്‍ഡ് ചെയ്യേണ്ടതുണ്ട് . ഈ കാര്യം അറിഞ്ഞാല്‍ വീട്ടില്‍ നിന്നും വിടാന്‍ ഒരു ചെറിയ മടി ഉണ്ടാകും . വെറുതെ എന്തിനു വീട്ടില്‍ ഇരിക്കുന്നവരുടെ സമാധാനം കെടുത്തണം ?


നമുക്ക് ഈ സംസ്കാരം വേണോ ? ഡ്രിങ്ക്സ് കഴിക്കണം എന്നുള്ളവര്‍ക്ക് റൂമിലെ സ്വകാര്യതയില്‍ ഇരുന്നു അതാകാമല്ലോ . എന്തിനു ചുമ്മാ സ്ത്രീകള്‍ കൂട്ടിരിക്കണം എന്ന ഒരു പുതിയ രീതി . ഒരു പക്ഷെ , മനസ്സ് കൊണ്ട് ഒത്തിരി പുരോഗമനം ഇല്ലാത്തതു കൊണ്ടാവാം ഞാന്‍ ഇങ്ങനെ ചിന്തിക്കുന്നത് . ഒരു പബ്ലിക്‌ സെക്ടര്‍ കമ്പനിയുടെ കേരള റീജിയണല്‍ ഓഫീസ് കണ്ട്ട്ട് ചെയ്ത ഒഫീഷ്യല്‍ മീറ്റിംഗില്‍ നടന്ന സംഭവമാണ് ഞാന്‍ പറഞ്ഞത് . നോര്‍ത്ത് ഇന്ത്യയില്‍ ഈ കൂടെ ഇവരോടൊപ്പം ഡ്രിങ്ക്സ് കഴിക്കുന്ന സ്ത്രീകള്‍ ഉണ്ടത്രേ !


നിങ്ങള്‍ക്കെന്താ തോന്നുന്നത് ? നമുക്കിത് വേണോ ? ഇങ്ങനെ ഒരു സംസ്കാരം create ചെയ്യേണ്ട ആവശ്യം ഉണ്ടോ ? ഉണ്ടെങ്കില്‍ തന്നെ അതെന്തിന് ? എന്ത് നേടാന്‍ ?അഭിപ്രായം എന്തായാലും പറയുക . എനിക്ക് തെറ്റിയതാനെന്കിലോ ?