Friday, July 31, 2009

പ്രാന്തന്‍ കുരിയച്ചന്‍!!

അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് എനിക്ക് മട്ടാഞ്ചേരിക്ക് സ്ഥലം മാറ്റം കിട്ടിയപ്പോള്‍ പണ്ട് സ്കൂളില്‍ നിന്ന് ജൂതപ്പള്ളി കാണാന്‍ പോയ ഒരു ഓര്‍മയെ ഈ സ്ഥലത്തെ കുറിച്ച് ഉണ്ടായിരുന്നുള്ളു . ഇവിടെ വന്നു തുടങ്ങിയപ്പോള്‍ അല്ലേ ഇവിടത്തെ പ്രത്യേകതകള്‍ മനസ്സിലായത്‌ . ഏതാണ്ട് ലോകത്തിന്റെ അറ്റത്ത്‌ എത്തിയ ഒരു ഫീലിംഗ് കിട്ടും ഇവിടെ വന്നാല്‍ . ജൂതന്മാരും , ഗുജറാത്തികളും , കൊങ്ങിനികളും , angloഇന്ത്യന്‍സും , മുസ്ലിമും കൂടി കലര്‍ന്ന ഒരു സംസ്കാരം ആണ് ഇവിടെ .

ഇവിടെ ജൂതന്മാരുടെ ഒരു തെരുവ് ഉണ്ട് . കേരളത്തിലെ ആദ്യത്തെ ജൂതപ്പള്ളി സ്ഥാപിച്ചത്‌ ഇവിടെയാണ്‌ . ഇപ്പോഴും ഇവിടെ കര്‍മങ്ങള്‍ നടക്കുന്നുണ്ട് . നിര നിരയായി ടൂറിസ്റ്റ് കടകളും , നൂറ്റാണ്ട് പഴക്കമുള്ള ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ കെട്ടിടങ്ങളും കാണാം. മറ്റെങ്ങും കാണാത്ത ഒരു പ്രത്യേകത ഞാന്‍ ഇവിടെ കണ്ടു. മിക്ക വീടുകളും ഒരു വലിയ മതില്‍കെട്ടിനുള്ളില്‍ ആണ്. എല്ലാവര്ക്കും കൂടി ഒരു വലിയ ഗേറ്റ് . ഈ ഗേറ്റ് തുറന്നു കയറിയാല്‍ അകത്തു വിശാലമായ കോമ്പൌണ്ട് ,ഒരു പൊതു കിണര്‍ , ഇരുവശത്തും രണ്ടോ മൂന്നോ നിലകളുള്ള ഓടിട്ട കെട്ടിടങ്ങള്‍ , ഒന്ന് ഒന്നിനോട് മുട്ടിചെര്‍ന്നു , ഒക്കെ പഴയ മാതൃകയില്‍ ഉള്ളത്‌ . കൊച്ചു കൊച്ചു ജനാലകള്‍ , തല കുനിച്ചു കയറേണ്ടി വരുന്ന അത്ര ചെറിയ വാതിലുകള്‍ . ഓരോ കെട്ടിടത്തിലും ഓരോ മുറിയിലും ഓരോ കുടുംബം !!നമ്മുടെ പ്രശസ്തമായ മലയാളം സിനിമ 'വിയറ്റ്നാം കോളനി ' യിലെ , കോളനി ഇവിടെ ആണ് ചിത്രീകരിച്ചത് . പണ്ട് ഇവിടം ആയിരുന്നു കൊച്ചിയിലേക്കുള്ള എല്ലാ ചരക്കുകളും എത്തിയിരുന്ന കേന്ദ്രം . ഇപ്പൊl വളരെ ചെറിയ തോതിലേ കച്ചവടങ്ങള്‍ ഉള്ളു .


എന്റെ ഓഫീസിന്റെ അടുത്ത് തന്നെ വളരെ പേര് കേട്ട ഒരു കുരിശു പള്ളിയുണ്ട് . ഇവിടെ ഉള്ളവര്‍ പ്രാന്തന്‍ പള്ളി എന്നാണ് പറയുന്നത്. എല്ലാ വെള്ളിയാഴ്ച്ചകളും ഇവിടെ വളരെ അധികം തിരക്കാണ് .അന്ന് ഉച്ചക്ക് ഇവിടെ നിന്ന് നേര്ച്ച കഞ്ഞിയും കൊടുക്കാറുണ്ട് .വെള്ളിയാഴ്ച്ച ദിവസം കച്ചവടക്കാരും ധാരാളം കാണും ഇവിടെ.
ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ഈ 'പ്രാന്തന്‍ കുരിയച്ചനെ ' കുറിച്ച് കേട്ടിട്ടുണ്ട് . അന്ന് സ്കൂളില്‍ ആരുടെ എങ്കിലും എന്തെങ്കിലും സാധനം കളവു പോയാല്‍ ഉടന്‍ പ്രാന്തന്‍ കുരിയച്ചനു നേര്ച്ച നേരും . എടുത്ത ആള്‍ ഇരു ചെവി അറിയാതെ തിരിച്ചു കൊണ്ട് തരും . അല്ലെങ്കില്‍ കട്ടെടുത്ത ആള്‍ക്ക് പ്രാന്ത് വരും എന്നാണ് വിശ്വാസം . എന്തായാലും ചെറുപ്പത്തില്‍ ഞങ്ങള്‍ പിള്ളേര്‍ ഒരു പാട് കേട്ട് പേടിച്ചിട്ടുള്ള വാക്ക് ആണ് ഇത്.


എന്തായാലും അവിടം വരെ ഒന്ന് പോകണം എന്ന് കരുതി ഓഫീസില്‍ നിന്ന് ഞാനും രണ്ടു കൂട്ടുകാരും കൂടി പോയി. ഇവിടെ ഉള്ള പ്രത്യേകത ക്രിസ്ത്യാനികള്‍ മാത്രമല്ല ഇവിടെ വരുന്നത് എന്നതാണ് . ചെന്നപ്പോള്‍ ഒരു വലിയ കുരിശു മാത്രമെ അവിടെ കണ്ടുള്ളൂ . ഞാന്‍ കുരിയച്ചനെ (ഏതോ പുണ്യവാളന്‍ ആണെന്നാണ് ഞാന്‍ കരുതിയിരുന്നത് ) തപ്പി അവിടെ ഒക്കെ നടന്നു . വേറെ ഒന്നും കണ്ടില്ല . ആകപ്പാടെ വളരെ ചെറിയ ഒരു കപ്പേള പള്ളി ആണ് അത്. ഒരു ഇടുങ്ങിയ തെരുവില്‍ ആണ് അത്.ഒരു ഇരുപതു പേര്‍ക്ക് തിങ്ങി നില്‍ക്കാനുള്ള സ്ഥലമേ ഉള്ളു. ആളുകള്‍ അവിടെ മെഴുകുതിരി കത്തിക്കുന്നു , എണ്ണയും , പൂമാലയും വഴിപാടായിട്ടു കൊടുക്കുന്നു . ഒരു ചെറിയ പള്ളിയും അതിനടുതുണ്ട്.


ആളുകളെ ഒക്കെ ഇങ്ങനെ പ്രാന്ത് പിടിപ്പിക്കുന്ന കുരിയച്ചനെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ആണ് രസകരമായ ചില കാര്യങ്ങള്‍ അറിഞ്ഞത് . ഈ സ്ഥലം നമ്മുടെ ചരിത്രത്തില്‍ വളരെ പ്രാധാന്യമുള്ള 'കൂനന്‍ കുരിശു സത്യം ' (leaning cross oath) നടന്ന സ്ഥലം ആണ്. എ ഡി പതിനേഴാം നൂറ്റാണ്ടില്‍ നടന്നതാണ് ഇത്. പതിനഞ്ചാം നൂറ്റാണ്ടില്‍ കേരളത്തില്‍ വന്ന പോര്ടുഗീസുകാര്‍ ഇവിടെ ഉള്ള ക്രിസ്ത്യാനികളെ എല്ലാവരേയും അവരുടെ (ഗോവന്‍ ) രീതിയിലുള്ള മത ആചാരങ്ങള്‍ പഠിപ്പിക്കാനും പ്രാവര്‍ത്തികമാക്കാനും ശ്രമിച്ചു . അപ്പോള്‍ ഈ നാട്ടുകാരനായ ഒരു കത്തനാരിന്റെ നേതൃത്വത്തില്‍ ഇന്നാട്ടിലെ 25,000 ക്രിസ്ത്യാനികള്‍ എല്ലാവരും കൂടി ഇവിടെ സ്ഥാപിച്ചിരുന്ന ഒരു കുരിശില്‍ ഒരു വടം കെട്ടി അതില്‍ പിടിച്ചു ഇന്നാട്ടിലെ ആചാരങ്ങള്‍ക്ക് വിപരീതമായി മറ്റൊരു ആചാരത്തിന് തയ്യാറല്ല എന്ന് സത്യം ചെയ്തു എന്നും, അങ്ങനെ വലിച്ചു പിടിച്ചപ്പോള്‍ കുരിശു വളഞ്ഞു പോയി എന്നുമാണ് ചരിത്രം . അതോടെ പോര്ടുഗീസുകാര്‍ തല്ക്കാലം പിന്‍വാങ്ങി എന്നും ചരിത്രം പറയുന്നു. വളഞ്ഞു കൂനി പോയ കുരിശിനെ നാട്ടുകാര്‍ 'കൂനന്‍ കുരിശു' എന്ന് വിളിച്ചു .വിപ്ലവകരമായ ഈ ചെറുത്തു നില്പ്പിനെ 'കൂനന്‍ കുരിശു സത്യം' എന്ന് പേര് വന്നു.

അപ്പോഴും എന്റെ സംശയത്നു മറുപടി കിട്ടിയില്ല . എവിടെ പ്രാന്തന്‍ കുരിയച്ചന്‍ ? അതും കണ്ടെത്തിയപ്പോള്‍ ഞാന്‍ പൊട്ടിച്ചിരിച്ചു പോയി. പോര്ടുഗീസ് ഭാഷയില്‍ വളഞ്ഞ കുരിശിനെ “panth cruz” എന്നാണ് പറയുന്നത്. നമ്മുടെ നാട്ടുകാര്‍ panth cruz മലയാളീകരിച്ചു വിളിച്ചപ്പോള്‍ അത് പ്രാന്ത് കുരിശു ആയി, പിന്നീടത്‌ പിള്ളേരെ പേടിപ്പിക്കുന്ന പ്രാന്തന്‍ കുരിയച്ചന്‍ ആയി...അല്ലാതെ അങ്ങനെ ഒരു കഥാപാത്രം ഇല്ല !! ഇപ്പോഴും' കുരിയച്ചന്റെ പള്ളി എവിടെയാ മോളെ' എന്നാണ് വെള്ളിയാഴ്ചകളില്‍ ബസ്സില്‍ വന്നിറങ്ങുമ്പോള്‍ വല്യമ്മമാര്‍ ചോദിക്കുന്നത് . .ഹ ഹ!


വളരെ രസകരമായ ഒരു അന്ധവിശ്വാസം ആയി തോന്നിയത് കൊണ്ട് ഞാന്‍ ഇത് ഇവിടെ പങ്കു വെയ്ക്കുന്നു . ആരെങ്കിലും മറ്റു എന്തെങ്കിലും കഥ കേട്ടിട്ടുന്ടെങ്ങില്‍ അറിയിക്കുമല്ലോ.

Tuesday, July 21, 2009

നോവ്‌


അമ്മ തന്ന ഉമ്മക്ക്‌

മധുരം പോരാഞ്ഞ്

ഞാന്‍ കരഞ്ഞു...


തട്ടി വീണപ്പോള്‍

ഓടി വന്നെടുത്ത

അച്ഛന്റെ അടി

കിട്ടിയപ്പോഴും

ഞാന്‍ കരഞ്ഞു...


ഒപ്പം പഠിച്ച കൂട്ടുകാര്‍

ഉച്ച ഭക്ഷണത്തിന്

ഉപ്പുമാവ് കഴിക്കുന്നത്

കണ്ടപ്പോള്‍ ,

അമ്മ തന്ന ചോറില്‍

കണ്ണീരുപ്പിട്ടു

ഞാന്‍ കരഞ്ഞു...


പുസ്തകത്താളില്‍ കാണാമറയതു

സൂക്ഷിച്ച മയില്‍‌പീലി

പെറാഞപ്പോഴും

ഞാന്‍ കരഞ്ഞു...


നെഞ്ചോടു ചേര്‍ത്ത

എന്‍പുസ്തകങ്ങള്‍ക്കും ,

കവിതക്കും,വരകള്‍ക്കും,

വര്നങ്ങള്‍ക്കും,

മൊഴി ചൊല്ലിയപ്പോഴും

ഞാന്‍ കരഞ്ഞു...


എങ്ങു പോയ്‌ എന്‍ ബാല്യം,

എന്നമ്മ ,എന്നച്ചന്‍ ,

എന്‍നെഞ്ചോടു

ചേര്‍ത്ത കിനാക്കള്‍..?


ഇനിയും വരാത്തവണ്ണം

മറഞ്ഞ കിനാക്കളെ

ഇനിയുമെന്തേ

കാത്തിരിക്കുന്നു ഞാന്‍..


എന്റെ ഇന്നുകളില്‍ ജീവിക്കാന്‍

വയ്യാത്ത വിധം

എന്തിനെന്‍ ബാല്യത്തിനിത്ര

മധുരം ചേര്‍ത്തു?

Friday, July 10, 2009

പിറന്നാള്‍ !!


ഒരു വര്ഷം ആയി ഞാന്‍ ബൂലോഗത്തില്‍ വന്നിട്ട്. ഇത്രയും നാള്‍ ഇവിടെ തുടരും എന്ന് വിചാരിച്ചിരുന്നതല്ല . എനിക്ക് പറയാന്‍ ഉള്ളതിന് ഒരു വേദി ഇല്ലാതിരുന്നത് കൊണ്ട് ഒരു ബ്ലോഗ്‌ തുടങ്ങി എന്ന് മാത്രം.


ആരെങ്ങിലും വരുമെന്നോ ഇതൊക്കെ വായിക്കുമെന്നോ ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല . രണ്ടു പേരോട് എനിക്കുള്ള കടപ്പാട് പറഞ്ഞു കൊള്ളട്ടെ . ഒന്ന് 'നിറങ്ങള്‍ '. പോസ്റ്റ്‌ ഇടാന്‍ അവള്‍ക്കു മടിയാനെന്ങിലും എന്റെ പോസ്റ്റ്‌ മുടങ്ങാതെ ഇടണം എന്ന വാശി അവള്‍ക്കായിരുന്നു കൂടുതല്‍. പലപ്പോഴും എനിക്ക് വേണ്ടി പടങ്ങള്‍ തേടി പിടിച്ചു തന്നും , ചിലപ്പോഴൊക്കെ ഞാന്‍ ഇംഗ്ലീഷില്‍ എഴുതുന്നത് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു തന്നും എന്നെ സഹായിച്ച പ്രിയ കൂട്ടുകാരിക്ക് നന്ദി.ഞാന്‍ എന്ത് പൊട്ടത്തരം എഴുതിയാലും എന്നോടുള്ള അന്ധമായ ആരാധന കൊണ്ട് അതൊക്കെ നല്ലതാണ് എന്ന് പറഞ്ഞു എന്റെ മനസ്സ് മടുപ്പിക്കാതെ സൂക്ഷിച്ചതിനും പ്രത്യേകം നന്ദി.


രണ്ടാമത് നന്ദി പറയുന്നത് 'dreamy' യോടാണ് . നീ ഇവിടെ വരുന്നുണ്ട് എന്നത് തന്നെ എനിക്ക്ഒരു പാട് ആശ്വാസം തരുന്ന കാര്യം ആണ്. എന്റെ കുട്ടിക്കാലം ആണ് ഞാന്‍ നിന്നില്‍ കാണുന്നത് . എന്റെ ബ്ലോഗ്‌ ലിങ്ക്സ് നിന്റെ ബ്ലോഗില്‍ കൊടുത്തത് വഴി അങ്ങനെയും കൊറച്ച് വിസിട്സ് എന്റെ ബ്ലോഗില്‍ കിട്ടുന്നുണ്ട് . അപരിചിതയായ പ്രിയ സ്നേഹിതക്കു നന്ദി.


ഉപ്പില്ലാത്ത കഞ്ഞി , വാര്‍ ഇല്ലാത്ത ചെരുപ്പ് , സിം ഇല്ലാത്ത മൊബൈല്‍ എന്നൊക്കെ പറയുന്നത് പോലെ ഈ ബൂലോഗത്തില്‍ വന്നതില്‍ പിന്നെ മറ്റൊരു കാര്യം കൂടെ മനസ്സിലാക്കി . കമന്റ്‌ ഇല്ലാത്ത ബ്ലോഗ്‌. എന്റെ ബ്ലോഗ്‌ പോസ്റ്റില്‍ വന്നു കമന്റ്‌ ഇട്ടിട്ടു പോയ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു പാട് നന്ദി . വന്നു വായിച്ചിട്ട് കമന്റ്‌ ഇടാതെ പോയവര്‍ക്കും നന്ദി. :)


ഇനിയും എന്റെ കൂടെ നിങ്ങള്‍ എല്ലാവരും ഉണ്ടാകും എന്ന പ്രതീക്ഷയില്‍ ....നമുക്ക് ഒരുമിച്ചു ഈ ഒന്നാം പിറന്നാള്‍ ആഘോഷിക്കാം .

Friday, July 3, 2009

ഇത് ശരിയായോ ?

ഇന്നലെ രാവിലെ നല്ല മഴ. ബസ്സില്‍ കയറിയപ്പോള്‍ നല്ല തിരക്കും . നനഞ്ഞ കുടയും , നനഞ്ഞ ഉടുപ്പും എല്ലാം കൂടെ വല്ലാത്ത വീര്‍പ്പുമുട്ടല്‍ . അതിനിടയില്‍ പുരുഷന്മാര്‍ എല്ലാവരും മുന്‍വശത്തെ വാതില്‍ വഴി കയറുകയും ഇറങ്ങുകയും ചെയ്യുന്നു. എത്ര മനോഹരമായ ദിവസം !!.

കുറച്ചു നേരമായി നില്ക്കാന്‍ തുടങ്ങിയിട്ട് . സീറ്റ്‌ ഉണ്ടോ എന്ന് നോക്കി . രണ്ടു സീറ്റ്‌ സ്ത്രീകള്‍ക്ക് റിസര്‍വ്‌ ചെയ്തു വച്ചിരിക്കുന്നതില്‍ ഒന്നില്‍ ഒരു പുരുഷനും സ്ത്രീയും ഇരിക്കുന്നു . മിക്കവാറും സ്ഥിരം കിട്ടുന്ന ബസ്‌ ആയതു കൊണ്ട് കണ്ടക്ടര്‍ എന്നോട് പറഞ്ഞു അയാളോട് എണീക്കാന്‍ പറയാന്‍. എനിക്ക് ഇനിയും ഒരു മണിക്കൂര്‍ കൂടി യാത്ര ചെയ്യാന്‍ ഉണ്ട്.ആ സ്ത്രീക്ക് ഒരു 45 വയസ്സ് കാണും. പുരുഷന് ഒരു 50 നടുത്ത്‌ . സാധാരണ വയസ്സന്മാര്‍ സ്ത്രീകളുടെ സീറ്റില്‍ ഇരുന്നാല്‍ ഞാന്‍ എണീപ്പിക്കാറില്ല . ഗുരുത്വദോഷം കിട്ടിയാലോ എന്ന് കരുതി ക്ഷമിക്കും .

ഇനാലെ എന്തായാലും ഞാന്‍ ചെന്ന് സീറ്റ്‌ ചോദിച്ചു . ഉടനെ അയാള്‍ പറഞ്ഞു. .'എനിക്ക് അസുഖം ആണ്' എന്ന്. ആ സ്ത്രീ ഉടന്‍ ഞാന്‍ എന്തോ തെറ്റ് ചെയ്ത പോലെ നോക്കിയിട്ട് ' സുഖമില്ലാത്ത മനുഷ്യനാണ് ' എന്ന് പിന്താങ്ങി . ഞാന്‍ ഒന്നും മിണ്ടിയില്ല . ഉടനെ തന്നെ അയാള്‍ വീണ്ടും 'സുഖം ഇല്ലാത്തതു കൊണ്ടാണ് ഇരുന്നത് ' എന്ന്. എനിക്കെന്തോ നല്ല ദേഷ്യം വന്നു. ഞാന്‍ പറഞ്ഞു ..'നിങ്ങള്ക്ക് സുഖം ഇല്ലെങ്ങില്‍ ചെറുപ്പക്കാര്‍ പുരുഷന്മാരുടെ സീറ്റില്‍ ഇരിക്കുന്നുണ്ടല്ലോ . അവരെ എഴുന്നേല്‍പ്പിച്ചു ഇരിക്കുക , അല്ലാതെ സ്ത്രീകളുടെ സീറ്റില്‍ കയറി ഇരിക്കണ്ട '.

കഴിഞ്ഞില്ലേ കാര്യം. പിന്നെ രണ്ടു പേരും കൂടി എന്നെ ചീത്ത പറയാന്‍ തുടങ്ങി. മറ്റു യാത്രക്കാര്‍ എന്നെ ഒരു വിചിത്ര ജീവിയെ കാണുന്നതുപോലെ നോക്കുന്നു. . ഞാനും വിട്ടു കൊടുത്തില്ല . അപ്പൊ അയാള്‍ എന്നെ ചീത്ത പറഞ്ഞു കൊണ്ട് എഴുന്നേറ്റു . ഞാന്‍ സീറ്റില്‍ ഇരുന്നു . ഉടനെ ആ സ്ത്രീ എന്നെ ക്രുദ്ധയായി നോക്കി. ഞാനും തിരിച്ചു ഒന്ന് ഇരുത്തി നോക്കി. കഷ്ടം , ഇത്രയും തിരക്കുള്ള ബസ്സില്‍ സ്ത്രീകളെല്ലാം തൂങ്ങി നില്‍പ്പാണ് ..എന്നിട്ടും അവകാശപ്പെട്ട സീറ്റ്‌ ചോദിച്ചു വാങ്ങുകയെ ഞാന്‍ ചെയ്തുള്ളൂ . വലിയ എന്തോ കുറ്റം ഞാന്‍ ചെയ്തത് പോലെ സ്ത്രീകളടക്കം എന്നെ നോക്കുന്നു. നമ്മുടെ ഒരു നാടേ !

അപ്പോഴേക്കും , എഴുന്നേറ്റു നിന്ന 'സുഖം ഇല്ലാത്ത ' മനുഷ്യന്‍, മനപ്പൂര്‍വം എന്നെ ചാരി നില്ക്കാന്‍ തുടങ്ങി. അയാളുടെ അസുഖം എനിക്ക് മനസ്സിലായി . അബദ്ധമായോ ഞാന്‍ ചെയ്തത് എന്ന് ചിന്ടിക്കുംപോഴേക്കും , തൊട്ടു പുറകില്‍ പുരുഷന്മാരുടെ സീറ്റില്‍ ഇരുന്നിരുന്ന ഒരു ചെറുപ്പക്കാരന്‍ അയാള്‍ക്ക് എണീറ്റ്‌ കൊടുത്തു . ഹോ . രക്ഷപ്പെട്ടു . അപ്പൊ നല്ല ആളുകളും നമ്മുടെഇടയില്‍ തന്നെ ഉണ്ട്.

ഇനി പറയു.. . ഞാന്‍ ചെയ്തത്‌ തെറ്റായോ ? ഇന്നലെ മുഴുവന്‍ മനസ്സിന് സങ്ങടം തോന്നിയിരുന്നു . വെറുതെ രാവിലെ തന്നെ വഴക്കിട്ടതിന്റെ ഒരു ക്ഷീണം മനസ്സില്‍ മായാതെ നിന്നു . വൈകിട്ട് വീട്ടില്‍ എത്തിയപ്പോ ഭര്‍ത്താവിനോട് പറഞ്ഞു സംഭവം .ഉടന്‍ വന്നു മറുപടി 'ബസ്സില്‍ അസുഖം ഉള്ളവര്‍ക്ക് ഇരിക്കാന്‍ സീറ്റ്‌ റിസര്‍വ്‌ ചെയ്തിട്ടില്ല '...സ്ത്രീകളുടെ സീറ്റ്‌ മാത്രമേ റിസര്‍വ്‌ ഉള്ളു . മറ്റുള്ള സീറ്റിലും സ്തീകള്‍ക്ക് ഇരിക്കാം , അതൊക്കെ ജനറല്‍ സീറ്റ്‌ആണെന്ന് . പക്ഷെ, ഈ കൊച്ചു കേരളത്തില്‍ പല പുരുഷ യാത്രികനും ഇത് സമ്മതിക്കാറില്ല.

അഭിപ്രായം പറയുമല്ലോ ?