Wednesday, April 29, 2009

ഈസ്റ്റര്‍ എഗ്ഗ്


ഇത്തവണ എന്റെ ജോലി തിരക്ക് കാരണം ഈസ്റെര്നു നാട്ടില്‍ പോവണ്ട എന്ന് വെച്ചു . ഇവിടെ വീട്ടില്‍ തന്നെ കൂടി കളയാം എന്ന് തീരുമാനിച്ചു . ഭര്‍ത്താവിന്റെ അനിയന്റെ ഭാര്യ സ്കൂള്‍ ടീച്ചര്‍ ആണ് . അവളുടെ കുട്ടികള്‍ ഇവിടെ എറണാകുളത്താണ് പഠിക്കുന്നത് . അത് കൊണ്ട് അവള്‍ അവധിക്കു കുട്ടികളുടെ കൂടെ നില്ക്കാന്‍ വന്നിരുന്നു . ഈസ്റ്ററിനു ഞങ്ങള്‍ അവളെയും കുട്ടികളെയും വീട്ടിലേക്കു ക്ഷണിച്ചു .


അവര്‍ പെസഹ വ്യാഴാഴ്ച എത്തി . അവള്‍ വന്നത് കാരണം എനിക്ക് അപ്പം ഉണ്ടാക്കാന്‍ ആളെ കിട്ടി . അല്ലെങ്ങില്‍ സാധാരണ ഞാന്‍ പെസഹയുടെ അന്ന് അതി രാവിലെ എണീറ്റ്‌ അപ്പം ഉണ്ടാക്കി വെച്ചിട്ട് ഓഫീസില്‍ പോവും . വൈകിട്ട് വന്നിട്ട് പാല് കച്ചുകയാണ് പതിവ് . RH ആണ് അന്ന്. വേണമെങ്ങില്‍ ലീവ് എടുക്കാം . പക്ഷെ ക്ലോസിംഗ് ന്റെ തിരക്ക് കാരണം ഒരിക്കലും പെസചക്ക് വീട്ടില്‍ നില്ക്കാന്‍ പറ്റില്ല . കഴിഞ്ഞ വര്ഷം മാത്രം ഈസ്റ്റര്‍ മാര്‍ച്ചില്‍ വന്നു . അന്ന് സമാധാനത്തോടെ ഈസ്റ്റര്‍ ആഘോഷിക്കാന്‍ പറ്റി .


ഈസ്റെരിന്റെ അന്ന് ഞങ്ങള്‍ 'ഈസ്റ്റര്‍ എഗ്ഗ്' മേടിച്ചു . കൊറേ നാളായി കുട്ടികള്‍ പറയുന്നു ഇത് വാങ്ങണം എന്ന്. എന്താണ് സാധനം എന്ന് ആര്‍ക്കും അറിയില്ല . എങ്കില്‍ ഇത്തവണ വാങ്ങാം എന്ന് കരുതി . പണ്ടൊക്കെ ഈസ്റ്റര്‍ എഗ്ഗ് എന്ന് പറഞ്ഞിരുന്നത് മുട്ടയുടെ തോടില്‍ ചായം തേച്ചു കുട്ടികള്‍ ഉണ്ടാക്കുന്ന മുട്ടകള്‍ക്കയിരുന്നു . അതില്‍ ചിലപ്പോ മെഴുക് നിറച്ചു കുത്തി നിര്‍ത്തും . ഈയിടെയായി ന്യൂസ്‌ പേപ്പര്‍ ഇലും ഒക്കെ ധാരാളം പരസ്യങ്ങള്‍ കാണുന്നുണ്ട് ഈസ്റ്റര്‍ എഗ്ഗ് നെ കുറിച്ച് .ബേക്കറി യില്‍ പോയി 170 രൂപ കൊടുത്ത് ഒരു എഗ്ഗ് വാങ്ങി .


ഈസ്റെറിന്റെ അന്ന് രാവിലെ എല്ലാരും കൂടെ പള്ളിയില്‍ പോയി വന്നു കഴിഞ്ഞു breakfast കഴിക്കാന്‍ ഇരുന്നപ്പോള്‍ ഈസ്റ്റര്‍ എഗ്ഗ് പൊട്ടിച്ചു . (പടം മുകളില്‍ ) അകത്ത്‌ എന്താണെന്നു അറിയാന്‍ എല്ലാര്ക്കും കൌതുകം . ഞാന്‍ വിചാരിച്ചത്‌ അത് നിറയെ തിന്നാന്‍ ഉള്ള മിട്ടായിയോ വലതും ആകുമെന്നാണ് . മുട്ട തോട് നല്ല കട്ടിയുള്ള icing കേക്ക് കൊണ്ടാണ് ഉണ്ടാക്കിയിരുന്നത് . തുറന്നപ്പോ അതിനകത്ത്‌ , പെന്‍ , റബ്ബര്‍ , കട്ടര്‍ , നാലഞ്ചു chocolates , ബോള്‍ , കളിപ്പാട്ടം , ഒരു ഹി -മാന്‍ , അങ്ങനെ കുറച്ച് സാധനങ്ങള്‍ കുത്തി നിറച്ചിരിക്കുന്നു !!


വയറു നിറയെ തിന്നാന്‍ പോലും ഇല്ല . പിന്നെ കുട്ടികള്‍ ഉണ്ടായിരുന്നത് കൊണ്ട് അവര് ഓരോ സാധനങ്ങള്‍ കൈക്കലാക്കി . ഞങ്ങള്‍ മുതിര്‍ന്നവര്‍ നിരാശരായി . പിന്നെ വൈകിട്ട് വരെ എല്ലാരും കൂടെ മുട്ടയുടെ തോട് തിന്നു കൊണ്ടിരുന്നു . ഒന്നുമല്ലേലും 170 രൂപ കൊടുത്തത്‌ അല്ലെ ?


എന്തായാലും ഇനി ഒരിക്കലും ഈ സാധനം എന്താണെന്നറിയില്ല എന്ന് പറയില്ലല്ലോ . തന്നെയുമല്ല ഇനി ഒരിക്കലും ഇനി ഇത് മേടിക്കാന്‍ മക്കള്‍ പറയുകയും ഇല്ല. അങ്ങനെ ഇത്തവണത്തെ ഈസ്റ്റര്‍ മുട്ട പൊട്ടിച്ചു ആഘോഷിച്ച ഒരു ഈസ്റ്റര്‍ ആയിരുന്നു . മറ്റാര്‍ക്കും കളിപ്പ് പറ്റാതിരിക്കാന്‍ ഇത് ഇവിടെ പങ്കു വെയ്ക്കുന്നു ..



Monday, April 13, 2009

വിഷു ആശംസകള്‍!!


"ഏതു ദൂസര സന്കല്പത്തില്‍ വളര്‍ന്നാലും

ഏതു യന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍ന്നാലും

മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വിശുദ്ധിയും

മണവും മമതയും ഇത്തിരി കൊന്നപ്പൂവും.."

-വൈലൊപ്പിള്ളി



എന്റെ എല്ലാ കൂട്ടുകാര്‍ക്കും വിഷു ആശംസകള്‍

Friday, April 3, 2009

ഏപ്രില്‍




വീണ്ടും ഒരു ഏപ്രില്‍ ഒന്നാം തീയതി വന്നു. പണ്ട് പണ്ട് നടന്ന ഒരു ചെറിയ സംഭവം ഇവിടെ പങ്കുവെയ്ക്കട്ടെ .

ഞാന്‍ 9th സ്ററാന്ടേര്‍്ടില് പഠിക്കുന്നു . ആ വര്‍ഷം ഞങ്ങള്‍ക്ക് ഏപ്രില്‍ ഒന്നാം തീയതി ഒരു എക്സാം കൂടെ ഉണ്ടായിരുന്നു . രാവിലെ ക്ലാസ്സിലേക്ക് വരുമ്പോ കണ്ടത് എന്‍റെ ക്ലോസ് കൂട്ടുകാരായ പ്രേമി , കുമാരി , മറിയം ഇവര്‍ മൂന്നു പേരും കൂടി എന്തോ അടക്കം പറഞു ചിരിക്കുന്നു

.അവരുടെ മുന്‍പില്‍ ഒരു നോട്ട് ബുക്ക് തുറന്നു വെച്ചിട്ടുണ്ട് . ഞാന്‍ വരുന്നത് കണ്ടതും അവര്‍ ബുക്ക് അടച്ചു വെച്ചു. .എന്താണെന്നു അറിയാനുള്ള ആകാംഷയോടെ ഞാന്‍ അടുത്ത് ചെന്ന് . അപ്പോള്‍ അവര്‍ എന്നെ കാണിക്കാതെ ആ ബുക്കില്‍ എന്തോ എഴുതിയത് കൈ കൊണ്ട് മറച്ചു പിടിച്ചു .

എനിക്ക് ജിജ്ഞാസ അടക്കാന്‍ പറ്റിയില്ല . എന്താണെന്നു ചോദിച്ചിട്ട് അവര്‍ കാണിച്ചും തരുന്നില്ല . എനിക്ക് വാശിയായി . ബലം പിടിച്ചു തുറക്കാന്‍ ശ്രമിച്ചു . രക്ഷയില്ല .കൈ തുറന്നു തരുന്നില്ല. എനിക്ക് സങ്ങടം വന്നു. ഒരു കാര്യവും ഞങ്ങള്‍ പരസ്പരം പറയാതെ ഇരുന്നിട്ടില്ല . അപ്പൊ എന്നെ കൂടാതെ അവര്‍ക്ക് മൂന്നു പേര്‍ക്കും എന്തോ രഹസ്യം ഉണ്ട് എന്ന് വിചാരിച്ചപ്പോള്‍ എനിക്ക് സഹിക്കാനെ കഴിഞ്ഞില്ല .പണ്ടേ ഞാന്‍ എന്‍റെ കൂട്ടുകാരുടെ കാര്യത്തില്‍ possessive ആണ്. ഇപ്പോഴും ആ കാര്യത്തില്‍ ഞാന്‍ മോശക്കാരി അല്ല.:-)

വാശിയും ദേഷ്യവും കാരണം , ശരി എന്നാല്‍ എനിക്ക് കാണേണ്ട എന്ന ചിന്ത യില്‍ ഞാന്‍ മുഖം വീര്‍പ്പിച്ചു മൂന്നു പേരോടും പിണങ്ങി മാറി ഇരുന്നു .അപ്പോ അവര്‍ എന്നെ വിളിച്ചു ..എന്നാ താനും കൂടി ഇത് കണ്ടോളൂ എന്ന് പറഞ്ഞു.

ഞാന്‍ ചെന്നു. എന്നിട്ടോ കാണാന്‍ ശ്രമിച്ചപ്പോ അവര്‍ പിന്നെയും അത് മറച്ചു പിടിച്ചു.ഞാന്‍ വാശിയോടെ കൈ പിടിച്ചു മാറ്റി . നോക്കിയപ്പോ അതില്‍ വെണ്ടയ്ക്ക അക്ഷരത്തില്‍ APRIL FOOL എന്ന് എഴുതിയിരിക്കുന്നു . ഒരു നിമിഷത്തേക്ക് സങ്കടവും ദേഷ്യവും പമ്പ കടന്നു . ഓ , ഇനി പറഞ്ഞിട്ട് കര്യമില്ലെല്ലോ . എല്ലാവരും കൂടെ കൂട്ടച്ചിരി . എനിക്കും ഒരു ചമ്മിയ ചിരി ചിരിക്കേണ്ടി വന്നു.

അതിനു ശേഷം എത്രയോ ഏപ്രില്‍ ഒന്ന് കടന്നു പോയിരിക്കുന്നു . പലരെയും പറ്റിച്ചും , തിരികെ പറ്റിക്കപ്പെട്ടും ..പക്ഷെ ഒരിക്കലും മറക്കാതെ കിടക്കുന്നു . ഈ ഏപ്രില്‍ ഫൂള്‍ ന്റെ ഓര്‍മ്മകള്‍.അന്നത്തെ ആ കൂട്ടുകാര്‍ ഇന്ന് എവിടെയോ എന്തോ. ഇത്രയും നന്നായി എന്‍റെ സ്വഭാവം മനസ്സിലാക്കി ആ രീതിയില്‍ കൂടി എന്നെ പറ്റിച്ച എന്‍റെ പ്രിയപ്പെട്ടവര്‍ . ഇന്നും ഒരു ചെറിയ ചിരിയോടെയെ ഈ സംഭവം എനിക്ക് ഓര്‍ക്കാന്‍ പറ്റുന്നുള്ളൂ . വിഡ്ഡിയായെ പറ്റൂ എന്ന വാശിയോടെ വിഡ്ഢിയായ ദിവസം ...

Friday, March 20, 2009

വേനല്‍

വേനല്‍ ചൂട് കത്തിയെരിയുന്നു . രണ്ടു നേരവും കുളിച്ചാലും ചൂടിനു ഒരു ശമനവും ഇല്ലാത്ത അവസ്ഥ . മക്കള്‍ക്ക്‌ പരീക്ഷ ചൂട്. എനിക്ക് ഓഫീസിലെ കണക്കെടുപ്പിന്റെ ചൂട്.

സൌഹൃദങ്ങളുടെ ഇത്തിരി തണുപ്പ് പോലും ആസ്വദിക്കാന്‍ സമയം കണ്ടെത്താന്‍ പറ്റുന്നില്ല . ആകെപ്പാടെ തിരക്ക്. ബസ്സിലിരുന്നു വായിക്കാന്‍ വെക്കുന്ന ബുക്കുകള്‍ക്ക് പകരം ഈ വര്‍ഷത്തെ 'accounting instructions' സ്ഥാനം പിടിച്ചു . ഇനി ഏപ്രില്‍ പകുതി വരെ സ്വപ്ന ലോകങ്ങള്‍ക്കു വിട പറഞ്ഞേ പറ്റൂ .

അതിനിടക്ക് ഇലക്ഷന്‍ ന്റെ ചൂട്. ഇലക്ഷന്‍ ഡ്യൂട്ടി ക്ക് പോകേണ്ടി വരുമോ എന്ന ഭയവും ഉണ്ട് . ലിസ്റ്റ് കൊടുത്തപ്പോള്‍ എന്‍റെ പേര് വെക്കണ്ട എന്ന് പറഞ്ഞു നോക്കി . അപ്പൊ പറ്റില്ല പോലും. കാരണം ഡിവിഷന്‍ trial ബാലന്‍സ് ഏപ്രില്‍ 10 നാണു കൊടുക്കേണ്ടത് .ഇനിയുള്ള ദിവസങ്ങളില്‍ ശനിയും ഞായറും ഇല്ല, ഗുഡ് ഫ്രൈഡേ യും , വിഷു വും ഇല്ല. അങ്ങനെ കുത്തിയിരുന്ന് പണിയെടുക്കുമ്പോ ഇലക്ഷന്‍ ഡ്യൂട്ടി ക്ക് കൂടി രണ്ടു മൂന്നു ദിവസം പോകേണ്ടി വരുമ്പോ കേമം ആവും .

മറ്റു 18 ഡിവിഷന്‍ കളില്‍ ഒന്നൊഴികെ ആണ്സിംഹങ്ങള്‍ ആണ് അക്കൌന്ട്സ് ഭരിക്കുന്നത് . ആകെ സ്ത്രീ ജനം ഞാനും മറ്റൊരു സ്ത്രീയും മാത്രം.. ഇപ്പോഴാണ്‌ സ്ത്രീയായി ജനിച്ചതില്‍ സന്ങടം വരുന്നത് . രാത്രി ലേറ്റ് ആയിട്ട് ഇരിക്കാനും ഇതു പാതിരാത്രിക്കും കൂടനന്ഞാലും , ഇല്ലെങ്ങിലും ആണുങ്ങള്‍ക്ക് പ്രശ്നം ഇല്ലെല്ലോ ? എന്നും 7 മണിക്ക് വീടെത്തുന്ന എനിക്ക് 7.30 വരെയേ സമയം നീട്ടി തന്നിട്ടുള്ളൂ , വീട്ടിലെ സിംഹം . ഒന്ന് പറഞ്ഞാല്‍ ശരിയുമാണ് അതിനു ശേഷം കൊച്ചി നഗരത്തില്‍ കൂടെ രാത്രി യാത്ര കഠിനം തന്നെ. അപ്പൊ പിന്നെ പകല്‍ ചൂടും സഹിച്ചിരുന്നു തല ചൂടാക്കുകയെ നിവൃത്തിയുള്ളൂ . ശനിയും, ഞായറും, ഗുഡ് ഫ്രൈഡേ യും ,ഈസ്റെറും , വിഷു വും അറിഞ്ഞില്ല കണ്ടില്ല കേട്ടില്ല എന്ന് നടിക്കാനേ പറ്റൂ.

ഇതിനിടക്ക്‌ വീട്ടില്‍ ആര്‍ക്കും അസുഖം വരാതിരുന്നാല്‍ മതി എന്ന പ്രാര്‍ത്ഥനയെ ഉള്ളു . അച്ഛന് വന്നാലും , മക്കള്‍ക്ക്‌ വന്നാലും അമ്മ ലീവ് എടുതല്ലേ പറ്റു ? അങ്ങനെ ഏറ്റവും അധികം ടെന്‍ഷന്‍ അടിക്കുന്ന ഒരു മാസം മുന്നില്‍ അങ്ങനെ നീണ്ടു നിവര്‍ന്നു കിടക്കുന്നു .

ഇതൊക്കെ എന്‍റെ തല്‍ക്കാലത്തെ കുരിശുകള്‍ മാത്രം. ഈ വേനലും മാറി പോവുമല്ലോ . എല്ലാ ചൂടുകളെയും തണുപ്പിക്കാന്‍ ഒരു മഴ പെയ്യാതെ ഇരിക്കില്ല . മഴക്ക് വേണ്ടി കാത്തു കൊണ്ട്.....

Saturday, March 7, 2009

മിറക്കിള്‍


എന്റെ ഭര്‍ത്താവിന്റെ അനുജന്‍ മിസോറാമില്‍ C.I ആണ്. അവന്‍ ആണ്ടില്‍ ഒരിക്കല്‍ നാട്ടില്‍ വരും. വന്നാല്‍ ഒരു രണ്ടു മാസം കഴിഞ്ഞേ പോവുകയുള്ളു. അവന്‍ നാട്ടില്‍ വരുമ്പോ ഞങ്ങള്‍ എല്ലാരും ഒത്തു കൂടാറുണ്ട്. ഇത്തവണ അവന്‍ തിരിച്ചു പോകുന്നതിനു മുന്നേ രണ്ടു ദിവസം ഇവിടെ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു.
എന്റെ ഭര്‍ത്താവിന് കൃഷിയില്‍ താല്പര്യം ഉള്ള കൂട്ടത്തില്‍ ആണ്. എനിക്ക് പൂക്കള്‍ ഒക്കെ വിടര്‍ന്നു നില്‍ക്കുന്നത് കാണാന്‍ മാത്രേ ഇഷ്ടം ഉള്ളു. മണ്ണില്‍ കൈ കൊണ്ട് തൊടാന്‍ മടി ആണ്! പുള്ളി അടുക്കള മുറ്റത്ത് ഒരു പപ്പായ തൈ വെച്ചു. നല്ല മുട്ടന്‍ പപ്പായ മരം ആയിട്ട് അതങ്ങനെ നിന്നു. ആ .നില്‍പ്പ് മാത്രമേ ഉള്ളു. ഉണ്ടാവുന്ന പൂ മുഴുവന്‍ താഴെ വീണു പോവുന്നു. കായ ഒന്നും പിടിക്കുന്നില്ല. ഇപ്പൊ ഒരു തെങ്ങിന്റെ അത്രയും പൊക്കം വെച്ചു അതിനു. കാണാന്‍ ഉള്ള ഭംഗി മാത്രം.
അപ്പോഴാണ് അനിയന്റെ വരവ് . അവന്‍ പപ്പായ കണ്ടിട് പറഞ്ഞു .'ഇതെന്താടാ..ഇങ്ങനെ നില്‍ക്കുന്നത്?' അവര്‍ ചേട്ടനും അനിയനും എടാ പോടാ എന്നാണ് വിളിക്കുന്നത്.'നിനക്ക് ഇവനെ തുണി ഉടുപ്പിക്കാന്‍ പാടില്ലായിരുന്നോ?' അത് കേട്ട ഉടന്‍ ഞങ്ങള്‍ എല്ലാരും ആര്‍ത്തു ചിരിച്ചു. എന്റെ കുട്ടികള്‍ക്ക് ചിരി അടക്കാന്‍ വയ്യ. അവന്‍ പറഞ്ഞു നിങ്ങള്‍ അങ്ങനെ കളിയാക്കി ചിരിക്കണ്ട. അവിടെ (മിസോ) ഉള്ളവര്‍ പപ്പായ ഇങ്ങനെ കായ്ക്കാതെ നിന്നാല്‍ അത് ആണ്‍ പപ്പായ ആയതു കൊണ്ടാ. അപ്പൊ അതിനെ മുണ്ട് ഉടുപ്പിക്കും എന്ന്. അവന്‍ പറഞ്ഞതിനെ ഞങ്ങള്‍ ഒട്ടും കാര്യം ആക്കിയില്ല. അങ്ങനെ ആണെങ്ങില്‍ പെണ്ണ് ആണെങ്ങില്‍ നീ പാവാട ഉടുപ്പിക്കുമോ എന്ന് അവനോടു തിരിച്ചു ചോദിച്ചു അവനെ കൊറേ കളിയാക്കി. അവന്‍ തിരിച്ചും പോയി.

മൂന്നു ആഴ്ച മുന്നേ ഒരു ദിവസം അടുക്കള മുറ്റത്ത് ഇറങ്ങിയപ്പോ ഭര്‍ത്താവ്‌ പറഞ്ഞു. നമുക്ക് ഇത് വെട്ടി കളഞ്ഞാലോ എന്ന്. ഞാന്‍ പറഞ്ഞു..അത് അവിടെ നില്‍ക്കട്ടെ. എന്തെങ്ങിലും നടാന്‍ സ്ഥലം ഇല്ലാതെ ആവുമ്പോ നമുക്ക് വെട്ടാം എന്ന്. എന്നിട്ടോ, പുള്ളി എന്ത് ചെയ്തു..ഏതായാലും അവന്‍ പറഞ്ഞതല്ലേ, നമുക്ക് ഇവനെ തുണി ഉടുപ്പിക്കാം എന്ന്.എന്നിട്ട് പുള്ളി തന്നെ ഒരു ചെറിയ തുണി കഷണം എടുത്തു പപ്പയയെ ചുറ്റി മുണ്ട് ഉടുപ്പിക്കുന്നതു പോലെ കെട്ടി വെച്ചു. ഞങ്ങള്‍ രണ്ടു പേരും ഒട്ടും വിശ്വാസം ഇല്ലാതെ ആണ് അങ്ങനെ ചെയ്തത്. ഇതിനെ പറ്റി മറക്കുകയും ചെയ്തു.

കഴിഞ്ഞ ആഴ്ച ഓഫീസില്‍ പോവാനുള്ള തിരക്കില്‍ ഞങ്ങള്‍ രണ്ടു പേരും ഡ്രസ്സ് മാറാന്‍ മുകളിലെ ബെഡ് റൂമിലേക്ക്‌ പോയി. തേക്കാന്‍ വേണ്ടി പോയ ഹസ്ബണ്ടിന്റെ സന്തോഷത്തോടെ ഉള്ള വിളി കേട്ടാണ് ഞാന്‍ ഓടി എത്തിയത്. പപ്പായയുടെ പൊക്കം കാരണം മുകളിലെ ഹോളില്‍ ‍ നിന്നാല്‍ അവന്റെ മണ്ട ശരിക്കും കാണാം. ഞങ്ങളെ രണ്ടു പേരെയും അത്ഭുതപ്പെടുത്തി കൊണ്ട് ആ പപ്പായ കായിചിരിക്കുന്നു ..മൂന്നു പപ്പായ കുഞ്ഞുങ്ങള്‍!!!
ഈശ്വരാ..ഞങ്ങള്‍ അതിനെ വെട്ടാന്‍ തീരുമാനിച്ചതാണ്. ഉടനെ തന്നെ മക്കളെ വിളിച്ചു കാണിച്ചു. അവര്‍ക്കും സന്തോഷം.ഇളയപ്പന്‍ പറഞ്ഞത് പപ്പായ കേട്ടല്ലോ എന്ന് മോന്‍. ഉടനെ തന്നെ അവര്‍ മിസോരമിലേക്ക് ഫോണ്‍ ചെയ്യാന്‍ ഓടി. ഇങ്ങനെ ഒരു കാര്യം നേരില്‍ കണ്ടില്ലെങ്ങില്‍ ഞങ്ങള്‍ ആരും വിശ്വസിക്കുക ഇല്ലായിരുന്നു. പക്ഷെ ഇത് അങ്ങനെ തന്നെ സംഭവിച്ചു. തുണി ഉടുപ്പിച്ചപ്പോ പപ്പയക്ക്‌ നാണം വന്നിട്ടോ എന്തോ.
ഒരു വിശദീകരണം തരാന്‍ സാധിക്കാത്ത ഇങ്ങനത്തെ ഒരു പാട് കാര്യങ്ങള്‍ നമുക്ക് ചുറ്റും നടക്കുന്നുണ്ട്. ഞാന്‍ ഓഫീസില്‍ ചെന്ന് പറഞ്ഞപ്പോ അവരില്‍ ഒരാള്‍ പറഞ്ഞു. ഇങ്ങനെ ഒക്കെ ചിലത് സംഭവിക്കാറുണ്ട്. മുരിങ്ങ മരം കായിക്കതപ്പോ അതേല്‍ ചെരുപ്പ് കെട്ടി തൂക്കി ഇട്ടു കൊടുത്താല്‍ മതി എന്ന്. എന്തായാലും ഞാന്‍ ഇത് വരെ അത് പരീക്ഷിച്ചു നോക്കിയിട്ടില്ല. പക്ഷെ പപ്പായ പണി പറ്റിച്ചു. ഇപ്പൊ എല്ലാരും അത് ഒന്ന് മൂത്ത് പഴുക്കാന്‍ കാത്തിരിക്കയാണ്! അത്ഭുത പപ്പായ അല്ലെ? :)

Friday, February 27, 2009

താജ്‌ മഹല്‍


കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്‍റെ കമ്പനി യില്‍ നിന്ന് ഒരു residential ട്രെയിനിംഗ് കോഴ്സ് ഡല്‍ഹിയില്‍ വെച്ച് നടന്നു . ഒന്നര മാസം ഞാന്‍ അവിടെ ഉണ്ടായിരുന്നു . ട്രെയിനിംഗ് ന്റെ ഇടയില്‍ ഒരു വീക്ക്‌ എന്ഡ് ഞങ്ങളെ അവര്‍ ടാജ്മഹല് കാണിക്കാന്‍ കൊണ്ടുപോയിരുന്നു . ഇന്ത്യന്‍ ജനതയുടെ മുഴുവന്‍ പ്രണയ സ്വപ്നങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന താജ് അന്ന് ഞാന്‍ ആദ്യമായി കണ്ടപ്പോള്‍ കൂടെ എന്‍റെ ഭര്‍ത്താവ് ഇല്ലെല്ലോ എന്ന സന്ങടം ഉണ്ടായിരുന്നു. അതിനു ശേഷം പിന്നെ എന്‍റെ ശ്രമം മുഴുവനും ഞങ്ങള്‍ ഒന്നിച്ചു താജ് കാണാനുള്ള യാത്ര നടത്തണം എന്നതായിരുന്നു . അങ്ങനെ കഴിഞ്ഞ ക്രിസ്മസ് അവധിക്കു കുട്ടികളെയും കൂട്ടി ഞങ്ങള്‍ പുറപ്പെട്ടു .

ഡല്‍ഹി , ജയപുര്‍ ‍ , ആഗ്ര ഒക്കെ ഉള്‍പ്പെടുന്ന ഒരു ട്രിപ്പ്‌ ആയിരുന്നു അത് . ഡല്‍ഹിയിലെ പ്രശസ്തമായ ടൂര്‍ operators ആയ പണിക്കര്‍ ട്രാവെല്‍സ്‌ ഇല്‍ ആണ് ഞങ്ങള്‍ പോയത് . താജ് മഹല്‍ കാണാനുള്ള ആകാംഷയില്‍ കുട്ടികളും ഭര്‍ത്താവും ഒക്കെ thrilled ആയിരിക്കുകയാണ് . ആഗ്ര ഫോര്ടില്‍ വെച്ച് കാണുമ്പോള്‍ തന്നെ താജിന് ഭയങ്കര ഒരു പ്രൌഡി ആണ്.

സെക്യൂരിറ്റി ചെക്കിംഗ് ന്‍റെ ഭാഗമായിട്ട് ഒന്നും തന്നെ അകത്തേക്ക് കടത്തി വിടുന്നില്ല . ആകെ കൈയ്യില്‍ വെക്കാവുന്നത് ഒരു ചെറിയ പേഴ്സ് മാത്രം. ബസ്സില്‍ പൈസ വെച്ചിട്ട് പോകുന്നത് സുരക്ഷിതമല്ല എന്നോര്‍ത്തിട്ട് ഞങ്ങള്‍ കൈയ്യിലുള്ള കാശ് മുഴുവന്‍ എന്‍റെ ഒരു ചെറിയ പേര്‍സില്‍ ആക്കി. ഏതാണ്ട് 22000 രൂപയോളം വരും. ഒരാഴ്ച ഡല്‍ഹിയിലെ ഷോപ്പിങ്ങ് നും , താമസചിലവിനും , ഭക്ഷണത്തിനും ഒക്കെയായിട്ട് liquid ക്യാഷ് എടുത്തു വെച്ചതാണ്.

അന്ന് ഒരു ശനി ആഴ്ചയായിരുന്നു . താജ്‌ മഹല്‍ കാണാന്‍ ഭയങ്കര തിരക്ക്. കച്ചവടക്കാരുടെ ശല്യം ധാരാളം . ഓരോ സാധനങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിച്ചു കൊണ്ട് നമ്മളെ തോണ്ടി കൊണ്ടേ ഇരിക്കും . ഇവിടെ കാണുന്നത് പോലെ തന്നെ. ഭാഷ മാത്രം വ്യത്യാസം . കൂടുതലും കുട്ടികള്‍ ആണ്. ഇന്ത്യയുടെ മറ്റൊരു മുഖം. que വില്‍ നിന്ന് തന്നെ ആളുകള്‍ ഓരോന്ന് വാങ്ങി കഴിക്കുന്നു . തണുപ്പ് കാലം ആയതു കൊണ്ട് നിറയെ പൊടി പറക്കുന്നു. കൃത്യം ഒന്നര മണിക്കൂര്‍ കാത്തു നിന്ന് അവസാനം മെയിന്‍ ഗേറ്റ് കടന്നപ്പോള്‍ അത്രയും നേരം നിന്നതിന്റെ വിഷമം ഒക്കെ ഒരു നിമിഷം കൊണ്ട് മാറി . എത്ര കണ്ടാലും മതി വരാത്ത ഒരു സംഭവം കണ്മുന്‍പില്‍ !!


കൂടെ ഞങ്ങളുടെ ഗ്രൂപ്പില്‍ തന്നെ ഉള്ള ആളുകള്‍ ഉണ്ട് . മിക്കവാറും സൌത്ത് ഇന്ത്യന്‍സ് തന്നെ. ടാജിന്റെ ചുറ്റും ഒരു ഓട്ട പ്രദക്ഷിണം വെച്ച് . പിന്നെ വീണ്ടും കാത്തു നിന്ന് അകത്തു കയറി. എന്താ ഒരു തിരക്ക്. പിന്നെ കുറച്ചു നേരം യമുന നോക്കി നിന്നു. മുന്‍പിലെ പുല്‍ത്തകിടിയില്‍ കുറച്ചു നേരം ഇരുന്നു . സമയം പോയത് അറിഞ്ഞില്ല .പുള്ളിക്കാരന്‍ തിരക്ക് പിടിച്ചു ഫോട്ടോ എടുക്കുകയാണ് .


കണ്ടുകണ്ടിരിക്കുമ്പോള്‍ സൌന്ദര്യം കൂടി കൊണ്ട് ഇരിക്കുന്ന ഒരു അല്‍ഭുതം തന്നെ ഈ സൃഷ്ടി . എത്ര proportion il ആണ് അതുണ്ടാക്കിയിരിക്കുന്നത് . നീളവും വീതിയും എല്ലാം തുല്യമായ ഒരു squaril ആണ് താജ് പണിതിരിക്കുന്നത് . പക്ഷെ നമ്മള്‍ നോക്കുമ്പോള്‍ നാലു തൂണുകളില്‍ പുറകിലുള്ള രണ്ടെണ്ണം ചെരുതായിട്ടെ തോന്നു . തൂണുകള്‍ ഏകദേശം നിരന്നു നില്‍ക്കുന്നതയിട്ടു തോന്നും . അത് ഒരു വിസ്മയം തന്നെ.


6 മണിക്ക് ഞങ്ങളോട് തിരികെ വണ്ടിയില്‍ കയറാനാണ് പറഞ്ഞത് . സമയം നോക്കിയപ്പോ 6.30. പിന്നെ തിരക്ക് പിടിച്ചു ഒരു ഓട്ടമായിരുന്നു . ഭര്‍ത്താവു മുന്നേ , തൊട്ടു പിറകെ മോന്‍, അതിനും പിന്നെ ഞാനും മോളും . എന്റെ ഒരു കൈയ്യില്‍ മോളുടെ കൈ , മറ്റേ കൈയ്യില്‍ പേഴ്സ് വെച്ചിരുന്നു . ഓടുന്ന ഓട്ടത്തില്‍ പെട്ടെന്ന് മുന്‍പേ നടന്നിരുന്ന ഞങ്ങളുടെ തന്നെ ഗ്രൂപ്പില്‍ ഉള്ള ഒരു സ്ത്രീയുടെ കാല്‍ തട്ടി അവര്‍ വീഴാന്‍ പോയി. പുറകെ ഉണ്ടായിരുന്ന ഞാന്‍ അവര്‍ വീഴാതിരിക്കാന്‍ അവരെ താങ്ങി .അവര്‍ വീണില്ല ..പക്ഷെ എന്റെ പേഴ്സ് വീണു !! ഞങ്ങള്‍ ആരും അത് അറിഞ്ഞില്ല. വീണ്ടും മുന്നോട്ടു ഓട്ടം തുടര്‍ന്നു.


പെട്ടെന്ന് ഒരു ബഹളം കേട്ട് ഞങ്ങള്‍ തിരിഞ്ഞു നോക്കുമ്പൊ അവിടെ കച്ചവടം നടത്തിയിരുന്ന കൊച്ചു പിള്ളേര്‍ ഒരു കൂട്ടം മുഴുവന്‍ 'മേം സാബ് ..' എന്ന് ഉറക്കെ വിളിച്ചു കൊണ്ട് ഞങ്ങളുടെ പിറകെ വരുകയാണ് . അവരുടെ കൈയ്യില്‍ എന്‍റെ പേഴ്സ്. അവര്‍ നിര്‍ബന്ധപൂര്‍വ്വം ആ പേഴ്സ് വീഴാന്‍ പോയ സ്ത്രീയെ ഏല്‍പ്പിക്കുകയാണ് . ഞാന്‍ ഒരു നിമിഷം മരവിച്ചു നിന്നു പോയി. പേഴ്സ് കണ്ടപ്പോഴാണ് അത് കൈയ്യില്‍ ഇല്ല എന്ന വിവരം ഞാന്‍ അരിഞ്ഞത് . മിണ്ടാതെ പേഴ്സ് വാങ്ങി .ബഹളം കണ്ടു ഭര്‍ത്താവു തിരിഞ്ഞു നോക്കി..എന്താ എന്താ എന്ന് ചോദിച്ചു . അപ്പൊ ആ സ്ത്രീ പറഞ്ഞു..ഏയ് , ഒന്നുമില്ല. അവര്‍ക്ക് കാര്യം പിടി കിട്ടി..പേഴ്സ് പോയത് അറിഞ്ഞാല്‍ എനിക്ക് ചീത്ത കിട്ടും എന്ന് മനസ്സിലാക്കി അവര്‍ പറഞ്ഞു.''അത് എന്ന തപ്പ് സാര്‍..” കൂടുതല്‍ ക്രോസ് വിസ്താരത്തിന് നില്‍ക്കാതെ പുള്ളിക്കാരന്‍ മുന്നോട്ട്ടു നടന്നു . പുള്ളിക്ക് മനസ്സിലായത് പേഴ്സ് താഴെ വീഴാന്‍ പോയി എന്ന് മാത്രമാണ് . കുട്ടികള്‍ രണ്ടു പേര്‍ക്കും മനസ്സിലായി . പക്ഷെ ആരും ഒന്നും പറഞ്ഞില്ല .


ഒരു നിമിഷത്തേക്ക് ഞാന്‍ ഈശ്വരനെ വിളിച്ചു പോയി. പേഴ്സ് ആ കുട്ടികള്‍ കണ്ടെടുത്തു തന്നില്ല എങ്കില്‍ ഉള്ള അവസ്ഥ . പൈസ പോയതിനെക്കാളും എനിക്ക് കിട്ടെണ്ടി വരുന്ന ചീത്ത . 'പണ്ടേ നിനക്ക് ശ്രദ്ധ ഇല്ല.'.എന്ന സ്റ്റൈലില്‍ തുടങ്ങും . പിന്നെ ട്രിപ്പ്‌ മുഴുവനും , തിരിച്ചു വന്നാലും കൊറേ നാള്‍ കൂടെ ഞങ്ങളുടെ രണ്ടു പെരുടേം വ്യസനം മാറില്ല . എത്ര പറഞ്ഞാലും തീരാത്ത ഒരു സങ്ങടം ആയി പോയേനെ അത് . ട്രിപ്പിന്റെ എല്ലാ സന്തോഷവും കളഞ്ഞേനെ . പിന്നെ ഒരു ATM കണ്ടു പിടിക്കാന്‍ ഉള്ള ഓട്ടം നടത്തണം . പുള്ളിക്കാരന്റെ പഴ്സില്‍ ആകെ ഒരു 1500 രൂപ എങ്ങാന്‍ കാണുകയുള്ളൂ . വല്ലാത്ത ഒരു വിഷമത്തില്‍ പെട്ടേനെ ഞങ്ങള്‍.


സത്യമായിട്ടും ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു ..അന്ന് ആ നേരത്ത് ഈശ്വരന്റെ അധൃശ്സ്യമായ കരങ്ങള്‍ എന്നെ സ്പര്ശിച്ചതായിട്ടു . എത്ര ദൂരെ ആയാലും നമ്മളെ ഒരിക്കലും ഒറ്റപ്പെടുതാത്ത ആ സ്നേഹം അതിശയം തന്നെ. ആ സ്നേഹത്തിന്റെ മുന്നില്‍ എന്‍റെ കണ്ണുകള്‍ ഇപ്പോഴും നിറഞ്ഞു പോകുന്നു. ഇത്തവണത്തെ താജ് മഹല്‍ കണ്ട ഓര്‍മയുടെ കൂടെ ഈ അനുഭവം മാറ്റി നിര്‍ത്താന്‍ പറ്റുന്നില്ല . വീണ്ടും ചെറിയ ചെറിയ വലിയ വലിയ കാര്യങ്ങള്‍ !!!












Friday, February 13, 2009

അമ്മയ്ക്കായി


ആരും തന്നെ തെറ്റിദ്ധരിക്കണ്ട. ഈ ചുവന്ന റോസാ പൂവ് എന്റെ അമ്മയ്ക്കാണ്. ഒത്തിരി സ്നേഹം തന്നു എന്നെ വളര്‍ത്തിയ എന്റെ അമ്മയ്ക്ക്. അമ്മ മരിച്ചിട്ട് ഒരു വര്ഷം തികഞ്ഞിരിക്കുന്നു . എത്ര പെട്ടെന്നാണ് ദിവസങ്ങള്‍ കടന്നു പോയത് . അമ്മയില്ലാതെ പോയ ഒരു വര്‍ഷം!!


ഞങ്ങള്‍ 9 മക്കളില്‍ വെച്ചു ഏറ്റവും ഇളയ മകളാണ് ഞാന്‍ . അത് കൊണ്ടു തന്നെ ആവശ്യത്തിന് കുറുംബുകളോടെ ആണ് വളര്‍ന്നത് . എനിക്ക് 4 ചേട്ടനും 4 ചേച്ചിയും .വീട്ടിലെ കൊഞ്ചി പുള്ള ആയിരുന്നു ഞാന്‍. അമ്മ എന്നെ എന്താണ് പഠിപ്പിച്ചത് എന്ന് ആലോചിച്ചു നോക്കിയാല്‍ ..അമ്മ എന്നെ പ്രത്യേകിച്ച് ഒന്നും പഠിപ്പിചിരുന്നില്ല . അമ്മയുടെ ജീവിതം തന്നെ ആണ് എന്‍റെ പാഠ പുസ്തകം.


അപ്പച്ചന്‍ ഉഗ്ര പ്രതാപി ആയിരുന്നു. അമ്മ ഒരിക്കലും അപ്പച്ചനോട് കയര്‍ത്തു സംസാരിക്കുന്നത് കണ്ടിട്ടില്ല. അപ്പച്ചന് കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്റ്റ് ല്‍ ആയിരുന്നു ജോലി. അമ്മയുടെയും വീട് എറണാകുളം തന്നെ. ഒരേ ഇടവക പള്ളി.വീട്ടില്‍ ഞങ്ങള്‍ മക്കള്‍ എല്ലാവരുടെയും കാര്യങ്ങള്‍ അമ്മയാണ് നോക്കി നടത്തിയിരുന്നത് . പുറം പണിക്കു മാത്രമേ വേലക്കാരി ഉണ്ടായിരുന്നുള്ളു . അമ്മ എങ്ങനെ ഈ 9 മക്കളെയും പഠിപ്പിച്ചു വലുതാക്കി എന്നത് എനിക്ക് ഇപ്പോഴും അത്ഭുതം തന്നെ!! രണ്ടെണ്ണത്തിനെ മേയ്ക്കാന്‍ ഞാന്‍ പെടുന്ന പാടു ഓര്‍ത്താല്‍ മതി. അപ്പോഴാണ് ശരിക്കും അമ്മയെ സ്തുതിക്കാന്‍ തോന്നുക .


ഞങ്ങളില്‍ ആരുടെ എന്ഗിലും പേരു വിളിക്കനമെങ്ങില്‍ അപ്പച്ചന്‍ ആദ്യം ജനിച്ചവരുടെ മുതല്‍ പേരു വിളിച്ചു തുടങ്ങും . അമ്മയാണ് എപ്പോഴും ഞങ്ങളുടെ മധ്യവര്‍ത്തി. അമ്മയോട് പോലും അപ്പച്ചന്‍ ചില മൂളലില്‍ കൂടെ ആണ് കാര്യങ്ങള്‍ പറഞ്ഞിരുന്നത് !! ആകപ്പാടെ പ്രോഗ്രസ്സ് കാര്‍ഡ് സൈന്‍ ചെയ്യിക്കാന്‍ മാത്രമേ ഞാന്‍ മുന്‍പില്‍ പോകാറുള്ളൂ .


ഓടി കളിക്കുമ്പോ വീണാല്‍ അപ്പച്ചന്‍ കണ്ടാല്‍ ഓടി വന്നു എടുത്തിട്ട് രണ്ടു അടി കൂടെ വെച്ചു തരും. സൂക്ഷിച്ചു നോക്കി നടക്കാതിരുന്നതിനു . അത് കൊണ്ടു വീണാല്‍ പോലും ഞാന്‍ കരയാന്‍ പേടിച്ചിരുന്നു . ഇനി അടി കൂടെ വേണ്ടല്ലോ എന്നോര്‍ത്ത് . എന്നും ഞങ്ങള്‍ പള്ളിയില്‍ പോകണമെന്നും സന്ധ്യാ പ്രാര്ത്ഥന ചൊല്ലനമെന്നുമ് നിര്‍ബന്ധമുണ്ടായിരുന്നു അപ്പച്ചന്. ഓഫീസില്‍ നിന്നു എന്തെങ്ങിലും പാര്‍ടിക്ക് സ്നാക്ക്സ് കിട്ടിയാല്‍ അപ്പച്ചന്‍ കഴിക്കാതെ വീട്ടില്‍ കൊണ്ടു വരും. അത് ഞങ്ങള്‍ക്ക് എല്ലാര്ക്കും തരാന്‍ . അന്ന് തല്ലു പിടിച്ചു കഴിക്കുന്ന ഒരു പൊടി ലടടുവിന്റെയും , ജിലെബിയുടെയും മധുരം പിന്നീട് ഒരിക്കലും നാവില്‍ കിട്ടിയിട്ടില്ല !!ഉള്ളിലുള്ള സ്നേഹം പുറത്തു കാണിക്കാന്‍ സാധിക്കാതിരുന്ന ഒരു പാവം ആയിരുന്നു അപ്പച്ചന്‍ എന്ന് പിന്നീട് എനിക്ക് തോന്നിയിട്ടുണ്ട് .


വീട്ടിലെ ഓരോ ചടങ്ങുകളും ഞങ്ങള്‍ ഇത്രയും പേര്‍ ഉള്ളത് കൊണ്ടു ഉല്‍സവം പോലെ ആണ് നടക്കുന്നത്. (ഇപ്പോഴും അങ്ങനെ ഒക്കെ തന്നെ) അന്നൊക്കെ അമ്മ മിക്കവാറും അമ്മൂമ്മയുടെ വീട്ടില്‍ തന്നെ ആവും , ഓരോരുത്തരെ ആയി പ്രസവിക്കാന്‍ പോകുന്ന പോക്കാണ് . പിന്നെ അതിന്‍റെ രക്ഷ ഒക്കെ കഴിഞ്ഞേ മടങ്ങി വരൂ. ഒരു പക്ഷെ അതാവും എന്‍റെ അമ്മ ഇത്രയും ആരോഗ്യത്തോടെ ജീവിച്ചതിന്റെ രഹസ്യം.


അമ്മക്ക് നല്ല നീണ്ട മുടി ഉണ്ടായിരുന്നു. ഞങ്ങളില്‍ 3 പേര്‍ക്കെ അത് കിട്ടിയുള്ളൂ . അമ്മ ഒരു തരം പ്രത്യേക എണ്ണയാണ് തലയില്‍ പുരട്ടുന്നത് . എണ്ണ മാറി കുളിച്ചാല്‍ അമ്മയ്ക്ക് ജലദോഷം വരും. അമ്മ അടുത്ത് വരുമ്പോ ആ എണ്ണയുടെ നല്ല മണം ഉണ്ടാവും. അമ്മ മരിക്കുന്നതിനു ഒരു വര്‍ഷം മുന്നേ അമ്മയുടെ നീണ്ട മുടി വെട്ടി കളഞ്ഞു ബോബ് ചെയ്തു. അസുഖം ആയിട്ട് കിടക്കുമ്പോ കുളിപ്പിക്കാനുള്ള സൌകര്യത്തിനാണ് അങ്ങനെ ചെയ്തത് . എന്നാലും മുടി പോയ അന്ന് അമ്മയെ കണ്ടപ്പോള്‍ എനിക്ക് ഒരു പാടു സങ്ങടം വന്നു. പക്ഷെ അപ്പോഴും അമ്മ എന്നെ ആശ്വസിപ്പിക്കുക ആണ് ചെയ്തത്.


വീട്ടിലെ പണി മുഴുവന്‍ അമ്മ ആരെക്കൊണ്ടും ചെയ്യിപ്പിക്കില്ല . ഞങ്ങള്‍ ചെറിയ എന്തെന്ങിലും സഹായം ചെയ്തു കൊടുത്താല്‍ മതി. ചേച്ചിമാര്‍ ഒക്കെ കല്യാണം കഴിച്ചു പോയതില്‍ പിന്നെ ഞാനും അമ്മയും മാത്രം ആയി. ഞാന്‍ ആണെങ്ങില്‍ കോളേജില്‍ നിന്നു നേരെ ജോലിക്ക് കയറി. PG യുടെ viva ക്ക് മുന്നേ എനിക്ക് ജോലി കിട്ടി.


ഏറ്റവും അധികം സുഖം ഉണ്ടായിരുന്ന നാളുകള്‍ ആയിരുന്നു അത്. എന്നെ ഒന്നും ചെയ്യിക്കാതെ ഇരുത്തുമ്പോള്‍ മറ്റുള്ളവര്‍ അമ്മയോട് പറയും. നീ അവളെ വീട്ടുജോലി എന്തെങ്ങിലും ചെയ്യാന്‍ പഠിപ്പിക്കു എന്ന്. അതിനും അമ്മ പറയും, ഇപ്പോളല്ലേ അവള്‍ ഇങ്ങനെ നടക്കൂ . ഇനി കുടുംബമായാല്‍ പറ്റില്ലെല്ലോ . അവള്‍ എല്ലാം നോക്കീം കണ്ടും പഠിച്ചോളും എന്ന്.അമ്മയ്ക്ക് അങ്ങനെ ഒരു വിശ്വാസം എന്നില്‍ ഉണ്ടായിരുന്നു. അത് സത്യവും ആയിരുന്നു.


എനിക്ക് കല്യാണ ആലോചനകള്‍ വന്നിരുന്ന സമയത്ത് ഒരിക്കെ , 7 വര്‍ഷമായി വീട്ടിലെ എല്ലാവര്ക്കും പരിചയമുണ്ടായിരുന്ന കുടുംബത്തിലെ ഒരാള്‍ വന്നിട്ട് എന്നെ കല്യാണം കഴിക്കാന്‍ ഉള്ള ആഗ്രഹം പറഞ്ഞപ്പോള്‍ ഞാന്‍ ആദ്യം പോയി പറഞ്ഞത് അമ്മയോട് ആയിരുന്നു. അപ്പോഴേക്കും അപ്പച്ചന്‍ മരിച്ചിട്ട് ഒരു വര്‍ഷം ആയിരുന്നു. അങ്ങനെ അമ്മക്ക് നന്നായി അറിയാവുന്ന ആള്‍ തന്നെ എന്‍റെ ജീവിതത്തിലേക്കും കടന്നു വന്നു. എന്‍റെ കുറുംബുകളും വഷലതങ്ങളും അറിയാവുന്ന ആള്‍ തന്നെ.


കല്യാണം കഴിഞ്ഞു ആദ്യമായിട്ട് ചെറുക്കന്റെ വീട്ടിലേക്ക് പോവുമ്പോ അമ്മ എന്നെ വിളിച്ചു നിര്‍ത്തി പറഞ്ഞു.' മോളെ , അടുപ്പില്‍ നിന്നു മൂടി പാത്രം എടുത്തു മട്ടുമ്പോ ശ്രദ്ധിക്കണം , ആവി അടിച്ച് കൈ പൊള്ളാതെ നോക്കണം '. ഇന്നലെ പറഞ്ഞ പോലെ ഇപ്പോഴും ഞാന്‍ അത് ഓര്‍ക്കുന്നു . അമ്മക്കല്ലേ അറിയൂ ഈ മോള്‍ക്ക്‌ പാചകം എത്ര അറിയാമെന്ന് . ഇങ്ങനെ ഒരു ഉപദേശം മാത്രമേ അമ്മ എനിക്ക് തന്നുള്ളൂ !! അമ്മയുടെ മകളായിട്ടു കയറി ചെന്ന എനിക്ക് അവിടെ ഒരു പ്രശ്നവും നേരിടേണ്ടി വന്നില്ല.ഒരു പക്ഷേ അമ്മയ്ക്ക് അതൊക്കെ മുന്‍കൂട്ടി അറിയമായിരുന്നിരിക്കും .


പിന്നീട് എനിക്ക് ഒരു മോനുണ്ടായപ്പോ കൂട്ടു വന്നതും, അവനു വന്ന പനികള്‍ കണ്ടു അന്തം വിട്ടു നിന്ന എന്നെ ആസ്വസിപ്പിച്ചതും അമ്മ തന്നെ.


എത്ര പണി തിരക്ക് ഉണ്ടായാലും രാത്രി എന്നുംഉറങ്ങുന്നതിനു മുന്നേ എല്ലാ പാത്രങ്ങളും കഴുകി വെച്ചിട്ടേ ഞാന്‍ കിടക്കൂ . അമ്മ അങ്ങനെ ആയിരുന്നു. എവിടെ എന്ങിലും പോവുന്നതിനു മുന്നേ വരുമ്പോള്‍ കഴിക്കാനുള്ളത് എല്ലാം ഉണ്ടാക്കി വെക്കും . മാവ് ആണെങ്ങില്‍ അത് അരച്ച് വെച്ചിരിക്കും. അതും അമ്മ പഠിപ്പിച്ച ശീലങ്ങള്‍ തന്നെ. വന്നിട്ട് പിന്നെ കഷ്ട്ടപ്പെടെണ്ടല്ലോ .


അമ്മയ്ക്ക് അസുഖം ആയപ്പോ ഞാന്‍ എല്ലാ മാസവും തറവാട്ടില്‍ പോയി അമ്മയെ കാണുമായിരുന്നു .. ഒരിക്കലും മുടങ്ങിയിട്ടില്ല .ചിലപ്പോ ഞങ്ങള്‍ക്ക് ഒന്നും തന്നെ പറയാന്‍ ഉണ്ടാവില്ല . അമ്മ കിടക്കുന്ന കട്ടിലിന്റെ അരികില്‍ എന്നോടും കിടക്കാന്‍ പറയും. അങ്ങനെ കിടക്കുമ്പോള്‍ തന്നെ ഞാന്‍ വീണ്ടും പഴയ കൊച്ചു കുട്ടിയായിട്ടു മാറും. അല്ലെങ്ങിലും നമുക്കു സ്വന്തം അമ്മമാരുടെ മുന്‍പില്‍ മാത്രമല്ലെ കൊച്ചു കുഞ്ഞു ആവാന്‍ പറ്റുള്ളൂ ?


തീരെ വയ്യാതെ ആയ നാളുകളില്‍ അമ്മ എന്‍റെ കുഞ്ഞുങ്ങളെ പറ്റി ചോദിയ്ക്കാതെ ആയി. എന്‍റെ കാര്യങ്ങളിലായി ശ്രദ്ധ. നിനക്കു അടുത്തുള്ള സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ കിട്ടുമോ ? മറുപടി പറഞ്ഞാലും കുറച്ചു നേരം കഴിഞ്ഞാല്‍ വീണ്ടും ചോദ്യം ആവര്‍ത്തിക്കും .


ഒരു വര്‍ഷം ഈ സ്നേഹം, ഈ കരുതല്‍ , ഈ ആശ്വാസം , ഈ സാന്ത്വനം ഇല്ലാതെ, ഒന്നു കാണാന്‍ പോലും ആവാതെ കടന്നു പോയി. ഇനിയും വര്‍ഷങ്ങള്‍ മുന്നോട്ടു പോവേണ്ടി വന്നേയ്ക്കും . എന്നാലും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ ഓര്‍ക്കുന്നു. അല്ലെങ്ങിലും ആര്‍ക്കെങ്ങിലും അമ്മയെ മറക്കാന്‍ ആവുമോ ?


ഒരിക്കല്‍ കൂടെ പഴയ കാലങ്ങള്‍ കടന്നു വന്നിരുന്നെങ്ങില്‍ എന്ന് വെറുതെ മോഹിച്ചു പോവുന്നു .പഴയ കാലങ്ങള്‍ ഒന്നും തിരിച്ചു വരില്ല എന്നറിയാം . ഇന്നലത്തെ ദിവസങ്ങള്‍ പോലും നമുക്കു ഇന്നു തിരിച്ചു പിടിക്കാന്‍ അവില്ലെല്ലോ ?.കടന്നു പോവുന്ന ഓരോ നിമിഷത്തിലും ഓര്‍മയില്‍ അമ്മയെ കൂട്ടുപിടിച്ച് കൊണ്ടു, ഒരു നല്ല അമ്മ ആവാനുള്ള ശ്രമം തുടര്‍ന്ന് കൊണ്ടു, ഞാന്‍ ഈ പോസ്റ്റ് എന്‍റെ അമ്മയ്ക്ക് സമര്‍പ്പിക്കുന്നു..