Friday, February 13, 2009

അമ്മയ്ക്കായി


ആരും തന്നെ തെറ്റിദ്ധരിക്കണ്ട. ഈ ചുവന്ന റോസാ പൂവ് എന്റെ അമ്മയ്ക്കാണ്. ഒത്തിരി സ്നേഹം തന്നു എന്നെ വളര്‍ത്തിയ എന്റെ അമ്മയ്ക്ക്. അമ്മ മരിച്ചിട്ട് ഒരു വര്ഷം തികഞ്ഞിരിക്കുന്നു . എത്ര പെട്ടെന്നാണ് ദിവസങ്ങള്‍ കടന്നു പോയത് . അമ്മയില്ലാതെ പോയ ഒരു വര്‍ഷം!!


ഞങ്ങള്‍ 9 മക്കളില്‍ വെച്ചു ഏറ്റവും ഇളയ മകളാണ് ഞാന്‍ . അത് കൊണ്ടു തന്നെ ആവശ്യത്തിന് കുറുംബുകളോടെ ആണ് വളര്‍ന്നത് . എനിക്ക് 4 ചേട്ടനും 4 ചേച്ചിയും .വീട്ടിലെ കൊഞ്ചി പുള്ള ആയിരുന്നു ഞാന്‍. അമ്മ എന്നെ എന്താണ് പഠിപ്പിച്ചത് എന്ന് ആലോചിച്ചു നോക്കിയാല്‍ ..അമ്മ എന്നെ പ്രത്യേകിച്ച് ഒന്നും പഠിപ്പിചിരുന്നില്ല . അമ്മയുടെ ജീവിതം തന്നെ ആണ് എന്‍റെ പാഠ പുസ്തകം.


അപ്പച്ചന്‍ ഉഗ്ര പ്രതാപി ആയിരുന്നു. അമ്മ ഒരിക്കലും അപ്പച്ചനോട് കയര്‍ത്തു സംസാരിക്കുന്നത് കണ്ടിട്ടില്ല. അപ്പച്ചന് കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്റ്റ് ല്‍ ആയിരുന്നു ജോലി. അമ്മയുടെയും വീട് എറണാകുളം തന്നെ. ഒരേ ഇടവക പള്ളി.വീട്ടില്‍ ഞങ്ങള്‍ മക്കള്‍ എല്ലാവരുടെയും കാര്യങ്ങള്‍ അമ്മയാണ് നോക്കി നടത്തിയിരുന്നത് . പുറം പണിക്കു മാത്രമേ വേലക്കാരി ഉണ്ടായിരുന്നുള്ളു . അമ്മ എങ്ങനെ ഈ 9 മക്കളെയും പഠിപ്പിച്ചു വലുതാക്കി എന്നത് എനിക്ക് ഇപ്പോഴും അത്ഭുതം തന്നെ!! രണ്ടെണ്ണത്തിനെ മേയ്ക്കാന്‍ ഞാന്‍ പെടുന്ന പാടു ഓര്‍ത്താല്‍ മതി. അപ്പോഴാണ് ശരിക്കും അമ്മയെ സ്തുതിക്കാന്‍ തോന്നുക .


ഞങ്ങളില്‍ ആരുടെ എന്ഗിലും പേരു വിളിക്കനമെങ്ങില്‍ അപ്പച്ചന്‍ ആദ്യം ജനിച്ചവരുടെ മുതല്‍ പേരു വിളിച്ചു തുടങ്ങും . അമ്മയാണ് എപ്പോഴും ഞങ്ങളുടെ മധ്യവര്‍ത്തി. അമ്മയോട് പോലും അപ്പച്ചന്‍ ചില മൂളലില്‍ കൂടെ ആണ് കാര്യങ്ങള്‍ പറഞ്ഞിരുന്നത് !! ആകപ്പാടെ പ്രോഗ്രസ്സ് കാര്‍ഡ് സൈന്‍ ചെയ്യിക്കാന്‍ മാത്രമേ ഞാന്‍ മുന്‍പില്‍ പോകാറുള്ളൂ .


ഓടി കളിക്കുമ്പോ വീണാല്‍ അപ്പച്ചന്‍ കണ്ടാല്‍ ഓടി വന്നു എടുത്തിട്ട് രണ്ടു അടി കൂടെ വെച്ചു തരും. സൂക്ഷിച്ചു നോക്കി നടക്കാതിരുന്നതിനു . അത് കൊണ്ടു വീണാല്‍ പോലും ഞാന്‍ കരയാന്‍ പേടിച്ചിരുന്നു . ഇനി അടി കൂടെ വേണ്ടല്ലോ എന്നോര്‍ത്ത് . എന്നും ഞങ്ങള്‍ പള്ളിയില്‍ പോകണമെന്നും സന്ധ്യാ പ്രാര്ത്ഥന ചൊല്ലനമെന്നുമ് നിര്‍ബന്ധമുണ്ടായിരുന്നു അപ്പച്ചന്. ഓഫീസില്‍ നിന്നു എന്തെങ്ങിലും പാര്‍ടിക്ക് സ്നാക്ക്സ് കിട്ടിയാല്‍ അപ്പച്ചന്‍ കഴിക്കാതെ വീട്ടില്‍ കൊണ്ടു വരും. അത് ഞങ്ങള്‍ക്ക് എല്ലാര്ക്കും തരാന്‍ . അന്ന് തല്ലു പിടിച്ചു കഴിക്കുന്ന ഒരു പൊടി ലടടുവിന്റെയും , ജിലെബിയുടെയും മധുരം പിന്നീട് ഒരിക്കലും നാവില്‍ കിട്ടിയിട്ടില്ല !!ഉള്ളിലുള്ള സ്നേഹം പുറത്തു കാണിക്കാന്‍ സാധിക്കാതിരുന്ന ഒരു പാവം ആയിരുന്നു അപ്പച്ചന്‍ എന്ന് പിന്നീട് എനിക്ക് തോന്നിയിട്ടുണ്ട് .


വീട്ടിലെ ഓരോ ചടങ്ങുകളും ഞങ്ങള്‍ ഇത്രയും പേര്‍ ഉള്ളത് കൊണ്ടു ഉല്‍സവം പോലെ ആണ് നടക്കുന്നത്. (ഇപ്പോഴും അങ്ങനെ ഒക്കെ തന്നെ) അന്നൊക്കെ അമ്മ മിക്കവാറും അമ്മൂമ്മയുടെ വീട്ടില്‍ തന്നെ ആവും , ഓരോരുത്തരെ ആയി പ്രസവിക്കാന്‍ പോകുന്ന പോക്കാണ് . പിന്നെ അതിന്‍റെ രക്ഷ ഒക്കെ കഴിഞ്ഞേ മടങ്ങി വരൂ. ഒരു പക്ഷെ അതാവും എന്‍റെ അമ്മ ഇത്രയും ആരോഗ്യത്തോടെ ജീവിച്ചതിന്റെ രഹസ്യം.


അമ്മക്ക് നല്ല നീണ്ട മുടി ഉണ്ടായിരുന്നു. ഞങ്ങളില്‍ 3 പേര്‍ക്കെ അത് കിട്ടിയുള്ളൂ . അമ്മ ഒരു തരം പ്രത്യേക എണ്ണയാണ് തലയില്‍ പുരട്ടുന്നത് . എണ്ണ മാറി കുളിച്ചാല്‍ അമ്മയ്ക്ക് ജലദോഷം വരും. അമ്മ അടുത്ത് വരുമ്പോ ആ എണ്ണയുടെ നല്ല മണം ഉണ്ടാവും. അമ്മ മരിക്കുന്നതിനു ഒരു വര്‍ഷം മുന്നേ അമ്മയുടെ നീണ്ട മുടി വെട്ടി കളഞ്ഞു ബോബ് ചെയ്തു. അസുഖം ആയിട്ട് കിടക്കുമ്പോ കുളിപ്പിക്കാനുള്ള സൌകര്യത്തിനാണ് അങ്ങനെ ചെയ്തത് . എന്നാലും മുടി പോയ അന്ന് അമ്മയെ കണ്ടപ്പോള്‍ എനിക്ക് ഒരു പാടു സങ്ങടം വന്നു. പക്ഷെ അപ്പോഴും അമ്മ എന്നെ ആശ്വസിപ്പിക്കുക ആണ് ചെയ്തത്.


വീട്ടിലെ പണി മുഴുവന്‍ അമ്മ ആരെക്കൊണ്ടും ചെയ്യിപ്പിക്കില്ല . ഞങ്ങള്‍ ചെറിയ എന്തെന്ങിലും സഹായം ചെയ്തു കൊടുത്താല്‍ മതി. ചേച്ചിമാര്‍ ഒക്കെ കല്യാണം കഴിച്ചു പോയതില്‍ പിന്നെ ഞാനും അമ്മയും മാത്രം ആയി. ഞാന്‍ ആണെങ്ങില്‍ കോളേജില്‍ നിന്നു നേരെ ജോലിക്ക് കയറി. PG യുടെ viva ക്ക് മുന്നേ എനിക്ക് ജോലി കിട്ടി.


ഏറ്റവും അധികം സുഖം ഉണ്ടായിരുന്ന നാളുകള്‍ ആയിരുന്നു അത്. എന്നെ ഒന്നും ചെയ്യിക്കാതെ ഇരുത്തുമ്പോള്‍ മറ്റുള്ളവര്‍ അമ്മയോട് പറയും. നീ അവളെ വീട്ടുജോലി എന്തെങ്ങിലും ചെയ്യാന്‍ പഠിപ്പിക്കു എന്ന്. അതിനും അമ്മ പറയും, ഇപ്പോളല്ലേ അവള്‍ ഇങ്ങനെ നടക്കൂ . ഇനി കുടുംബമായാല്‍ പറ്റില്ലെല്ലോ . അവള്‍ എല്ലാം നോക്കീം കണ്ടും പഠിച്ചോളും എന്ന്.അമ്മയ്ക്ക് അങ്ങനെ ഒരു വിശ്വാസം എന്നില്‍ ഉണ്ടായിരുന്നു. അത് സത്യവും ആയിരുന്നു.


എനിക്ക് കല്യാണ ആലോചനകള്‍ വന്നിരുന്ന സമയത്ത് ഒരിക്കെ , 7 വര്‍ഷമായി വീട്ടിലെ എല്ലാവര്ക്കും പരിചയമുണ്ടായിരുന്ന കുടുംബത്തിലെ ഒരാള്‍ വന്നിട്ട് എന്നെ കല്യാണം കഴിക്കാന്‍ ഉള്ള ആഗ്രഹം പറഞ്ഞപ്പോള്‍ ഞാന്‍ ആദ്യം പോയി പറഞ്ഞത് അമ്മയോട് ആയിരുന്നു. അപ്പോഴേക്കും അപ്പച്ചന്‍ മരിച്ചിട്ട് ഒരു വര്‍ഷം ആയിരുന്നു. അങ്ങനെ അമ്മക്ക് നന്നായി അറിയാവുന്ന ആള്‍ തന്നെ എന്‍റെ ജീവിതത്തിലേക്കും കടന്നു വന്നു. എന്‍റെ കുറുംബുകളും വഷലതങ്ങളും അറിയാവുന്ന ആള്‍ തന്നെ.


കല്യാണം കഴിഞ്ഞു ആദ്യമായിട്ട് ചെറുക്കന്റെ വീട്ടിലേക്ക് പോവുമ്പോ അമ്മ എന്നെ വിളിച്ചു നിര്‍ത്തി പറഞ്ഞു.' മോളെ , അടുപ്പില്‍ നിന്നു മൂടി പാത്രം എടുത്തു മട്ടുമ്പോ ശ്രദ്ധിക്കണം , ആവി അടിച്ച് കൈ പൊള്ളാതെ നോക്കണം '. ഇന്നലെ പറഞ്ഞ പോലെ ഇപ്പോഴും ഞാന്‍ അത് ഓര്‍ക്കുന്നു . അമ്മക്കല്ലേ അറിയൂ ഈ മോള്‍ക്ക്‌ പാചകം എത്ര അറിയാമെന്ന് . ഇങ്ങനെ ഒരു ഉപദേശം മാത്രമേ അമ്മ എനിക്ക് തന്നുള്ളൂ !! അമ്മയുടെ മകളായിട്ടു കയറി ചെന്ന എനിക്ക് അവിടെ ഒരു പ്രശ്നവും നേരിടേണ്ടി വന്നില്ല.ഒരു പക്ഷേ അമ്മയ്ക്ക് അതൊക്കെ മുന്‍കൂട്ടി അറിയമായിരുന്നിരിക്കും .


പിന്നീട് എനിക്ക് ഒരു മോനുണ്ടായപ്പോ കൂട്ടു വന്നതും, അവനു വന്ന പനികള്‍ കണ്ടു അന്തം വിട്ടു നിന്ന എന്നെ ആസ്വസിപ്പിച്ചതും അമ്മ തന്നെ.


എത്ര പണി തിരക്ക് ഉണ്ടായാലും രാത്രി എന്നുംഉറങ്ങുന്നതിനു മുന്നേ എല്ലാ പാത്രങ്ങളും കഴുകി വെച്ചിട്ടേ ഞാന്‍ കിടക്കൂ . അമ്മ അങ്ങനെ ആയിരുന്നു. എവിടെ എന്ങിലും പോവുന്നതിനു മുന്നേ വരുമ്പോള്‍ കഴിക്കാനുള്ളത് എല്ലാം ഉണ്ടാക്കി വെക്കും . മാവ് ആണെങ്ങില്‍ അത് അരച്ച് വെച്ചിരിക്കും. അതും അമ്മ പഠിപ്പിച്ച ശീലങ്ങള്‍ തന്നെ. വന്നിട്ട് പിന്നെ കഷ്ട്ടപ്പെടെണ്ടല്ലോ .


അമ്മയ്ക്ക് അസുഖം ആയപ്പോ ഞാന്‍ എല്ലാ മാസവും തറവാട്ടില്‍ പോയി അമ്മയെ കാണുമായിരുന്നു .. ഒരിക്കലും മുടങ്ങിയിട്ടില്ല .ചിലപ്പോ ഞങ്ങള്‍ക്ക് ഒന്നും തന്നെ പറയാന്‍ ഉണ്ടാവില്ല . അമ്മ കിടക്കുന്ന കട്ടിലിന്റെ അരികില്‍ എന്നോടും കിടക്കാന്‍ പറയും. അങ്ങനെ കിടക്കുമ്പോള്‍ തന്നെ ഞാന്‍ വീണ്ടും പഴയ കൊച്ചു കുട്ടിയായിട്ടു മാറും. അല്ലെങ്ങിലും നമുക്കു സ്വന്തം അമ്മമാരുടെ മുന്‍പില്‍ മാത്രമല്ലെ കൊച്ചു കുഞ്ഞു ആവാന്‍ പറ്റുള്ളൂ ?


തീരെ വയ്യാതെ ആയ നാളുകളില്‍ അമ്മ എന്‍റെ കുഞ്ഞുങ്ങളെ പറ്റി ചോദിയ്ക്കാതെ ആയി. എന്‍റെ കാര്യങ്ങളിലായി ശ്രദ്ധ. നിനക്കു അടുത്തുള്ള സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ കിട്ടുമോ ? മറുപടി പറഞ്ഞാലും കുറച്ചു നേരം കഴിഞ്ഞാല്‍ വീണ്ടും ചോദ്യം ആവര്‍ത്തിക്കും .


ഒരു വര്‍ഷം ഈ സ്നേഹം, ഈ കരുതല്‍ , ഈ ആശ്വാസം , ഈ സാന്ത്വനം ഇല്ലാതെ, ഒന്നു കാണാന്‍ പോലും ആവാതെ കടന്നു പോയി. ഇനിയും വര്‍ഷങ്ങള്‍ മുന്നോട്ടു പോവേണ്ടി വന്നേയ്ക്കും . എന്നാലും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ ഓര്‍ക്കുന്നു. അല്ലെങ്ങിലും ആര്‍ക്കെങ്ങിലും അമ്മയെ മറക്കാന്‍ ആവുമോ ?


ഒരിക്കല്‍ കൂടെ പഴയ കാലങ്ങള്‍ കടന്നു വന്നിരുന്നെങ്ങില്‍ എന്ന് വെറുതെ മോഹിച്ചു പോവുന്നു .പഴയ കാലങ്ങള്‍ ഒന്നും തിരിച്ചു വരില്ല എന്നറിയാം . ഇന്നലത്തെ ദിവസങ്ങള്‍ പോലും നമുക്കു ഇന്നു തിരിച്ചു പിടിക്കാന്‍ അവില്ലെല്ലോ ?.കടന്നു പോവുന്ന ഓരോ നിമിഷത്തിലും ഓര്‍മയില്‍ അമ്മയെ കൂട്ടുപിടിച്ച് കൊണ്ടു, ഒരു നല്ല അമ്മ ആവാനുള്ള ശ്രമം തുടര്‍ന്ന് കൊണ്ടു, ഞാന്‍ ഈ പോസ്റ്റ് എന്‍റെ അമ്മയ്ക്ക് സമര്‍പ്പിക്കുന്നു..



14 comments:

mayilppeeli said...

കണ്ണു നനയിച്ചു ഈ പോസ്റ്റ്‌......കുഞ്ഞുന്നാളിലേ അച്‌ഛന്‍ മരിച്ച എനിയ്ക്ക്‌ അമ്മയാണ്‌ എല്ലാം.....അമ്മയില്ലാത്തൊരുലോകത്തേപ്പറ്റി ഓര്‍ക്കാന്‍ പോലും കഴിയുന്നില്ല.....അതുകൊണ്ടുതന്നെ ഈ സങ്കടം എനിയ്ക്കു മനസ്സിലാവും.....നമുക്കു കുഞ്ഞുണ്ടായാലും അമ്മയ്ക്ക്‌ നാമെന്നും കുഞ്ഞു തന്നെ....ഇപ്പോഴും അവധിയ്ക്കു നാട്ടില്‍ പോകാനുള്ള തയ്യാറെടുപ്പില്‍ അമ്മയെ കാണന്‍ പറ്റുമല്ലോയെന്നതാണ്‌ എന്റെ ഏറ്റവും വലിയ സന്തോഷം......

അമ്മയ്ക്കുവേണ്ടി സമര്‍പ്പിച്ച ഈ പോസ്റ്റ്‌ വളരെ നന്നായി......തനിയ്ക്കു കാണാന്‍ പറ്റുന്നില്ലെങ്കിലും അമ്മ കൂടെത്തന്നെയുണ്ടെന്നു വിശ്വസിയ്ക്കുക...സ്നേഹ നിധിയായ മക്കളെ വിട്ടുപോകാന്‍ ഒരമ്മയ്ക്കും കഴിയില്ല ..... ഓര്‍മ്മകളിലെന്നും അമ്മ ജീവിയ്ക്കട്ടേ......

ശ്രീ said...

ശരിയ്ക്കും ടച്ചിങ്ങ്! എഴുത്തിലെ ആത്മാര്‍ത്ഥതയും ശരിയ്ക്കും മനസ്സിലാക്കാനാകുന്നു. വായിച്ചു കഴിഞ്ഞപ്പോള്‍ എന്തോ ഒരു ഫീലിങ്ങ്!

“ഓഫീസില്‍ നിന്നു എന്തെങ്ങിലും പാര്‍ടിക്ക് സ്നാക്ക്സ് കിട്ടിയാല്‍ അപ്പച്ചന്‍ കഴിക്കാതെ വീട്ടില്‍ കൊണ്ടു വരും. അത് ഞങ്ങള്‍ക്ക് എല്ലാര്ക്കും തരാന്‍”

എന്റെ അച്ഛനും ഇതു പോലെ തന്നെയായിരുന്നു.

നിറങ്ങള്‍..colors said...

real ..really touching..
nannayi ..ishtamaayi..

sreeNu Lah said...

ശ്രീ പറഞ്ഞതേ എനിക്കും പറയാനുള്ളു

raadha said...

@മയില്‍‌പീലി :) ചേച്ചി ആശ്വസിപ്പിച്ചപ്പോള്‍ എന്റെ സങ്ങടം കൂടുകയാണ് ചെയ്തത്. അല്ലെങ്ങിലും അങ്ങനെ ആണ് അല്ലെ. നമുക്കു ഇഷ്ടമുള്ളവര്‍ നമ്മളെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുമ്പോ അങ്ങനെ അല്ലെ? ചേച്ചിയുടെ അമ്മയ്ക്ക് ദീര്ഗായുസ്സു നേരുന്നു.. അത്രയും നാള്‍ ചേച്ചിക്കും കുഞ്ഞു ആയിട്ട് ഇരിക്കാലോ.. :)

@ ശ്രീ :) സന്തോഷമായി. ഇപ്പൊ എന്റെ കുട്ടികളുടെ അച്ഛന്‍ ഇതു തന്നെ ചെയ്യുന്നു...!!!
ആരും പറഞ്ഞു കൊടുക്കാതെ തന്നെ. ശ്രീയുടെ അച്ഛനും അപ്പൊ ഒരു പാടു സ്നേഹം മനസ്സില്‍ ഉണ്ട്.. നമ്മളൊക്കെ ഭാഗ്യം ഉള്ളവര്‍ തന്നെ.

@നിറങ്ങള്‍ :) :) നിന്നോട് പ്രത്യേകിച്ച് അമ്മയെ കുറിച്ചു പറയേണ്ടെല്ലോ. എന്റെ അമ്മയുടെ സ്നേഹം എന്നില്‍ കൂടെ നിനക്കും കിട്ടുന്നുണ്ടല്ലോ. പള്ളിയിലും നീ വന്നിരുന്നല്ലോ. :)

@ശ്രീനു :) നന്ദി!! ഇനിയും ഈ വഴി വരുക.

തോന്ന്യവാസങ്ങള്‍ said...

വായിക്കാന്‍ തുടങ്ങിയിട്ട് കുറെ നാളായി .. ഒരു കമന്റ് ഇടണം എന്ന് വിചാരിക്കാന്‍ തുടങ്ങിയിട്ടും നാള് കുറെ ആയി .... എന്തായാലും ഇന്നു അത് സാധിച്ചു ..
വളരെ സെഇഔസ് ആയതോ തമാശ നിറഞ്ഞതോ ആയ ഒന്നും ഈ ബ്ലോഗില്‍ discuss ചെയ്യുന്നില്ല ..... എങ്കിലും ലളിത മനോഹരമാണ് രചനാ ശൈലി ....

പതിവു പോലെ പ്രണയദിന പോസ്റ്റും നന്നായിട്ടുണ്ട്

siva // ശിവ said...

അമ്മയെക്കുറിച്ചുള്ള ഈ ഓര്‍മ്മകള്‍ ഏറെ ഹൃദയസ്പര്‍ശിയായി.....

പാറുക്കുട്ടി said...

അമ്മയ്ക്ക് സമർപ്പിച്ച ഈ പോസ്റ്റ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അമ്മയ്ക്ക് പകരം അമ്മ മാത്രം. ഞാനും അമ്മയ്ക്കായി ഒരു പോസ്റ്റിട്ടിട്ടുണ്ട്.

raadha said...

@തോന്ന്യവാസങ്ങള്‍ :) എന്റെ ബ്ലോഗ് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. ഇനിയും വരുമ്പോള്‍ കമന്റാന്‍ മറക്കണ്ട ട്ടോ.

@ശിവ :) നന്ദി...അമ്മയെ കുറിച്ചല്ലേ നമുക്കു ഇത്രക്കും ആത്മാര്തമായിട്ടു എഴുതാന്‍ പറ്റൂ ?

@ പാറുക്കുട്ടി :) എന്തെ വരാന്‍ താമസിച്ചത് എന്നോര്‍ത്ത് ഞാന്‍. ഞാന്‍ അത് വായിച്ചിട്ടില്ല..വായിച്ചിട്ട് കമന്റ് ഇടാം.

sg. said...

ഞാന്‍ പത്തെണ്ണത്തില്‍ പത്താമന്‍.
ജനിച്ചപ്പോള്‍ മുതല്‍ അമ്മ സംഗീതം പഠിപ്പിച്ചു.
പക്ഷെ ഞാന്‍ പഠിച്ചില്ല.
ഗാനഭൂഷണം ചുമന്ന് സംഗീതക്കാരനായി മാറുമായിരുന്നു.
അമ്മ പോയ് അങ്ങ് സ്വര്‍ഗത്തേയ്ക്കു,ഞാന്‍ എട്ടാം ക്ലാസ്സില്‍. ശേഷം നാട്ടിലെ ഒരു ഭാഗവതര്‍ ശ്രമിച്ചു നോക്കി. പക്ഷെ നടന്നില്ല.
അവസാനം ആര്‍ക്കിടെക്റ്റായി. അമ്മയുടെ ആഗ്രഹം സാധിചുകൊടുക്കണമെന്നു ഈയിടെ തോന്നി. അടുത്ത ആഴ്ച്ചമുതല്‍ വീണ്ടും സംഗീത പഠനം ഈ തേര്‍ട്ടി പ്ലസ്സില്‍!
-----------------------------------
ഹൃദയത്തില്‍ തൊട്ട എഴുത്ത്! തുടരുക

raadha said...

@sajive :)പത്താമന് സ്വാഗതം. സംഗീതം അങ്ങനെ തല്ലി പഠിപ്പിക്കാന്‍ പറ്റില്ലെല്ലോ. സാരമില്ല. ഉള്ളില്‍ എന്തെങ്ങിലും കനല്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും അത് എപ്പോഴെങ്ങിലും ആളി കത്താതെ ഇരിക്കില്ല. ഒരു പക്ഷെ ഇപ്പോഴാവും സന്ഗീതത്തിനു സമയം ആയത്. ആശംസകള്‍!!

വിന്‍സ് said...

simply beautiful!!!

രാജേശ്വരി said...

ഇത് വായിച്ചു കണ്ണ് നിറഞ്ഞു പോയി....നാട്ടിലുള്ള എന്റെ പാവം അമ്മയാണ് ഇപ്പൊ മനസ്സില്‍.
ഇത്രയും മനസ്സില്‍ തട്ടി എഴുതുന്നതിനു അഭിനന്ദനങ്ങള്‍.

raadha said...

@vince :)
thank you so much.

@രാജി :) അവനവന്റെ അമ്മയെ കുറിചാവുമ്പോ നമ്മള്‍ എഴുതിപോവും..ഒരു പൌദ്‌ നന്ദി!!