Saturday, July 10, 2010

ഇങ്ങനെയും

രാവിലെ ബസ്സില്‍ നല്ല തിരക്ക്. ചെറിയ മഴയും പെയ്യുന്നുണ്ട്. ഒരു വിധം കമ്പിയില്‍ പിടിച്ചു നിന്ന് കഴിഞ്ഞപ്പോ ഇനി എങ്ങനാ ഒരു സീറ്റ്‌ കിട്ടാന്‍ വഴി എന്ന് ആലോചിച്ചു കൊണ്ട് ഞാന്‍ നിന്നു. ഒരു മണിക്കൂറിലധികം യാത്രയുണ്ട്, വീട്ടില്‍ നിന്നും ഓഫീസിലേക്ക്.ഇരിക്കുന്നവരെ ശ്രദ്ധിച്ചു കൊണ്ട് ഞാന്‍ അങ്ങനെ നിന്നു.

അപ്പോഴാണ്‌ എന്റെ തൊട്ടു മുന്നിലെ സീറ്റില്‍ ഒരു പിഞ്ചു കുഞ്ഞിനേയും മടിയില്‍ വെച്ച് ഇരിക്കുന്ന സ്ത്രീ ഇടയ്ക്കിടയ്ക്ക് പുറകിലേക്ക് തിരിഞ്ഞു നോക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടത്. എവിടെ ഇറങ്ങണം എന്ന് അറിയാതെ വരുമ്പോ സാധാരണ സ്ത്രീകള്‍ ചെയ്യുന്ന പണി. കൂടെ വന്നവര്‍ താന്‍ അറിയാതെ ഇറങ്ങി പോയോ എന്ന ആധിയോടെ ഇടയ്ക്കിടയ്ക്ക് ഇവര്‍ തിരിഞ്ഞു നോക്കുന്നുണ്ട്. എനിക്ക് സന്തോഷമായി. ഓ, അവര്‍ ഇപ്പൊ തന്നെ ഇറങ്ങും എന്ന സന്തോഷത്തില്‍ ഞാന്‍ അവരുടെ അടുത്ത് തന്നെ നിന്നു!!

ഇങ്ങനെ മൂന്നു നാല് സ്റ്റോപ്പ്‌ കടന്നു പോയി...ഛെ, ഇവര്‍ അടുത്തൊന്നും ഇറങ്ങുന്ന ലക്ഷണം ഇല്ല, സ്ഥലം തീരെ അറിയാത്തവര്‍ ആണ്, ചുമ്മാ മനുഷ്യനെ ആശിപ്പിച്ചു, എന്നൊക്കെ ഓര്‍ത്തു വൈക്ലബ്യത്തോടെ ഞാനും നിന്നു. അതിനിടയില്‍ ബസില്‍ നിന്നു പലരും ഇറങ്ങി പോയിരുന്നു...ഇവര്‍ എണീക്കുമ്പോ ഇരിക്കാം എന്ന് കരുതി നിന്ന എനിക്ക് സീറ്റും കിട്ടിയില്ല..!!

ഇതിനിടെ ഞാന്‍ ആ സ്ത്രീയെ ഒന്ന് ശ്രദ്ധിച്ചു..അല്ല, പെണ്‍കുട്ടി എന്ന് പറയാം. ജീന്‍സും ഒരു ടീ ഷര്‍ട്ടും ആണ് ഇട്ടിരുന്നത്. ഒരു 25 - 27 വയസ്സ് പ്രായം തോന്നും. കൈയ്യിലിരുന്ന കുഞ്ഞു വാവയെ ആണ് എനിക്കേറെ ഇഷ്ടം ആയത്. ഒരു ആറു മാസം പ്രായമേ കാണൂ...കണ്ണും പൂട്ടി അമ്മയുടെ തോളില്‍ ഉറങ്ങുന്നു...തലയില്‍ മുടി നന്നായി വളര്‍ന്നിട്ടു പോലും ഇല്ല...അത്ര കുഞ്ഞു വാവ. അവന്‍ അമ്മയുടെ ആധിയും വെപ്രാളവും, പുറത്തെ മഴയോ തണുപ്പോ ഒന്നും അറിയാതെ സുഖമായിട്ടു ഉറങ്ങുന്നു..

സാധാരണ കുട്ടികള്‍ സ്കൂളില്‍ പോവുമ്പോ തോളില്‍ തൂക്കുന്ന മാതിരി ഒരു സ്കൂള്‍ ബാഗ് അമ്മയുടെ തോളില്‍ ക്രോസ് ബെല്‍റ്റ്‌ ആയി ഇട്ടിട്ടുണ്ട്..അതിനു മേലെ കുഞ്ഞു വാവയുടെ തല അമര്‍ന്നിരിക്കുന്നു. അമ്മയുടെ കൈയ്യില്‍ ഒരു കുട്ടി പേഴ്സ്, കുട..ആകെ കൂടി ആ പെണ്‍കുട്ടിക്ക് എടുക്കാന്‍ പറ്റാത്ത അത്രയും ചുമടുകള്‍...!!

ബസ്‌ ഇതിനകം 20 മിനിട്ട് സഞ്ചരിച്ചു കഴിഞ്ഞു..അമ്മയും കുഞ്ഞും ഇറങ്ങുന്ന ലക്ഷണം ഇല്ല. അമ്മയുടെ വെപ്രാളപ്പെട്ട തിരിഞ്ഞു നോട്ടം കൂടി കൂടി വന്നത് കൊണ്ട്, ബസിലുള്ള എല്ലാവരും തന്നെ ഇവരെ ശ്രദ്ധിച്ചു തുടങ്ങി.
പെട്ടെന്ന്, ഇവര്‍ സീറ്റില്‍ നിന്നും കുഞ്ഞിനേയും കൊണ്ട് എണീറ്റ്‌, പുറകിലേക്ക്, തിരക്കിനിടയിലൂടെ ആണുങ്ങളുടെ വശത്തേക്ക് നടക്കാന്‍ തുടങ്ങി..കൂടെ വന്ന ആളെ ആണ് അന്വേഷിക്കുന്നത് എന്ന് വ്യക്തം.

ആളുടെ പേര് പറയൂ എന്ന് കണ്ടക്ടര്‍ പറഞ്ഞപ്പോ അവര്‍ പറഞ്ഞില്ല...ആളെ തപ്പി പുറകിലേക്ക് നടക്കുക തന്നെ. ഓടുന്ന ബസില്‍ കൈ കുഞ്ഞിനേയും കൊണ്ടുള്ള നടപ്പായത് കൊണ്ട്, ഒഴിഞ്ഞ സീറ്റില്‍ ആരും ഇരുന്നില്ല. ഇറങ്ങേണ്ട സ്ഥലം ചോദിച്ചപ്പോ അതിനും മറുപടി ഇല്ല. അവരെ അന്വേഷിച്ചു ആരും പുറകില്‍ നിന്നും വരുന്നും ഇല്ല!!


എങ്കില്‍ നിങ്ങള്‍ മൊബൈലില്‍ വിളിക്കൂ എന്ന് ആരോ ബസില്‍ നിന്നും പറഞ്ഞു. ഉടനെ അവര്‍ തോളത്തിട്ട കുഞ്ഞിനേയും വെച്ച് പുറകില്‍ കെട്ടി വെച്ച ബാഗില്‍ തപ്പാന്‍ തുടങ്ങി..വല്ലതും നടക്കുമോ?. സീറ്റില്‍ ഇരിക്കാന്‍ പറഞ്ഞിട്ടും ഇരിക്കുന്നും ഇല്ല. ഈ ബഹളത്തിനിടയില്‍ കുഞ്ഞു ഉണര്‍ന്നു കരഞ്ഞു തുടങ്ങി.

ആരെങ്കിലും ഒരു മൊബൈല്‍ തരൂ എന്ന് അവര്‍ പറഞ്ഞു...(അപ്പൊ മലയാളം അറിയാം..!!) ഒരു പാട് കൈകള്‍ മൊബൈലും കൊണ്ട് നീണ്ടു. സ്തീകളുടെ ഭാഗത്ത്‌ നിന്നും അപ്പോഴേക്കും അവര്‍ പുറകില്‍ എത്തിയിരുന്നു,,

ആരോ കൊടുത്ത മൊബൈലില്‍ നിന്നും അവര്‍ വിളിച്ചു..
' where are u, Shiju?'..
വീണ്ടും..
'u missed the bus??'...
'ok, ok, i will get down at Palarivattom' ( ഓ, അപ്പൊ സ്ഥലവും അറിയാം!!)

ബസ്‌ അപ്പോഴേക്കും പാലാരിവട്ടം സ്റ്റോപ്പ്‌ കഴിഞ്ഞു വീണ്ടും എടുത്തു എങ്കിലും, കണ്ടക്ടര്‍ ബെല്‍ അടിച്ചു അവരെ അവിടെ ഇറക്കി വിട്ടു..!!

അമ്മയും കുഞ്ഞും ഇറങ്ങി കഴിഞ്ഞപ്പോ ഞാന്‍ സീറ്റില്‍ ഇരുന്നു..പുറകില്‍ നിന്നു അപ്പോള്‍ ആണുങ്ങള്‍ പറയുന്നുണ്ടായിരുന്നു..ആ സ്ത്രീ കമ്പനി പടി മുതല്‍ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു എന്ന്..(അതായത്, ഞാന്‍ കയറുന്നതിനു 10 മിനിട്ടിനു മുന്നേ യുള്ള സ്റ്റോപ്പ്‌!!)

എന്തോ എന്റെ മനസ്സില്‍ എന്തൊക്കെയോ ആകുല ചിന്തകള്‍ ഉരുണ്ടു കൂടി..എന്തെ, ആ കുഞ്ഞിന്റെ അച്ഛന്‍ സ്വന്തം ഭാര്യയെയും കുഞ്ഞിനേയും അര മണിക്കൂര്‍ കൂടെ കാണാതെ ആയിട്ടും മൊബൈലില്‍ വിളിച്ചു ഒന്ന് അന്വേഷിക്കാതിരുന്നത്? അതോ, കൂടെ ഉണ്ടാവും എന്ന് കരുതി ബസില്‍ കയറിയ ആ പെണ്‍കുട്ടി ആരെ ആവും കാണാതെ പോയത്? ആദ്യം ഞാന്‍ മനസ്സില്‍ കരുതിയത്, അന്യ നാട്ടിലെ പെണ്‍കുട്ടി ആണ് എന്നാണ്. ഇത്രയൊക്കെ സംഭവിച്ചിട്ടും ആ പെണ്‍കുട്ടി വളരെ bold ആയിട്ടാണ് എനിക്ക് തോന്നിയത്. ഇങ്ങനെയും ആളുകള്‍ ഉണ്ട് ല്ലേ?

21 comments:

നിറങ്ങള്‍..colors said...

oru paadu oohikkavunna kaaryagal nammukkayi thannittu kathapathram irangi poyi..
:)

Muralee Mukundan , ബിലാത്തിപട്ടണം said...
This comment has been removed by the author.
Muralee Mukundan , ബിലാത്തിപട്ടണം said...

ഒരു സസ്പെൻസ് - കഥയിലുടനീളം തുടർന്നുവന്നെങ്കിലും ;
ഒരു പുതിയ തലമുറയിലെ ബോൾഡ് & കൂൾ ആയ പെണ്ണിന്റെ യാത്രാ‍സംഭവങ്ങൾ ചിത്രീകരണങ്ങളിൽ എല്ലാം ഒതുങ്ങി...കേട്ടൊ രാധാജി

കണ്ണനുണ്ണി said...

ഒരുപക്ഷെ അങ്ങനെയും ആവില്ല..ഭാര്യയും ഭര്‍ത്താവും ആവും. രണ്ടു സ്ഥലത്ത് നിന്ന് കയറാം എന്ന് കരുതി പക്ഷെ ചെറുതായി ബസ്‌ തെറ്റിയതാവം...

എനിക്ക് ശുഭാപ്തി വിശ്വാസമാ..

ജീവി കരിവെള്ളൂർ said...

അതുശരി അപ്പോ പെണ്‍കുട്ടി ബോള്‍ഡ് ആയതാ കുഴപ്പം അല്ലേ :(

ഗീത said...

മൊബൈലില്‍ വിളിച്ച് അന്വേഷിക്കാന്‍ - അതിന് ആ പെണ്‍‌കുട്ടിയുടെ കയ്യില്‍ മൊബൈല്‍ ഇല്ലായിരുന്നല്ലോ.

എന്നാലും, കൂടെയുള്ള ആള്‍ കയറിയോ ഇല്ലയോ എന്ന സംശയത്തോടെ ഇത്രയും ദൂരം യാത്ര ചെയ്തല്ലോ. അതിശയം തോന്നുന്നു ആ പെണ്‍‌കുട്ടിയുടെ ധൈര്യത്തില്‍.

Manoraj said...

ഇതിൽ അതിശായിക്കാൻ തക്കതായി ഇന്ന് ഒന്നുമില്ല. കൂടെയുള്ളവരെ നോക്കി യാത്രചെയ്യാൻ കഴിയുന്ന ഒരു സിറ്റുവേഷൻ അല്ല ഇന്ന് കൊച്ചി നഗരത്തിൽ. പിന്നെ, ഒട്ടുമിക്ക സ്ത്രീകളും ഇത്തരം കാര്യങ്ങളിൽ നഗരത്തിൽ ബോൾഡ് ആയിക്കഴിഞ്ഞു. അല്ലെങ്കിൽ നഗര ജീവിതം അവരെ അങ്ങിനെയാക്കി മാറ്റി.

Sarin said...

:)

sm sadique said...

ഇതിൽ ഇത്ര അതിശയിക്കാനൊന്നുമില്ല .ആ സ്ത്രീ അത്ര ബോൾഡുമല്ല.
ആയിരുന്നെങ്കിൽ ഇത്ര വെപ്രാളത്തോടെ ഇങ്ങനെ അസ്വസ്ഥപെടില്ലായിരിന്നു.
ഒരു മൊബൈൽ ഫോൺ പോലും കൈവശമില്ലാത്ത ഒരു ജീൻസ്ധാരി.
മലയാളം അറിയുന്ന, പാലാരിവട്ടം അറിയുന്ന……;

raadha said...

@നിറങ്ങള്‍ :) ഉം, അങ്ങനെ തന്നെ...ഓഫീസില്‍ എത്തുന്നത്‌ വരെ എനിക്കും ഒരു പണി കിട്ടി...

@ബിലാത്തിപട്ടണം :) നന്ദി ട്ടോ കമന്റിനു. ചിലപ്പോ ഇങ്ങനെ ഒക്കെ ആവും ഇപ്പോഴത്തെ കുട്ടികള്‍..

@കണ്ണനുണ്ണി :) അനിയന്റെ വിശ്വാസം പോലെ തന്നെ ആയിരിക്കട്ടെ...ഇത് കൊച്ചി ആണ് ട്ടോ..100 കണക്കിന് പ്രൈവറ്റ് ബസ്‌ കണ്ണും മൂക്കും ഇല്ലാതെ പായുന്ന സ്ഥലം. എന്നാലും ഒന്നുരപ്പിക്കാമായിരുന്നില്ലെ , പൊടി കുഞ്ഞിനേയും കൊണ്ടുള്ള യാത്രയില്‍..?

@ജീവി :) അങ്ങനെ അല്ല ഞാന്‍ ഉദ്ദേശിച്ചത് .. ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ ബോള്‍ഡ് തന്നെ ആയിരിക്കണം. പക്ഷെ ഒരു പിഞ്ചു കുഞ്ഞിനേയും കൊണ്ടുള്ള യാത്രയില്‍ ഒത്തിരി കരുതല്‍ വേണം...അത് അമ്മയായാലും, അച്ഛനായാലും..

raadha said...

@ഗീത :) അവളുടെ കൈയ്യില്‍ മൊബൈല്‍ ഉണ്ടായിരുന്നു...അല്ലെങ്കില്‍ പിന്നെ എന്തിനാ ആ പെണ്‍കുട്ടി ബാഗ് തപ്പിയത്? ഓടുന്ന ബസില്‍ എളിയില്‍ കുഞ്ഞിനേയും വെച്ച്, തോളില്‍ കിടക്കുന്ന ബാഗില്‍ നിന്ന് എഴുന്നേറ്റു നില്‍ക്കുന്ന അവര്‍ എങ്ങനെ മൊബൈല്‍ തപ്പി എടുക്കും?

@മനോ :) എന്നാലും ഇത്രയ്ക്കു കെയര്‍ ലെസ്സ് ആകാമോ ഒരു പിഞ്ചു കുഞ്ഞിനേയും കൊണ്ട് യാത്ര ചെയ്യുമ്പോള്‍? ഞാനും ഈ നഗരത്തില്‍ തന്നെയാ ജനിച്ചതും, പഠിച്ചതും, ഇപ്പൊ താമസിക്കുന്നതും..നഗരത്തില്‍ തിരക്കേറുമ്പോള്‍ നമ്മള്‍ കൂടുതല്‍ കെയര്‍ ഫുള്‍ ആകുക അല്ലെ വേണ്ടത്?

@sarin :) ഈ വരവിനു സ്വാഗതം ട്ടോ.

@sadique :) അവര്‍ എത്ര ബോള്‍ഡ് ആണെന്ന് അറിയില്ലാട്ടോ. മൊബൈല്‍ ഉണ്ടായിരുന്നു എന്ന് തോന്നുന്നു അവരുടെ കൈയ്യില്‍..മൊബൈല്‍ എടുക്കാന്‍ ശ്രമിച്ചിട്ട് പറ്റാതെ ആയപ്പോഴാണ് സഹയാത്രികരോട്‌ മൊബൈല്‍ ചോദിച്ചത്. ഒരു പക്ഷെ കൂടെ ആള്‍ കയരിയില്ലെന്നു ആദ്യമേ തോന്നി കാണും...അതാവാം തിരിഞ്ഞു നോക്കി കൊണ്ടിരുന്നത്....

വരയും വരിയും : സിബു നൂറനാട് said...

ഇനി ആ കൊച്ചിനെ ചേച്ചിയുടെ കൈയില്‍ വല്ലതും തന്നിട്ട് മുങ്ങുന്ന കഥാപാത്രമാണോ എന്ന് വിചാരിച്ചു ആദ്യം..!!

ആര്‍ക്കും പറ്റാം ഇത്തരം അബദ്ധങ്ങള്‍...സൂക്ഷിച്ചാല്‍ ദുഖിക്കണ്ടാ..!

Jishad Cronic said...

അബദ്ധങ്ങള്‍ ആര്‍ക്കും സംഭവിക്കാം...

എന്‍.ബി.സുരേഷ് said...

തങ്ങളുടെ തീരെ ചെറിയ മകനെ മറന്നുവച്ചിട്ട് നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും മദ്രാസിലേക്ക് വിമാനം കയറിയ ദമ്പതികളെ ഓർമ്മയില്ലേ.
അങ്ങനെ എത്രയെത്ര അച്ഛനമ്മമാർ.

നിറങ്ങള്‍..colors said...

ANIVERSSARY WISHES ..

ALL THE BEST

OAB/ഒഎബി said...

അതിലൊന്നും അത്ര കാര്യമില്ലാത്ത അയാള്‍ എന്തിന് വേവലാതിപ്പെടണം.

മൊബൈലും ജീന്‍സും ഇല്ലാത്ത കാലത്തും ആണുങ്ങള്‍ക്ക് ബസ്സ് നഷ്ടപ്പെട്ടിട്ടുള്ളതിനാല്‍ പുറകിലെ ബസ്സില്‍ പോയി ഭാര്യവീടണഞ്ഞിട്ടുണ്ട്!

(സ്വര്‍ണ്ണക്കടയില്‍ മകനെ മറന്ന് വച്ചവരല്ലെ നമുക്കിടയിലുള്ളവര്‍)

raadha said...

@സിബു :) ഒരു അവസരത്തില്‍ എനിക്ക് ആ കുഞ്ഞിനെ വാങ്ങി മടിയില്‍ വെച്ചിട്ട്, അവളോട്‌ സമാധാനമായിട്ട് ഭര്‍ത്താവിനെ മൊബൈലില്‍ വിളിക്കാന്‍ പറയാന്‍ തോന്നിയത... പക്ഷെ ഇന്നത്തെ കാലമല്ലേ, നമ്മള്‍ കാര്യങ്ങളെ കാണുന്ന പോലാവില്ല മറ്റുള്ളവര്‍ കാണുന്നത്...എടുത്തു ചാടി ഒന്നും ചെയ്യാന്‍ വയ്യ!!

@jishad :) ഉം..ശരി തന്നെ..പക്ഷെ, കൊച്ചു കുഞ്ഞിനേയും കൊണ്ടുള്ള യാത്രയില്‍ അല്പം കരുതല്‍ നന്ന്.

@സുരേഷ് :) അതെ, സത്യം. സുരേഷ് പറഞ്ഞപ്പോള്‍ ഓര്‍ത്തത്‌, ഇന്റര്‍നെറ്റ്‌ ലെ farm ഹൌസ് ഗെയിം കളിയില്‍ മുഴുകിയ അച്ഛനും അമ്മയും സ്വന്തം പിഞ്ചു കുഞ്ഞിനെ പട്ടിണിക്കിട്ടു എന്ന വാര്‍ത്ത‍ വായിച്ചതു ഓര്മ വന്നു. ഇങ്ങനെയും ഉണ്ട് ട്ടോ ആളുകള്‍!! ഈ വരവിനു നന്ദി ട്ടോ.

@നിറങ്ങള്‍ :) ഹ, ഞാന്‍ പോലും മറന്നു പോയ കാര്യം ഓര്‍മിപ്പിച്ചതിനു നന്ദി കൂട്ടുകാരി...അടുത്ത പോസ്റ്റില്‍ എഴുതാം.

@OAB :) എന്തോ ഇതൊക്കെ കാണുമ്പോ വല്ലാതെ ഒരു പേടി തോന്നുന്നു. ആളുകളുടെ ഇടയില്‍ മൃദുല വികാരങ്ങള്‍ ഒക്കെ ഇല്ലാണ്ടായി മാറുക ആണോ? അവനും കൂള്‍, അവളും കൂള്‍. പിന്നെ നാട്ടാര്‍ക്ക് എന്താ ല്ലേ?

ശ്രീ said...

എന്തു കൊണ്ടോ ഇത്രയും പറഞ്ഞു കേട്ടതില്‍ നിന്നും അത്ര സഹതാപമൊന്നും തോന്നുന്നില്ല. ആ ബസ്സിലെ അത്രയും ആളുകള്‍ അവരെ സഹായിയ്ക്കാന്‍ ശ്രമിച്ചിട്ടും അവര്‍ക്ക് കാര്യം തുറന്നു പറഞ്ഞാലെന്തായിരുന്നു?

lekshmi. lachu said...

enikk sahthapam onnum thonniyillya....streekal ennum bold aakanam.

Unknown said...

നല്ല ഒരു കതയാവുമായിരുനു കുറച്ചു ബഹ്വന കൂടി ചേര്‍ത്ത് വെങ്കില്‍
ഞാന്‍ അത് പോലെ ഒരു ക്ലൈമാക്സ്‌ പ്രതീഷിച്ചു .....എന്നാലും നന്നായി

raadha said...

@ശ്രീ :) അത് തന്നെ, അവരെ സഹായിക്കാന്‍ ശ്രമിച്ചവരെ അവര്‍ അവഗണിച്ചു എന്ന് തന്നെ പറയാം..

@lakshmi :) വേണം, നമ്മള്‍ ബോള്‍ഡ് ആകണം, എന്ന് വെച്ച് സ്വന്തം കുഞ്ഞിന്റെ സുരക്ഷിതത്വം കൂടി നോക്കണല്ലോ? വേണ്ടേ?

@MyDreams :) അതെയോ? ഞാന്‍ അങ്ങനെ ആലോചിച്ചില്ല ട്ടോ. ഒട്ടു മിക്ക എല്ലാ പോസ്റ്റുകളും സംഭവ വിവരണങ്ങള്‍ തന്നെ ആണ് ഇതില്‍..