Sunday, October 10, 2010

ഒരു ഓംലെറ്റിന്റെ കഥ.


വളരെ അധികം വര്‍ഷങ്ങള്‍ക്കു മുന്‍പ്..ഞാന്‍ ഒന്‍പതില്‍ പഠിക്കുന്ന കാലത്തുണ്ടായ സംഭവം ആണ് ഇവിടെ ഇപ്പൊ ഓര്‍ക്കുന്നത്.

എന്റെ ചേട്ടന് കല്യാണം കഴിഞ്ഞു ഒരു പാട് നാളുകള്‍ കുട്ടികള്‍ ഉണ്ടായിരുന്നില്ല. പിന്നെ ബോംബെയിലെ പ്രസിദ്ധമായ ഒരു ഹോസ്പിറ്റലില്‍ infertility ചികിത്സ നടത്തി ഒടുക്കം ചേട്ടത്തിയമ്മ ഗര്‍ഭിണി ആയി. പ്രസവവും അവിടെ തന്നെ ആയിരുന്നു. ഇരട്ട കുട്ടികള്‍ ആയിരുന്നു. ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും ആയിരുന്നു. വീട്ടില്‍ എല്ലാവര്ക്കും ഒരു പാട് സന്തോഷം ആയി...സത്യത്തില്‍ ഇരട്ടി സന്തോഷം ആയി എന്ന് തന്നെ പറയാം.

അങ്ങനെ ഇരിക്കെ, കുട്ടികള്‍ക്ക് 5 വയസ്സായപ്പോള്‍, ആണ്‍കുട്ടി meningitis ബാധിച്ചു മരിച്ചു. എല്ലാവര്ക്കും സഹിക്കാന്‍ ആവാത്ത ഒരു സങ്കടം ആയിപ്പോയി അത്. മരണ വീട്ടിലേക്കു അമ്മ ഞങ്ങളെ കൊണ്ട് പോയി. എല്ലാവരും കരഞ്ഞും പ്രാര്‍ത്ഥിച്ചും ഇരിക്കുന്നു. അടക്കം വൈകുന്നേരം ആയിരുന്നു.

ഉച്ച ആയപ്പോള്‍ എനിക്കും ചേച്ചിക്കും വിശന്നു തുടങ്ങി. രാവിലെ മുതല്‍ ഒന്നും കഴിച്ചിട്ടില്ല. അമ്മയാണെങ്കില്‍ ഞങ്ങളെ ശ്രധിക്കുന്നുമില്ല. കുഞ്ഞു മരിച്ച സങ്കടം കാരണം കരഞ്ഞു കരഞ്ഞു ഞങ്ങളുടെ കണ്ണുകള്‍ രണ്ടും വീര്‍ത്തു ചുവന്നിരുന്നു. എന്നാലും വിശപ്പും ഉണ്ട്. എത്ര നേരം ഇങ്ങനെ ഇരിക്കണം?

അവസാനം ഗതി കേട്ട് ചേച്ചി അമ്മയോട് ചോദിച്ചു, ചേച്ചി അന്ന് 10 -ഇല്‍ ആണ്. അമ്മ പറഞ്ഞു അടുത്ത വീട്ടില്‍ ചോറ് വെച്ചിട്ടുണ്ട്. നിങ്ങള്‍ അവിടെ പോയി കഴിച്ചോളാന്‍. പിന്നെ ഒട്ടും സമയം കളയാതെ ഞങ്ങള്‍ രണ്ടും കൂടി അടുത്ത വീട്ടിലേക്കു ചെന്നു. . സാധാരണ ഇങ്ങനെ മരണ വീടുകളില്‍ ഭക്ഷണം തൊട്ടടുത്ത വീടുകളില്‍ സാധനങ്ങള്‍ ഒക്കെ കൊടുത്തു ഒരുക്കാറുണ്ട്. അവിടെ ആളുകള്‍ ചെന്നു കഴിക്കും. പക്ഷെ, ഞങ്ങള്‍ ചെന്ന വീട്ടില്‍ അല്ലായിരുന്നു ചോറ് അറേഞ്ച് ചെയ്തിരുന്നത്. വളരെ അധികം പാവപ്പെട്ട ഒരു വീട്ടിലേക്കാണ് ഞങ്ങള്‍ വിശപ്പ്‌ പ്രാന്തും പിടിച്ചു കേറിചെന്നത്.

അവിടെ അപ്പോള്‍ ഒരു അമ്മയും മകനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മകന് കോളേജില്‍ ഒക്കെ പഠിക്കുന്ന പ്രായം തോന്നും. ഞങ്ങള്‍ ചെന്നതും ചോറ് ചോദിച്ചു. ആ അമ്മ ഒരു നിമിഷം ഞങ്ങളുടെ മുഖത്തേക്ക് നോക്കി. കരഞ്ഞു വീര്‍ത്ത മുഖവും, പറന്ന തലമുടിയും ഒക്കെ കണ്ടപ്പോ അവര്‍ക്ക് കാര്യം മനസ്സിലായി. . ഇവിടെ ഇരിക്ക് ട്ടോ എന്ന് ഞങ്ങളോട് പറഞ്ഞിട്ട് അവര്‍ വേഗം അടുക്കളയിലേക്കു പോയി.

അമ്മയുടെ പിറകെ മകനും പോയി. അവര്‍ തമ്മില്‍ എന്തോ സംസാരിക്കുന്നത് കണ്ടു.ഞങ്ങള്‍ ചോറും കാത്തു അവിടെ കണ്ട ഒരു ബെഞ്ചില്‍ ഇരുന്നു. മകന്‍ തിരിച്ചു വന്നു, ഞങ്ങള്‍ കുഞ്ഞിന്റെ ആരാ എന്നൊക്കെ ചോദിച്ചു. അതിനിടയില്‍ ആ അമ്മ ധൃതി പിടിച്ചു മുട്ട പൊരിച്ചു. അടുക്കള ഒക്കെ താഴെ നിലത്താണ്. ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും മാങ്ങാ അച്ചാര്‍ ചോറിലേക്ക്‌ ഇട്ടിട്ടു, മുട്ട പൊരിച്ചതും കൂട്ടി ചോറ് തന്നു.

ഇതെന്തു കറി. എന്ന് മനസ്സില്‍ തോന്നി എങ്കിലും ഞങ്ങള്‍ രണ്ടും ഒന്നും പറഞ്ഞില്ല. അപ്പൊ ആ അമ്മ പറഞ്ഞു, വേറൊന്നും ഇരുപ്പില്ലട്ടോ മക്കളെ എന്ന്. വയറു നിറയെ ഉണ്ടോ എന്ന്. പക്ഷെ, ആ അമ്മയുടെ ഉള്ളില്ലേ സ്നേഹം ഞങ്ങള്‍ അവിടെ അറിഞ്ഞു. വായിലേക്ക് വെച്ച ചോറ് എങ്ങനെ ഇത്ര രുചിയായി എന്ന് ഇപ്പോഴും അറിയില്ല. ആ മുട്ട പൊരിച്ചതിന്റെ സ്വാദ് ഇപ്പോഴും വര്‍ഷങ്ങള്‍ക്കു ശേഷവും എനിക്ക് മറക്കാന്‍ കഴിഞ്ഞിട്ടില്ല....വയര്‍ നിറച്ചു ഉണ്ട്, ഞങ്ങള്‍ രണ്ടും തിരിച്ചു പോന്നു.


തിരിച്ചു ഉഷാറായി വന്നു ഞങ്ങള്‍ വീണ്ടും അമ്മയുടെ അരികെ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങളെ ഊണ് കഴിക്കാന്‍ വരാന്‍ വിളിക്കാന്‍ അപ്പച്ചന്‍ വന്നു. ഞങ്ങള്‍ കഴിച്ചു എന്ന് പറഞ്ഞു. നിങ്ങളെ അവിടെ കണ്ടില്ലെല്ലോ എന്ന് അപ്പച്ചന്‍. ഉടന്‍ അമ്മ പറഞ്ഞു അവര്‍ കഴിച്ചതാ.. കഥ അവിടെ തീര്‍ന്നു.


ഇപ്പോള്‍ ആ അമ്മയും മകനും അവിടെ ഉണ്ടോ? ഒരു പക്ഷെ, അന്ന് അവര്‍ക്ക് കഴിക്കാന്‍ വെച്ച ചോറ് ആയിരിക്കും ഞങ്ങള്‍ക്ക് ആ അമ്മയും മകനും തന്നത്. ആ മുട്ട പൊരിച്ചതിന്റെ സ്വാദ് ഇപ്പോഴും വര്‍ഷങ്ങള്‍ക്കു ശേഷവും എനിക്ക് മറക്കാന്‍ കഴിഞ്ഞിട്ടില്ല..ആ അമ്മയെയും മകനെയും. അവര്‍ ആരായിരുന്നു? ഞാന്‍ അന്വേഷിച്ചിട്ടേ ഇല്ല. അന്ന് അതിനുള്ള വക തിരിവൊന്നും ഇല്ലായിരുന്നു. പിന്നീട് എപ്പോഴോ ആണ് ഞങ്ങള്‍ക്ക് മനസ്സിലായത്‌ ഞങ്ങള്‍ അന്ന് വീട് തെറ്റിയാണ് ഉണ്ണാന്‍ ചെന്നത് എന്ന്. എന്നാലും വിശക്കുന്നവനു ഭക്ഷണം കൊടുക്കണം എന്ന ഒരു വലിയ പാഠം അന്ന് ഞാന്‍ എങ്ങനെയോ പഠിച്ചു...അതിലെ നന്മയും.

ഈ പോസ്റ്റ്‌ എനിക്ക് അറിയാത്ത ആ അമ്മയ്ക്കും മകനും സമര്‍പ്പിക്കുന്നു...വര്‍ഷങ്ങള്‍ക്കു ശേഷവും അവരെ മനസ്സില്‍ കൊണ്ട് നടന്ന എന്റെ നന്ദിയും ഇവിടെ അവര്‍ക്ക്.....!!!

Tuesday, September 21, 2010

ഒരു സൂപ്പര്‍മാന്റെ ജനനം!!


ഞങ്ങളുടെ ഓഫീസില്‍ സ്ഥിരമായിട്ട് ചായ കൊണ്ട് വന്നിരുന്നത് തൊട്ടടുത്ത ബാങ്ക് ബില്‍ഡിംഗ്‌ ലെ പ്യൂണ്‍ ആയിരുന്നു. രണ്ടു മാസങ്ങള്‍ക്ക് മുന്പ് ബാങ്ക് അവിടെന്നു ഷിഫ്റ്റ്‌ ചെയ്തത് കൊണ്ട് ഞങ്ങളുടെ ചായ കുടി മുട്ടി.

അങ്ങനെ ആണ് തൊട്ടടുത്ത് ഫോടോസ്ടാറ്റ് കട നടത്തുന്ന സോമന്‍ ചേട്ടന്‍ ഞങ്ങളുടെ ചായക്കാരനായത്. ആള് വൈകുന്നേരമായാല്‍ മിക്കവാറും പാമ്പ്‌ ആകുന്നതു കൊണ്ട് ആര്‍ക്കും തന്നെ പുള്ളിയെ ഓഫീസില്‍ കയറ്റുന്നതിനോട് താല്പര്യമില്ലായിരുന്നു..എന്നാലും നിവൃത്തി കേടു കൊണ്ട് ഞങ്ങളുടെ ചായ ചേട്ടന്‍ ആയി സോമന്‍ ചേട്ടന്‍.

അങ്ങനെ ഇരിക്കെ ഓണത്തിന്റെ അവധി കഴിഞ്ഞു ഓഫീസ് തുറന്ന ദിവസം. ഓണക്കോടിയും നെറ്റിയില്‍ ചന്ദന കുറിയുമൊക്കെ അണിഞ്ഞു രാവിലത്തെ ചായ സോമന്‍ ചേട്ടന്‍ കൊണ്ട് തന്നു. കടും മഞ്ഞ നിറമുള്ള ഒരു ഷര്‍ട്ട്‌ ആയിരുന്നു സോമന്‍ ചേട്ടന്റെ ഓണക്കോടി. പതിവ് പോലെ നാല് മണിയുടെ ചായ വന്നില്ല. സോമന്‍ ചേട്ടനെ അന്വേഷിച്ചു ഞങ്ങളുടെ പ്യൂണ്‍ പോയി നോക്കിയിട്ട് പറഞ്ഞു..ഫോടോസ്ടാറ്റ് കട തുറന്നു കിടപ്പുണ്ട്..സോമന്‍ ചേട്ടന്‍ അവിടെ ഒന്നും ഇല്ല എന്ന്..ചായ കുടിക്കാതെ അന്ന് ഓഫീസ് പിരിഞ്ഞു..


വൈകിട്ട് ഓഫീസില്‍ നിന്ന് അടുത്തുള്ള ബസ്‌ സ്ടോപ്പിലെക്ക് ഞങ്ങള്‍ നടന്നു പോകുമ്പോള്‍..അല്പം മുന്നിലായിട്ടു സോമന്‍ ചേട്ടന്‍ നടന്നു പോവുന്നത് കണ്ടു. മഞ്ഞ ഷര്‍ട്ട്‌ കണ്ടിട്ടാണ് തിരിച്ചറിഞ്ഞത്. ആ..നമ്മുടെ ചായ ചേട്ടനല്ലേ പോവുന്നത് എന്ന് ഞങ്ങള്‍ പറഞ്ഞു തീര്‍ന്നതും..പുള്ളിക്കാരന്‍ ഉടുത്തിരുന്ന മുണ്ട് ഊരി കൈയ്യില്‍ പിടിച്ചു, എന്നിട്ട് തോളിലേക്കിട്ടു. ആള്‍ ഫുള്‍ തണ്ണി. അവിടെ തൊട്ടടുത്ത്‌ ഉണ്ടായിരുന്ന ഓട്ടോ സ്ടാണ്ടിലെ ഓട്ടോക്കാര്‍ ഓടി വന്നു സോമന്‍ ചേട്ടനെ ഉടുതുണി ഉടുപ്പിച്ചു..

ഈ കാഴ്ച കണ്ടു സ്തബ്ധരായി നിന്ന് പോയ ഞങ്ങള്‍ ഒരു കാര്യം കണ്ടു..സോമന്‍ ചേട്ടന്‍ ഉടുത്തിരുന്നത് ചുവന്ന നിറമുള്ള ജട്ടി ആയിരുന്നു...!! പിറ്റേ ദിവസം ഓഫീസില്‍ വന്നു ഈ വിവരം പറഞ്ഞപ്പോള്‍ എല്ലാരും കൂടി സോമന്‍ ചേട്ടന്റെ പേര് സൂപ്പര്‍ മാന്‍ എന്നാക്കി. പാവത്തിന്റെ ചായ കച്ചവടം അതോടെ നിന്ന് എന്ന് പ്രത്യേകം പറയണ്ടല്ലോ.

ഇപ്പോഴും ഇടയ്ക്കിടയ്ക്ക് ഫോടോസ്ടാറ്റ് ന്റെ കാശ് വാങ്ങാന്‍ സൂപ്പര്‍ മാന്‍ ഓഫീസില്‍ വരാറുണ്ട്..

Friday, August 20, 2010

ഓണ തുമ്പി


ഓണം പടി വാതില്‍ക്കല്‍ എത്തി. ഇപ്പൊ എവിടേം കാണാന്‍ കിട്ടാത്ത ഓണ തുമ്പികള്‍ എന്റെ ബ്ലോഗിലെങ്കിലും എല്ലാരും കാണാന്‍ പോസ്റ്റുന്നു..

ഇത്തവണത്തെ ഓണത്തിന് ഒരു കൈ വിരല്‍ സ്പ്ലിന്റ്റ് പ്ലസ്റെരില്‍ ആയതോണ്ട് ചുമ്മാ വാചകം അടിച്ചിരുന്നു ഓണം ഉണ്ടാല്‍ മതി. കഷണം നുറുക്കാന്‍ പറഞ്ഞാല്‍..അയ്യോ കൈ വയ്യ എന്ന് പറയാം...പായസത്തിനു തേങ്ങ ചിരകണ്ട...ആഹ, എന്തൊരു സുഖം..!! അത് കൊണ്ട് തന്നെ, ഓണത്തിന് വിളിച്ചോണ്ട് പോവാന്‍ ഒരു പാട് ആളുകള്‍ വരുന്നുണ്ട്..ചേട്ടന്‍ പറഞ്ഞു..ഓണമായിട്ട് അവള്‍ എങ്ങനാ കൈയും വെച്ചോണ്ട് ഒരുക്കുന്നത്, അവളെ ഇങ്ങോട്ട് വിളിച്ചോ.ഇന്നലെ അതും പറഞ്ഞു ചേട്ടത്തി അമ്മ വിളിച്ചിരുന്നു.


ഇത്തവണ നാട്ടില്‍ പോവുന്നില്ല എന്ന് വെച്ചു. മിക്കവാറും ഏറ്റുമാനൂര്‍ ഉള്ള അദ്ധേഹത്തിന്റെ പെങ്ങളുടെ വീട്ടില്‍ ആവും ഓണം ഉണ്ണുക. അവിടെയും ഞങ്ങള്‍ നാല് പേര്‍ക്കും ഇല വെച്ചിട്ടുണ്ട് എന്ന് വിളിച്ചു പറഞ്ഞിരുന്നു.

ഇത്തവണ അത് കൊണ്ട് ഞങ്ങള്‍ ഫ്രീ ആണ്. ആര് വിളിച്ചാലും വന്നു ഓണം ഉണ്ടിട്ടു പോരാം...ഹി ഹി.

എന്റെ എല്ലാ കൂട്ടുകാര്‍ക്കും ഓണത്തിന്റെ എല്ലാ വിധ മംഗളവും ആശംസിച്ചു കൊണ്ട്..

സസ്നേഹം..
രാധ



Sunday, August 8, 2010

കര്‍ക്കിടകം

കര്‍ക്കിടകം രണ്ടാം തീയതി. ഞായറാഴ്ച. രാവിലെ പള്ളിയില്‍ പോയി വന്നു. എന്നെ സംബന്ധിച്ച് ഞായറാഴ്ച മറ്റെല്ലാ ദിവസങ്ങളിലും വെച്ച് തിരക്ക് പിടിച്ചതാണ്. പതിവിലും നേരത്തെ എഴുന്നെറ്റാലെ പള്ളിയില്‍ പോക്ക് നടക്കു. അന്നാണ് അദ്ദേഹം മാര്‍ക്കറ്റില്‍ പോയി നോണ്‍ വെജ് മേടിക്കുന്നത്. അങ്ങനെ അടുക്കളയില്‍ ഏറ്റവും അധികം തിരക്കുള്ള ദിവസം.

പതിവ് പോലെ ഞങ്ങള്‍ രണ്ടും അടുക്കളയില്‍ ഉണ്ട്. മട്ടന്‍ മുറിക്കുന്ന തിരക്കില്‍ അദ്ദേഹം. ഞാന്‍ അതിന്റെ മറ്റു അനുസാരികള്‍ ചമയ്ക്കുന്നു. അപ്പോഴാണ് വിനാഗിരി പുതിയ കുപ്പിയില്‍ നിന്ന് എടുക്കേണ്ട ആവശ്യം വന്നത്. സാധാരണ എന്ത് പ്രയാസമുള്ള കാര്യങ്ങള്‍ വേണ്ടി വന്നാലും ഞാന്‍ അദ്ദേഹത്തിനെ കൊണ്ടേ ചെയ്യിക്കുക ആണ് പതിവ്.


അന്ന് തോന്നി, വെറുതെ എന്തിനാ ബുദ്ധിമുട്ടിക്കുന്നത് എന്ന്. പുറത്തെ ചുവന്ന അടപ്പ് കത്തി കൊണ്ട് മുറിച്ചു നീക്കി. അപ്പോള്‍ അതിനകത്ത് മറ്റൊരു സീല്‍ കൂടെ. പണിപ്പെട്ടു കത്തി കൊണ്ട് അത് മുറിച്ചു മാറ്റാന്‍ ശ്രമിച്ചു. കത്തി പാളി ഇടതു കൈയ്യുടെ ചൂണ്ടു വിരലില്‍ അമര്‍ന്നു. കത്തി എല്ലില്‍ തട്ടി എന്നത് അപ്പൊ തന്നെ അറിഞ്ഞു. ചോര പ്രളയം. പിന്നെ കാറി കൂവി...അദ്ദേഹം ഓടി എത്തി.

മുറിവില്‍ അമര്‍ത്തി പിടിച്ചിട്ടും ചോര നില്‍ക്കുന്നില്ല. ചോര അങ്ങനെ പോവുന്നത് കണ്ടപ്പോ എനിക്ക് തല കറങ്ങാന്‍ തുടങ്ങി. രണ്ടു ഗ്ലാസ്‌ വെള്ളം എന്നെ കൊണ്ട് കുടിപ്പിച്ചു. ഐസ് വെക്കാന്‍ വിരല്‍ എടുക്കുമ്പോള്‍ പിന്നെയും ചോര വരുന്നു. ഒടുവില്‍ ഒരു തുണി ചുറ്റി മുറുക്കി കെട്ടി കൈ അനക്കാതെ വെച്ചപ്പോ സംഗതി ക്ലീന്‍.

അല്‍പ നേരം റസ്റ്റ്‌ എടുത്തു വീണ്ടും അടുക്കളയില്‍ കയറാന്‍ ശ്രമിച്ചു. ഇടയ്ക്കു ഇളകുമ്പോള്‍
ചോര വരുന്നുണ്ട്. വലത്തേ കൈ കൊണ്ട് ഓരോന്ന് ചെയ്തു, പണി ഒതുങ്ങിയപ്പോ ഞാന്‍ പയ്യെ മുറിവ് അഴിച്ചു നോക്കി. അപ്പോള്‍ അല്ലെ സംഗതി പിടി കിട്ടിയത്, വിരല്‍ വല്ലാതെ വളഞ്ഞു അകത്തേക്ക് ഇരിക്കുന്നു. പണ്ട് econimics പഠിച്ചപ്പോ
ഒരു 'kinked ' demand curve നെ കുറിച്ച് പഠിച്ചിരുന്നു. അത് പോലെ ആണ് എന്റെ വിരലിന്റെ ഇരുപ്പു. അതിയായ വേദനയും.

ഇനി ഡോക്ടര്‍ നെ കാണിച്ചില്ലെങ്കില്‍ ശരി ആവില്ല എന്നായപ്പോ ഇറങ്ങി. അപ്പോഴേക്കും വിരല്‍ ആകെ നീര് വെച്ച് വീങ്ങി. മുറിവ് ആഴത്തില്‍ ആയി പോയെന്നും ഞരമ്പ് മുറിഞ്ഞു എന്നും മനസ്സിലായി. വിരലിനു കമ്പ്ലീറ്റ്‌ റസ്റ്റ്‌ വിധിചു. ഒരാഴ്ച ഓഫീസില്‍ പോയില്ല. ഇപ്പൊ ഇതാ സംഭവം നടന്നിട്ട് മൂന്നാഴ്ച ആയിട്ടും, വിരല്‍ bandage ഇല്‍ തന്നെ. അതിനകം ഞാന്‍ മറ്റു വിരല്‍ ഉപയോഗിച്ച് ടൈപ്പ് ചെയ്യാന്‍ പഠിച്ചത് കൊണ്ട് ഈ പോസ്റ്റ്‌ ഇടാന്‍ പറ്റി.

ഇതിനിടയില്‍ ഞാന്‍ ബൂലോകത്തേക്ക് വന്നിട്ട് ജൂലായില്‍ രണ്ടു വര്ഷം തികഞ്ഞു. വാര്‍ഷിക പോസ്റ്റ്‌ ഇടാന്‍ പറ്റിയില്ല...ഇനി ചിങ്ങത്തില്‍ എങ്കിലും എന്റെ വിരല്‍ സുഖമാകണേ എന്ന പ്രാര്‍ത്ഥനയോടെ...,

സസ്നേഹം,
രാധ

Saturday, July 10, 2010

ഇങ്ങനെയും

രാവിലെ ബസ്സില്‍ നല്ല തിരക്ക്. ചെറിയ മഴയും പെയ്യുന്നുണ്ട്. ഒരു വിധം കമ്പിയില്‍ പിടിച്ചു നിന്ന് കഴിഞ്ഞപ്പോ ഇനി എങ്ങനാ ഒരു സീറ്റ്‌ കിട്ടാന്‍ വഴി എന്ന് ആലോചിച്ചു കൊണ്ട് ഞാന്‍ നിന്നു. ഒരു മണിക്കൂറിലധികം യാത്രയുണ്ട്, വീട്ടില്‍ നിന്നും ഓഫീസിലേക്ക്.ഇരിക്കുന്നവരെ ശ്രദ്ധിച്ചു കൊണ്ട് ഞാന്‍ അങ്ങനെ നിന്നു.

അപ്പോഴാണ്‌ എന്റെ തൊട്ടു മുന്നിലെ സീറ്റില്‍ ഒരു പിഞ്ചു കുഞ്ഞിനേയും മടിയില്‍ വെച്ച് ഇരിക്കുന്ന സ്ത്രീ ഇടയ്ക്കിടയ്ക്ക് പുറകിലേക്ക് തിരിഞ്ഞു നോക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടത്. എവിടെ ഇറങ്ങണം എന്ന് അറിയാതെ വരുമ്പോ സാധാരണ സ്ത്രീകള്‍ ചെയ്യുന്ന പണി. കൂടെ വന്നവര്‍ താന്‍ അറിയാതെ ഇറങ്ങി പോയോ എന്ന ആധിയോടെ ഇടയ്ക്കിടയ്ക്ക് ഇവര്‍ തിരിഞ്ഞു നോക്കുന്നുണ്ട്. എനിക്ക് സന്തോഷമായി. ഓ, അവര്‍ ഇപ്പൊ തന്നെ ഇറങ്ങും എന്ന സന്തോഷത്തില്‍ ഞാന്‍ അവരുടെ അടുത്ത് തന്നെ നിന്നു!!

ഇങ്ങനെ മൂന്നു നാല് സ്റ്റോപ്പ്‌ കടന്നു പോയി...ഛെ, ഇവര്‍ അടുത്തൊന്നും ഇറങ്ങുന്ന ലക്ഷണം ഇല്ല, സ്ഥലം തീരെ അറിയാത്തവര്‍ ആണ്, ചുമ്മാ മനുഷ്യനെ ആശിപ്പിച്ചു, എന്നൊക്കെ ഓര്‍ത്തു വൈക്ലബ്യത്തോടെ ഞാനും നിന്നു. അതിനിടയില്‍ ബസില്‍ നിന്നു പലരും ഇറങ്ങി പോയിരുന്നു...ഇവര്‍ എണീക്കുമ്പോ ഇരിക്കാം എന്ന് കരുതി നിന്ന എനിക്ക് സീറ്റും കിട്ടിയില്ല..!!

ഇതിനിടെ ഞാന്‍ ആ സ്ത്രീയെ ഒന്ന് ശ്രദ്ധിച്ചു..അല്ല, പെണ്‍കുട്ടി എന്ന് പറയാം. ജീന്‍സും ഒരു ടീ ഷര്‍ട്ടും ആണ് ഇട്ടിരുന്നത്. ഒരു 25 - 27 വയസ്സ് പ്രായം തോന്നും. കൈയ്യിലിരുന്ന കുഞ്ഞു വാവയെ ആണ് എനിക്കേറെ ഇഷ്ടം ആയത്. ഒരു ആറു മാസം പ്രായമേ കാണൂ...കണ്ണും പൂട്ടി അമ്മയുടെ തോളില്‍ ഉറങ്ങുന്നു...തലയില്‍ മുടി നന്നായി വളര്‍ന്നിട്ടു പോലും ഇല്ല...അത്ര കുഞ്ഞു വാവ. അവന്‍ അമ്മയുടെ ആധിയും വെപ്രാളവും, പുറത്തെ മഴയോ തണുപ്പോ ഒന്നും അറിയാതെ സുഖമായിട്ടു ഉറങ്ങുന്നു..

സാധാരണ കുട്ടികള്‍ സ്കൂളില്‍ പോവുമ്പോ തോളില്‍ തൂക്കുന്ന മാതിരി ഒരു സ്കൂള്‍ ബാഗ് അമ്മയുടെ തോളില്‍ ക്രോസ് ബെല്‍റ്റ്‌ ആയി ഇട്ടിട്ടുണ്ട്..അതിനു മേലെ കുഞ്ഞു വാവയുടെ തല അമര്‍ന്നിരിക്കുന്നു. അമ്മയുടെ കൈയ്യില്‍ ഒരു കുട്ടി പേഴ്സ്, കുട..ആകെ കൂടി ആ പെണ്‍കുട്ടിക്ക് എടുക്കാന്‍ പറ്റാത്ത അത്രയും ചുമടുകള്‍...!!

ബസ്‌ ഇതിനകം 20 മിനിട്ട് സഞ്ചരിച്ചു കഴിഞ്ഞു..അമ്മയും കുഞ്ഞും ഇറങ്ങുന്ന ലക്ഷണം ഇല്ല. അമ്മയുടെ വെപ്രാളപ്പെട്ട തിരിഞ്ഞു നോട്ടം കൂടി കൂടി വന്നത് കൊണ്ട്, ബസിലുള്ള എല്ലാവരും തന്നെ ഇവരെ ശ്രദ്ധിച്ചു തുടങ്ങി.
പെട്ടെന്ന്, ഇവര്‍ സീറ്റില്‍ നിന്നും കുഞ്ഞിനേയും കൊണ്ട് എണീറ്റ്‌, പുറകിലേക്ക്, തിരക്കിനിടയിലൂടെ ആണുങ്ങളുടെ വശത്തേക്ക് നടക്കാന്‍ തുടങ്ങി..കൂടെ വന്ന ആളെ ആണ് അന്വേഷിക്കുന്നത് എന്ന് വ്യക്തം.

ആളുടെ പേര് പറയൂ എന്ന് കണ്ടക്ടര്‍ പറഞ്ഞപ്പോ അവര്‍ പറഞ്ഞില്ല...ആളെ തപ്പി പുറകിലേക്ക് നടക്കുക തന്നെ. ഓടുന്ന ബസില്‍ കൈ കുഞ്ഞിനേയും കൊണ്ടുള്ള നടപ്പായത് കൊണ്ട്, ഒഴിഞ്ഞ സീറ്റില്‍ ആരും ഇരുന്നില്ല. ഇറങ്ങേണ്ട സ്ഥലം ചോദിച്ചപ്പോ അതിനും മറുപടി ഇല്ല. അവരെ അന്വേഷിച്ചു ആരും പുറകില്‍ നിന്നും വരുന്നും ഇല്ല!!


എങ്കില്‍ നിങ്ങള്‍ മൊബൈലില്‍ വിളിക്കൂ എന്ന് ആരോ ബസില്‍ നിന്നും പറഞ്ഞു. ഉടനെ അവര്‍ തോളത്തിട്ട കുഞ്ഞിനേയും വെച്ച് പുറകില്‍ കെട്ടി വെച്ച ബാഗില്‍ തപ്പാന്‍ തുടങ്ങി..വല്ലതും നടക്കുമോ?. സീറ്റില്‍ ഇരിക്കാന്‍ പറഞ്ഞിട്ടും ഇരിക്കുന്നും ഇല്ല. ഈ ബഹളത്തിനിടയില്‍ കുഞ്ഞു ഉണര്‍ന്നു കരഞ്ഞു തുടങ്ങി.

ആരെങ്കിലും ഒരു മൊബൈല്‍ തരൂ എന്ന് അവര്‍ പറഞ്ഞു...(അപ്പൊ മലയാളം അറിയാം..!!) ഒരു പാട് കൈകള്‍ മൊബൈലും കൊണ്ട് നീണ്ടു. സ്തീകളുടെ ഭാഗത്ത്‌ നിന്നും അപ്പോഴേക്കും അവര്‍ പുറകില്‍ എത്തിയിരുന്നു,,

ആരോ കൊടുത്ത മൊബൈലില്‍ നിന്നും അവര്‍ വിളിച്ചു..
' where are u, Shiju?'..
വീണ്ടും..
'u missed the bus??'...
'ok, ok, i will get down at Palarivattom' ( ഓ, അപ്പൊ സ്ഥലവും അറിയാം!!)

ബസ്‌ അപ്പോഴേക്കും പാലാരിവട്ടം സ്റ്റോപ്പ്‌ കഴിഞ്ഞു വീണ്ടും എടുത്തു എങ്കിലും, കണ്ടക്ടര്‍ ബെല്‍ അടിച്ചു അവരെ അവിടെ ഇറക്കി വിട്ടു..!!

അമ്മയും കുഞ്ഞും ഇറങ്ങി കഴിഞ്ഞപ്പോ ഞാന്‍ സീറ്റില്‍ ഇരുന്നു..പുറകില്‍ നിന്നു അപ്പോള്‍ ആണുങ്ങള്‍ പറയുന്നുണ്ടായിരുന്നു..ആ സ്ത്രീ കമ്പനി പടി മുതല്‍ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു എന്ന്..(അതായത്, ഞാന്‍ കയറുന്നതിനു 10 മിനിട്ടിനു മുന്നേ യുള്ള സ്റ്റോപ്പ്‌!!)

എന്തോ എന്റെ മനസ്സില്‍ എന്തൊക്കെയോ ആകുല ചിന്തകള്‍ ഉരുണ്ടു കൂടി..എന്തെ, ആ കുഞ്ഞിന്റെ അച്ഛന്‍ സ്വന്തം ഭാര്യയെയും കുഞ്ഞിനേയും അര മണിക്കൂര്‍ കൂടെ കാണാതെ ആയിട്ടും മൊബൈലില്‍ വിളിച്ചു ഒന്ന് അന്വേഷിക്കാതിരുന്നത്? അതോ, കൂടെ ഉണ്ടാവും എന്ന് കരുതി ബസില്‍ കയറിയ ആ പെണ്‍കുട്ടി ആരെ ആവും കാണാതെ പോയത്? ആദ്യം ഞാന്‍ മനസ്സില്‍ കരുതിയത്, അന്യ നാട്ടിലെ പെണ്‍കുട്ടി ആണ് എന്നാണ്. ഇത്രയൊക്കെ സംഭവിച്ചിട്ടും ആ പെണ്‍കുട്ടി വളരെ bold ആയിട്ടാണ് എനിക്ക് തോന്നിയത്. ഇങ്ങനെയും ആളുകള്‍ ഉണ്ട് ല്ലേ?

Sunday, June 20, 2010

നീലിമ

രാവിലെ ഓഫീസിലേക്ക് പോരാന്‍ തിരക്കിട്ട് സാരി ഉടുക്കുമ്പോള്‍ ആണ് ആദ്യമായിട്ട് അത് എന്റെ ശ്രദ്ധയില്‍ പെട്ടത് . എന്റെ ഇടത്തേ കൈയിലെ വിരല്‍ അറ്റം അല്പം നീലിച്ചിരിക്കുന്നു . ഉടനെ മനസ്സില്‍ പോയത് , ഇന്ന് എന്താണാവോ കറിക്ക് അരിഞ്ഞത് എന്നായിരുന്നു .ഉരുള കിഴങ്ങ് ആയിരുന്നു ആകെ കൂടെ ഒന്ന് തൊലി കളഞ്ഞത് . ഓ , ചിലപ്പോ കൂര്‍ക്കയൊക്കെ നന്നാക്കുമ്പോള്‍ വിരല്‍ അറ്റം കറുക്കുക ഇല്ലേ ? അങ്ങനെയാവാം .. ഉരുള കിഴങ്ങിനും അങ്ങനെ വല്ല നിറവ്യത്യാസം വരുത്തുന്ന സ്വഭാവം കാണുമായിരിക്കും .


ചുമ്മാ അങ്ങനെ തള്ളി കളഞ്ഞിട്ടു , കൈ ഒന്ന് കൂടെ സോപ്പ് ഇട്ടു കഴുകി വൃത്തിയാക്കി ഓഫീസിലേക്ക് ഇറങ്ങി . പിന്നെ കൈവിരല്‍ ശ്രദ്ധയില്‍ പെട്ടത് , ഓഫീസില്‍ വന്നു ഏതാണ്ട് 11 മണിയോടെ ആണ് , രാവിലെ കണ്ടതിനേക്കാളും കൈവിരലുകള്‍ നീലിച്ചിരിക്കുന്നു !! മോതിരം കിടക്കുന്ന സ്ഥലം വരെ ഉണ്ട് . ചെയ് , ഇതെന്തു മാരണം , എന്ന് മനസ്സില്‍ ഓര്‍ത്തു .

ഉടനെ തന്നെ ന്യായവും കണ്ടെത്തി . എന്റെ പ്രിന്റെരിന്റെ ഔട്പുട്ട് ചെറുതായിട്ട് മഷി പടര്‍ന്ന്നാണ് കിട്ടുന്നത് . ടോണെര്‍ മാറ്റാന്‍ സമയമായെന്ന് തോന്നുന്നു . രാവിലെയുള്ള തിരക്കില്‍ പല papers പല പ്രാവശ്യം കൈ മറിഞ്ജിട്ടുണ്ട് . അപ്പൊ അതിലെ മഷി കൈയ്യില്‍ പുരണ്ടതാവാം എന്ന് ആശ്വസിച്ചു . ചായ കുടിക്കുന്നതിനു മുന്‍പേ പോയി കൈ കഴുകി സീറ്റില്‍ തിരിച്ചു വന്നു . ഇടത്തേ കൈവിരലുകള്‍ക്ക് മാത്രമേ നിറവ്യത്യാസം കണ്ടുള്ളൂ !!

സമയം ഉച്ചയാവാറായി . വീണ്ടും ശ്രദ്ധ അറിയാതെ കൈയിലേക്ക്‌ പോയി . ദ വീണ്ടും രാവിലെ കണ്ടതിനേക്കാളും കുറെ കൂടെ നീലിച്ചിരിക്കുന്നു ഇടത്തേ വിരലുകള്‍ . എന്നാല്‍ കൈത്തലത്തിലേക്ക് അത് പടര്‍ന്നിട്ടുമില്ല !! ഇപ്പൊ അറിയാതെ മനസ്സില്‍ ഒരു ഭയം ഉണ്ടായി . എന്താണാവോ ഇത് ?വിരലുകളില്‍ പയ്യെ അമര്‍ത്തി നോക്കി . ഹേ , വേദന ഒന്നും ഇല്ല . മരവിപ്പ് ? അതും ഇല്ല . പിന്നെന്തേ ഇങ്ങനെ ? ഇനി തൊലി എങ്ങാന്‍ പൊളിയുമോ?

അടുത്തിരുന്ന ആളെ കാണിച്ചു , യ്യോ ഇതെന്താ , carbon പുരണ്ടതാവും മാഡം ..എന്ന ആശ്വസിപ്പിക്കലും കേട്ടു. ആരോടും പറയാന്‍ പോയില്ല , രാവിലെ മുതല്‍ കാണുന്നതാണ് എന്ന കാര്യം. . ഊണ് കഴിക്കുന്നതിനു മുന്നേ liquid ക്ലീനെര്‍ ഉപയോഗിച്ച് കൈ വൃത്തിയായി കഴുകി . കഴുകുമ്പോള്‍ അങ്ങനെ നിറം അധികം പോവുന്നും ഇല്ല . അദ്ദേഹത്തിനെ വിളിച്ചു പറയണോ എന്ന് ആലോചിച്ചു . വേണ്ട , പാവം , എന്തായാലും അറിയിക്കണ്ട , വീട്ടില്‍ വരുമ്പോള്‍ കാണിക്കാലോ .

ഉച്ചക്ക് ഊണ് കഴിച്ചു കൈ കഴുകി കഴിഞ്ഞു , വീണ്ടും വൈകുന്നേരം ആയപ്പോഴും സ്ഥിതി തഥൈവ . ഇടത്തേ കൈയിലെ വിരലുകള്‍ , നീലിച്ചു ഇരുണ്ടിരിക്കുന്നു . മനസ്സില്‍ ചെറിയ ഭീതിയോടെ , ഞാന്‍ ഓഫീസില്‍ നിന്നും ഇറങ്ങി ..ബസില്‍ ഇരിക്കുമ്പോഴൊക്കെ കറുപ്പ് കളര്‍ കൂടുന്നതല്ലാതെ കുറയുന്നുമില്ല . ആഹ് , എന്തെങ്കിലും ആകട്ടെ , എന്തായാലും വേദനയോ മരവിപ്പോ ഒന്നുമില്ല .

വന്ന ഉടന്‍ കൈ കഴുകി , കാപ്പി കുടിച്ചു .. കുളിക്കാന്‍ സാരി മാറുമ്പോള്‍ ആണ് പെട്ടെന്ന് എന്റെ തലയിലെ ബള്‍ബ്‌ കത്തിയത് ..സംശയ നിവൃത്തിക്കായി ഞാന്‍ ഉടുത്തിരുന്ന കടും നീല സാരിയിലേക്ക് വീണ്ടും വീണ്ടും എന്റെ കൈ ഓടിച്ചു നോക്കി . ഹി ഹി . ദ വീണ്ടും കൈവിരലിന്റെ അറ്റത്തു ചെറുതായി നീല കലര്‍ന്ന കറുപ്പ് നിറം പടരുന്നു ...!!!

എന്റെ പുതിയ ഉജാല നിറമുള്ള നീല സാരി ഒപ്പിച്ച പണിയേ ...:-)

Sunday, June 6, 2010

ഒരു നിമിഷത്തിന്റെ വില

ഒരു നിമിഷം കൊണ്ട് ജീവിതത്തില്‍ എന്തെല്ലാം സംഭവിക്കാം ?എനിക്കിപ്പോള്‍ അങ്ങനെ ചിന്തിക്കാതെ ഇരിക്കാന്‍ വയ്യ .


കുട്ടികള്‍ക്ക് vacation ആയതു കൊണ്ട് ചങ്ങനാശ്ശേരി ലെ ഒരു ബന്ധു വീട്ടില്‍ കല്യാണത്തിന് പോയപ്പോള്‍ ഞങ്ങള്‍ എല്ലാവരെയും കൂടെ കൂട്ടി .. ഒരു നീണ്ട യാത്രയുടെ ത്രില്ലില്‍ ആയിരുന്നു എല്ലാവരും .

ഞങ്ങള്‍ എറണാകുളത്തു നിന്ന് ആലപ്പുഴ വഴി ആണ് പോയത് . ആദ്യമായിട്ടാണ് ഞാന്‍ കുട്ടനാട് കാണുന്നത് . നിറയെ പാടങ്ങളും , താറാവുകളും , കെട്ടുവള്ളങ്ങളും പുതിയ കാഴ്ച തന്നെ ആയിരുന്നു . കല്യാണം ഒക്കെ ഭംഗി ആയി കഴിഞ്ഞു ഞങ്ങള്‍ ഏതാണ്ട് മൂന്നു മണിയോടെ മടക്ക യാത്ര തുടങ്ങി .




അദ്ദേഹമാണ് വണ്ടി ഓടിച്ചിരുന്നത് . എന്റെ കുട്ടികളും അദ്ധേഹത്തിന്റെ ചേച്ചിയും കൂടെ ഉണ്ട് . അവരാണ് പുറകിലെ സീറ്റില്‍ ഇരുന്നിരുന്നത് .കാറില്‍ പഴയ മലയാളം പാട്ടുകള്‍ വെച്ചിട്ടുണ്ട് . അങ്ങനെ ഞങ്ങള്‍ മാരാരിക്കുളം എന്ന സ്ഥലത്ത് എത്തി . ഞായറാഴ്ച ആയതു കൊണ്ട് റോഡില്‍ വലിയ തിരക്കൊന്നും ഇല്ല . വഴിയില്‍ ഇരുവശവും വാക മരങ്ങള്‍ പൂത്ത്‌ നില്‍ക്കുന്നു .



മുന്‍വശത്തെ സീറ്റില്‍ ഇരിക്കുന്ന ഞാന്‍ ഒരിക്കലും യാത്രയുടെ ഇടയില്‍ ഉറങ്ങാറില്ല . എന്തെങ്കിലും ഒക്കെ നമ്മുടെ ആളോട് സംസാരിച്ചു കൊണ്ടിരിക്കാരാന് പതിവ് . പാട്ട് കേട്ട് സ്ടീയരിംഗ് വീലില്‍ താളം പിടിച്ചു കൊണ്ടാണ് അദ്ദേഹം വണ്ടി ഓടിക്കുന്നത് . എല്ലാവര്ക്കും തന്നെ ഉറക്കം വരുന്നുണ്ട് ..



പെട്ടെന്നാണ് എതിര്‍ വശത്ത് നിന്നും ഇളം നീല നിറമുള്ള ഒരു കാര്‍ മറ്റൊരു കാറിനെ ഓവര്‍ടേക്ക് ചെയ്തു വരുന്നത് കണ്ടത് . റോഡില്‍ ധാരാളം സ്ഥലം ഉണ്ട് . ഞങ്ങള്‍ അല്പം സൈഡ് ഒതുങ്ങി പോയാല്‍ മാത്രം മതി . അതിനു പകരം ഞാന്‍ നോക്കുമ്പോള്‍ ഞങ്ങളുടെ കാര്‍ നേരെ വരുന്ന കാറിന്റെ മുന്‍പിലേക്ക് തന്നെ പോവുകയാണ് ...ഒരു നിമിഷം ഞാന്‍ ഉറക്കെ ഒച്ച വെച്ച് കൊണ്ട് പുള്ളിയുടെ കൈക്കിട്ടു ഒരു തട്ട് കൊടുത്തു . ചേച്ചിയും ബഹളം വെച്ചു . കുട്ടികള്‍ മയക്കത്തില്‍ ആയിരുന്നു.



പുള്ളി കണ്ണും തുറന്നു വെച്ച് കൊണ്ട് ഉറങ്ങി പോയതാണ് ...പെട്ടെന്ന് വണ്ടി വേഗം ഇടതു വശത്തേക്ക് വെട്ടിച്ചു , അത് പോലെ തന്നെ എതിരെ വന്ന വണ്ടി വലതു വശത്തേക്കും . ഭാഗ്യത്തിന് ഞങ്ങളുടെ പുറകെ ഇടതു വശം ചേര്‍ന്ന് മറ്റു വണ്ടിയൊന്നും വരുന്നുണ്ടായിരുന്നില്ല !!! എല്ലാം ഒരു ഞൊടിയിടയില്‍ കഴിഞ്ഞു . ആര്‍ക്കും ആര്‍ക്കും ഒന്നും സംഭവിച്ചില്ല . ഇതിനകം കുട്ടികള്‍ രണ്ടും ഞെട്ടി ഉണര്‍ന്നിരുന്നു.പെട്ടെന്നുള്ള ഷോക്ക്‌ കാരണം ആരും ഒന്നും മിണ്ടിയില്ല.



ഇത്രയും നാള്‍ കാര്‍ കൊണ്ട് നടന്നിട്ടും പുള്ളിക്കാരന് ഇങ്ങനെ ഒരു അബദ്ധം പറ്റിയിട്ടില്ല . പിന്നെ ഞങ്ങള്‍ വണ്ടി നിറുത്തി , ഞാന്‍ സ്ഥലം ഒന്ന് ശരിക്കും ശ്രദ്ധിച്ചു . മാരാരിക്കുളം federal ബാങ്ക് ATM ന്റെ മുന്‍പില്‍ വെച്ച് ആണ് സംഭവം . അവിടെ നിന്ന് വെള്ളം വാങ്ങി മുഖം ഒക്കെ കഴുകി , വീണ്ടും യാത്ര തുടര്‍ന്ന് . ഉറക്കം വന്നപ്പോള്‍ വണ്ടി നിറുത്തി സ്ടീയരിംഗ് എനിക്കോ ചേച്ചിക്കോ തന്നാല്‍ മതിയായിരുന്നു . പക്ഷെ ഇതൊക്കെ വീണ്ടു വിചാരങ്ങള്‍ അല്ലെ ? ഇങ്ങനെ ഒന്നും പിന്നീട് ചിന്തിക്കാന്‍ സാധാരണ ഈശ്വരന്‍ അവസരം കൊടുക്കാറില്ല .



വണ്ടിയില്‍ വെച്ച് പിന്നെ ഞങ്ങള്‍ ആരും തന്നെ ഈ കാര്യം സംസാരിച്ചില്ല . കാരണം , സംഭവിക്കാന്‍ പോയതിന്റെ ഭയാനകത പറഞ്ഞു കുട്ടികളെ കൂടി പേടിപ്പിക്കണ്ടല്ലോ.





തിരിച്ചു വീട്ടില്‍ വന്നപ്പോ എന്നോട് പറഞ്ഞു , ഒരു 5 മിനിറ്റ് മുന്നേ തന്നെ പുള്ളിക്കാരന് ഉറക്കം വരുന്നുണ്ടായിരുന്നു . വഴിയില്‍ വെള്ളം ഉള്ള കട നോക്കി കൊണ്ടാണ് ഓടിച്ചതത്രേ . വണ്ടിയില്‍ ഞങ്ങള്‍ കരുതിയിരുന്ന വെള്ളം മുഴുവന്‍ എടുത്തു എല്ലാവരും കൂടി ഞങ്ങളുടെ കാറില്‍ വെച്ചായിരുന്നു കല്യാണം ആഘോഷിക്കാന്‍ രണ്ടെണ്ണം വിട്ടത് . രാവിലത്തെ ഡ്രൈവിംഗ് ഉം , ഉച്ചക്കത്തെ ഹെവി ലഞ്ചും , അതിന്റെ കൂടെ സന്തോഷത്തിനു രണ്ടെണ്ണം വിട്ടതും കൂടി ആയപ്പോഴാണ് വണ്ടി പാളിയത് . ഇനി ഒരിക്കലും ഇങ്ങനെ സംഭവിക്കില്ല . പെട്ടെന്നുള്ള എന്റെ ബഹളം കേട്ടാണ് ഉണര്‍ന്നത് , ആകെ ഒരു നിമിഷമേ ശ്രദ്ധ പാളി പോയുള്ളൂ ...അങ്ങനെ അങ്ങനെ പറഞ്ഞു പറഞ്ഞു സങ്കടപ്പെടുന്നുണ്ടായിരുന്നു .



പക്ഷെ എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ പിന്നെ ആരുടേയും പൊടി കിട്ടുമായിരുന്നില്ല . എതിരെ വരുന്ന വണ്ടിയുമായുള്ള കൂട്ടിയിടി ആയതു കൊണ്ട് അതിന്റെ impact വളരെ വലുതാകും . എല്ലാവര്ക്കും രാധയുടെയും കുടുംബത്തിന്റെയും പടം പത്രത്തില്‍ കാണാമായിരുന്നു !!! :-)



ഇത്രക്കല്ലെയുള്ളൂ നമ്മള്‍ കെട്ടി പടുത്തതെല്ലാം ? അറിയില്ല , എന്തോ ദൈവാനുഗ്രഹം ഉണ്ട് , അത് ഞങ്ങള്‍ക്കോ അതോ എതിരെ വന്ന കാറില്‍ ഉണ്ടായിരുന്നവര്‍ക്കോ എന്നറിയില്ല . ഇനിയും എന്തെങ്കിലും ഒക്കെ കാര്യങ്ങള്‍ എനിക്ക് ഇവിടെ ചെയ്തു തീര്‍ക്കാന്‍ ബാക്കി വെച്ച് കാണും ഈശ്വരന്‍ ..അല്ലെങ്കില്‍ നിങ്ങളോടെല്ലാം വന്നു ഈ സംഭവം പറയണം എന്നുണ്ടാവും .



അത് കൊണ്ട് എന്റെ കൂട്ടുകാര്‍ വണ്ടിയോടിക്കുമ്പോള്‍ ഇങ്ങനെ ഒരു അബദ്ധം വരാതെ നോക്കണം കേട്ടോ . ഒരു നിമിഷം കൊണ്ട് എത്രയോ പേരുടെ എന്തെല്ലാം സ്വപ്‌നങ്ങള്‍ തകര്‍ന്നേനെ .......എല്ലാവരും ഒരുമിച്ചങ്ങോട്ടു പോയിരുന്നെങ്കില്‍ സങ്കടമില്ലായിരുന്നു , ആരേലും ബാക്കി വന്നാല്‍ ....?



മനസ്സില്‍ ഓര്‍ക്കാന്‍ തീരെ ഇഷ്ടപ്പെടാത്ത ഒരു സബ്ജെകട്മായിട്ടാണ് ഞാന്‍ തിരിച്ചു വന്നിരിക്കുന്നത് . എല്ലാവരും പൊറുക്കുക . ഈ പോസ്റ്റ്‌ ഒരു മുന്‍കരുതല്‍ എടുക്കാന്‍ ആരെ എങ്കിലും സഹായിക്കുമെങ്കില്‍ എന്ന് ആശിച്ചു കൊണ്ട് ...


സസ്നേഹം ,


രാധ .