Saturday, March 27, 2010

എ ഷോര്‍ട്ട് ബ്രേക്ക്‌

ഓഫീസിലെ അക്കൗണ്ട്‌ സ് ക്ലോസിംഗ് തിരക്കുകളിലേക്ക് ഞാന്‍ താണു കൊണ്ടിരിക്കുന്നു . ഇത് വഴി ഇനിയും ഒരു പത്തു പതിനഞ്ചു ദിവസം കഴിഞ്ഞേ വരാന്‍ പറ്റൂ ..അത് വരേയ്ക്കും
എന്റെ പ്രിയപ്പെട്ട ബ്ലോഗ്‌ പൊടി പിടിച്ചു കിടക്കാതെ ഇരിക്കാന്‍ വേണ്ടി ഇതാ ഒരു പോസ്റ്റ്‌ ....

കടപ്പാട് ഇ -മെയില്‍ ആയിട്ട് ഇത് അയച്ചു തന്ന സുഹൃത്തിനോട്‌ . അപ്പൊ എല്ലാം പറഞ്ഞത് പോലെ ....

സസ്നേഹം
രാധ .

ചില ഇംഗ്ലീഷ് പഴമോഴികളും അവയുടെ മലയാള പരിഭാഷയും..!!

All is well that ends well.
കിണറ്റിലെ ഓളങ്ങള്‍ കിണറ്റിനുള്ളില്‍ ആരംഭിച്ചു അതിനുള്ളില്‍ തന്നെ അവസാനിക്കുന്നു.

A cat has nine lives.
ഒരു പൂച്ചക്ക് ഒരേ സമയം ഒന്‍പതു ലൈവ് ഷോയില്‍ പങ്കെടുക്കാന്‍ പറ്റും.


A good conscience is a soft pillow.
നല്ല ബോധമുള്ളവര്‍ മൃദുവായ തലയിണകളെ ഉപയോഗിക്കൂ.


A man can die but once.
നല്ല ആണുങ്ങള്‍ ഒരു തവണ മാത്രമേ മുടി ഡൈ ചെയ്യാറുള്ളൂ.


Be swift to hear, slow to speak.
മാരുതി സ്വിഫ്റിനുള്ളില്‍ ഇരുന്നു പതുക്കെ സംസാരിച്ചാലും കേള്‍ക്കാം.

Charity begins at home.
ചാരി നില്‍ക്കുന്ന സ്വഭാവം വീട്ടില്‍ നിന്നും തുടങ്ങുന്നതാണ്.


Clothes don't make the man.
തുണിയൊന്നും ആണുങ്ങള്‍ ഉണ്ടാക്കുന്നതല്ല.

Good and quickly seldom meet.
നല്ല ഇറച്ചി വളരെ വേഗം വിറ്റു പോവും.

However long the night, the dawn will break.
രാത്രിയില്‍ എത്ര ദൂരത്തിലുള്ള യാത്രയായാലും ശരി, ടൌണില്‍ എത്തുമ്പോള്‍ ബ്രേക്ക്‌ ഇടണം.


Least said soonest mended.
അധികം സംസാരിക്കാത്തവര്‍ക്ക് വേഗം ഭ്രാന്തു പിടിക്കും .

Many hands make light work
ലൈറ്റ് നിര്‍മാണ മേഖലയില്‍ ഒത്തിരി ആളുകള്‍ ജോലി ചെയ്യുന്നുണ്ട്.


Nobody is perfect.
ഒരുത്തിയുടെയും ശരീരം പെര്‍ഫെക്റ്റ്‌ അല്ല.



No smoke without fire.
തീപ്പെട്ടി ഇല്ലെങ്കില്‍ പുക വലിക്കാന്‍ പോകരുത് .

One father is more than a hundred school masters.
100 മാഷുമാര്ക്ക് ഒരു പള്ളീലച്ചന്‍ തന്നെ അധികമാണ്.


Opportunity seldom knocks twice.
അവസരം കിട്ടിയാല്‍ രണ്ടു തവണ എങ്കിലും മുട്ടി നോക്കണം.


Union is strength.
യുണിയന്‍കാര്‍ക്ക് ഭയങ്കര ശക്തിയാണ്.

Monday, March 8, 2010

നടത്തം

'എഴുന്നേല്‍ക്കൂ..' അദ്ദേഹം കുലുക്കി വിളിച്ചു.
'ഉം''ഉം. ഒരു 5 മിനിട്ട് കൂടി..' വീണ്ടും പുതപ്പിനുള്ളിലേക്ക് ചുരുണ്ട് കൂടുമ്പോള്‍ പറഞ്ഞു.
'എഴുന്നേല്‍ക്ക്..നീ ഇന്നലെ വാക്ക് തന്നതല്ലേ? സമയം 5 ആവാറായി' കണ്ണും തിരുമ്മി എഴുന്നേറ്റു മൊബൈലില്‍ നോക്കി. സമയം വെളുപ്പിന് 4. 50 . ശ്ശൊ കൊറച്ചു നേരം കൂടി കിടന്നുറങ്ങാന്‍ പറ്റിയിരുന്നെങ്കില്‍..രാവിലെ കിടന്നുറങ്ങാന്‍ എന്ത് സുഖം ആണ്..കാലത്ത് 8 .30 ക്ക് ഓഫീസില്‍ പോവുന്നത് തന്നെ തല്ലി പെടച്ചാണ്. ഇനി നടപ്പും കഴിഞ്ഞു വന്നു...


രണ്ടാഴ്ച മുന്പ് ആലോചിച്ചു തുടങ്ങിയ ഒരു സംരംഭത്തിന്റെ തുടക്കമാണ് ഇന്ന്. കുറെ ദിവസങ്ങള്‍ക്കു മുന്‍പ് 45 ഇല്‍ എത്തിയ അദ്ദേഹത്തിനെ കമ്പനി ഡോക്ടര്‍ ചെക്ക്‌ അപ്പ്‌ ചെയ്തപ്പോള്‍ കൊളസ്ട്രോള്‍ ന്റെ വക്കത്താണ് അദ്ദേഹം എന്ന കണ്ടു പിടിത്തം നടത്തി. മരുന്നുകള്‍ ഒന്നും വേണ്ട രാവിലെ എഴുന്നേറ്റു നടന്നാല്‍ മതി എന്ന ഉപദേശവും തന്നു. അപ്പോള്‍ തന്നെ അദ്ദേഹം declare ചെയ്തു. എന്നെ നടക്കാന്‍ പോവാന്‍ ഒന്നും കിട്ടില്ല, വേണമെങ്കില്‍ കളിയ്ക്കാന്‍ പോവാമെന്നു. പണ്ടേ നല്ല ഒരു സ്പോര്‍ട്സ് മാന്‍ ആണ് അദ്ദേഹം.

അങ്ങനെ എന്നും രാവിലെ 5 മണിക്ക് എണീറ്റ്‌, എന്നെ ശല്യപ്പെടുത്താതെ തനിയെ കാപ്പിയുണ്ടാക്കി കുടിച്ചു shuttle കളിയ്ക്കാന്‍ ക്ലബ്ബില്‍ പോയി തുടങ്ങി. തിരിച്ചു വിയര്‍ത്തു കുളിച്ചു 7 മണിയോടെ വരുമ്പോള്‍ നല്ല ഒരു കാപ്പി ഇട്ടു കൊടുത്താല്‍ എന്റെ ഡ്യൂട്ടി കഴിഞ്ഞു.

രണ്ടു മാസങ്ങള്‍ അങ്ങനെ പോയി. വയറു ചാടിയതൊക്കെ കുറഞ്ഞു, കൂട്ടത്തില്‍ കൊളസ്ട്രോള്‍ ഉം കുറഞ്ഞു. അതിനിടയില്‍ കളിയുടെ വാശിയും വീറും കൂടി ക്ലബ്ബില്‍ ടീം സ്പിരിറ്റ്‌ ഒക്കെ ആയി. exercise നു വേണ്ടി കളിയ്ക്കാന്‍ പോയ ആള്‍ ജയിച്ചിട്ടേ മടങ്ങി വരൂ എന്നായി വാശി. അങ്ങനെ കളിച്ചു ഒരിക്കെകാല്‍ ഉളുക്കി കളിക്കുമ്പോള്‍ നീരും വെച്ചു . അപ്പൊ പിന്നെ കളിക്കണ്ട എന്ന് ഡോക്ടര്‍ പറഞ്ഞു. അതോടെ വീണ്ടും ഉറക്കത്തിലേക്കു മടങ്ങി.

കൊളസ്ട്രോള്‍ കുറക്കാന്‍ നടക്കണം എന്ന് ഡോക്ടര്‍ പറഞ്ഞത് എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. ഇദ്ദേഹത്തിനെ ഇനി നടത്താന്‍ എന്താണ് മാര്‍ഗം? അതിനിടെ 58 ഇല്‍ ഒരു വിധം പിടിച്ചു നിറുത്തിയ എന്റെ വണ്ണം 60 ലേക്ക് ചാടാന്‍ തുടങ്ങി. ഉടനെ തന്നെ, എന്റെ വണ്ണം കുറക്കാന്‍ ദിവസവും രാവിലെ നടന്നാല്‍ മതിയായിരുന്നു എന്ന് അദ്ദേഹം കേള്‍ക്കെ കമന്റും പാസ്സാക്കി ഞാന്‍ മിണ്ടാതെ ഇരുന്നു.

ഒരാഴ്ച കഴിഞ്ഞപ്പോള്‍ റിസള്‍ട്ട്‌ കിട്ടി. നീ രാവിലെ നടക്കണം എന്ന ആവശ്യം അദ്ദേഹം പറഞ്ഞു തുടങ്ങി. എനിക്ക് അസുഖങ്ങള്‍ ഒന്നുമില്ല പിന്നെ എന്തിനു നടക്കണം, എനിക്ക് രാവിലെ ഉറങ്ങിയാല്‍ മതി എന്ന ഭാവത്തില്‍ ഞാന്‍ നടന്നു. എനിക്കറിയാം ഒരു കാര്യം (നല്ലതെന്ന് അദ്ദേഹത്തിനു തോന്നുന്നത്) ഞാന്‍ മൈന്‍ഡ് ചെയ്യാതെ നടന്നാല്‍ എന്നെ കൊണ്ട് അത് ചെയ്യിച്ചേ അടങ്ങൂ എന്ന വാശിയുള്ള കൂട്ടത്തില്‍ ആണ്.

കഴിഞ്ഞ ആഴ്ച മുഴുവന്‍ ദിവസവും രാത്രി എന്നോട് പറയും, നേരത്തെ അലാറം വെക്കൂ, നാളെ മുതല്‍ നടക്കാന്‍ പോവാം എന്ന്.. ഞാന്‍ ശരി എന്ന് പറയും, എന്നിട്ട് പതിവ് പോലെ തന്നെ 6 നു അലാറം വെക്കും, ഓഫീസില്‍ പോവും. എങ്കിലേ വാശി കൂടൂ എന്നറിയാം. ആവശ്യം പരിഭവം ആയി, പരാതി ആയി, പിന്നെ വഴക്കായി നീണ്ടപ്പോള്‍ ഞാന്‍ തീരുമാനിച്ചു, ഇനി സമയമായി നടപ്പ് തുടങ്ങാന്‍ എന്ന്.

അങ്ങനെ ഇന്ന് രാവിലെ 5 .10 നു ഞങ്ങള്‍ ആദ്യമായി നടപ്പ് തുടങ്ങിയ വിവരം അറിയിക്കുന്നു. തിരിച്ചു 6 .15 നു വിജയകരമായി നടപ്പ് പൂര്‍ത്തിയാക്കി. കുംഭ മാസത്തിലെ ചൂട് സഹിക്കാന്‍ പറ്റുന്നില്ല എങ്കിലും, എന്റെ ആരോഗ്യത്തിനായി അദ്ദേഹവും, അദ്ധേഹത്തിന്റെ ആരോഗ്യത്തിനായി ഞാനും നടപ്പ് തുടരും എന്ന് ഉറപ്പു തരുന്നു...

:-)

Tuesday, February 16, 2010

ഒരു പ്രണയ കഥ


രാവിലെ ഓഫീസില്‍ വന്നു സ്റെല്ല പതിവ് പോലെ , ആദ്യം ഇമെയില്‍ ചെക്ക്‌ ചെയ്തു . അന്ന് ചെയ്യേണ്ട വര്‍ക്ക്‌ assignments ന്റെ കൂട്ടത്തില്‍ പണ്ട് കൂടെ വര്‍ക്ക്‌ ചെയ്തിരുന്ന ഫ്രണ്ട് ന്റെ ഇമെയില്‍ വന്നു കിടപ്പുണ്ട് . 'ഹാപ്പി വാലന്‍ന്റൈന്‍ 's ഡേ '. ഓ , അപ്പോഴാണ്‌ ഓര്‍ത്തത്‌ , ഇന്ന് ഫെബ്രുവരി 14. പ്രണയ ദിനം . എന്നും പ്രണയിക്കേണ്ട ദിനങ്ങള്‍ ആകേണ്ടതിന് പകരം എന്തിനാ ഒരു ദിവസം മാത്രം പ്രണയത്തിനു വേണ്ടി ?

എന്താണാവോ പ്രേമന്‍ എഴുതിയിരിക്കുന്നത് ? ഒരു ചെറു ചിരിയോടെ തുറന്നു നോക്കി .കമ്പന്യില്‍ നിന്ന് resign ചെയ്തു ജെര്‍മനിയില്‍ കുടുംബസമേതം താമസം തുടങ്ങിയിട്ട്‌ ഇപ്പോള്‍ 5 കൊല്ലം കഴിഞ്ഞു . ഭാര്യ അവിടെ ഹോസ്പിറ്റലില്‍ ഡോക്ടര്‍ ആണ്. കുട്ടികളും അവിടെ പഠിക്കുന്നു . ഇടയ്ക്കു വല്ലപ്പോളും നാട്ടില്‍ വരുമ്പോള്‍ വിളിക്കാറുണ്ട് , ഇടക്കൊക്കെ മെയിലും അയക്കാറുണ്ട് . ഓഫീസുകള്‍ മാറി മറിഞ്ഞു ജോലി ചെയ്തെങ്കിലും ഇത് വരെ മുറിഞ്ഞു പോവാത്ത ഒരു പഴയ സൗഹൃദം .

വളരെ പ്ലൈന്‍ ആയിട്ട് ഒരു വാലന്‍ന്റൈന്‍ ഡേ വിഷ് , അതിനു താഴെ കൊടുത്തിരുന്നു , പ്രിയപ്പെട്ട സ്റെല്ലക്ക് , പണ്ട് നമ്മള്‍ ഒരുമിച്ചുണ്ടായിരുന്നപ്പോള്‍ ഈ വാലന്‍ന്റൈന്‍ ഡേ ഒന്നും ഉണ്ടായിരുന്നില്ലെല്ലോ എന്നോര്‍ത്തിട്ട് സങ്കടം വരുന്നു എന്ന് . നിഗൂഡമായ മന്ദഹാസത്തോടെ തിരിച്ചും വിഷ് നേര്‍ന്നു കൊണ്ട് അവള്‍ എഴുതി . 'അന്ന് അങ്ങനെ ഒന്നും ഇല്ലാതെ ഇരുന്നത് നന്നായി . അത് കൊണ്ട് നമ്മള്‍ രക്ഷപ്പെട്ടു'.

അല്പം സമയങ്ങല്‍ക്കകം മറുപടി വന്നു . 'അന്നുണ്ടായിരുന്നെകില്‍ , മൈ വാലന്‍ന്റൈന്‍ വില്‍ ബി defenitely യു !!!' അതിശയത്തോടെ, അതിലേറെ നടുക്കത്തോടെ ആ കൊച്ചു ഇ -മെയില്‍ മെസ്സെജിലേക്ക് സ്റെല്ല നോക്കിയിരുന്നു . ദൈവമേ ഇത് പറയാന്‍ പ്രേമന്‍ 18 വര്ഷം എടുത്തു. കാരണവും അറിയാം . എങ്കിലും അവള്‍ എഴുതി . '18 വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോള്‍ എങ്കിലും പറഞ്ഞത് നന്നായി . അല്ലെങ്കില്‍ ഇത് കേള്‍ക്കാതെ ഞാന്‍ മരിച്ചു പോയേനെ ...പിന്നെ നമ്മുടെ ലൈഫ് ഇങ്ങനെ ഒക്കെ ആവും ദൈവം പ്ലാന്‍ ചെയ്തിരുന്നത് . അല്ലെങ്കില്‍ 'നമ്മുടെ ' കുട്ടികള്‍ക്ക് എന്ത് 'ജാതി ' ആയിരുന്നേനെ ആവൊ '?
അമാന്തിച്ചില്ല , ഉടന്‍ മറുപടി വന്നു 'അന്നും ജാതി പ്രശ്നം ഇല്ലായിരുന്നെങ്കില്‍ ഞാന്‍ പ്രൊപോസ് ചെയ്തേനെ , ഇന്നിപ്പോ തോന്നുന്നു , നമ്മുടെ കുട്ടികള്‍ ഒന്ന് ഹിന്ദുവും , ഒന്ന് ക്രിസ്ത്യാനിയും ആയേനെ എന്ന് . അന്ന് അങ്ങനെ ചിന്തിക്കാന്‍ കഴിഞ്ഞില്ല . 18 വര്ഷം എടുത്തു , ഞാന്‍ ഇത് പറയാന്‍ , എന്നാലും ഒരിക്കലും പറയാതെ ഇരിക്കുന്നതിലും നല്ലതാണല്ലോ വൈകി എങ്കിലും പറയുന്നത് .. ഇപ്പോള്‍ ഇത് പറഞ്ഞപ്പോള്‍ ഞാന്‍ എത്ര relaxed ആയി എന്നോ'.

കൂടെ വര്‍ക്ക്‌ ചെയ്തിരുന്ന നാളുകളില്‍ സാധാരണ അടുപ്പം മാത്രം കാണിച്ചു , നല്ല സുഹൃത്തുക്കളായി , പരസ്പരം കല്യാണങ്ങള്‍ക്കും പങ്കെടുത്തു പിരിഞ്ഞവര്‍ . അന്ന് ആ സൗഹൃദം പ്രണയ വഴികളില്‍ ചെന്ന് ചാടാതിരിക്കാന്‍ ബോധ പൂര്‍വ്വം രണ്ടു പേരും ശ്രമിച്ചിരുന്നു .എല്ലാം നല്ലതിനായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു . അന്ന് ഒരു പക്ഷെ പ്രേമന്‍ പ്രൊപോസ് ചെയ്തിരുന്നെങ്കില്‍ , താന്‍ ഒരിക്കലും അത് തള്ളി കളയുമായിരുന്നില്ല . പിന്നെ , രണ്ടു പേരുടെയും വീട്ടില്‍ പുകിലായേനെ . ഹിന്ദു -ക്രിസ്ത്യന്‍ കല്യാണത്തിന്റെ ന്യായമായ എതിര്‍പ്പുകള്‍ . അന്ന് വാലന്‍ന്റൈന്‍ ' s ഡേ ഇല്ലാതെ ഇരുന്നത് നന്നായി .ഇന്നിപ്പോള്‍ ഒന്നിനുമല്ലാതെ വെറുതെ പ്രണയിക്കാന്‍..അവള്‍ ഒരു ദീര്‍ഘ നിശ്വാസം വിട്ടു .

ഉള്ളില്‍ പൊന്തി വന്ന സന്തോഷം അടക്കി , ചെറു ചിരിയോടെ , ഫയലുകളുടെ ഇടയിലേക്ക് തല പൂഴ്ത്തുമ്പോള്‍ സ്റെല്ല വീണ്ടും തിരുത്തി ചിന്തിച്ചു , 'തീര്‍ച്ചയായും വാലന്‍ന്റൈന്‍ 's ഡേ വേണം . അങ്ങനെ ഒരു ദിവസം ഇല്ലായിരുന്നെങ്കില്‍ ഒരിക്കലും ഇപ്പോള്‍ കേട്ട പ്രണയ സന്ദേശം കേള്‍ക്കാന്‍ ആകുമായിരുന്നില്ല . പ്രണയം കാറ്റില്‍ ഒഴുകി നടക്കുന്ന ഫെബ്രുവരി മാസത്തിനു നന്ദി .
അവളുടെ മനസ്സ് അറിയാതെ , റഫീക്ക് അഹമ്മദിന്റെ പ്രണയ ഗാനം മൂളി ...

'വെറുതെ നീ എന്നെ സ്നേഹിച്ചിരുന്നെങ്കില്‍ ,
പ്രണയമുള്ളതായി ഭാവിച്ചിരുന്നെങ്കില്‍ ,
കഠിന കാലങ്ങളില്‍ ചുമലുകള്‍ ,
ഇത്രയേറെ കുനിഞ്ഞു പോവില്ല ,
കണ്ണുകളെ തലേ രാവിന്റെ കയ്പ്പ്
ഇത്രയേറെ കലക്കുകില്ല ..'

കുറിപ്പ് :
ഉള്ളിലെ പ്രണയം തുറന്നു പറയാന്‍ ആവാതെ വിങ്ങി പൊട്ടുന്ന ഹൃദയങ്ങള്‍ക്ക്‌ വേണ്ടി ഈ പ്രണയ കഥ സമര്‍പ്പിക്കുന്നു
..


Thursday, February 11, 2010

കൈ വിട്ടു പോയത്..

രാവിലെ ഓഫീസിലേക്ക് പോവുന്ന തിരക്കില്‍ ആണ് ശ്രദ്ധിച്ചത് . അദ്ദേഹം മകനെ വിളിച്ചു അടുത്ത് നിര്‍ത്തി തല്ലി തേങ്ങ (നാടന്‍ ബദാം ) പൊട്ടിച്ചു അതിനകത്ത് ഉള്ള സാധനം കാണിച്ചു കൊടുക്കുന്നത് . മകന്‍ ആണെങ്കില്‍ ഈ അത്ഭുത വസ്തുവിനെ അതിശയത്തോടെ നോക്കി നില്‍ക്കുന്നു !! മോനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല , അവന്‍ ആദ്യമായിട്ട് കാണുന്നതാണ് ഈ വസ്തു . അതും കാക്ക കനിഞ്ഞു കൊത്തി മുറ്റത്ത്‌ കൊണ്ട് വന്നിട്ടത് കൊണ്ട് . സത്യം പറഞ്ഞാല്‍ ഞാനും കൊറേ നാളായി ഒരു തല്ലി തേങ്ങ മുറ്റത്ത്‌ വീണു കിടക്കുന്നത് കണ്ടിട്ട് . ഇപ്പൊ അങ്ങനെ ഉള്ള നാട്ടു മരങ്ങളൊന്നും ഈ അടുത്ത സ്ഥലത്ത് ഇല്ല .

പണ്ട് മുറ്റത്തും , അടുത്ത വീടുകളിലെ പറമ്പിലും തെണ്ടി നടന്നു എന്തൊക്കെ തല്ലി പൊട്ടിച്ചു തിന്നിരിക്കുന്നു . എന്റെ വീട്ടില്‍ ഒരു പാട് പറമ്പ് ഉണ്ടായിരുന്നു . 5 മാവുകളും ഉണ്ടായിരുന്നു , 3 കുളങ്ങളും !! രാവിലെ എണീറ്റാല്‍ പറമ്പ് മുഴുവന്‍ തെണ്ടി നടക്കലായിരുന്നു പണി . എല്ലാ ദിവസവും കൃത്യമായി ചുറ്റി നടന്നു , ചെത്തിയുടെ കായ , അതിന്റെ പൂവിന്റെ തേന്‍ , വാഴകുടപ്പന്റെ തേന്‍ , ആഞ്ഞിലി ചക്കയുടെ കുരു , പറങ്കി അണ്ടി , പുളിങ്കുരു , തല്ലി തേങ്ങാ ഇതൊക്കെ പെറുക്കി എടുത്തു കൊണ്ട് വരും .

ഇന്ന് മക്കള്‍ക്ക്‌ വാഴ കുടപ്പന്റെ തേന്‍ കൊണ്ട് കൊടുത്താല്‍ പണ്ട് നമ്മളുടെ വായിലേക്ക് ആ ഒരു തുള്ളി മധുരം കിട്ടുമ്പോള്‍ ഉള്ള സന്തോഷം ഒന്നും മുഖത്ത് കാണാനില്ല . അവരുടെ വായ ഒക്കെ കിറ്റ്‌ കാറ്റ് ഉം , perk ഉം , ലെയ്സ് ഉം ഒക്കെ തിന്നു മുരടിച്ചു പോയി എന്നാണ് തോന്നുന്നത് !

കുളത്തിലെ ആമ്പല്‍ കായ പറിച്ചു തിന്നു , വായ മുഴുവന്‍ വയലെട്റ്റ്‌ കളര്‍ ആകും .മുറ്റത്ത്‌ കുത്തി ഇരുന്നു എത്ര മുത്തങ്ങാ പുല്ലുകള്‍ പറിച്ചു , അതിന്റെ അടിയിലെ കായ അങ്ങനെ തന്നെ കഴുകാതെ ഉടുപ്പില്‍ തുടച്ചു തിന്നിരിക്കുന്നു ! ചക്കയുടെ കാലം ആകുമ്പോള്‍ ചക്ക കുരു ചുട്ടു തിന്നല്‍ തുടങ്ങും . അന്നൊന്നും വയറിനു ഒരു കുഴപ്പവും ഉണ്ടായിട്ടില്ല , അമ്മ അതൊന്നും തിന്നാന്‍ പാടില്ല എന്ന് വിലക്കിയിട്ടും ഇല്ല . അല്ലെങ്കില്‍ തന്നെ അമ്മയോട് ചോദിച്ചിട്ട് ഒന്നുമല്ല ഇതൊക്കെ തിന്നുന്നതും , അമ്മക്ക് ഇതൊന്നും നോക്കി നടക്കാന്‍ നേരവും ഇല്ല !!

തൊട്ടടുത്ത പറമ്പിലെ കശുമാവ് ഉണ്ടായിരുന്നുള്ളൂ . പക്ഷെ അവിടുത്തെ കശുവണ്ടി മുഴുവന്‍ കാക്ക കൊത്തി മിക്കവാറും ഞങ്ങളുടെ പറമ്പിലാണ് ഇടുക . ഞങ്ങള്‍ക്ക് കൃത്യമായിട്ട്‌ അറിയാം , കാക്ക ഇതൊക്കെ എവിടെ ഒക്കെ വന്നിരുന്നാണ് തിന്നുന്നത് എന്ന് . അങ്ങനെ എല്ലാം കൂടെ പെറുക്കി ടിന്നില്‍ ഇട്ടു , ടിന്‍ നിറയുമ്പോള്‍ ചൂട്ടു കത്തിച്ചു കശുവണ്ടി ചുട്ടെടുക്കും . അടുപ്പില്‍ ഇടാന്‍ അമ്മ സമ്മതിക്കില്ല . പൊട്ടി തെറിക്കും . ചൂട്ടിന്റെ ചൂട് ഏല്‍ക്കുമ്പോള്‍ കശുവണ്ടികള്‍ തീ പിടിച്ചു ഓരോ വശത്തേക്കും ചീറ്റി ഓടും . ഈ കാഴ്ചകള്‍ ഒന്നും ഒരിക്കലും നമ്മുടെ കുട്ടികള്‍ അറിയില്ല .കശുവണ്ടി ചുന കൊണ്ട് കൈ പൊള്ളുന്നതും , തൊലി പോവുന്നതും ഒക്കെ സര്‍വ സാധാരണം .

ഞങ്ങളുടെ വടക്കേ അതിര്‍ത്തിയില്‍ ഒരു വലിയ കുടംപുളി മരം നിന്നിരുന്നു. മഴക്കാലത്ത്‌ അതില്‍ നിറയെ പുളി ഉണ്ടാകും. പഴുത്ത പുളി പൊളിച്ചു അതിന്റെ ഉള്ളിലെ മധുരമുള്ള കായ തിന്നാന്‍ നല്ല രസമാണ്. കാറ്റും മഴയും വരുമ്പോള്‍ പുളികള്‍ താഴെ വീഴും. മിക്കവയും താഴെ വീഴുമ്പോള്‍ തന്നെ പൊട്ടി ചിതറും. മഴ വക വെക്കാതെ ഓടി ചെന്ന് പെറുക്കി എടുത്തു എത്ര എണ്ണം തിന്നിരിക്കുന്നു!!

അടുത്തുള്ള ഒരു 4-5 വീടുകളില്‍ ഞാന്‍ സ്ഥിരം സന്ദര്‍ശക ആയിരുന്നു . ആ തൊടിയിലെയും പഴങ്ങളും , കായകളും എനിക്ക് സ്വന്തം . അന്നൊന്നും കെട്ടി അടച്ച gate കളോ , മതിലുകളോ ഇല്ല . അവിടെ അവിടെയായിട്ടു വേലികള്‍ മാത്രം കാണാം . അതും ഇല്ലാതെ ചെടികള്‍ അതിര്‍ത്തികളില്‍ വളര്‍ത്തി നിറുത്താരുണ്ട് . ആര്‍ക്കും എപ്പോഴും എവിടെയും കയറി ചെല്ലാം . Vacation ആയാല്‍ മുഴുവന്‍ നേരവും അയല്‍വക്കത്തെ പിള്ളേരുടെ കൂടെ കളിയാണ് . ശരിക്കും കളിച്ചു മടുത്തിട്ടുള്ള ദിവസങ്ങള്‍ ഉണ്ടായിട്ടുണ്ട് .

ഉണ്ണാന്‍ സമയം ആകുമ്പോള്‍ അമ്മ നീട്ടി വിളിക്കും . ഏതു പറമ്പില്‍ ആയാലും അവിടന്ന് വിളി കേള്‍ക്കും . ഓടി വന്നു ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ വീണ്ടും പുറപ്പെടും . കല്ല്‌ കൊത്താടല്‍ , സെറ്റ് കളി , ഒളിച്ചു കളി , നിലത്തു കളം വരച്ചു കളി , അങ്ങനെ എന്തെല്ലാം കളികള്‍ . വൈകിട്ട് മേല്കഴുകാന്‍ വരുമ്പോള്‍ ഉടുപ്പ് നിറച്ചും , കറയും ചെളിയും ആയിരിക്കും . ചിലപ്പോഴൊക്കെ തല്ലും കിട്ടാറുണ്ട് , അതൊക്കെ ആര് കാര്യം ആക്കുന്നു ? അടുത്ത ദിവസം വീണ്ടും ഇറങ്ങുകയായി .



ഊഞ്ഞാല്‍ ആടാന്‍ പണ്ടേ എനിക്കിഷ്ടം ആണ് . എത്ര മാവുന്ടെങ്കിലും വീട്ടില്‍ ഊഞ്ഞാല്‍ ഒന്നും കെട്ടിത്തരാറില്ല . അപ്പൊ പിന്നെ , കൈയ്യില്‍ കിട്ടിയ ചെറിയ കയര്‍ തപ്പി എടുത്തു , കൈ എത്താവുന്ന കമ്പില്‍ കെട്ടി , മടല് വെട്ടി ഇരിപ്പിടം ഉണ്ടാക്കി , വലിഞ്ഞു കയറി ഇരിക്കും . ഒന്ന് ആഞ്ഞു ആടി തുടങ്ങുമ്പോഴേക്കും , ഊഞ്ഞാല്‍ പൊട്ടി താഴെ വീഴും !! വീണ്ടും കൂട്ടി കെട്ടി പരിശ്രമം തുടരും ...ആ വീഴ്ചയില്‍ ചിലപ്പോ കൈമുട്ടോ കാല്മുട്ടോ പൊട്ടി തൊലി ഉരിയും . അന്ന് അങ്ങനെ കൈ മുട്ടോ കാല്‍ മുട്ടോ തൊലി ഉരിഞ്ഞു പൊട്ടാത്ത കുട്ടികള്‍ ഇല്ലായിരുന്നു എന്ന് തോന്നുന്നു .

അന്ന് കയറി ഇറങ്ങാത്ത മരങ്ങള്‍ ഇല്ല . പെണ്‍കുട്ടിയാണ് , മരം കയറരുത് , എന്നൊക്കെ വിലക്കിയാലും വലിഞ്ഞു കയറും . പരിസരത്തെ , പേര മരം , ചാമ്പ മരം നിത്യവും കേറി ഇറങ്ങുന്ന മരങ്ങളുടെ കൂട്ടത്തില്‍ പെടും . ഇന്നിപ്പോ എന്റെ മോള്‍ മരം കയറും . ഞാന്‍ നിരുല്സാഹപ്പെടുത്താന്‍ പോയില്ല . അവള്‍ gate ഇല്‍ ചവിട്ടി മതിലും ചാടും . ചേട്ടന്‍ ചെയ്യുന്നത് കണ്ടു പഠിക്കുന്നതോ , അതോ ഞങ്ങളുടെ ജീന്‍സ് ഉള്ളത് കൊണ്ടോ ആവാം .(പുള്ളിക്കാരനും ഇതിലൊന്നും മോശമല്ല ) ഇപ്പോഴല്ലേ ഇതൊക്കെ ചെയ്യാന്‍ പറ്റൂ .വലുതാകുമ്പോള്‍ താനേ കയറാതെ ആകും .

ഇന്നിപ്പോ ഞാന്‍ എന്റെ മോളെ അയല്‍വക്കത്തു കളിയ്ക്കാന്‍ വിടാറില്ല . അവള്‍ക്കു പോവണം എന്നും ഇല്ല . 30 -35 വര്‍ഷങ്ങള്‍ കൊണ്ട് കാലം ഒത്തിരി മാറി പോയി . നമ്മുടെ കുട്ടികള്‍ വല്ലാതെ ഒതുങ്ങി പോയിരിക്കുന്നു . കൊറേ ഒക്കെ ഉത്തരവാദികള്‍ നമ്മള്‍ തന്നെ ആണെന്നാണ് തോന്നുന്നത് . സ്കൂളില്‍ വിടുന്നത് വരെ ആയ . കുട്ടി ഒന്ന് മറിഞ്ഞു വീണു കൈയോ കാലോ ഉരഞ്ഞാല്‍ പിന്നെ ആയക്ക് സ്വൈര്യം ഇല്ല . അത് കൊണ്ട് തന്നെ ആയ കുട്ടിയെ അനങ്ങാനും തിരിയാനും സമ്മതിക്കില്ല . പിന്നെ സ്കൂളില്‍ പോവാന്‍ തുടങ്ങിയാല്‍ പഠിക്കാന്‍ ഉണ്ടെല്ലോ , ഒരു ചുമട് . പഠിച്ചു മിടുക്കനായാലല്ലേ എന്ട്രന്‍സ് എഴുതാന്‍ പറ്റൂ ?(ഞാനും പണ്ടത്തെ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ തന്നാ ഒന്നാം ക്ലാസ്സ്‌ മുതല്‍ പഠിച്ചത്. പക്ഷെ ഇന്നത്തെ പോലെ കളിയ്ക്കാന്‍ സമയം ഇല്ലാത്ത പഠിപ്പു ഒന്നും പഠിക്കേണ്ടി വന്നിട്ടില്ല!!) അങ്ങനെ അങ്ങനെ ....നമ്മള്‍ തന്നെ എല്ലാം മാറ്റി മറിച്ചു കൊണ്ടിരിക്കുന്നു ...ഞാന്‍ അടക്കം !!

Friday, January 22, 2010

ഇത് തട്ടിപ്പോ?

ഒരു ഒഴിവു ദിവസം. രാവിലെ തന്നെ ഗേറ്റ് ഇല്‍ ആരോ തട്ടുന്ന ശബ്ദം കേട്ടാണ് ഞങ്ങള്‍ നോക്കിയത്. ഒരു ചെറുപ്പക്കാരന്‍. തയ്യല്‍ മെഷീന്‍ നന്നാക്കാന്‍ ഉണ്ടോ എന്ന് ചോദ്യം. വീട്ടില്‍ ആണെങ്കില്‍ പൊടി പിടിച്ചു ഉപയോഗിക്കാതെ ആയിട്ട് ഇരിക്കുന്ന ഒരു മെഷീന്‍ ഉണ്ട്. എങ്കില്‍ അത് നന്നാക്കിയാലോ എന്ന് ഞങ്ങള്‍ രണ്ടു പേരുടെയും മനസ്സില്‍ തോന്നി. വല്ല തയ്യല്‍ വിട്ടതോ, കീറി പോയതോ ആയ കുട്ടികളുടെ ഡ്രസ്സ്‌ തയിക്കാലോ. പക്ഷെ ഇന്നത്തെ കാലം ആണ് വന്ന ആളെ എങ്ങനെ വിശ്വസിക്കാനാണ്. എന്തായാലും ആളെ കണ്ടിട്ട് പന്തികേട്‌ ഒന്നും തോന്നിയില്ല.



മെഷീന്‍ ആദ്യം അയാളെ കാണിച്ചു. ഇത് നന്നാക്കാന്‍ പറ്റുമോ എന്നറിയാലോ ആദ്യം. ഉഷ യുടെ Allure മോഡല്‍ ആണ്. ലൈറ്റ് ഒക്കെ ഉള്ളതാണ്. നന്നാക്കാം ഒന്ന് സര്‍വീസ് ചെയ്താല്‍ മതി എന്ന ഉറപ്പു കിട്ടിയപ്പോ മെഷീന്‍ എടുത്തു പുറത്തേക്കു വെച്ച് കൊടുത്തു. വീട്ടില്‍ കുട്ടികള്‍ക്ക് പണി ആയി. അവര്‍ അരികില്‍ കുത്തി ഇരുന്നു, ചേട്ടന്‍ എന്തൊക്കെയാ ചെയ്യുന്നത് എന്ന് ശ്രദ്ധിച്ചു കൊണ്ട്. അതിനിടക്ക് അദ്ദേഹം പേര് ചോദിച്ചു, പേര് സുരേഷ്, ഇവിടെ നിന്ന് അധികം അകലെ അല്ലാതെ താമസം, കല്യാണം കഴിച്ചതാണ്, ഒരു ചെറിയ കുട്ടിയുണ്ട്. വയസ്സ് ഏകദേശം 31 തോന്നിക്കും. ഞാന്‍ അടുക്കളയിലേക്കു മടങ്ങി.



കുറച്ചു കഴിഞ്ഞപ്പോള്‍ സുരേഷ് വന്നു പറഞ്ഞു, ഒരു 1250 രൂപ വേണം. മെഷീന്‍ പഴയ പോലെ ആക്കാന്‍. അതില്‍ 800 രൂപ മെഷീന്‍ ന്റെ കവര്‍ വാങ്ങാന്‍ ആണ്. അതിനുണ്ടായിരുന്ന കവര്‍ കേടായി പോയിരുന്നു. ബാക്കി രൂപ നന്നാക്കാനുള്ള സാധനങ്ങള്‍ വാങ്ങാന്‍ ആണ്. ഇതിനും പുറമേ അയാളുടെ സര്‍വീസ് ചാര്‍ജ് ആയിട്ട് 350 രൂപയും കൊടുത്താല്‍ തയ്യല്‍ മെഷീന്‍ കുട്ടപ്പന്‍ ആക്കിത്തരാം എന്ന്. എന്ത് വേണം എന്ന് ഞങ്ങള്‍ കൂട്ടായി ആലോചിച്ചു. അവസാനം 1600 രൂപ കൊടുത്താല്‍ മെഷീന്‍ നന്നാവുമല്ലോ . ഇതിപ്പോ ഇവിടെ വെറുതെ ഇരുന്നിട്ട് ഒരു കാര്യവും ഇല്ലെല്ലോ എന്ന ചിന്തയില്‍ സമ്മതിച്ചു.350 രൂപയല്ലേ ഈ പാവത്തിന് കിട്ടുന്നുള്ളൂ? ബാക്കിയൊക്കെ നമ്മുടെ തന്നെ സാധനം നന്നാക്കാന്‍ അല്ലെ?



പക്ഷെ അപ്പൊ തന്നെ ഞങ്ങള്‍ പൈസ കൊടുക്കണം എന്ന ആവശ്യം വന്നു. ബ്രോഡ്‌വേ ഇല്‍ പോയി സാധനം വാങ്ങിച്ചു കൊണ്ട് വരാം, വന്നിട്ട് പണി തുടങ്ങാം എന്ന്. ഞങ്ങള്‍ വീണ്ടും ചിന്താ കുഴപ്പത്തില്‍ ആയി. കാലം മോശമാണ്. ഇവന്‍ ഈ പൈസയും കൊണ്ട് മുങ്ങിയാല്‍ എന്ത് ചെയ്യാന്‍ ആണ്? ഞങ്ങള്‍ രണ്ടും ഇവനെ കൊറേ നേരം പഠിച്ചെങ്കിലും കൈയ്യില്‍ ഒരു കള്ളത്തരം ഉള്ളതായിട്ട് തോന്നിയില്ല.

എന്നെക്കാളും ഭൂത ദയ ഉള്ള ആളാണ്‌ എന്റെ ഭര്‍ത്താവ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ അങ്ങനെ കക്കാനാനെങ്കില്‍ ഇങ്ങനെ വീടുകള്‍ കേറി ഒരു ജോലിക്ക് വേണ്ടി നടക്കുമോ? ചുമ്മാ കട്ടാല്‍ പോരെ എന്നൊക്കെ? പണ്ടേ വീട്ടില്‍ വരുന്ന ഭിക്ഷക്കാരനേയും sales നു വരുന്ന ആളുകളെ ആരെയും വെറും കൈയ്യോടെ വിടാത്ത ആള്‍ ആണ്. വീട്ടില്‍ ആവശ്യമില്ലെങ്കിലും എന്തെങ്കിലും മേടിക്കും. അവരെ സഹായിക്കാന്‍ ആയിട്ട്. ഞാന്‍ ആണ് ഒട്ടും അടുപ്പിക്കാത്തത്. 'പാവങ്ങള്‍ കഷ്ട്ടപ്പെട്ടു വെയിലത്ത്‌ ഭാരവും ഒക്കെ തൂക്കി വരുന്നതല്ലേ' എന്ന നിലപാട് ആണ് കക്ഷിക്ക്.



കൂടുതല്‍ പറയണ്ടല്ലോ, ഞങ്ങള്‍ അവനു രൂപ കൊടുത്തു. അവന്റെ പണി സഞ്ചി വീട്ടില്‍ വെച്ചിട്ടാണ് പൈസയും കൊണ്ട് പോയത്. മൊബൈല്‍ നമ്പര്‍ ഉം ഞങ്ങള്‍ക്ക് തന്നു (മേടിച്ചു എന്ന് പറയുന്നതാണ് ശരി).പോയിട്ട് ഒരു രണ്ടു മണിക്കൂര്‍ ആയിട്ടും ആളെ കാണാതെ ആയപ്പോ ഞങ്ങള്‍ രണ്ടു പേരുടെയും ഉള്ളു ഒന്ന് പിടഞ്ഞു. ഇനി പറ്റിച്ചോ ആവോ? അദ്ദേഹം അവന്റെ പണി സഞ്ചി തുറന്നു നോക്കി. ഇനി അതിനകത്ത് വല്ല കല്ലും മറ്റോ ആണോ? എന്തായാലും അതില്‍ പാവത്തിന്റെ ടൂള്‍സ് ഒക്കെ തന്നെ ആയിരുന്നു. കുറെ നേരം കൂടെ കഴിഞ്ഞപ്പോള്‍ സുരേഷ് വന്നു. പണി തുടങ്ങി.

നേരം ഉച്ചയായി. ഊണ് കഴിക്കാന്‍ സമയമായപ്പോള്‍ ഞങ്ങള്‍ അവനെ ഉണ്ണാന്‍ വിളിച്ചു. പക്ഷെ പുള്ളി വളരെ സ്നേഹത്തോടെ തന്നെ അത് നിരസിച്ചു, ഒരു കുപ്പി തണുത്ത വെള്ളം മാത്രം വാങ്ങി കുടിച്ചു. ഏതാണ്ട് രണ്ടര മണി ആയപ്പോ പണി കഴിഞ്ഞു, അപ്പോഴാണ്‌ പറയുന്നത്, കൊണ്ട് വന്ന മെഷീന്‍ കവര്‍ കൃത്യം പാകം അല്ല, തന്നെയുമല്ല മെഷീന്‍ ന്റെ താഴെയുള്ള സ്റ്റീല്‍ പ്ലേറ്റ് കിട്ടിയില്ല, ബാക്കി എല്ലാം ഓക്കേ. അടുത്ത ദിവസം അത് പോയി മാറിയെടുത്തു ശരിയാക്കി തരാം എന്ന്. അതായത്, ഇപ്പൊ തയ്യല്‍ മെഷീന്‍ കണ്ടിഷന്‍ ആയി. വാങ്ങി കൊണ്ട് വന്ന മെഷീന്‍ ഓയിലും, ബോബിനും എല്ലാം ഞങ്ങളെ ഏല്‍പ്പിച്ചു യാത്ര പറയുകയാണ്‌. സര്‍വീസ് ചാര്‍ജ് 350 രൂപ ചോദിച്ചപ്പോ ഭര്‍ത്താവ് 100 രൂപ മാത്രേ കൊടുത്തുള്ളൂ. മുഴുവന്‍ വേണമെന്ന് അവനും.

അടുത്ത ദിവസം തന്നെ വന്നു ശരിയാക്കി തരാമെന്നു അവന്‍ ആണയിട്ടു പറഞ്ഞിട്ടും എന്തോ അദ്ദേഹം നൂറു രൂപയില്‍ തന്നെ ഉറച്ചു നിന്നു. നീ നാളെ വന്നു പണി മുഴുവനാക്കിയാല്‍ ഞാന്‍ ബാക്കി പൈസ തീര്‍ത്തു തരാം, അതല്ലേ അതിന്റെ ശരി എന്ന് തര്‍ക്കിച്ചു നിന്നു. ഞാന്‍ അങ്ങനെ പറ്റിച്ചു പോവുകയൊന്നും ഇല്ല സാറേ എന്നൊക്കെ അവന്‍ പറഞ്ഞു നോക്കി. എനിക്ക് വരെ തോന്നി, ഓ, അതങ്ങ് കൊടുക്കാമായിരുന്നു എന്ന്. എന്തായാലും കുറച്ചു നേരം കൂടെ തല ചൊറിഞ്ഞു നിന്നിട്ട് സുരേഷ് ടൂള്‍സ് സഞ്ചിയുമെടുത്ത്‌ അടുത്ത ദിവസം തന്നെ വന്നു ബാക്കി പണി കൂടെ ശരിയാക്കി തരാം എന്നും പറഞ്ഞിട്ട് പോയി.

ഒരു ദിവസം, രണ്ടു ദിവസം, മൂന്നു ദിവസം. സുരേഷിനെ കാത്തു മെഷീന്‍ സിറ്റ് ഔട്ടില്‍ കിടന്നു. ഒരാഴ്ച, രണ്ടാഴ്ച, മൂന്നു ആഴ്ച കടന്നു പോയി. അപ്പോഴേ ഞങ്ങള്‍ക്ക് മനസ്സിലായുള്ളൂ, ഇനി സുരേഷ് വരില്ല എന്ന്. അവനു ഇനി ഞങ്ങള്‍ കൊടുക്കാനുള്ള 250 രൂപയേക്കാളും ലാഭം ഒരു പക്ഷെ വാങ്ങാന്‍ പോയ സാധനങ്ങളില്‍ നിന്നും കിട്ടി കാണും. എന്നാലും പറഞ്ഞ വാക്ക് പാലിച്ചില്ലെല്ലോ എന്ന വിഷമം ഞങ്ങള്‍ രണ്ടു പേര്‍ക്കും ഉണ്ടായി.

ഇങ്ങനെയും ആളുകള്‍ പറ്റിക്കുമോ? എങ്കില്‍ എന്ത് കൊണ്ട് ആദ്യം 1250 രൂപ കൊടുത്തപ്പോള്‍ അതും കൊണ്ട് കടന്നു കളയാഞ്ഞത് എന്തെ? മുഴുവന്‍ പൈസ അന്ന് അവന്‍ ചോദിച്ചപ്പോള്‍ കൊടുക്കാതെ ഇരുന്നത് എത്ര നന്നായി എന്ന് ഇപ്പൊ തോന്നുന്നു. അല്ലെങ്കില്‍ അതും ഗോപി!

ഇപ്പൊ സംഭവം നടന്നിട്ട് ഒരു മാസം ആയി. ഇനിയും സുരേഷ് വരുമെന്ന പ്രതീക്ഷ ഇല്ല. മെഷീന്‍ ഞങ്ങള്‍ എടുത്തു അകത്തേക്ക് ഇട്ടു. ഭംഗിയായിട്ട് തയിക്കാം ഇപ്പോള്‍. കവര്‍ ഇടുമ്പോള്‍ അല്പം ഭംഗി കുറവ് ഉണ്ടെങ്കിലും.കഴിഞ്ഞ ദിവസം ഞങ്ങള്‍ അവന്റെ മൊബൈല്‍ നമ്പര്‍ തപ്പി എടുത്തു. വിളിച്ചു ചോദിച്ചാലോ എന്ന് ആലോചിച്ചു. പക്ഷെ എന്ത് കൊണ്ടോ ഞങ്ങള്‍ വിളിച്ചില്ല. ഇനി അഥവാ ഇവന്‍ വന്നാലും പണ്ടത്തെ പോലെ ഞങ്ങള്‍ക്ക് ഇവനെ കാണാന്‍ പറ്റില്ലല്ലോ. മെഷീന്‍ ഇത്രയൊക്കെ ശരിയായാല്‍ മതി എന്ന് ഞങ്ങള്‍ക്ക് ഒടുവില്‍ തീരുമാനിക്കേണ്ടി വന്നു.....

Thursday, January 7, 2010

എന്റെ മുറ്റത്തെ ചെമ്പകം പൂവിട്ടു...






ഞാന്‍ ആറുമാസങ്ങള്‍ക്കു മുന്‍പ് ചെമ്പകം തേടി നടന്ന നാള്‍ (http://raadha.blogspot.com/2008/08/blog-post_12.html ) ഒരു ദിവസം. എന്റെ ഓഫീസിലെ രമേശ്‌ എന്ന് പേരുള്ള ഒരു agent ന്റെ അച്ഛന്‍ മരിച്ച വിവരം അറിഞ്ഞു. അധികം അകലെ അല്ലാതെ ആണ് വീട്. അവര്‍ കൊങ്ങിണി സമുദായത്തിലെ ആണ്. ഓഫീസില്‍ നിന്ന് റീത്ത് വെക്കണം. ഞങ്ങള്‍ കുറച്ചു പേര്‍ കാറില്‍ അവിടേക്ക് പോയി. ഞാന്‍ ആദ്യമായിട്ടാണ് കൊങ്ങിണി വീടുകളിലേക്ക് ചെല്ലുന്നത്. നമ്മള്‍ സിനിമയിലും മറ്റും കാണുന്നത് പോലെ ഒരു അഗ്രഹാരം സ്റ്റൈല്‍ ഉള്ള കുറെ വീടുകള്‍. എല്ലാം ചെറിയ ചെറിയ വീടുകള്‍. എല്ലാവര്ക്കും കൂടി കോമണ്‍ ആയിട്ട് ഒരു പടിപ്പുര. മുറ്റം മുഴുവന്‍ ടാര്‍ ഇട്ടിരിക്കുന്നു. കുട്ടികള്‍ക്ക് എല്ലാവര്ക്കും കൂടി ഒരു കളി സ്ഥലം. അല്പം മാറി ഒരു കിണര്‍. എന്നെ ആകര്‍ഷിച്ചത് മറ്റൊന്നുമല്ല. ആകെ പൂത്തു നില്‍ക്കുന്ന ഒരു വലിയ കാട്ടു ചെമ്പക മരം അവിടെ തല ഉയര്‍ത്തി നിന്നിരുന്നു!!

പണ്ടത്തെ സ്കൂള്‍ മുറ്റത്തു എന്റെ ചുറ്റിലും ഉണ്ടായിരുന്ന ചെമ്പക മരം തന്നെ. ചെമ്പക മരം ഒരെണ്ണം നട്ടു പിടിപ്പിക്കണം എന്ന മോഹം ആ പഴയ പോസ്റ്റ്‌ ഇട്ടപ്പോള്‍ മുതല്‍ തുടങ്ങിയതാണ്‌. അതിനു വേണ്ടി nursery പലതും അദ്ദേഹത്തിനെയും കൂട്ടി കയറി ഇറങ്ങിയതാണ്. അങ്ങനെ നടക്കുമ്പോഴാണ് മനസ്സിലായത്, ഇപ്പോള്‍ ഒരു പാട് തരം variety ചെമ്പകങ്ങള്‍ ഉണ്ട്. ഏതു തരം കളര്‍ വേണേലും കിട്ടും. മിക്കവയും തന്നെ ഒട്ടു തൈകള്‍. എന്റെ മനസ്സിലെ ചെമ്പകം മാത്രം അവിടെ ഒന്നും കണ്ടില്ല. മിക്കവയും തന്നെ വളരെ ചെറുപ്പത്തിലെ പൂവിടുകയും ചെയ്യും. അതിലൊരെണ്ണം വാങ്ങാം എന്ന് അദ്ദേഹം പറഞ്ഞെങ്കിലും ഞാന്‍ സമ്മതിച്ചില്ല.

റീത്ത് വെച്ച് ഞങ്ങള്‍ മടങ്ങി എങ്കിലും, എന്റെ മനസ്സ് മുഴുവന്‍ ആ കാട്ടു ചെമ്പകത്തിനു ചുറ്റും പാറി പറന്നു നടക്കുക ആയിരുന്നു. ചടങ്ങുകള്‍ എല്ലാം കഴിഞ്ഞു രമേശ്‌ മടങ്ങി എത്തി. ഞാന്‍ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ചോദിച്ചു (എങ്ങനെയാ വരുമ്പോള്‍ തന്നെ ചോദിക്കുക?) ഒരു തൈ തരാമോ എന്ന്. ചോദിക്കേണ്ട താമസം, തരാം സാറേ, എന്ന് രമേശ്‌ പറഞ്ഞു. ഞാന്‍ വീട്ടില്‍ പറഞ്ഞു വെച്ചു, സ്ഥലം നോക്കി വെച്ചോ, ചെമ്പക തൈ ഉടനെ കിട്ടും. അങ്ങനെ ഇരിക്കെ ഒരു ദിവസം രമേശ്‌ ഫോണ്‍ ചെയ്തു, ''സാര്‍ ഓഫീസില്‍ ഉണ്ടോ, ഞാന്‍ ഇന്ന് അതിന്റെ കമ്പ് കൊണ്ട് വരാന്‍ ആണ് എന്ന്" എനിക്ക് സന്തോഷം ആയി.

ഉച്ച കഴിഞ്ഞപ്പോള്‍ രമേശ്‌ വന്നു. കൂടെ ഒരാളും ഉണ്ട്. 'സാര്‍, കമ്പ് കൊണ്ട് വന്നിട്ടുണ്ട്, താഴെ വെച്ചിട്ടുണ്ട്' എന്ന് പറഞ്ഞു. ഞാന്‍ മനസ്സില്‍ വിചാരിച്ചു, എന്തിനാ താഴെ വെച്ചത്.. മുകളിലേക്ക് കൊണ്ട് വരാന്‍ പറഞ്ഞു (ഓഫീസ് രണ്ടാം നിലയില്‍ ആണ്). രണ്ടു പേരും താഴെ ഇറങ്ങി പോയി കമ്പുമായി കയറി വന്നു. എന്റെ അമ്മേ, സത്യത്തില്‍ ഞാന്‍ ഞെട്ടിയത് അപ്പോഴാണ്‌. ഒരു വലിയ ഒരു കമ്പ്, രണ്ടു പേര് കൂടി താങ്ങി എടുത്തു കൊണ്ട് വന്നിരിക്കുന്നു. ഏതാണ്ട് മൂന്നു ട്യൂബ് ലൈറ്റ് ന്റെ വണ്ണം, നീളം അതിന്റെ ഇരട്ടി. എനിക്ക് കരയണോ ചിരിക്കണോ എന്ന് തീരുമെടുക്കാന്‍ കഴിയാതെ ഞാന്‍ അവിടെ നിന്നു. ഈ വിറകു കൊള്ളി, ഇവിടെ എന്തു ആവശ്യത്തിനാണ് എന്നറിയാതെ മറ്റുള്ളവരും പകച്ചു നിന്നു!!

സത്യം പറയാലോ, രമേശ്‌ പണ്ടേ പൊട്ടത്തരങ്ങള്‍ കാണിക്കുന്നതില്‍ കേമന്‍ ആണ്. ഞാന്‍ ഒരു ചോദ്യമേ ചോദിച്ചുള്ളൂ , ദൈവമേ, ഞാന്‍ ഇത് എങ്ങനെ ബസില്‍ കയറ്റി വീട്ടില്‍ എത്തിക്കും. അതിനും പോംവഴി രമേശ്‌ പറഞ്ഞു തന്നു, സാരമില്ല സാര്‍ ഞങ്ങള്‍ ബസ്‌ വരെ എത്തിച്ചു തരാം എന്ന്. ഞാന്‍ പിന്നെ ഒന്നും മിണ്ടിയില്ല, കൊണ്ട് തന്ന ആളോട് മര്യാദ കാണിക്കണ്ടേ. വീട്ടിലേക്കു ഈ വിറകു കമ്പുമായി ഇരുട്ടത്ത്‌ കേറി ചെല്ലുന്ന എന്റെ അവസ്ഥ ആലോചിച്ചു എനിക്ക് ചിരി പൊട്ടി. രമേഷിനെയും സുഹൃത്തിനെയും (അദ്ദേഹം ബൈകിന്റെ പിറകില്‍ ഇത് താങ്ങി കൊണ്ട് വരാന്‍ കൂടെ കൂടിയതാണ്) യാത്ര ആക്കി. ഞാന്‍ ഞങ്ങളുടെ സബ് സ്ടാഫിനെ വിളിച്ചു, കമ്പ് ഒരു വിധം ചെറിയ മൂന്നു കഷണം ആയിട്ട് ഒടിച്ചു, ബാക്കി വന്നവ മനസ്സില്ലാമനസ്സോടെ ജനലില്‍ കൂടി പുറകിലെ പറമ്പിലേക്ക് ഇട്ടു. വീട്ടില്‍ പിടിച്ചില്ലെങ്കിലും, ചിലപ്പോ പന്മനാഭന്റെ കഥയിലെ സൂര്യകാന്തി പൂക്കളെ പോലെ എന്റെ ഓഫീസ് ജനാലക്കു താഴെ നാളെ ഒരു ചെമ്പകം വളര്‍ന്നു വരട്ടെ എന്ന പ്രാര്‍ത്ഥനയോടെ!!

വീട്ടില്‍ കൊണ്ട് വന്നു ഞങ്ങള്‍ കമ്പ് കുഴിച്ചിട്ടു. എവിടെ, അതിനു ഒരു അനക്കവും ഇല്ല. ദിവസവും അതിനു വെള്ളം ഒഴിച്ച് കൊടുത്തു, ഒരു മാസത്തോളം കഴിഞ്ഞപ്പോ കമ്പുകള്‍ മൂന്നും ചീഞ്ഞു പോയി. രമേശ്‌ ഇടക്കൊക്കെ വന്നു ചെമ്പകത്തിന്റെ സുഖന്വേഷണങ്ങള്‍ നടത്തിയിരുന്നു. ഒടുവില്‍ സംഭവം ചീഞ്ഞു പോയി എന്ന് അറിഞ്ഞപ്പോള്‍ വീണ്ടും വാഗ്ദാനം ചെയ്തു, 'അതിനെന്താ സാറേ, ഞാന്‍ ഇനീം കൊണ്ട് വരാം എന്ന് പറഞ്ഞു'. ഇത്തവണയും ഞാന്‍ ഒന്ന് ഞെട്ടി. എങ്കിലും ഒരു വിധം രമേശിനെ പറഞ്ഞു മനസ്സിലാക്കി, അല്പം ഇളയ കമ്പുകള്‍ മതി എന്നും, അത് ഒരു ചെറിയ പോളിത്തീന്‍ കവറില്‍ കൊള്ളുന്നത്‌ മതിയെന്നുമൊക്കെ. ഇത്തവണ രമേശ്‌ പറഞ്ഞു പോലെ തന്നെ ചെയ്തു. മൂന്ന് കവരങ്ങള്‍ ഉള്ള ഇലകളോട്‌ കൂടിയ നല്ല ഒരു ചെറിയ കമ്പ് തന്നെ കൊണ്ട് തന്നു.
വീണ്ടും ഞങ്ങള്‍ കമ്പ് നട്ടു. കാത്തിരുന്നു. ഒരു ക്ഷീണവും കാണിക്കാതെ കമ്പ് മൂന്നും നല്ല ഭംഗിയില്‍ പിടിച്ചു വന്നു. രമേശ്‌ ഇത്തവണ നിരന്തരം അന്വേഷണം ആയിരുന്നു. ഒടുവില്‍ ഞാന്‍ ചെമ്പകത്തിന്റെ പടം മൊബൈലില്‍ എടുത്തു കൊണ്ട് പോയി രമേശിനെ കാണിച്ചു. ഇതിനിടയില്‍ ഡിസംബറില്‍ ഞങ്ങളെ എല്ലാരേം തന്നെ വിസ്മയിപ്പിച്ചു കൊണ്ട് അതില്‍ മൊട്ടിട്ടു. മൊട്ടു ആണോ എന്ന് പോലും തര്‍ക്കം ഉണ്ടായിരുന്നു. കാരണം സാധാരണ നാടന്‍ ചെമ്പകങ്ങള്‍ നല്ല വണ്ണം ഉയര്‍ന്നു തലയ്ക്കു മീതെ പൊങ്ങി കഴിഞ്ഞാലെ പൂവിടുന്നത്‌ കണ്ടിട്ടുള്ളു. ഇതിനു തറയില്‍ നിന്നു നാലടി പോലും പൊക്കമില്ല!! നോക്കി ഇരിക്കെ, മൊട്ടുകള്‍ വലുതായി, നല്ല ഭംഗിയുള്ള പൂക്കള്‍ ആയി. എന്റെ മനസ്സില്‍ ഞാന്‍ കണ്ട ചെമ്പക പൂക്കള്‍ തന്നെ.

ഇവിടെ ഞാന്‍ അത് പോസ്റ്റുന്നു..!! എന്റെ പ്രയത്നങ്ങള്‍ കണ്ടു ചെമ്പകത്തിനു അലിവു വന്നു എന്ന് തോന്നുന്നു. എന്നും പുതിയ പൂക്കള്‍ തന്നു കൊണ്ട് ഇപ്പോള്‍ എന്റെ മുറ്റത്തെ ചെറിയ ഒരു കോണില്‍ കുഞ്ഞി തല ഉയര്‍ത്തി എന്റെ കൊച്ചു ചെമ്പക തൈ എന്നും നാലഞ്ചു പൂക്കളുമായി മണം പരത്തി നില്‍ക്കുന്നുണ്ട്!!

Friday, January 1, 2010

നവ വത്സരം


പോയ വര്‍ഷത്തിനെ കുറിച്ച് ആദ്യം ഓര്‍ക്കാം.

ഒരു പാട് നല്ല നല്ല നിമിഷങ്ങള്‍ തന്ന വര്‍ഷമാണ്‌ കടന്നു പോയത്.
പലപ്പോഴും മനസ്സില്‍ ഓര്‍ത്തു..

ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നാല്‍ മതി അടുത്ത ദിവസവും എന്ന്..
വരാനിരിക്കുന്ന നാളുകള്‍ എങ്ങിനെ എന്ന് അറിയില്ലല്ലോ നമുക്ക്.
അത് കൊണ്ട് തന്നെ ഒന്നുമൊന്നും തന്നെ ഞാന്‍ പ്രതീക്ഷിക്കുന്നില്ല..
ഓര്‍ക്കാപ്പുറത്ത് സന്തോഷം കൊണ്ട് തന്ന ഈശ്വരന്‍, ചോദിക്കാതെ തന്നെ എല്ലാം തരുമായിരിക്കും..
എന്നാലും എനിക്കെന്തോ...

വരാനിരിക്കുന്ന നാളുകളെ കുറിച്ചുള്ള പ്രതീക്ഷകളും കാത്തിരിപ്പിനെക്കാളും ഇഷ്ടം,
പോയ വര്‍ഷത്തെ കുറിച്ചും, നിമിഷങ്ങളെ കുറിച്ചും സങ്കടപ്പെടാനാണ്...

എല്ലാ ബൂലോക കൂട്ടുകാര്‍ക്കും നന്മകള്‍ നേര്‍ന്നുകൊണ്ട്..

സസ്നേഹം,