Thursday, February 11, 2010

കൈ വിട്ടു പോയത്..

രാവിലെ ഓഫീസിലേക്ക് പോവുന്ന തിരക്കില്‍ ആണ് ശ്രദ്ധിച്ചത് . അദ്ദേഹം മകനെ വിളിച്ചു അടുത്ത് നിര്‍ത്തി തല്ലി തേങ്ങ (നാടന്‍ ബദാം ) പൊട്ടിച്ചു അതിനകത്ത് ഉള്ള സാധനം കാണിച്ചു കൊടുക്കുന്നത് . മകന്‍ ആണെങ്കില്‍ ഈ അത്ഭുത വസ്തുവിനെ അതിശയത്തോടെ നോക്കി നില്‍ക്കുന്നു !! മോനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല , അവന്‍ ആദ്യമായിട്ട് കാണുന്നതാണ് ഈ വസ്തു . അതും കാക്ക കനിഞ്ഞു കൊത്തി മുറ്റത്ത്‌ കൊണ്ട് വന്നിട്ടത് കൊണ്ട് . സത്യം പറഞ്ഞാല്‍ ഞാനും കൊറേ നാളായി ഒരു തല്ലി തേങ്ങ മുറ്റത്ത്‌ വീണു കിടക്കുന്നത് കണ്ടിട്ട് . ഇപ്പൊ അങ്ങനെ ഉള്ള നാട്ടു മരങ്ങളൊന്നും ഈ അടുത്ത സ്ഥലത്ത് ഇല്ല .

പണ്ട് മുറ്റത്തും , അടുത്ത വീടുകളിലെ പറമ്പിലും തെണ്ടി നടന്നു എന്തൊക്കെ തല്ലി പൊട്ടിച്ചു തിന്നിരിക്കുന്നു . എന്റെ വീട്ടില്‍ ഒരു പാട് പറമ്പ് ഉണ്ടായിരുന്നു . 5 മാവുകളും ഉണ്ടായിരുന്നു , 3 കുളങ്ങളും !! രാവിലെ എണീറ്റാല്‍ പറമ്പ് മുഴുവന്‍ തെണ്ടി നടക്കലായിരുന്നു പണി . എല്ലാ ദിവസവും കൃത്യമായി ചുറ്റി നടന്നു , ചെത്തിയുടെ കായ , അതിന്റെ പൂവിന്റെ തേന്‍ , വാഴകുടപ്പന്റെ തേന്‍ , ആഞ്ഞിലി ചക്കയുടെ കുരു , പറങ്കി അണ്ടി , പുളിങ്കുരു , തല്ലി തേങ്ങാ ഇതൊക്കെ പെറുക്കി എടുത്തു കൊണ്ട് വരും .

ഇന്ന് മക്കള്‍ക്ക്‌ വാഴ കുടപ്പന്റെ തേന്‍ കൊണ്ട് കൊടുത്താല്‍ പണ്ട് നമ്മളുടെ വായിലേക്ക് ആ ഒരു തുള്ളി മധുരം കിട്ടുമ്പോള്‍ ഉള്ള സന്തോഷം ഒന്നും മുഖത്ത് കാണാനില്ല . അവരുടെ വായ ഒക്കെ കിറ്റ്‌ കാറ്റ് ഉം , perk ഉം , ലെയ്സ് ഉം ഒക്കെ തിന്നു മുരടിച്ചു പോയി എന്നാണ് തോന്നുന്നത് !

കുളത്തിലെ ആമ്പല്‍ കായ പറിച്ചു തിന്നു , വായ മുഴുവന്‍ വയലെട്റ്റ്‌ കളര്‍ ആകും .മുറ്റത്ത്‌ കുത്തി ഇരുന്നു എത്ര മുത്തങ്ങാ പുല്ലുകള്‍ പറിച്ചു , അതിന്റെ അടിയിലെ കായ അങ്ങനെ തന്നെ കഴുകാതെ ഉടുപ്പില്‍ തുടച്ചു തിന്നിരിക്കുന്നു ! ചക്കയുടെ കാലം ആകുമ്പോള്‍ ചക്ക കുരു ചുട്ടു തിന്നല്‍ തുടങ്ങും . അന്നൊന്നും വയറിനു ഒരു കുഴപ്പവും ഉണ്ടായിട്ടില്ല , അമ്മ അതൊന്നും തിന്നാന്‍ പാടില്ല എന്ന് വിലക്കിയിട്ടും ഇല്ല . അല്ലെങ്കില്‍ തന്നെ അമ്മയോട് ചോദിച്ചിട്ട് ഒന്നുമല്ല ഇതൊക്കെ തിന്നുന്നതും , അമ്മക്ക് ഇതൊന്നും നോക്കി നടക്കാന്‍ നേരവും ഇല്ല !!

തൊട്ടടുത്ത പറമ്പിലെ കശുമാവ് ഉണ്ടായിരുന്നുള്ളൂ . പക്ഷെ അവിടുത്തെ കശുവണ്ടി മുഴുവന്‍ കാക്ക കൊത്തി മിക്കവാറും ഞങ്ങളുടെ പറമ്പിലാണ് ഇടുക . ഞങ്ങള്‍ക്ക് കൃത്യമായിട്ട്‌ അറിയാം , കാക്ക ഇതൊക്കെ എവിടെ ഒക്കെ വന്നിരുന്നാണ് തിന്നുന്നത് എന്ന് . അങ്ങനെ എല്ലാം കൂടെ പെറുക്കി ടിന്നില്‍ ഇട്ടു , ടിന്‍ നിറയുമ്പോള്‍ ചൂട്ടു കത്തിച്ചു കശുവണ്ടി ചുട്ടെടുക്കും . അടുപ്പില്‍ ഇടാന്‍ അമ്മ സമ്മതിക്കില്ല . പൊട്ടി തെറിക്കും . ചൂട്ടിന്റെ ചൂട് ഏല്‍ക്കുമ്പോള്‍ കശുവണ്ടികള്‍ തീ പിടിച്ചു ഓരോ വശത്തേക്കും ചീറ്റി ഓടും . ഈ കാഴ്ചകള്‍ ഒന്നും ഒരിക്കലും നമ്മുടെ കുട്ടികള്‍ അറിയില്ല .കശുവണ്ടി ചുന കൊണ്ട് കൈ പൊള്ളുന്നതും , തൊലി പോവുന്നതും ഒക്കെ സര്‍വ സാധാരണം .

ഞങ്ങളുടെ വടക്കേ അതിര്‍ത്തിയില്‍ ഒരു വലിയ കുടംപുളി മരം നിന്നിരുന്നു. മഴക്കാലത്ത്‌ അതില്‍ നിറയെ പുളി ഉണ്ടാകും. പഴുത്ത പുളി പൊളിച്ചു അതിന്റെ ഉള്ളിലെ മധുരമുള്ള കായ തിന്നാന്‍ നല്ല രസമാണ്. കാറ്റും മഴയും വരുമ്പോള്‍ പുളികള്‍ താഴെ വീഴും. മിക്കവയും താഴെ വീഴുമ്പോള്‍ തന്നെ പൊട്ടി ചിതറും. മഴ വക വെക്കാതെ ഓടി ചെന്ന് പെറുക്കി എടുത്തു എത്ര എണ്ണം തിന്നിരിക്കുന്നു!!

അടുത്തുള്ള ഒരു 4-5 വീടുകളില്‍ ഞാന്‍ സ്ഥിരം സന്ദര്‍ശക ആയിരുന്നു . ആ തൊടിയിലെയും പഴങ്ങളും , കായകളും എനിക്ക് സ്വന്തം . അന്നൊന്നും കെട്ടി അടച്ച gate കളോ , മതിലുകളോ ഇല്ല . അവിടെ അവിടെയായിട്ടു വേലികള്‍ മാത്രം കാണാം . അതും ഇല്ലാതെ ചെടികള്‍ അതിര്‍ത്തികളില്‍ വളര്‍ത്തി നിറുത്താരുണ്ട് . ആര്‍ക്കും എപ്പോഴും എവിടെയും കയറി ചെല്ലാം . Vacation ആയാല്‍ മുഴുവന്‍ നേരവും അയല്‍വക്കത്തെ പിള്ളേരുടെ കൂടെ കളിയാണ് . ശരിക്കും കളിച്ചു മടുത്തിട്ടുള്ള ദിവസങ്ങള്‍ ഉണ്ടായിട്ടുണ്ട് .

ഉണ്ണാന്‍ സമയം ആകുമ്പോള്‍ അമ്മ നീട്ടി വിളിക്കും . ഏതു പറമ്പില്‍ ആയാലും അവിടന്ന് വിളി കേള്‍ക്കും . ഓടി വന്നു ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ വീണ്ടും പുറപ്പെടും . കല്ല്‌ കൊത്താടല്‍ , സെറ്റ് കളി , ഒളിച്ചു കളി , നിലത്തു കളം വരച്ചു കളി , അങ്ങനെ എന്തെല്ലാം കളികള്‍ . വൈകിട്ട് മേല്കഴുകാന്‍ വരുമ്പോള്‍ ഉടുപ്പ് നിറച്ചും , കറയും ചെളിയും ആയിരിക്കും . ചിലപ്പോഴൊക്കെ തല്ലും കിട്ടാറുണ്ട് , അതൊക്കെ ആര് കാര്യം ആക്കുന്നു ? അടുത്ത ദിവസം വീണ്ടും ഇറങ്ങുകയായി .ഊഞ്ഞാല്‍ ആടാന്‍ പണ്ടേ എനിക്കിഷ്ടം ആണ് . എത്ര മാവുന്ടെങ്കിലും വീട്ടില്‍ ഊഞ്ഞാല്‍ ഒന്നും കെട്ടിത്തരാറില്ല . അപ്പൊ പിന്നെ , കൈയ്യില്‍ കിട്ടിയ ചെറിയ കയര്‍ തപ്പി എടുത്തു , കൈ എത്താവുന്ന കമ്പില്‍ കെട്ടി , മടല് വെട്ടി ഇരിപ്പിടം ഉണ്ടാക്കി , വലിഞ്ഞു കയറി ഇരിക്കും . ഒന്ന് ആഞ്ഞു ആടി തുടങ്ങുമ്പോഴേക്കും , ഊഞ്ഞാല്‍ പൊട്ടി താഴെ വീഴും !! വീണ്ടും കൂട്ടി കെട്ടി പരിശ്രമം തുടരും ...ആ വീഴ്ചയില്‍ ചിലപ്പോ കൈമുട്ടോ കാല്മുട്ടോ പൊട്ടി തൊലി ഉരിയും . അന്ന് അങ്ങനെ കൈ മുട്ടോ കാല്‍ മുട്ടോ തൊലി ഉരിഞ്ഞു പൊട്ടാത്ത കുട്ടികള്‍ ഇല്ലായിരുന്നു എന്ന് തോന്നുന്നു .

അന്ന് കയറി ഇറങ്ങാത്ത മരങ്ങള്‍ ഇല്ല . പെണ്‍കുട്ടിയാണ് , മരം കയറരുത് , എന്നൊക്കെ വിലക്കിയാലും വലിഞ്ഞു കയറും . പരിസരത്തെ , പേര മരം , ചാമ്പ മരം നിത്യവും കേറി ഇറങ്ങുന്ന മരങ്ങളുടെ കൂട്ടത്തില്‍ പെടും . ഇന്നിപ്പോ എന്റെ മോള്‍ മരം കയറും . ഞാന്‍ നിരുല്സാഹപ്പെടുത്താന്‍ പോയില്ല . അവള്‍ gate ഇല്‍ ചവിട്ടി മതിലും ചാടും . ചേട്ടന്‍ ചെയ്യുന്നത് കണ്ടു പഠിക്കുന്നതോ , അതോ ഞങ്ങളുടെ ജീന്‍സ് ഉള്ളത് കൊണ്ടോ ആവാം .(പുള്ളിക്കാരനും ഇതിലൊന്നും മോശമല്ല ) ഇപ്പോഴല്ലേ ഇതൊക്കെ ചെയ്യാന്‍ പറ്റൂ .വലുതാകുമ്പോള്‍ താനേ കയറാതെ ആകും .

ഇന്നിപ്പോ ഞാന്‍ എന്റെ മോളെ അയല്‍വക്കത്തു കളിയ്ക്കാന്‍ വിടാറില്ല . അവള്‍ക്കു പോവണം എന്നും ഇല്ല . 30 -35 വര്‍ഷങ്ങള്‍ കൊണ്ട് കാലം ഒത്തിരി മാറി പോയി . നമ്മുടെ കുട്ടികള്‍ വല്ലാതെ ഒതുങ്ങി പോയിരിക്കുന്നു . കൊറേ ഒക്കെ ഉത്തരവാദികള്‍ നമ്മള്‍ തന്നെ ആണെന്നാണ് തോന്നുന്നത് . സ്കൂളില്‍ വിടുന്നത് വരെ ആയ . കുട്ടി ഒന്ന് മറിഞ്ഞു വീണു കൈയോ കാലോ ഉരഞ്ഞാല്‍ പിന്നെ ആയക്ക് സ്വൈര്യം ഇല്ല . അത് കൊണ്ട് തന്നെ ആയ കുട്ടിയെ അനങ്ങാനും തിരിയാനും സമ്മതിക്കില്ല . പിന്നെ സ്കൂളില്‍ പോവാന്‍ തുടങ്ങിയാല്‍ പഠിക്കാന്‍ ഉണ്ടെല്ലോ , ഒരു ചുമട് . പഠിച്ചു മിടുക്കനായാലല്ലേ എന്ട്രന്‍സ് എഴുതാന്‍ പറ്റൂ ?(ഞാനും പണ്ടത്തെ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ തന്നാ ഒന്നാം ക്ലാസ്സ്‌ മുതല്‍ പഠിച്ചത്. പക്ഷെ ഇന്നത്തെ പോലെ കളിയ്ക്കാന്‍ സമയം ഇല്ലാത്ത പഠിപ്പു ഒന്നും പഠിക്കേണ്ടി വന്നിട്ടില്ല!!) അങ്ങനെ അങ്ങനെ ....നമ്മള്‍ തന്നെ എല്ലാം മാറ്റി മറിച്ചു കൊണ്ടിരിക്കുന്നു ...ഞാന്‍ അടക്കം !!

28 comments:

ramanika said...

പോസ്റ്റ്‌ വായിച്ചപ്പോള്‍ കുട്ടിക്കാലം മനസ്സില്‍ നിറഞ്ഞു
അടുത്ത തലമുറയെ കൊച്ചു വിലങ്ങിട്ടു നിറുത്തന്നത് ഒരു പരിധിവരെ നാം തന്നെ..........
പോസ്റ്റ്‌ വളരെ ഇഷ്ട്ടപെട്ടു !

ശ്രീ said...

രമണിക മാഷ് പറഞ്ഞതു പോലെ വായിയ്ക്കുമ്പോള്‍ എന്റെ മനസ്സും ഒരു പത്തു പതിനഞ്ചു വര്‍ഷം പുറകിലായിരുന്നു...

ഈ പറഞ്ഞിട്ടുള്ളവ ഒരുമാതിരി എല്ലാം തന്നെ ഞങ്ങളും ചെയ്തിട്ടുള്ളതാണ്. (ആകെ മിസ്സിങ്ങ് ഉള്ളത് കുളത്തില്‍ നിന്ന് ആമ്പല്‍ക്കായ പറിച്ചു തിന്നാനൊത്തിട്ടില്ല എന്നതാണ്. കാരണം പറമ്പില്‍ ഒരു കുളം പോലുമില്ലായിരുന്നു. പക്ഷേ, അതിനു പകരമായി ഞങ്ങളുടെ പറമ്പില്‍ കശുമാവ് രണ്ടു മൂന്നെണ്ണം ഉണ്ടായിരുന്നൂട്ടോ. [കശുമാവിന്റെ കാര്യം പണ്ടൊരിയ്ക്കല്‍ ഞാനുമെഴുതിയിരുന്നു])

മൊത്തത്തില്‍ പറഞ്ഞാല്‍ വളരെ ഇഷ്ടപ്പെട്ട ഒരു പോസ്റ്റ് തന്നെ, ചേച്ചീ... ഈ കഥകളെല്ലാം മക്കള്‍ക്ക് പറഞ്ഞു കൊടുക്കൂ. അവര്‍ക്ക് അനുഭവിയ്ക്കാനാകില്ലെങ്കിലും കേട്ടെങ്കിലും വളരട്ടെ.

ജീവി കരിവെള്ളൂര്‍ said...

ഇങ്ങനെയുള്ള കുട്ടിക്കാലം ഉള്ളവര്‍ തങ്ങളുടെ കഥ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുമെങ്കിലും , കുട്ടികള്‍ ഈ വക കാര്യങ്ങളില്‍ ഇടപെട്ടാല്‍ മട്ടുമാറും . എന്നിട്ടു പറയാം കാലം മാറിപോയീന്ന് .ചേച്ചിയെ ഉദ്ദേശിച്ചുപറഞ്ഞതല്ലാട്ടോ...

Jayasoorya said...
This comment has been removed by the author.
VEERU said...

ചെറുതായൊന്നു വിഷമിപ്പിച്ചൂ ട്ടാ...വെക്കേഷൻ വെയിലിലെ തെണ്ടിത്തിരിയലും കൂട്ടരൊത്തുള്ള കളിയും കണ്ടതെല്ലാം പൊട്ടിച്ചു തിന്നുമായിരുന്ന ആ ബാല്യവും മഴപെയ്യുമ്പോൽ വീഴുന്ന കുടമ്പുളിയും മാങ്ങയും ചെത്തിക്കായും... എല്ലാമെല്ലാം എന്നോ മാഞ്ഞു പോയ ,ഒരിക്കലും തിരിച്ചുവരാത്ത ആ പുസ്തകതത്താളുകളുടെ ഗന്ധം മനസ്സിലേക്കെത്തിച്ചു..

നിറങ്ങള്‍..colors said...

post nannayi
pazha venal ozhivukaalam ormavannu,
athe kai vittu poyath oru nanmayude kalamaayirunnu.

കണ്ണനുണ്ണി said...

കുട്ടികള്‍ക്ക് പലതും നഷ്ടപെടുതുന്നത് നമ്മലാനെന്നു സംമാതിചോണ്ട് മാത്രം ആയില്ല രാധേച്ചി...
കുറച്ചെങ്കിലും തിരികെ കൊടുക്കുവാന്‍ ശ്രമങ്ങല്ലും ഉണ്ടാവണം ...
അല്ലെങ്കില്‍ അവര്‍ക്ക് ഈ മണ്ണിനോട് ഒരു സെന്റിമെന്റ്സും ഉണ്ടാവില്ല...

Rare Rose said...

ഇത്രയും വിശാലമായ ഓര്‍മ്മകളില്ലെങ്കിലും ഊഞ്ഞാലാട്ടവും,കശുവണ്ടി ചുട്ടു തിന്നലും,കളികളും എന്റെയും അവധിക്കാല ഓര്‍മ്മകളില്‍ പെടുന്നു.:)

ഈ കുളവും,നീന്തലും,ആമ്പല്‍ക്കായും,പുളിങ്കുരുവും ഇങ്ങനെയൊരുപാട് സുന്ദര ഓര്‍മ്മകള്‍ പറഞ്ഞു അമ്മയും ഇവിടിരുന്നു അയവിറക്കാറുണ്ടു.അതൊക്കെ ഇതു വായിച്ചപ്പോള്‍ ഓര്‍മ്മ വന്നു.ഇനിയുള്ള കുട്ടികള്‍ക്കു ഞങ്ങളുടെയത്ര പോലും കാണില്ല അല്ലേ ഓര്‍ത്തു വെയ്ക്കാന്‍.:(

Typist | എഴുത്തുകാരി said...

ഈ പറഞ്ഞ ബദാം മരം ഒരു രണ്ടു മാസം മുന്‍പ് വരെ എന്റെ മുറ്റത്തും ഉണ്ടായിരുന്നു. മുറ്റം മുഴുവന്‍ തണലു തന്നുകൊണ്ട്. പിന്നെ അതില്‍ നിറയെ ചൊറിയന്‍ പുഴു. അതിനു പറ്റിയ മരമാണത്രേ ഇതു്. അതുകൊണ്ട് വെട്ടിക്കളഞ്ഞു.

raadha said...

@ramanika :) ആദ്യം വന്നു പോസ്റ്റ്‌ ഇട്ടതില്‍ നന്ദി! ഉം..കുട്ടികള്‍ ഇങ്ങനെ ഒക്കെ ആകുന്നതില്‍ ഒരു പരിധി വരെ നമ്മള്‍ ഒക്കെ തന്നെ. അല്ലെ? പോസ്റ്റ്‌ ഇഷ്ടപ്പെട്ടു എന്നറിഞ്ഞു സന്തോഷം.

@ശ്രീ :) കുട്ടികള്‍ക്ക് ഞങ്ങള്‍ രണ്ടും മാറി മാറി പണ്ടത്തെ വീര സാഹസിക കഥകള്‍ പറഞ്ഞു കൊടുക്കാറുണ്ട്. അവര്‍ക്ക് അവരുടെ മക്കളോട് എന്താണാവോ പറയാന്‍ ഉണ്ടാവുക? അനിയന്റെ കശുമാവിന്റെ പോസ്റ്റ്‌ എനിക്ക് ഇഷ്ടപ്പെട്ട പോസ്റ്റുകളില്‍ ഒന്നാണ്.

@ജീവി :) എന്നെ ഉദ്ദേശിച്ചു പറഞ്ഞത് അല്ലാന്നു മനസ്സിലായീ ട്ടോ. :)

@VEERU :) ഇപ്പൊ കൈ വിട്ടു പോയീന്നു ത്തോന്നുന്നുന്ടെങ്കിലും അന്ന് നമ്മള്‍ ശരിക്ക് ആനന്ടിച്ചില്ലേ ? അങ്ങനെ ആശ്വസിക്കാം ട്ടോ.

raadha said...

@നിറങ്ങള്‍ :) ഉം, കൈ വിട്ടു പോയല്ലോ, ഇനി ഇപ്പൊ പറഞ്ഞിട്ട് എന്ത് കാര്യം ല്ലേ?

@കണ്ണനുണ്ണി :) ഉം, ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ട്, കൊറേ ഏറെ അവരെ കെട്ടഴിച്ചു വിടാരുമുണ്ട് .. എങ്കിലും പണ്ടത്തെ പോലെ അവരെ നോക്കാന്‍ ഞങ്ങള്‍ രണ്ടുമല്ലാതെ മറ്റാരും ഇല്ലാത്തതു കൊണ്ട്, വീട്ടിനു പുറത്തുള്ള തെണ്ടല്‍ ഇല്ല. വല്ലപ്പോഴും നാട്ടില്‍ പോകുമ്പോള്‍ അവരെ അവരുടെ പാട്ടിനു വിടുകയാണ് പതിവ്.

@റോസ് :) റോസ് കുട്ടി പറഞ്ഞത് സത്യം തന്നെ, ഇനിയുള്ള കുട്ടികള്‍ക്ക് ഈ കഥകളൊക്കെ അന്യം തന്നെ.

@typist :) ഞാന്‍ ഇത് വരെ ഇതിന്റെ മരം കണ്ടിട്ടില്ല. കായകള്‍ ധാരാളം കണ്ടിട്ടുണ്ട്. നല്ല മജന്ത നിറമുള്ള കായകള്‍. ഇന്നലെയും ഒരെണ്ണം മുട്ടത്തു കണ്ടു. ഇവിടെ അടുത്ത് എവിടെയോ മരമുന്ടെന്നു തോന്നുന്നു.

ബിലാത്തിപട്ടണം / Bilatthipattanam said...

അതെ ഈ പുത്തൻ തലമുറക്ക് നഷ്ട്ടപ്പെട്ടത് എന്തൊക്കെയാണെന്ന് നാം ചിന്തിച്ചുനോക്കിയിട്ടുണ്ടോ ?
ഇത്തരം കാര്യങ്ങൾ ആലോചിച്ച് ,എന്റെ മക്കളുടെ കാര്യത്തിലെങ്കിലും എനിക്ക് വല്ലാത്ത ഒരു നഷ്ട്ടബോധമുണ്ട്..കേട്ടൊ..
നന്നായിട്ടുണ്ട് രാധ ഈ തിരിഞ്ഞുനോട്ടം !

raadha said...

@ബിലാത്തിപട്ടണം :) എന്നെ പോലെ തന്നെ താങ്കളും ചിന്തിക്കുന്നു എന്നറിഞ്ഞു സന്തോഷമുണ്ട്. പഴയ കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാം നമുക്ക്, പക്ഷെ പഴയ സാഹചര്യങ്ങള്‍ ഒരുക്കി കൊടുക്കാന്‍ പറ്റില്ലെല്ലോ?

Akbar said...

ആദ്യമായിട്ടാണ് ഇവിടെ. പഴയകാലത്തിലേക്ക്‌ ചിന്തകളെ കൂട്ടിക്കൊണ്ടു പോയ ഒരു നല്ല പോസ്റ്റ്‌. നന്നായിട്ടുണ്ട്.

OAB/ഒഎബി said...

ആദ്യം ഒരു കുറ്റം പറയട്ടെ ‘എന്റെ വീട്ടില്‍ ഒരു പാട് പറമ്പുണ്ടായിരുന്നു’ എന്ന് പറയുന്നതിലേറെ സുഖം
‘എന്റെ വീടിന് ചുറ്റും ഞങ്ങള്‍ക്ക് സ്വന്തമായി കുറേ പറമ്പുണ്ടായിരുന്നു’ എന്ന് എഴുതിയാല്‍ നന്നെന്ന് എനിക്ക് തോന്നുന്നു.

പോസ്റ്റ് വല്ലാതെ ചെറുപ്പത്തിലേക്ക് കൊണ്ട് പോയി കെട്ടൊ. നന്ദി...

ഒരു കുറ്റിപ്പുര കെട്ടാന്‍, മൈമൂനയുമായി ഒളിച്ച് കളിക്കാന്‍, മാളു ഉമ്മയും ഞാന്‍ ബാപ്പയും ആയി കളിക്കാന്‍, അയ്ലോക്കത്തെ കുട്ട്യാള്‍ക്ക് സ്ലേറ്റ് പെന്‍സില്‍/ തീപ്പെട്ടി ഫോട്ടോക്ക് പകരം ടിക്കറ്റ് കൊടുത്ത് നാടകം കളിച്ച് കൊടുക്കാന്‍.....

ഞാനൊന്ന് കണ്ണടച്ച് കുറച്ച് നേരമിരുന്നോട്ടെ.

വീ കെ said...

നമ്മുടെ ആ കുട്ടിക്കാലം ഇന്നത്തെ തലമുറക്ക് ചിന്തിക്കാൻ പോലുമാവില്ല.

അന്ന് കാർന്നോന്മാർക്ക് നമ്മളെക്കുറിച്ച് ഒരു ദുഷ് ചിന്തകളും ഇല്ലായിരുന്നു. എന്തെങ്കിലും തെറ്റിലേക്ക് പോകുമെന്ന് അവർ ഒരിക്കലും ചിന്തിച്ചിട്ടില്ല. അതു കൊണ്ട് നമ്മളെ തുറന്നു വിട്ടിരുന്നു.

പക്ഷെ, ഇന്ന് കാലം മാറി. കുട്ടികൾ കൺ‌വെട്ടെന്ന് ഒന്നു മാറിയാൽ പിന്നെ ആവലാതിയാണ്..

ഇന്നിപ്പോൾ, ഇവിടെ എവിടേയും കാണാൻ കഴിയുന്നൊരു കാഴ്ചയുണ്ട്. ഒരു മണിക്ക് ബസ്സിൽ വന്നിറങ്ങുന്ന മക്കളെ കാത്ത് അമ്മമാർ പന്ത്രണ്ട് മണിക്ക് മുന്നെ റോഡ് സൈഡിൽ വെയിലും കൊണ്ട് കാത്തിരിക്കുന്നത്.

അതിൽ ഏറ്റവും കൂടുതൽ മലയാളി അമ്മമാർ തന്നെ. ബസ്സിറങ്ങിയാൽ ഒറ്റക്കു വരാൻ കുട്ടികളെ സമ്മതിക്കില്ല. അതു കാരണം കുട്ടികൾക്ക് ഒറ്റക്ക് പുറത്തിറങ്ങാൻ പേടിയാണെന്ന് മാത്രമല്ല, വഴിയും അറിയില്ല.

നമ്മുടെ ഇന്നത്തെ അമ്മമാർക്ക് മക്കളെ ഓർത്തുള്ള ആധി വളരെ കൂടുതലാണ്. നാട്ടിലായാലും ഇതു തന്നെ അവസ്ഥ.

കാലം തന്ന സമ്മാനമായിരിക്കം....!!?

പാലക്കുഴി said...

ബാല്യത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം ... വായിക്കുമ്പോൾ ഏവരുടെയും ഓർമ്മയിലൂടെ അറിയാതെ കടന്നു പോകുന്നു ആ കാലഘട്ടം. നന്നായി .

Diya said...

ithrayum colourful aayittulla kuttikkalam onnum undayittilla...pakshe ennalum kuracchokke paramilokke alanju thirinju nadakkan pattiyittundu..
ella varshavum onathinu oru oonjalum undavarundayirunnu.. :)

ചേച്ചിപ്പെണ്ണ് said...

ormmakalkkenthu sugandham!!!!!!!!!!

Sirjan said...

അങ്ങനെ അങ്ങനെ ....നമ്മള്‍ തന്നെ എല്ലാം മാറ്റി മറിച്ചു കൊണ്ടിരിക്കുന്നു ...ഞാന്‍ അടക്കം !!

jayarajmurukkumpuzha said...

valare nannaayittundu aashamsakal.....

വിനുവേട്ടന്‍|vinuvettan said...

ഇന്നത്തെ കുട്ടികളുടെ ജീവിതം ബ്രോയ്‌ലര്‍ കോഴികളുടേത്‌ പോലെയാണ്‌... വിദേശ രാജ്യങ്ങളില്‍ പരിമിതികള്‍ ഏറെയാണ്‌...

പിന്നെ, എഴുത്തുകാരി... ഞാന്‍ വിചാരിച്ചു, ബദാം മരവും ഉണങ്ങിപ്പോയി എന്ന് പറയാന്‍ വരികയാണെന്ന്... കണ്ണനുണ്ണിയോട്‌ അടുത്ത ചോദ്യം ചോദിക്കാന്‍ റെഡിയായി വന്നതായിരുന്നു...

raadha said...

@Akbar :) ഇത് വഴി ഉള്ള ആദ്യത്തെ വരവിനു സ്വാഗതം . പഴയ കളത്തിലേക്ക്‌ കൂട്ടി കൊണ്ട് പോവാനുള്ള എന്റെ ഉദ്യമം വിജയിച്ചു എന്ന് വേണം കരുതാന്‍ ല്ലേ?

@OAB :) തെറ്റ് കാണിച്ചു തന്ന ആ നല്ല മനസ്സിന് ആദ്യം തന്നെ നന്ദി പറഞ്ഞു കൊള്ളട്ടെ. കുട്ടിക്കാലത്തിലെക്കുള്ള ഈ എത്തി നോട്ടം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ അതിയായ സന്തോഷം. കണ്ണടച്ചിരുന്നു മയങ്ങി പോവല്ലേ..

@വീ കെ :) you said it !! ഈ ആവലാതിയും ആധിയും ലോകത്തിലെ എല്ലാ അമ്മമാര്‍ക്കും ഇന്നുണ്ട്. 'കണ്ണ് വേണമിരൂ പുറവും, ഉള്‍ കണ്ണ് വേണം ' എന്ന് കവി പറഞ്ഞ മാതിരി.

@പാലക്കുഴി : പോസ്റ്റ്‌ ഇഷ്ടപ്പെട്ടു എന്നതില്‍ സന്തോഷം. ഇങ്ങനെ ഒക്കെ നമുക്ക് പഴയ
കാലത്തിലേക്ക്‌ പോകാം. വേറെ നിവൃത്തിയില്ലെല്ലോ

@ദിയ :) ഇതിലെയുള്ള വരവിനു പ്രത്യേകം നന്ദി പറഞ്ഞു കൊള്ളട്ടെ. അന്ന് എന്തെ, കൊറേ കൂടെ അലഞ്ഞു തിരിയാഞ്ഞത്? ഇനി ഇപ്പം അങ്ങനെ വേണമെന്ന് വെച്ചാല്‍ പറ്റുമോ? ഹി ഹി

raadha said...

@chechipennu :) അതെ , ഓര്‍മകള്‍ക്കെന്തു സുഗന്ധം...

@Sirjan :) ഇതിലെ ഉള്ള ആദ്യത്തെ വരവിനു സ്വാഗതം ട്ടോ. അതെ, എല്ലാറ്റിനും നമ്മള്‍ തന്നെ ഉത്തരവാദികള്‍...

@ജയരാജ്‌ :) ആശംസകള്‍ക്ക് നന്ദി. ഈ വഴി ആദ്യമായിട്ടാണല്ലോ. സ്വാഗതം.

@വിനുവേട്ടന്‍ :) അതെ, നമ്മുടെ കുട്ടികള്‍ അവരെ കാള്‍ ഭേദം എന്ന് ആശ്വസിക്കാം ല്ലേ. പാവം കണ്ണനുണ്ണിയുടെ സോയാ ബീന്‍സ് വള്ളിയില്‍ നിന്ന് ഇത് വരെ പിടി വിട്ടിട്ടില്ല അല്ലെ? :)

അരുണ്‍ കായംകുളം said...

പഴയകാലം ഒന്ന് ഓര്‍മ്മ വന്നു.ആ പഴയ പറങ്കാവും നാട്ടിന്‍ പുറവും ചാമ്പക്ക പിച്ചി നടന്നതും, ഉം, അതൊരു കാലം.ഇന്ന് കാലവും മാറി കോലവും മാറി

ഗീത said...

എന്റെ കുട്ടിക്കാലവും ഇതേപടിതന്നെ. അവിടെ പുളിക്ക് പകരം മാവ് എന്ന വ്യത്യാസമേ ഉള്ളൂ. നല്ല മണവും സ്വാദുമുള്ള പുളിച്ചിമാങ്ങ ധാരാളം തന്നിരുന്ന ഒരു കൂറ്റന്‍ മാവ് - അതിന്റെ ചോട്ടില്‍ തന്നെ രാവിലെ മുതല്‍ സന്ധ്യമയങ്ങുവോളവും. അമ്മ വടിയുമായി വരുമ്പോള്‍ കയറിയിരിക്കാന്‍ പൊക്കമുള്ള ചാമ്പമരവും ഉണ്ടായിരുന്നു. നല്ല പോസ്റ്റ് രാധേ.

raadha said...

@അരുണ്‍ :) ഇവിടെ കണ്ടതില്‍ സന്തോഷം. എല്ലാവര്ക്കും ഉണ്ടല്ലേ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന പഴയ കാലം.

@ഗീത :) പോസ്റ്റ്‌ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. ഞാനും മാവിന്റെ ചോട്ടില്‍ കുറെ കാലം കുത്തിയിരുന്നിട്ടുണ്ട്. അപ്പൊ കൂട്ടുണ്ട് ല്ലേ?

Sudha said...

ഓർമകൾ ഉണ്ടായിരിക്കണം അല്ലെങ്കിൽ....നാം എങ്ങനെ നമ്മളാവും!!!