Tuesday, September 6, 2011


കഴിഞ്ഞ മാസം ഒരു ദിവസം. കൃത്യമായി പറഞ്ഞാല്‍ ആഗസ്റ്റ്‌ ഇരുപത്തിനാലാം തീയതി. വൈകിട്ട് ഓഫീസ് വിട്ടു ഞാന്‍ ബസ്‌ കാത്തു സ്റ്റോപ്പില്‍ നില്‍ക്കുകയാണ്.ഓണത്തിരക്ക് കാരണം ബസ്‌ ഒന്നും സമയത്തിന് വരുന്നില്ല. പോരാത്തതിനു പേമാരി പോലത്തെ മഴയും. എറണാകുളം മൊത്തത്തില്‍ ബ്ലോക്ക്‌ ആവുന്ന ദിവസങ്ങള്‍.ബസ്‌ വരുന്നതും കാത്തു അക്ഷമയായി ഞാന്‍ അങ്ങനെ നിന്നു.

അപ്പോഴാണ് രണ്ടു സ്ത്രീകള്‍ ബസ്‌ സ്റ്റോപ്പിലേക്ക് വന്നത്. എന്റെ ഓഫീസിനടുത്തു വളരെ പ്രസിദ്ധമായ ഒരു പള്ളിയുണ്ട്. കണ്ടപ്പോള്‍ തന്നെ മനസ്സിലായി അവര്‍ പള്ളിയില്‍ പോയിട്ട് വരുകാണെന്നു. എന്നെ കണ്ടപ്പോള്‍ അവര്‍ ചോദിച്ചു, എറണാകുളത്തേക്ക് ഇപ്പൊ ബസ്‌ ഉണ്ടോ എന്ന്. ഉവ്വ്, ബസ്‌ ഉണ്ട്, ഞാനും അത് കാത്തു നില്‍ക്കുകയാണെന്ന് പറഞ്ഞു..ഇപ്പോള്‍ ബസ്‌ കാത്തു നില്‍ക്കുന്നത് മൂന്നു പേര്‍..

സമയം ആറ് മണി ആവാറായി. ഇനി നേരിട്ടുള്ള ബസ്‌ കാത്തു നിന്നിട്ട് കാര്യം ഇല്ല. ഞാന്‍ അവരോടു നമുക്ക് കിട്ടുന്ന ബസില്‍ പോവാം എന്ന് പറഞ്ഞു. അവര്‍ക്ക് പോവേണ്ടത് ആലുവയിലേക്ക്, സ്ഥലം അറിയില്ല എന്ന് പറഞ്ഞു. ഞാന്‍ എന്റെ കൂടെ പോന്നോളാന്‍ പറഞ്ഞു പിന്നെ വന്ന ബസില്‍ കയറി.

ബസില്‍ എന്റെ കൂടെ അവരും കയറി. അല്പം കഴിഞ്ഞപ്പോള്‍ നേരെ ആലുവയിലേക്കുള്ള ബസ്‌ വന്നു. ഇത് പുറപ്പെടുന്നതിനു മുന്നേ ഞാന്‍ ചാടി ഇറങ്ങി ആലുവ ബസില്‍ കയറി. ഇറങ്ങാന്‍ നേരം ഞാന്‍ അവരെയും വിളിച്ചു. അവരും എന്റെ കൂടെ ഇറങ്ങി.

ഇവര്‍ രണ്ടു പേര്‍ക്കും എന്നേക്കാള്‍ പ്രായം ഉണ്ട്. ക്രിസ്ത്യന്‍ ആണെന്ന് എനിക്ക് തോന്നിയില്ല. അവര്‍ പള്ളിയില്‍ പോയതാണെന്ന് എന്നോട് പറഞ്ഞിരുന്നു. ആലുവ ബസില്‍ കയറാന്‍ ഞാന്‍ നില്‍ക്കുമ്പോ, അതില്‍ ഒരു സ്ത്രീ എന്റെ കൈയ്യില്‍ രണ്ടു കൈയും കൊണ്ട് പിടിച്ചു, എന്റെ കൈയ്യിലേക്ക് എന്തോ വെച്ച് തന്നു. എന്നിട്ട് പറഞ്ഞു..'വായില്‍ വെള്ളമില്ലാതെ ഉണങ്ങിയിരിക്കുവല്ലേ, ഇത് കഴിച്ചോ' എന്ന്.

ഒരു നിമിഷ നേരത്തേക്ക് ഞാന്‍ സ്തംഭിച്ചു നിന്നു പോയി. കൈയ്യില്‍ ഒരു ചെറിയ മിട്ടായി. അവരും ഒരു മിട്ടായി വായിലിട്ടിട്ടുണ്ട്. ഞാന്‍ മിണ്ടാതെ ബസില്‍ കയറി. തൊട്ടു പിറകിലെ സീറ്റില്‍ അവര്‍ രണ്ടു പേരും ഇരുന്നു. കൈയ്യില്‍ കിട്ടിയ മിട്ടായി ഞാന്‍ കുറച്ചു നേരം അങ്ങനെ തന്നെ വെച്ച്. തിന്നണോ വേണ്ടയോ എന്ന സംശയം ബാക്കി.

അപരിചിതര്‍ തരുന്ന ഒന്നും വാങ്ങി കഴിക്കരുതെന്ന് എന്റെ മകളെ ഗുണദോഷിക്കുന്ന ഞാന്‍. തിന്നില്ലെങ്കില്‍ അവര്‍ക്ക് എന്ത് തോന്നും എന്ന മറു വിചാരം. ഇന്നത്തെ കാലത്ത് ആരെയും വിശ്വസിക്കാന്‍ പറ്റാത്ത കാലം. വല്ല മയക്കുമരുന്നും ഇട്ട മിട്ടായി ആണോ ഇത്? സ്വര്‍ണത്തിനൊക്കെ ഇപ്പൊ എന്താ വില? അങ്ങനെ പലതും ആലോചിച്ചു ഞാന്‍ അങ്ങനെ ഇരുന്നു.

പിന്നെ തോന്നി, അവര്‍ അവരുടെ നല്ല മനസ്സ് കൊണ്ട് തന്നതാണെന്ന്, അവരുടെ നിഷ്കളങ്കത കൊണ്ട് തന്നതാണെന്ന്, എന്തോ ആവട്ടെ മനുഷ്യരില്‍ എനിക്കിപ്പോഴും വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല, ഞാന്‍ രണ്ടും കല്‍പ്പിച്ചു ആ മിട്ടായി തിന്നു.

പത്തു മിനിട്ട്. ഒന്നും സംഭവിച്ചില്ല. അപ്പോഴേക്കും ഞാന്‍ സ്വകാര്യമായ ഒരു കാര്യം ഓര്‍ത്തെടുത്തു...അന്നെന്റെ പിറന്നാള്‍ ആയിരുന്നു..!!! കുഞ്ഞായിരുന്നപ്പോള്‍ നമുക്ക് പിറന്നാളിന് മിട്ടായി കിട്ടുമായിരുന്നു..വലുതായാലോ? എന്റെ ഇത്തവണത്തെ പിറന്നാളിന് എനിക്ക് കിട്ടിയ ഒരേ ഒരു മിട്ടായി അതായിരുന്നു...!!

അടിക്കുറിപ്പ്: എല്ലാവര്ക്കും സമൃദ്ധിയുടെ പൊന്നോണം ആശംസിക്കുന്നു..
സസ്നേഹം,
രാധ.

23 comments:

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഒരു പോസ്റ്റിൽ എല്ലാം ഉൾക്കൊള്ളിച്ചു അല്ലേ..
ആരാന്റെ മിട്ടായി,നമ്മുടെ ഓണം,സ്വന്തം പിറന്നാൾ,...!

അല്ലാ എന്ത് പറ്റി രാധാജി...മാവേലി വരുന്നത് പോലെയായല്ലോ ബ്ലോഗിലും ...?

ശ്രീ said...

നല്ല പോസ്റ്റ്!

വൈകിയാണെങ്കിലും പിറന്നാള്‍ ആശംസകള്‍, ചേച്ചീ

ramanika said...

belated wishes for the b'day
happy onam!

Sukanya said...

പിറന്നാളിനും ഓണത്തിനും രാധ കണ്ട നന്മയുള്ള മനുഷ്യര്‍ക്കും രാധയ്ക്കും എല്ലാം ചേര്‍ന്ന് ഇമ്മിണി വല്യ ആശംസകള്‍. മുരളിമുകുന്ദന്‍ കമന്റ്‌ സൂപ്പര്‍.

premanandan said...

വൈകിയാണെങ്കിലും മിട്ടായി കിട്ടിയല്ലോ... രാധേച്ചീടെ കുട്ടികള്‍ മറ്റുള്ള വരുടെ കൈയ്യില്‍നിന്നും വാങ്ങി കഴിക്കില്ലെന്ന് മനസ്സിലാക്കിയ ആരെങ്കിലും ആയിരിക്കും ചേച്ചീടെ പിറന്നാള്‍ ആണെന്ന് മനസ്സിലാക്കി തന്നത് ...
ചേച്ചിക്ക് മനസ്സിലായില്ലേ അവരെ പള്ളിമുക്കിലെ കത്രീന ചേച്ചിയും ലിസിയും ആയിരുന്നു അവര്‍ ....
പിറന്നാള്‍ ആശംസകള്‍ ....

ഓണ മത്സരത്തില്‍ അടിക്കുറിപ്പൊന്നും എഴുതിക്കണ്ടില്ല ... എഴുതൂ ...

ഓണാശംസകള്‍ ...

വിനുവേട്ടന്‍ said...

ഒരു ചക്ക വീണപ്പോൾ മുയൽ ചത്തില്ല എന്ന് വച്ച് അടുത്ത ചക്ക വീഴുമ്പോൾ തല കാണിച്ച് നിൽക്കണ്ട കേട്ടോ... എന്തായാലും പിറന്നാളോണാശംസകൾ...

ഗീത said...

പിറന്നാളാശംസകളും ഓണാശംസകളും. പോസ്റ്റ് വായിച്ച് ടെൻഷനടിച്ചു പോയി. ശരിയാണ് ഇക്കാലത്ത് ആരേയും വിശ്വസിക്കാൻ വയ്യ തന്നെ.

raadha said...

@മുരളിയേട്ടന്‍ :) കണ്ടോ എത്ര കൃത്യമായിട്ട്‌ പറഞ്ഞിരിക്കുന്നു. എനിക്ക് തോന്നുന്നു എന്നെ കൊണ്ട് ഈ കുഞ്ഞു ബ്ലോഗ്‌ പോലും ചൊവ്വേ നേരെ നടത്തി കൊണ്ട് പോവാന്‍ പറ്റില്ലെന്ന്...തിരക്കോട് തിരക്ക് അതാണുട്ടോ കാര്യം.

@ശ്രീ :) അനിയനും വര്‍ഷക്കും സുഖം തന്നെ അല്ലെ? ആ വഴിയൊക്കെ വന്നിട്ട് ഇപ്പൊ ഒരു പാട് കാലം ആയി. ആശംസകള്‍ക്ക് നന്ദി.

@ramanika :) തിരിച്ചും ഒരായിരം ആശംസകള്‍ നേരുന്നു. അല്പം തിരക്കില്‍ ആണ്.

@സുകന്യ :) നമുക്ക് ചുറ്റും ഇത് പോലെ നല്ല മനുഷ്യര്‍ ഉള്ളത് കൊണ്ടല്ലേ നമ്മള്‍ ജീവിച്ചു പോകുന്നത് (നമ്മള്‍ നന്നാവണ്ട!! :P ) ആശംസകള്‍ക്ക് ഒത്തിരി നന്ദി.

raadha said...

@പ്രേമാനന്ദന്‍ :) ഞാന്‍ അവിടെ വന്നു നോക്കി. ഇതിപ്പോ പത്തു എണ്ണത്തിന് അടി കുറിപ്പ് എഴുതാന്‍ നമ്മുടെ കൈയ്യില്‍ സ്റ്റോക്ക്‌ ഇല്ല അനിയാ. അത് കൊണ്ട് വേണ്ടാന്നു വെച്ചു. മത്സരത്തില്‍ ആര് ജയിച്ചു ന്നു അറിയണം ട്ടോ. അതോ ചുമ്മാ ആളെ കളിപ്പിച്ചതാണോ?. കത്രീന ചേച്ചിയോടും, ലിസി ചേച്ചിയോടും അന്വേഷണം അറിയിക്കാം ട്ടോ.

@വിനുവേട്ടന് :) പിറന്നാള്‍ ഓണാശംസകള് ഒരു പാടിഷ്ടമായി . അതെ, ഇത്തവണ രക്ഷപെട്ടു, എന്റെ ഭാഗ്യം. ഇപ്പോഴും അങ്ങനെ ആവണം എന്നില്ല. ശരിയാ ട്ടോ.

സൂക്ഷിക്കാം, സൂക്ഷിക്കണം.

@ ഗീത :) ഒരു പൂച്ച പോസ്റ്റ്‌ ഇടാന്‍ കൊറേ നാളായിട്ട് വിചാരിക്കുന്നു. നടന്നില്ല. ഏയ്‌, എല്ലാരും മോശവുമല്ല എന്നുള്ള കാര്യം കൂടി നമുക്ക് ചിന്തിക്കാം ട്ടോ. :-)

നിറങ്ങള്‍..colors said...

ആകസ്മികത ഒരു മധുര മിട്ടായി നീട്ടിയ ആശംസ ...എത്ര മനോഹരമായ ജന്മദിനം .നല്ല പോസ്റ്റ്‌
വൈകിയെങ്കിലും ജന്മദിനാശംസകള്‍ കൂടെ ഓണാശംസകളും .

പ്രേം I prem said...

തിരുവോണത്തിന് അരങ്ങേറിയ മത്സരഫലം വന്നൂ .... കേട്ടോ ....

http://premanandan-me.blogspot.com/2011/09/blog-post_17.html

raadha said...

@നിറങ്ങള്‍ :) സന്തോഷമായി. എന്താ ഇത് വരെ ഈ വഴിക്കൊന്നും വരാതെ എന്ന് കരുതിയിരിക്കയായിരുന്നു. ആശംസകള്‍ക്ക് നന്ദി ട്ടോ.

@പ്രേമാനന്ദന്‍ :) ഉം, കണ്ടു, ഇങ്ങനെ ആളെ കളിപ്പിക്കരുത് ട്ടോ. കമന്റ്‌ ഇട്ടിട്ടുണ്ട്.

മനോജ്‌ വെങ്ങോല said...

നന്നായിരിക്കുന്നു എഴുത്ത്.
നന്മകള്‍.

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

വായും പൊളിച്ചിരുന്നത് കൊണ്ടല്ലേ 'വായില്‍ വെള്ളമില്ലാതെ ഉണങ്ങിയിരിക്കുവല്ലേ, ഇത് കഴിച്ചോ'എന്ന് അവര്‍ പറയാന്‍ ഇടവന്നത്!
ഏതായാലും ഫ്രീ ആയിക്കിട്ടിയ മുട്ടായിടെ ജാതകം നോക്കണ്ട. അങ്ങട് കഴിക്ക്യ.
പിറന്നാള്‍ ആശംസകള്‍.

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...
This comment has been removed by the author.
MyDreams said...

അപ്പോള്‍ അത് നല്ല മിട്ടായി ആയിരുന്നു അല്ലെ ....

ജീവി കരിവെള്ളൂര്‍ said...

കയ്യിലിങ്ങനെ സമ്പാദ്യം മുഴുവൻ കൊണ്ടുനടക്കുന്നോണ്ടല്ലേ ഇങ്ങനെയൊക്കെ പേടിക്കേണ്ടിവരുന്നത് ;)

raadha said...

@ മനോജ്‌ :) ഇത് വഴിയുള്ള ആദ്യ വരവിനു സ്വാഗതം ട്ടോ. ആശംസകള്‍ക്ക് നന്ദി.

@തണല്‍ :) ഏയ്‌, ഇപ്പൊ ഫ്രീ ആയിട്ട് കിട്ടുന്ന സാധനം ആണ് അധികം പേടിക്കേണ്ടത്. വൈകിട്ടത്തെ വീട്ടിലേക്കുള്ള വരവിലെ ദയനീയത കണ്ടിട്ടാവും അവര്‍ അങ്ങനെ പറഞ്ഞത്..എന്നാലും ഒരു പരിചയവും ഇല്ലാത്ത അവര്‍ക്ക് എന്നെ അങ്ങനെ എങ്കിലും സ്നേഹിക്കാന്‍ തോന്നിയല്ലോ. അതിശയം തന്നെ!!

@MY DREAMS :) അതെ, നല്ല മനസ്സോടെ തന്ന നല്ല മിട്ടായി...ഇപ്പോഴും നമ്മുടെ നാട്ടില്‍ നല്ല മനുഷ്യര്‍ ഉണ്ട് എന്ന ഒരു ആശ്വാസം പങ്കിട്ടതാണ് ഇവിടെ.

@ജീവി :) നമ്മുടെ ജീവന്‍ തന്നെ അല്ലെ നമ്മുടെ ഏറ്റവും വലിയ സമ്പാദ്യം? അത് വീട്ടിലോ ഓഫീസിലോ സൂക്ഷിച്ചു വച്ചിട്ട് നടക്കാന്‍ പറ്റുമോ? ;)

പ്രഭന്‍ ക്യഷ്ണന്‍ said...

ഇവ്ടെ ആദ്യാണ്.
എഴുത്ത് ഇഷ്ട്ടായി.
കുഞ്ഞുണ്ണി മാഷെ ഓര്‍ത്തുപോയി.

“ മുട്ടായിയില്‍ ബുദ്ധി ചേര്‍ത്താല്‍
ബുദ്ധിമുട്ടായി....!!!”
ബുദ്ധിമുട്ടായില്ലല്ലോ ഭാഗ്യം.

പിന്നെ ‘പേമാരിപോലത്തെ മഴ’ ഈ പ്രയോഗം ശരിയാണോ..?
ആശംസകളോടെ..പുലരി

raadha said...

@പ്രഭന്‍ :-) ആദ്യത്തെ വരവിനു സ്വാഗതം. ശരിയാണല്ലോ, മാരി എന്ന് പറഞ്ഞാല്‍ തന്നെ മഴ ആയല്ലോ. ഗേറ്റ്,പടി, വാതില്‍ പോലെ ആയി പോയി അല്ലെ? തെറ്റ് കാണിച്ചു തന്നതില്‍ വളരെ അധികം നന്ദി. ഇത്തവണ മുട്ടായി പണി തന്നില്ല. ഭാഗ്യം.

പ്രേം I prem said...

അല്ലാ ... ഈ രാധ ചേച്ചി എവിടെയാ ... ആരെങ്കിലും കണ്ടോ !!!

anupama said...

പ്രിയപ്പെട്ട രാധ,
വൈകിയാണെങ്കിലും,പിറന്നാള്‍ ആശംസകള്‍!
ഒരു മധുരം നമുക്കായി ഈശ്വരന്‍ എപ്പോഴും കരുതും. വിശ്വസിക്കണം.
എഴുത്ത് ഇഷ്ടമായി. എന്തേ അധികം എഴുതാത്തത്?
സസ്നേഹം,
അനു

raadha said...

@പ്രേം :) വളരെ നന്ദി ട്ടോ. വല്ല കാലത്തും ഇവിടെ വരുമ്പോ എന്നേക്കാള്‍ മുന്‍പേ ഇവിടത്തെ പൊടിയൊക്കെ അടിച്ചു മാറ്റി വൃത്തിയാക്കിയതിനു നന്ദി!

@anu :) ഇവിടേയ്ക്ക് സ്വാഗതം. ഞാനും ഒരു അനു ആണുട്ടോ. ഇവിടേയ്ക്ക് വരാന്‍ ഇപ്പൊ അങ്ങനെ നേരം കിട്ടാനില്ല. അതാ..പോസ്റ്റ്‌ കുറച്ചത്.