Tuesday, March 1, 2011

മരിച്ചവര്‍ തിരിച്ചു വരുമോ?


കുഞ്ഞുന്നാള്‍ മുതലേ കഥകള്‍ കേള്‍ക്കാന്‍ വളരെ അധികം താല്പര്യം ഉണ്ടായിരുന്നു എനിക്ക്. അത് വളര്‍ന്നപ്പോള്‍ പുസ്തക വായനയിലേക്ക് നീണ്ടു. ഇപ്പോഴും വായിക്കാന്‍ ഒരു പുതിയ പുസ്തകം ഇല്ലെങ്കില്‍ ഒരു തരം ശ്വാസം മുട്ടല്‍ ആണ്. അത് കൊണ്ട് തന്നെ അടുത്ത് അറിയാവുന്നവര്‍ പലപ്പോഴും ഗിഫ്റ്റ് തരുന്നത് പുസ്തകങ്ങള്‍ ആണ്. അങ്ങനെ ആണ് മാര്‍കേസിന്റെ തിരഞ്ഞെടുത്ത കുറച്ചു കഥകള്‍ വായിക്കാന്‍ ഇടയായത്.

അതില്‍ ഒരു കഥയുണ്ട്. തന്റെ മരിച്ചു പോയ കുഞ്ഞു മകളുടെ മൃതദേഹം അഴുകുന്നില്ല എന്ന് കണ്ടു ഒരു പിതാവ് അവളെ ഒരു ചെറിയ പെട്ടിയിലാക്കി Rome ലേക്ക് കൊണ്ട് പോവുകയാണ്. അവള്‍ വിശുദ്ധ ആണെന്ന് സമ്മതിപ്പിക്കാന്‍. പോകുന്ന വഴിയില്‍ അദ്ദേഹം ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങുമ്പോഴും ഒക്കെ ഈ പെട്ടി കൂടെ ഉണ്ട്. ഇടയ്ക്കിടെ മകളുടെ സുന്ദരമായ മുഖം ഇദ്ദേഹം കാണുകയും ചെയ്യുന്നുണ്ട്, മറ്റു യാത്രികരോട് ഇതേ കുറിച്ച് പറയുകയും ചെയ്യുന്നുണ്ട്.(Strange Pilgrims)

ഈ കഥ വായിച്ചപ്പോള്‍ മുതല്‍ മനസ്സില്‍ ഒരു പോറല്‍ പോലെ ഒരു ചോദ്യം ഇടയ്ക്കിടെ പൊന്തി വരുന്നുണ്ട്. ചോദിക്കട്ടെ?

നിങ്ങളില്‍ ആര്ക്കെങ്ങിലും നിങ്ങളുടെ പ്രിയപ്പെട്ട മരിച്ചു പോയവരെ വീണ്ടും കാണാന്‍ ആഗ്രഹം ഉണ്ടോ? അങ്ങനെ കണ്ടാല്‍ എന്താവും പ്രതികരണം? സന്തോഷം ഉണ്ടാകുമോ? അതോ സങ്കടം?

എനിക്ക് ഇത് രണ്ടുമുണ്ടാവില്ല തീര്‍ച്ച. എനിക്ക് പേടിയാവും. ഉറപ്പ്.മരിച്ചു പോയവര്‍ എത്ര പ്രിയപ്പെട്ടവര്‍ ആയാലും വീണ്ടും അവരെ കാണുന്നത് എനിക്ക് ഒരിക്കലും സന്തോഷകരം ആവാന്‍ വഴിയില്ല. അങ്ങനെ ഒരു അവസ്ഥ ഓര്‍ക്കാന്‍ തന്നെ ബുദ്ധിമുട്ട് ആണ്.സ്വപ്നങ്ങളില്‍ അവരെ ചിലപ്പോള്‍ കാണാറുണ്ട്. അത് പക്ഷെ ഒരിക്കലും ഭീതിജനകം അല്ല. കാരണം അപ്പോള്‍ അവര്‍ മരിച്ചവര്‍ എന്ന രീതിയില്‍ അല്ല കാണുന്നത്. ജീവിച്ചിരിക്കുന്ന അവരുടെ കൂടെ ഞാന്‍, അങ്ങനെ.

പണ്ട് ഒരിക്കെ അമ്മ പറഞ്ഞു കേട്ടിട്ടുള്ളതാണ്. ഞങ്ങള്‍ താമസിച്ചിരുന്നത് ഇന്നത്തെ കൊച്ചിന്‍ ഷിപ്‌യാര്‍ഡ്‌ ഇരിക്കുന്ന സ്ഥലത്തായിരുന്നു. ഷിപ്‌യാര്‍ഡ്‌നു വേണ്ടി സ്ഥലം കൊടുത്തതാണ് ഞങ്ങള്‍ . അപ്പൊ അവിടെ ഞങ്ങളുടെ ഒരു പള്ളിയും ഉണ്ടായിരുന്നു. വരവുകാട്ടു കുരിശു പള്ളി. ഈ പള്ളിയും പൊളിച്ചു കളയേണ്ടി വന്നു. അപ്പൊ പള്ളിയുടെ കൂടെ ഉള്ള സെമിത്തേരിയില്‍ മരിച്ചവരെ അടക്കിയത് എന്ത് ചെയ്യണം എന്നായി പ്രശ്നം. പള്ളിയുടെ ഇടവക പള്ളിയിലേക്ക് (അംബികാപുരം) ഈ പള്ളി ചേര്‍ക്കാന്‍ തീരുമാനിച്ചു, അവിടെ ഉള്ള എല്ലാ മരിച്ചവരുടെ ബന്ധുക്കളും സെമിത്തേരിയില്‍ അടക്കിയ തങ്ങളുടെ പ്രിയപ്പെട്ടവരുടെ കുഴികള്‍ മാന്തി ബാക്കിയുള്ള അവശിഷ്ടങ്ങള്‍ എല്ലാം കൂടെ ഇടവക പള്ളിയില്‍ ഒരു പൊതു കുഴിയില്‍ അടക്കം ചെയ്യാന്‍ അനുവദിച്ചു.

അങ്ങനെ മരിച്ചവരുടെ എല്ലാം ബന്ധുക്കളുടെ സാന്നിധ്യത്തില്‍ മത പുരോഹിതന്മാര്‍ വന്നു കര്‍മങ്ങള്‍ ചെയ്തു കുഴികള്‍ എല്ലാം തുറന്നു. 4 - 5 കൊല്ലങ്ങള്‍ക്ക് മുന്‍പ് മരിച്ച ഒരു ചേടത്തി ഉണ്ടായിരുന്നു. പള്ളന്‍സ്‌ കുടുംബത്തിലെ ആണ്. ചേടത്തിയുടെ കുഴി മാന്തിയപ്പോള്‍ ചേടത്തിക്ക് ഒരു കുഴപ്പവും വരാതെ അങ്ങനെ തന്നെ ഇരിക്കുന്നു. നഖങ്ങള്‍ നീണ്ടും ഇരിക്കുന്നു!!! കുഴി തുറന്നവരും കണ്ടു നിന്നവരും ആകെ അമ്പരന്നു. പിന്നെ ചേടത്തിയെ അപ്പോള്‍ മരിച്ചവരെ അടക്കുന്ന കര്‍മ്മങ്ങള്‍ എല്ലാം ചെയ്തു വീണ്ടും പുതിയ സെമിത്തേരിയില്‍ അടക്കം ചെയ്തു. ഇത് ഉണ്ടായ സംഭവം. പിന്നീട് പറഞ്ഞു കേട്ടത്, ചേടത്തിയുടെ മക്കള്‍ വയസ്സ് കാലത്ത് അമേരിക്കയില്‍ നിന്ന് ചേടത്തിക്ക് മരുന്നുകള്‍ അയച്ചു കൊടുത്തിരുന്നു. അതിന്റെ ഒക്കെ സൈഡ് effects കൊണ്ടാണ് ശരീരം അഴുകാതെ ഇരുന്നത് എന്ന്. അമ്മയുടെ ചെറുപ്പ കാലത്ത് നാട്ടില്‍ ഒത്തിരി പുകിലുണ്ടാക്കിയ ഒരു സംഭവമായിരുന്നു ഇത്.

ചെറുപ്പത്തിലെ ഇങ്ങനെ ഒക്കെ ഉള്ള കഥകള്‍ കേട്ട് വളര്‍ന്നത്‌ കൊണ്ടാവാം എനിക്ക് ഇപ്പോഴും മൃതദേഹങ്ങള്‍ കാണുന്നത് പേടിയാണ്. മരിച്ചവര്‍ ജീവന്‍ വെച്ച് തിരിച്ചു വരുന്ന കാര്യം ഓര്‍ക്കാനേ വയ്യ.

നിങ്ങള്‍ക്കോ?

17 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

മരിച്ച ശരീരങ്ങൾ അഴുകിപ്പോകാതെ സൂക്ഷിച്ചുവെക്കുന്ന എത്രസൂത്ര പണികൾ പണ്ട് മുതലേ ചില മാനിതർ ഇന്നുവരെ പരസ്യമായും രഹസ്യമായും അനുവർത്തിക്കുന്നുണ്ട്...കേട്ടൊ രാധാജി

നിറങ്ങള്‍..colors said...

Jeevitham munnottu pokumbolaanallo maranam varunnath athum munnottu thanne povatte ..thirichu varunnath shariyalla..

ramanika said...

മരിച്ചവര്‍ തിരിച്ചുവന്നാല്‍ സത്യത്തില്‍ ഞെട്ടല്‍ അനുഭവപെടും
പിന്നെ പലപ്പോഴും അമ്മയെ സ്വപ്നത്തില്‍ കാണാറുണ്ട്‌ പക്ഷെ കൂടെ ഉള്ള ഞാന്‍ വ്യക്തമാകാറില്ല
പോസ്റ്റ്‌ നന്നായി !

പട്ടേപ്പാടം റാംജി said...

മരിച്ചവര്‍ തിരിച്ച് വന്നാല്‍ പൊതുവില്‍ ഭയം തന്നെയായിരിക്കും എങ്കിലും ചില കേസുകളില്‍ തിരിച്ചും സംഭവിക്കാം എന്ന് തോന്നുന്നു.

വിനുവേട്ടന്‍ said...

നമുക്ക്‌ പ്രീയപ്പെട്ടവര്‍ മരണശേഷം ജീവനോടെ തിരികെ വന്നാല്‍ എന്തുകൊണ്ടും സന്തോഷദായകം തന്നെയായിരിക്കും എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌... പ്രീയപ്പെട്ടവര്‍ എന്നത്‌ പ്രത്യേകം ശ്രദ്ധിച്ചുകാണുമല്ലോ...

ശ്രീ said...

വിനുവേട്ടന്‍ പറഞ്ഞത് ചെറിയൊരു മാറ്റത്തോടെ ആവര്‍ത്തിയ്ക്കുന്നു.

മരിച്ചുപോയ, നമുക്കു വളരെ പ്രിയപ്പെട്ടവര്‍ ജീവനോടെ തിരിച്ചു വന്നാല്‍ അവരെ വീണ്ടും തിരിച്ചു കിട്ടിയല്ലോ എന്ന് കരുതി സന്തോഷിയ്ക്കുകയാകും ചെയ്യുക.

പക്ഷേ, മരിച്ചു പോയവരെ മരിച്ചവരായി തന്നെ പിന്നെയും പിന്നെയും കാണേണ്ടി വന്നാലത്തെ അവസ്ഥ ചിലപ്പോള്‍ നമ്മുടെ സമൂഹത്തിന് അംഗീകരിയ്ക്കാന്‍ സാധിച്ചെന്ന് വരില്ല. കാണുന്നവര്‍ക്ക് വട്ടാണെന്നോ അല്ലെങ്കില്‍ ബാധയാണെന്നോ ഒക്കെയാകും പറയുക.

(എങ്കിലും, 'മൊഹബത്തേന്‍' എന്ന ചിത്രത്തില്‍ ഷാരൂഖ് ഐശ്വര്യയെ കാണുന്ന പോലെയോ മറ്റോ ആയാലെന്താണ് കുഴപ്പം?)

Sukanya said...

ഈ പോസ്റ്റിലൂടെ രാധയുടെ കുട്ടിക്കാലത്ത് നടന്ന സംഭവം ഞങ്ങള്‍ക്കും അറിയാറായി. ആ ചേടത്തിയുടെ കഥ കേട്ട് വിസ്മയം കൊണ്ടു. പിന്നെ നമ്മുടെ പ്രിയപ്പെട്ടവര്‍ തിരിച്ചു വന്നാല്‍ നമുക്ക്സന്തോഷം. പക്ഷെ അവര്‍ക്കും സന്തോഷമാവേണ്ടേ? ജീവിച്ചിരുന്നുവെങ്കില്‍ ഇത് ചെയ്യുമായിരുന്നു, അത് ചെയ്യുമായിരുന്നു എന്നൊക്കെ പറയുന്ന നമ്മള്‍ അതൊക്കെ ചെയ്യുമോ എന്ന് സ്വയം തിരിച്ചറിയാനും കഴിയും.

raadha said...

മുരളിയേട്ടന്‍ :) ശരിയാണ്,പക്ഷെ അത് ഒരു വല്ലാത്ത പണി തന്നെ !!

നിറങ്ങള്‍ :) അതെ, മരിച്ചവര്‍ തിരിച്ചു വന്നാല്‍ അത് എത്രത്തോളം ശരിയാകും എന്ന് അറിയില്ല..

ramanika :) പോസ്റ്റ്‌ ഇഷ്ടപ്പെട്ടു എന്നറിയിച്ചതില്‍ സന്തോഷം. ഞാനും അമ്മയെ സ്വപ്നം കാണാറുണ്ട്. പക്ഷെ അമ്മ മരിച്ചുപോയി എന്ന ഓര്മ അപ്പോള്‍ ഉണ്ടാവില്ല. അമ്മ മരിച്ചിട്ടിപ്പോ രണ്ടു വര്ഷം തികയുന്നു.

റാംജി :) അതെ, എനിക്കും അത് ഒരു വല്ലാത്ത അസ്വസ്ഥത തരുന്ന കാര്യം ആണ്..

raadha said...

@വിനുവേട്ടന്‍ :) എന്നാലും എത്ര പ്രിയപ്പെട്ടവര്‍ ആയാലും പിന്നീട് അവര്‍ക്ക് നമ്മുടെ ഒരുമിച്ചു ജീവിക്കാന്‍ സാധിക്കില്ലെല്ലോ..അവര്‍ക്ക് വേറെ ഏതോ ഒരു ലോകം അല്ലെ ഉണ്ടാവുക. പഴയ അടുപ്പം അവരോടു നമുക്ക് കാണിക്കുവാന്‍ സാധിക്കുമോ? സന്തോഷമാണോ ഇല്ലയോ എന്നറിയാന്‍ എന്തായാലും അവരാരും തിരിച്ചു വരാതെ ഇരിക്കട്ടെ. പേടിച്ചു ഞാന്‍ ചത്ത്‌ പോകും.

@ശ്രീ :) ആ സിനിമയിലെ പോലെ ആണ് എന്ന് നമുക്ക് നേരത്തെ തീരുമാനിക്കാന്‍ പറ്റില്ലെല്ലോ. പ്രിയപ്പെട്ടവര്‍ മരിച്ചു പോയിട്ടും തിരികെ വന്നാല്‍, അത് നമ്മള്‍ മാത്രം കണ്ടാലും അനുഭവിച്ചാലും സംഗതി പിശകാകുമേ.. പക്ഷെ, ചിലര്‍ക്ക് മരിച്ചു പോയവരുടെ ചില സൂചനകള്‍ മനസ്സിലാക്കാന്‍ കഴിവുണ്ടെന്ന് കേട്ടിട്ടുണ്ട്, അവരെ കാണാനും.

@സുകന്യ :) ഇത് എന്റെ അമ്മയുടെ ചെറുപ്പ കാലത്ത് നടന്ന സംഭവം ആണ്...ഇത് പോലെ ആരും മറ്റു പലരുടെയും കുഴി മാന്താന്‍ വരാത്തത് കൊണ്ട് നമ്മള്‍ കൂടുതല്‍ അറിയുന്നില്ല എന്നേയുള്ളു. ഹി ഹി. ആരൊക്കെയാണോ ആവൊ അവിടെ മുടിയും നേടും, നഖവും നീണ്ടു കണ്ണും തുറന്നു ഇരിക്കുന്നത്!!!

ഒരില വെറുതെ said...

ശരിയാണ്. മരിച്ചവര്‍ തിരികെയെത്തുന്നതും കാണുന്നതുമെല്ലാം സങ്കല്‍പ്പം കൊണ്ടു മാത്രം പൂരിപ്പിക്കാവുന്ന സാധ്യതകളാണ്.
ഉള്ളില്‍ കാലങ്ങളായി തിണര്‍ത്തുനില്‍ക്കുന്ന പല തരം പേടികളില്‍ ഒന്ന്. ഫിലിം ഫെസ്റ്റിവലില്‍ ഒരു സിനിമയില്‍നിന്ന് മറ്റൊന്നിലേക്കുള്ള പാച്ചിലില്‍ കണ്ടിരുന്നു ഒരു വിദേശചിത്രം. അതില്‍, പ്രിയപ്പെട്ട മകളെ കൊല്ലേണ്ടിവരുന്ന ഒരച്ഛന്‍ അവളുടെ ചെവികളില്‍ ഉറങ്ങാന്‍ അവള്‍ക്കേറെ അത്യാവശ്യമായിരുന്ന പാട്ടുപെട്ടിയുടെ ഇയര്‍ഫോണ്‍ വെച്ചു കൊടുക്കുന്ന ഒരു രംഗമുണ്ട്. അന്നേരം ഞെട്ടല്‍പോലെ പൊട്ടിയുണര്‍ന്ന പാട്ടിന് എല്ലാ കാലത്തേക്കും പേടിപ്പിക്കാനുള്ള ഊര്‍ജമുണ്ടായിരുന്നു. കുറസോവയുടെ ഡ്രീംസില്‍ തുരങ്കത്തിലൂടെ അടിവെച്ചു വരുന്ന മരിച്ച പട്ടാളക്കാരുടെ വിഭ്രമാത്മക ദൃശ്യമുണ്ട്. പശ്ചാത്തലത്തിലെ നിലാവിന്റെ നീല നിറം അന്നേരം മരണമല്ലാതെ മറ്റൊന്നുമല്ല. അങ്ങിനെയങ്ങിനെ മരണത്തിന്റെ കാറ്റുവരവുകള്‍ ഓര്‍മ്മയിലേറെ.

Unknown said...

ഈ പേടി കൊണ്ട് ആണ് മരിച്ചു എന്ന് അറിഞ്ഞാല്‍ അത് എത്ര അടുത്ത ആളു ആണ് എങ്കിലും നമ്മള്‍ അറിയാതെ കൈ പിന്‍ വലിക്കുനത് .
പക്ഷേ എന്തോ മരന്നത്തെ ഞാന്‍ ചെറുപ്പത്തില്‍ പേടിച്ചിരുന്നു .ഇപ്പൊ അത് അല്ല ...മരണത്തെ അല്ലെങ്കിലും മരിച്ചവരെ ഞാന്‍ നോക്കി കാണാറുണ്ട് ..ഒന്നും ഇല്ല എങ്കിലും നമ്മുടെ മരണം എങ്കിലും ഓര്‍ത്തെടുക്കാം അല്‍പ്പ സമയത്തേക്ക് എങ്കിലും ....

ജീവി കരിവെള്ളൂർ said...

മരിച്ചവര്‍ തിരിച്ചുവന്നാല്‍ നമുക്ക് സന്തോഷമായില്ലെങ്കിലും അവര്‍ക്ക് സന്തോഷമാകാന്‍ ഇടയുണ്ടെന്ന് ചില പ്രശസ്തരുടെ അനുശോചനക്കുറിപ്പുകള്‍ വായിക്കുമ്പോ തോന്നാറുണ്ട് ;-)

ഇതാ കുഴിച്ചിട്ടാലുള്ള കുഴപ്പം ,അങ്ങു കത്തിച്ചു കളഞ്ഞാപ്പോരായിരുന്നോ .
സൂക്ഷിക്കണം ട്ടോ .

പ്രേം I prem said...

ഓഫീസില്‍ നിന്നും വൈകിയെത്തിയ ഒരു രാത്രി ചേച്ചി അവിടെ ഒരു ആള്‍ ഇരിക്കുന്നത് കണ്ടു എന്ന് മുന്‍പ് പറഞ്ഞിരുന്നില്ലേ...
ഇനി ചേച്ചി ആ വഴി പോകരുതേ .....

raadha said...

@ഒരില വെറുതെ.. :) കഥ പറഞ്ഞു കേള്‍ക്കുമ്പോഴേ പേടി വരുന്നു..അല്ലെങ്കിലും മരണ ശേഷം എന്ത് എന്ന കാര്യം എപ്പൊഴും കൌതുകം തരുന്ന ഒരു സംഭവം ആണ്..

@MY dreams :) മരിച്ചവരെ ഞാനും ഉറ്റു നോക്കി നില്‍ക്കാറുണ്ട്. എന്തിനാണ് എന്നറിയോ ? അവര്‍ എപ്പോഴെങ്കിലും അനക്കം വെക്കുന്നുണ്ടോ എന്നറിയാന്‍!! പല പേടി സ്വപ്നങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്..ഉറ്റവര്‍ ആരോ മരിച്ചത് അറിഞ്ഞു ചെല്ലുമ്പോള്‍ ഞങ്ങള്‍ അങ്ങനെ നോക്കി കൊണ്ട് ഇരിക്കുമ്പോള്‍ അവര്‍ക്ക് അനക്കം വെക്കുന്നത്..എന്റമ്മോ..പേടിച്ചു വിറച്ചു ഞെട്ടി ഉണര്ന്നിട്ടുണ്ട്.. :)


@ജീവി :) ഹി ഹി, അല്ലേലും നമ്മള്‍ ആളുകള്‍ മരിച്ചു കഴിഞ്ഞാല്‍ മാത്രം അവരെ കുറിച്ച് നല്ലത് പറയൂ എന്ന വാശിയില്‍ ആണല്ലോ... അതെ, അതെ, അങ്ങ് കത്തിച്ചു കളഞ്ഞാല്‍ മതിയായിരുന്നു...ഇങ്ങനെ പുഴു അരിക്കാന്‍ വിട്ടു കൊടുക്കാന്‍ ഒട്ടും ഇഷ്ടം ഇല്ല.. എന്ത് ചെയ്യാം, ഞാന്‍ ചത്താലും എന്നെ എല്ലാരും കൂടെ കൊണ്ട് പോയി കുഴിച്ചിടുകയെ ഉള്ളു... :D

@ പ്രേം :) ആഹ, ഇങ്ങനെ കള്ള കഥകള്‍ ഉണ്ടാക്കി പറയാന്‍ കൊറച്ചു നാളായി ഇവിടെ എവിടെയും കണ്ടിരുന്നില്ലല്ലോ. വെറുതെ മനുഷ്യനെ പറഞ്ഞു പേടിപ്പിക്കല്ലേ ട്ടോ.

വീ കെ. said...

പണ്ട് നടന്ന ഒരു സംഭവ കഥ വായിച്ചതോർക്കുന്നു. ഉത്തർപ്രദേശിലാണ്. ഏതോ പാമ്പിൻ വിഷമേറ്റ് മരിച്ച മകന്റെ ശരീരം മറവു ചെയ്യാൻ, ഉറ്റവർ ആരോ വരുന്നതു വരെ കാത്തിരുന്നതു കാരണം സ്വന്തം വീട്ടിൽ സൂക്ഷിക്കുകയും, ദിവസങ്ങൾ കഴിഞ്ഞിട്ടും അഴുകാൻ തുടങ്ങാത്തതു കാരണം ബന്ധുക്കൾ വീണ്ടും പരിശോധിച്ചപ്പോൾ ജീവനുണ്ടെന്നു കണ്ടെത്തുകയും ചെയ്തത്. പിന്നീട് ഉണർന്നെഴുന്നേറ്റതു പോലെ വന്ന മകൻ പറഞ്ഞത് ‘താൻ എല്ലാം അറിയുന്നുണ്ടായിരുന്നുവെന്നും, എന്നാൽ പുറത്തേക്കറിയിക്കാൻ ഒരു അവയവവും ചലിപ്പിക്കാൻ കഴിഞ്ഞില്ലെന്നുമായിരുന്നു..’

മരിച്ചവർ ഉയർത്തെഴുന്നേറ്റു വന്നാൽ സമ്മിശ്രപ്രതികരണമായിരിക്കും ഉണ്ടാകുക. ചിലരെയൊക്കെ പൂവിട്ടു വരവേൽക്കുമ്പോൾ ഭൂരിഭാഗം പേരേയും ജനമോ ബന്ധുമിത്രാതികളോ തല്ലിക്കൊല്ലാനാണു സാദ്ധ്യത....!!

raadha said...

@വീ കെ :) ഉം..അങ്ങനെ ഒരു പാട് കേട്ടിട്ടുണ്ട്...പണ്ട് readers digest ഇല്‍ 'Believe it or not' , 'Life after death' എന്ന രണ്ടു ആര്‍ട്ടിക്കിള്‍ വന്നിരുന്നു.. പലതും വിശ്വസിച്ചേ പറ്റൂ...

Anonymous said...

എന്റെ അച്ഛനും അമ്മയും മരിച്ചു, ഇപ്പോഴും ഒരുപാട് ആഗ്രഹിക്കുന്നു അവർ തിരിച്ചു വന്നെങ്കിൽ എന്ന്, അവർക്ക് പകരം ആകാൻ വേറെ ഒന്നിനും സാധിക്കില്ല,