Sunday, October 10, 2010

ഒരു ഓംലെറ്റിന്റെ കഥ.


വളരെ അധികം വര്‍ഷങ്ങള്‍ക്കു മുന്‍പ്..ഞാന്‍ ഒന്‍പതില്‍ പഠിക്കുന്ന കാലത്തുണ്ടായ സംഭവം ആണ് ഇവിടെ ഇപ്പൊ ഓര്‍ക്കുന്നത്.

എന്റെ ചേട്ടന് കല്യാണം കഴിഞ്ഞു ഒരു പാട് നാളുകള്‍ കുട്ടികള്‍ ഉണ്ടായിരുന്നില്ല. പിന്നെ ബോംബെയിലെ പ്രസിദ്ധമായ ഒരു ഹോസ്പിറ്റലില്‍ infertility ചികിത്സ നടത്തി ഒടുക്കം ചേട്ടത്തിയമ്മ ഗര്‍ഭിണി ആയി. പ്രസവവും അവിടെ തന്നെ ആയിരുന്നു. ഇരട്ട കുട്ടികള്‍ ആയിരുന്നു. ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും ആയിരുന്നു. വീട്ടില്‍ എല്ലാവര്ക്കും ഒരു പാട് സന്തോഷം ആയി...സത്യത്തില്‍ ഇരട്ടി സന്തോഷം ആയി എന്ന് തന്നെ പറയാം.

അങ്ങനെ ഇരിക്കെ, കുട്ടികള്‍ക്ക് 5 വയസ്സായപ്പോള്‍, ആണ്‍കുട്ടി meningitis ബാധിച്ചു മരിച്ചു. എല്ലാവര്ക്കും സഹിക്കാന്‍ ആവാത്ത ഒരു സങ്കടം ആയിപ്പോയി അത്. മരണ വീട്ടിലേക്കു അമ്മ ഞങ്ങളെ കൊണ്ട് പോയി. എല്ലാവരും കരഞ്ഞും പ്രാര്‍ത്ഥിച്ചും ഇരിക്കുന്നു. അടക്കം വൈകുന്നേരം ആയിരുന്നു.

ഉച്ച ആയപ്പോള്‍ എനിക്കും ചേച്ചിക്കും വിശന്നു തുടങ്ങി. രാവിലെ മുതല്‍ ഒന്നും കഴിച്ചിട്ടില്ല. അമ്മയാണെങ്കില്‍ ഞങ്ങളെ ശ്രധിക്കുന്നുമില്ല. കുഞ്ഞു മരിച്ച സങ്കടം കാരണം കരഞ്ഞു കരഞ്ഞു ഞങ്ങളുടെ കണ്ണുകള്‍ രണ്ടും വീര്‍ത്തു ചുവന്നിരുന്നു. എന്നാലും വിശപ്പും ഉണ്ട്. എത്ര നേരം ഇങ്ങനെ ഇരിക്കണം?

അവസാനം ഗതി കേട്ട് ചേച്ചി അമ്മയോട് ചോദിച്ചു, ചേച്ചി അന്ന് 10 -ഇല്‍ ആണ്. അമ്മ പറഞ്ഞു അടുത്ത വീട്ടില്‍ ചോറ് വെച്ചിട്ടുണ്ട്. നിങ്ങള്‍ അവിടെ പോയി കഴിച്ചോളാന്‍. പിന്നെ ഒട്ടും സമയം കളയാതെ ഞങ്ങള്‍ രണ്ടും കൂടി അടുത്ത വീട്ടിലേക്കു ചെന്നു. . സാധാരണ ഇങ്ങനെ മരണ വീടുകളില്‍ ഭക്ഷണം തൊട്ടടുത്ത വീടുകളില്‍ സാധനങ്ങള്‍ ഒക്കെ കൊടുത്തു ഒരുക്കാറുണ്ട്. അവിടെ ആളുകള്‍ ചെന്നു കഴിക്കും. പക്ഷെ, ഞങ്ങള്‍ ചെന്ന വീട്ടില്‍ അല്ലായിരുന്നു ചോറ് അറേഞ്ച് ചെയ്തിരുന്നത്. വളരെ അധികം പാവപ്പെട്ട ഒരു വീട്ടിലേക്കാണ് ഞങ്ങള്‍ വിശപ്പ്‌ പ്രാന്തും പിടിച്ചു കേറിചെന്നത്.

അവിടെ അപ്പോള്‍ ഒരു അമ്മയും മകനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മകന് കോളേജില്‍ ഒക്കെ പഠിക്കുന്ന പ്രായം തോന്നും. ഞങ്ങള്‍ ചെന്നതും ചോറ് ചോദിച്ചു. ആ അമ്മ ഒരു നിമിഷം ഞങ്ങളുടെ മുഖത്തേക്ക് നോക്കി. കരഞ്ഞു വീര്‍ത്ത മുഖവും, പറന്ന തലമുടിയും ഒക്കെ കണ്ടപ്പോ അവര്‍ക്ക് കാര്യം മനസ്സിലായി. . ഇവിടെ ഇരിക്ക് ട്ടോ എന്ന് ഞങ്ങളോട് പറഞ്ഞിട്ട് അവര്‍ വേഗം അടുക്കളയിലേക്കു പോയി.

അമ്മയുടെ പിറകെ മകനും പോയി. അവര്‍ തമ്മില്‍ എന്തോ സംസാരിക്കുന്നത് കണ്ടു.ഞങ്ങള്‍ ചോറും കാത്തു അവിടെ കണ്ട ഒരു ബെഞ്ചില്‍ ഇരുന്നു. മകന്‍ തിരിച്ചു വന്നു, ഞങ്ങള്‍ കുഞ്ഞിന്റെ ആരാ എന്നൊക്കെ ചോദിച്ചു. അതിനിടയില്‍ ആ അമ്മ ധൃതി പിടിച്ചു മുട്ട പൊരിച്ചു. അടുക്കള ഒക്കെ താഴെ നിലത്താണ്. ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും മാങ്ങാ അച്ചാര്‍ ചോറിലേക്ക്‌ ഇട്ടിട്ടു, മുട്ട പൊരിച്ചതും കൂട്ടി ചോറ് തന്നു.

ഇതെന്തു കറി. എന്ന് മനസ്സില്‍ തോന്നി എങ്കിലും ഞങ്ങള്‍ രണ്ടും ഒന്നും പറഞ്ഞില്ല. അപ്പൊ ആ അമ്മ പറഞ്ഞു, വേറൊന്നും ഇരുപ്പില്ലട്ടോ മക്കളെ എന്ന്. വയറു നിറയെ ഉണ്ടോ എന്ന്. പക്ഷെ, ആ അമ്മയുടെ ഉള്ളില്ലേ സ്നേഹം ഞങ്ങള്‍ അവിടെ അറിഞ്ഞു. വായിലേക്ക് വെച്ച ചോറ് എങ്ങനെ ഇത്ര രുചിയായി എന്ന് ഇപ്പോഴും അറിയില്ല. ആ മുട്ട പൊരിച്ചതിന്റെ സ്വാദ് ഇപ്പോഴും വര്‍ഷങ്ങള്‍ക്കു ശേഷവും എനിക്ക് മറക്കാന്‍ കഴിഞ്ഞിട്ടില്ല....വയര്‍ നിറച്ചു ഉണ്ട്, ഞങ്ങള്‍ രണ്ടും തിരിച്ചു പോന്നു.


തിരിച്ചു ഉഷാറായി വന്നു ഞങ്ങള്‍ വീണ്ടും അമ്മയുടെ അരികെ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങളെ ഊണ് കഴിക്കാന്‍ വരാന്‍ വിളിക്കാന്‍ അപ്പച്ചന്‍ വന്നു. ഞങ്ങള്‍ കഴിച്ചു എന്ന് പറഞ്ഞു. നിങ്ങളെ അവിടെ കണ്ടില്ലെല്ലോ എന്ന് അപ്പച്ചന്‍. ഉടന്‍ അമ്മ പറഞ്ഞു അവര്‍ കഴിച്ചതാ.. കഥ അവിടെ തീര്‍ന്നു.


ഇപ്പോള്‍ ആ അമ്മയും മകനും അവിടെ ഉണ്ടോ? ഒരു പക്ഷെ, അന്ന് അവര്‍ക്ക് കഴിക്കാന്‍ വെച്ച ചോറ് ആയിരിക്കും ഞങ്ങള്‍ക്ക് ആ അമ്മയും മകനും തന്നത്. ആ മുട്ട പൊരിച്ചതിന്റെ സ്വാദ് ഇപ്പോഴും വര്‍ഷങ്ങള്‍ക്കു ശേഷവും എനിക്ക് മറക്കാന്‍ കഴിഞ്ഞിട്ടില്ല..ആ അമ്മയെയും മകനെയും. അവര്‍ ആരായിരുന്നു? ഞാന്‍ അന്വേഷിച്ചിട്ടേ ഇല്ല. അന്ന് അതിനുള്ള വക തിരിവൊന്നും ഇല്ലായിരുന്നു. പിന്നീട് എപ്പോഴോ ആണ് ഞങ്ങള്‍ക്ക് മനസ്സിലായത്‌ ഞങ്ങള്‍ അന്ന് വീട് തെറ്റിയാണ് ഉണ്ണാന്‍ ചെന്നത് എന്ന്. എന്നാലും വിശക്കുന്നവനു ഭക്ഷണം കൊടുക്കണം എന്ന ഒരു വലിയ പാഠം അന്ന് ഞാന്‍ എങ്ങനെയോ പഠിച്ചു...അതിലെ നന്മയും.

ഈ പോസ്റ്റ്‌ എനിക്ക് അറിയാത്ത ആ അമ്മയ്ക്കും മകനും സമര്‍പ്പിക്കുന്നു...വര്‍ഷങ്ങള്‍ക്കു ശേഷവും അവരെ മനസ്സില്‍ കൊണ്ട് നടന്ന എന്റെ നന്ദിയും ഇവിടെ അവര്‍ക്ക്.....!!!

19 comments:

വിനുവേട്ടന്‍ said...

ആ അമ്മയെയും മകനെയും ഈ അവസരത്തില്‍ ഓര്‍ത്തത്‌ എന്തുകൊണ്ടും നന്നായി.

അങ്ങനെയുള്ള മനുഷ്യര്‍ ഇനിയും അന്യം നിന്നുപോയിട്ടില്ല എന്നറിയുന്നതില്‍ സന്തോഷം ...

നിറങ്ങള്‍..colors said...

vishappullavanu munpil bakshanamaavunnu Daivam..

AAshamsakal

Unknown said...

ചില്ലപ്പോ ആ വീട് തന്നെ അവിടെ തന്നെ ഉണ്ടാവില്ല ..........ആ അമ്മയും മകനും

Muralee Mukundan , ബിലാത്തിപട്ടണം said...

സ്നേഹത്തിൽ ചാലിച്ചെഴുതിയ ,വളരേ നല്ലൊരു ഓർമ്മകുറിപ്പായി മാറിയിരിക്കുന്നു ഈ ഓമ്ലെറ്റിന്റെ കഥ കേട്ടൊ ഗീതാജി

വിനുവേട്ടന്‍ said...

മുരളിഭായ്‌... പേരു മാറിപ്പോയി... എന്തായാലും അബദ്ധം പറ്റിയല്ലോ... ഇനി പറഞ്ഞിട്ട്‌ കാര്യമില്ല... ഗീതാജിയെങ്കില്‍ ഗീതാജി... ഹ ഹ ഹ..

ചേച്ചിപ്പെണ്ണ്‍ said...

nalla post .. :)

വരയും വരിയും : സിബു നൂറനാട് said...

നല്ല പോസ്റ്റ്‌. നന്മയുള്ള പോസ്റ്റ്‌.

F A R I Z said...

നന്നായി പറഞ്ഞിരിക്കുന്നു.

raadha said...

@വിനുവേട്ടന്‍ :) തീര്‍ച്ചയായും നമുക്കിടയില്‍ ഇത് പോലെ ഉള്ള നല്ല മനുഷ്യര്‍ ഇപ്പോഴും ഉണ്ട്. എന്റെ ആ വിശ്വാസം ആണ് എനിക്കേറെ ആശ്വാസം തരുന്നത്.

@നിറങ്ങള്‍ :) അതെ, വളരെ വലിയ ഒരു സത്യം തന്നെ അത്. ആശംസകള്‍ക്ക് നന്ദി..

@MyDreams :) ഏട്ടന്‍ വളരെ കാലം മുന്പ് തന്നെ ആ വീട് വിട്ടു വേറെ ഒരെണ്ണം വാങ്ങി. അത് കൊണ്ട് തന്നെ പിന്നീട് ആ പരിസരത്തേക്കു എനിക്ക് പോവേണ്ടി വന്നിട്ടില്ല.. ഇനി അഥവാ അവര്‍ അങ്ങനെ തന്നെ ഉണ്ടെങ്കിലും എനിക്ക് തിരിച്ചറിയാന്‍ പറ്റില്ല..!! ഓര്‍മകള്‍ക്ക് മാത്രമേ തെളിച്ചമുള്ളൂ..ആളുകള്‍ മാറി മാറി പോവില്ലേ?

@മുരളിയേട്ടാ :)നല്ല വാക്കുകള്‍ക്കു..നന്ദി ഉണ്ട് ട്ടോ.

raadha said...

@വിനുവേട്ടന്‍ :) എന്നെ ഇതിനു മുന്‍പും ഇങ്ങനെ തന്നെ മുരളിയേട്ടന്‍ വിളിച്ചിട്ടുണ്ട്. എന്താന്നറിയില്ല കാര്യം :P
പിന്നെ സ്നേഹത്തോടെ ഉള്ള എല്ലാ വിളികളും നല്ലത് എന്നല്ലേ പറയുന്നത്..അത് kondu ഇതും ഞാന്‍ ആ കണക്കില്‍ കൂട്ടിയതാ..അല്ലേലും ഒരു പേരില്‍ എന്തിരിക്കുന്നു, അല്ലെ?

@ചേച്ചിപ്പെന്നു :) പോസ്റ്റ്‌ ഇഷ്ടപ്പെട്ടു എന്നറിഞ്ഞു സന്തോഷം. നന്ദി.

@സിബു :) പോസ്റ്റ്‌ ഇഷ്ടമായി എന്നറിയിച്ചതിന് നന്ദി!

@FARIZ :) താങ്കളുടെ ആദ്യ വരവിനു സ്വാഗതം. ഇനിയും വരണം കേട്ടോ.

പട്ടേപ്പാടം റാംജി said...

മനസ്സില്‍ തട്ടുന്ന സ്നേഹത്തിനെ വിശപ്പ്‌ കവിഞ്ഞു നിന്ന അമ്മയും മകനും. ഇപ്പോഴും പലയുടത്തും ഈ നന്മ അവശേഷിക്കുന്നു എങ്കിലും അതിനെ മൂടി തിന്മ പറന്നു കളിക്കുന്നു. ഓര്‍മ്മകള്‍ മറക്കാത്തതായി പലതും ഇങ്ങിനെ മനസ്സില്‍ താങ്ങും. നന്നായിരിക്കുന്നു.

Manoraj said...

ഈ പോസ്റ്റ് അവര്‍ക്കുള്ള നിവേദ്യമാവട്ടെ.. നന്നായിരിക്കുന്നു.

വീകെ said...

എത്ര ഉണ്ടെങ്കിലും ചില നേരങ്ങളിൽ നമ്മുടെ അവസ്ഥ എത്ര കഷ്ടം അല്ലെ...!?
ഈ ഓർമ്മകൾ ഇന്നും കൂട്ടിനുള്ളത് മനസ്സിലെ നന്മ ഇനിയും ബാക്കിയുണ്ടെന്ന് ഓർമ്മിപ്പിക്കുന്നു.

ആശംസകൾ...

raadha said...

@റാംജി :) അതെ, എന്നാലും തിന്മകള്‍ക്കിടയില്‍ ഇപ്പോഴും ഇങ്ങനെ ഇടക്കൊക്കെ നമ്മുടെ മനസ്സിന് ആശ്വാസം തരാന്‍ നന്മയുടെ ചെറു തിരി മതിയല്ലോ. അഭിപ്രായത്തിനു നന്ദി!!

@മനോ :) പല വിധ തിരക്കുകള്‍ കാരണം ബ്ലോഗ്‌ സന്ദര്‍ശനം ആഴ്ചയില്‍ ഒരിക്കല്‍ ആയി. സമയം കിട്ടുമ്പോള്‍ അതിലെ വരാം ട്ടോ. നന്ദി.

@Thommy :) താങ്കളുടെ ആദ്യ വരവിനു സ്വാഗതം. കമന്റിനു നന്ദിയും..

@വീ കെ :) ആശംസകള്‍ക്ക് നന്ദി ട്ടോ. ഇങ്ങനെ ഉള്ള ചെറിയ ചെറിയ സംഭവങ്ങള്‍ മനസ്സിനെ ഇപ്പോഴും തണുപ്പിക്കുന്നു. നമുക്കും നന്മകള്‍ ചെയ്യാന്‍ ഒരു പ്രചോദനം കൂടി തരുന്നു...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

കഞ്ഞിവെള്ളമായാലും സ്നേഹം തൊട്ടുകൂട്ടാന്‍ ഉണ്ടെങ്കില്‍ അത് അമൃതാകുന്നു.

udayips said...

എനിക്ക് ഈ ബ്ലോഗ്‌ ഇഷ്ടപ്പെട്ടു ....കൊള്ളാം..നല്ല സെന്‍സ് ....ഞാന്‍ ഫോളോ ചെയ്യാണേ

ശ്രീ said...

കുറച്ചു വൈകിയാണ് ചേച്ചീ ഇവിടെയെത്തിയത്. നല്ലൊരു പോസ്റ്റ്.

വിശക്കുന്നവനു ഭക്ഷണം കൊടുക്കണം എന്ന ഒരു വലിയ പാഠം അന്ന് ഞാന്‍ എങ്ങനെയോ പഠിച്ചു...അതിലെ നന്മയും.
ഇതു തന്നെയാണ് ഈ അനുഭവത്തില്‍ നിന്ന് ഉള്‍ക്കൊള്ളേണ്ട സന്ദേശവും.

raadha said...

@തണല്‍ :) അതെ, തീര്‍ച്ചയായും. ഇതിലെ ഉള്ള ആദ്യ വരവിനു സ്വാഗതം കേട്ടോ.

@udayips :) ഹാ, അത് കൊള്ളാം. സന്തോഷം. സ്വാഗതം.

@ശ്രീ :) ഞാന്‍ ഇന്ന് രാവിലെ ഓര്‍ത്തതെ ഉള്ളു. ഇത് വഴി അനിയനെ കണ്ടില്ലെല്ലോ എന്ന്. ഒരു പോസ്റ്റ്‌ ഇടാന്‍ വന്നതാണ്. ആ പോസ്റ്റ്‌ വായിക്കണം കേട്ടോ.

ramanika said...

ഈ പോസ്റ്റ്‌ ഇന്നാണ് കണ്ടത്
ശരിക്കും അന്നത്തെ ഊണിന്റെ സ്വാദു ആ അമ്മയുടെ സ്നേഹം തന്നെ