Thursday, January 7, 2010

എന്റെ മുറ്റത്തെ ചെമ്പകം പൂവിട്ടു...






ഞാന്‍ ആറുമാസങ്ങള്‍ക്കു മുന്‍പ് ചെമ്പകം തേടി നടന്ന നാള്‍ (http://raadha.blogspot.com/2008/08/blog-post_12.html ) ഒരു ദിവസം. എന്റെ ഓഫീസിലെ രമേശ്‌ എന്ന് പേരുള്ള ഒരു agent ന്റെ അച്ഛന്‍ മരിച്ച വിവരം അറിഞ്ഞു. അധികം അകലെ അല്ലാതെ ആണ് വീട്. അവര്‍ കൊങ്ങിണി സമുദായത്തിലെ ആണ്. ഓഫീസില്‍ നിന്ന് റീത്ത് വെക്കണം. ഞങ്ങള്‍ കുറച്ചു പേര്‍ കാറില്‍ അവിടേക്ക് പോയി. ഞാന്‍ ആദ്യമായിട്ടാണ് കൊങ്ങിണി വീടുകളിലേക്ക് ചെല്ലുന്നത്. നമ്മള്‍ സിനിമയിലും മറ്റും കാണുന്നത് പോലെ ഒരു അഗ്രഹാരം സ്റ്റൈല്‍ ഉള്ള കുറെ വീടുകള്‍. എല്ലാം ചെറിയ ചെറിയ വീടുകള്‍. എല്ലാവര്ക്കും കൂടി കോമണ്‍ ആയിട്ട് ഒരു പടിപ്പുര. മുറ്റം മുഴുവന്‍ ടാര്‍ ഇട്ടിരിക്കുന്നു. കുട്ടികള്‍ക്ക് എല്ലാവര്ക്കും കൂടി ഒരു കളി സ്ഥലം. അല്പം മാറി ഒരു കിണര്‍. എന്നെ ആകര്‍ഷിച്ചത് മറ്റൊന്നുമല്ല. ആകെ പൂത്തു നില്‍ക്കുന്ന ഒരു വലിയ കാട്ടു ചെമ്പക മരം അവിടെ തല ഉയര്‍ത്തി നിന്നിരുന്നു!!

പണ്ടത്തെ സ്കൂള്‍ മുറ്റത്തു എന്റെ ചുറ്റിലും ഉണ്ടായിരുന്ന ചെമ്പക മരം തന്നെ. ചെമ്പക മരം ഒരെണ്ണം നട്ടു പിടിപ്പിക്കണം എന്ന മോഹം ആ പഴയ പോസ്റ്റ്‌ ഇട്ടപ്പോള്‍ മുതല്‍ തുടങ്ങിയതാണ്‌. അതിനു വേണ്ടി nursery പലതും അദ്ദേഹത്തിനെയും കൂട്ടി കയറി ഇറങ്ങിയതാണ്. അങ്ങനെ നടക്കുമ്പോഴാണ് മനസ്സിലായത്, ഇപ്പോള്‍ ഒരു പാട് തരം variety ചെമ്പകങ്ങള്‍ ഉണ്ട്. ഏതു തരം കളര്‍ വേണേലും കിട്ടും. മിക്കവയും തന്നെ ഒട്ടു തൈകള്‍. എന്റെ മനസ്സിലെ ചെമ്പകം മാത്രം അവിടെ ഒന്നും കണ്ടില്ല. മിക്കവയും തന്നെ വളരെ ചെറുപ്പത്തിലെ പൂവിടുകയും ചെയ്യും. അതിലൊരെണ്ണം വാങ്ങാം എന്ന് അദ്ദേഹം പറഞ്ഞെങ്കിലും ഞാന്‍ സമ്മതിച്ചില്ല.

റീത്ത് വെച്ച് ഞങ്ങള്‍ മടങ്ങി എങ്കിലും, എന്റെ മനസ്സ് മുഴുവന്‍ ആ കാട്ടു ചെമ്പകത്തിനു ചുറ്റും പാറി പറന്നു നടക്കുക ആയിരുന്നു. ചടങ്ങുകള്‍ എല്ലാം കഴിഞ്ഞു രമേശ്‌ മടങ്ങി എത്തി. ഞാന്‍ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ചോദിച്ചു (എങ്ങനെയാ വരുമ്പോള്‍ തന്നെ ചോദിക്കുക?) ഒരു തൈ തരാമോ എന്ന്. ചോദിക്കേണ്ട താമസം, തരാം സാറേ, എന്ന് രമേശ്‌ പറഞ്ഞു. ഞാന്‍ വീട്ടില്‍ പറഞ്ഞു വെച്ചു, സ്ഥലം നോക്കി വെച്ചോ, ചെമ്പക തൈ ഉടനെ കിട്ടും. അങ്ങനെ ഇരിക്കെ ഒരു ദിവസം രമേശ്‌ ഫോണ്‍ ചെയ്തു, ''സാര്‍ ഓഫീസില്‍ ഉണ്ടോ, ഞാന്‍ ഇന്ന് അതിന്റെ കമ്പ് കൊണ്ട് വരാന്‍ ആണ് എന്ന്" എനിക്ക് സന്തോഷം ആയി.

ഉച്ച കഴിഞ്ഞപ്പോള്‍ രമേശ്‌ വന്നു. കൂടെ ഒരാളും ഉണ്ട്. 'സാര്‍, കമ്പ് കൊണ്ട് വന്നിട്ടുണ്ട്, താഴെ വെച്ചിട്ടുണ്ട്' എന്ന് പറഞ്ഞു. ഞാന്‍ മനസ്സില്‍ വിചാരിച്ചു, എന്തിനാ താഴെ വെച്ചത്.. മുകളിലേക്ക് കൊണ്ട് വരാന്‍ പറഞ്ഞു (ഓഫീസ് രണ്ടാം നിലയില്‍ ആണ്). രണ്ടു പേരും താഴെ ഇറങ്ങി പോയി കമ്പുമായി കയറി വന്നു. എന്റെ അമ്മേ, സത്യത്തില്‍ ഞാന്‍ ഞെട്ടിയത് അപ്പോഴാണ്‌. ഒരു വലിയ ഒരു കമ്പ്, രണ്ടു പേര് കൂടി താങ്ങി എടുത്തു കൊണ്ട് വന്നിരിക്കുന്നു. ഏതാണ്ട് മൂന്നു ട്യൂബ് ലൈറ്റ് ന്റെ വണ്ണം, നീളം അതിന്റെ ഇരട്ടി. എനിക്ക് കരയണോ ചിരിക്കണോ എന്ന് തീരുമെടുക്കാന്‍ കഴിയാതെ ഞാന്‍ അവിടെ നിന്നു. ഈ വിറകു കൊള്ളി, ഇവിടെ എന്തു ആവശ്യത്തിനാണ് എന്നറിയാതെ മറ്റുള്ളവരും പകച്ചു നിന്നു!!

സത്യം പറയാലോ, രമേശ്‌ പണ്ടേ പൊട്ടത്തരങ്ങള്‍ കാണിക്കുന്നതില്‍ കേമന്‍ ആണ്. ഞാന്‍ ഒരു ചോദ്യമേ ചോദിച്ചുള്ളൂ , ദൈവമേ, ഞാന്‍ ഇത് എങ്ങനെ ബസില്‍ കയറ്റി വീട്ടില്‍ എത്തിക്കും. അതിനും പോംവഴി രമേശ്‌ പറഞ്ഞു തന്നു, സാരമില്ല സാര്‍ ഞങ്ങള്‍ ബസ്‌ വരെ എത്തിച്ചു തരാം എന്ന്. ഞാന്‍ പിന്നെ ഒന്നും മിണ്ടിയില്ല, കൊണ്ട് തന്ന ആളോട് മര്യാദ കാണിക്കണ്ടേ. വീട്ടിലേക്കു ഈ വിറകു കമ്പുമായി ഇരുട്ടത്ത്‌ കേറി ചെല്ലുന്ന എന്റെ അവസ്ഥ ആലോചിച്ചു എനിക്ക് ചിരി പൊട്ടി. രമേഷിനെയും സുഹൃത്തിനെയും (അദ്ദേഹം ബൈകിന്റെ പിറകില്‍ ഇത് താങ്ങി കൊണ്ട് വരാന്‍ കൂടെ കൂടിയതാണ്) യാത്ര ആക്കി. ഞാന്‍ ഞങ്ങളുടെ സബ് സ്ടാഫിനെ വിളിച്ചു, കമ്പ് ഒരു വിധം ചെറിയ മൂന്നു കഷണം ആയിട്ട് ഒടിച്ചു, ബാക്കി വന്നവ മനസ്സില്ലാമനസ്സോടെ ജനലില്‍ കൂടി പുറകിലെ പറമ്പിലേക്ക് ഇട്ടു. വീട്ടില്‍ പിടിച്ചില്ലെങ്കിലും, ചിലപ്പോ പന്മനാഭന്റെ കഥയിലെ സൂര്യകാന്തി പൂക്കളെ പോലെ എന്റെ ഓഫീസ് ജനാലക്കു താഴെ നാളെ ഒരു ചെമ്പകം വളര്‍ന്നു വരട്ടെ എന്ന പ്രാര്‍ത്ഥനയോടെ!!

വീട്ടില്‍ കൊണ്ട് വന്നു ഞങ്ങള്‍ കമ്പ് കുഴിച്ചിട്ടു. എവിടെ, അതിനു ഒരു അനക്കവും ഇല്ല. ദിവസവും അതിനു വെള്ളം ഒഴിച്ച് കൊടുത്തു, ഒരു മാസത്തോളം കഴിഞ്ഞപ്പോ കമ്പുകള്‍ മൂന്നും ചീഞ്ഞു പോയി. രമേശ്‌ ഇടക്കൊക്കെ വന്നു ചെമ്പകത്തിന്റെ സുഖന്വേഷണങ്ങള്‍ നടത്തിയിരുന്നു. ഒടുവില്‍ സംഭവം ചീഞ്ഞു പോയി എന്ന് അറിഞ്ഞപ്പോള്‍ വീണ്ടും വാഗ്ദാനം ചെയ്തു, 'അതിനെന്താ സാറേ, ഞാന്‍ ഇനീം കൊണ്ട് വരാം എന്ന് പറഞ്ഞു'. ഇത്തവണയും ഞാന്‍ ഒന്ന് ഞെട്ടി. എങ്കിലും ഒരു വിധം രമേശിനെ പറഞ്ഞു മനസ്സിലാക്കി, അല്പം ഇളയ കമ്പുകള്‍ മതി എന്നും, അത് ഒരു ചെറിയ പോളിത്തീന്‍ കവറില്‍ കൊള്ളുന്നത്‌ മതിയെന്നുമൊക്കെ. ഇത്തവണ രമേശ്‌ പറഞ്ഞു പോലെ തന്നെ ചെയ്തു. മൂന്ന് കവരങ്ങള്‍ ഉള്ള ഇലകളോട്‌ കൂടിയ നല്ല ഒരു ചെറിയ കമ്പ് തന്നെ കൊണ്ട് തന്നു.
വീണ്ടും ഞങ്ങള്‍ കമ്പ് നട്ടു. കാത്തിരുന്നു. ഒരു ക്ഷീണവും കാണിക്കാതെ കമ്പ് മൂന്നും നല്ല ഭംഗിയില്‍ പിടിച്ചു വന്നു. രമേശ്‌ ഇത്തവണ നിരന്തരം അന്വേഷണം ആയിരുന്നു. ഒടുവില്‍ ഞാന്‍ ചെമ്പകത്തിന്റെ പടം മൊബൈലില്‍ എടുത്തു കൊണ്ട് പോയി രമേശിനെ കാണിച്ചു. ഇതിനിടയില്‍ ഡിസംബറില്‍ ഞങ്ങളെ എല്ലാരേം തന്നെ വിസ്മയിപ്പിച്ചു കൊണ്ട് അതില്‍ മൊട്ടിട്ടു. മൊട്ടു ആണോ എന്ന് പോലും തര്‍ക്കം ഉണ്ടായിരുന്നു. കാരണം സാധാരണ നാടന്‍ ചെമ്പകങ്ങള്‍ നല്ല വണ്ണം ഉയര്‍ന്നു തലയ്ക്കു മീതെ പൊങ്ങി കഴിഞ്ഞാലെ പൂവിടുന്നത്‌ കണ്ടിട്ടുള്ളു. ഇതിനു തറയില്‍ നിന്നു നാലടി പോലും പൊക്കമില്ല!! നോക്കി ഇരിക്കെ, മൊട്ടുകള്‍ വലുതായി, നല്ല ഭംഗിയുള്ള പൂക്കള്‍ ആയി. എന്റെ മനസ്സില്‍ ഞാന്‍ കണ്ട ചെമ്പക പൂക്കള്‍ തന്നെ.

ഇവിടെ ഞാന്‍ അത് പോസ്റ്റുന്നു..!! എന്റെ പ്രയത്നങ്ങള്‍ കണ്ടു ചെമ്പകത്തിനു അലിവു വന്നു എന്ന് തോന്നുന്നു. എന്നും പുതിയ പൂക്കള്‍ തന്നു കൊണ്ട് ഇപ്പോള്‍ എന്റെ മുറ്റത്തെ ചെറിയ ഒരു കോണില്‍ കുഞ്ഞി തല ഉയര്‍ത്തി എന്റെ കൊച്ചു ചെമ്പക തൈ എന്നും നാലഞ്ചു പൂക്കളുമായി മണം പരത്തി നില്‍ക്കുന്നുണ്ട്!!

40 comments:

VEERU said...

പരിമളം പരത്തുന്ന കാട്ടുചെമ്പകത്തിനോടെന്റെ അന്വേഷണം അറിയിക്കുക.. രമേശനോട് പറ്റുമെങ്കിൽ ഒരു ‘വിറക്’ എനിക്കും കൊറിയറായയക്കാൻ പറയുക ..!!

ramanika said...

പഴയ അം രാജാ ഗാനം - കാട്ടു ചെമ്പകം പൂത്തുലയുന്നു
- ഓര്‍മയില്‍ ഓടിയെത്തി.
പോസ്റ്റ്‌ ഇഷ്ട്ടമായി

Manoraj said...

postukalil oru patu nostalgiyakal kaththu sookshikunnu.. ennathe thalamurakk anyam vanna aa nalla nalukalilekkulla matakkayathrakal..

chembaka pushpa suhasitha yamam..
chandriak aliyum yamam.. anginethanneyalle...anennu thonnunnu.. allenkil ente varikalayi koottikoolu...

വിനുവേട്ടന്‍ said...

ഈ ചെമ്പകത്തിന്റെ സൗരഭ്യം ഈ ബ്ലോഗില്‍ എന്നും നില നില്‍ക്കട്ടെ...

http://thrissurviseshangal.blogspot.com/
http://stormwarn.blogspot.com/

കണ്ണനുണ്ണി said...

ആ കൊച്ചു ചെമ്പകത്തിനു , അതിലെ നാലഞ്ചു കുഞ്ഞു പൂക്കള്‍ക്ക് ഒക്കെ ജീവിതത്തില്‍ എത്ര വലിയ സ്ഥാനവാ അല്ലെ.....

ഒരു നുറുങ്ങ് said...

യേശുദാസിന്‍റെ പഴയഗാനമെനിക്കോര്‍ക്കേണ്ടി വന്നല്ലോ
രാധേ...
“ചെമ്പകപ്പൂങ്കാവനത്തില്‍ പൂമരച്ചോട്ടില്‍
അന്നൊരിക്കലൊരാട്ടിടയന്‍ തപസ്സിരുന്നു...”

നന്ദിപൂര്‍വ്വം ആശംസകള്‍

നിറങ്ങള്‍..colors said...

nooru puthranmaarkku thulyamaanu oru maram ennaanu..
oru chembakam sugandham parathatte jeevithakaalam muzhuvan..

shramam safalamaaya santhosham post muzhuvan undu ..ashamsakal

raadha said...

@വീരു :) നല്ല കാര്യമായി. രമേഷിനോടായത് കൊണ്ട്, കൊറിയറില്‍ എന്ത് വരും എന്ന് പ്രതീക്ഷിക്കാന്‍ വയ്യ. അത് വേണോ? ഉം, ചെമ്ബകതിനോട് അന്വേഷണം പറയാം. അവള്‍ ഇപ്പൊ ഇവിടത്തെ vip അല്ലെ ?

@ramanika :) അതെ, പഴയ ഒരു പാട് സിനിമ പാട്ട് കാറ്റ് ചെമ്പകത്തെ കുറിച്ച് ഉണ്ട്. പോസ്റ്റ്‌ ഇഷ്ടായി എന്നറിഞ്ഞു സന്തോഷം.

@മനോ :) അങ്ങിനെ തന്നെ ആണ് ആ പാട്ട്. മനസ്സില്‍ ഒരു പാട് പഴയ കാര്യങ്ങള്‍ വീണ്ടും വീണ്ടും ഓര്‍ക്കാനുള്ളത് കൊണ്ട്, എന്ത് പറഞ്ഞാലും അത് പഴയ കാലങ്ങളിലേക്ക് കൂട്ടി കൊണ്ട് പോവുന്നു.

@sands :) ഇതെന്താ രണ്ടു കുത്ത്? :O

raadha said...

@വിനുവേട്ടാ :) ചെമ്പകത്തിനോടുള്ള പ്രേമം കൂടിയത് കാരണമാണ് ബ്ലോഗ്‌ പ്രൊഫൈലില്‍ തന്നെ ഒരു ചെമ്പകം പണ്ടേ പോസ്ടിയത്. അപ്പോഴും കരുതിയതല്ല, ഒരെണ്ണം സ്വന്തമായി നട്ടു പൂവിടുന്ന കാണാന്‍ ഭാഗ്യം ഉണ്ടാകുമെന്ന്.

@കണ്ണനുണ്ണി :) സത്യം. പക്ഷെ പലര്‍ക്കും അത് പറഞ്ഞാല്‍ മനസ്സിലാവില്ല. ഇതൊക്കെ നമ്മുടെ ഒരു തരാം വട്ടുകളില്‍ പെടുത്തും. അല്പം വട്ടു നല്ലതാ. അല്ലെ?

@നുറുങ്ങു :) ആഹ എത്ര നല്ല പാട്ട് ആണ് അത്. വീണ്ടും ഓര്‍മിപ്പിച്ചതില്‍ നന്ദി ട്ടോ.

@നിറങ്ങള്‍ :) ആശംസകള്‍ക്ക് നന്ദി ട്ടോ. എന്റെ ഒരു വാശി ആയിരുന്നു, ഒറിജിനല്‍ തന്നെ പിടിപ്പിക്കണം എന്ന്. അത് നടന്നു. സന്തോഷം അടക്കി വെക്കാതെ ഇവിടെ പറഞ്ഞത് അത് കൊണ്ട് കൂടിയാ.

ഹന്‍ല്ലലത്ത് Hanllalath said...

ചെറുപ്പത്തില്‍, അരണിപ്പൂവും ചെമ്പകപ്പൂവും പെറുക്കി സ്കൂളില്‍ കൊണ്ട് പോയിരുന്നത് ഓര്‍മ്മ വന്നു.


ബ്ലോഗില്‍ ചെമ്പക മണം... :)

Anonymous said...

ഈ ചെമ്പകക്കഥയില്‍ എവിടെയോ ഒരു കൈക്കൂലി ഗന്ധം. വെറുതെ തോന്നിയതാകാം അല്ലേ?

OAB/ഒഎബി said...

വളർത്തിയുണ്ടാക്കുന്ന ഏത് ചെടി പൂത്താലും കായ്ചാലും കഷ്ടപ്പെട്ടവന്റെ ആനന്ദം പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര.
അതിവിടെയും കാണുന്നു. സന്തോഷത്തിൽ പങ്ക് ചേർന്ന് കൊണ്ട് പറയട്ടെ....

ഈ ഫോട്ടോയിൽ കാണുന്ന പൂക്കൾ
ആരും അത്ര മൈന്റ് ചെയ്യാത്ത കള്ളിപ്പാല,പാല,അമ്പലപ്പാല, ഞങ്ങൾക്ക് കാട്ട് ചെടിയാണ്.

ഞങ്ങൾ ചെമ്പകം എന്ന് പറയുന്നത് ഒരു വിരലിന്റെ അത്രയും നീളത്തിലും വണ്ണത്തിലുമുള്ള ഇളം മഞ്ഞ നിറത്തിലുള്ള ആറേഴിതളുള്ള പൂവാണ്. അതൊരെണ്ണം പോക്കറ്റിലുണ്ടെങ്കിൽ പിന്നെ ഒരത്തറിന്റെയും ആവശ്യമില്ല. അത്രക്ക് വാസനയല്ലെ അതിന്.


ഇതിൽ ഏതാണിപ്പൊ ശരിയായ ചെമ്പകം?
കൺഫ്യൂ..കൺഫ്യൂ.....:) :)

Anil cheleri kumaran said...

ചെമ്പകപ്പൂമൊട്ടിന്നുള്ളില്‍ വസന്തം വന്നു..

ശ്രീ said...

എന്തായാലും ആ ചെമ്പകപ്പൂവിന്റെ ഗന്ധം ഇവിടെ ബൂലോകത്തു കൂടി പകര്‍ന്നു തന്നതിനു നന്ദി, ചേച്ചീ...

പ്രയത്നം വെറുതേയായില്ലല്ലോ...

khader patteppadam said...

മനസ്സിലും പൂത്തു ചെമ്പകം.

raadha said...

@halllalath :) ഇവിടെ ഒക്കെ മിക്ക സ്കൂള്‍ മുറ്റത്തും ഈ തരം ചെമ്പക മരങ്ങള്‍ ഉണ്ട്. പോസ്റ്റ്‌ ഇഷ്ടപ്പെട്ടു എന്നറിഞ്ഞു സന്തോഷം.

@MBT :) അതെ, വെറുതെ തോന്നിയതാണ്. ഒരു വക കൈക്കൂലിയും നടന്നിട്ടില്ലാ ട്ടോ.

@OAB :) ഇതിന്റെ പേരിനെ കുറിച്ച് എനിക്കും ഉണ്ടായിരുന്ന കണ്‍ഫ്യൂഷന്‍ ന്റെ ഫലമാണ് അവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ലെ ചെമ്പകത്തെ കുറിച്ചുള്ള ആദ്യ പോസ്റ്റ്‌. അധികമാരും ശ്രദ്ധിക്കാത്ത കാട്ടു ചെമ്പകം ആണ് ഇവിടെ ഞാന്‍ കൊടുത്തിരിക്കുന്നത്. പേര് എന്ത് വേണേലും വിളിക്കാം. താങ്കള്‍ പറഞ്ഞ ഒറിജിനല്‍ ചെമ്പകത്തിന്റെ മണം വളരെ അധ്കം ഹൃദ്യമാണ്. അവന്‍ അല്ലാട്ടോ ഇവന്‍. ഗൂഗിളില്‍ ഇവന്റെ പേരും ചെമ്പക എന്നാണ്.

raadha said...

@കുമാരന്‍ :) അതെ കുമാരേട്ടാ.., ഒരു പാട് പഴയ കല ഓര്‍മകളും വിരുന്നു വന്നു.

@ശ്രീ :) സന്തോഷം ആയീട്ടോ അനിയാ. പോസ്റ്റിനു സുഗന്ധം കൂടെ തരാന്‍ കഴിഞ്ഞിരുന്നെങ്കില്‍. അതി മോഹം!!

@khader :) എന്നും വിരിഞ്ഞു നില്‍ക്കട്ടെ മനസ്സിലെ ചെമ്പക പൂക്കളും.

ദിയ കണ്ണന്‍ said...

:)

രാജേശ്വരി said...

മനോഹരം ചേച്ചി...പൂക്കളും ചേച്ചീടെ എഴുത്തും...

പ്രേം I prem said...

രമേഷ് വാക്കു പാലിച്ചു വലിയ രൂപത്തില്‍, ഭാഗ്യം തെങ്ങിനൊന്നും ചോദിക്കാത്തത് അല്ലേ !!

എല്ലാവരും ഓര്‍ക്കിടുകളെയും ഡാലിയകളെയും തേടി നടക്കുമ്പോള്‍ ചെമ്പകത്തെ മറക്കാതിരുന്നല്ലോ,എനിക്കും ചുവന്ന ചെമ്പകം വളരെ ഇഷ്ടമാ...

ചുവന്ന ചെമ്പകം കിട്ടിയിരുന്നോ... ആശംസകള്‍...

Unknown said...

ചെമ്പകത്തോടൊപ്പം, രമേശിന്‍റെ മനസ്സിന്റെ പരിമളവും ഇവിടെ മണക്കുന്നു.

തോന്ന്യവാസങ്ങള്‍ said...

hi radha (or radhika) ... ippol comment ezhuthaan samayam kittarilla ... enkilum blog le ella postum vaayikkarundu ....
raadhayude chempakam valarnu valuthavumpol njaanum oru kampu aavashyapedum ...

raadha said...

@Diya :D

@Raji :) പോസ്റ്റ്‌ ഇഷ്ടപ്പെട്ടു എന്നറിഞ്ഞു ഒത്തിരി സന്തോഷം. എന്റെ പൂക്കളെയും ഇഷ്ടമായി എന്ന് കേട്ടപ്പോള്‍ മനസ്സ് നിറഞ്ഞു.

@പ്രേം :) നല്ല ഒരു അടിപൊളി ചുവന്ന ചെമ്പകം എറണാകുളത്തു പള്ളിമുക്കില്‍ കയര്‍ ബോര്‍ഡ്‌ ന്റെ മുന്‍പില്‍ ഉണ്ട്. ഞാന്‍ പക്ഷെ തേടിയത് അതായിരുന്നില്ല ട്ടോ. എന്റെ സ്കൂള്‍ മുറ്റത്തെ കാട്ടു ചെമ്പകം ആണ് പോസ്റ്റിലെ ചെമ്പകം.

@തെച്ചിക്കോടന്‍ :) അത് തിരിച്ചറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. ഒരു വെറും പാവം ആണെന്ന് മനസ്സിലായല്ലോ. നന്ദി. ഇത് വഴി ആദ്യം ആണല്ലോ. സ്വാഗതം. ഇനിയും വരണം ട്ടോ.

@തോന്ന്യവാസങ്ങള്‍ :) പോസ്റ്റ്‌ വായിച്ചാല്‍ കമന്റ്‌ ഇടണം ട്ടോ. അല്ലാതെ പോകുന്നത് ശരിയല്ല. grrrrr . ചെമ്പകത്തിന്റെ കമ്പ് ഇപ്പോള്‍ വേണേലും തരാലോ. എന്താ കൊറിയര്‍ അയക്കട്ടെ? ;)

Typist | എഴുത്തുകാരി said...

എനിക്കറിയാം ഒരു ചെടിയില്‍ പുതിയ പൂ വിടരുമ്പോഴുള്ള സന്തോഷം. ഒരു ചെടി നട്ടാല്‍ അതില്‍ മൊട്ട് കാത്തിരിക്കലാ എന്റെ പണി.

ഈ പൂവിനെ പക്ഷേ ഞങ്ങള്‍ പാല, അരളി എന്നൊക്കെയാ വിളിക്കുന്നെ.ചെമ്പകം വേറെയാണിവിടെയൊക്കെ.

വരവൂരാൻ said...

ആ പൂക്കൾ കണ്ടപ്പോൾ എനിക്കും ഒരു സംശയം തോന്നി...ഇത്‌ ഏതു ചെമ്പകം എന്ന്... പിന്നെ ആ ലിക്കും കമന്റും കുടിയാണു സംശയം തീർത്തത്‌. കാത്തിരുന്ന പൂത്ത ആ ചെമ്പകം ഇവിടെയും വിരിഞ്ഞു മനോഹരമായ്‌...ആശം സകൾ

Rare Rose said...

എനിക്കും ഈ പോസ്റ്റ് വായിച്ചപ്പോള്‍ പാടാന്‍ തോന്നുന്നു..ചെമ്പകപ്പൂമൊട്ടിന്നുള്ളില്‍ വസന്തം വന്നു എന്നു.:)

raadha said...

@Typist :) അതെയോ, സന്തോഷം ഉണ്ട് ട്ടോ. ഞങ്ങള്‍ പക്ഷെ ഒരിക്കലും ഈ പൂവിനെ അരളി എന്ന് വിളിക്കാറില്ല. അതിന്റെ ഇലകള്‍ നീണ്ടു സൂചി പോലെ അറ്റം കൂര്തിട്ടാണ്. ഇതിന്റെ ചുവന്ന പൂക്കള്‍ക്ക് അരളിയോടു അല്പം സാമ്യം തോന്നിക്കും. പക്ഷെ അരളി ഇതല്ല. ഇത് പൊതുവേ, കാട്ടു ചെമ്പകം, കള്ളി പാല എന്നൊക്കെ വിളിക്കും.

@വരവൂരാന്‍ :) നന്ദി ട്ടോ. എന്റെ ചെമ്പകത്തിനെ ഇഷ്ടപ്പെട്ടു എന്നറിഞ്ഞു അതിയായ സന്തോഷം.

@റോസ് :) ധൈര്യായിട്ട് പാടിക്കോളൂ. പൂവിന്റെ പരിമളവും, പാട്ടും ഇവിടെ എങ്ങും പരക്കട്ടെ.!!.

നന്ദന said...

ഇങനെ ഒരു ചെമ്പകം പൂത്ത വിവരം ആരും പറഞില്ലട്ടൊ!!
ചേച്ചി ഒരു കുഞിനെ വളർത്താൻ ഇത്രയും പാടുണ്ടായിരുന്നോ?
ചെമ്പകമേ! ചെമ്പകമേ!
നിയെന്നുമ്മെന്റേതല്ലെ!
സഖിയെ!.......
നന്മകൽ നേരുന്നു

വെഞ്ഞാറന്‍ said...

ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളീ ചുംബനം കൊള്ളാനൊരുങ്ങീ..... ചെമ്പകപ്പൂ‍ങ്കാവനത്തിലെ പൂമരചോട്ടില്‍....

raadha said...

@നന്ദന :) അയ്യയ്യോ ഒരു നൂറു ചെമ്പകം വളര്‍ത്തുന്നതിനെകാളും പ്രയാസമാണ് ട്ടോ ഒരു കുഞ്ഞിനെ വളര്‍ത്തുന്നത് രണ്ടും രണ്ടാണ്.
ആശംസകള്‍ക്ക് നന്ദി!!

@സോണ :) അതെ, അപ്രതീക്ഷിതമായി നേരത്തെ തന്നെ ചെമ്പകം പൂത്തു. ചെമ്പക പൂക്കള്‍ അടങ്ങിയ പോസ്റ്റ്‌ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ എനിക്കും സന്തോഷം. ആദ്യത്തെ ഈ വരവിനു സ്വാഗതം.

@വെഞ്ഞാറന്‍ :) ഇത് വഴിയുള്ള വരവിനും പാട്ടുകള്‍ക്കും വളരെ നന്ദി.

വീകെ said...

കള്ളിപ്പാല ഞങ്ങളൊക്കെ ഏതെങ്കിലും വേലിക്കലേക്ക് മാറ്റും.

എന്നിട്ട് മുറ്റത്ത് നല്ല മണമുള്ള ചെമ്പകം നടും....!(OAB/ഒഎബി പറഞ്ഞ ചെമ്പകം)

എന്നാലും രാധേച്ചിയുടെ മനസ്സിലെ ചെമ്പകം ഇതാണെങ്കിൽ ആയ്ക്കോട്ടെ...

ഈ ചെമ്പകത്തിനു മണമുണ്ടൊ....?
കാര്യം ബുദ്ധിമുട്ടിയാണെങ്കിലും സാധിച്ചെടുത്തല്ലൊ സന്തോഷം...!!

ആശംസകൾ....

ഗോപീകൃഷ്ണ൯.വി.ജി said...

ചെമ്പകം പൂക്കും സുഗന്ധം .നന്നായിരിക്കുന്നു.

Gopakumar V S (ഗോപന്‍ ) said...

നന്നായിട്ടുണ്ട്, ചിത്രങ്ങളും, എഴുത്തും...
ആശംസകൾ...

raadha said...

@വീ.കെ :) കള്ളി പാലയുടെ ഒക്കെ സ്റ്റാറ്റസ് ഇപ്പൊ മാറി. പല തരം നിറങ്ങളില്‍ ഇപ്പൊ ബഡ് തൈ കിട്ടും. മുറ്റത്തെ പൂന്തോട്ടത്തില്‍ ആണ് ഇപ്പൊ ഇവന്റെ സ്ഥാനം. പിന്നെ, OAB പറഞ്ഞ ചെമ്പകത്തിന്റെ സൌരഭ്യം ഇവന് ഇല്ലെങ്കിലും വളരെ സൌമ്യമായ ഒരു സുഗന്ധം ഉണ്ട്. കാട്ടു പൂക്കള്‍ക്ക് ഉള്ളത് പോലെ. ഇതിലെ വന്നതില്‍ സന്തോഷം.

@ഗോപീകൃഷ്ണന്‍ :) സ്വാഗതം. പോസ്റ്റ്‌ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. ഇനിയും വരണം.

@ഗോപന്‍ :) ആശംസകള്‍ക്ക് നന്ദി. ആദ്യത്തെ വരവിനു സ്വാഗതം.

അല്പം ജോലി തിരക്കില്‍ ആയിരുന്നു. ഇതിലെ വന്ന എല്ലാവര്ക്കും നന്ദി.

ഭ്രാന്തനച്ചൂസ് said...

ആകെ ഒരു മണം ..ചെമ്പകപ്പുവിന്റെ ആണോ?

raadha said...

@അച്ചുസ് :) ആദ്യത്തെ വരവിനു സ്വാഗതം. അടുപ്പത്ത് എന്തെങ്കിലും കരിയുന്നുണ്ടോ? അതാവാം മണം

ഹംസ said...

എന്‍റെ നാട്ടില്‍ ഭഗവതിക്ഷേത്രത്തിന്‍റെ മുന്‍പില്‍ ഒരു ചെമ്പകപ്പൂ മരം ഉണ്ടായിരുന്നു അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല എന്ന് എഴുതിയ ബോര്‍ഡ് അതിലായിരുന്നു തറച്ചിരുന്നത് അതുകൊണ്ട് ആ മരത്തിന്‍റെ അടുത്തേക്ക് ചെല്ലാന്‍ പറ്റില്ല എന്നാലും അതില്‍ നിന്നും വീഴുന്ന പൂക്കല്‍ റോഡില്‍ നിറയെ ഉണ്ടാവും ആ പൂക്കള്‍ പെറുക്കി ഈര്‍ക്കിലിയില്‍ കോര്‍ത്ത് പമ്പരമുണ്ടാക്കി അമ്പലപ്പറംബിലൂടെ ഓടിയിരുന്നു. അന്നു അതിനു ഞങ്ങള്‍ “ചെമ്പകപ്പൂ“ എന്നല്ല വിളിച്ചിരുന്നത് “അമ്പലപ്പൂ “ എന്നായിരുന്നു ആ അമ്പലപ്പൂവിന്‍റെ മണം എനിക്ക് എന്തോരിഷ്ടമായിരുന്നു.

ആ മണം ഈ വായനയിലൂടെ ഞാന്‍ വീണ്ടും അനുഭവിച്ചു.

ഹംസ said...

എന്‍റെ നാട്ടില്‍ ഭഗവതിക്ഷേത്രത്തിന്‍റെ മുന്‍പില്‍ ഒരു ചെമ്പകപ്പൂ മരം ഉണ്ടായിരുന്നു അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല എന്ന് എഴുതിയ ബോര്‍ഡ് അതിലായിരുന്നു തറച്ചിരുന്നത് അതുകൊണ്ട് ആ മരത്തിന്‍റെ അടുത്തേക്ക് ചെല്ലാന്‍ പറ്റില്ല എന്നാലും അതില്‍ നിന്നും വീഴുന്ന പൂക്കല്‍ റോഡില്‍ നിറയെ ഉണ്ടാവും ആ പൂക്കള്‍ പെറുക്കി ഈര്‍ക്കിലിയില്‍ കോര്‍ത്ത് പമ്പരമുണ്ടാക്കി അമ്പലപ്പറംബിലൂടെ ഓടിയിരുന്നു. അന്നു അതിനു ഞങ്ങള്‍ “ചെമ്പകപ്പൂ“ എന്നല്ല വിളിച്ചിരുന്നത് “അമ്പലപ്പൂ “ എന്നായിരുന്നു ആ അമ്പലപ്പൂവിന്‍റെ മണം എനിക്ക് എന്തോരിഷ്ടമായിരുന്നു.

ആ മണം ഈ വായനയിലൂടെ ഞാന്‍ വീണ്ടും അനുഭവിച്ചു.

ശ്രീ said...

ചേച്ചീ... ഞങ്ങളുടെ നാട്ടില്‍ സാധാരണയായി ഇതിനെയാണ് ചെമ്പകപ്പൂ എന്ന് വിളിയ്ക്കുന്നത്.

സ്വപ്നാടകന്‍ said...

ചെറിയ പൂക്കള്‍ക്കും എന്തോരം വലിയ സ്ഥാനമാ..ഇഷ്ടായി..:)



ഞങ്ങടെ നാട്ടിലും ശ്രീ കാണിച്ചതുതന്നെയാണു ചെമ്പകം..ഇവിടെ ചേച്ചി കാണിച്ചതിനെ ഞങ്ങള്‍ കുങ്കുമം എന്നാണു പറയുക..