Saturday, March 7, 2009

മിറക്കിള്‍


എന്റെ ഭര്‍ത്താവിന്റെ അനുജന്‍ മിസോറാമില്‍ C.I ആണ്. അവന്‍ ആണ്ടില്‍ ഒരിക്കല്‍ നാട്ടില്‍ വരും. വന്നാല്‍ ഒരു രണ്ടു മാസം കഴിഞ്ഞേ പോവുകയുള്ളു. അവന്‍ നാട്ടില്‍ വരുമ്പോ ഞങ്ങള്‍ എല്ലാരും ഒത്തു കൂടാറുണ്ട്. ഇത്തവണ അവന്‍ തിരിച്ചു പോകുന്നതിനു മുന്നേ രണ്ടു ദിവസം ഇവിടെ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു.
എന്റെ ഭര്‍ത്താവിന് കൃഷിയില്‍ താല്പര്യം ഉള്ള കൂട്ടത്തില്‍ ആണ്. എനിക്ക് പൂക്കള്‍ ഒക്കെ വിടര്‍ന്നു നില്‍ക്കുന്നത് കാണാന്‍ മാത്രേ ഇഷ്ടം ഉള്ളു. മണ്ണില്‍ കൈ കൊണ്ട് തൊടാന്‍ മടി ആണ്! പുള്ളി അടുക്കള മുറ്റത്ത് ഒരു പപ്പായ തൈ വെച്ചു. നല്ല മുട്ടന്‍ പപ്പായ മരം ആയിട്ട് അതങ്ങനെ നിന്നു. ആ .നില്‍പ്പ് മാത്രമേ ഉള്ളു. ഉണ്ടാവുന്ന പൂ മുഴുവന്‍ താഴെ വീണു പോവുന്നു. കായ ഒന്നും പിടിക്കുന്നില്ല. ഇപ്പൊ ഒരു തെങ്ങിന്റെ അത്രയും പൊക്കം വെച്ചു അതിനു. കാണാന്‍ ഉള്ള ഭംഗി മാത്രം.
അപ്പോഴാണ് അനിയന്റെ വരവ് . അവന്‍ പപ്പായ കണ്ടിട് പറഞ്ഞു .'ഇതെന്താടാ..ഇങ്ങനെ നില്‍ക്കുന്നത്?' അവര്‍ ചേട്ടനും അനിയനും എടാ പോടാ എന്നാണ് വിളിക്കുന്നത്.'നിനക്ക് ഇവനെ തുണി ഉടുപ്പിക്കാന്‍ പാടില്ലായിരുന്നോ?' അത് കേട്ട ഉടന്‍ ഞങ്ങള്‍ എല്ലാരും ആര്‍ത്തു ചിരിച്ചു. എന്റെ കുട്ടികള്‍ക്ക് ചിരി അടക്കാന്‍ വയ്യ. അവന്‍ പറഞ്ഞു നിങ്ങള്‍ അങ്ങനെ കളിയാക്കി ചിരിക്കണ്ട. അവിടെ (മിസോ) ഉള്ളവര്‍ പപ്പായ ഇങ്ങനെ കായ്ക്കാതെ നിന്നാല്‍ അത് ആണ്‍ പപ്പായ ആയതു കൊണ്ടാ. അപ്പൊ അതിനെ മുണ്ട് ഉടുപ്പിക്കും എന്ന്. അവന്‍ പറഞ്ഞതിനെ ഞങ്ങള്‍ ഒട്ടും കാര്യം ആക്കിയില്ല. അങ്ങനെ ആണെങ്ങില്‍ പെണ്ണ് ആണെങ്ങില്‍ നീ പാവാട ഉടുപ്പിക്കുമോ എന്ന് അവനോടു തിരിച്ചു ചോദിച്ചു അവനെ കൊറേ കളിയാക്കി. അവന്‍ തിരിച്ചും പോയി.

മൂന്നു ആഴ്ച മുന്നേ ഒരു ദിവസം അടുക്കള മുറ്റത്ത് ഇറങ്ങിയപ്പോ ഭര്‍ത്താവ്‌ പറഞ്ഞു. നമുക്ക് ഇത് വെട്ടി കളഞ്ഞാലോ എന്ന്. ഞാന്‍ പറഞ്ഞു..അത് അവിടെ നില്‍ക്കട്ടെ. എന്തെങ്ങിലും നടാന്‍ സ്ഥലം ഇല്ലാതെ ആവുമ്പോ നമുക്ക് വെട്ടാം എന്ന്. എന്നിട്ടോ, പുള്ളി എന്ത് ചെയ്തു..ഏതായാലും അവന്‍ പറഞ്ഞതല്ലേ, നമുക്ക് ഇവനെ തുണി ഉടുപ്പിക്കാം എന്ന്.എന്നിട്ട് പുള്ളി തന്നെ ഒരു ചെറിയ തുണി കഷണം എടുത്തു പപ്പയയെ ചുറ്റി മുണ്ട് ഉടുപ്പിക്കുന്നതു പോലെ കെട്ടി വെച്ചു. ഞങ്ങള്‍ രണ്ടു പേരും ഒട്ടും വിശ്വാസം ഇല്ലാതെ ആണ് അങ്ങനെ ചെയ്തത്. ഇതിനെ പറ്റി മറക്കുകയും ചെയ്തു.

കഴിഞ്ഞ ആഴ്ച ഓഫീസില്‍ പോവാനുള്ള തിരക്കില്‍ ഞങ്ങള്‍ രണ്ടു പേരും ഡ്രസ്സ് മാറാന്‍ മുകളിലെ ബെഡ് റൂമിലേക്ക്‌ പോയി. തേക്കാന്‍ വേണ്ടി പോയ ഹസ്ബണ്ടിന്റെ സന്തോഷത്തോടെ ഉള്ള വിളി കേട്ടാണ് ഞാന്‍ ഓടി എത്തിയത്. പപ്പായയുടെ പൊക്കം കാരണം മുകളിലെ ഹോളില്‍ ‍ നിന്നാല്‍ അവന്റെ മണ്ട ശരിക്കും കാണാം. ഞങ്ങളെ രണ്ടു പേരെയും അത്ഭുതപ്പെടുത്തി കൊണ്ട് ആ പപ്പായ കായിചിരിക്കുന്നു ..മൂന്നു പപ്പായ കുഞ്ഞുങ്ങള്‍!!!
ഈശ്വരാ..ഞങ്ങള്‍ അതിനെ വെട്ടാന്‍ തീരുമാനിച്ചതാണ്. ഉടനെ തന്നെ മക്കളെ വിളിച്ചു കാണിച്ചു. അവര്‍ക്കും സന്തോഷം.ഇളയപ്പന്‍ പറഞ്ഞത് പപ്പായ കേട്ടല്ലോ എന്ന് മോന്‍. ഉടനെ തന്നെ അവര്‍ മിസോരമിലേക്ക് ഫോണ്‍ ചെയ്യാന്‍ ഓടി. ഇങ്ങനെ ഒരു കാര്യം നേരില്‍ കണ്ടില്ലെങ്ങില്‍ ഞങ്ങള്‍ ആരും വിശ്വസിക്കുക ഇല്ലായിരുന്നു. പക്ഷെ ഇത് അങ്ങനെ തന്നെ സംഭവിച്ചു. തുണി ഉടുപ്പിച്ചപ്പോ പപ്പയക്ക്‌ നാണം വന്നിട്ടോ എന്തോ.
ഒരു വിശദീകരണം തരാന്‍ സാധിക്കാത്ത ഇങ്ങനത്തെ ഒരു പാട് കാര്യങ്ങള്‍ നമുക്ക് ചുറ്റും നടക്കുന്നുണ്ട്. ഞാന്‍ ഓഫീസില്‍ ചെന്ന് പറഞ്ഞപ്പോ അവരില്‍ ഒരാള്‍ പറഞ്ഞു. ഇങ്ങനെ ഒക്കെ ചിലത് സംഭവിക്കാറുണ്ട്. മുരിങ്ങ മരം കായിക്കതപ്പോ അതേല്‍ ചെരുപ്പ് കെട്ടി തൂക്കി ഇട്ടു കൊടുത്താല്‍ മതി എന്ന്. എന്തായാലും ഞാന്‍ ഇത് വരെ അത് പരീക്ഷിച്ചു നോക്കിയിട്ടില്ല. പക്ഷെ പപ്പായ പണി പറ്റിച്ചു. ഇപ്പൊ എല്ലാരും അത് ഒന്ന് മൂത്ത് പഴുക്കാന്‍ കാത്തിരിക്കയാണ്! അത്ഭുത പപ്പായ അല്ലെ? :)

19 comments:

ശ്രീ said...

ഇത് ഞാനും ആദ്യമായിട്ടു കേള്‍ക്കുകയാണ്. നമുക്കു വിശദീകരിയ്ക്കാനാകാത്ത എന്തൊക്കെ കാര്യങ്ങള്‍...

ആ പപ്പായ മരത്തിന്റെ ഒരു ഫോട്ടോ കൂടെ ചേര്‍ക്കാമായിരുന്നു.

നിറങ്ങള്‍..colors said...

veettil udan thanne oru maavu mundu udukkum

★ Shine said...

എന്തായാലും പപ്പായ പിടിച്ചു പഴുത്തല്ലോ! ചില രഹസ്യങ്ങൾ ഒക്കെ ഇല്ലെങ്കിൽ എന്തു രസം?

അഞ്ചല്‍ക്കാരന്‍ said...

വെട്ടിക്കളയാം എന്നു പപ്പായയുടെ ചുവട്ടില്‍ ചെന്നു നിന്നു തന്നെയാണോ പറഞ്ഞത്? അങ്ങിനെയാണെങ്കില്‍ ഒരു പക്ഷേ പപ്പായ അതു കേട്ട് വെട്ടിക്കളയും എന്നു പേടിച്ചിട്ട് കായിച്ചതാകാനും വകയുണ്ട്. :)

പകല്‍കിനാവന്‍ | daYdreaMer said...

ഈശ്വരാ...!!
:)

തോന്ന്യവാസങ്ങള്‍ said...

അപ്പോള്‍ മുണ്ടുകള്‍ കുറച്ചധികം മേടീക്കേണ്ടിവരും ... ഇനി അതും കൂടി പരീക്ഷിച്ചു നോക്കിയില്ല എന്നു വേണ്ട

പാവപ്പെട്ടവൻ said...

എനിക്ക് അതിയാനെയാണ് സംശയം !!
പുള്ളി എന്നാലും എങ്ങനെ പണിപറ്റിച്ചു

കുഞ്ഞന്‍ said...

ഹഹ..ഈ പപ്പായ ആണ്‍ പപ്പായയല്ലെ അതുകൊണ്ടല്ലെ അനിയന്‍ അതിനെ മുണ്ടുടുപ്പിക്കാന്‍ പറഞ്ഞത്. ഒരു ആണ്‍ പപ്പായയെ പെണ്ണാക്കിയല്ലൊ...

പഴുത്ത മാങ്ങയുള്ള മാവിന്റെ ചോട്ടിലിരുന്ന് പണ്ട് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു ഒരു മാങ്ങ വീഴണേന്ന് അല്ലെങ്കില്‍ മാവിനോട് പറയും മാവേ മാവെ എനിക്കൊരു മാങ്ങ തരോന്ന് അതു പറഞ്ഞു കഴിയുമ്പോഴേക്കും ഡിം ഡിം എന്ന ശംബ്ദത്താല്‍ നല്ല പഴുത്ത മാങ്ങ വീഴും. ഒരു കാര്യും ശ്രദ്ധിക്കേണ്ടത് ഇങ്ങനെ മാങ്ങക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയൊ ചോദിക്കുകയൊ ചെയ്യുന്നത് നല്ല കാറ്റു വീശുമ്പോഴായിരിക്കണമെന്ന് മാത്രം..!!!

raadha said...

@ശ്രീ :) ഞാനും ആദ്യം വിചാരിച്ചതാണ് പപ്പായ മരത്തിന്റെ പടം ഇടാം എന്ന്. പക്ഷെ അതിനുള്ള സാന്കേതിക ജ്ഞാനം ഇല്ലാതെ പോയി. സദയം ക്ഷമിക്കുക. എന്തായാലും വീട്ടില്‍ കയിക്കാത്ത പപ്പായ ഉണ്ടെങ്കില്‍ ഈ വിദ്യ പ്രയോഗിച്ചു നോക്കുക.

@നിറങ്ങള്‍ :) ഹി ഹി മാവിനെ മുണ്ട് ഉടുപ്പിച്ചിട്ടു അത് കായിചില്ലെങ്ങില്‍ എന്നെ പറയരുത് ട്ടോ.
മാവിന്റെ കാര്യം എങ്ങനെ ആണെന്ന് എനിക്കറിയില്ല. മുരിങ്ങയെ പറ്റി പറയുന്നത് പോലെ മറ്റെന്തെങ്ങിലും ആണോ വേണ്ടത്??

@ഷൈന്‍ :) ഇത് വഴി വന്നതില്‍ നന്ദി. പപ്പായ പഴുത്തിട്ടില്ല. കായ പിടിച്ചിട്ടേ ഉള്ളു. അതെ നമുക്ക് മനസ്സിലാകാത്ത ചില രഹസ്യങ്ങള്‍ ഉണ്ടെങ്ങിലെ ഒരു രസമുള്ളൂ. എല്ലാം മനസ്സിലായാല്‍ പിന്നെ എന്ത് കൌതുകം? പിന്നെ ഞാന്‍ എന്ത് പോസ്റ്റ് ഇടും??

@അന്ജല്‍ക്കാരന്‍ :) എനിക്കും ആ സംശയം ഇല്ലാതില്ല. പപ്പായ മരത്തിനെ ഞങ്ങള്‍ പല പ്രാവശ്യം ആയി ഭീഷണി പെടുത്താന്‍ തുടങ്ങിയിട്ട്. വീട്ടില്‍ വരുന്നവര്‍ എല്ലാരും പാവം അതിനെ പേടിപ്പിചിട്ടെ പോവാരുല്ല്. അതിനും കാണില്ലേ ജീവനില്‍ കൊതി?

raadha said...

@പകല്കിനാവന്‍ :) ഉം ഞാനും ഈശ്വരനെ വിളിച്ചു പോയി..അവന്‍ കായിച്ചു നില്‍ക്കുന്നത് കണ്ടിട്ട്.

@തോന്ന്യവാസങ്ങള്‍ :) അധികം മുണ്ടുകള്‍ ഒന്നും വേണ്ട. ഒരു ചെറിയ കഷണം മതി. ഞങ്ങള്‍ വീട്ടില്‍ ചെയ്തത് ഒരു കൈപ്പത്തിയുടെ വലിപ്പത്തില്‍ കീറിയെടുത്ത ഒരു കഷണം വെളുത്ത മുണ്ടിന്റെ ശീല ആണ്. അതിനു കായ്ക്കാന്‍ ഉദ്ദേശിച്ചു ചെയ്തത് അല്ലെല്ലോ. :) ഇപ്പോഴും മുണ്ട് അഴിച്ചു മാറ്റിയിട്ടില്ല!!!
കായ പൊഴിഞ്ഞു പോയാലോ എന്ന് പേടിച്ചാണ്..എത്ര പെട്ടന്നാണ് ഈ പപ്പായ ഞങ്ങളെ എല്ലാം ഒറ്റയടിക്ക് അന്ധവിശ്വാസികള്‍ ആക്കിയത്.

@പാവപ്പെട്ടവന്‍ :) വന്നതിലും കമന്റ് ഇട്ടതിലും സന്തോഷം. പാവം അങ്ങേര്‍ ഒന്നും ചെയ്തു കാണാന്‍ വഴിയില്ല. കാരണം മുണ്ട് ഉടുപ്പിക്കുമ്പോ ഞാന്‍ കൂടെ ഉണ്ടായിരുന്നു!!

@കുഞ്ഞന്‍ :) ആണ്‍ പപ്പായ ഞാന്‍ കേട്ടിട്ടുള്ളത് ഒരിക്കലും കായിക്കില്ല എന്നാണ്. വെട്ടിക്കളയനെ പറ്റൂ എന്നും. മുണ്ടുപ്പിച്ചപ്പോ അവനു എന്താണ് സംഭവിച്ചത് എന്നറിഞ്ഞില്ല. പെണ്ണായോ ആവോ?
ഹി ഹി മഴക്കാലതല്ലേ മാമ്പഴം ഉണ്ടാവൂ. അപ്പൊ തീര്‍ച്ചയായും കാറ്റ് വീശുമ്പൊ മാമ്പഴത്തിനു വീണേ പറ്റൂ. ഞാനും ഈ വിദ്യ പ്രയോഗിച്ചു നോക്കിയിട്ടുണ്ട്. മാങ്ങാ കിട്ടിയിട്ടും ഉണ്ട്.

Unknown said...

ഹ ഹ ഹ ..
നീ പപ്പായ അല്ലെടാ അനിയാ. അപ്പായ ആണെടാ.. :)

raadha said...

@മുരളിക :) ഹ ഹ . വന്നതിനും പപ്പായക്ക്‌ പുതിയ പേരിട്ടതിനും നന്ദി!!

വീകെ said...

ഇത്തരം ഒരു വിശദീകരണം തരാൻ കഴിയാത്ത ചില കാര്യങ്ങൾ നമുക്കു ചുറ്റും നടക്കുന്നുണ്ട്.

പിറന്നു വീണ കുഞ്ഞുങ്ങൾ ഉറക്കത്തിൽ സ്വപ്നം കണ്ട് ഞെട്ടുന്നതു പോലെ ചിലപ്പോൾ ഞെട്ടിത്തെറിക്കുന്നത് കണ്ടിട്ടുണ്ട്.അതു നോക്കി നിൽക്കാൻ നമുക്കും പേടി തോന്നും.തെക്കേലെ മറിയച്ചേടത്തി അതിനു പരിഹാരം കാണിച്ചു തന്നു.ഒരു വെളുത്ത തോർത്ത്മുണ്ട് നാലാക്കി മടക്കി കുഞ്ഞിന്റെ നെഞ്ചിനു കുറുകെ ഇട്ടു.അതോടെ ഞെട്ടലും നിന്നു.

അപരിചിത said...
This comment has been removed by the author.
raadha said...

@വീ.കെ :) ഉം..നമുക്ക് വിശധീകരിക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ക്കു നമ്മള്‍ ഇടുന്ന ഓമന പേര് അല്ലെ അത്ഭുതങ്ങള്‍ എന്ന്. വീ.കെ പറഞ്ഞതിനോട് സാമ്യമുള്ള ഒരു കാര്യം ഞാന്‍ ചെയ്യാറുണ്ട്. കുട്ടികളെ കാണാന്‍ ആരെങ്ങിലും പ്രത്യേകമായിട്ട് കാണാന്‍ വന്ന ദിവസങ്ങളില്‍ മോന്‍ ചിലപ്പോ ഉറങ്ങാന്‍ പറ്റാതെ കരയാറുണ്ട്. അപ്പൊ അമ്മ പറഞ്ഞിട്ട് വറ്റല്‍ മുളകും ഉപ്പും ഒരുമിച്ചു എടുത്ത് മോന് ചുറ്റും ഉഴിഞ്ഞു അടുപ്പിലേക്കിടും. മറ്റു ഇതു അവസരത്തില്‍ നമ്മള്‍ ഉപ്പു തീയിളിട്ടല്‍ പൊട്ടും, മുളക് കത്തി ആകെ തുമ്മലും ബഹളവുമായിരിക്കും . പക്ഷെ ഈ അവസരത്തില്‍ മാത്രം ഈ രണ്ടു കാര്യവും സംഭവിക്കില്ല!! കുട്ടി സുഗമായിട്ടു ഉറങ്ങുകയും ചെയ്യും.(കണ്ണ് പറ്റുന്നതാണ് എന്നാണ് പറയാറ്)

@അപരിചിത :) ആഹ..നീ പിന്നേം വന്നോ? നിന്റെ കൈയ്യിലിരുപ്പ്‌ കാരണം നിന്നെ ആരാണ്ട് തല്ലി കൊന്നു എന്നാ ഞാന്‍ കരുതിയെ. ഹേ, പ്രൊഫൈല്‍ ലെ miracle വേറെ ഒരു തരം miracle ആണ്. അത് പപ്പായ കുമ്പളങ്ങ miracle അല്ല. നീ അങ്ങനെ സമാധാനിക്കണ്ട. :P
well, thanx for coming and commenting. wb. :)

Bindhu Unny said...

മുണ്ടുടുപ്പിച്ചതുകൊണ്ടാവില്ല, വെട്ടിക്കളയാനുള്ള നിങ്ങളുടെ സംസാരം കേട്ടിട്ടാവണം പാവം പപ്പായ കായ്ച്ചത്. മരങ്ങളോടും ചെടികളോടും സംസാരിച്ചാല്‍ അത് വ്യത്യാസമുണ്ടാക്കുമെന്ന് മുന്‍പ് വായിച്ചിട്ടുണ്ട്. എവിടേയോ മരങ്ങള്‍ക്കായി പാട്ട് കേള്‍പ്പിക്കുന്നത് ഒരിക്കല്‍ പണ്ടത്തെ ‘സുരഭി’ പ്രോഗാമില്‍ കണ്ടതായി ഓര്‍ക്കുന്നു.
ആണ്‍ പപ്പായ മരങ്ങളും പൂക്കും - നീളത്തിലുള്ള തണ്ടിലാണ് പൂക്കള്‍ ഉണ്ടാവുക. പക്ഷെ, കായ ഉണ്ടാവില്ല. പെണ്‍ പപ്പായ മരത്തില്‍ തടിയോട് ചേര്‍ന്നാണ് പൂവുണ്ടാവുക. അടുത്തെങ്ങും ആണ്‍‌മരമില്ലെങ്കില്‍ കായ ഉണ്ടാവില്ല. (ജാതി മരം പോലെ). രണ്ടുതരം പൂക്കളും ഒന്നിച്ചുണ്ടാവുന്ന പപ്പായ മരങ്ങളുമുണ്ട്.
:-)

raadha said...

@ബിന്ദു :) കമന്റിനു വളരെ അധികം നന്ദി. എനിക്ക് ഇത് ഒരു പുതിയ അറിവാണ്. ഏതായാലും വീട്ടിലെ പപ്പായ ഏതാണ്ട് മൂപ്പ് പ്രായം ആകാറായി. ഞങ്ങള്‍ പറഞ്ഞത് കേട്ടിട്ടാവാം പപ്പായ കായിച്ചത് എന്ന അറിവ് തന്നെ സന്തോഷം തരുന്നു.. :)

രാജേശ്വരി said...

ത്തരം കൊച്ചു കൊച്ചു അദ്ഭുതങ്ങളില്‍ ഒക്കെ വിശ്വസിക്കാന്‍ തോന്നുന്നു..ഈയിടെയായി...:-)
തുനിയുടിപ്പിച്ചത് കൊണ്ടോ അതോ വെട്ടിക്കളയാനുള്ള ആലോചന അറിഞ്ഞിട്ടോ, പപ്പായ കായ്‌ച്ചത്? :-)

Unknown said...

കായ്ക്കാത്ത് പപ്പരയില്ല...
ചിലയിനം പപ്പായ അങ്ങനെയാണ് വളരെ താമസിച്ചേ കായ്ക്കാറുള്ളു. ആണ്‍ പപ്പരയും കായ്ക്കും തുണി ഉടുക്കാതെ തന്നെ. http://www.facebook.com/album.php?id=1407674881&aid=113511#!/photo.php?fbid=1888982110093&set=a.1888970069792.113511.1407674881&theater