കര്‍ക്കിടകം രണ്ടാം തീയതി. ഞായറാഴ്ച. രാവിലെ പള്ളിയില്‍ പോയി വന്നു. എന്നെ സംബന്ധിച്ച് ഞായറാഴ്ച മറ്റെല്ലാ ദിവസങ്ങളിലും വെച്ച് തിരക്ക് പിടിച്ചതാണ്. പതിവിലും നേരത്തെ എഴുന്നെറ്റാലെ പള്ളിയില്‍ പോക്ക് നടക്കു. അന്നാണ് അദ്ദേഹം മാര്‍ക്കറ്റില്‍ പോയി നോണ്‍ വെജ് മേടിക്കുന്നത്. അങ്ങനെ അടുക്കളയില്‍ ഏറ്റവും അധികം തിരക്കുള്ള ദിവസം.
പതിവ് പോലെ ഞങ്ങള്‍ രണ്ടും അടുക്കളയില്‍ ഉണ്ട്. മട്ടന്‍ മുറിക്കുന്ന തിരക്കില്‍ അദ്ദേഹം. ഞാന്‍ അതിന്റെ മറ്റു അനുസാരികള്‍ ചമയ്ക്കുന്നു. അപ്പോഴാണ് വിനാഗിരി പുതിയ കുപ്പിയില്‍ നിന്ന് എടുക്കേണ്ട ആവശ്യം വന്നത്. സാധാരണ എന്ത് പ്രയാസമുള്ള കാര്യങ്ങള്‍ വേണ്ടി വന്നാലും ഞാന്‍ അദ്ദേഹത്തിനെ കൊണ്ടേ ചെയ്യിക്കുക ആണ് പതിവ്.
അന്ന് തോന്നി, വെറുതെ എന്തിനാ ബുദ്ധിമുട്ടിക്കുന്നത് എന്ന്. പുറത്തെ ചുവന്ന അടപ്പ് കത്തി കൊണ്ട് മുറിച്ചു നീക്കി. അപ്പോള്‍ അതിനകത്ത് മറ്റൊരു സീല്‍ കൂടെ. പണിപ്പെട്ടു കത്തി കൊണ്ട് അത് മുറിച്ചു മാറ്റാന്‍ ശ്രമിച്ചു. കത്തി പാളി ഇടതു കൈയ്യുടെ ചൂണ്ടു വിരലില്‍ അമര്‍ന്നു. കത്തി എല്ലില്‍ തട്ടി എന്നത് അപ്പൊ തന്നെ അറിഞ്ഞു. ചോര പ്രളയം. പിന്നെ കാറി കൂവി...അദ്ദേഹം ഓടി എത്തി.
മുറിവില്‍ അമര്‍ത്തി പിടിച്ചിട്ടും ചോര നില്‍ക്കുന്നില്ല. ചോര അങ്ങനെ പോവുന്നത് കണ്ടപ്പോ എനിക്ക് തല കറങ്ങാന്‍ തുടങ്ങി. രണ്ടു ഗ്ലാസ് വെള്ളം എന്നെ കൊണ്ട് കുടിപ്പിച്ചു. ഐസ് വെക്കാന്‍ വിരല്‍ എടുക്കുമ്പോള്‍ പിന്നെയും ചോര വരുന്നു. ഒടുവില്‍ ഒരു തുണി ചുറ്റി മുറുക്കി കെട്ടി കൈ അനക്കാതെ വെച്ചപ്പോ സംഗതി ക്ലീന്‍.
അല്‍പ നേരം റസ്റ്റ് എടുത്തു വീണ്ടും അടുക്കളയില്‍ കയറാന്‍ ശ്രമിച്ചു. ഇടയ്ക്കു ഇളകുമ്പോള്‍
ചോര വരുന്നുണ്ട്. വലത്തേ കൈ കൊണ്ട് ഓരോന്ന് ചെയ്തു, പണി ഒതുങ്ങിയപ്പോ ഞാന്‍ പയ്യെ മുറിവ് അഴിച്ചു നോക്കി. അപ്പോള്‍ അല്ലെ സംഗതി പിടി കിട്ടിയത്, വിരല്‍ വല്ലാതെ വളഞ്ഞു അകത്തേക്ക് ഇരിക്കുന്നു. പണ്ട് econimics പഠിച്ചപ്പോ
ഒരു 'kinked ' demand curve നെ കുറിച്ച് പഠിച്ചിരുന്നു. അത് പോലെ ആണ് എന്റെ വിരലിന്റെ ഇരുപ്പു. അതിയായ വേദനയും.
ഇനി ഡോക്ടര്‍ നെ കാണിച്ചില്ലെങ്കില്‍ ശരി ആവില്ല എന്നായപ്പോ ഇറങ്ങി. അപ്പോഴേക്കും വിരല്‍ ആകെ നീര് വെച്ച് വീങ്ങി. മുറിവ് ആഴത്തില്‍ ആയി പോയെന്നും ഞരമ്പ് മുറിഞ്ഞു എന്നും മനസ്സിലായി. വിരലിനു കമ്പ്ലീറ്റ് റസ്റ്റ് വിധിചു. ഒരാഴ്ച ഓഫീസില്‍ പോയില്ല. ഇപ്പൊ ഇതാ സംഭവം നടന്നിട്ട് മൂന്നാഴ്ച ആയിട്ടും, വിരല്‍ bandage ഇല്‍ തന്നെ. അതിനകം ഞാന്‍ മറ്റു വിരല്‍ ഉപയോഗിച്ച് ടൈപ്പ് ചെയ്യാന്‍ പഠിച്ചത് കൊണ്ട് ഈ പോസ്റ്റ് ഇടാന്‍ പറ്റി.
ഇതിനിടയില്‍ ഞാന്‍ ബൂലോകത്തേക്ക് വന്നിട്ട് ജൂലായില്‍ രണ്ടു വര്ഷം തികഞ്ഞു. വാര്‍ഷിക പോസ്റ്റ് ഇടാന്‍ പറ്റിയില്ല...ഇനി ചിങ്ങത്തില്‍ എങ്കിലും എന്റെ വിരല്‍ സുഖമാകണേ എന്ന പ്രാര്‍ത്ഥനയോടെ...,
സസ്നേഹം,
രാധ