ഓട്ടോ ഇറങ്ങി ഞാന്‍ ആ ഹോസ്പിടല്‍ ഗേറ്റ് കടന്നപ്പോ സമയം ഏതാണ്ട് നാല് മണിയേ ആയിട്ടുള്ളൂ...ആരെയും കാണുന്നില്ല. ശുദ്ധ ശൂന്യത. ഇതെന്തേ ഇങ്ങനെ എന്ന് അതിശയിച്ചു കൊണ്ട് ഞാന്‍ വലിയ പൂന്തോപ്പിന്റെ നടുവിലുള്ള റോഡില്‍ കൂടെ നടന്നു...കുറച്ചധികം നടക്കണം പ്രധാന കവാടത്തിന്റെ മുന്നിലെത്താന്‍. നിറയെ പൂത്തുലഞ്ഞു നില്‍ക്കുന്ന, നല്ല ഭംഗിയായി പരിചരിക്കുന്ന തോട്ടം. അപ്പോഴും ആരെയും കാണുന്നില്ല, രോഗികളെ കാണാന്‍ വരുന്നവരോ, കണ്ടു കഴിഞ്ഞു മടങ്ങുന്നവരോ ആയിട്ട് ആരും ഇല്ല...ഞാന്‍ മാത്രം, തനിയെ വളരെ സാവധാനം നടന്നു കൊണ്ടിരിക്കുന്നു...
പ്രവേശന കവാടത്തില്‍ എത്തി. ശ്മശാന നിശ്ശബ്ധത എന്ന് പറഞ്ഞാല്‍ എങ്ങനെയോ അങ്ങനെ തന്നെ. മരണം ഒരു വലിയ പുതപ്പു കൊണ്ട് ആ ആശുപത്രി കെട്ടിടത്തിനെ അങ്ങനെ തന്നെ മൂടി പൊതിഞ്ഞു സ്വന്തം നെഞ്ചോടു ചേര്‍ത്ത് വെച്ചിരിക്കുന്നു. അകത്തു കടന്നപ്പോള്‍ എന്റെ കാലടി ശബ്ദങ്ങള്‍ മാത്രം!! reception ഇല്‍ ഒരു പെണ്‍കുട്ടി ഇരിക്കുന്നുണ്ട്. ആവൂ, സമാധാനമായി, ഒരു മനുഷ്യ ജന്മത്തിനെയെങ്കിലും കണ്ടല്ലോ. വളരെ അധികം നീളമുള്ള ഒരു corridor . എവിടെയും ക്രൂശിതനായ യേശുവിന്റെ തൂങ്ങപ്പെട്ട രൂപങ്ങള്‍. ഒരു സാധാരണ ക്രിസ്ത്യന്‍ ഹോസ്പിടല്‍ വിസിറ്റ് ചെയ്യുമ്പോള്‍ ഉള്ള അന്തരീക്ഷം.
അവിടെ absent ആയത്, തിരക്ക് പിടിച്ചു ഓടി നടക്കുന്ന അന്തേവാസികളെ ആണ്. ദൂരെ ഒരു ആയ നിലം തുടക്കുന്നുണ്ട്. എനിക്ക് സന്ദര്‍ശിക്കേണ്ട മുറി നിശ്ചയമുണ്ടായിരുന്നത് കൊണ്ട് ഞാന്‍ രണ്ടാം നിലയിലേക്കുള്ള പടികള്‍ കയറി. എന്റെ ചെരിപ്പിന്റെ ശബ്ദം വളരെ കുറച്ചു , മരിക്കാന്‍ കിടക്കുന്നവരെ ആ ശബ്ദം കൊണ്ട് പോലും വേദനിപ്പിക്കാതെ വളരെ സാവധാനം ആണ് ഞാന്‍ നടന്നത്.
അതെ, ഞാന്‍ കയറി ചെന്നത് ഒരു പാലിയേടീവ് കെയര്‍ ഹോസ്പിറ്റലില്‍ ആയിരുന്നു....50 പേരെ കിടത്തി ചികില്‍സിപ്പിക്കാവുന്ന ഒരു വലിയ ആശുപത്രി. അവിടെ ഇപ്പോള്‍ 14 പേര്‍ മാത്രം. അതിലൊരാള്‍ എന്റെ ചേച്ചിയുടെ ഭര്‍ത്താവ്. ഈ ലോകത്തിലെ എല്ലാ ഓര്‍മകളില്‍ നിന്നും വിടുതല്‍ വാങ്ങി, പരലോകത്തിലേക്കു പാതി വഴിയിലേറെ ദൂരം തനിയെ താണ്ടി കഴിഞ്ഞിരിക്കുന്നു. അതിനു സഹായിക്കാന്‍ ധാരാളം കൊച്ചു കൊച്ചു കന്യാസ്ത്രീകളും, നേഴ്സ് മാരും.
ആര്‍ക്കും ഇവിടെ പരാതി ഇല്ല, പരിഭവങ്ങളും ഇല്ല. മരണത്തിന്റെ തണുത്ത കൈകള്‍ വന്നു തലോടി വിളിച്ചു കൂടെ കൂട്ടി കൊണ്ട് പോവാനുള്ള നിമിഷങ്ങള്‍ മാത്രം കാത്തു കിടക്കുന്നവര്‍. ഇവിടെ അവര്‍ വേദന അറിയുന്നതേയില്ല..എല്ലാം ഒരു ചെറു മയക്കത്തില്‍...പ്രാര്‍ത്ഥനകളുടെ നടുവില്‍..ഒരു പൂവ് കൊഴിയുന്നത് പോലെ കടന്നു പോവും...എത്ര ആശ്വാസകരമായ മരണം. oxygen ട്യൂബ് ഇല്ല, ventilator ഇല്ല, ICCU ഇല്ല. കൂടെയുള്ളവരെ കരയിപ്പിക്കുന്ന ബില്ലുകളും ഇല്ല. രോഗിക്കുള്ള ഭക്ഷണം, മരുന്ന്, മുറി വാടക എല്ലാം സൌജന്യം.ഇനി അഥവാ നമുക്ക് എന്തെങ്കിലും കൊടുത്തെ പറ്റൂ എന്നുണ്ടോ? എങ്കില്‍ donation നല്‍കാം.
സേവനം മാത്രം ലക്‌ഷ്യം വെച്ചിട്ടുള്ള ഒരു സ്ഥാപനം ആണ് ഇത്. എത്രയോ കാരുണ്യത്തോടെ ആണ് ഇവിടെയുള്ള നേഴ്സ് മാര്‍ പെരുമാറുന്നത്. അല്ലെങ്കിലും ഈ ലോകത്തിലെ എല്ലാ നരക യാതനകളും അനുഭവിച്ചു തിരിച്ചു വരാന്‍ ആവാത്ത യാത്ര തുടങ്ങിയ ആളുകളെ ആര്‍ക്കു വേദനിപ്പിക്കാന്‍ ആവും. ഞാന്‍ ചെല്ലുമ്പോള്‍ ശാന്തമായ ഉറക്കത്തില്‍ ആണ് ചേട്ടന്‍. ഭക്ഷണം കഴിക്കാന്‍ ട്യൂബ് ഇട്ടിട്ടുണ്ട്, യൂറിന്‍ പോവാനും ഉണ്ട്. പണിപ്പെട്ടു ശ്വാസം കഴിക്കുന്നു..കുറെ ഏറെ നേരം ചേച്ചിയുടെ അടുത്തും, നോക്കാന്‍ നിര്‍ത്തിയിരിക്കുന്ന ആയയുടെ അടുത്തും സംസാരിച്ചിരുന്നു. അതിനിടയില്‍ എന്നെയും വന്നു അവിടത്തെ നേഴ്സ് മാര്‍ പരിചയപ്പെട്ടു. നമ്മുടെ വിഷമങ്ങളും അവരോടു പറയാം. ചേച്ചിക്ക് അവര്‍ counselling കൊടുക്കുന്നുണ്ട്.
വളരെ ശാന്തമായ മനസ്സോടെ ആണ് ഞാന്‍ അവിടെ നിന്നിറങ്ങിയത്. മനസ്സില്‍ ഉറപ്പിച്ചു..ഭാവിയില്‍ എന്റെ മരണം ഇത് പോലെയുള്ള അസുഖം മൂലമാണെങ്കില്‍ തീര്‍ച്ചയായും ഇവിടെ അഡ്മിറ്റ് ആവണം എന്ന്. എങ്കില്‍ ICCU ന്റെ വെളുത്ത ചുമരുകള്‍ മാത്രം കണ്ടു മനം മടുക്കാതെ , ഓര്‍മയുടെ ഏതേലും പ്രകാശം വീഴുമ്പോള്‍ സ്നേഹിക്കുന്നവരെ കണ്ടു അവരുടെ നടുവില്‍ അങ്ങനെ പോവാമായിരുന്നു...നേരത്തെ പറഞ്ഞു വെക്കണം.
ശാന്തമായ മരണത്തിനും ഭാഗ്യം വേണമല്ലോ...അല്ലെ?
അടിക്കുറിപ്പ്: ഞാന്‍ കണ്ടു രണ്ടു നാള്‍ കഴ്ഞ്ഞപ്പോ ചേട്ടന്‍ ശാന്തമായി യാത്ര പൂര്‍ത്തിയാക്കി..!!!
Monday, July 18, 2011
Subscribe to:
Posts (Atom)