Sunday, March 27, 2011

തിരക്കില്‍...


ഞാന്‍ അല്‍പ്പം തിരക്കില്‍ ആണ് ട്ടോ. കുട്ടികള്‍ക്ക് പരീക്ഷാ ചൂട്, പുറത്തു തിരഞ്ഞെടുപ്പിന്റെ ചൂട്, എന്റെ ഉള്ളിലും ഓഫീസിലെ accounts ക്ലോസിംഗ് ന്റെ ചൂട്. ഭാഗ്യത്തിന് ഇത്തവണയും election ഡ്യൂട്ടി വന്നില്ല. സ്ത്രീകളെ ഒഴിവാക്കി ആണ് ഓഫീസില്‍ ഡ്യൂട്ടി വന്നിരിക്കുന്നത്.

എല്ലാവരോടും അല്പം നാളത്തേക്ക് വിട. വീണ്ടും trial balance ഒക്കെ ഓഡിറ്റ്‌ ചെയ്തു കൊടുത്തു കഴിഞ്ഞിട്ട് സ്വസ്ഥമായിട്ട് ഇതിലെ വരാം ട്ടോ.

സസ്നേഹം,
രാധ.

Tuesday, March 1, 2011

മരിച്ചവര്‍ തിരിച്ചു വരുമോ?


കുഞ്ഞുന്നാള്‍ മുതലേ കഥകള്‍ കേള്‍ക്കാന്‍ വളരെ അധികം താല്പര്യം ഉണ്ടായിരുന്നു എനിക്ക്. അത് വളര്‍ന്നപ്പോള്‍ പുസ്തക വായനയിലേക്ക് നീണ്ടു. ഇപ്പോഴും വായിക്കാന്‍ ഒരു പുതിയ പുസ്തകം ഇല്ലെങ്കില്‍ ഒരു തരം ശ്വാസം മുട്ടല്‍ ആണ്. അത് കൊണ്ട് തന്നെ അടുത്ത് അറിയാവുന്നവര്‍ പലപ്പോഴും ഗിഫ്റ്റ് തരുന്നത് പുസ്തകങ്ങള്‍ ആണ്. അങ്ങനെ ആണ് മാര്‍കേസിന്റെ തിരഞ്ഞെടുത്ത കുറച്ചു കഥകള്‍ വായിക്കാന്‍ ഇടയായത്.

അതില്‍ ഒരു കഥയുണ്ട്. തന്റെ മരിച്ചു പോയ കുഞ്ഞു മകളുടെ മൃതദേഹം അഴുകുന്നില്ല എന്ന് കണ്ടു ഒരു പിതാവ് അവളെ ഒരു ചെറിയ പെട്ടിയിലാക്കി Rome ലേക്ക് കൊണ്ട് പോവുകയാണ്. അവള്‍ വിശുദ്ധ ആണെന്ന് സമ്മതിപ്പിക്കാന്‍. പോകുന്ന വഴിയില്‍ അദ്ദേഹം ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങുമ്പോഴും ഒക്കെ ഈ പെട്ടി കൂടെ ഉണ്ട്. ഇടയ്ക്കിടെ മകളുടെ സുന്ദരമായ മുഖം ഇദ്ദേഹം കാണുകയും ചെയ്യുന്നുണ്ട്, മറ്റു യാത്രികരോട് ഇതേ കുറിച്ച് പറയുകയും ചെയ്യുന്നുണ്ട്.(Strange Pilgrims)

ഈ കഥ വായിച്ചപ്പോള്‍ മുതല്‍ മനസ്സില്‍ ഒരു പോറല്‍ പോലെ ഒരു ചോദ്യം ഇടയ്ക്കിടെ പൊന്തി വരുന്നുണ്ട്. ചോദിക്കട്ടെ?

നിങ്ങളില്‍ ആര്ക്കെങ്ങിലും നിങ്ങളുടെ പ്രിയപ്പെട്ട മരിച്ചു പോയവരെ വീണ്ടും കാണാന്‍ ആഗ്രഹം ഉണ്ടോ? അങ്ങനെ കണ്ടാല്‍ എന്താവും പ്രതികരണം? സന്തോഷം ഉണ്ടാകുമോ? അതോ സങ്കടം?

എനിക്ക് ഇത് രണ്ടുമുണ്ടാവില്ല തീര്‍ച്ച. എനിക്ക് പേടിയാവും. ഉറപ്പ്.മരിച്ചു പോയവര്‍ എത്ര പ്രിയപ്പെട്ടവര്‍ ആയാലും വീണ്ടും അവരെ കാണുന്നത് എനിക്ക് ഒരിക്കലും സന്തോഷകരം ആവാന്‍ വഴിയില്ല. അങ്ങനെ ഒരു അവസ്ഥ ഓര്‍ക്കാന്‍ തന്നെ ബുദ്ധിമുട്ട് ആണ്.സ്വപ്നങ്ങളില്‍ അവരെ ചിലപ്പോള്‍ കാണാറുണ്ട്. അത് പക്ഷെ ഒരിക്കലും ഭീതിജനകം അല്ല. കാരണം അപ്പോള്‍ അവര്‍ മരിച്ചവര്‍ എന്ന രീതിയില്‍ അല്ല കാണുന്നത്. ജീവിച്ചിരിക്കുന്ന അവരുടെ കൂടെ ഞാന്‍, അങ്ങനെ.

പണ്ട് ഒരിക്കെ അമ്മ പറഞ്ഞു കേട്ടിട്ടുള്ളതാണ്. ഞങ്ങള്‍ താമസിച്ചിരുന്നത് ഇന്നത്തെ കൊച്ചിന്‍ ഷിപ്‌യാര്‍ഡ്‌ ഇരിക്കുന്ന സ്ഥലത്തായിരുന്നു. ഷിപ്‌യാര്‍ഡ്‌നു വേണ്ടി സ്ഥലം കൊടുത്തതാണ് ഞങ്ങള്‍ . അപ്പൊ അവിടെ ഞങ്ങളുടെ ഒരു പള്ളിയും ഉണ്ടായിരുന്നു. വരവുകാട്ടു കുരിശു പള്ളി. ഈ പള്ളിയും പൊളിച്ചു കളയേണ്ടി വന്നു. അപ്പൊ പള്ളിയുടെ കൂടെ ഉള്ള സെമിത്തേരിയില്‍ മരിച്ചവരെ അടക്കിയത് എന്ത് ചെയ്യണം എന്നായി പ്രശ്നം. പള്ളിയുടെ ഇടവക പള്ളിയിലേക്ക് (അംബികാപുരം) ഈ പള്ളി ചേര്‍ക്കാന്‍ തീരുമാനിച്ചു, അവിടെ ഉള്ള എല്ലാ മരിച്ചവരുടെ ബന്ധുക്കളും സെമിത്തേരിയില്‍ അടക്കിയ തങ്ങളുടെ പ്രിയപ്പെട്ടവരുടെ കുഴികള്‍ മാന്തി ബാക്കിയുള്ള അവശിഷ്ടങ്ങള്‍ എല്ലാം കൂടെ ഇടവക പള്ളിയില്‍ ഒരു പൊതു കുഴിയില്‍ അടക്കം ചെയ്യാന്‍ അനുവദിച്ചു.

അങ്ങനെ മരിച്ചവരുടെ എല്ലാം ബന്ധുക്കളുടെ സാന്നിധ്യത്തില്‍ മത പുരോഹിതന്മാര്‍ വന്നു കര്‍മങ്ങള്‍ ചെയ്തു കുഴികള്‍ എല്ലാം തുറന്നു. 4 - 5 കൊല്ലങ്ങള്‍ക്ക് മുന്‍പ് മരിച്ച ഒരു ചേടത്തി ഉണ്ടായിരുന്നു. പള്ളന്‍സ്‌ കുടുംബത്തിലെ ആണ്. ചേടത്തിയുടെ കുഴി മാന്തിയപ്പോള്‍ ചേടത്തിക്ക് ഒരു കുഴപ്പവും വരാതെ അങ്ങനെ തന്നെ ഇരിക്കുന്നു. നഖങ്ങള്‍ നീണ്ടും ഇരിക്കുന്നു!!! കുഴി തുറന്നവരും കണ്ടു നിന്നവരും ആകെ അമ്പരന്നു. പിന്നെ ചേടത്തിയെ അപ്പോള്‍ മരിച്ചവരെ അടക്കുന്ന കര്‍മ്മങ്ങള്‍ എല്ലാം ചെയ്തു വീണ്ടും പുതിയ സെമിത്തേരിയില്‍ അടക്കം ചെയ്തു. ഇത് ഉണ്ടായ സംഭവം. പിന്നീട് പറഞ്ഞു കേട്ടത്, ചേടത്തിയുടെ മക്കള്‍ വയസ്സ് കാലത്ത് അമേരിക്കയില്‍ നിന്ന് ചേടത്തിക്ക് മരുന്നുകള്‍ അയച്ചു കൊടുത്തിരുന്നു. അതിന്റെ ഒക്കെ സൈഡ് effects കൊണ്ടാണ് ശരീരം അഴുകാതെ ഇരുന്നത് എന്ന്. അമ്മയുടെ ചെറുപ്പ കാലത്ത് നാട്ടില്‍ ഒത്തിരി പുകിലുണ്ടാക്കിയ ഒരു സംഭവമായിരുന്നു ഇത്.

ചെറുപ്പത്തിലെ ഇങ്ങനെ ഒക്കെ ഉള്ള കഥകള്‍ കേട്ട് വളര്‍ന്നത്‌ കൊണ്ടാവാം എനിക്ക് ഇപ്പോഴും മൃതദേഹങ്ങള്‍ കാണുന്നത് പേടിയാണ്. മരിച്ചവര്‍ ജീവന്‍ വെച്ച് തിരിച്ചു വരുന്ന കാര്യം ഓര്‍ക്കാനേ വയ്യ.

നിങ്ങള്‍ക്കോ?