രാവിലെ ഓഫീസില്‍ വന്നു സ്റെല്ല പതിവ് പോലെ , ആദ്യം ഇമെയില്‍ ചെക്ക് ചെയ്തു . അന്ന് ചെയ്യേണ്ട വര്‍ക്ക് assignments ന്റെ കൂട്ടത്തില്‍ പണ്ട് കൂടെ വര്‍ക്ക് ചെയ്തിരുന്ന ഫ്രണ്ട് ന്റെ ഇമെയില്‍ വന്നു കിടപ്പുണ്ട് . 'ഹാപ്പി വാലന്‍ന്റൈന്‍ 's ഡേ '. ഓ , അപ്പോഴാണ് ഓര്‍ത്തത് , ഇന്ന് ഫെബ്രുവരി 14. പ്രണയ ദിനം . എന്നും പ്രണയിക്കേണ്ട ദിനങ്ങള്‍ ആകേണ്ടതിന് പകരം എന്തിനാ ഒരു ദിവസം മാത്രം പ്രണയത്തിനു വേണ്ടി ?
എന്താണാവോ പ്രേമന്‍ എഴുതിയിരിക്കുന്നത് ? ഒരു ചെറു ചിരിയോടെ തുറന്നു നോക്കി .കമ്പന്യില്‍ നിന്ന് resign ചെയ്തു ജെര്‍മനിയില്‍ കുടുംബസമേതം താമസം തുടങ്ങിയിട്ട് ഇപ്പോള്‍ 5 കൊല്ലം കഴിഞ്ഞു . ഭാര്യ അവിടെ ഹോസ്പിറ്റലില്‍ ഡോക്ടര്‍ ആണ്. കുട്ടികളും അവിടെ പഠിക്കുന്നു . ഇടയ്ക്കു വല്ലപ്പോളും നാട്ടില്‍ വരുമ്പോള്‍ വിളിക്കാറുണ്ട് , ഇടക്കൊക്കെ മെയിലും അയക്കാറുണ്ട് . ഓഫീസുകള്‍ മാറി മറിഞ്ഞു ജോലി ചെയ്തെങ്കിലും ഇത് വരെ മുറിഞ്ഞു പോവാത്ത ഒരു പഴയ സൗഹൃദം .
വളരെ പ്ലൈന്‍ ആയിട്ട് ഒരു വാലന്‍ന്റൈന്‍ ഡേ വിഷ് , അതിനു താഴെ കൊടുത്തിരുന്നു , പ്രിയപ്പെട്ട സ്റെല്ലക്ക് , പണ്ട് നമ്മള്‍ ഒരുമിച്ചുണ്ടായിരുന്നപ്പോള്‍ ഈ വാലന്‍ന്റൈന്‍ ഡേ ഒന്നും ഉണ്ടായിരുന്നില്ലെല്ലോ എന്നോര്‍ത്തിട്ട് സങ്കടം വരുന്നു എന്ന് . നിഗൂഡമായ മന്ദഹാസത്തോടെ തിരിച്ചും വിഷ് നേര്‍ന്നു കൊണ്ട് അവള്‍ എഴുതി . 'അന്ന് അങ്ങനെ ഒന്നും ഇല്ലാതെ ഇരുന്നത് നന്നായി . അത് കൊണ്ട് നമ്മള്‍ രക്ഷപ്പെട്ടു'.
അല്പം സമയങ്ങല്‍ക്കകം മറുപടി വന്നു . 'അന്നുണ്ടായിരുന്നെകില്‍ , മൈ വാലന്‍ന്റൈന്‍ വില്‍ ബി defenitely യു !!!' അതിശയത്തോടെ, അതിലേറെ നടുക്കത്തോടെ ആ കൊച്ചു ഇ -മെയില്‍ മെസ്സെജിലേക്ക് സ്റെല്ല നോക്കിയിരുന്നു . ദൈവമേ ഇത് പറയാന്‍ പ്രേമന്‍ 18 വര്ഷം എടുത്തു. കാരണവും അറിയാം . എങ്കിലും അവള്‍ എഴുതി . '18 വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോള്‍ എങ്കിലും പറഞ്ഞത് നന്നായി . അല്ലെങ്കില്‍ ഇത് കേള്‍ക്കാതെ ഞാന്‍ മരിച്ചു പോയേനെ ...പിന്നെ നമ്മുടെ ലൈഫ് ഇങ്ങനെ ഒക്കെ ആവും ദൈവം പ്ലാന്‍ ചെയ്തിരുന്നത് . അല്ലെങ്കില്‍ 'നമ്മുടെ ' കുട്ടികള്‍ക്ക് എന്ത് 'ജാതി ' ആയിരുന്നേനെ ആവൊ '?
അമാന്തിച്ചില്ല , ഉടന്‍ മറുപടി വന്നു 'അന്നും ജാതി പ്രശ്നം ഇല്ലായിരുന്നെങ്കില്‍ ഞാന്‍ പ്രൊപോസ് ചെയ്തേനെ , ഇന്നിപ്പോ തോന്നുന്നു , നമ്മുടെ കുട്ടികള്‍ ഒന്ന് ഹിന്ദുവും , ഒന്ന് ക്രിസ്ത്യാനിയും ആയേനെ എന്ന് . അന്ന് അങ്ങനെ ചിന്തിക്കാന്‍ കഴിഞ്ഞില്ല . 18 വര്ഷം എടുത്തു , ഞാന്‍ ഇത് പറയാന്‍ , എന്നാലും ഒരിക്കലും പറയാതെ ഇരിക്കുന്നതിലും നല്ലതാണല്ലോ വൈകി എങ്കിലും പറയുന്നത് .. ഇപ്പോള്‍ ഇത് പറഞ്ഞപ്പോള്‍ ഞാന്‍ എത്ര relaxed ആയി എന്നോ'.
കൂടെ വര്‍ക്ക് ചെയ്തിരുന്ന നാളുകളില്‍ സാധാരണ അടുപ്പം മാത്രം കാണിച്ചു , നല്ല സുഹൃത്തുക്കളായി , പരസ്പരം കല്യാണങ്ങള്‍ക്കും പങ്കെടുത്തു പിരിഞ്ഞവര്‍ . അന്ന് ആ സൗഹൃദം പ്രണയ വഴികളില്‍ ചെന്ന് ചാടാതിരിക്കാന്‍ ബോധ പൂര്‍വ്വം രണ്ടു പേരും ശ്രമിച്ചിരുന്നു .എല്ലാം നല്ലതിനായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു . അന്ന് ഒരു പക്ഷെ പ്രേമന്‍ പ്രൊപോസ് ചെയ്തിരുന്നെങ്കില്‍ , താന്‍ ഒരിക്കലും അത് തള്ളി കളയുമായിരുന്നില്ല . പിന്നെ , രണ്ടു പേരുടെയും വീട്ടില്‍ പുകിലായേനെ . ഹിന്ദു -ക്രിസ്ത്യന്‍ കല്യാണത്തിന്റെ ന്യായമായ എതിര്‍പ്പുകള്‍ . അന്ന് വാലന്‍ന്റൈന്‍ ' s ഡേ ഇല്ലാതെ ഇരുന്നത് നന്നായി .ഇന്നിപ്പോള്‍ ഒന്നിനുമല്ലാതെ വെറുതെ പ്രണയിക്കാന്‍..അവള്‍ ഒരു ദീര്‍ഘ നിശ്വാസം വിട്ടു .
ഉള്ളില്‍ പൊന്തി വന്ന സന്തോഷം അടക്കി , ചെറു ചിരിയോടെ , ഫയലുകളുടെ ഇടയിലേക്ക് തല പൂഴ്ത്തുമ്പോള്‍ സ്റെല്ല വീണ്ടും തിരുത്തി ചിന്തിച്ചു , 'തീര്‍ച്ചയായും വാലന്‍ന്റൈന്‍ 's ഡേ വേണം . അങ്ങനെ ഒരു ദിവസം ഇല്ലായിരുന്നെങ്കില്‍ ഒരിക്കലും ഇപ്പോള്‍ കേട്ട പ്രണയ സന്ദേശം കേള്‍ക്കാന്‍ ആകുമായിരുന്നില്ല . പ്രണയം കാറ്റില്‍ ഒഴുകി നടക്കുന്ന ഫെബ്രുവരി മാസത്തിനു നന്ദി .
അവളുടെ മനസ്സ് അറിയാതെ , റഫീക്ക് അഹമ്മദിന്റെ പ്രണയ ഗാനം മൂളി ...
'വെറുതെ നീ എന്നെ സ്നേഹിച്ചിരുന്നെങ്കില്‍ ,
പ്രണയമുള്ളതായി ഭാവിച്ചിരുന്നെങ്കില്‍ ,
കഠിന കാലങ്ങളില്‍ ചുമലുകള്‍ ,
ഇത്രയേറെ കുനിഞ്ഞു പോവില്ല ,
കണ്ണുകളെ തലേ രാവിന്റെ കയ്പ്പ്
ഇത്രയേറെ കലക്കുകില്ല ..'
കുറിപ്പ് :
ഉള്ളിലെ പ്രണയം തുറന്നു പറയാന്‍ ആവാതെ വിങ്ങി പൊട്ടുന്ന ഹൃദയങ്ങള്‍ക്ക് വേണ്ടി ഈ പ്രണയ കഥ സമര്‍പ്പിക്കുന്നു ..