Friday, September 25, 2009

മഴ പെയ്യുമ്പോള്‍ ...


ഒരു കാലത്തും അവസാനിക്കാത്ത ഒരു ആത്മബന്ധം ആണ് എനിക്ക് മഴയോടുള്ളത് .എന്റെ എല്ലാ ഓര്‍മകളിലും മഴയുടെ വശ്യമായ , മോഹിപ്പിക്കുന്ന സാന്നിധ്യം ഉണ്ട് .

പണ്ട് ചെറിയ കുട്ടിയായിരുന്നപ്പോള്‍ മറ്റാരും കാണാതെ മഴ വെള്ളത്തില്‍ തിമിര്‍ത്തു നടന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു .അന്ന് ഞാന്‍ ഒന്നിലോ രണ്ടിലോ പഠിക്കുമ്പോള്‍ ഒരു ദിവസം അമ്മ കാണാതെ ഞാനും ചേച്ചിയും കൂടി മഴ വെള്ളത്തില്‍ കളിക്കുകയായിരുന്നു . മുറ്റത്തു കൂടെ ഒഴുകി എവിടേക്കോ പോയിരുന്ന ഒരു ചെറിയ തോടിന്റെ വക്കത്താണ് കളി . മഴയില്‍ ഒഴുകി വരുന്ന ചെറിയ മീനുകളെ കാല്‍ കൊണ്ട് തട്ടി തെറിപ്പിച്ചു പിടിക്കുകയായിരുന്നു .രണ്ടു പേരുടേയും ഉടുപ്പ് നന്നായി നനഞ്ഞിട്ടുണ്ട് . അമ്മ പെട്ടെന്ന് പുറകില്‍ എത്തി . ചേച്ചി അപ്പോഴേക്കും അമ്മയുടെ കൈയ്യില്‍ നിന്നും അടി കിട്ടാതെ ഇരിക്കാന്‍ വേണ്ടി കൈയ്യില്‍ അപ്പൊ പിടിച്ച മീനിനെ പെട്ടെന്ന് വായിലെക്കെടുത്തിട്ടു !! എന്നേക്കാള്‍ സാമര്ത്യക്കാരിയായിരുന്നു ചേച്ചി . ചേച്ചിയെ നോക്കി വായും പൊളിച്ചു നിന്ന എന്റെ നില്‍പ്പും , മീന്‍ വായില്‍ പിടിച്ചു നിര്‍ത്തിയ ചേച്ചിയുടെ മുഖ ഭാവവും കണ്ടപ്പോ അമ്മക്ക് കാര്യം പിടികിട്ടി .അന്ന് ഞങ്ങളെ അമ്മ അടിച്ച അടി ഇപ്പോഴും മറന്നിട്ടില്ല , പിന്നീട് ഓര്‍ത്തു ഞങ്ങള്‍ ഒരുപാട് ചിരിച്ചിട്ടുണ്ടെങ്കിലും .

തലേന്ന് പെയ്ത മഴയില്‍ പൊഴിഞ്ഞു ചിതറി വീണ വാകപ്പൂക്കള്‍ നിറഞ്ഞ വഴിയിലൂടെ , തനിച്ചു ഞാന്‍ എപ്പോഴോ നടന്നു പോയിട്ടുണ്ട് .ഇരു വശവും നില്‍ക്കുന്ന വാക മരങ്ങളുടെ ചില്ലകള്‍ തമ്മില്‍ ഒരുമിച്ചു ചേര്‍ന്ന് എന്തോ സ്വകാര്യം പറയുന്നുണ്ടായിരുന്നു.വിളറിയ ഒരു പ്രകാശം മാത്രമേ അപ്പോള്‍ എന്റെ ചുറ്റിലും ഉണ്ടായിരുന്നുള്ളൂ . ഒരു പക്ഷെ അത് ഒരു സ്വപ്നത്തില്‍ ആയിരുന്നിരിക്കാം ...

വായിക്കാന്‍ നല്ല ഒരു ബുക്കും, കൂട്ടിനു പേമാരിയും ഉണ്ടെങ്കില്‍,ഞാന്‍ പണ്ടൊക്കെ ലീവ് എടുത്തു ഇരുന്നു മഴയും ബുക്കും ഒരുമിച്ചു ആസ്വദിക്കുമായിരുന്നു. പിന്നീട് കല്യാണം കഴിഞ്ഞപ്പോള്‍, കുട്ടികളും ആയപ്പോള്‍, ലീവ് ഉള്ളത് എല്ലാം അവര്‍ക്കായി മാറ്റി വെച്ചു. എനിക്കും മഴക്കും പുസ്തകങ്ങള്‍ക്കും മാത്രമായി സ്വകാര്യ സമയങ്ങള്‍ ഇല്ലാതായി.


തകര്‍ത്തു പെയ്യുന്ന മഴയില്‍ അടച്ചു മൂടി കെട്ടിയ ബസില്‍ മറ്റൊന്നും ചെയ്യാനാകാതെ കണ്ണടച്ച് ഇരിക്കുവാന്‍ എത്ര സുഖമാണ് . മഴയിലും ആരെയോ ഒക്കെ വാശിയോടെ തോല്‍പ്പിക്കാന്‍ പാഞ്ഞു പോകുന്ന ബസില്‍ , തീര്‍ത്തും അപരിചിതരായ കുറെ മനുഷ്യര്‍ മാത്രം ! അപ്പൊ നമുക്ക് വീടില്ല , ബന്ധുക്കള്‍ ഇല്ല , കുട്ടികള്‍ ഇല്ല , ചുറ്റുപാടുകള്‍ ഒന്നും ഇല്ല , മഴയുടെ ദ്രുത താളം മാത്രം കേള്‍ക്കാം .അപൂര്‍വമായ ഒരു സ്വാതന്ത്ര്യമാണ് മഴ അപ്പോള്‍ എനിക്ക് തരുന്നത് . മഴ മാറുമ്പോള്‍ നമ്മള്‍ വീണ്ടും യാദര്ത്യത്തിലേക്ക് തപ്പി തടഞ്ഞു എഴുന്നേല്‍ക്കുന്നു ! എനിക്ക് ഇവിടെ മഴ ഒരു ഇന്ദ്രജാലക്കാരനാണ് .


കഥകള്‍ പറയാന്‍ എത്തുന്ന , ഒരിക്കലും കണ്ടിട്ടില്ലാത്ത കൂട്ടുകാരനും എനിക്കും ഇടയില്‍ മഴ എത്രയോ പ്രാവശ്യം പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നു . എന്നെ പോലെ തന്നെ മഴയെ പ്രണയിക്കുന്ന അവന്‍ ഒരിക്കല്‍ പറഞ്ഞു , ഞാന്‍ നിന്നെ കാണാന്‍ ഒരു മഴയില്‍ വരാം എന്ന് . നമുക്ക് മഴ നനഞ്ഞു നടക്കാം എന്ന് പറഞ്ഞു മോഹിപ്പിച്ചു കടന്നു പോയ അവനെ കാത്തു ഞാനും മഴയും ഇരുന്നു . മഴക്കാലം കടന്നു പോയി . കൂട്ടുകാരന്‍ ഇനി ഒരിക്കലും വരില്ല എങ്കിലും മഴ തീര്‍ച്ചയായും വരും . വരാതെ വയ്യല്ലോ . മഴ വരുമ്പോള്‍ വീണ്ടും എനിക്ക് കാത്തിരിക്കാതെ വയ്യല്ലോ ..


കിടപ്പ് മുറിയില്‍ AC പിടിപ്പിക്കണം എന്ന ആവശ്യം പല കുറി ഞാന്‍ തള്ളി കളഞ്ഞു . രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ എനിക്കിപ്പോ ജനാലകള്‍ തുറന്നിടാം . എവിടെ നിന്നോ ഓടി അടുക്കുന്ന മഴയ്ക്ക് വേണ്ടി കാതോര്‍ക്കാം . ഒടുക്കം അടുത്തെത്തി വാരിപുണരുന്ന മഴയുടെ താരാട്ട് കേട്ട് ഉറങ്ങാം . AC വെച്ചാല്‍ കൃത്രിമമായ തണുപ്പല്ലേ കിട്ടൂ ? ഒരു മഴയുടെ വരവും , ഇടിമിന്നലിന്റെ മുഴക്കവും , ബഹളവും ഒന്നും അറിയാതെ ചുമ്മാ യന്ത്രികമായിപ്പോവില്ലേ നമ്മുടെ ജീവിതം ? അത് കൊണ്ട് ജനാലകള്‍ തുറന്നു കിടക്കട്ടെ , മഴ പെയ്യട്ടെ , എല്ലാ അഹങ്കാരത്തോട്‌ കൂടെയും ..കാത്തിരിക്കാന്‍ എന്തെങ്കിലും വേണ്ടേ നമുക്ക് ?ഒരു നനുത്ത മഴയെങ്കിലും ? :-)

39 comments:

വരവൂരാൻ said...

തലേന്ന് പെയ്ത മഴയില്‍ പൊഴിഞ്ഞു ചിതറി വീണ വാകപ്പൂക്കള്‍ നിറഞ്ഞ വഴിയിലൂടെ , തനിച്ചു ഞാന്‍ എപ്പോഴോ നടന്നു പോയിട്ടുണ്ട്

കുളിരാർന്ന ഓർമ്മകൾ..മഴ നന്നച്ചു കടന്നു പോയി.. മനോഹരം

ചിതല്‍/chithal said...

വായിച്ചപ്പോള്‍ ഒരു ചെറിയ ഗൃഹാതുരത്വം തോന്നി. തൃശ്ശൂരിലെ വീടും അവിടത്തെ മഴക്കാലവും വീടിനു പിന്നിലെ തോടും പാടവും വെറുതെ ഓര്‍ത്തുപോയി

Raman said...

EZHUTHU KOLLAAM.

ALL THE BEST

ശാന്ത കാവുമ്പായി said...

'കാത്തിരിക്കാൻ എന്തെങ്കിലും വേണ്ടേ നമുക്ക്‌'.ഇല്ലെങ്കിൽ എന്തു ജീവിതം.

VEERU said...

മഴയൊരു വിധം ആളുകൾക്കെല്ലാം ഇങ്ങനെയൊക്കെത്തന്നെയാണെന്നാണു തോന്നുന്നതു..
മഴയുടെ ഗന്ധം, പാട്ട് , കുളിർകാറ്റ് എല്ലാമെല്ലാം ഏവർക്കും സുഖം തരുന്ന ഒരോർമ്മ തന്നെ ..അതു എഴുത്തിലൂടെ വീണ്ടും കൊണ്ടുവന്നു കാണിച്ചതിനു നന്ദി !!

raadha said...

@വരവൂരാന്‍ :) അതെ, മഴ എപ്പോഴും കുളിര്‍മ തരുന്ന ഒരു ഓര്‍മയാണ്. ഇതിലെ വന്നതിനു ആയിരം നന്ദി! ട്ടോ.

@chithal :) സന്തോഷമായി. തല്ക്കാലത്തെക്കെന്കിലും താങ്കളെ നാട്ടിലേക്കു കൂട്ടി കൊണ്ട് വരാന്‍ കഴിഞ്ഞല്ലോ. ഇത് വഴി വന്നതിനു നന്ദി. ഇനിയും വരുമല്ലോ?

@Raman :) ആശംസകള്‍ക്ക് നന്ദി. പോസ്റ്റ്‌ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം!

@ശാന്ത :) തീര്‍ച്ചയായും. അല്ലെങ്കില്‍ ജീവിതത്തിനു എന്ത് അര്‍ഥം? ഇതിലെ വന്നതിനു നന്ദിയുണ്ട് ട്ടോ.
ഇനിയും വരണേ.

@VEERU :) അതെ, മഴ ഒരു വല്ലാത്ത പ്രതിഭാസം തന്നെ ആണ്. പലര്‍ക്കും അത് പലതാണ്. എനിക്ക് ഏറെ പ്രിയപ്പെട്ടതും! പോസ്റ്റ്‌ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. നന്ദി!

കണ്ണനുണ്ണി said...

ചെച്ച്ചിക്കൊപ്പം മീന്‍ പിടിച്ചു തല്ലു വാങ്ങിയ കാര്യം എനിക്ക് മുന്‍പൊരു കമെന്റില്‍ ഇട്ടിരുന്നത് ഓര്‍ക്കുന്നു..
മഴയെ കുറിച്ച് പറഞ്ഞു ഒരിത്തിരി നോസ്ടല്ജിക് ആക്കി ട്ടോ... :( ശ്ശൊ നാട്ടില്‍ പോയി മഴ കാണാന്‍ തോനുന്നു

Typist | എഴുത്തുകാരി said...

എനിക്കും ഇഷ്ടമാ‍ണു് മഴയെ. മഴ കനത്തു പെയ്യുമ്പോള്‍ അലസമായി പൂമുഖത്ത് അതു കണ്ടിരിക്കാന്‍ അതിലേറെ ഇഷ്ടം.

ramanika said...

During our school days the monsoon season was different. Rains used to come to school along with all of us on the very opening day itself. It was a scene to be seen that the young kids getting fully wet by standing in the rains. Some of them would be dancing holding their umbrellas! Rains gave us a chance to be merry &happy.
Even after the school hours there were lot of fun in the rainy season. Playing foot ball in rains is still fresh in my memory. So is the swimming in the flooded river!
Most of the houses on those days were having thatched /tiled roofs. The rain water used to enter all houses through the little openings in the roofs when it rained very heavily. Children used to place buckets/pots under such openings and collect water through out the night തിരിച്ചു കിട്ടുമോ ആ കാലം ?

Sands | കരിങ്കല്ല് said...

മഴയെക്കുറിച്ചെഴുതാനുള്ള പ്രശ്നം ഇതാണു്.. മനസ്സില്‍ ഒരുപാടുണ്ട്... എഴുതാനുള്ള വാക്കുകള്‍ അറിയില്ല...

ഒരു തരം പ്രത്യേക “ഇതു”... അതാണു് മഴ എനിക്കു്...

ഒരുപാടിഷ്ടം...

raadha said...

@കണ്ണനുണ്ണി :) ഉം. അന്ന് എന്നോട് അത് ഒരു പോസ്റ്റ്‌ ആക്കിക്കൂടെ എന്ന് ചോദിച്ചപ്പോ അന്ന് കരുതിയതാ, മഴയെ കുറിച്ച് എപ്പോഴെങ്കിലും പോസ്ടുമ്പോ ഇടാം എന്ന്. ഈ മഴക്കാലത്ത് തന്നെ അല്ലെ നാട്ടില്‍ പോയി മടങ്ങി വന്നത്? ഇനിയിപ്പോ ആകെ ഒരു ആശ്വാസം തുലാവര്‍ഷം മാത്രം!! അത് കഴിഞ്ഞാല്‍... കമന്റിനു നന്ദി ട്ടോ.

@Typist :) എനിക്ക് അത് നേരത്തെ അറിയാമായിരുന്നു. ഹ ഹ. അങ്ങനെ എനിക്ക് തോന്നിയിരുന്നു. എനിക്കും ഇഷ്ടമാണ് മഴ നോക്കിയിരിക്കാന്‍...എത്രനേരം വേണമെങ്കിലും ഇരിക്കാം. ഇതിലെ വന്നതിനു നന്ദി.

@ramanika :) Really happy to know that i can take u bk to your memories. Certain things r like that, when it happens we doesn't realise the importance of that, but when we r getting older and older we longed for such small beautiful things to happen again to us. പോയ കാലം ഒന്ന് തിരിച്ചു കിട്ടില്ല. പോയ കാലങ്ങള്‍ ഓര്‍മിപ്പിച്ചു ഈ പോസ്റ്റ്‌ എന്നറിഞ്ഞു സന്തോഷം. മഴ പെയ്യട്ടെ മനസ്സിലും!! ആശംസകള്‍.

@sands :) എനിക്ക് വല്ലതും എഴുതാന്‍ അറിഞ്ഞിട്ടാണോ ഇതൊക്കെ എഴുതുന്നത്? കുറെ കാലമായി മഴയെ കുറിച്ച് എഴുതണം എന്ന് മനസ്സില്‍ കൊണ്ട് നടക്കുന്നത്. ഇപ്പോഴാ തരപ്പെട്ടത്. ചുമ്മാ എഴുതൂ. ഒന്നുമില്ലെങ്കിലും സ്വന്തം ബ്ലോഗില്‍ അല്ലെ ? മഴയെ ഇഷ്ടമുള്ളവര്‍ക്ക് എപ്പോഴും എന്തെങ്കിലും എഴുതാന്‍ കാണും. ആശംസകള്‍.

നിറങ്ങള്‍..colors said...

oru kannuneer mazha peythu...

khader patteppadam said...

മഴ പ്രണയ സുരഭിലമായ കവിതയല്ലാതെ മറ്റെന്താണു... ?!

പാവപ്പെട്ടവൻ said...

അപൂര്‍വമായ ഒരു സ്വാതന്ത്ര്യമാണ് മഴ അനുരാഗവും

രാജേശ്വരി said...

ഞാന്‍ അങ്ങനെ സുഖിച്ചിരുന്നു വായിച്ചു ഈ പോസ്റ്റ്‌ :).....പതിവ് പോലെ മനോഹരം:)

രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണ് , ഒരു ദിവസം രാവിലെ മഴ തകര്‍ത്തു പെയ്യുന്നതു കണ്ടിട്ട് എന്നോട് സ്കൂളില്‍ പോകണ്ട എന്ന് അച്ഛന്‍ പറഞ്ഞു.
ആറില്‍ പഠിച്ചിരുന്ന ചേട്ടനും അതുകേട്ട് സ്വയം അങ്ങ് ലീവ് എടുത്തു..പിന്നെ ഞങ്ങള്‍ രണ്ട് പേരും കൂടി കഥകളും മറ്റും പറഞ്ഞു, മഴയും കണ്ടു ഉമ്മറത്ത്‌ തന്നെ ചടഞ്ഞിരുന്നു. അമ്മൂമ്മയും ഒപ്പം ഉണ്ടായിരുന്നു.

ജോലി കഴിഞ്ഞ് അച്ഛനും അമ്മയും തിരിച്ചു വന്നപ്പോ സ്കൂളില്‍ പോകാതെ ഇരുന്നതിനു പാവം ചേട്ടന് നല്ല വഴക്കും കേട്ടു...
അങ്ങനെയൊക്കെ കുറെ ഓര്‍മ്മകള്‍.
പഴയ നാളുകളിലേക്ക് ഒരിക്കല്‍ കൂടി കൊണ്ടു പോയതിനു നന്ദി രാധ ചേച്ചി...:)

hshshshs said...

മ്മക്കും മയ പെരുത്തിഷ്ടാണെന്നേയ്..
ഇത്താന്റെ എയ്ത്തിനു ശേലുണ്ട്ട്ടാ..
ബീണ്ടും ബൂലോകത്തിൽ മയയായ് പെയ്തിറ്ങ്ങൂ സഗോദരീ...

raadha said...

@നിറങ്ങള്‍ :) ഒരു കണ്ണ് നീര്‍ തുള്ളിയുടെ ഓര്‍മയ്ക്ക് .. ഇതിരിക്കട്ടെ.

@Khader :) അതെ , മഴ പലര്‍ക്കും പലതാണ് ....

@പാവപ്പെട്ടവന്‍ :) താങ്കളുടെ അഭിപ്രായത്തിനോട് ഞാനും യോജിക്കുന്നു. അനുരാഗം പോലെ തന്നെ മഴക്കും നിറങ്ങളും, ഭാവങ്ങളും പലതാണ്..

@രാജി :) പലപ്പോഴും നമ്മള്‍ ഓര്‍ക്കാന്‍ ആഗ്രഹിക്കുന്ന കുട്ടിക്കാലത്തേക്ക് കൂട്ടി കൊണ്ട് പോവാന്‍ എന്റെ പോസ്റ്റിനു സാധിച്ചല്ലോ. സന്തോഷം. അങ്ങനെ ചേട്ടന് അടി മേടിച്ചു കൊടുത്തു അല്ലെ?നമ്മളെ കൊണ്ട് ഇത്രയൊക്കെ അല്ലെ പറ്റു? അല്ലെ?
:-)

@hshshshs :) അടിപൊളി id. സഹോദരനും മഴ ഇഷ്ടമാണ് എന്നറിഞ്ഞു പെരുത്ത്‌ സന്തോഷം. ഇതിലെ ഇനിയും വരുമല്ലോ?

ഉസ്മാന്‍ പള്ളിക്കരയില്‍ said...

രാധയുടെ ജീവിതത്തില്‍ മഴ മിഴാവു കൊട്ടുന്ന ധ്വനി മുഴങ്ങിക്കൊണ്ടേയിരിക്കട്ടെ....
ആശംസകള്‍

കുഞ്ഞായി | kunjai said...

മഴയും മീന്‍പിടിത്തവും ഒരുമിച്ച് നില്‍ക്കുന്ന ഒത്തിരി നൊസ്റ്റാള്‍ജിക്കായ ഓര്‍മ്മകളുണ്ട് എനിക്ക്...

പുതുമഴക്ക് (ജൂണില്‍,മഴയുടെ തുടക്കം) പെയ്യുന്ന പേമാരിയില്‍ അര്‍ദ്ധരാത്രിയില്‍ ഞാനും പിതാജിയും കൂടെ വഴലില്‍ മീന്‍ പിടിക്കാന്‍ പോകുന്നതാണ് അതില്‍ഒന്ന്.പുതുമഴക്ക് വലിയ മീനുകള്‍ കൂട്ടത്തോടെ ഇറങ്ങും,അധികം വെള്ളമില്ലാത്തത് കൊണ്ട് അവയെ പിടിക്കാനും എളുപ്പമാണ്.

പിന്നെ വേറൊരോര്‍മ്മ,മഴ പെയ്ത് വീടിനടുത്തുള്ള കൈലൊടി തോട്ടില്‍ വെള്ളം കയറിയാല്‍ ഇത്താത്തന്റെ(മൂത്ത പെങ്ങള്‍) കൂടെ തോട്ടില്‍ പോകും.കുളിയും മീന്‍പിടിത്തവും ഒക്കെയായിട്ട് കുറെ സമയം അവിടെ ചിലവഴിക്കും.അന്ന് ‘ആയിത്താ മീനിനെ പിടിച്ചുതാ’ എന്നുപറഞ്ഞ് പെങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ഇന്നും അവള്‍ പറഞ്ഞ് കളിയാക്കും...

എല്ലാം ഓര്‍മിപ്പിച്ച ഒരു നല്ല പോസ്റ്റ്

raadha said...

@പള്ളിക്കരയില്‍ :) ഇവിടെ വന്നു എത്തി നോക്കിയതിനു നന്ദി! അതെ, എന്നുമെന്നും മഴ കൂടെ ഉണ്ടായിരിക്കണേ എന്ന് ഞാനും ആഗ്രഹിക്കുന്നു. ആശംസകള്‍ക്ക് വളരെ അധികം നന്ദി!

@കുഞ്ഞായി :) ഉം. എല്ലാവര്ക്കും മഴയെ കുറിച്ച് ഒരുപാട് പറയാന്‍ ഉണ്ട് ല്ലേ? മഴക്കാലം എപ്പോഴും നമ്മളെ നമ്മുടെ കുട്ടിക്കാലം ഓര്‍മിപ്പിക്കും...കുറച്ചു നേരത്തേക്കെങ്കിലും പഴയ കാലം ഓര്‍ക്കാന്‍ ഇടയായല്ലോ...സന്തോഷമായി.

വയനാടന്‍ said...

മഴയിലും ആരെയോ ഒക്കെ വാശിയോടെ തോല്‍പ്പിക്കാന്‍ പാഞ്ഞു പോകുന്ന ബസില്പോയ്ക്കൊണ്ടിരിക്കുകയായിരുന്നു. എത്തിലേയൊക്കെ പോയെന്നൊരു നിശ്ചയവുമില്ല.

വായിച്ചു തീർത്ത്‌ ഞെട്ടിയാണുണർന്നതു, റൂം ഏസിയുടെ കമ്പ്രസ്സർ ഓൺ ആയ ശബ്ദമാണു.

മനസ്സിൽ പതിയുന്നൂ ഓർമ്മകൾ

നന്ദി മഴയിലേക്കു കൊണ്ടു പോയതിനു.

Mahesh Cheruthana/മഹി said...

മഴ എനിക്കും പ്രിയപ്പെട്ടതാണു! മഴ മണ്ണിലേക്കു പെയ്തിറങ്ങുന്ന മനസ്സിന്റെ രൂപമാണു! എല്ലാ ആശം സകളും !

raadha said...

@വയനാടന്‍ :) നന്ദി! താങ്കളെയും മഴകാഴ്ച്ചകളിലേക്ക് കൂട്ടിക്കൊണ്ടുപോവാന്‍ സാധിച്ചല്ലോ. വളരെ അധികം സന്തോഷമായി.

@മഹി :) ഞാന്‍ പറഞ്ഞുവല്ലോ. മഴ എല്ലാവര്ക്കും എന്തൊക്കെയോ ആണ്. മഴയെ ഇഷ്ടപ്പെടുന്ന ഒരാളെ കൂടെ കണ്ടെത്തിയതില്‍ സന്തോഷം. ആശംസകള്‍ക്ക് നന്ദി.

കുറ്റക്കാരന്‍ said...

കുറച്ച് നേരത്തെക്ക് മഴയില്‍ കുളിച്ചെരു യാത്ര സമ്മാനിച്ചതിന് നന്ദി.....

jayanEvoor said...

എനിക്കും മഴക്കും പുസ്തകങ്ങള്‍ക്കും മാത്രമായി സ്വകാര്യ സമയങ്ങള്‍ ഇല്ലാതായി.

പേടിക്കണ്ട....

Miracles can still happen!

(മഴ എനിക്കും ഇഷ്ടമാണ് .... സമയം ഇല്ല എന്നാ ദു:ഖം മാത്രം!)

നിങ്ങളുടെ സ്വന്തം ടുട്ടുസ് :) said...

ആശംസകള്‍

തോന്ന്യവാസങ്ങള്‍ said...

Radha veendum thakarthu ....
nannaayittundu ...

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

തകര്‍ത്തു പെയ്യുന്ന മഴയില്‍ അടച്ചു മൂടി കെട്ടിയ ബസില്‍ മറ്റൊന്നും ചെയ്യാനാകാതെ കണ്ണടച്ച് ഇരിക്കുവാന്‍ എത്ര സുഖമാണ്

മഴ ...അത് നല്‍കുന്ന കാല്പ്പനീകത ..
ഉളവാക്കുന്ന വൈകാരിക തലങ്ങള്‍ ..
പ്രബുദ്ധമാക്കുന്ന വൈന്ജാനീക തലങ്ങള്‍ ..
തൊട്ടുണര്‍ത്തുന്ന ലോല വിചാരങ്ങള്‍ ...
റിയലി ഗ്രേറ്റ്‌ ...

Anil cheleri kumaran said...

കാത്തിരിക്കാന്‍ എന്തെങ്കിലും വേണ്ടേ നമുക്ക്? ഒരു നനുത്ത മഴയെങ്കിലും ?
തീര്‍ച്ചയായും.....

മഴ പോല്‍ ആസ്വാദ്യമായ പോസ്റ്റ്.

raadha said...

@കുറ്റക്കാരന്‍ :) അധികം മഴ നനയല്ലേ...പനി വരും. ഇതിലെ വന്നതിനു നന്ദി. ഇനിയും വരുമല്ലോ?

@ജയന്‍ :) ഉവ്വ്..i believe in miracles ..അങ്ങനെ ഇരിക്കെ കഴിഞ്ഞ വര്ഷം എന്റെ കാലു ഒടിഞ്ഞു കിട്ടി. പക്ഷെ അത് വേനല്‍ കാലത്ത് ആയിരുന്നു!! മഴയെ കൂട്ട് കിട്ടിയില്ല. പുസ്തകങ്ങളെ കിട്ടി. ഇനി വേണം മഴക്കാലത്ത് കാലു ഓടിക്കാന്‍...!! മഴയെ ഇഷ്ടപ്പെടുന്ന സുഹൃത്തിനു നന്ദി!

@ജാസിം :) ഹൃദയം നിറഞ്ഞ ആശംസകള്‍ക്ക് നന്ദി!

@തോന്ന്യവാസങ്ങള്‍ :) പോസ്റ്റ്‌ ഇഷ്ടപ്പെട്ടു എന്നറിഞ്ഞു ഒത്തിരി സന്തോഷം. എവിടെ ആയിരുന്നു? കുറെ കാലം ഇത് വഴി ഒന്നും കണ്ടില്ലല്ലോ?

@ശാരടനിലാവ് :) ഉം...മഴ അങ്ങനെ തകര്‍ത്തു പെയ്യട്ടെ..ഓരോരുത്തര്‍ക്കും ഓരോ ഭാവത്തില്‍...മഴയെ എന്നും പ്രണയിക്കുന്നവര്‍ക്ക് ഒരായിരം ആശംസകള്‍. ഇത് വഴി വന്നതിനും കമന്റ്‌ ഇട്ടതിനും നന്ദി ട്ടോ.

@കുമാരന്‍ :) പോസ്റ്റ്‌ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ട്. എന്നാലും ആ cutex കാലുകള്‍ ഇനി മാറ്റാമായിരുന്നു.. അവിടെ നെയില്‍ പോളിഷ് remover കിട്ടില്ലേ? :) ഇതിലെ എത്തി നോക്കിയതില്‍ സന്തോഷം കേട്ടോ.

ശ്രീ said...

ഇന്നത്തെ കാലവും ജീവിതവുമെല്ലാം യാന്ത്രികമായിപ്പോകുന്നു അല്ലേ?

പഴയ മഴക്കാല ഓര്‍മ്മകളുടെ സുഖം തരുവാന്‍ നാളെകളിലെ ഓര്‍മ്മകള്‍ക്ക് കഴിയുമോ? സംശയമാണ്. പോസ്റ്റ് ഇഷ്ടമായി.

raadha said...

@ശ്രീ :) അതെ, ഇപ്പോള്‍ എല്ലാം തന്നെ യാന്ത്രികമായി പോവുന്നു..മനപ്പൂര്‍വം നമ്മള്‍ തന്നെ മാറ്റിയെടുക്കേണ്ടി വരുന്നു. പോസ്റ്റ്‌ ഇഷ്ടപ്പെട്ടു എന്നറിഞ്ഞു ഒരു പാട് സന്തോഷമായി..

മഴവില്ലും മയില്‍‌പീലിയും said...

മഴ !!!!!!!!!!!!!!!!!!!!!!!!

ബാലചന്ദ്രൻ ചുള്ളിക്കാട് said...

ബാല്യത്തിൽ ഞാനും മഴക്കാലത്തിന്റെ മഹാസൌന്ദര്യങ്ങൾ ആസ്വദിച്ചിട്ടുണ്ട്. അതൊക്കെയും ഓർമ്മിപ്പിച്ചു രാധയുടെ പോസ്റ്റ്.

മഴയ്ക്ക് മറ്റൊരു വശം ഉണ്ട്. അതറിയുമോ?


കൌമാരകാലത്ത്,വീടും നാടും വിട്ട് അനാഥനായി,വെറുമൊരു ഭിക്ഷക്കാരനായി അലയേണ്ടിവന്ന കാലത്താണ് മഴയുടെ ഭയാനകത ഞാനറിഞ്ഞത്.
പെരുമഴയത്ത്, കാറ്റടികൊണ്ട്, നനഞ്ഞു കുതിർന്ന്,നനഞ്ഞ കടത്തിണ്ണകളിൽ ഉറങ്ങാന്നാവാതെ,വിശന്നുപൊരിഞ്ഞ്,കഴിച്ചുകൂട്ടേണ്ടിവന്ന ഭീകര രാത്രികൾ ഇന്നും എന്റെ ദുഃസ്വപ്നമാ‍ണ്.

വീടില്ലാത്തവർക്ക്, കടത്തിണ്ണകളിലും മരച്ചുവടുകളിലും അന്തിയുറങ്ങുന്നവർക്ക്, വീടുചോർന്നൊലിക്കുന്നവർക്ക്,മഴക്കാലത്ത് ഭക്ഷണമില്ലാത്തവർക്ക്, മരുന്നിനു കാശില്ലാത്ത മഴക്കാലരോഗികൾക്ക്,മഴമൂലം പണി ഇല്ലാതായ കൂലിപ്പണിക്കാർക്ക് ‌-- ഇവർക്കൊന്നും മഴയുടെ സൌന്ദര്യം ആസ്വദിക്കാനുള്ള ഭാഗ്യമില്ല.

raadha said...

@pradeepsz :) താങ്കളുടെ ബ്ലോഗില്‍ കയറിയപ്പോഴല്ലേ അവിടെ പെരുമഴയാണ് പെയ്യുന്നത് എന്ന് മനസ്സിലായത്‌...ഒരു മഴക്കൂട്ടുകാരനെ കൂടി കണ്ടെത്തിയതില്‍ സന്തോഷം.

@ചുള്ളിക്കാട് :)പ്രിയപ്പെട്ട കവി, താങ്കള്‍ എന്റെ ബ്ലോഗില്‍ വന്നതില്‍ പരം സന്തോഷം എനിക്ക് വേറെയില്ല !!!

എത്രയോ തവണ താങ്കള്‍ പലപ്പോഴും എന്റെ മുന്‍പില്‍ കൂടി കടന്നു പോയിട്ടുണ്ട്. പക്ഷെ, ആരാധന കാരണം നേരില്‍ വന്നു പരിചയപ്പെടാന്‍ മടിച്ചിരുന്നു. എനിക്ക് വിജയലക്ഷ്മി ചേച്ചിയെയും അറിയാം. ഒരു പാട് വര്‍ഷങ്ങള്‍ക്കു പുറകില്‍ ആയിട്ടാണെങ്കിലും ഞാനും ഒരു മഹാരാജാസ്കാരിയാണ് . അത് കൊണ്ട് തന്നെ ക്യാമ്പസ്‌ പ്രിയ കവികള്‍ ആയിടുന്ന രണ്ടു പേരുടേയും കാര്യങ്ങള്‍ അവിടത്തെ കാറ്റും മരങ്ങളും പാഠങ്ങള്‍ ചൊല്ലിത്തന്ന കൂട്ടത്തില്‍ പറഞ്ഞു തന്നിട്ടുണ്ട്.

മഴയുടെ ഈ മുഖം ഞാന്‍ അറിഞ്ഞിട്ടില്ല..എങ്കിലും ചൂടുള്ള മെത്തയില്‍, കമ്പിളി പുതപ്പിന്റെ ഉള്ളില്‍ പെരുമഴയത്ത് ചുരുണ്ടു കൂടുമ്പോള്‍ ഇതൊന്നും ഇല്ലാത്ത ആളുകളെ കുറിച്ച് ഓര്‍ക്കാറുണ്ട്...ഞാന്‍ എത്ര ഭാഗ്യവതിയാണ് എന്ന് ചിന്തിക്കാറുണ്ട്..ജഗധീശ്വരനോട് നന്ദി പറയാറുണ്ട്‌.

വീണ്ടും വീണ്ടും സന്തോഷം അറിയിച്ചു കൊണ്ട്,

സസ്നേഹം,
രാധ

തോന്ന്യവാസങ്ങള്‍ said...

Red, white, yellow and violet ... great... ithonokke samayam kittarundo??

ippol comment ezhuthaan samayam kittarillenkilum njaan sthiramaayi radhayude(or radhika) blog vaayikkarundu ... Mazhaye kurichu ezhuthiya last blog orupaad pravashyam vaayichu ... really nostalgic ... vakkukalude ee oru prathyekatha pandu peythirunna oru mazhayude sukham tharunnundu. pazhaya kure mazhakaalam ormayil varunnu. athokke ente blogil ezhuthanam ennundu.. pakshe evide samayam.... njaanum ezhuthum orunaal, ente mazhaye kurichu..... niraye mazha peythirunna ente baalya kaalathe kurichu .... athine kurichokke ormipichathinu oraayiram nandi ....

ബാലചന്ദ്രൻ ചുള്ളിക്കാട് said...

മഹാരാജാസ്കാരിക്ക് അഭിവാദ്യം.ഞാനും വിജിയും ഇപ്പോഴും മഹാരാജാസിൽ പോകാറുണ്ട്.
ഇടനാഴികളിലൂടെ നടക്കാറുണ്ട്. പിരിയൻ ഗോവണി കയറിയിറങ്ങാറുണ്ട്. പൂർവ്വവിദ്യാർത്ഥിസംഘടനയ്ക്ക് ഓഫീസുണ്ടവിടെ.സംഘടനയിൽ അംഗത്വമുണ്ടോ? ഇല്ലെങ്കിൽ എടുക്കു.വർഷത്തിലൊരിക്കൽ എല്ലാവരും ഒത്തുകൂടണം.

raadha said...

@ചുള്ളിക്കാട് :) ആഹ അഭിവാദ്യം സ്വീകരിച്ചിരിക്കുന്നു. ഒരു നാലഞ്ചു മാസങ്ങള്‍ക്ക് മുന്നേ ഞങ്ങള്‍ ഒരുമിച്ചു പഠിച്ചവര്‍ മാത്രം ഒത്തു കൂടിയിരുന്നു. അന്ന് പിരിയന്‍ ഗോവണി വഴി ഞങ്ങളും കയറി ഇറങ്ങി.....പഴയ ഓര്‍മ്മകള്‍ പുതുക്കാന്‍. ഇവിടെ നോക്കു...http://raadha.blogspot.com/2009/06/blog-post_23.html

ഇല്ല, ഇത് വരെ അംഗത്വം എടുത്തിട്ടില്ല. സത്യം പറഞ്ഞാല്‍ അങ്ങനെ ഒരു ആള്‍കൂട്ടത്തില്‍ നമ്മള്‍ എങ്ങനെ ആണ് കൂട്ടുകാരെ കണ്ടു പിടിക്കുക? എന്നാലും അടുത്ത തവണ പോകുമ്പോള്‍ പേര് രജിസ്റ്റര്‍ ചെയ്യാം..

ഒരു പാട് നന്ദിയുണ്ട്. ഇത് വഴി വരുന്നതില്‍...
:D

@തോന്ന്യവാസങ്ങള്‍ :) രണ്ടു പോസ്ടിന്റെയും കമന്റുകള്‍ ഇവിടെ സ്വീകരിച്ചിരിക്കുന്നു..!! സമയം എവിടാന്നോ? ഹ ഹ. രാവിലെ 8.30 ക്ക് വീട്ടില്‍ നിന്നിറങ്ങിയാല്‍ വൈകിട്ട് 7.15 നു വീട്ടില്‍ വന്നു കയറുന്ന എനിക്ക് ഉത്തരവാദിത്തങ്ങള്‍ ഒരു പാടുണ്ട്. കുടുംബം, കുട്ടികള്‍, എന്റെ ബുക്സ്, എന്റെ ഉഗ്യോഗം..അതും ഭാരിച്ചത്. അതിനിടയില്‍ എനിക്ക് ഇതിനെല്ലാം സമയം കിട്ടുമെങ്കില്‍ പിന്നെയാണോ അനിയന് പ്രയാസം? സമയം ഉണ്ടാക്കണം, അത് തനിയെ കിട്ടില്ല..ശ്രമിക്കണം, എന്നിട്ട് എഴുതണം.

ഞാന്‍ ആഴ്ചയില്‍ ഒരു ദിവസം ഓഫീസില്‍ നിന്ന് english ഇല്‍ എഴുതി പിന്നെ വീട്ടില്‍ വന്നു മലയാളത്തില്‍ translate ചെയ്തിട്ടാ ഈ സംഭവം ഉണ്ടാകുന്നെ...ഹഹ. ശ്രമിക്കൂ..ആശംസകള്‍.

ശ്രീനന്ദ said...

"വായിക്കാന്‍ നല്ല ഒരു ബുക്കും, കൂട്ടിനു പേമാരിയും ഉണ്ടെങ്കില്‍,ഞാന്‍ പണ്ടൊക്കെ ലീവ് എടുത്തു ഇരുന്നു മഴയും ബുക്കും ഒരുമിച്ചു ആസ്വദിക്കുമായിരുന്നു. പിന്നീട് കല്യാണം കഴിഞ്ഞപ്പോള്‍, കുട്ടികളും ആയപ്പോള്‍, ലീവ് ഉള്ളത് എല്ലാം അവര്‍ക്കായി മാറ്റി വെച്ചു. എനിക്കും മഴക്കും പുസ്തകങ്ങള്‍ക്കും മാത്രമായി സ്വകാര്യ സമയങ്ങള്‍ ഇല്ലാതായി."

നമ്മള്‍ ഒരേ തോണിയിലെ യാത്രക്കാര്‍ ആണെന്ന് തോന്നുന്നു. എനിക്കും ഭ്രാന്തമായ ഇഷ്ടമാണ് മഴയോട്.