Friday, November 28, 2008

സാരി മാഹാത്മ്യം

വര്‍ഷങ്ങള്‍ ആയിട്ട് ചുരിദാര്‍ ഇട്ടാണ് ഞാന്‍ പള്ളിയില്‍ പോവാറ് . പതിവിനു വിപരീതമായി കഴിഞ്ഞ ഞായറാഴ്ച സാരി എടുത്തു ഉടുത്തപ്പോ ഭര്‍ത്താവിനും മക്കള്‍ക്കും സംശയം..എന്താ കാര്യം എന്ന്. ഞാന്‍ പറഞ്ഞു പള്ളിയിലെ അമ്മമ്മമാരെ പറ്റിക്കാന്‍ വേറെ ഒരു വഴിയും കാണുന്നില്ല എന്ന്. സംഭവം ഇങ്ങനെ.

കൊറച്ചു നാളുകള്‍ക്കു മുന്നേ എന്‍റെ കാല് ഒന്നു ഒടിഞ്ഞു . രാവിലത്തെ തിരക്കിലെ ഓട്ടത്തില്‍ പറ്റിയതാണ് . അതിന് ശേഷം എനിക്ക് പള്ളിയില്‍ മുട്ടു കുത്തി നില്ക്കാന്‍ വയ്യ. കാലില്‍ അല്പം നീരും ഉണ്ട്. Crepe bandage ഇട്ടാണ് നടന്നിരുന്നത് . പള്ളിയില്‍ അത് കൊണ്ടു ഞാന്‍ എന്നും 15 മിനിറ്റ് നേരത്തേ പോവും .ഏറ്റവും പുറകിലായിട്ട് ഒരു 10 ബെന്ച്കള്‍ മാത്രേ ഉള്ളു പള്ളിയില്‍ ഇരിക്കാന്‍ . മറ്റെല്ലാവരും താഴെ ഇരിക്കണം .

കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോ മനസ്സിലായി ഈ ബെഞ്ചുകളില്‍ ഇരിക്കുന്ന സ്ഥിരം കുറച്ച് വല്യമ്മമാര്‍ ഉണ്ട്. മുട്ടു കുത്താനും താഴെ ഇരിക്കാനും വയ്യാത്തവര്‍ . കൊറച്ചു തടിച്ചികളും ഉണ്ട്. തടി കാരണം താഴെ ഇരിക്കാന്‍ പറ്റാത്തവര്‍ . :) പിന്നെ കുറച്ചു മടിച്ചികളും ഉണ്ട്. താഴെ ഇരിക്കാനും, എണീക്കാനും , മുട്ടു കുത്താനും ഒക്കെ മടിയുള്ള ഒരു വിഭാഗം . അവര്‍ എപ്പോ ഞാന്‍ ബെഞ്ചില്‍ ഇരിക്കുന്നത് കണ്ടാലും തള്ളി തള്ളി എന്‍റെ അരികില്‍ ആദ്യം സീറ്റ് പിടിക്കും ..പിന്നെ കുര്‍ബാന തീരുന്നതിനു മുന്നേ എന്നെ തള്ളി താഴെ ഇടും . എന്നാല്‍ ഈ കക്ഷികള്‍ ആരും തന്നെ നേരത്തെ വരില്ല. ഞാന്‍ ബെഞ്ച്‌ മാറി ഇരുന്നു നോക്കി. എന്നിട്ടും രക്ഷയില്ല . എവിടെ ഇരുന്നാലും കുര്‍ബാന തുടങ്ങുമ്പോഴേക്കും എനിക്ക് മിക്കവാറും സീറ്റ് കാണില്ല . അപ്പോഴാണു പിടികിട്ടിയത് എന്‍റെ ചുരിദാര്‍ ആണ് പ്രശ്നം എന്ന്.

എനിക്കും താഴെ ഇരിക്കാന്‍ വയ്യ എന്ന് പറഞ്ഞു കാലു കാണിച്ചു കൊടുക്കാന്‍ വയ്യല്ലോ . പിന്നെ പിന്നെ എനിക്ക് ഒരു സ്വസ്ഥത ഇല്ലാതെ ആയി. കുര്‍ബാനയില്‍ ശ്രദ്ധിച്ചു നില്‍ക്കുംപോഴാവും എവിടെ നിന്നെങ്ങിലും ആരെങ്ങിലും തോന്ടുന്നത് . ഒതുങ്ങി കൊടുക്കാന്‍ പറഞ്ഞു. എന്‍റെ ഇരട്ടിയില്‍ അധികം തടി ഉള്ളവരാണ് എന്നോട് ഒതുങ്ങി ഇരിക്കാന്‍ പറഞ്ഞു അരികെ ഇരിക്കുന്നത്. എന്നിട്ടോ പ്രാര്‍ത്ഥനയുടെ ഇടയില്‍ നമ്മള്‍ എണീക്കേണ്ട ഭാഗം വരുമ്പോ ഇവര്‍ എണീക്കില്ല . നമ്മള്‍ എണീട്ടിട്ടു തിരിച്ചു ഇരിക്കാന്‍ വരുമ്പോ ഒട്ടകത്തിനു സ്ഥലം കൊടുത്ത അവസ്ഥയും . പിന്നീടുള്ള കുര്‍ബാനയുടെ ബാക്കി ഭാഗം മുഴുവന്‍ ,പ്രസംഗം ഉള്‍പ്പെടെ ,ഞാന്‍ നില്‍ക്കേണ്ടി വരും. അപ്പോഴേക്കും കാല് വേദന ആവും .

പ്രാര്‍ത്ഥനയില്‍ ശ്രദ്ധിക്കാനും പറ്റാതെ ആയി. എവിടെ എങ്ങിലും അമ്മാമ്മമാരുടെ നിഴല്‍ കണ്ടാല്‍ അവര്‍ ഇപ്പോള്‍ എന്നോട് എണീക്കാന്‍ പറയുമോ എന്നൊക്കെ ഉള്ള പേടി. എങ്ങനെയാ എണീക്കാന്‍ പറഞ്ഞാല്‍ എണീക്കാതെ ഇരിക്കണേ എന്നുള്ള ആകുലത എന്നെ അലട്ടി തുടങ്ങി . കാരണം അത്ര പ്രായം ഉള്ളവര്‍ ആയിരിക്കും അവര്‍. നമ്മള്‍ എണീട്ടില്ലെങ്ങില്‍ മറ്റുള്ളവര്‍ നമ്മളെ കുറ്റപ്പെടുത്തി നോക്കും.. അവര്‍ എണീക്കില്ല. എഴുന്നേറ്റു നിന്നാല്‍ എനിക്ക് പിന്നെ അവസാനം വരെ നില്‍ക്കേണ്ടി വരുമല്ലോ എന്നൊക്കെ ഉള്ള ആധി തുടങ്ങി എനിക്ക്. അങ്ങനെ ആണ് പ്രശ്നം ഇങ്ങനെ വിട്ടാല്‍ പറ്റില്ലെല്ലോ എന്ന് തോന്നിയത് .

ആദ്യപരീക്ഷണം എന്ന നിലയില്‍ ആണു സണ്‍‌ഡേ സാരി ഉടുത്തു പോയത്. സംഗതി ഫലിച്ചുട്ടോ . ഞാന്‍ നോക്കിയപ്പോ എന്നെ പോലെ ഒരു ചുരിദാരുകാരി വന്നു എന്‍റെ മുന്നിലുള്ള സീറ്റില്‍ ഇരുന്നു. ഞാന്‍ നോക്കി ഇരിക്കയായിരുന്നു എപ്പോഴാ പുള്ളിക്കാരിയെ പൊക്കുന്നത് എന്ന്. 5 പേര്‍ക്ക് ഇരിക്കാവുന്ന ബെഞ്ച്‌ ആണ്. അതില്‍ 6 പേരു തിങ്ങി ഇരിക്കുന്നു. കുര്‍ബാന തുടങ്ങി ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോ ഒരു സ്ത്രീ (തടി ആണ് ഇവിടത്തെ പ്രശ്നം) നേരെ അവരുടെ അടുത്ത് ചെന്നു..പയ്യെ തള്ളി മാറ്റി അവരുടെ സീറ്റില്‍ കയറി ഇരുന്നു. എനിക്ക് സത്യത്തില്‍ ഉള്ളില്‍ ചിരി പൊട്ടി. എന്‍റെ ഗതി ഇതു തന്നെ ആയിരുന്നേനെ . അപ്പൊ ഇനി മുതല്‍ ഞാന്‍ അസുഖം പൂര്‍ണമായി മാറുന്നത് വരെ പള്ളിയില്‍ സാരി ഉടുക്കാന്‍ തീരുമാനിച്ചു. സാരി ഉടുത്താല്‍ ഇങ്ങനെയും ചില ഗുണങ്ങള്‍ ഉണ്ടെന്ന് ഞാന്‍ കണ്ടറിഞ്ഞു ..

അടികുറിപ്പ് : സാരി തല വഴി എപ്പോഴും പുതക്കണം . അല്ലെങ്ങില്‍ കള്ളി വെളിച്ചത്താകും . :) :)

Friday, November 21, 2008

വൈരക്കല്ലുകള്‍


എനിക്ക് പ്രതികരിക്കാതെ ഇരിക്കാന്‍ വയ്യ. ഇനിയും എത്രയോ അറിയപ്പെടാത്ത അഭയമാര്‍ . എത്രയോ അറിയപ്പെടാത്ത ഒറീസ്സ സാക്ഷ്യപ്പെടുത്തലുകള്‍ . നമ്മള്‍ എവിടെക്കാണ്‌ പോകുന്നത് ? എവിടെ ആണ് സ്ത്രീക്ക് സുരക്ഷിതത്വം ? എവിടെ ആണ് സ്വാതന്ത്ര്യം?

എന്‍റെ കൂടെ pg ക്ക് പഠിച്ചിരുന്ന രണ്ടു പേരു പള്ളിയിലെ അച്ചനാകാന്‍ പഠിച്ചിട്ടു പകുതി വഴിക്ക് സ്വയം ബോധം വന്നു അച്ചനാകണ്ട എന്ന തീരുമാനത്തില്‍ തിരിച്ചു വന്നവരാണ് . (അതോ അവിടെ നിന്നു പറഞ്ഞു വിട്ടതാണോ എന്നറിയില്ല). രണ്ടു പേരെയും ഞങ്ങള്‍ അടക്കത്തില്‍ 'മഠം ചാടികള്‍ ' എന്ന ഓമന പേരിട്ടു വിളിച്ചിരുന്നു . എവിടെ എങ്ങിലും കേട്ടിട്ടുണ്ടോ കന്യാസ്ത്രീ ആകാന്‍ ഇറങ്ങി പുറപ്പെട്ടു തിരിച്ചു വന്ന സ്ത്രീകളുടെ കഥ ? ഉണ്ടെങ്കില്‍ തന്നെ അത് വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. അവര്‍ക്ക് സമൂഹം കല്‍പ്പിച്ചിരിക്കുന്ന വിലക്കോ ? പിന്നെ അവളെ ആരെങ്ങിലും കല്യാണം കഴിപ്പിക്കാനോ കല്യാണം കഴിക്കാനോ തല്പര്യപ്പെടുമോ ? അഭയമാര്‍ക്കും അതൊക്കെ തന്നെ സംഭവിച്ചിരിക്കുന്നത് .

കന്യാസ്ത്രീ മഠത്തില്‍ എത്ര പ്രശ്നങ്ങള്‍ ഉണ്ടായാലും അത് സഹിക്കുക . കൂട്ടുനില്‍ക്കാന്‍ മുതിര്‍ന്ന കന്യാസ്ത്രീകളും (ചേ !! നോക്ക് ഇവിടെയും സ്ത്രീക്ക് ഏറ്റവും വലിയ പാര മറ്റൊരു സ്ത്രീ തന്നെ) ഉണ്ടെങ്കില്‍ സാധുക്കളായ പാവം അഭയമാര്‍ എന്ത് ചെയ്യാന്‍ ? സ്വയം വിധിക്ക് കീഴടങ്ങുക തന്നെ. ഇനിയെങ്ങിലും ദുഷിച്ച ഈ അനീതികള്‍ നടക്കാതിരുന്നെങ്ങില്‍ ? എന്തിനാ അമ്മമാര്‍ മകളെ അല്ലെങ്ങില്‍ മകനെ സന്യസിക്കാന്‍ വിടുന്നത് ? കുടുംബത്തിനു സല്പേര് കിട്ടാനോ അതോ സ്ത്രീധന കാശ് മുടക്കണ്ട എന്ന് കരുതിയോ ? എന്താണ് അവിടെ ശ്രെഷ്ടമായത് കാണുന്നത് ? ഇനി എന്ഗിലും ഈ മാതിരി ഉള്ള നരക കുഴികളിലേക്ക് മക്കളെ എറിഞ്ഞു കളയല്ലേ ...


നമുക്കെന്തിനാ ഒരു അല്ഫോന്സ വിശുദ്ധ ? ഒരു സ്ത്രീ ജന്മം മുഴുവന്‍ രോഗത്തിലും വേദനയിലും നശിച്ചു പോയതിന്റെ ഓര്മക്കോ ? അതോ മരിച്ചു പോയതിന്‍റെ ശേഷം അല്‍ഭുതങ്ങള്‍ സംഭവിപ്പിച്ചതിലോ ? നിങ്ങളുടെ മരിച്ചു പോയ അപ്പച്ചനോടും അമ്മയോടും പ്രാര്‍ത്ഥിച്ചാല്‍ നിങ്ങള്‍ക്ക് അല്‍ഭുതങ്ങള്‍ സംഭവിക്കാരില്ലേ ? എവിടെ നമ്മുടെ മദര്‍ തെരേസ ? ജീവിതം കൊണ്ടു മറ്റുള്ളവര്‍ക്ക് കാരുണ്യം എന്തെന്ന് പഠിപ്പിച്ച ആ മഹതി എത്രയോ വലിയവര്‍ . ഇവിടെ അഭയമാര്‍ ഉള്ളിടത്തോളം കാലം സ്ത്രീ ജന്മം എവിടെയും വിശുധീകരിക്കപ്പെടുന്നില്ല . നമുക്കു ഒരു വിശുധയെയും വേണ്ട. അഭയമാരും ഒറീസ്സ സംഭവങ്ങളും ഉണ്ടാകാതെ ഇരുന്നാല്‍ മാത്രം മതി.


കഴിഞ്ഞ ആഴ്ച ഞാന്‍ മാതാ അമൃതാനന്ദമയിയുടെ ഒരു വീക്ഷണം വായിച്ചു. അതില്‍ അമ്മ എഴുതിയിരിക്കുന്നത് ഒന്നു കേട്ടോളു . 'ഒരാള്‍ മറ്റൊരുവന് വളരെ അധികം വില പിടിപ്പുള്ള ഒരു വൈരക്കല്ല് സമ്മാനിച്ചു . കൊടുത്ത നിമിഷം മുതല്‍ അയാള്‍ക്ക് വിഷമം ആയി. ശ്ശെ വേണ്ടിയിരുന്നില്ല , കൊടുക്കണ്ടായിരുന്നു എന്ന ചിന്ത. അടുത്ത നിമിഷം മുതല്‍ അത് എങ്ങനെയും തിരിച്ചു വാങ്ങിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി അയാള്‍ . സ്ത്രീക്ക് കിട്ടുന്ന സ്വാതന്ത്ര്യം ഇതു പോലെ ആണ്.' ഒന്നു ചിന്തിക്കൂ കൂട്ടരേ .

എനിക്കും കിട്ടിയിട്ടുണ്ട് വൈരക്കല്ലുകള്‍. തിരിച്ചു വാങ്ങിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട് . ഒരിക്കലും തിരിച്ചു കൊടുക്കില്ല എന്ന തീരുമാനത്തിലാണ് ഞാനും. എത്ര പേര്‍ക്ക് അതിന് സാധിക്കും
??



Friday, November 14, 2008

ഗുല്‍മോഹര്‍


അതെ ഗുല്‍മോഹര്‍ പ്രണയത്തിന്റെ പര്യായമാണ് . വേനലില്‍ പൂക്കുന്ന കടും ചുവപ്പാര്‍ന്ന പൂക്കള്‍ . മറ്റു പൂക്കള്‍ എല്ലാം തന്നെ ഏപ്രില്‍ മേയ് മാസങ്ങളില്‍ പൂക്കുമ്പോള്‍ ഗുല്‍മോഹര്‍ മാത്രം കത്തിക്കാളുന്ന വേനലിന് കുളിര്‍മ പകരാന്‍ കാത്തു നില്‍ക്കും. പൂവിട്ടാലോ ..അത് ഒരു കാഴ്ച തന്നെ ആണ്.നിര നിരയായി അടി മുടി ഗുല്‍മോഹര്‍ പൂത്തു നില്‍ക്കുന്ന വഴികള്‍ എത്ര കണ്ടാലും മതി വരില്ല എനിക്ക്.

കുട്ടിക്കാലത്ത് ഗുല്‍മോഹറിന്റെ പൂക്കള്‍ വീണു കിടക്കുന്ന മുറ്റത്തിരുന്നു ഒരു പാടു കളിച്ചിട്ടുണ്ട് . ഗുല്‍മോഹറിന്റെ വിടരാറായ മൊട്ടുകള്‍ പതിയെ വിടര്‍ത്തിയാല്‍ അതിന്‍റെ നടുക്കുള്ള ചെറിയ തലയോട് കൂടിയ തണ്ടുകള്‍ ഓരോന്നായി പറിച്ചു തലകള്‍ തമ്മില്‍ കൂട്ടിപ്പിണച്ച്‌ എതിര്‍ ദിശയിലേക്കു വലിക്കുക . ആരുടെ കൈയിലിരിക്കുന്ന തലയാണോ പോയത് അയാള്‍ തോറ്റു. അങ്ങനെ എത്രയോ കളികള്‍ കളിച്ചിരുന്നു പാവം ഈ പൂമൊട്ടുകള്‍ കൊണ്ട്‌.

ഞാന്‍ പഠിച്ചിരുന്ന കോളേജിലേക്കുള്ള നടപ്പാതയില്‍ ഗുല്‍മോഹര്‍ ധാരാളം ഉണ്ട്. അവ പൂത്തിരിക്കുന്ന നാളുകളില്‍ എത്രയോ ദിവസങ്ങള്‍ പൂവിതള്‍ ചവുട്ടി നടന്നിരിക്കുന്നു . അന്നാണ് മനസ്സിലായത് പ്രണയത്തിനും ഗുല്‍മോഹര്‍ പൂവിനും ഉള്ള അടുപ്പം . എന്തു കൊണ്ടോ കോളേജ് ലൈഫില്‍ ധാരാളം ഗുല്‍മോഹര്‍ ഓര്‍മ്മകള്‍ ഉണ്ടെങ്ങിലും പ്രണയമില്ലായിരുന്നു .


പിന്നീടുള്ള ജീവിതത്തിലാണ് മനസ്സിലായത് പ്രണയമില്ലാതെ ഒരു ജീവിതം പൂര്‍ണമാവില്ല എന്ന്. ആരോടെന്ങിലും എന്തിനോടെന്ങിലും പ്രണയം കൂടിയേ തീരു . പുസ്തകങ്ങളോട് പ്രണയം, പൂവിനോട് പ്രണയം, പാട്ടിനോട് പ്രണയം, കൃഷ്ണനോട് പ്രണയം, അങ്ങനെ എന്തെങ്ങിലും ഇല്ലാതെ എങ്ങനെ ജീവിതം മുന്നോട്ടു പോവാനാണ് ? ഞാന്‍ ഒരു കാര്യം മനസ്സിലാക്കിയത് നിഷ്കലന്ഗ ഹൃദയങ്ങള്‍ക്കെ പ്രണയിക്കാന്‍ ആവൂ എന്നതാണ്. വലിയ മസിലും പിടിച്ചു കൊണ്ടു നിന്നാല്‍ പ്രണയം നിങ്ങളെ തേടി വരില്ല, താനേ തേടി വരുന്ന പ്രണയമേ പ്രണയം ആകൂ ...(ഇതു പ്രണയം അറിയാതെ പോയവരോട്)


എന്‍റെ ഒരു ബ്ലോഗ്ഗര്‍ സുഹൃത്ത് പ്രണയത്തെ വര്‍ണിച്ചു എഴുതിയത് ഇങ്ങനെ ആണ്.."അണ്ണാന്‍ കുഞ്ഞിനു പഴുത്ത മാങ്ങയുടെ മണം കിട്ടിയാല്‍ ഉള്ള അവസ്ഥയാണ് പ്രണയം എന്ന്” .മറ്റേത് പ്രണയ നിരീക്ഷണങ്ങളിലും വെച്ചു എനിക്കേറെ ഇഷ്ടപ്പെട്ട വാചകം ആണ് അത്. അവള്‍ അത് എവിടെ നിന്നെന്ങിലും ചൂണ്ടിയതാണോ എന്നറിയില്ല. മാങ്ങാ ആയാലും തേങ്ങ ആയാലും സംഭവം അത് തന്നെ.


പ്രണയം എന്താണെന്നു അറിയാത്തവര്‍ക്ക് ഹാ കഷ്ടം ! പ്രണയിക്കുക , പ്രണയിച്ചു കൊണ്ടേയിരിക്കുക ...നിങ്ങളുടെ പ്രണയം ഗുല്‍മോഹര്‍ മരം പൂത്തതു പോലെ ആവട്ടെ ..വേനലിലെ ഒരു തണല്‍ , ഒരു കുളിര്‍മ, ഒരു തലോടല്‍ , ഒരു ആശ്വാസം , ഒരു സാന്ത്വനം ആയിത്തീരട്ടെ അത്.


(വല്ലവനും കുഴിയില്‍ വീണാല്‍ എനിക്കെന്ത് ചേതം ?) ;)


Thursday, November 6, 2008

ലില്ലി പൂക്കള്‍


ഞാന്‍ ഒന്നു മുതല്‍ നാല് വരെ പഠിച്ചത് എന്‍റെ അമ്മയുടെ വീടിന്റെ തൊട്ടടുത്ത് ഉള്ള ഒരു സ്കൂളില്‍ ആണ്. എന്നും ഉച്ചക്ക് ഞാന്‍ അമ്മ വീട്ടില്‍ പോയാണ് ഊണ് കഴിക്കുന്നത് . അന്നൊക്കെ ഉച്ചക്ക് ചോറ് കൊണ്ടു വന്നു സ്കൂളില്‍ ഇരുന്നു കഴിക്കുന്ന കുട്ടികളോട് എനിക്ക് അസൂയ ആയിരുന്നു. ഊണ് കഴിക്കാന്‍ എനിക്ക് ഒരു പാടു സമയം വേണം. (പിന്നീടുള്ള വഴികളില്‍ എപ്പോഴോ ആണ് ഊണ് കഴിക്കാന്‍ 5 മിനിറ്റ് ധാരാളം മതി എന്നായത് ) അപ്പൊ എന്‍റെ കൂട്ടുകാര്‍ അവര്‍ കൊണ്ടു വന്ന ചോറ് ഉണ്ടിട്ടു എന്‍റെ വീട്ടിലേക്ക് വരും. അവര്‍ അവിടെ പറമ്പില്‍ കളിക്കുമ്പോള്‍ ഞാന്‍ ഭക്ഷണം അകത്താക്കാന്‍ പാടു പെടുക ആയിരിക്കും.


അമ്മവീട്ടില്‍ നിറയെ പൂക്കള്‍ ഉണ്ട്. മതിലിനു പകരം അന്ന് വേലി ആണ്. വേലി ആയിട്ട് വെച്ചു പിടിപ്പിച്ചിരുന്നത് മഞ്ഞ കോളാമ്പി ചെടി ആയിരുന്നു. വീടിനു ചുറ്റും അത് പൂത്തു നില്ക്കുന്നത് കാണാന്‍ നല്ല ഭംഗി ആണ്. അവിടെ ഒരു കുളവും ഉണ്ട്. കുളത്തിനു നല്ല ആഴമുള്ളത് കൊണ്ടു എന്‍റെ കൂട്ടുകാര്‍ വന്നാല്‍ അവരെ അങ്ങോട്ട് വിടില്ല . എന്റെ ഊണ് കഴിയുമ്പോള്‍ ഞങ്ങള്‍ എല്ലാരും കൂടി ഒരുമിച്ചു സ്കൂളിലേക്ക് പോവും . അപ്പോഴേക്കും ബെല്‍ അടിക്കാന്‍ സമയം ആയിട്ടുണ്ടാകും . പോകുന്ന വഴിക്ക് ഒരു വീട്ടില്‍ എപ്പോഴും കായ്ച്ചു നില്ക്കുന്ന ഒരു 'കാരക്ക ' മരം ഉണ്ട്. മിക്കപ്പോഴും അതിന്റെ പഴുത്ത കായ്കള്‍ താഴെ വീണു കിടപ്പുണ്ടാവും . ഞങ്ങള്‍ അത് പെറുക്കി എടുക്കാന്‍ ചെന്നാല്‍ ആ വീട്ടുകാര്‍ വഴക്ക് പറയും. ആര് വഴക്ക് കേള്‍ക്കാന്‍ നില്ക്കുന്നു? കാരക്ക താഴെ കണ്ടാല്‍ പെറുക്കി എടുത്തു ഒരോട്ടമാണ് .

അമ്മ വീടിന്‍റെ തൊട്ടു അടുത്ത വീട്ടില്‍ ഒരു അമ്മാമ്മ താമസിക്കുന്നുണ്ട് . അവര്‍ മാത്രമെ ഉള്ളു അവിടെ. ഞങ്ങള്‍ ആ വീട്ടില്‍ കയറാതെ പോവാറില്ല. അവിടത്തെ പ്രത്യേകത എന്താന്ന് വെച്ചാല്‍ ആ വീടിന്റെ മുറ്റം നിറയെ ഒരേ ഒരു പൂ മാത്രമെ ഉള്ളു. വെളുത്ത ലില്ലി പൂക്കള്‍ . ആ തൊടി നിറയെ എപ്പഴും വെള്ളപ്പൂക്കള്‍ വിരിഞ്ഞു നില്ക്കും. വീട്ടിലോട്ടു പോവാനുള്ള ഒരു വഴി മാത്രം ഒഴിച്ചിട്ടു കൊണ്ടു നിറയെ നിറയെ പൂക്കള്‍ ആണ്. ആ വീടിന്റെ പുറകു വശത്തും ഒക്കെ ലില്ലി പൂക്കള്‍ മാത്രം.ഞാന്‍ എന്‍റെ ജീവിതത്തില്‍ പിന്നീട് ഒരിക്കലും ഇത്ര അധികം ലില്ലി പൂക്കള്‍ എവിടെ എങ്ങിലും ഇതു പോലെ ഒരുമിച്ചു വിരിഞ്ഞു നില്‍ക്കുന്നത് കണ്ടിട്ടില്ല.

ഞങ്ങള്‍ അവിടെ ചെല്ലുന്നത് ഒരു ദുരുദ്ദേശം കൊണ്ടാണ്.. ആ പൂ പറിച്ചാല്‍ അതിന്‍റെ നീണ്ട തണ്ടിന്റെ താഴെ ഭാഗം കടിച്ചു കളഞ്ഞിട്ടു ചുണ്ട് കൊണ്ടു ഒന്നു വലിച്ചാല്‍ നിറയെ തേന്‍ കിട്ടും. അത് കുടിക്കാനാണ് ഞങ്ങള്‍ അവിടെ ചെല്ലുന്നത്. ഒരിക്കലും ആ അമ്മാമ്മ ഞങ്ങളെ വഴക്ക് പറഞ്ഞു ഓടിച്ചിട്ടില്ല . ഒരു പക്ഷെ എന്‍റെ അമ്മ വീട്ടുകാരെ ഓര്താവാം . മുറ്റം കടന്നാല്‍ തന്നെ പൂക്കളുടെ വാസന കിട്ടും. സാധിക്കുമ്പോള്‍ ഒക്കെ ആ പൂവ് പൊട്ടിച്ചു തേനും കുടിച്ചിട്ടേ ഞങ്ങള്‍ മടങ്ങുക ഉള്ളു .


പിന്നീട് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട് ..ആ അമ്മാമ്മ ഒത്തിരി പാവപ്പെട്ടവള്‍ ആയിരുന്നു. കല്യാണമേ കഴിച്ചിട്ടില്ല . എന്നിട്ടും അവര്‍ അനാഥാലയത്തില്‍ നിന്നും ഒരു പെണ്‍കുട്ടിയെ ദത്തെടുത്തു . (ചേച്ചിയെ ഞങ്ങള്‍ അവിടെ കാണാറുണ്ട് ). അവര്‍ അടുത്ത വീടുകളില്‍ എല്ലാം പണിക്കു പോയി ആ മകളെ പഠിപ്പിച്ചു . ജീവിതത്തില്‍ ആകെ ആ അമ്മാമ്മക്ക് ഉണ്ടായിരുന്നത് ആ മോള്‍ മാത്രം ആയിരുന്നു.ഒരു പക്ഷെ ആ അമ്മാമ്മയുടെ ഹൃദയ നയിര്മല്യം കൊണ്ടാവാം ആ മുറ്റത്തു നിറയെ വിശുദ്ധിയുടെ പര്യായമായ ലില്ലി പൂക്കള്‍ വിടര്‍ന്നു നിന്നത് . സ്വന്തമായിട്ട് ജീവിക്കാന്‍ വക ഇല്ലാഞ്ഞും ഒരു കുഞ്ഞിനെ, അതും ഒരു പെണ്‍കുട്ടിക്കും കൂടി ജീവിതം കൊടുക്കാന്‍ സന്മനസ്സുണ്ടാവുക എന്നത് ഒരു വലിയ കാര്യം തന്നെ. എത്ര പേര്‍ക്ക് അതിന് സാധിക്കും? എവിടെ ലില്ലി പൂക്കള്‍ വിരിഞ്ഞു നില്ക്കുന്നത് കാണുമ്പോഴും ഞാന്‍ ഇപ്പോഴും ആ അമ്മാമ്മയെ ഓര്‍ക്കാറുണ്ട് .