Monday, October 13, 2008

പാല പൂത്തപ്പോള്‍ ..


ആരെങ്ങിലും ഒരു പക്ഷേ കേട്ടാല്‍ കളിയാക്കും കാരണം ഞാന്‍ ഇതു വരെ ഒറിജിനല്‍ പാല പൂത്തു കണ്ടിട്ടില്ല. അതിന്‍റെ ഗന്ധം എന്താണെന്നും അറിയില്ലായിരുന്നു . ഇന്നലെ വരെ. കാണുന്ന മരങ്ങളെല്ലാം പാല ആണെന്ന് ആയിരുന്നേല്ലോ എന്‍റെ ധാരണ.ഇപ്പോ എന്റെ ഒരു പാല മരംചെമ്പകം ആയി മാറി (ബ്ലോഗ് പോസ്റ്റ് കാണൂ..http://raadha.blogspot.com/2008/08/blog-post_12.html ) ഈയിടെ ആണ് ഒറിജിനല്‍ പാല മരം, അതായത് നമ്മുടെ യക്ഷി കഥകളിലെ പാല മരം തിരിച്ചറിഞ്ഞത് . പിന്നെ പോകുന്ന വഴികളില്‍ ഉള്ള പാലമരങ്ങള്‍ എല്ലാം നോക്കി വെച്ചു. ഇനി ഇതിന്‍റെ മണം എങ്ങനെ അറിയും ?
തന്ന സുഹൃത്തിനു നന്ദി. പക്ഷെ മണം അറിയില്ലെല്ലോ ?

എന്‍റെ ഓഫീസിന്റെ തൊട്ടടുത്ത് ഒരു പോലീസ് സ്റ്റേഷന്‍ ഉണ്ട്. അതിന്‍റെ മുന്‍പില്‍ ഒരു പാല മരവും ഉണ്ട്. ഒരു ദിവസം കണ്ടു വളരെ താണ ഒരു ചില്ലയില്‍ ഉള്ള ഇലകള്‍ക്ക്‌ ഒരു നിറവ്യത്യാസം . അടുത്ത് പോയി സൂക്ഷിച്ചു നോക്കി. നിറയെ മൊട്ടുകള്‍ ഇട്ടിരിക്കുന്നു . പിന്നെ പ്രാര്ത്ഥന ആയിരുന്നു..ഈശ്വര ഇതു വിരിയുമ്പോ എനിക്ക് അവധി ദിവസമാകരുതെ എന്ന്. അങ്ങനെ വെള്ളിയാഴ്ച എത്തി. പൂ വിരിഞ്ഞില്ല . തിങ്കളാഴ്ച്ച വരുമ്പോഴേക്കും വിരിഞ്ഞു വീണു പോകരുതേ എന്നായി പിന്നെ പ്രാര്ത്ഥന. ഇന്നലെ തിങ്കളാഴ്ച്ച. രാവിലെ സ്റ്റോപ്പില്‍ ബസ്സ് ഇറങ്ങിയ ഉടനെ തന്നെ നോക്കി. പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നുണ്ട്‌ . വൈകിട്ട് അല്‍പ്പം നേരത്തെ ഇറങ്ങി ഒരു കുഞ്ഞു പൂ എന്ഗിലും പെറുക്കി എടുക്കണം എന്ന് മനസ്സില്‍ കരുതി.
എന്നും വൈകിട്ട് വീട്ടിലേക്ക് പോരാന്‍ മിക്കവാറും എന്‍റെ ഒരു കൂട്ടുകാരി കൂടെ കാണും. അവളോട്‌ കാര്യം പറഞ്ഞു. അതിനെന്താ നമുക്കു നോക്കാലോ എന്ന് അവള്‍ പറഞ്ഞു. അവള്‍ക്കറിയാം പാല പൂ എങ്ങനെ ഇരിക്കും എന്ന്. എന്നെ പോലെ വിവരദോഷി അല്ല . വൈകിട്ട് 5 മിനിറ്റ് നേരത്തെ ഞങ്ങള്‍ ഇറങ്ങി.ബസ്സ് സ്റ്റോപ്പില്‍ തന്നെ ആണ് ഈ പാലമരം . പോലീസ് സ്റ്റേഷന്റെ മുന്‍പില്‍ നിറയെ ആളുണ്ട് , പോലീസും ഒക്കെ ഉണ്ട്. സ്റ്റോപ്പില്‍ ഒരു ബസ്സ് പാര്‍ക്ക് ചെയ്തിട്ടുണ്ട്. ഒരു സെക്കന്റ് കൊണ്ടു അവള്‍ ഒരു പൂമരക്കമ്പ് തന്നെ ഒടിച്ചെടുത്തു എന്‍റെ കൈയ്യില്‍ തന്നു. കൂടെ ഉണ്ടായിരുന്ന ഞാന്‍ പോലും ഒന്നു വിരണ്ടു . എന്റെ കൈയ്യില്‍ നിറയെ പൂക്കളും , രണ്ടു ഇലകളും അടങ്ങിയ ഒരു പൂമരക്കമ്പ്!!. മാവിന്റെ പൂക്കുലയോട് സാദൃശ്യമുള്ള ഒരു പൂക്കമ്പ് . എന്തൊരു രൂക്ഷമായ മണം. ഞങ്ങളുടെ പ്രവൃത്തി കണ്ടു ഒരു സ്ത്രീ ബസ്സില്‍ നിന്നു ഉറക്കെ പറഞ്ഞു..'അയ്യോ ദേ പാലപ്പൂ പറിച്ചു '. ഞങ്ങള്‍ കേട്ട ഭാവം വെച്ചില്ല . ഇനി ഇതു പറിക്കാന്‍ ഒന്നും പാടില്ലാത്ത പൂവാണോ ? ആവോ ആര്‍ക്കറിയാം ? കൈയ്യില്‍ കിട്ടിയ ഉടന്‍ മണത്തു ..ഹൊ, എന്താ ഒരു മണം. ഏതാണ്ട് 'സര്‍വ സുഗന്ധി ' അല്ലെങ്ങില്‍
വളരെ ഭദ്രമായി സൂക്ഷിച്ചു പൂ വീട്ടില്‍ എത്തിച്ചു . ബസ്സ് മുഴുവന്‍ ഇടക്കിടക്കു നല്ല മണം വരുന്നുണ്ട്. ഞങ്ങള്‍ ഒന്നും അറിയാത്ത പോലെ ഇരുന്നു. പൂക്കള്‍ ഏതാണ്ട് വിരിയുന്ന സമയം ആണെന്ന് തോന്നുന്നു.7 മണി ആയി. കാറ്റു വരുമ്പോള്‍ നല്ല മണം. പതിവു പോലെ എന്നെ കാത്തു എന്റെ കൂട്ടുകാരന്‍ നില്‍ക്കുന്നുണ്ട്‌. ബൊക്കെ പിടിക്കുന്നത്‌ പോലെ ആണ് പൂ കൈയ്യില്‍ പിടിച്ചിരുന്നത് . കക്ഷിയെ കണ്ടപ്പോ പയ്യെ ഒന്നു താഴ്ത്തി പിടിച്ചു . കണ്ടപ്പോ തന്നെ ചോദിച്ചു. 'ഇതെവിടുന്നാ പാലപ്പൂ?' ഓഹോ , അപ്പൊ അഗ്ഞാനി ഞാന്‍ മാത്രം!.
മണം. പൂ ഒന്നു മണം പിടിച്ചിട്ടു ഭര്ത്താവ് പറഞ്ഞു, 'എന്തൊരു വൃത്തികെട്ട മണം'. എന്‍റെ സ്വഭാവം മുന്‍കൂട്ടി അറിയാവുന്നതു കൊണ്ടു പറഞ്ഞു 'നീ ഇതു ബെഡ് റൂമിലേക്ക്‌ കേറ്റരുത് ട്ടോ ' എന്ന്. അടുക്കളയില്‍ പണിക്കു കേറാന്‍ നേരം എടുത്തു അടുക്കളയില്‍ വെച്ചു. അത്രയും മണം മിസ് ആവരുതല്ലോ . 8.30 ആയപ്പോ എല്ലാ പൂക്കളും വിരിഞ്ഞു. നല്ല വെള്ള നിറം അല്ല പൂക്കള്‍ക്ക് , ഇളം പച്ച കലര്‍ന്ന വെള്ള.ഞാന്‍ പതിയെ എണ്ണി നോക്കി. 47 പൂക്കളുണ്ട്‌ , പാതി വിരിഞ്ഞതും , മുഴുവന്‍ വിരിഞ്ഞതും ഒക്കെ ആയിട്ട് . ധാരാളം മൊട്ടുകളും . രാത്രി ഉറങ്ങാന്‍ പോവുന്നതിനു മുന്നേ പതിയെ വെള്ളം തളിച്ച് വെച്ചു. എന്നെ വിസ്മയിപ്പിച്ച ഒരു സംഗതി ...ഈ പൂവിനു പലപ്പോഴും പല മണം, അകന്നു നില്‍ക്കുമ്പോള്‍ നേര്‍ത്ത നല്ല ഒരു സുഗന്ധം . അടുത്ത് നിന്നു മൂക്ക് മുട്ടിച്ചു മണം പിടിക്കുമ്പോള്‍ ഒരു വല്ലാത്ത വന്യമായ മണം. ആകെപ്പാടെ പാല മണത്തില്‍ കുളിച്ച ഒരു രാത്രി കടന്നു പോയി.

രാവിലെ എണീറ്റപ്പോ ഒരു മണവും ഇല്ല. വളരെ അടുപ്പിച്ചു മണക്കുമ്പോള്‍ മാത്രം ഒരു ചെറിയ മണം. ഈശ്വര ഇന്നലെ ഈ വീട് മുഴുവന്‍ സുഗന്ധം പരത്തിയ പൂ ആണോ ഇതു എന്ന് പോലും സംശയിക്കും .എന്‍റെ ഒരു സുഹൃത്ത് ഈ വിവരം അറിഞ്ഞപ്പോ പറഞ്ഞു, സുന്ദരിമാര്‍ പാല പൂ കൈ കൊണ്ടു തൊടാന്‍ പാടില്ലാന്നു . എന്തായാലും തൊട്ടു പോയി... എനിക്ക് ഒന്നും സംഭവിച്ചില്ല . എന്നെ പിടിക്കാന്‍ ഒരു യക്ഷിയും ഗന്ധര്‍വനും വന്നില്ല. ഈ ബ്ലോഗ് വായിക്കുന്നവര്‍ ആര്‍ക്കെങ്ങിലും പാല പൂ മണം അറിയില്ലെങ്ങില്‍ ഇപ്പൊ തിരഞ്ഞോള് ...ഇതു പാല പൂക്കുന്ന സമയം ആണ്. മിസ് ചെയ്യല്ലേ . അങ്ങനെ എനിക്ക് വേണ്ടിയും ഒരു പാല പൂത്തു വീട്ടില്‍ കുപ്പിയില്‍ കാത്തിരിക്കുന്നു എന്‍റെ രാത്രിയെ മത്തു പിടിപ്പിക്കാനായിട്ടു!!.

13 comments:

നിറങ്ങള്‍..colors said...

kollam paala experience..adipoli

Anonymous said...

sundarimar thottalalle kuzhappmolloo

smitha adharsh said...

ശരിക്കും പാലപ്പൂ ഗന്ധം അനുഭവിച്ചു...ഈ പോസ്റ്ലൂടെ...നന്ദി...
എനിക്കും ഒരു പൂതി ഉണ്ടായിരുന്നു..ഈ പാലപ്പൂ വിരിയുന്ന സമയത്തു ഒന്നു പോയി നോക്കാന്‍.അമ്മേടെ വീടിന്റെ പറമ്പിന്റെ അറ്റത്ത്‌ ഉണ്ടായിരുന്നിട്ടു പോലും എനിക്കത് അനുഭവിക്കാന്‍ പറ്റിയിട്ടില്ല.കാരണം,അസാദ്ധ്യ ധൈര്യശാലിയായിരുന്നു..ഞാന്‍ ആരോടും പറയണ്ട.

ശിവ said...

ഞാന്‍ ഇപ്പോഴും തേടി നടക്കുകയാ ഈ മരത്തെ ഒന്നു നേരില്‍ കാണാന്‍...പലരോടും ചോദിച്ചു...ആര്‍ക്കും അറിയില്ല...ഇത്രയെങ്കിലും ഇപ്പോള്‍ അറിയാന്‍ കഴിഞ്ഞല്ലോ...നന്ദി...

raadha said...

@നിറങ്ങള്‍ :D പോസ്റ്റ് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ ഒരു പാടു സന്തോഷം.

@അനോണി :P വേണ്ട, വേണ്ട, ചുമ്മാ choriyalle!!

@സ്മിത :) നന്നായി പാലമരത്തിന്റെ അടുത്തൊന്നു പോവാതിരുന്നത്..അല്ലെങ്ങില്‍ രാവിലെ ഒരു ഡെഡ് ബോഡി കാണേണ്ടിവന്നേനെ!!

@ശിവ :) ഞങ്ങളുടെ നാട്ടില്‍ ഇപ്പൊ ഇതു പൂക്കുന്ന കാലമാണ്. മണം മനസ്സിലായാല്‍ മരം താനേ അറിയും.

സിമി said...

ഇപ്പോഴും അവിടെ ഉണ്ടോ, അതോ വല്ലൊ ഗന്ധര്‍വ്വനും പിടിച്ചോണ്ടു പോയോ?

Anonymous said...

ningalude nattil mathramalla india motham paala pookkunna tiame aanu ippol ;)

കുമാരന്‍ said...

nice pics

PIN said...

ഏഴിലം പാലപൂക്കും രവുതോറും
വന്നു ഞാൻ ദീപമായി രൂപമായി...

എന്നിട്ടും എന്തേ എന്നെ തിരിച്ചറിഞ്ഞില്ല?

മുസാഫിര്‍ said...

ശ്ശേ , ഇതാണോ പാലപ്പൂവ്, എന്റെ മനസ്സിലുള്ളത് ആ ഇടത്ത വശത്തെ ഫോട്ടോയില്‍ മുകളില്‍ നിന്നും രണ്ടാമത്തെയാണ്.ഇതിപ്പോ ആകെ കണ്‍ഫ്യൂഷന്‍ ആക്കി.

Flash said...

വളരെ ദൂരത്ത്‌ നിന്ന് മാത്രമേ പാലപ്പൂവിന്റെ സൌരഭ്യം ,ഒരു "സൌരഭ്യമായി " ആസ്വദിക്കാന്‍ പറ്റൂ . വളരെ നേര്‍ത്ത , മത്തു പിടിപ്പിക്കുന്ന ഒരു പ്രത്യേക സുഗന്ധമാണ് അത്. നമ്മള്‍ പൂവിനോട് അടുക്കുംതോറും, അത് പക്ഷെ ഒരു രൂക്ഷ ഗന്ധമായി അനുഭവപ്പെടും ! . കുറച്ച്നേരം ഈ മണം ഏറ്റുകഴിഞ്ഞാല്‍ , തലവേദനയും മനംപുരട്ടലും വരുമെന്ന കാര്യത്തില്‍ സംശയമേ വേണ്ട . ഒരു പക്ഷെ ,രാധക്ക് കിട്ടിയ ചെറിയ ഒരു പൂക്കുല അത്രക്കും പ്രശ്നം ഉണ്ടാക്കില്ലെങ്കിലും, പാലപ്പൂ കുഴപ്പക്കാരന്‍ തന്നെ .കഴിയുന്നതും പാലപ്പൂവിനെ അകറ്റി തന്നെ നിര്‍ത്തിയെക്കുക. അതിനാലാവും പാലയെയും പാലപ്പൂവിനെയും ചുറ്റിപ്പറ്റി ധാരാളം യക്ഷിക്കഥകള്‍ ഉള്ളത്. ഒന്നുവല്ലേലും യക്ഷിയേയും ,ഗന്ധര്‍വനേയും പേടിചിട്ടെങ്കിലും ആരും പാലയുടെ അടുത്ത് പോകാതിരിക്കുമല്ലോ! :)

raadha said...

@സിമി :)
ഉണ്ട് ഉണ്ട്, ഇപ്പോഴും ജീവനോടെ ഉണ്ട്. ഗന്ധര്‍വനു പോലും നമ്മളെ വേണ്ടാന്നാ തോന്നുന്നേ! :P

@അനോണി :D ഓ അപ്പൊ ഡല്‍ഹിയിലും പാല പൂത്തിട്ടുണ്ട് എന്ന് സാരം. ഈ അനോണി കുട്ടന്മാരെയും, കുട്ടികളെയും കൊണ്ടു തോറ്റല്ലോ ഈശ്വരാ :P

@കുമാരന്‍ :) pics ന്റെ ക്രെഡിറ്റ് എന്റെ ഫ്രണ്ട്നാണു.. അഭിനന്ദനങ്ങള്‍ കൊടുത്തേക്കാം.

@പിന്‍ :D രാത്രി വരുമ്പോ ഇരുട്ടായത് കൊണ്ടാവും ആളെ തിരിച്ചരിയാഞ്ഞേ. :P ഇനി വരുമ്പോ പകല്‍ വരണേ..


@മുസാഫിര്‍ :D ഹൊ സമാധാനം ആയി. എനിക്ക് ഒരു കൂട്ട് ആയി. ഇതു വരെ എന്റെയും പാലപ്പൂ മറ്റേ പൂ ആയിരുന്നു. പക്ഷെ അതിനെ എല്ലാരും ചെമ്പകം എന്നാണത്രേ വിളിക്കാറ്. കാട്ടു ചെമ്പകം ആണ് ശരിയായ പേരു. ഒരു കാര്യം ചെയ്യാം നമുക്കു മാത്രം അതിനെ പാല എന്ന് വിളിക്കാം...അപ്പൊ കണ്‍ഫ്യൂഷന്‍ മാറിയെല്ലോ?

raadha said...

@ഫ്ലാഷ് :D അപ്പൊ പാലപ്പൂവിന്റെ സുഗന്ധം പിടി കിട്ടി എന്ന് അറിഞ്ഞതില്‍ സന്തോഷം. ദൂരെ നില്‍ക്കുമ്പോള്‍ കിട്ടുന്ന ഗന്ധം തന്നെ ഹൃദ്യം. പക്ഷെ തലവേദന എടുക്കും എന്ന് പറഞ്ഞതിനോട് യോജിപ്പില്ല. കാരണം, ചിലര്ക്ക് മുല്ലപ്പൂവിന്റെ സുഗന്ധം അധികം ആയാലും തലവേദന എടുക്കും എന്ന് കേട്ടിട്ടുണ്ട്. ഒന്നുമില്ലേലും അതും ഒരു വെറും പൂ മാത്രം അല്ലെ? വെറുതെ എന്തിനാ യക്ഷികളെയും ഗന്ധര്‍വനേയും കൂട്ട് പിടിക്കണേ? മറ്റേതു പൂ പോലെയും ഈ പൂവും നമ്മളെ ഒന്നും ചെയ്യില്ല എന്ന് തന്നെ എന്റെ വിശ്വാസം.
:)