Tuesday, September 6, 2011


കഴിഞ്ഞ മാസം ഒരു ദിവസം. കൃത്യമായി പറഞ്ഞാല്‍ ആഗസ്റ്റ്‌ ഇരുപത്തിനാലാം തീയതി. വൈകിട്ട് ഓഫീസ് വിട്ടു ഞാന്‍ ബസ്‌ കാത്തു സ്റ്റോപ്പില്‍ നില്‍ക്കുകയാണ്.ഓണത്തിരക്ക് കാരണം ബസ്‌ ഒന്നും സമയത്തിന് വരുന്നില്ല. പോരാത്തതിനു പേമാരി പോലത്തെ മഴയും. എറണാകുളം മൊത്തത്തില്‍ ബ്ലോക്ക്‌ ആവുന്ന ദിവസങ്ങള്‍.ബസ്‌ വരുന്നതും കാത്തു അക്ഷമയായി ഞാന്‍ അങ്ങനെ നിന്നു.

അപ്പോഴാണ് രണ്ടു സ്ത്രീകള്‍ ബസ്‌ സ്റ്റോപ്പിലേക്ക് വന്നത്. എന്റെ ഓഫീസിനടുത്തു വളരെ പ്രസിദ്ധമായ ഒരു പള്ളിയുണ്ട്. കണ്ടപ്പോള്‍ തന്നെ മനസ്സിലായി അവര്‍ പള്ളിയില്‍ പോയിട്ട് വരുകാണെന്നു. എന്നെ കണ്ടപ്പോള്‍ അവര്‍ ചോദിച്ചു, എറണാകുളത്തേക്ക് ഇപ്പൊ ബസ്‌ ഉണ്ടോ എന്ന്. ഉവ്വ്, ബസ്‌ ഉണ്ട്, ഞാനും അത് കാത്തു നില്‍ക്കുകയാണെന്ന് പറഞ്ഞു..ഇപ്പോള്‍ ബസ്‌ കാത്തു നില്‍ക്കുന്നത് മൂന്നു പേര്‍..

സമയം ആറ് മണി ആവാറായി. ഇനി നേരിട്ടുള്ള ബസ്‌ കാത്തു നിന്നിട്ട് കാര്യം ഇല്ല. ഞാന്‍ അവരോടു നമുക്ക് കിട്ടുന്ന ബസില്‍ പോവാം എന്ന് പറഞ്ഞു. അവര്‍ക്ക് പോവേണ്ടത് ആലുവയിലേക്ക്, സ്ഥലം അറിയില്ല എന്ന് പറഞ്ഞു. ഞാന്‍ എന്റെ കൂടെ പോന്നോളാന്‍ പറഞ്ഞു പിന്നെ വന്ന ബസില്‍ കയറി.

ബസില്‍ എന്റെ കൂടെ അവരും കയറി. അല്പം കഴിഞ്ഞപ്പോള്‍ നേരെ ആലുവയിലേക്കുള്ള ബസ്‌ വന്നു. ഇത് പുറപ്പെടുന്നതിനു മുന്നേ ഞാന്‍ ചാടി ഇറങ്ങി ആലുവ ബസില്‍ കയറി. ഇറങ്ങാന്‍ നേരം ഞാന്‍ അവരെയും വിളിച്ചു. അവരും എന്റെ കൂടെ ഇറങ്ങി.

ഇവര്‍ രണ്ടു പേര്‍ക്കും എന്നേക്കാള്‍ പ്രായം ഉണ്ട്. ക്രിസ്ത്യന്‍ ആണെന്ന് എനിക്ക് തോന്നിയില്ല. അവര്‍ പള്ളിയില്‍ പോയതാണെന്ന് എന്നോട് പറഞ്ഞിരുന്നു. ആലുവ ബസില്‍ കയറാന്‍ ഞാന്‍ നില്‍ക്കുമ്പോ, അതില്‍ ഒരു സ്ത്രീ എന്റെ കൈയ്യില്‍ രണ്ടു കൈയും കൊണ്ട് പിടിച്ചു, എന്റെ കൈയ്യിലേക്ക് എന്തോ വെച്ച് തന്നു. എന്നിട്ട് പറഞ്ഞു..'വായില്‍ വെള്ളമില്ലാതെ ഉണങ്ങിയിരിക്കുവല്ലേ, ഇത് കഴിച്ചോ' എന്ന്.

ഒരു നിമിഷ നേരത്തേക്ക് ഞാന്‍ സ്തംഭിച്ചു നിന്നു പോയി. കൈയ്യില്‍ ഒരു ചെറിയ മിട്ടായി. അവരും ഒരു മിട്ടായി വായിലിട്ടിട്ടുണ്ട്. ഞാന്‍ മിണ്ടാതെ ബസില്‍ കയറി. തൊട്ടു പിറകിലെ സീറ്റില്‍ അവര്‍ രണ്ടു പേരും ഇരുന്നു. കൈയ്യില്‍ കിട്ടിയ മിട്ടായി ഞാന്‍ കുറച്ചു നേരം അങ്ങനെ തന്നെ വെച്ച്. തിന്നണോ വേണ്ടയോ എന്ന സംശയം ബാക്കി.

അപരിചിതര്‍ തരുന്ന ഒന്നും വാങ്ങി കഴിക്കരുതെന്ന് എന്റെ മകളെ ഗുണദോഷിക്കുന്ന ഞാന്‍. തിന്നില്ലെങ്കില്‍ അവര്‍ക്ക് എന്ത് തോന്നും എന്ന മറു വിചാരം. ഇന്നത്തെ കാലത്ത് ആരെയും വിശ്വസിക്കാന്‍ പറ്റാത്ത കാലം. വല്ല മയക്കുമരുന്നും ഇട്ട മിട്ടായി ആണോ ഇത്? സ്വര്‍ണത്തിനൊക്കെ ഇപ്പൊ എന്താ വില? അങ്ങനെ പലതും ആലോചിച്ചു ഞാന്‍ അങ്ങനെ ഇരുന്നു.

പിന്നെ തോന്നി, അവര്‍ അവരുടെ നല്ല മനസ്സ് കൊണ്ട് തന്നതാണെന്ന്, അവരുടെ നിഷ്കളങ്കത കൊണ്ട് തന്നതാണെന്ന്, എന്തോ ആവട്ടെ മനുഷ്യരില്‍ എനിക്കിപ്പോഴും വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല, ഞാന്‍ രണ്ടും കല്‍പ്പിച്ചു ആ മിട്ടായി തിന്നു.

പത്തു മിനിട്ട്. ഒന്നും സംഭവിച്ചില്ല. അപ്പോഴേക്കും ഞാന്‍ സ്വകാര്യമായ ഒരു കാര്യം ഓര്‍ത്തെടുത്തു...അന്നെന്റെ പിറന്നാള്‍ ആയിരുന്നു..!!! കുഞ്ഞായിരുന്നപ്പോള്‍ നമുക്ക് പിറന്നാളിന് മിട്ടായി കിട്ടുമായിരുന്നു..വലുതായാലോ? എന്റെ ഇത്തവണത്തെ പിറന്നാളിന് എനിക്ക് കിട്ടിയ ഒരേ ഒരു മിട്ടായി അതായിരുന്നു...!!

അടിക്കുറിപ്പ്: എല്ലാവര്ക്കും സമൃദ്ധിയുടെ പൊന്നോണം ആശംസിക്കുന്നു..
സസ്നേഹം,
രാധ.