Tuesday, September 21, 2010

ഒരു സൂപ്പര്‍മാന്റെ ജനനം!!


ഞങ്ങളുടെ ഓഫീസില്‍ സ്ഥിരമായിട്ട് ചായ കൊണ്ട് വന്നിരുന്നത് തൊട്ടടുത്ത ബാങ്ക് ബില്‍ഡിംഗ്‌ ലെ പ്യൂണ്‍ ആയിരുന്നു. രണ്ടു മാസങ്ങള്‍ക്ക് മുന്പ് ബാങ്ക് അവിടെന്നു ഷിഫ്റ്റ്‌ ചെയ്തത് കൊണ്ട് ഞങ്ങളുടെ ചായ കുടി മുട്ടി.

അങ്ങനെ ആണ് തൊട്ടടുത്ത് ഫോടോസ്ടാറ്റ് കട നടത്തുന്ന സോമന്‍ ചേട്ടന്‍ ഞങ്ങളുടെ ചായക്കാരനായത്. ആള് വൈകുന്നേരമായാല്‍ മിക്കവാറും പാമ്പ്‌ ആകുന്നതു കൊണ്ട് ആര്‍ക്കും തന്നെ പുള്ളിയെ ഓഫീസില്‍ കയറ്റുന്നതിനോട് താല്പര്യമില്ലായിരുന്നു..എന്നാലും നിവൃത്തി കേടു കൊണ്ട് ഞങ്ങളുടെ ചായ ചേട്ടന്‍ ആയി സോമന്‍ ചേട്ടന്‍.

അങ്ങനെ ഇരിക്കെ ഓണത്തിന്റെ അവധി കഴിഞ്ഞു ഓഫീസ് തുറന്ന ദിവസം. ഓണക്കോടിയും നെറ്റിയില്‍ ചന്ദന കുറിയുമൊക്കെ അണിഞ്ഞു രാവിലത്തെ ചായ സോമന്‍ ചേട്ടന്‍ കൊണ്ട് തന്നു. കടും മഞ്ഞ നിറമുള്ള ഒരു ഷര്‍ട്ട്‌ ആയിരുന്നു സോമന്‍ ചേട്ടന്റെ ഓണക്കോടി. പതിവ് പോലെ നാല് മണിയുടെ ചായ വന്നില്ല. സോമന്‍ ചേട്ടനെ അന്വേഷിച്ചു ഞങ്ങളുടെ പ്യൂണ്‍ പോയി നോക്കിയിട്ട് പറഞ്ഞു..ഫോടോസ്ടാറ്റ് കട തുറന്നു കിടപ്പുണ്ട്..സോമന്‍ ചേട്ടന്‍ അവിടെ ഒന്നും ഇല്ല എന്ന്..ചായ കുടിക്കാതെ അന്ന് ഓഫീസ് പിരിഞ്ഞു..


വൈകിട്ട് ഓഫീസില്‍ നിന്ന് അടുത്തുള്ള ബസ്‌ സ്ടോപ്പിലെക്ക് ഞങ്ങള്‍ നടന്നു പോകുമ്പോള്‍..അല്പം മുന്നിലായിട്ടു സോമന്‍ ചേട്ടന്‍ നടന്നു പോവുന്നത് കണ്ടു. മഞ്ഞ ഷര്‍ട്ട്‌ കണ്ടിട്ടാണ് തിരിച്ചറിഞ്ഞത്. ആ..നമ്മുടെ ചായ ചേട്ടനല്ലേ പോവുന്നത് എന്ന് ഞങ്ങള്‍ പറഞ്ഞു തീര്‍ന്നതും..പുള്ളിക്കാരന്‍ ഉടുത്തിരുന്ന മുണ്ട് ഊരി കൈയ്യില്‍ പിടിച്ചു, എന്നിട്ട് തോളിലേക്കിട്ടു. ആള്‍ ഫുള്‍ തണ്ണി. അവിടെ തൊട്ടടുത്ത്‌ ഉണ്ടായിരുന്ന ഓട്ടോ സ്ടാണ്ടിലെ ഓട്ടോക്കാര്‍ ഓടി വന്നു സോമന്‍ ചേട്ടനെ ഉടുതുണി ഉടുപ്പിച്ചു..

ഈ കാഴ്ച കണ്ടു സ്തബ്ധരായി നിന്ന് പോയ ഞങ്ങള്‍ ഒരു കാര്യം കണ്ടു..സോമന്‍ ചേട്ടന്‍ ഉടുത്തിരുന്നത് ചുവന്ന നിറമുള്ള ജട്ടി ആയിരുന്നു...!! പിറ്റേ ദിവസം ഓഫീസില്‍ വന്നു ഈ വിവരം പറഞ്ഞപ്പോള്‍ എല്ലാരും കൂടി സോമന്‍ ചേട്ടന്റെ പേര് സൂപ്പര്‍ മാന്‍ എന്നാക്കി. പാവത്തിന്റെ ചായ കച്ചവടം അതോടെ നിന്ന് എന്ന് പ്രത്യേകം പറയണ്ടല്ലോ.

ഇപ്പോഴും ഇടയ്ക്കിടയ്ക്ക് ഫോടോസ്ടാറ്റ് ന്റെ കാശ് വാങ്ങാന്‍ സൂപ്പര്‍ മാന്‍ ഓഫീസില്‍ വരാറുണ്ട്..