ഡിസംബര്‍ ആയി . ക്രിസ്മസ് ദിവസങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുന്ന മാസം . ക്രിസ്മസ് കഴിഞ്ഞാല്‍ ഉടനെ തന്നെ ന്യൂ ഇയര്‍ കൂടി വരുന്നത് കൊണ്ട് എപ്പോഴും ക്രിസ്മസ് ആഘോഷങ്ങള്‍ പുതു വല്സരത്തിലേക്കും നീളാറുണ്ട് .
എല്ലാ കാര്യങ്ങളിലും എന്ന പോലെ കുട്ടിക്കാലത്തെ ക്രിസ്മസിനും മാധുര്യം ഏറും . എന്റെ വീട്ടില്‍ ഒരു ക്രിസ്മസും ഞങ്ങള്‍ ആഘോഷിക്കാതെ വിടാറില്ല . ആരുടെ സ്കൂള്‍ ആണ് ആദ്യം ക്രിസ്മസ് അവധിക്കു പൂട്ടുന്നത് എന്ന് നോക്കിയിരിക്കും . അവസാനം സ്കൂള്‍ പൂട്ടി വരുന്ന ആള്‍ ബുക്ക് വലിച്ചെറിഞ്ഞു മറ്റുള്ളവരുടെ ഒപ്പം കളിയ്ക്കാന്‍ ഓടും . അപ്പച്ചന്റെ അനിയന്‍ ആയിരുന്നു തൊട്ടടുത്ത തറവാട്ടില്‍ താമസിച്ചിരുന്നത് . അവിടത്തെ കുട്ടികളും ഞങ്ങളും കൂടിയാല്‍ തന്നെ ധാരാളം .
ആദ്യത്തെ പണി നക്ഷത്രങ്ങള്‍ ഉണ്ടാക്കല്‍ ആണ് . അതിനുള്ള സാധനങ്ങള്‍ ചേട്ടന്മാര്‍ സംഘടിപ്പിക്കും . ഒക്കെ കണ്ടും കേട്ടും നിന്നാല്‍ മതി . തിളങ്ങുന്ന കടലാസ്സും , ഗില്‍റ്റ് പേപ്പറും തൊടാന്‍ പോലും സമ്മതിക്കില്ല . വീട്ടില്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് ഒരു ക്രിബ് സെറ്റ് അപ്പച്ചന്‍ മേടിച്ചു തന്നിട്ടുണ്ട് . എല്ലാ ക്രിസ്മസിനും അത് പെട്ടി തുറന്നു പുറത്തെടുത്തു , ഓരോ പ്രതിമയും ഓരോ കവറില്‍ ആയിട്ട് ഭദ്രമായി പൊതിഞ്ഞു വെച്ചിരിക്കുന്നത് സൂക്ഷിച്ചു തുടച്ചു വെക്കണം .പുല്‍ക്കൂട് ഒരുക്കല്‍ മറ്റൊരു സംഭവം ആണ് . പാടത്ത് നിന്ന് ചെളി കൊണ്ട് വന്നു അതില്‍ നെല്‍ വിത്തുകള്‍ പാകി വെക്കും . ക്രിസ്മസ് ആകുമ്പോള്‍ അത് മുഴുവന്‍ പുതിയ നാമ്പുകള്‍ എടുത്തു നില്‍ക്കും .
എനിക്ക് ഓര്മ വെക്കുമ്പോള്‍ തന്നെ എന്റെ ഏറ്റവും മൂത്ത ചേട്ടന് ചാലക്കുടിയില്‍ ജോലിയുണ്ട് . ഞങ്ങള്‍ തമ്മില്‍ 20 വയസ്സിന്റെ വ്യത്യാസം ഉണ്ട് . അത് കൊണ്ട് തന്നെ , ലീവ് എടുത്തു ചേട്ടന്‍ വരുമ്പോഴേക്ക് എല്ലാ തയ്യാറെടുപ്പും ഞങ്ങള്‍ നടത്തിയിരിക്കും . ചേട്ടന്‍ ആണ് ബലൂണുകള്‍ കൊണ്ട് വരുന്നത് . അന്ന് ചേട്ടന്‍ വരുന്നതും നോക്കി ഞങള്‍ ഇരിക്കും . മൂത്ത രണ്ടു ചേട്ടന്മാരും പിന്നെ കരോള്‍ കളിയ്ക്കാന്‍ പോവും .
അപ്പച്ചന്‍ ക്രിസ്മസിനു രണ്ടു മാസം മുന്നേ തന്നെ രണ്ടു താറാവിനെ മേടിച്ചു വീട്ടില്‍ നിര്‍ത്തിയിട്ടുണ്ടാവും . ഞങ്ങള്‍ക്ക് ഒന്നാം തീയതി മുതല്‍ നോമ്പ് തുടങ്ങും . നോമ്പ് അവസാനം ക്രിസ്മസ് രാത്രി ആണ് . അപ്പച്ചന്‍ അന്ന് പാതിരാ കുര്‍ബാന കഴിഞ്ഞു വരുന്നത് വരെ രാത്രിയിലെ ഭക്ഷണം കഴിക്കില്ല .ഞങ്ങള്‍ ഒക്കെ സാധാരണ പോലെ ഭക്ഷണം കഴിച്ചു രാത്രിയില്‍ പള്ളിയില്‍ പോയി വന്നു കിടന്നുറങ്ങുമ്പോള്‍ അപ്പച്ചന്‍ , പള്ളിയിലെ കഴിഞ്ഞു അപ്പവും താറാവ് ഇറച്ചിയും കൂട്ടി അത്താഴം കഴിച്ചിട്ടേ ഉറങ്ങൂ .
വീട്ടില്‍ അന്നേ കറന്റ് ഉണ്ടായിരുന്നെങ്കിലും ക്രിസ്മസ് നക്ഷത്രത്തില്‍ വിളക്ക് ആണ് വെക്കുക . ഇന്നത്തെ പോലെ റെഡി മെയിഡ് സ്റ്റാര്‍ അന്ന് വാങ്ങാറില്ല . വീട്ടില്‍ ഞങ്ങള്‍ തന്നെ ഉണ്ടാക്കുന്ന സ്റ്റാര്‍ ആണ് ഉപയോഗിക്കുന്നത് . ചിലപ്പോള്‍ അപ്പച്ചനും സ്റ്റാര്‍ ഉണ്ടാക്കാന്‍ കൂടും . അന്ന് ഒരു വീടിനു ഒരു സ്റ്റാര്‍ മാത്രേ ഉണ്ടാക്കൂ . സന്ധ്യ ആകുമ്പോ സ്റ്റാര്‍ പയ്യെ കയര്‍ കെട്ടി താഴെ ഇറക്കി അതിന്റെ തട്ടില്‍ വിളക്ക് കത്തിച്ചു വെക്കും . രാവിലെ ഇറക്കി വിളക്ക് അണച്ച് വെക്കുകയും ചെയ്യും .
അന്ന് ഒരിക്കെ ഞങ്ങള്‍ ക്രിസ്മസ് ദിവസം രാത്രി പള്ളിയിലേക്ക് നടന്നു പോവുമ്പോള്‍ , (ഇന്നത്തെ എറണാകുളം ഫോര്‍ഷോര്‍ റോഡ് ) ഒരു സ്റാര്‍ കണ്ടു . അതിന്റെ താഴെ ഉള്ള മണ്ണ് മുഴുവന്‍ ചുവന്നിരിക്കുന്നു . ഞാന്‍ അന്ന് തീരെ ചെറിയ കുട്ടിയാണ് . എന്നോട് പറഞ്ഞു ചുവന്ന മണ്ണ് വരിക്കോ , നമുക്ക് വീട്ടില്‍ കൊണ്ട് ചെന്ന് ഇടാമെന്ന് . സ്ടാറില്‍ ചില ഭാഗങ്ങളില്‍ ചുവന്നു തിളങ്ങുന്ന പ്ലാസ്റ്റിക് കടലാസ്സാണ് ഒട്ടിച്ചിരുന്നത് . അതിന്റെ നിഴല്‍ അടിക്കുന്ന ഭാഗത്തായിരുന്നു മണ്ണിനു ചുവന്ന നിറം . ഞാന്‍ അന്ന് മണ്ണ് കൊറേ വാരി നോക്കി . വീട്ടിലെത്തുമ്പോള്‍ മണ്ണിന്റെ നിറം മാറും . ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചിരി വരും . വീട്ടിലെ ഏറ്റവും ചെറിയ ആള്‍ ഞാന്‍ ആയതു കൊണ്ട് എന്നെ മുന്നില്‍ നിറുത്തിയാണ് പല കാര്യങ്ങളും ചേട്ടനും ചേച്ചിമാരും സാധിച്ചിരുന്നത് . അവര്‍ക്ക് കുരങ്ങു കളിപ്പിക്കാനും ടാര്‍ഗറ്റ് ഞാന്‍ ആയിരുന്നു .അങ്ങനെ എന്തെല്ലാം തമാശകള്‍ .
ക്രിസ്മസിന്റെ അന്ന് രാവിലെ മുതല്‍ വീട്ടില്‍ കേക്കിന്റെ ബഹളമാണ് . അന്ന് വീട്ടില്‍ വരുന്ന വിരുന്നുകാര്‍ ഒക്കെ കേക്കും കൊണ്ട് വരും .അയ്സിംഗ് ഉള്ള പ്ലം കേക്ക് ആണ് മിക്കവാറും കൊണ്ട് വരിക . അയ്സിംഗ് തിന്നു തിന്നു മധുരം ആര്‍ക്കും വേണ്ടാതെ ആകും . അപ്പൊ അമ്മ എല്ലാ അയ്സിംങ്ങും കൂടെ ടിന്നില്‍ അടച്ചു വെക്കും . പിന്നെ , രണ്ടു ദിവസം കഴിഞ്ഞേ അത് തരൂ . അപ്പൊ ആ അയ്സിംഗ് നും കടി പിടി കൂടും ഞങ്ങള്‍ ..
ഇത്തവണ ഞങ്ങള്‍ നോമ്പ് നോക്കുന്നുണ്ട് . കുട്ടികള്‍ക്ക് എന്നാലെങ്കിലും ക്രിസ്മസ് ന്റെ മധുരം ഉണ്ടാകട്ടെ . ക്രിസ്മസ് ദിനങ്ങള്‍ ഞങ്ങള്‍ ഒരിക്കലും തനിയെ ആഘോഷിക്കാറില്ല , അത് തറവാട്ടില്‍ ആയിരിക്കും .
ഇപ്പോഴും അപ്പവും താറാവ് ഇറച്ചിയും തന്നെ ക്രിസ്മസ് ദിനത്തിന്റെ മെനു എങ്കിലും പഴയ സ്വാദു വരുന്നില്ല ..അത് പോലെ ഒരു സ്റാറിനു പകരം മൂന്നു സ്റാര്‍ എങ്കിലും ഞങ്ങള്‍ തൂക്കാറുണ്ട് ..എന്നാലും പണ്ടത്തെ ഒരു സുഖം കിട്ടുന്നില്ല ..ഇപ്പൊ ചൊവ്വേ നേരെ ഒരു കാരോള്‍ സംഘം പോലും വരാറില്ല . ആര്‍ക്കും അതിനൊന്നും നേരം ഇല്ല .എല്ലാവരും tv യുടെ മുന്‍പില്‍ കുത്തിയിരികകുകയെ ചെയ്യുള്ളു ..
നമ്മള്‍ എല്ലാം ഒരു പാട് മാറി പോയി . എന്റെ കുട്ടികളുടെ പ്രകൃതം കാണുമ്പോള്‍ എനിക്ക് ചിലപ്പോ തോന്നാറുണ്ട് , ഇവരോ ഞാനോ കുട്ടി എന്ന് ? അവര്‍ മുതിര്‍ന്നവര്‍ ചിന്തിക്കുന്നത് പോലെ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു ..!! എന്തെ നമ്മളൊക്കെ വലുതാകുംതോറും പഴയ കാലത്തിനും ഓര്‍മകള്‍ക്കും മധുരം കൂടുന്നത് ?ഇപ്പൊ ആ കാലത്തിലേക്ക് തിരിച്ചു പോകാന്‍ കൊതി തോന്നുന്നു ..വീണ്ടും ഒരു ജന്മമുണ്ടെങ്കില്‍ ഇങ്ങനെ ഒക്കെ തന്നെ ആയാല്‍ മതി എന്ന് മനസ്സ് പറയുന്നു ..
എന്റെ ബൂലോക കൂട്ടുകാര്‍ക്ക് എല്ലാര്ക്കും ക്രിസ്മസ് ആശംസകള്‍ ...
സസ്നേഹം ,