ഇവിടെ ജൂതന്മാരുടെ ഒരു തെരുവ് ഉണ്ട് . കേരളത്തിലെ ആദ്യത്തെ ജൂതപ്പള്ളി സ്ഥാപിച്ചത് ഇവിടെയാണ് . ഇപ്പോഴും ഇവിടെ കര്‍മങ്ങള്‍ നടക്കുന്നുണ്ട് . നിര നിരയായി ടൂറിസ്റ്റ് കടകളും , നൂറ്റാണ്ട് പഴക്കമുള്ള ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ കെട്ടിടങ്ങളും കാണാം. മറ്റെങ്ങും കാണാത്ത ഒരു പ്രത്യേകത ഞാന്‍ ഇവിടെ കണ്ടു. മിക്ക വീടുകളും ഒരു വലിയ മതില്‍കെട്ടിനുള്ളില്‍ ആണ്. എല്ലാവര്ക്കും കൂടി ഒരു വലിയ ഗേറ്റ് . ഈ ഗേറ്റ് തുറന്നു കയറിയാല്‍ അകത്തു വിശാലമായ കോമ്പൌണ്ട് ,ഒരു പൊതു കിണര്‍ , ഇരുവശത്തും രണ്ടോ മൂന്നോ നിലകളുള്ള ഓടിട്ട കെട്ടിടങ്ങള്‍ , ഒന്ന് ഒന്നിനോട് മുട്ടിചെര്‍ന്നു , ഒക്കെ പഴയ മാതൃകയില്‍ ഉള്ളത് . കൊച്ചു കൊച്ചു ജനാലകള്‍ , തല കുനിച്ചു കയറേണ്ടി വരുന്ന അത്ര ചെറിയ വാതിലുകള്‍ . ഓരോ കെട്ടിടത്തിലും ഓരോ മുറിയിലും ഓരോ കുടുംബം !!നമ്മുടെ പ്രശസ്തമായ മലയാളം സിനിമ 'വിയറ്റ്നാം കോളനി ' യിലെ , കോളനി ഇവിടെ ആണ് ചിത്രീകരിച്ചത് . പണ്ട് ഇവിടം ആയിരുന്നു കൊച്ചിയിലേക്കുള്ള എല്ലാ ചരക്കുകളും എത്തിയിരുന്ന കേന്ദ്രം . ഇപ്പൊl വളരെ ചെറിയ തോതിലേ കച്ചവടങ്ങള്‍ ഉള്ളു .
എന്റെ ഓഫീസിന്റെ അടുത്ത് തന്നെ വളരെ പേര് കേട്ട ഒരു കുരിശു പള്ളിയുണ്ട് . ഇവിടെ ഉള്ളവര്‍ പ്രാന്തന്‍ പള്ളി എന്നാണ് പറയുന്നത്. എല്ലാ വെള്ളിയാഴ്ച്ചകളും ഇവിടെ വളരെ അധികം തിരക്കാണ് .അന്ന് ഉച്ചക്ക് ഇവിടെ നിന്ന് നേര്ച്ച കഞ്ഞിയും കൊടുക്കാറുണ്ട് .വെള്ളിയാഴ്ച്ച ദിവസം കച്ചവടക്കാരും ധാരാളം കാണും ഇവിടെ.
ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ഈ 'പ്രാന്തന്‍ കുരിയച്ചനെ ' കുറിച്ച് കേട്ടിട്ടുണ്ട് . അന്ന് സ്കൂളില്‍ ആരുടെ എങ്കിലും എന്തെങ്കിലും സാധനം കളവു പോയാല്‍ ഉടന്‍ പ്രാന്തന്‍ കുരിയച്ചനു നേര്ച്ച നേരും . എടുത്ത ആള്‍ ഇരു ചെവി അറിയാതെ തിരിച്ചു കൊണ്ട് തരും . അല്ലെങ്കില്‍ കട്ടെടുത്ത ആള്‍ക്ക് പ്രാന്ത് വരും എന്നാണ് വിശ്വാസം . എന്തായാലും ചെറുപ്പത്തില്‍ ഞങ്ങള്‍ പിള്ളേര്‍ ഒരു പാട് കേട്ട് പേടിച്ചിട്ടുള്ള വാക്ക് ആണ് ഇത്.
എന്തായാലും അവിടം വരെ ഒന്ന് പോകണം എന്ന് കരുതി ഓഫീസില്‍ നിന്ന് ഞാനും രണ്ടു കൂട്ടുകാരും കൂടി പോയി. ഇവിടെ ഉള്ള പ്രത്യേകത ക്രിസ്ത്യാനികള്‍ മാത്രമല്ല ഇവിടെ വരുന്നത് എന്നതാണ് . ചെന്നപ്പോള്‍ ഒരു വലിയ കുരിശു മാത്രമെ അവിടെ കണ്ടുള്ളൂ . ഞാന്‍ കുരിയച്ചനെ (ഏതോ പുണ്യവാളന്‍ ആണെന്നാണ് ഞാന്‍ കരുതിയിരുന്നത് ) തപ്പി അവിടെ ഒക്കെ നടന്നു . വേറെ ഒന്നും കണ്ടില്ല . ആകപ്പാടെ വളരെ ചെറിയ ഒരു കപ്പേള പള്ളി ആണ് അത്. ഒരു ഇടുങ്ങിയ തെരുവില്‍ ആണ് അത്.ഒരു ഇരുപതു പേര്‍ക്ക് തിങ്ങി നില്‍ക്കാനുള്ള സ്ഥലമേ ഉള്ളു. ആളുകള്‍ അവിടെ മെഴുകുതിരി കത്തിക്കുന്നു , എണ്ണയും , പൂമാലയും വഴിപാടായിട്ടു കൊടുക്കുന്നു . ഒരു ചെറിയ പള്ളിയും അതിനടുതുണ്ട്.
ആളുകളെ ഒക്കെ ഇങ്ങനെ പ്രാന്ത് പിടിപ്പിക്കുന്ന കുരിയച്ചനെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ആണ് രസകരമായ ചില കാര്യങ്ങള്‍ അറിഞ്ഞത് . ഈ സ്ഥലം നമ്മുടെ ചരിത്രത്തില്‍ വളരെ പ്രാധാന്യമുള്ള 'കൂനന്‍ കുരിശു സത്യം ' (leaning cross oath) നടന്ന സ്ഥലം ആണ്. എ ഡി പതിനേഴാം നൂറ്റാണ്ടില്‍ നടന്നതാണ് ഇത്. പതിനഞ്ചാം നൂറ്റാണ്ടില്‍ കേരളത്തില്‍ വന്ന പോര്ടുഗീസുകാര്‍ ഇവിടെ ഉള്ള ക്രിസ്ത്യാനികളെ എല്ലാവരേയും അവരുടെ (ഗോവന്‍ ) രീതിയിലുള്ള മത ആചാരങ്ങള്‍ പഠിപ്പിക്കാനും പ്രാവര്‍ത്തികമാക്കാനും ശ്രമിച്ചു . അപ്പോള്‍ ഈ നാട്ടുകാരനായ ഒരു കത്തനാരിന്റെ നേതൃത്വത്തില്‍ ഇന്നാട്ടിലെ 25,000 ക്രിസ്ത്യാനികള്‍ എല്ലാവരും കൂടി ഇവിടെ സ്ഥാപിച്ചിരുന്ന ഒരു കുരിശില്‍ ഒരു വടം കെട്ടി അതില്‍ പിടിച്ചു ഇന്നാട്ടിലെ ആചാരങ്ങള്‍ക്ക് വിപരീതമായി മറ്റൊരു ആചാരത്തിന് തയ്യാറല്ല എന്ന് സത്യം ചെയ്തു എന്നും, അങ്ങനെ വലിച്ചു പിടിച്ചപ്പോള്‍ കുരിശു വളഞ്ഞു പോയി എന്നുമാണ് ചരിത്രം . അതോടെ പോര്ടുഗീസുകാര്‍ തല്ക്കാലം പിന്‍വാങ്ങി എന്നും ചരിത്രം പറയുന്നു. വളഞ്ഞു കൂനി പോയ കുരിശിനെ നാട്ടുകാര്‍ 'കൂനന്‍ കുരിശു' എന്ന് വിളിച്ചു .വിപ്ലവകരമായ ഈ ചെറുത്തു നില്പ്പിനെ 'കൂനന്‍ കുരിശു സത്യം' എന്ന് പേര് വന്നു.
അപ്പോഴും എന്റെ സംശയത്നു മറുപടി കിട്ടിയില്ല . എവിടെ പ്രാന്തന്‍ കുരിയച്ചന്‍ ? അതും കണ്ടെത്തിയപ്പോള്‍ ഞാന്‍ പൊട്ടിച്ചിരിച്ചു പോയി. പോര്ടുഗീസ് ഭാഷയില്‍ വളഞ്ഞ കുരിശിനെ “panth cruz” എന്നാണ് പറയുന്നത്. നമ്മുടെ നാട്ടുകാര്‍ panth cruz മലയാളീകരിച്ചു വിളിച്ചപ്പോള്‍ അത് പ്രാന്ത് കുരിശു ആയി, പിന്നീടത് പിള്ളേരെ പേടിപ്പിക്കുന്ന പ്രാന്തന്‍ കുരിയച്ചന്‍ ആയി...അല്ലാതെ അങ്ങനെ ഒരു കഥാപാത്രം ഇല്ല !! ഇപ്പോഴും' കുരിയച്ചന്റെ പള്ളി എവിടെയാ മോളെ' എന്നാണ് വെള്ളിയാഴ്ചകളില്‍ ബസ്സില്‍ വന്നിറങ്ങുമ്പോള്‍ വല്യമ്മമാര്‍ ചോദിക്കുന്നത് . .ഹ ഹ!
വളരെ രസകരമായ ഒരു അന്ധവിശ്വാസം ആയി തോന്നിയത് കൊണ്ട് ഞാന്‍ ഇത് ഇവിടെ പങ്കു വെയ്ക്കുന്നു . ആരെങ്കിലും മറ്റു എന്തെങ്കിലും കഥ കേട്ടിട്ടുന്ടെങ്ങില്‍ അറിയിക്കുമല്ലോ.