Monday, January 31, 2011

ശീലിച്ചു പോയ വട്ടുകള്‍..

മൂന്നു നാല് മാസങ്ങള്‍ക്ക് മുന്നേ, ഒരു ദിവസം ഞങ്ങള്‍ 4 പേരും കൂടി ഒബരോണ്‍ മാളില്‍ പോയി. വളരെ ആകസ്മികമായിട്ടു അവിടെ വെച്ച് എന്റെ ഒരു വര്ഷം സീനിയര്‍ ആയിട്ട് സ്കൂളില്‍ പഠിച്ച ലാലിയെ കണ്ടു മുട്ടി. എന്റെ ക്ലാസ്സില്‍ പഠിച്ചിരുന്ന ലേഖയുടെ കസിന്‍ ആയിരുന്നു ഈ കുട്ടി. ഞാന്‍ ഒന്‍പതില്‍ എത്തിയപ്പോ ലാലി പത്തു കടന്നു സ്കൂളില്‍ നിന്ന് പോയി. അതിനു ശേഷം ഇത് വരെ നേരില്‍ കണ്ടിരുന്നില്ല. കത്തിലൂടെ അല്‍പ കാലം കൂടി ഞങ്ങള്‍ ബന്ധം പുലര്‍ത്തിയിരുന്നു.


എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടിട്ടും ഞങ്ങള്‍ക്ക് തിരിച്ചറിയാന്‍ പറ്റി എന്നത് തന്നെ അത്ഭുതം! എന്നെ കണ്ട സന്തോഷത്തില്‍ ലാലി കൂടെയുണ്ടായിരുന്ന ഭര്‍ത്താവിനെയും മകനെയും പരിചയപ്പെടുത്തി. തിരിച്ചു ഞാനും എന്റെ കുടുംബത്തിനെ പരിചയപ്പെടുത്തി ഒരു 5 മിനിറ്റ് സംസാരിച്ചു, അവള്‍ പാലാരിവട്ടം ആണ് താമസം എന്ന് പറഞ്ഞു. പരസ്പരം മൊബൈല്‍ ഫോണ്‍ നമ്പറും കൈമാറി ഞങ്ങള്‍ പിരിഞ്ഞു.

അതിനടുത്ത ആഴ്ച ഞാന്‍ ഒരു മീറ്റിംഗില്‍ പങ്കെടുത്തു കൊണ്ടിരിക്കുമ്പോള്‍ എന്റെ മൊബൈലില്‍ ലാലിയുടെ കാള്‍ വന്നു. എടുക്കാന്‍ നിവൃത്തിയില്ലാത്തത് കൊണ്ട് ഞാന്‍ അത് സൈലന്റ് മോഡിലേക്ക് ഇട്ടു.തൊട്ടു അടുത്ത ദിവസവും അവളുടെ കാള്‍ വന്നു...അന്ന് ഞാന്‍ സീറ്റില്‍ ഉണ്ടായിരുന്നില്ല, തിരിച്ചു വന്നപ്പോ missed കണ്ടു. എന്ത് കൊണ്ടോ എനിക്ക് അവളെ തിരിച്ചു വിളിക്കാന്‍ തോന്നിയില്ല. പ്രത്യേകിച്ച് കാരണമൊന്നും എനിക്ക് പറയാനും അറിയില്ല, പക്ഷെ, എന്തോ വര്‍ഷങ്ങള്‍ക്കു മുന്നേ മുറിഞ്ഞ ഒരു ബന്ധം കൂട്ടിച്ചേര്‍ക്കാന്‍ മനസ്സിന് വല്ലാത്ത ഒരു മടുപ്പ് തോന്നി.

രണ്ടു തവണ വിളിച്ചിട്ടും ഞാന്‍ respond ചെയ്യാതിരുന്നത് കൊണ്ട് ഇനി അവള്‍ വിളിക്കില്ല എന്ന് ഞാന്‍ തീര്‍ച്ചപ്പെടുത്തി. പക്ഷെ എന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു കൊണ്ട്, വീണ്ടും അവള്‍ വിളിച്ചു. അപ്പോഴേക്കും ഞാന്‍ മനസ്സ് കൊണ്ട് തീരുമാനമെടുത്തിരുന്നു , ഇനിയും അവളുമായിട്ട് പുതിയ ഒരു കൂട്ടുകെട്ട് സ്ഥാപിക്കാന്‍ വയ്യ, എനിക്ക് ആണെങ്കില്‍ ഓഫീസ് ടൈമില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം തീരെ കുറവും ആണ്. ഉള്ള കൂട്ടുകാരെ തന്നെ വിളിക്കാന്‍ നേരവും കിട്ടുന്നില്ല.

എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് അവള്‍ എന്നെ നിരന്തരം ഫോണില്‍ വിളിച്ചു കൊണ്ടിരുന്നു..അവളുടെ നമ്പര്‍ കാണുമ്പോള്‍ എല്ലാം ഞാന്‍ ഫോണ്‍ സൈലന്റ് ഇല്‍ ഇട്ടു കൊണ്ടിരുന്നു. ഞാന്‍ വിചാരിച്ചു എന്ത് കൊണ്ട് ഇവള്‍ എന്റെ നമ്പര്‍ തെറ്റി എന്ന് കരുതുന്നില്ല? എന്ത് കൊണ്ട് ഞാന്‍ സിം മാറി എന്ന് കരുതുന്നില്ല എന്നൊക്കെ ആലോചിച്ചു. അവള്‍ ഇതിനിടയില്‍ എന്നെ ഒരു 25 തവണ വിളിച്ചിട്ടുണ്ട്. ഒരിക്കല്‍ പോലും ഞാന്‍ കാള്‍ അറ്റന്‍ഡ് ചെയ്തില്ല. അത് പോലെ തന്നെ ഒരിക്കല്‍ പോലും അവളുടെ കാള്‍ കട്ട്‌ ചെയ്തും ഇല്ല.

അതിനിടെ 3 ആഴ്ച മുന്നേ ഒരു ദിവം അവളുടെ കാള്‍ വരുമ്പോ ഞാന്‍ auditors ന്റെ കൂടെ ഇരിക്കയായിരുന്നു. കാള്‍ അവളുടെ ആണെന്ന് മനസ്സിലായതും ഞാന്‍ കട്ട്‌ ചെയ്തു. പിന്നീട് അതെ കുറിച്ച് ഓര്‍ത്തതും ഇല്ല. പക്ഷെ അതിനു ശേഷം അവളുടെ വിളികള്‍ വന്നിട്ടില്ല..ഒരിക്കല്‍ പോലും, അബദ്ധത്തില്‍ പോലും!!! അവളുടെ വിളികള്‍ വരാതെ ആയപ്പോഴാണ് ഞാന്‍ അത് ശ്രദ്ധിച്ചത്. പതിവിനു പകരം ഞാന്‍ അവസാനത്തെ തവണ അവളുടെ കാള്‍ കട്ട്‌ ചെയ്യുക ആണല്ലോ ഉണ്ടായത് എന്ന്.

ഇപ്പോള്‍ ഈ ഇടപാടുകള്‍ നടന്നിട്ട് ഒരു 20 ദിവസം എങ്കിലും ആയി കാണും. ഇനിയും അവള്‍ വിളിക്കും എന്ന് ഞാന്‍ കരുതുന്നില്ല. വേണമെങ്കില്‍ എനിക്ക് തിരിച്ചു വിളിക്കാമല്ലോ? പക്ഷെ ഞാന്‍ വിളിക്കില്ല, അവള്‍ എന്നെ വിളിക്കുന്നില്ലല്ലോ എന്ന മനസ്താപവും ഉണ്ട്. വല്ലാത്ത അസുഖം തന്നെ അല്ലെ ഇത്?ഇനിയും അവള്‍ വിളിക്കും അപ്പൊ എനിക്ക് സംസാരിക്കാമല്ലോ കൂട്ടുകാരിയോട് എന്ന് പറഞ്ഞു ആരും ആശ്വസിപ്പിക്കണ്ട ട്ടോ..

അവള്‍ ഇനിയും വിളിച്ചാലും....ഞാന്‍ ഫോണ്‍ എടുക്കില്ല..!!! പക്ഷെ അവളുടെ ഫോണ്‍ കാള്‍ വന്നിരുന്നപ്പോള്‍ ഞാന്‍ അവളെ ഓര്‍ത്തിരുന്നു...ഇപ്പൊ അവളെ മിസ്സ്‌ ചെയ്യുന്നു..

ഇത് പോലുള്ള വട്ടു നിങ്ങള്‍ക്കും ഉണ്ടോ? ഇത് പോലെ ആരെങ്കിലും തുടരെ ശല്യപ്പെടുത്തിയിട്ടും തിരിഞ്ഞു നോക്കാതെ ഇരുന്നിട്ട് അവര്‍ ഇനി ഒരിക്കലും വരാതെ ആകുമ്പോ സങ്കടപ്പെടുന്ന സ്വഭാവം? അതോ നമ്മള്‍ എല്ലാരും ഇങ്ങനെ ഒക്കെ തന്നെ അല്ലെ? അവരെ നമ്മള്‍ മിസ്സ്‌ ചെയ്യുന്നു എന്നത് പോലും അവരെ അറിയിക്കാതെ മനസ്സില്‍ മാത്രം ഒതുക്കുന്ന പാവങ്ങളല്ലേ സത്യത്തില്‍ നമ്മള്‍?

Sunday, January 9, 2011

കാത്തിരുന്ന പ്രഭാതം...!!!


ഇത്തവണ ന്യൂ ഇയര്‍ ശനിയാഴ്ച ആയതു ഉപകാരം ആയി. തലേ ദിവസത്തെ 31 ഞങ്ങള്‍ രണ്ടു പേര്‍ക്കും ഒരു RH ഉണ്ടായിരുന്നു. സത്യം പറഞ്ഞാല്‍ അതിനു കരുണാകരനെ വേണം നന്ദി പറയാന്‍. ക്രിസ്മസ് പ്രമാണിച്ച് 24 നാണ് RH കരുതി വെച്ചിരുന്നത്. അന്ന് പൊതു അവധി ആയിക്കിട്ടിയത് കൊണ്ട് Dec 31 ലേക്ക് RH എടുത്തു. മൂന്നു ദിവസം അടുപ്പിച്ചു കിട്ടിയപ്പോ എവിടെക്കെങ്കിലും പോയാലോ എന്ന പദ്ധതി ഇട്ടു. ക്രിസ്മസിന് നാട്ടില്‍ പോയതാണ്. അങ്ങനെ കുട്ടികളെയും കൂട്ടി കന്യാകുമാരി, കോവളം, പൊന്മുടി അങ്ങനെ ഒരു ട്രിപ്പ്‌ പ്ലാന്‍ ചെയ്തു.

വീടും പട്ടികളെയും, ചെടികളെയും ഒക്കെ അയല്‍ക്കാരെ ഏല്‍പ്പിച്ചു വെള്ളിയാഴ്ച വെളിപ്പിനു ഞങ്ങള്‍ സ്ഥലം വിട്ടു. വൈകിട്ട് സണ്‍ സെറ്റ് കാണാന്‍ കന്യാകുമാരിയില്‍ എത്തണം അതായിരുന്നു പ്ലാന്‍. ഞങ്ങളുടെ കാറില്‍ തന്നെ യാത്ര. ഉദ്ദേശിച്ചത് പോലെ തന്നെ നാല് മണിയായപ്പോള്‍ കന്യാകുമാരിയില്‍ എത്തി. ഹോട്ടല്‍ റൂമില്‍ സാധനങ്ങള്‍ ഇറക്കി വെക്കാന്‍ കൂടി മെനക്കെടാതെ ഞങ്ങള്‍ നേരെ കടല്‍ തീരത്തേക്ക് പോയി.


Dec 31st ആയതു കൊണ്ട് നല്ല തിരക്ക്..ബീച്ചില്‍ കുറെ നേരം അലഞ്ഞു തിരിഞ്ഞു നടന്നപ്പോഴേക്കും അസ്തമയത്തിനു സമയം ആയി..ഏറ്റം നല്ല സ്ഥലത്ത് തന്നെ നിന്ന് കൊണ്ട് കാണണം എന്നാ വാശിയില്‍ സണ്‍ സെറ്റ് വ്യൂ tower ഇല്‍ തന്നെ കയറി. നല്ല കടല്‍ കാറ്റ്.. പടിഞ്ഞാറോട്ട് നോക്കി വായും പൊളിച്ചു നിന്നത് തന്നെ മിച്ചം..സണ്‍ സെറ്റ് കാണാന്‍ പറ്റിയില്ല..കാര്‍ മേഘം വന്നു മറച്ചു. അലപം നിരാശയോടെ എല്ലാരും 6.30 മണി വരെ നോക്കി നിന്നിട്ട് പിരിഞ്ഞു..

രാത്രി കിടക്കാന്‍ നേരം ഹോട്ടല്‍ കാരോട് അനേഷിച്ചു ഉദയം എപ്പോള്‍ എന്ന് അറിഞ്ഞു വെച്ച്.. ഉറങ്ങാന്‍ കിടന്നു..അങ്ങനെ കിടക്കാന്‍ പറ്റില്ലെല്ലോ...TV യില്‍ ന്യൂ ഇയര്‍ ആഘോഷങ്ങള്‍, മൊബൈലില്‍ നാട്ടില്‍ നിന്ന് ബന്ധുക്കളുടെയും കൂട്ടുകാരുടെയും വിളികള്‍..അങ്ങനെ ഉറങ്ങിയപ്പോള്‍ മണി ഒന്ന്...മൊബൈലില്‍ മറക്കാതെ 5 മണിക്ക് അലാറം വെച്ചു.

രാവിലെ തന്നെ എണീറ്റ്‌.. ജനലില്‍ കൂടെ പുറത്തേക്കു നോക്കിയപ്പോ പള്ളി പെരുന്നാളിന് ആളുകള്‍ പോകുന്നത് പോലെ റോഡ്‌ നിറച്ചും ആളുകള്‍ കടല്‍ പുറത്തേക്കു പൊയ്ക്കൊണ്ടിരിക്കുന്നു...തിരക്ക് പിടിച്ചു കുട്ടികളെ വിളിച്ചു എഴുന്നേല്‍പ്പിച്ചു ... 5.30 മണിയോടെ ഞങ്ങളും കടപ്പുറത്ത് എത്തി. ആഹാ, അവിടെ ചെന്നപ്പോ ഇന്നലെ കണ്ടതിനേക്കാള്‍ ഇരട്ടി ആളുകള്‍. നില്ക്കാന്‍ പോലും സ്ഥലം ഇല്ല. എവിടേം ഇരുട്ട്..സമയം 5.30 ആണെന്ന് ഓര്‍ക്കണം. പിന്നെ ഒരു ഗുണം ഉണ്ട് ഒരേ സ്ഥലത്ത് തന്നെ നിന്നാല്‍ മതി. ഇന്നലെ നോക്കിയത് പടിഞ്ഞാറേക്ക്‌ ആണെങ്കില്‍ ഇന്ന് കിഴക്കോട്ടു..നോട്ടം മാത്രം മാറ്റിയാല്‍ മതി. ഒരു കണക്കിന് ഞങ്ങള്‍ വലിഞ്ഞു ഒരു മതില് മുകളില്‍ കയറി പറ്റി. നാനാ ജാതി ആളുകള്‍ ഉണ്ട് അവിടെ. ഉറങ്ങി കിടക്കുന്ന കൊച്ചു കുട്ടികളെ വരെ തോളിലിട്ടു അമ്മമാര്‍ ഉണ്ട്. പല ഭാഷകള്‍..മിക്കവരുടെ കൈയ്യിലും കാമറകള്‍ ഉണ്ട്..ചിലരുടെ കൈയ്യില്‍ vedeo യും.

എല്ലാവരും ആകാംഷയോടെ ആകാശം നോക്കി നില്‍ക്കുന്നു...ആ ഒരു ഫീലിംഗ് തന്നെ ഒരു വല്ലാത്ത effect തന്നു
... പുള്ളിക്കാരന്‍ ക്യാമറ ഒക്കെ റെഡി ആക്കി വെച്ചു നില്‍ക്കുക ആണ്.. ഞാന്‍ ആണ് വളരെ comfortable ആയിട്ട് ഒരു മതിലിന്റെ മുകളില്‍ കയറി ഇരിക്കുന്നത്..കുട്ടികള്‍ രണ്ടും എന്റെ അടുത്ത് എന്നെ തൊട്ടു കൊണ്ട് നില്‍ക്കുന്നു...സമയം ആറ്. ഉദയം ഇപ്പോഴാണ് എന്നാണ് അറിഞ്ഞത്‌. ചെറിയ ഒരു ഓറഞ്ച് കലര്‍ന്ന ചുവപ്പ് നിറം ആകാശത്ത് കണ്ടു തുടങ്ങി..പുതു വര്‍ഷത്തിലെ പുത്തന്‍ പ്രഭാതം പൊട്ടി വിരിയുന്നത് കാണാന്‍ എല്ലാരും നെഞ്ഞിടിപ്പോടെ ഒരേ സ്ഥലത്തേക്ക് നോക്കി നില്‍ക്കുന്നു...


സമയം കടന്നു പോയി..ഒന്നും സംഭവിച്ചില്ല...!!!! പതിയെ ചുവപ്പ് നിറം മായാന്‍ തുടങ്ങി...അപ്പോഴേക്കും സമയം 6.15 ആയി. പതിയെ കാര്യം എല്ലാര്ക്കും പിടികിട്ടി തുടങ്ങി...ഇന്നും കാര്‍ മേഘം തന്നെ വില്ലന്‍..!! സമയം 6.30 ഇപ്പോഴും സൂര്യനെ കാണാനേ ഇല്ല...പുള്ളി അങ്ങനെ ന്യൂ ഇയര്‍ നു എല്ലാരേം ഒന്ന് കബളിപ്പിച്ചു എവിടെയോ മറഞ്ഞിരിക്കുന്നു...!!! അപ്പോഴേക്കും ജനങ്ങള്‍ പതിയെ പിരിഞ്ഞു തുടങ്ങി..ഞങ്ങള്‍ നാല് പേരും വളരെ നിരാശയില്‍ ആയി..ഇവിടെ വരെ വന്നിട്ടും ഒന്നും കണ്ടില്ല, അസ്തമയവും ഇല്ല, ഉദയവും ഇല്ല...!!!

പക്ഷെ, ഞങ്ങളെ അതിശയിപ്പിച്ച ഒരു സംഗതി കണ്ടു...മറ്റാരുടെയും മുഖത്ത് അത്ര വലിയ നിരാശ ഒന്ന് കണ്ടില്ല..ഒരു പക്ഷെ ഇവിടെ ഉദയം അങ്ങനെ എന്നും കാണാന്‍ പറ്റുന്ന ഒരു കാര്യം അല്ലായിരിക്കാം...ആവോ അറിയില്ല. പിന്നെ ഞങ്ങള്‍ വിവേകാനന്ദ പാറ വരെ പോയി..അവിടേക്ക് 7.45 നു ആരംഭിക്കുന്ന ബോട്ട് സര്‍വീസ് നു 6.30 മുതലേ നീണ്ട ക്യൂ. ..! അത്രത്തോളം വന്നിട്ട് ഒന്ന് കാണാതെ മടങ്ങാന്‍ മനസ്സ് സമ്മതിക്കാതെ ഇരുന്നത് കൊണ്ട് 3 മണിക്കൂര്‍ സമയം കളഞ്ഞു അവിടെ വരെ പോയി വന്നു. ഉച്ചയോടെ കന്യാകുമാരിയില്‍ അതി ശക്തിയായ മഴ തുടങ്ങി...തമിഴ്നാട്ടില്‍ മഴ പെയ്താല്‍ ഉള്ള അവസ്ഥ അറിയാലോ..ഒരു പാത്രത്തില്‍ വെള്ളം വീഴുന്നത് പോലെ ഇരിക്കും, എവിടേക്കും ഒഴുകി പോവില്ല...ഞങ്ങള്‍ മടങ്ങി..

ഇതോടൊപ്പം ഞങ്ങള്‍ ഉറക്കം കളഞ്ഞു കാത്തിരുന്നു എടുത്ത കന്യാകുമാരിയിലെ പ്രഭാതത്തിന്റെ ചിത്രം ഇടുന്നു...അതോടൊപ്പം എന്റെ എല്ലാ ബൂലോക കൂട്ടുകാര്‍ക്കും എന്റെ നവ വത്സര ആശംസകള്‍! എന്റെ കാര്യം പോയിക്കിട്ടി എന്നാണ് തോന്നുന്നത്..തുടക്കമേ നിരാശയില്‍ ആണ്...ഹി ഹി.