Sunday, October 10, 2010

ഒരു ഓംലെറ്റിന്റെ കഥ.


വളരെ അധികം വര്‍ഷങ്ങള്‍ക്കു മുന്‍പ്..ഞാന്‍ ഒന്‍പതില്‍ പഠിക്കുന്ന കാലത്തുണ്ടായ സംഭവം ആണ് ഇവിടെ ഇപ്പൊ ഓര്‍ക്കുന്നത്.

എന്റെ ചേട്ടന് കല്യാണം കഴിഞ്ഞു ഒരു പാട് നാളുകള്‍ കുട്ടികള്‍ ഉണ്ടായിരുന്നില്ല. പിന്നെ ബോംബെയിലെ പ്രസിദ്ധമായ ഒരു ഹോസ്പിറ്റലില്‍ infertility ചികിത്സ നടത്തി ഒടുക്കം ചേട്ടത്തിയമ്മ ഗര്‍ഭിണി ആയി. പ്രസവവും അവിടെ തന്നെ ആയിരുന്നു. ഇരട്ട കുട്ടികള്‍ ആയിരുന്നു. ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും ആയിരുന്നു. വീട്ടില്‍ എല്ലാവര്ക്കും ഒരു പാട് സന്തോഷം ആയി...സത്യത്തില്‍ ഇരട്ടി സന്തോഷം ആയി എന്ന് തന്നെ പറയാം.

അങ്ങനെ ഇരിക്കെ, കുട്ടികള്‍ക്ക് 5 വയസ്സായപ്പോള്‍, ആണ്‍കുട്ടി meningitis ബാധിച്ചു മരിച്ചു. എല്ലാവര്ക്കും സഹിക്കാന്‍ ആവാത്ത ഒരു സങ്കടം ആയിപ്പോയി അത്. മരണ വീട്ടിലേക്കു അമ്മ ഞങ്ങളെ കൊണ്ട് പോയി. എല്ലാവരും കരഞ്ഞും പ്രാര്‍ത്ഥിച്ചും ഇരിക്കുന്നു. അടക്കം വൈകുന്നേരം ആയിരുന്നു.

ഉച്ച ആയപ്പോള്‍ എനിക്കും ചേച്ചിക്കും വിശന്നു തുടങ്ങി. രാവിലെ മുതല്‍ ഒന്നും കഴിച്ചിട്ടില്ല. അമ്മയാണെങ്കില്‍ ഞങ്ങളെ ശ്രധിക്കുന്നുമില്ല. കുഞ്ഞു മരിച്ച സങ്കടം കാരണം കരഞ്ഞു കരഞ്ഞു ഞങ്ങളുടെ കണ്ണുകള്‍ രണ്ടും വീര്‍ത്തു ചുവന്നിരുന്നു. എന്നാലും വിശപ്പും ഉണ്ട്. എത്ര നേരം ഇങ്ങനെ ഇരിക്കണം?

അവസാനം ഗതി കേട്ട് ചേച്ചി അമ്മയോട് ചോദിച്ചു, ചേച്ചി അന്ന് 10 -ഇല്‍ ആണ്. അമ്മ പറഞ്ഞു അടുത്ത വീട്ടില്‍ ചോറ് വെച്ചിട്ടുണ്ട്. നിങ്ങള്‍ അവിടെ പോയി കഴിച്ചോളാന്‍. പിന്നെ ഒട്ടും സമയം കളയാതെ ഞങ്ങള്‍ രണ്ടും കൂടി അടുത്ത വീട്ടിലേക്കു ചെന്നു. . സാധാരണ ഇങ്ങനെ മരണ വീടുകളില്‍ ഭക്ഷണം തൊട്ടടുത്ത വീടുകളില്‍ സാധനങ്ങള്‍ ഒക്കെ കൊടുത്തു ഒരുക്കാറുണ്ട്. അവിടെ ആളുകള്‍ ചെന്നു കഴിക്കും. പക്ഷെ, ഞങ്ങള്‍ ചെന്ന വീട്ടില്‍ അല്ലായിരുന്നു ചോറ് അറേഞ്ച് ചെയ്തിരുന്നത്. വളരെ അധികം പാവപ്പെട്ട ഒരു വീട്ടിലേക്കാണ് ഞങ്ങള്‍ വിശപ്പ്‌ പ്രാന്തും പിടിച്ചു കേറിചെന്നത്.

അവിടെ അപ്പോള്‍ ഒരു അമ്മയും മകനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മകന് കോളേജില്‍ ഒക്കെ പഠിക്കുന്ന പ്രായം തോന്നും. ഞങ്ങള്‍ ചെന്നതും ചോറ് ചോദിച്ചു. ആ അമ്മ ഒരു നിമിഷം ഞങ്ങളുടെ മുഖത്തേക്ക് നോക്കി. കരഞ്ഞു വീര്‍ത്ത മുഖവും, പറന്ന തലമുടിയും ഒക്കെ കണ്ടപ്പോ അവര്‍ക്ക് കാര്യം മനസ്സിലായി. . ഇവിടെ ഇരിക്ക് ട്ടോ എന്ന് ഞങ്ങളോട് പറഞ്ഞിട്ട് അവര്‍ വേഗം അടുക്കളയിലേക്കു പോയി.

അമ്മയുടെ പിറകെ മകനും പോയി. അവര്‍ തമ്മില്‍ എന്തോ സംസാരിക്കുന്നത് കണ്ടു.ഞങ്ങള്‍ ചോറും കാത്തു അവിടെ കണ്ട ഒരു ബെഞ്ചില്‍ ഇരുന്നു. മകന്‍ തിരിച്ചു വന്നു, ഞങ്ങള്‍ കുഞ്ഞിന്റെ ആരാ എന്നൊക്കെ ചോദിച്ചു. അതിനിടയില്‍ ആ അമ്മ ധൃതി പിടിച്ചു മുട്ട പൊരിച്ചു. അടുക്കള ഒക്കെ താഴെ നിലത്താണ്. ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും മാങ്ങാ അച്ചാര്‍ ചോറിലേക്ക്‌ ഇട്ടിട്ടു, മുട്ട പൊരിച്ചതും കൂട്ടി ചോറ് തന്നു.

ഇതെന്തു കറി. എന്ന് മനസ്സില്‍ തോന്നി എങ്കിലും ഞങ്ങള്‍ രണ്ടും ഒന്നും പറഞ്ഞില്ല. അപ്പൊ ആ അമ്മ പറഞ്ഞു, വേറൊന്നും ഇരുപ്പില്ലട്ടോ മക്കളെ എന്ന്. വയറു നിറയെ ഉണ്ടോ എന്ന്. പക്ഷെ, ആ അമ്മയുടെ ഉള്ളില്ലേ സ്നേഹം ഞങ്ങള്‍ അവിടെ അറിഞ്ഞു. വായിലേക്ക് വെച്ച ചോറ് എങ്ങനെ ഇത്ര രുചിയായി എന്ന് ഇപ്പോഴും അറിയില്ല. ആ മുട്ട പൊരിച്ചതിന്റെ സ്വാദ് ഇപ്പോഴും വര്‍ഷങ്ങള്‍ക്കു ശേഷവും എനിക്ക് മറക്കാന്‍ കഴിഞ്ഞിട്ടില്ല....വയര്‍ നിറച്ചു ഉണ്ട്, ഞങ്ങള്‍ രണ്ടും തിരിച്ചു പോന്നു.


തിരിച്ചു ഉഷാറായി വന്നു ഞങ്ങള്‍ വീണ്ടും അമ്മയുടെ അരികെ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങളെ ഊണ് കഴിക്കാന്‍ വരാന്‍ വിളിക്കാന്‍ അപ്പച്ചന്‍ വന്നു. ഞങ്ങള്‍ കഴിച്ചു എന്ന് പറഞ്ഞു. നിങ്ങളെ അവിടെ കണ്ടില്ലെല്ലോ എന്ന് അപ്പച്ചന്‍. ഉടന്‍ അമ്മ പറഞ്ഞു അവര്‍ കഴിച്ചതാ.. കഥ അവിടെ തീര്‍ന്നു.


ഇപ്പോള്‍ ആ അമ്മയും മകനും അവിടെ ഉണ്ടോ? ഒരു പക്ഷെ, അന്ന് അവര്‍ക്ക് കഴിക്കാന്‍ വെച്ച ചോറ് ആയിരിക്കും ഞങ്ങള്‍ക്ക് ആ അമ്മയും മകനും തന്നത്. ആ മുട്ട പൊരിച്ചതിന്റെ സ്വാദ് ഇപ്പോഴും വര്‍ഷങ്ങള്‍ക്കു ശേഷവും എനിക്ക് മറക്കാന്‍ കഴിഞ്ഞിട്ടില്ല..ആ അമ്മയെയും മകനെയും. അവര്‍ ആരായിരുന്നു? ഞാന്‍ അന്വേഷിച്ചിട്ടേ ഇല്ല. അന്ന് അതിനുള്ള വക തിരിവൊന്നും ഇല്ലായിരുന്നു. പിന്നീട് എപ്പോഴോ ആണ് ഞങ്ങള്‍ക്ക് മനസ്സിലായത്‌ ഞങ്ങള്‍ അന്ന് വീട് തെറ്റിയാണ് ഉണ്ണാന്‍ ചെന്നത് എന്ന്. എന്നാലും വിശക്കുന്നവനു ഭക്ഷണം കൊടുക്കണം എന്ന ഒരു വലിയ പാഠം അന്ന് ഞാന്‍ എങ്ങനെയോ പഠിച്ചു...അതിലെ നന്മയും.

ഈ പോസ്റ്റ്‌ എനിക്ക് അറിയാത്ത ആ അമ്മയ്ക്കും മകനും സമര്‍പ്പിക്കുന്നു...വര്‍ഷങ്ങള്‍ക്കു ശേഷവും അവരെ മനസ്സില്‍ കൊണ്ട് നടന്ന എന്റെ നന്ദിയും ഇവിടെ അവര്‍ക്ക്.....!!!