Tuesday, February 16, 2010

ഒരു പ്രണയ കഥ


രാവിലെ ഓഫീസില്‍ വന്നു സ്റെല്ല പതിവ് പോലെ , ആദ്യം ഇമെയില്‍ ചെക്ക്‌ ചെയ്തു . അന്ന് ചെയ്യേണ്ട വര്‍ക്ക്‌ assignments ന്റെ കൂട്ടത്തില്‍ പണ്ട് കൂടെ വര്‍ക്ക്‌ ചെയ്തിരുന്ന ഫ്രണ്ട് ന്റെ ഇമെയില്‍ വന്നു കിടപ്പുണ്ട് . 'ഹാപ്പി വാലന്‍ന്റൈന്‍ 's ഡേ '. ഓ , അപ്പോഴാണ്‌ ഓര്‍ത്തത്‌ , ഇന്ന് ഫെബ്രുവരി 14. പ്രണയ ദിനം . എന്നും പ്രണയിക്കേണ്ട ദിനങ്ങള്‍ ആകേണ്ടതിന് പകരം എന്തിനാ ഒരു ദിവസം മാത്രം പ്രണയത്തിനു വേണ്ടി ?

എന്താണാവോ പ്രേമന്‍ എഴുതിയിരിക്കുന്നത് ? ഒരു ചെറു ചിരിയോടെ തുറന്നു നോക്കി .കമ്പന്യില്‍ നിന്ന് resign ചെയ്തു ജെര്‍മനിയില്‍ കുടുംബസമേതം താമസം തുടങ്ങിയിട്ട്‌ ഇപ്പോള്‍ 5 കൊല്ലം കഴിഞ്ഞു . ഭാര്യ അവിടെ ഹോസ്പിറ്റലില്‍ ഡോക്ടര്‍ ആണ്. കുട്ടികളും അവിടെ പഠിക്കുന്നു . ഇടയ്ക്കു വല്ലപ്പോളും നാട്ടില്‍ വരുമ്പോള്‍ വിളിക്കാറുണ്ട് , ഇടക്കൊക്കെ മെയിലും അയക്കാറുണ്ട് . ഓഫീസുകള്‍ മാറി മറിഞ്ഞു ജോലി ചെയ്തെങ്കിലും ഇത് വരെ മുറിഞ്ഞു പോവാത്ത ഒരു പഴയ സൗഹൃദം .

വളരെ പ്ലൈന്‍ ആയിട്ട് ഒരു വാലന്‍ന്റൈന്‍ ഡേ വിഷ് , അതിനു താഴെ കൊടുത്തിരുന്നു , പ്രിയപ്പെട്ട സ്റെല്ലക്ക് , പണ്ട് നമ്മള്‍ ഒരുമിച്ചുണ്ടായിരുന്നപ്പോള്‍ ഈ വാലന്‍ന്റൈന്‍ ഡേ ഒന്നും ഉണ്ടായിരുന്നില്ലെല്ലോ എന്നോര്‍ത്തിട്ട് സങ്കടം വരുന്നു എന്ന് . നിഗൂഡമായ മന്ദഹാസത്തോടെ തിരിച്ചും വിഷ് നേര്‍ന്നു കൊണ്ട് അവള്‍ എഴുതി . 'അന്ന് അങ്ങനെ ഒന്നും ഇല്ലാതെ ഇരുന്നത് നന്നായി . അത് കൊണ്ട് നമ്മള്‍ രക്ഷപ്പെട്ടു'.

അല്പം സമയങ്ങല്‍ക്കകം മറുപടി വന്നു . 'അന്നുണ്ടായിരുന്നെകില്‍ , മൈ വാലന്‍ന്റൈന്‍ വില്‍ ബി defenitely യു !!!' അതിശയത്തോടെ, അതിലേറെ നടുക്കത്തോടെ ആ കൊച്ചു ഇ -മെയില്‍ മെസ്സെജിലേക്ക് സ്റെല്ല നോക്കിയിരുന്നു . ദൈവമേ ഇത് പറയാന്‍ പ്രേമന്‍ 18 വര്ഷം എടുത്തു. കാരണവും അറിയാം . എങ്കിലും അവള്‍ എഴുതി . '18 വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോള്‍ എങ്കിലും പറഞ്ഞത് നന്നായി . അല്ലെങ്കില്‍ ഇത് കേള്‍ക്കാതെ ഞാന്‍ മരിച്ചു പോയേനെ ...പിന്നെ നമ്മുടെ ലൈഫ് ഇങ്ങനെ ഒക്കെ ആവും ദൈവം പ്ലാന്‍ ചെയ്തിരുന്നത് . അല്ലെങ്കില്‍ 'നമ്മുടെ ' കുട്ടികള്‍ക്ക് എന്ത് 'ജാതി ' ആയിരുന്നേനെ ആവൊ '?
അമാന്തിച്ചില്ല , ഉടന്‍ മറുപടി വന്നു 'അന്നും ജാതി പ്രശ്നം ഇല്ലായിരുന്നെങ്കില്‍ ഞാന്‍ പ്രൊപോസ് ചെയ്തേനെ , ഇന്നിപ്പോ തോന്നുന്നു , നമ്മുടെ കുട്ടികള്‍ ഒന്ന് ഹിന്ദുവും , ഒന്ന് ക്രിസ്ത്യാനിയും ആയേനെ എന്ന് . അന്ന് അങ്ങനെ ചിന്തിക്കാന്‍ കഴിഞ്ഞില്ല . 18 വര്ഷം എടുത്തു , ഞാന്‍ ഇത് പറയാന്‍ , എന്നാലും ഒരിക്കലും പറയാതെ ഇരിക്കുന്നതിലും നല്ലതാണല്ലോ വൈകി എങ്കിലും പറയുന്നത് .. ഇപ്പോള്‍ ഇത് പറഞ്ഞപ്പോള്‍ ഞാന്‍ എത്ര relaxed ആയി എന്നോ'.

കൂടെ വര്‍ക്ക്‌ ചെയ്തിരുന്ന നാളുകളില്‍ സാധാരണ അടുപ്പം മാത്രം കാണിച്ചു , നല്ല സുഹൃത്തുക്കളായി , പരസ്പരം കല്യാണങ്ങള്‍ക്കും പങ്കെടുത്തു പിരിഞ്ഞവര്‍ . അന്ന് ആ സൗഹൃദം പ്രണയ വഴികളില്‍ ചെന്ന് ചാടാതിരിക്കാന്‍ ബോധ പൂര്‍വ്വം രണ്ടു പേരും ശ്രമിച്ചിരുന്നു .എല്ലാം നല്ലതിനായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു . അന്ന് ഒരു പക്ഷെ പ്രേമന്‍ പ്രൊപോസ് ചെയ്തിരുന്നെങ്കില്‍ , താന്‍ ഒരിക്കലും അത് തള്ളി കളയുമായിരുന്നില്ല . പിന്നെ , രണ്ടു പേരുടെയും വീട്ടില്‍ പുകിലായേനെ . ഹിന്ദു -ക്രിസ്ത്യന്‍ കല്യാണത്തിന്റെ ന്യായമായ എതിര്‍പ്പുകള്‍ . അന്ന് വാലന്‍ന്റൈന്‍ ' s ഡേ ഇല്ലാതെ ഇരുന്നത് നന്നായി .ഇന്നിപ്പോള്‍ ഒന്നിനുമല്ലാതെ വെറുതെ പ്രണയിക്കാന്‍..അവള്‍ ഒരു ദീര്‍ഘ നിശ്വാസം വിട്ടു .

ഉള്ളില്‍ പൊന്തി വന്ന സന്തോഷം അടക്കി , ചെറു ചിരിയോടെ , ഫയലുകളുടെ ഇടയിലേക്ക് തല പൂഴ്ത്തുമ്പോള്‍ സ്റെല്ല വീണ്ടും തിരുത്തി ചിന്തിച്ചു , 'തീര്‍ച്ചയായും വാലന്‍ന്റൈന്‍ 's ഡേ വേണം . അങ്ങനെ ഒരു ദിവസം ഇല്ലായിരുന്നെങ്കില്‍ ഒരിക്കലും ഇപ്പോള്‍ കേട്ട പ്രണയ സന്ദേശം കേള്‍ക്കാന്‍ ആകുമായിരുന്നില്ല . പ്രണയം കാറ്റില്‍ ഒഴുകി നടക്കുന്ന ഫെബ്രുവരി മാസത്തിനു നന്ദി .
അവളുടെ മനസ്സ് അറിയാതെ , റഫീക്ക് അഹമ്മദിന്റെ പ്രണയ ഗാനം മൂളി ...

'വെറുതെ നീ എന്നെ സ്നേഹിച്ചിരുന്നെങ്കില്‍ ,
പ്രണയമുള്ളതായി ഭാവിച്ചിരുന്നെങ്കില്‍ ,
കഠിന കാലങ്ങളില്‍ ചുമലുകള്‍ ,
ഇത്രയേറെ കുനിഞ്ഞു പോവില്ല ,
കണ്ണുകളെ തലേ രാവിന്റെ കയ്പ്പ്
ഇത്രയേറെ കലക്കുകില്ല ..'

കുറിപ്പ് :
ഉള്ളിലെ പ്രണയം തുറന്നു പറയാന്‍ ആവാതെ വിങ്ങി പൊട്ടുന്ന ഹൃദയങ്ങള്‍ക്ക്‌ വേണ്ടി ഈ പ്രണയ കഥ സമര്‍പ്പിക്കുന്നു
..


Thursday, February 11, 2010

കൈ വിട്ടു പോയത്..

രാവിലെ ഓഫീസിലേക്ക് പോവുന്ന തിരക്കില്‍ ആണ് ശ്രദ്ധിച്ചത് . അദ്ദേഹം മകനെ വിളിച്ചു അടുത്ത് നിര്‍ത്തി തല്ലി തേങ്ങ (നാടന്‍ ബദാം ) പൊട്ടിച്ചു അതിനകത്ത് ഉള്ള സാധനം കാണിച്ചു കൊടുക്കുന്നത് . മകന്‍ ആണെങ്കില്‍ ഈ അത്ഭുത വസ്തുവിനെ അതിശയത്തോടെ നോക്കി നില്‍ക്കുന്നു !! മോനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല , അവന്‍ ആദ്യമായിട്ട് കാണുന്നതാണ് ഈ വസ്തു . അതും കാക്ക കനിഞ്ഞു കൊത്തി മുറ്റത്ത്‌ കൊണ്ട് വന്നിട്ടത് കൊണ്ട് . സത്യം പറഞ്ഞാല്‍ ഞാനും കൊറേ നാളായി ഒരു തല്ലി തേങ്ങ മുറ്റത്ത്‌ വീണു കിടക്കുന്നത് കണ്ടിട്ട് . ഇപ്പൊ അങ്ങനെ ഉള്ള നാട്ടു മരങ്ങളൊന്നും ഈ അടുത്ത സ്ഥലത്ത് ഇല്ല .

പണ്ട് മുറ്റത്തും , അടുത്ത വീടുകളിലെ പറമ്പിലും തെണ്ടി നടന്നു എന്തൊക്കെ തല്ലി പൊട്ടിച്ചു തിന്നിരിക്കുന്നു . എന്റെ വീട്ടില്‍ ഒരു പാട് പറമ്പ് ഉണ്ടായിരുന്നു . 5 മാവുകളും ഉണ്ടായിരുന്നു , 3 കുളങ്ങളും !! രാവിലെ എണീറ്റാല്‍ പറമ്പ് മുഴുവന്‍ തെണ്ടി നടക്കലായിരുന്നു പണി . എല്ലാ ദിവസവും കൃത്യമായി ചുറ്റി നടന്നു , ചെത്തിയുടെ കായ , അതിന്റെ പൂവിന്റെ തേന്‍ , വാഴകുടപ്പന്റെ തേന്‍ , ആഞ്ഞിലി ചക്കയുടെ കുരു , പറങ്കി അണ്ടി , പുളിങ്കുരു , തല്ലി തേങ്ങാ ഇതൊക്കെ പെറുക്കി എടുത്തു കൊണ്ട് വരും .

ഇന്ന് മക്കള്‍ക്ക്‌ വാഴ കുടപ്പന്റെ തേന്‍ കൊണ്ട് കൊടുത്താല്‍ പണ്ട് നമ്മളുടെ വായിലേക്ക് ആ ഒരു തുള്ളി മധുരം കിട്ടുമ്പോള്‍ ഉള്ള സന്തോഷം ഒന്നും മുഖത്ത് കാണാനില്ല . അവരുടെ വായ ഒക്കെ കിറ്റ്‌ കാറ്റ് ഉം , perk ഉം , ലെയ്സ് ഉം ഒക്കെ തിന്നു മുരടിച്ചു പോയി എന്നാണ് തോന്നുന്നത് !

കുളത്തിലെ ആമ്പല്‍ കായ പറിച്ചു തിന്നു , വായ മുഴുവന്‍ വയലെട്റ്റ്‌ കളര്‍ ആകും .മുറ്റത്ത്‌ കുത്തി ഇരുന്നു എത്ര മുത്തങ്ങാ പുല്ലുകള്‍ പറിച്ചു , അതിന്റെ അടിയിലെ കായ അങ്ങനെ തന്നെ കഴുകാതെ ഉടുപ്പില്‍ തുടച്ചു തിന്നിരിക്കുന്നു ! ചക്കയുടെ കാലം ആകുമ്പോള്‍ ചക്ക കുരു ചുട്ടു തിന്നല്‍ തുടങ്ങും . അന്നൊന്നും വയറിനു ഒരു കുഴപ്പവും ഉണ്ടായിട്ടില്ല , അമ്മ അതൊന്നും തിന്നാന്‍ പാടില്ല എന്ന് വിലക്കിയിട്ടും ഇല്ല . അല്ലെങ്കില്‍ തന്നെ അമ്മയോട് ചോദിച്ചിട്ട് ഒന്നുമല്ല ഇതൊക്കെ തിന്നുന്നതും , അമ്മക്ക് ഇതൊന്നും നോക്കി നടക്കാന്‍ നേരവും ഇല്ല !!

തൊട്ടടുത്ത പറമ്പിലെ കശുമാവ് ഉണ്ടായിരുന്നുള്ളൂ . പക്ഷെ അവിടുത്തെ കശുവണ്ടി മുഴുവന്‍ കാക്ക കൊത്തി മിക്കവാറും ഞങ്ങളുടെ പറമ്പിലാണ് ഇടുക . ഞങ്ങള്‍ക്ക് കൃത്യമായിട്ട്‌ അറിയാം , കാക്ക ഇതൊക്കെ എവിടെ ഒക്കെ വന്നിരുന്നാണ് തിന്നുന്നത് എന്ന് . അങ്ങനെ എല്ലാം കൂടെ പെറുക്കി ടിന്നില്‍ ഇട്ടു , ടിന്‍ നിറയുമ്പോള്‍ ചൂട്ടു കത്തിച്ചു കശുവണ്ടി ചുട്ടെടുക്കും . അടുപ്പില്‍ ഇടാന്‍ അമ്മ സമ്മതിക്കില്ല . പൊട്ടി തെറിക്കും . ചൂട്ടിന്റെ ചൂട് ഏല്‍ക്കുമ്പോള്‍ കശുവണ്ടികള്‍ തീ പിടിച്ചു ഓരോ വശത്തേക്കും ചീറ്റി ഓടും . ഈ കാഴ്ചകള്‍ ഒന്നും ഒരിക്കലും നമ്മുടെ കുട്ടികള്‍ അറിയില്ല .കശുവണ്ടി ചുന കൊണ്ട് കൈ പൊള്ളുന്നതും , തൊലി പോവുന്നതും ഒക്കെ സര്‍വ സാധാരണം .

ഞങ്ങളുടെ വടക്കേ അതിര്‍ത്തിയില്‍ ഒരു വലിയ കുടംപുളി മരം നിന്നിരുന്നു. മഴക്കാലത്ത്‌ അതില്‍ നിറയെ പുളി ഉണ്ടാകും. പഴുത്ത പുളി പൊളിച്ചു അതിന്റെ ഉള്ളിലെ മധുരമുള്ള കായ തിന്നാന്‍ നല്ല രസമാണ്. കാറ്റും മഴയും വരുമ്പോള്‍ പുളികള്‍ താഴെ വീഴും. മിക്കവയും താഴെ വീഴുമ്പോള്‍ തന്നെ പൊട്ടി ചിതറും. മഴ വക വെക്കാതെ ഓടി ചെന്ന് പെറുക്കി എടുത്തു എത്ര എണ്ണം തിന്നിരിക്കുന്നു!!

അടുത്തുള്ള ഒരു 4-5 വീടുകളില്‍ ഞാന്‍ സ്ഥിരം സന്ദര്‍ശക ആയിരുന്നു . ആ തൊടിയിലെയും പഴങ്ങളും , കായകളും എനിക്ക് സ്വന്തം . അന്നൊന്നും കെട്ടി അടച്ച gate കളോ , മതിലുകളോ ഇല്ല . അവിടെ അവിടെയായിട്ടു വേലികള്‍ മാത്രം കാണാം . അതും ഇല്ലാതെ ചെടികള്‍ അതിര്‍ത്തികളില്‍ വളര്‍ത്തി നിറുത്താരുണ്ട് . ആര്‍ക്കും എപ്പോഴും എവിടെയും കയറി ചെല്ലാം . Vacation ആയാല്‍ മുഴുവന്‍ നേരവും അയല്‍വക്കത്തെ പിള്ളേരുടെ കൂടെ കളിയാണ് . ശരിക്കും കളിച്ചു മടുത്തിട്ടുള്ള ദിവസങ്ങള്‍ ഉണ്ടായിട്ടുണ്ട് .

ഉണ്ണാന്‍ സമയം ആകുമ്പോള്‍ അമ്മ നീട്ടി വിളിക്കും . ഏതു പറമ്പില്‍ ആയാലും അവിടന്ന് വിളി കേള്‍ക്കും . ഓടി വന്നു ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ വീണ്ടും പുറപ്പെടും . കല്ല്‌ കൊത്താടല്‍ , സെറ്റ് കളി , ഒളിച്ചു കളി , നിലത്തു കളം വരച്ചു കളി , അങ്ങനെ എന്തെല്ലാം കളികള്‍ . വൈകിട്ട് മേല്കഴുകാന്‍ വരുമ്പോള്‍ ഉടുപ്പ് നിറച്ചും , കറയും ചെളിയും ആയിരിക്കും . ചിലപ്പോഴൊക്കെ തല്ലും കിട്ടാറുണ്ട് , അതൊക്കെ ആര് കാര്യം ആക്കുന്നു ? അടുത്ത ദിവസം വീണ്ടും ഇറങ്ങുകയായി .



ഊഞ്ഞാല്‍ ആടാന്‍ പണ്ടേ എനിക്കിഷ്ടം ആണ് . എത്ര മാവുന്ടെങ്കിലും വീട്ടില്‍ ഊഞ്ഞാല്‍ ഒന്നും കെട്ടിത്തരാറില്ല . അപ്പൊ പിന്നെ , കൈയ്യില്‍ കിട്ടിയ ചെറിയ കയര്‍ തപ്പി എടുത്തു , കൈ എത്താവുന്ന കമ്പില്‍ കെട്ടി , മടല് വെട്ടി ഇരിപ്പിടം ഉണ്ടാക്കി , വലിഞ്ഞു കയറി ഇരിക്കും . ഒന്ന് ആഞ്ഞു ആടി തുടങ്ങുമ്പോഴേക്കും , ഊഞ്ഞാല്‍ പൊട്ടി താഴെ വീഴും !! വീണ്ടും കൂട്ടി കെട്ടി പരിശ്രമം തുടരും ...ആ വീഴ്ചയില്‍ ചിലപ്പോ കൈമുട്ടോ കാല്മുട്ടോ പൊട്ടി തൊലി ഉരിയും . അന്ന് അങ്ങനെ കൈ മുട്ടോ കാല്‍ മുട്ടോ തൊലി ഉരിഞ്ഞു പൊട്ടാത്ത കുട്ടികള്‍ ഇല്ലായിരുന്നു എന്ന് തോന്നുന്നു .

അന്ന് കയറി ഇറങ്ങാത്ത മരങ്ങള്‍ ഇല്ല . പെണ്‍കുട്ടിയാണ് , മരം കയറരുത് , എന്നൊക്കെ വിലക്കിയാലും വലിഞ്ഞു കയറും . പരിസരത്തെ , പേര മരം , ചാമ്പ മരം നിത്യവും കേറി ഇറങ്ങുന്ന മരങ്ങളുടെ കൂട്ടത്തില്‍ പെടും . ഇന്നിപ്പോ എന്റെ മോള്‍ മരം കയറും . ഞാന്‍ നിരുല്സാഹപ്പെടുത്താന്‍ പോയില്ല . അവള്‍ gate ഇല്‍ ചവിട്ടി മതിലും ചാടും . ചേട്ടന്‍ ചെയ്യുന്നത് കണ്ടു പഠിക്കുന്നതോ , അതോ ഞങ്ങളുടെ ജീന്‍സ് ഉള്ളത് കൊണ്ടോ ആവാം .(പുള്ളിക്കാരനും ഇതിലൊന്നും മോശമല്ല ) ഇപ്പോഴല്ലേ ഇതൊക്കെ ചെയ്യാന്‍ പറ്റൂ .വലുതാകുമ്പോള്‍ താനേ കയറാതെ ആകും .

ഇന്നിപ്പോ ഞാന്‍ എന്റെ മോളെ അയല്‍വക്കത്തു കളിയ്ക്കാന്‍ വിടാറില്ല . അവള്‍ക്കു പോവണം എന്നും ഇല്ല . 30 -35 വര്‍ഷങ്ങള്‍ കൊണ്ട് കാലം ഒത്തിരി മാറി പോയി . നമ്മുടെ കുട്ടികള്‍ വല്ലാതെ ഒതുങ്ങി പോയിരിക്കുന്നു . കൊറേ ഒക്കെ ഉത്തരവാദികള്‍ നമ്മള്‍ തന്നെ ആണെന്നാണ് തോന്നുന്നത് . സ്കൂളില്‍ വിടുന്നത് വരെ ആയ . കുട്ടി ഒന്ന് മറിഞ്ഞു വീണു കൈയോ കാലോ ഉരഞ്ഞാല്‍ പിന്നെ ആയക്ക് സ്വൈര്യം ഇല്ല . അത് കൊണ്ട് തന്നെ ആയ കുട്ടിയെ അനങ്ങാനും തിരിയാനും സമ്മതിക്കില്ല . പിന്നെ സ്കൂളില്‍ പോവാന്‍ തുടങ്ങിയാല്‍ പഠിക്കാന്‍ ഉണ്ടെല്ലോ , ഒരു ചുമട് . പഠിച്ചു മിടുക്കനായാലല്ലേ എന്ട്രന്‍സ് എഴുതാന്‍ പറ്റൂ ?(ഞാനും പണ്ടത്തെ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ തന്നാ ഒന്നാം ക്ലാസ്സ്‌ മുതല്‍ പഠിച്ചത്. പക്ഷെ ഇന്നത്തെ പോലെ കളിയ്ക്കാന്‍ സമയം ഇല്ലാത്ത പഠിപ്പു ഒന്നും പഠിക്കേണ്ടി വന്നിട്ടില്ല!!) അങ്ങനെ അങ്ങനെ ....നമ്മള്‍ തന്നെ എല്ലാം മാറ്റി മറിച്ചു കൊണ്ടിരിക്കുന്നു ...ഞാന്‍ അടക്കം !!