Sunday, September 28, 2008

ആരാണിവര്‍ ?

ഓഫീസിലെ ഓണ ദിവസം . കേരള സാരി ഉടുത്തു , മുല്ലപ്പൂവും ചൂടി സുന്ദരി ആയിട്ട് ഒരുങ്ങി ഓഫീസിലേക്കിറങ്ങി . ബസ്സ് കാത്തു നില്‍ക്കയാണ്‌ . തലേ ദിവസത്തെ മഴയില്‍ ചളി ആയിരിക്കുന്ന റോഡ്. കഴിയുന്നത്ര സാരി ഒതുക്കി പൊക്കി പിടിച്ചാണ് നില്‍പ്പ് . പെട്ടെന്ന് ആള്‍ക്കൂട്ടത്തില്‍ നിന്നു ഒരു സ്ത്രീ എന്‍റെ അടുത്തേക്ക് വന്നു. എനിക്ക് തീരെ പരിചയമില്ലാത്ത ഒരു സ്ത്രീ. ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലായി, ലിപ്സ്ടിക്ക് ഇട്ടിട്ടുണ്ട് , മോഡേണ്‍ വേഷധാരി . എന്നേക്കാള്‍ പ്രായവും ഉണ്ട്. പതിയെ അവര്‍ മുഖം എന്‍റെ ചെവിയോടു അടുപ്പിച്ചു പറഞ്ഞു, 'സാരി കൊറച്ചും കൂടി പൊക്കി പിടിച്ചോള് , കസവ് താഴെ ചെളിയില്‍ മുട്ടുന്നുണ്ട്'. അവരെ നോക്കി കൃതജ്തയോടെ ഒന്നു പുന്ചിരിച്ചു , സാരി ഒന്നു കൂടി പൊക്കി പിടിക്കുമ്പോള്‍ ഓര്‍ത്തു..ഇവര്‍ എന്‍റെ ആരാ? എന്‍റെ സാരി ചെളിയില്‍ മുട്ടിയാല്‍ ഇവര്‍ക്കെന്താ ? എത്ര സുന്ദരമായ മനസ്സാണ് ഇവരുടെ ? എനിക്ക് ഇങ്ങനെ പെരുമാറാന്‍ പറ്റുമോ ? ഹേയ്, ആയിട്ടില്ല ..ഇവരെ പോലെ ആകാന്‍ ഇനിയും വളരാനുണ്ട് ...
************************************************************************************
കഴിഞ്ഞ ആഴ്ച രാവിലെ ഓഫീസിലേക്ക് പോകുവാന്‍ ധൃതി പിടിച്ചു റോഡ് ക്രോസ് ചെയ്യാന്‍ നില്ക്കുകയാണ്. Median എത്തി. വണ്ടികള്‍ മാല പോലെ പുറകെ പുറകെ വന്നുകൊണ്ടിരിക്കുന്നു . എന്നെ പോലെ തന്നെ പകുതി ക്രോസ് ചെയ്തു ഒരു പെണ്‍കുട്ടിയും നില്‍ക്കുന്നുണ്ട്‌ . സ്കൂള്‍ uniform ആണ്. 7 ലോ 8 ലോ ആവും. ഞങ്ങള്‍ രണ്ടും അടുത്തായി . ഒരു ഒഴിവും കാണുന്നില്ല ക്രോസ് ചെയ്യാന്‍. അപ്പോഴാണ് ഒരു ചെറിയ ഗാപ് കിട്ടിയത് . ഒരു സെക്കന്റ് കൊണ്ടു ഞാന്‍ ആ കുട്ടിയുടെ കൈ കടന്നു പിടിച്ചു. അവള്‍ ഒരു നിമിഷം വിരണ്ടു എന്‍റെ മുഖത്തേയ്ക്ക് നോക്കി. പിന്നെ എന്‍റെ കൂടെ നടന്നു, റോഡ് ക്രോസ് ചെയ്തതും എന്‍റെ കൈ വിടുവിച്ചു കുട്ടി സ്റ്റോപ്പില്‍ നിന്നു. എന്‍റെ ബസ് വന്നു ഞാനും പോയി... അടുത്ത ദിവസം അതെ പോലെ ഞങ്ങള്‍ ഒരുമിച്ചു വന്നു വീണ്ടും ക്രോസ് ചെയ്യാന്‍. ഇത്തവണ വണ്ടി ഒന്നും വരുന്നുണ്ടായില്ല ..എന്നെ കണ്ട ഉടന്‍ അവള്‍ മുഖം നിറയെ ഒരു ചിരി സമ്മാനം ആയി തന്നു. അപ്പോഴും ഞാന്‍ ഓര്‍ത്തു, ഇവള്‍ എനിക്ക് ആരാണ്? എന്തെ എനിക്ക് അവളെ സഹായിക്കാന്‍ തോന്നിയെ ? ഉം അപ്പൊ ഞാന്‍ വളര്‍ന്നു തുടങ്ങി ...
************************************************************************************
മിക്കവാറും ദിവസങ്ങളില്‍ ഞാന്‍ വളരെ അധികം സുന്ദരിയായ ഒരു അമ്മൂമ്മയെ ബസ് സ്റ്റോപ്പില്‍ കാണാറുണ്ട് . തല മുടി മുഴുവന്‍ തൂ വെള്ള. ബോബ് ചെയ്തിരിക്കുകയാണ് . എപ്പോഴും ഡ്രസ്സ് ചെയ്യുന്നത് ഒരു anglo ഇന്ത്യന്‍ സ്റ്റൈലില്‍ ആണ്. എവിടെയോ ജോലിക്ക് പോകുവാണ് . ഒരു 67 എന്ഗിലും കാണും പ്രായം. എന്നെ സര്‍പ്രൈസ് ചെയ്തത് അവര്‍ ഈ പ്രായത്തിലും ജോലിക്ക് പോവുന്നു എന്നതാണ്. ഒരു ദിവസം ഇവര്‍ ഞാന്‍ കയറിയ ബസ്സില്‍ ഉണ്ടായിരുന്നു. ഞാന്‍ അവര്‍ക്ക് വേണ്ടി സീറ്റ് ഒഴിഞ്ഞു കൊടുത്തു. പിന്നീട് ഇവര്‍ ഞാന്‍ കയറുന്ന ബസ്സില്‍ കയറാന്‍ തുടങ്ങി. ചിലപ്പോ അവരുടെ ഭര്‍ത്താവ് കൂടെ കാണും. അദ്ദേഹം ഇടക്ക് എപ്പോഴോ ഇറങ്ങി പോവും . ബസ്സില്‍ ഇവര്‍ കയറിയാല്‍ ആരെങ്ങിലും ഒക്കെ സീറ്റ് ഒഴിഞ്ഞു കൊടുക്കും. അത്രയ്ക്ക് പ്രായമുള്ളവര്‍ അല്ലെ?ഈ പ്രായത്തില്‍ ഇത്ര ഭംഗിയായിട്ട് ഡ്രസ്സ് ചെയ്തവരെ ഞാന്‍ കണ്ടിട്ടേ ഇല്ല. ഒരു ദിവസം ഞാനും അവരും ഒരേ സീറ്റ് പങ്കിട്ടു . ഞാന്‍ ബുക്ക് എടുത്തു നിവര്‍ത്തി . ഇവര്‍ ഒരു ചെറിയ പോക്കറ്റ് ബൈബിള്‍ എടുത്തു വായിക്കാന്‍ തുടങ്ങി. തീരെ ചെറിയ അക്ഷരങ്ങള്‍ . എന്നിട്ടും അവര്‍ അത് വായിച്ചു കൊണ്ടേ ഇരുന്നു. അപ്പൊ ഞാന്‍ ചോദിച്ചു, എങ്ങനെ ഇത്ര ചെറിയ അക്ഷരങ്ങള്‍ വായിക്കുന്നു ? പിന്നീട് ഞങ്ങള്‍ ധാരാളം സംസാരിച്ചു. അവര്‍ ഒരു ബ്രിട്ടീഷ് സിറ്റിസണ്‍ ആണ്. മലയാളം അറിയില്ല. ഒരു പ്രൈവറ്റ് സ്ഥാപനത്തില്‍ ജോലി. പിന്നീട് എന്നെ അവര്‍ എപ്പോ കണ്ടാലും സംസാരിക്കും . ബസിന്റെ ബോര്‍ഡ് ഞാന്‍ വായിച്ചു കൊടുക്കണം. ചിലതൊക്കെ അവര്‍ ഇംഗ്ലീഷ് പേരു മാത്രം കണ്ടു മനസ്സിലാക്കി വെച്ചിട്ടുണ്ട് . എനിക്ക് അവരോട് വലിയ ഇഷ്ടം ആണ്. ഇന്നു ഞാന്‍ അവരെ കണ്ടു. ബസില്‍ പുരുഷന്മാരുടെ സീറ്റില്‍ അവര്‍ക്ക് വേണ്ടി ഒരാള്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു. അവിടെ ഇരുന്ന ഉടന്‍ അവര്‍ എന്‍റെ ബാഗ് വാങ്ങി പിടിച്ചു. എന്നിട്ടു അടുത്തിരുന്ന ആള്‍ എണീറ്റ്‌ പോയപ്പോ എന്നെ വിളിച്ചു കൂടെ ഇരിക്കാന്‍ സീറ്റ് തന്നു. എന്തിനാണ് ഇവര്‍ എന്നെ സ്നേഹിക്കുന്നത് ? ആരാണ് ഇവര്‍ എനിക്ക്?
************************************************************************************
ഞാന്‍ ഈ പറഞ്ഞവരെ ഒക്കെ ഇനി നാളെയും കാണുമോ എന്നെനിക്കറിയില്ല . എന്നാലും ഇവര്‍ എന്‍റെ സഹോദരിയോ , മകളോ ,അമ്മൂമ്മയോ ഒക്കെ ആണ്...നോക്കു , സ്നേഹം നമ്മളെ തേടി വരുന്ന വഴികള്‍ വിചിത്രം തന്നെ...ഒരിക്കലും അറിയാത്തവരില്‍ നിന്നു, ഒന്നും പ്രതീക്ഷിക്കാതെ അത് നമ്മെ തൊട്ടു വിളിക്കുന്നു ...

Saturday, September 20, 2008

ഒരു ഓര്‍മ്മക്കുറിപ്പ്‌


തിരുവോണത്തിന്റെ അടുത്ത ദിവസം . ഞങ്ങള്‍ എല്ലാവരും കൂടി ചുമ്മാ നാട്ടുവഴിയില്‍ കൂടെ നടക്കാന്‍ പോയി. തിരിച്ചു വന്നപ്പോ സന്ധ്യ കഴിഞ്ഞു . നിലാവിന്റെ വെട്ടവും മൊബൈലിന്റെ വെളിച്ചവും മാത്രേ ഉള്ളു വഴി കാണിക്കാന്‍ . ചില വീടുകളില്‍ നിന്നും ചന്ദനത്തിരി കത്തുന്ന മണം. ചില വീടുകളില്‍ പ്രാര്ത്ഥന ചൊല്ലുന്നു . ഞങ്ങള്‍ കുട്ടികളും എല്ലാം കൂടെ ഒരു 12 പേരു കാണും. ഈ മാതിരി സമയത്താണ് യക്ഷിയും ഗന്ധര്‍വനും ഒക്കെ ഇറങ്ങി നടക്കുന്നത് എന്ന ഒരു കമന്റ് അതിനിടയില്‍ ആരോ പറഞ്ഞു. സന്ധ്യുടെയും രാത്രിയുടെയും ഇടയിലെ സമയം. അതെ twilight. പേടി കാരണം കുട്ടികള്‍ ഉറക്കെ ഉറക്കെ ഓരോന്ന് പറഞ്ഞു നടക്കുന്നതിനിടയില്‍ പെട്ടെന്ന് ഒരു വളവിന്റെ അടുത്ത് വെച്ചു ഒരു വെളുത്ത പൂച്ച ഞങളുടെ അടുത്തേക്ക് ഓടി വന്നു. നല്ല പരിചയം ഉള്ള പോലെ. കുട്ടികള്‍ ഉടനെ അതിനെ എടുത്തു. ഞങ്ങള്‍ കുടുംബത്തോടെ പൂച്ച പ്രേമം ഉള്ളവരാണ് . ഒരു പൂച്ചക്കുട്ടി ആണ് അത് .തീരെ ചെറുത് അല്ല. ഒരു 6 മാസം പ്രായം കാണും. നല്ല സുന്ദരന്‍ പൂച്ചക്കുട്ടി . കുട്ടി അല്ല കുട്ടന്‍ ആണെന്ന കണ്ടുപിടിത്തം പുറകെ വന്നു!


എടുത്തു ഓമനിചതിനു ശേഷം കുട്ടികള്‍ അതിനെ തിരികെ താഴെ വെച്ചു. എന്നാല്‍ പൂച്ചക്കുട്ടി പോവാതെ ഞങ്ങളുടെ മാര്‍ച്ചില്‍ കൂടി. തിരിഞ്ഞു നോക്കുമ്പോഴെല്ലാം അത് പുറകെ വരുന്നുണ്ട്. വീണ്ടും കുറച്ചു ദൂരം കൂടി അതിനെ ഓരോരുത്തരായി എടുത്തു. ആര് എടുത്താലും പൂച്ചക്ക് വിരോധം ഇല്ല. അപ്പോഴേക്കും എല്ലാരും പറഞ്ഞു ആരെങ്ങിലും ഓമനിച്ചു വളര്തുന്നതായിരിക്കും , ഇനി അതിനെ നമ്മള്‍ കൊണ്ടു വന്നാല്‍ വഴക്കാവും അത് കൊണ്ട് ഇനി എടുക്കണ്ട എന്ന് വെച്ചു. അപ്പൊ ഒരു ജീപ്പ് അത് വഴി വന്നു. പൂച്ച കരഞ്ഞു കൊണ്ടു കാട്ടിലേയ്ക്ക് ഓടി. ഞങ്ങള്‍ മുന്നോട്ടും . അപ്പൊ കേള്‍ക്കാം അതാ കരച്ചില്‍ . വഴി തെറ്റിയിട്ടും ഞങ്ങളെ കാണാഞ്ഞിട്ടും ആവാം അത് ദയനീയമായി കരഞ്ഞു തുടങ്ങി .. മുന്നോട്ടു പോയ ഞങ്ങള്‍ തിരികെ വന്നു കാട്ടില്‍ നിന്നു വിളിച്ചു വിളിച്ചു പൂച്ചയെ വീണ്ടും കൂടെ കൂട്ടി. ആരും എടുത്തില്ല . ഞങ്ങള്‍ തിരികെ വീട്ടില്‍ എത്തി. പൂച്ച പിറകെയും . വീട്ടില്‍ ചെന്നു മീനൊക്കെ കൂട്ടി ചോറ് കൊടുത്തു. കുട്ടികളുടെ മടിയില്‍ ഉറങ്ങുന്നതു വരെ പൂച്ചക്കുട്ടന്‍ ഇരുന്നു. രാത്രി കിടക്കാന്‍ സ്ഥലം ഒക്കെ ഒരുക്കികൊടുത്തു . അപ്പോഴും എല്ലാര്ക്കും ഭയങ്കര അത്ഭുതം ആയിരുന്നു..ഇതെന്ത് ഈ പൂച്ച ഇങ്ങനെ എന്ന്.


അടുത്ത ദിവസം ഞങ്ങള്‍ മടങ്ങി. പൂച്ചയുണ്ടായിരുന്നു യാത്ര അയക്കാന്‍ . വീട്ടില്‍ വന്ന പാടെ കേട്ട ന്യൂസ് എന്‍റെ കൂടെ വര്‍ക്ക് ചെയ്തിരുന്ന ഒരാള്‍ ഇന്നലെ സന്ധ്യക്ക്‌ ഹൃദയ സ്തംഭനം വന്നു മരിച്ചു പോയി എന്നതാണ്. എന്നെ എല്ലാരും മൊബൈലില്‍ ട്രൈ ചെയ്തിട്ട് കിട്ടിയില്ല (അവിടെ നാട്ടില്‍ റേഞ്ച് ഉണ്ടായില്ല ) രാവിലെ സംസ്കാരം കഴിഞ്ഞു . ഞാന്‍ അറിയുന്നത് വൈകുന്നേരം. . എന്‍റെ ഓഫീസിലെ പ്യൂണ്‍ ആയിരുന്നു. ചെറുപ്പമാണ് . വല്ലാത്ത ദുഖം തോന്നി. എനിക്ക് മാത്രമേ ഒന്നു കാണാന്‍ പോലും പറ്റാതെ പോയുള്ളൂ . വളരെ സൌമ്യനും സാധുവും ആയ ഒരു മനുഷ്യന്‍ . ഒരു കാര്യം ഒരു പ്രാവശ്യം പറഞ്ഞാല്‍ മതി.ക്ലോസിന്ഗ് ജോലി തിരക്ക് കാരണം ചിലപ്പോ എനിക്ക് ശനിയും ഞായറും വരേണ്ടി വരുമ്പോ ഞങ്ങള്ക്ക് വേണ്ടി ഓഫീസ് തുറക്കാനും അടക്കാനും ഉച്ചക്ക് ഭക്ഷണം ഓരോരുത്തരുടെയും ഇഷ്ടത്തിന് മേടിച്ചു കൊണ്ടുവരാനും ഞങ്ങള്‍ സ്ത്രീകള്‍ മാത്രം വര്‍ക്ക് ചെയ്യാന്‍ വരുമ്പൊ കൂട്ടിനു വരാറുള്ള പുരുഷ പ്രജ. . പ്രാരാബ്ദങ്ങള്‍ ധാരാളം . കാരണം കിട്ടുന്നത് കൊണ്ട് ജീവിക്കാന്‍ മാത്രം പഠിച്ചില്ല . സമ്പാദ്യമായി ഉള്ളത് 4 പെണ്‍കുട്ടികള്‍ മാത്രം.ഇടക്കൊക്കെ പൈസ കടം മേടിച്ചാലും കൃത്യമായിട്ട്‌ തിരികെ തരും.



അങ്ങനെ ഇരിക്കെ ഒരു ദിവസം ബാങ്കില്‍ അടക്കാന്‍ കൊടുത്ത കമ്പനിയുടെ പൈസ കട്ടു .മുഴുവന്‍ അല്ല, അല്പം. അങ്ങനെ വീണ്ടും രണ്ടു പ്രാവശ്യം കൂടെ. Reconciliation ചെയ്തപ്പോ പിടിച്ചു . ഉത്തരവാദിത്തം എന്‍റെ തലയിലും വീണു. വിളിച്ചു ചോദിച്ചപ്പോ വയസ്സിനു ഞാന്‍ ഇളയത് ആണെങ്ങിലും , മുന്‍പില്‍ ഇരുന്നു കരഞ്ഞു. 'അങ്ങനെ പറ്റി പോയി' എന്ന മറുപടി മാത്രേ തരാന്‍ ഉണ്ടായുള്ളൂ .അപ്പോഴും എന്തു കൊണ്ടോ എനിക്ക് ഇയാളെ വഴക്ക് പറയാന്‍ തോന്നിയില്ല. കളവു ചെയ്യാന്‍ സാഹചര്യം കൊടുത്ത കാഷ്യര്‍ ആണ് വഴക്ക് കേട്ടത്. ബാങ്കില്‍ നിന്നു കിട്ടിയ receipt ഒത്തു നോക്കാതിരുന്ന പിഴവിന് .



പിന്നെ നടപടി ക്രമങ്ങള്‍ ആയി.സസ്പെന്‍ഷന്‍ . രണ്ടു ഇന്ക്രെമെന്ട് തടയല്‍ . ഒരു ട്രാന്‍സ്ഫര്‍ . ഇതൊക്കെ സംഭവിച്ചത് രണ്ടു കൊല്ലം മുന്നേ. ഒരിക്കലും ഇയാള്‍ ഇങ്ങനെ കളവു ചെയ്യും എന്ന് ആരും സ്വപ്നത്തില്‍ പോലും കരുതി ഇരുന്നില്ല . അന്ന് ഞങ്ങള്‍ക്ക് എല്ലാര്ക്കും തന്നു ഒരു ഷോക്ക് . ഇന്നിതാ വീണ്ടും. ഇന്നലെ സന്ധ്യക്ക്‌ നെഞ്ച് വേദന വന്നിട്ട് ആശുപത്രി കൊണ്ടു പോയ വഴി മരിക്കുകയാണ് ഉണ്ടായത് .



പെട്ടെന്ന് എനിക്കൊരു തോന്നല്‍ . ഞാന്‍ വേഗം നാട്ടിലേക്ക് വിളിച്ചു. കുശല വിശേഷങ്ങള്‍ പറഞ്ഞതിന് ശേഷം അവളോട്‌ പയ്യെ ചോദിച്ചു. പൂച്ച എന്ത് പറയുന്നു? അപ്പൊ അവള്‍ 'അയ്യോ ചേച്ചി, ഞാന്‍ അത് വിളിച്ചു പറയാന്‍ ഇരിക്കയായിരുന്നു .നിങ്ങളുടെ കാര്‍ പോകുമ്പോ ഇവിടെ ഉണ്ടായിരുന്നു. പിന്നെ കണ്ടില്ല. മക്കള്‍ അതിനെ ഇവിടെ എല്ലാം നോക്കി. എവിടെ പോയി എന്നറിയില്ല'. അവളെ പേടിപ്പിക്കണ്ട എന്നോര്‍ത്ത് ഞാന്‍ പറഞ്ഞു ' അത് തിരിച്ചു അതിന്‍റെ വീട്ടില്‍ പോയിക്കാണും ' .



ഇന്നലെ തൃസന്ധ്യക്ക്‌ സുഹൃത്തേ നീ ഈ ലോകത്ത് നിന്നു വിട പറഞ്ഞ സമയത്തു ഞങ്ങളുടെ അടുത്തേക്ക് ഒരു പൂച്ചകുട്ടിയെ അയച്ചിരുന്നോ ? അങ്ങനെ ഒന്നും സംഭവിക്കില്ല എന്നറിയാം , എല്ലാം തികച്ചും യാദൃച്ചികം ആവാം . എന്നാലും. എന്നാലും. ...??



വീണ്ടും ഒരു സന്ദേഹം കൂടി. കൃത്യം ഒരു ദിവസം മുന്നേ ഓണത്തിന്റെ അന്ന് ഞാന്‍ എന്‍റെ മൊബൈലിലെ ഫോണ്‍ ഡയറക്ടറി തപ്പി കുറെ കൂട്ടുകാര്‍ക്കു ഓണം ആശംസകള്‍ അയച്ചു. അപ്പോള്‍ ഈ മരിച്ചു പോയ സുഹൃത്തിന്റെ നമ്പര്‍ സേവ് ചെയ്തിരുന്നത് കണ്ടു. ട്രാന്‍സ്ഫര്‍ ആയി പോയതില്‍ പിന്നെ ഒഫീഷ്യല്‍ വിളികളുടെ ആവശ്യം ഉണ്ടായിട്ടില്ല . അപ്പൊ തോന്നി, എന്തിനാ ഈ മൊബൈല് നമ്പര്‍ ഇനി സേവ് ചെയ്യുന്നത്? കൊടുത്തു ഒരു ഡിലീറ്റ് . അന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല അടുത്ത ദിവസം എന്തായാലും ആ നമ്പര്‍ ഡിലീറ്റ് ചെയ്യേണ്ടി വരുമെന്ന് . അതും വെറും യദൃചികം തന്നെയോ ??



സത്യം പറയട്ടെ എനിക്ക് ഇങ്ങനെയുള്ള അനുഭവങ്ങള്‍ ധാരാളം ഉണ്ടായിട്ടുണ്ട് ...ചിലപ്പോ എല്ലാര്ക്കും കാണും അല്ലെ ഇങ്ങനെ ചില കാര്യങ്ങള്‍..ഉത്തരം തരാത്ത ചില ചോദ്യങ്ങള്‍ ! !







Monday, September 15, 2008

ഫീലിംഗ് ബ്ലൂ...




എന്റെ മനസ്സില്‍ ഒരു കനല്‍ വീണു..
ഉള്ളം ചുട്ടു പഴുപ്പിക്കുന്ന കനല്‍...
എന്നെ എല്ലാ നിമിഷവും ..
നീറ്റി കൊണ്ടിരിക്കുന്ന കനല്‍..


ഉറയുന്ന കണ്ണീരു പൊഴിക്കാനാവാതെ
നീറുന്ന കണ്ണുകള്‍ ..
നെഞ്ച് പൊടിയുന്ന വേദന
ദീര്ഗ നിശ്വാസമായി പുറത്തു വരുന്നു..
ഇന്നിനി എനിക്കൊന്നിനും വയ്യ..


ആരെങ്ങിലും ഈ കനലിനെ മൂടുന്ന
ചാരം ഒന്നൂതിക്കളഞ്ഞിരുന്നെങ്ങില്‍ ..
ഒരു ഇളം കാറ്റെങ്ങിലും
ഇതു വഴി വന്നിരുന്നെങ്ങില്‍ ..


കത്തട്ടെ , തീ ആളി ആളി..
ദഹിക്കട്ടെ , എല്ലാം ചാരമാവട്ടെ ..
മറഞ്ഞു പോകട്ടെ ..എന്നേക്കുമായി ..
എന്‍റെ ദേഹിയുടെ കൂടെ എന്‍റെ സ്വപ്നങ്ങളും ..

Tuesday, September 9, 2008

ഓണം വന്നു ...

അങ്ങനെ വീണ്ടും ഓണം വന്നെത്തി . മക്കള്‍ക്ക്‌ 10 ദിവസം സ്കൂള്‍ ഇല്ലാത്തതിന്റെ സന്തോഷം. എനിക്ക് 4 ദിവസം അടുപ്പിച്ചു അവധി കിട്ടിയതിന്റെ സന്തോഷം. എന്റെ പാവം ഭര്‍ത്താവിനു മാത്രം ഒരു ദിവസം അവധി. അതും തിരുവോണത്തിന് മാത്രം. അത് കൊണ്ടു അദ്ദേഹം ധൈര്യമായിട്ട് ശനിയാഴ്ച ലീവ് കൊടുത്തു, അപ്പൊ കിട്ടി 3 ദിവസം അവധി.

എപ്പോഴും ഓണത്തിന് രണ്ടാഴ്ച മുന്നേ ഞങ്ങള്‍ പ്ലാന്‍ ഇടും , ഇത്തവണ എവിടെക്കാണ്‌ എന്ന്. എന്‍റെ അമ്മ മരിച്ചത് കൊണ്ടു എന്‍റെ വീട്ടില്‍ ഇത്തവണ ഓണം ഇല്ല . കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ എന്‍റെ ചേച്ചിയുടെ വീട്ടിലാണ്‌ ഓണത്തിന് പോയത്. ഇവിടന്നു ഞങ്ങള്‍ എല്ലാവര്ക്കും സദ്യ ഓര്‍ഡര്‍ ചെയ്തു പാര്‍സല്‍ ആയിട്ട് വാങ്ങി അവിടെ കൊണ്ടു പോയി എല്ലാരും കൂടെ ഇരുന്നു കഴിച്ചു. വിളംബാനുള്ള വാഴയില മുതല്‍ ഉപ്പു വരെ കിട്ടും.:P അപ്പൊ പിന്നെ TV കാണാനും , കുട്ടികളുടെ കൂടെ കളിക്കാനും , വീട്ടുവിശേഷങ്ങളും , നാട്ടുവിശേഷങ്ങളും ഒക്കെ പങ്കു വെക്കാനും ഒക്കെ ഇഷ്ടം പോലെ സമയം !! അല്ലെങ്കില്‍ ആരൊക്കെ സഹായിക്കാന്‍ ഉണ്ടായാലും എനിക്കും ചേച്ചിക്കും അടുക്കളയില്‍ നിന്നു കയറാന്‍ പറ്റില്ല. ഈയിടെ കണ്ടു പിടിച്ച വിദ്യ ആണ് ഇത് . സൂത്രം പഠിച്ചിട്ടോ എന്തോ ഇത്തവണയും ചേച്ചി വിളിച്ചു, “നീ കുട്ടികളെയും കൊണ്ടു വാ” എന്ന്.

പക്ഷെ ഇത്തവണ ഞങ്ങള്‍ എല്ലാരും കൂടെ ഭര്‍ത്താവിന്റെ തറവാട്ടില്‍ കൂടാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത് . അവിടെ ഈ കളി പറ്റില്ല. എന്നാലും എനിക്ക് അവിടത്തെ ബഹളം ആണ് ഇഷ്ടം. TV യുടെ പരിസരത്തേക്കു അടുക്കാന്‍ പറ്റില്ല അന്നത്തെ ദിവസം . എല്ലാരും കൂടെ ഇരുന്നു കഷണം അരിയലും , വിശേഷം പറയലും ബഹു കേമം തന്നെ ആവും . ഭര്‍ത്താവിന്റെ രണ്ടു ചേച്ചിമാര്‍ , രണ്ടു അനിയന്മാര്‍ സകുടുംബം കാണും അവിടെ. പിള്ളേര്‍ക്ക് കളിയുടെ പൂരം തന്നെ ആവും. ഓണപ്പരീക്ഷക്കു പഠിച്ചതിന്റെ ക്ഷീണം മുഴുവന്‍ ഇവിടെ അവര്‍ തീര്‍ക്കും . എനിക്ക് നാട്ടില്‍ ചെന്നാല്‍ മക്കളുടെ ഒരു കാര്യവും അന്വേഷിക്കേണ്ടി വരില്ല, അവര്‍ അവിടെ പറമ്പിലെ പണിക്കരുടെ ഒപ്പം എവിടെ എന്ങിലും തെണ്ടി നടക്കുന്നുണ്ടാവും . വിശപ്പ്‌ പോലും കാണില്ല . പറമ്പിലൊക്കെ കയറി ഇറങ്ങി, പേരക്കയും , ചാമ്പക്കയും , കൊക്കോ കായും ഒക്കെ തിന്നു വയറു നിറയ്ക്കും . എനിക്ക് ആദ്യം പേടി ആയിരുന്നു, വയറു വേദന വല്ലതും വരുമോ എന്ന്. എവിടെ, അവര്‍ക്ക് ഒരു പ്രശ്നവും ഇതു വരെ ഉണ്ടായിട്ടില്ല
വീടിന്റെ അടുത്തു തന്നെ ഒരു അരുവി ഉണ്ടു. ഉച്ചക്ക് ശേഷം എല്ലാരും കൂടെ അവിടെ പോവും . കുട്ടികളും ആണുങ്ങളും അവിടെ കുളിക്കും . വെള്ളത്തില്‍ കാലിട്ടിരുന്നാല്‍ ഒരു പാടു കൊച്ചു കൊച്ചു മീനുകള്‍ വന്നു കാലില്‍ കൊത്തും !! ഒരു പാടു ഒരു പാടു ഇഷ്ടം ആണ് എനിക്ക് അവിടെ പോവാനും താമസിക്കാനും . രാത്രി കിടന്നുറങ്ങാന്‍ ഫാന്‍ വേണ്ട. ഒറ്റ കൊതുക് പോലും നമ്മളെ കടിക്കില്ല . കൊച്ചിക്കാരിയായ എനിക്ക് ഇതില്‍ പരം സന്തോഷം വേറെ എന്താ വേണ്ടേ? രാവിലെ എണീക്കുമ്പോ നല്ല തണുപ്പാണ് അവിടെ, ഇലകളില്‍ ഒക്കെ മഞ്ഞു തുള്ളികള്‍ കാണും..
ഓ , എനിക്ക് അവിടേക്ക് എത്താന്‍ തിരക്കായി . ഈശ്വര , ഓണത്തിനെപറ്റി ഒന്നും ഞാന്‍ പറഞ്ഞില്ലല്ലോ ? അല്ലേലും ഈ കൂട്ടുചേരല്‍ തന്നെ അല്ലെ നമുക്കൊക്കെ ഓണം?? ഓണം ഒരു കാരണം മാത്രം.
എന്റെ പ്രിയപ്പെട്ട ബ്ലോഗ് സുഹൃത്തുക്കള്‍ക്ക് എല്ലാവര്‍ക്കും ഒരുമയുടെ ഓണം ആശംസിക്കുന്നു !!


Saturday, September 6, 2008

ദ കാര്‍

ഞങ്ങളുടെ divisional മാനേജര്‍ പുതിയ കാര്‍ വാങ്ങി . കമ്പനി വക ആണ് കാര്‍. പഴയ കാര്‍ കൊടുത്തിട്ട് പുതിയത് വാങ്ങിയതാണ് . ഇന്നാണ് ആദ്യമായിട്ട് അത് ഓഫീസിലേക്ക് കൊണ്ടു വന്നത്. പുതിയത് ആരു എന്തു വാങ്ങിയാലും പ്രായശ്ചിത്തം ഇടണം ഓഫീസില്‍ . ഒരു ലഞ്ചിനുള്ള വകുപ്പാണ് സാറിന്‍റെ കാര്‍.

പതിവിലും വൈകിയാണ് ഇന്നു സര്‍ വന്നത്‌. എല്ലാവരും കാര്‍ കാണാന്‍ കാത്തിരിക്കുകയായിരുന്നു .
കാര്‍ കൊണ്ടു വന്നിട്ടുണ്ട് എന്ന് ഓഫീസില്‍ കയറി വന്ന പാടെ സര്‍ പറഞ്ഞു. പ്രായമായ സര്‍ ആണ്, പുതിയ കാര്‍ ഓടിച്ചു വന്നതിന്റെ ടെന്‍ഷന്‍ കൊണ്ടാവാം സര്‍ ക്ഷീനിച്ചാണ്‌ കയറി വന്നത്.

സാറിന്‍റെ വരവ് കണ്ടപ്പോ ഒരാള്‍ പറഞ്ഞു, “പഴയ സാര്‍ പുതിയ കാറില്‍ വന്നു” എന്ന്. അപ്പോഴേക്കും ഒരു വിദ്വാന്‍ ഉറക്കെ പറഞ്ഞു “old wine in the new bottle”. ഓഫീസില്‍ കൂട്ടച്ചിരി . മാനേജര്‍ സഹൃദയനായത് കൊണ്ടു അദ്ദേഹവും ചിരിയില്‍ പങ്കു ചേര്‍ന്നു.

Tuesday, September 2, 2008

നിശ

ശബരിമലയുടെ അടുത്ത് ഒരു ഗ്രാമത്തിലാണ് എന്റെ ഭര്ത്രുഗൃഹം . കാപ്പിതോട്ടവും, റബ്ബര്‍ മരങ്ങളും, കൊക്കോയും, കുരുമുളകും തിങ്ങി നിറഞ്ഞ ഒരു തൊടിയിലാണ് വീട്. ഒരു പാടു ദൂരത്തേക്കു മറ്റു വീടുകള്‍ ഒന്നും ഇല്ല. രാത്രിയായാല്‍ നിറയെ മിന്നാമി‌നുങുകള്‍ പറന്നു നടക്കുന്നത് കാണാം .കുറുക്കന്മാരുടെ ഓരിയിടലും കേള്‍ക്കാറുണ്ട്. ഒന്നു ഉറക്കെ വിളിച്ചാല്‍ പോലും ആരും വരാന്‍ ഇല്ല . അപ്പച്ചനും അമ്മയും വേലക്കാരിയും മാത്രേ ഉള്ളു അവിടെ. അവധികാലത്ത് ഞങ്ങള്‍ എല്ലാരും ഒത്തുകൂടാറുണ്ട്.

എനിക്ക് യക്ഷിക്കഥ കേള്‍ക്കാന്‍ ഒരു പാടു ഇഷ്ടം ആണ്, പക്ഷെ നല്ല പേടിയും ആണ്. എന്റെ പേടി കാണാന്‍ വേണ്ടി ഭര്ത്താവ് ഒരു പാടു യക്ഷിക്കഥകള്‍ ഞങ്ങളുടെ വീടിനെ ചുറ്റിപ്പറ്റി പറഞ്ഞു തന്നിട്ടുണ്ട്. ഞങ്ങളുടെ തൊടിയുടെ അടുത്ത് ഒരു അരുവിയുണ്ട്. പറമ്പിന്റെ അരികില്‍ ഒരു മുരിക്കു മരം നില്‍പ്പുണ്ട്‌. എപ്പോഴും നല്ല കടും ചുവപ്പ് നിറത്തിലെ പൂക്കള്‍ അതിലുണ്ടാകാറുണ്ട്. ആ മുരിക്കില്‍ നിന്നു അരുവിയിലേക്ക് ഞങ്ങളുടെ പറമ്പില്‍ കൂടെ യക്ഷി സഞ്ചാരം ഉണ്ട് എന്നാണ് എന്നോട് പറഞ്ഞു തന്നിരിക്കുന്നത്.

ഞങ്ങളുടെ വീട്ടിലേക്ക് കയരനമെങ്ങില്‍ 24പടികള്‍ ചവിട്ടണം. ഞാന്‍ പറയാറുണ്ട് ശബരിമല കയരനമെങ്ങില്‍ 18 പടി ചവിട്ടിയാല്‍ മതി . ഇവിടെ അതും പോരാന്നു. ഭര്ത്താവ് ഒരു ദിവസം പറഞ്ഞു തന്നു, ഒരു രാത്രി ഉറക്കത്തില്‍ ആരോ പടി ചവിട്ടി കയറി വരുന്ന ശബ്ദം കേള്‍ക്കാറുണ്ട്. പഴയ മാതിരി വീടാണ് ഞങ്ങളുടേത്. വീടിന്റെ എല്ലാ വശവും കതകുകള്‍ ഉണ്ട്. ഇളം തിണ്ണയും. എന്നിട്ട് ആരോ ഓരോ കതകിന്റെ മുന്‍പിലും കാലുകള്‍ ഉരച്ചു മണ്ണ് കളയുന്ന ശബ്ദം കേള്‍ക്കും. ആദ്യം കിഴക്ക് വശത്തെ, പിന്നെ വടക്കു, അങ്ങനെ ഓരോ കതകിന്റെ മുന്‍പിലും കാല്‍ പെരുമാറ്റം കേള്‍ക്കും. അത് ഇപ്പോഴും ഉണ്ട് എന്ന്. എനിക്ക് ഈ കഥ കേള്‍ക്കുമ്പോ എപ്പോഴും പേടിയാണ്.

അങ്ങനെ ഇരിക്കെ ഒരു രാത്രി ഞങ്ങള്‍ എല്ലാരും വീട്ടില്‍ ഉണ്ട്. ആള്‍തിരക്ക്‌ കാരണം രാത്രി ഞാന്‍ കിടന്നത് അനിയത്തിയുടെ (ഭര്‍ത്താവിന്റെ അനിയന്റെ ഭാര്യ ) കൂടെ ആണ്. അവള്‍ ആ നാട്ടുകാരി തന്നെ ആണ്. ഉറക്കത്തില്‍ ഞാന്‍ എപ്പോഴോ എണീറ്റു. പേടി കാരണം ഉറക്കം വരുന്നില്ല. അപ്പോഴാണ് ഞാന്‍ ഒരു ചിലന്കയുടെ ശബ്ദം കേള്‍ക്കുന്നത്. എനിക്ക് പേടി ആയി. ആദ്യം എന്റെ തോന്നല്‍ ആവുമെന്ന് കരുതി. വീണ്ടും ശ്രദ്ധിച്ചപ്പോ ആ ശബ്ദം ഇടക്കിടെ കേട്ടുകൊണ്ടിരിക്കുന്നു. ഞാന്‍ വിയര്‍ത്തു കുളിച്ചു .. ..അനിയത്തിയെ വിളിക്കാന്‍ പോലും ശക്തിയില്ലാതെ ഞാന്‍ ശ്വാസം അടക്കി പിടിച്ചു കിടന്നു. വീണ്ടും ശബ്ദം കേള്ക്കുന്നു.. അവസാനം ഞാന്‍ അവളെയും വിളിച്ചുണര്‍ത്തി. അവള്‍ ശ്രദ്ധിച്ചു നോക്കിയിട്ട് ആദ്യം ശബ്ദം ഒന്നും കേട്ടില്ല. ചേച്ചിക്ക് തോന്നിയതാവുമെന്നു പറഞ്ഞു. ഞാന്‍ വീണ്ടും ശബ്ദം കേട്ടപ്പോ അവളോട്‌ ശ്രദ്ധിക്കാന്‍ പറഞ്ഞു. അവളും കേട്ടു. ആരെയെങ്ങിലും വിളിച്ചുണര്‍ത്താന്‍ ഞങ്ങള്‍ രണ്ടു പേര്‍ക്കും പേടി. ഇടക്കിടെ ആ ശബ്ദം അകലെയും അടുത്തും ആയിട്ടു കേട്ടു കൊണ്ടേയിരുന്നു. എങ്ങനെയോ ആ രാത്രി ഞങ്ങള്‍ നേരം വെളുപ്പിച്ചു. എപ്പോഴോ പേടിച്ചുറങ്ങി പോയി.

കാലത്ത് എണീറ്റപ്പോ അമ്മയോട് പറഞ്ഞു. അമ്മ അത് നിസ്സാരമാക്കി തള്ളി കളഞ്ഞു. ഭര്‍ത്താവിനോടും പറഞ്ഞു. അങ്ങേരു പറഞ്ഞു ഉം ശരിയാ, ഞാനും അത് കേട്ടു. എന്നിട്ട് ഒരു ചിരി.ഞങ്ങളെ പേടിപ്പിക്കാന്‍ വേണ്ടി തന്നെ പറഞ്ഞതാണെന്ന് മനസ്സിലായി. ഇന്നും അന്നത്തെ രാത്രി കേട്ടത് എന്താണെന്നു ഒരു പിടിയും കിട്ടിയിട്ടില്ല. പൊതുവെ അല്പം ധൈര്യം എനിക്ക് ഉണ്ടെന്നു വിശ്വസിക്കുന്ന കൂട്ടത്തിലാണ് ഞാന്‍. പക്ഷെ അന്നത്തെ രാത്രി ശരിക്കും പേടിച്ചു പോയി .

ഈ ഓണത്തിന് വീണ്ടും ഞങ്ങള്‍ അവിടേക്ക് പോകുന്നു.. എന്റെ നിശാ സഞ്ചാരിവരുമോ ഇല്ലയോ എന്ന് നോക്കട്ടെ.